പെമ്പിള ഒരുമൈയുടേത് ജീവിത നിര്‍മ്മിതിയുടെ രാഷ്ട്രീയം
ടി എന്‍ പ്രസന്നകുമാര്‍ സ്‌ത്രൈണവല്‍ക്കരിക്കപ്പെട്ട ജീവിതരാഷ്ട്രീയമാണ് പെമ്പിള ഒരുമൈയുടെ സവിശേഷത. ട്രേഡ് യൂണിയന്‍ മേധാവിത്വത്തേയും കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളെയും ഒരേസമയം എതിരിട്ടുകൊണ്ട് സ്ത്രീതൊഴിലാളികള്‍ക്ക് സംഘടിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും കഴിയുമെന്നവര്‍ ഒരിക്കല്‍ തെളിയിച്ചതാണ്. അവരുടെ ജീവിതവീര്യം തന്നെയാണ് അവരുടെ രാഷ്ട്രീയം. മണിയുടെ പ്രസംഗത്തെ പറ്റിയുള്ള പാര്‍ട്ടിനേതാക്കളുടെയും അണികളുടെയും വ്യാഖ്യാനങ്ങളും ന്യായീകരണങ്ങളുമെല്ലാം പരാജയപ്പെടുന്നത് ആ ജീവിതവീര്യത്തിനു മുന്നിലാണ്. മന്ത്രി ഉദ്ദേശിച്ച ‘കുടി’യോട് വ്യക്തിപരമായി വിരോധമില്ല, മദ്യം കഴിക്കുന്നത് തെറ്റാണെന്നോ, അധാര്‍മികമാണെന്നോ കരുതുന്നുമില്ല. സര്‍ക്കാര്‍, കീടനാശിനി പരുവത്തിലുള്ള മദ്യം മുന്നൂറിരട്ടി ടാക്‌സ് ചുമത്തി […]
സ്‌ത്രൈണവല്‍ക്കരിക്കപ്പെട്ട ജീവിതരാഷ്ട്രീയമാണ് പെമ്പിള ഒരുമൈയുടെ സവിശേഷത. ട്രേഡ് യൂണിയന്‍ മേധാവിത്വത്തേയും കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളെയും ഒരേസമയം എതിരിട്ടുകൊണ്ട് സ്ത്രീതൊഴിലാളികള്‍ക്ക് സംഘടിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും കഴിയുമെന്നവര്‍ ഒരിക്കല്‍ തെളിയിച്ചതാണ്. അവരുടെ ജീവിതവീര്യം തന്നെയാണ് അവരുടെ രാഷ്ട്രീയം. മണിയുടെ പ്രസംഗത്തെ പറ്റിയുള്ള പാര്‍ട്ടിനേതാക്കളുടെയും അണികളുടെയും വ്യാഖ്യാനങ്ങളും ന്യായീകരണങ്ങളുമെല്ലാം പരാജയപ്പെടുന്നത് ആ ജീവിതവീര്യത്തിനു മുന്നിലാണ്.
മന്ത്രി ഉദ്ദേശിച്ച ‘കുടി’യോട് വ്യക്തിപരമായി വിരോധമില്ല, മദ്യം കഴിക്കുന്നത് തെറ്റാണെന്നോ, അധാര്‍മികമാണെന്നോ കരുതുന്നുമില്ല. സര്‍ക്കാര്‍, കീടനാശിനി പരുവത്തിലുള്ള മദ്യം മുന്നൂറിരട്ടി ടാക്‌സ് ചുമത്തി വിറ്റ് ആളുകളെ പറ്റിക്കുന്നതിലും, ഗതികെട്ട് അതു വാങ്ങിക്കുടിക്കുന്നവര്‍ക്ക് ഉപഭോക്തൃ അവകാശങ്ങള്‍ അനുവദിക്കാത്തതിലും, കുടിക്കുന്നവരെ കുറ്റവാളികളെപോലെ കരുതുന്നതിലും പൊതുസ്ഥലത്തുവെച്ച് അവരെ അപമാനിക്കുന്നതിലുമേ എതിര്‍പ്പു തോന്നിയിട്ടുള്ളു. ഒരു ജനാധിപത്യ രാജ്യത്ത് മദ്യം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഉള്ളിടത്തോളം ‘കുടി’ സദാചാരപരമായ ഒരു വിഷയമല്ല. കുടിക്കുന്ന മനുഷ്യരൊക്കെ നിന്ദിക്കപ്പെടേണ്ടവരുമല്ല.
മന്ത്രി ഉദ്ദേശിച്ച ‘മറ്റേ പണി” യോടും വിരോധമോ, അസൂയയോ ഇല്ല. തേയിലക്കാടുകള്‍ക്കിടയിലോ, നിലാവുള്ള രാത്രിയില്‍ കുന്നിന്‍ മുകളിലോ, പുഴതീരത്തോ കടല്‍കരയിലൊ ഇഷ്ടമുള്ള മനുഷ്യര്‍ പരസ്പരസമ്മതത്തോടെ, മറ്റുമനുഷ്യര്‍ക്ക് ശല്യമില്ലാതെ പ്രണയിക്കുന്നതോ, ലൈംഗികതയിലേര്‍പ്പെടുന്നതോ സുന്ദരമായ ‘പണി’യാണെന്നാണ് എന്റെ വിചാരം. ഒന്നുമില്ലെങ്കിലും തനിക്കിഷ്ടമില്ലാത്തവരുടെ ലിസ്റ്റുണ്ടാക്കി, അടിച്ചോ, കുത്തിയോ, വെടിവെച്ചോ കൊല്ലുകയല്ലല്ലോ അവര്‍ ചെയ്യുന്നത്! മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുന്നതില്‍പരം സന്തോഷമുള്ള കാര്യമെന്താണ് ഭൂമിയിലുള്ളത്? അങ്ങനെ സ്‌നേഹിക്കുന്നത് ക്രിമിനല്‍ കുറ്റമായി കരുതുന്നതാണ് വൃത്തികേട്. രാഷ്ട്രീയ എതിരാളികളെ അപഹസിക്കാന്‍ അതൊരു മാര്‍ഗ്ഗമാക്കുന്നതിലാണ് അശ്ലീലമുള്ളത്.
പക്ഷേ, ആണ്‍പെണ്‍ സുഹൃത്തുക്കള്‍ ഒരു വീട്ടില്‍ ഒറ്റയ്ക്കിരുന്നാല്‍തന്നെ വീട് വളഞ്ഞ് പിടികൂടി വിചാരണ ചെയ്യുന്ന അണികളും, എതിര്‍പാര്‍ട്ടിയിലെ എം.എല്‍.എയ്‌ക്കൊപ്പം കാറിലൊരു സ്ത്രീയെ കണ്ടാല്‍ അത് ക്രിമിനല്‍ കുറ്റമായി നിയമസഭയിലുന്നയിക്കുന്ന നേതാക്കളുമുള്ളവരാണ് കേരളത്തിലെ ഇടതുപക്ഷംപോലും. അതുകൊണ്ട് രാഷ്ട്രീയ എതിരാളികളെ ഡിമോറലൈസ് ചെയ്യലാണ് എളുപ്പം. മദ്യവും പെണ്ണുമാണ് അതിനുപറ്റിയ ആയുധങ്ങളായി അവര്‍ കരുതുന്നതും. രാഷ്ട്രീയമായി പെമ്പിളൈ ഒരുമയെ നേരിടുന്നതിനുപകരം ‘കുടിയും സകല വൃത്തികേടുകളും നടന്നു. അടുത്തുള്ള കാട്ടിലായിരുന്നു പണി’ യെന്ന് ആരോപിക്കുന്നത് മോറല്‍ പോലീസിങ്ങ് രീതിയാണ്. അധികാരത്തിന്റെ എല്ലാ അനൂകൂല്യങ്ങളും പറ്റി, മന്ത്രിപദത്തിലിരിക്കുന്ന ഒരാളാണ് തൊഴിലാളി സ്ത്രീകളുടെ സമരത്തെ ഇങ്ങനെ ആക്ഷേപിക്കുന്നത്. സ്വയം അസഭ്യമായി കരുതുന്നതുകൊണ്ടോ, സമൂഹത്തിനുമുന്നില്‍ അപമാനിക്കാനോ വേണ്ടിയാണല്ലോ ഈ ആക്ഷേപം.
യാതനകളെ നേരിട്ട്, ജീവിതത്തിന്റെ രാഷ്ട്രീയം ഉന്നയിച്ച് സമരംചെയ്ത തൊഴിലാളി സ്ത്രീകള്‍ക്ക്, തങ്ങളുടെ ആത്മാഭിമാനത്തെയാണ് ഇയാള്‍ ചോദ്യം ചെയ്യുന്നതെന്ന് തോന്നുക സ്വാഭാവികമാണ്. അവര്‍ രോഷാകുലരായി സമരത്തിനിറങ്ങിയെങ്കില്‍ കേരളത്തില്‍ രൂഢമൂലമായ ആണ്‍ ധാര്‍ഷ്ട്്യത്തിനെതിരെയുള്ള പൊട്ടിത്തെറിക്കലാണത്. എം.എം. മണിക്കോ അയാളുടെ പാര്‍ട്ടിയ്‌ക്കോ പക്ഷേ, അത് മനസ്സിലാവാന്‍ ബുദ്ധിമുട്ടാണ്. നിരാഹാരസമരം ചെയ്യുന്ന സ്ത്രീതൊഴിലാളികള്‍ക്കു മുന്നിലൂടെ ജാഥ നയിച്ച്, അയാളുടെ പ്രസംഗത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ച്, പ്രസംഗത്തെ ന്യായീകരിച്ച് സി.പി.എം. ആണുങ്ങളുടെ പാര്‍ട്ടിയാണെന്ന് അവര്‍ സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു. പാര്‍ട്ടി നേതാക്കളും അണികളും പെമ്പിള ഒരുമൈയെ കാണുന്നത് ‘ആരുടേയോ കയ്യിലെ ആയുധം’, ‘കളിപ്പാവ’, തെറ്റിദ്ധരിപ്പിക്കപ്പെട്ടവര്‍, എന്നിങ്ങനെയാണ്. സമരം ചെയ്യുന്ന തൊഴിലാളി സ്ത്രീകളുടെ ബോധ്യങ്ങള്‍ ശരിയായാലും തെറ്റായാലും അതവര്‍ക്ക് സ്വയം തോന്നിയതാണെന്ന്, അവരുടെ തീരുമാനമാണെന്ന്, സ്വയം ചിന്തിക്കാനും, സ്വയം തീരുമാനമെടുക്കാനുമുള്ള കര്‍തൃത്വശേഷി പെണ്ണിനുണ്ടെന്ന് അംഗീകരിക്കാത്ത ആണധികാരത്തില്‍നിന്നാണ് ഈ വാദങ്ങളുണ്ടാകുന്നത്.
കൂലികൂടുതലിനും ബോണസിനും വേണ്ടി നടന്ന സമരത്തില്‍ പെമ്പിളൈ ഒരുമൈ ഉല്‍പാദിപ്പിച്ച അഭൂതപൂര്‍വ്വമായ സമരവീര്യത്തെ എങ്ങനെയൊക്കെ തകര്‍ക്കാന്‍ കഴിയുമോ അതിനൊക്കെ ശ്രമിച്ചവരായിരുന്നു പാര്‍ട്ടികളും ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളും. പെമ്പിളകള്‍ ഉല്‍പാദിച്ച ഊര്‍ജപ്രസരത്തെ അവര്‍ക്കെതിരെതന്നെ തിരിച്ചുവിടാനും അവരുടെ ഒരുമയില്‍ വിള്ളല്‍ വീഴ്ത്താനും കകക്ഷി രാഷ്ട്രീയ ബദ്ധമായ ട്രേഡ് യൂണിയന്‍ നേതാക്കള്‍ അന്ന് മുതല്‍ മത്സരിക്കുന്നതാണ്. അതില്‍ കുറെയൊക്കെ അവര്‍ വിജയിക്കുകയും ചെയ്തു. ട്രേഡ് യൂണിയന്‍ നേതൃത്വം തോട്ടം തൊഴിലാളികളുടെ ഓരോ വീടുകളും കയറിയിറങ്ങി സമരത്തില്‍ പങ്കെടുത്താല്‍ പണിപോകുമെന്നും, വീട് നഷ്ടപ്പെടുമെന്നും, വേറെ പണികിട്ടില്ലെന്നും ഭീഷണിപ്പെടുത്തി നടന്നിട്ടുണ്ട്. ഔദ്യോഗിക ചര്‍ച്ചകളില്‍നിന്നുപോലും അവരെ തന്ത്രപൂര്‍വ്വം മാറ്റിനിര്‍ത്തി. കക്ഷിരാഷ്ട്രീയ ബദ്ധരായ ട്രേഡ് യൂണിയന്‍ നേതാക്കളുടെ കങ്കാണി രാഷ്ട്രീയത്തെയാണ് അന്ന് തോട്ടം തൊഴിലാളി സ്ത്രീകള്‍ ചോദ്യം ചെയ്തതെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ശരിക്കും മനസ്സിലാക്കിയിരുന്നു.
വലിയ സംഘടനാ സംവിധാനങ്ങളും, അധികാരവും, ഇത്രയധികം പാര്‍ട്ടി ന്യായീകരണ വക്താക്കള്‍ ഉണ്ടായിട്ടും മൂന്നു സ്ത്രീകളുടെ സമരത്തെ നേരിടാന്‍ സമരപ്പന്തല്‍ പൊളിക്കാന്‍ വരെ പാര്‍ട്ടി പ്രാദേശിക നേതൃത്വം മുതിരുന്നത് അവര്‍ ഉയര്‍ത്തിയ സ്‌ത്രൈണ രാഷ്ട്രീയത്തോടുള്ള ഭയംകൊണ്ടുകൂടിയാണ്. ജയ പരാജയങ്ങളെക്കാള്‍ ജീവിത നിര്‍മ്മിതിയുടെ ആ രാഷ്ട്രീയമാണ് പ്രസക്തമാകുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in