പെമ്പിളൈ സമരത്തിന്റെ രാഷ്ട്രീയം
കെ.വിനോദ് ചന്ദ്രന്‍. മൂന്നാറില്‍ പെമ്പിളൈ ഒരുമ നടത്തുന്ന നിരാഹാര സത്യാഗ്രഹ സമരം ഇന്ന് നാലാം ദിവസമാവുന്നു. ഇന്നലെ രാത്രി സമരപ്പന്തല്‍ തകര്‍ക്കാനും സമരക്കാരെ അക്രമിക്കുവാനും സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം അവരുടെ പരാജയ ഭീതിയെയാണ് സൂചിപ്പിക്കുന്നത്. സമരത്തെ തകര്‍ക്കുവാനുള്ള സംഘടിതമായ നീക്കങ്ങള്‍ ഇനിയും തുടര്‍ന്നേക്കാം. ഗൂഢാലോചനകളെയും ആക്രമങ്ങളെയും ചെറുക്കുവാനുള്ള ശേഷിയും വീര്യവും മൂന്നാറിലെ പെമ്പിളമാര്‍ക്കുണ്ടാകട്ടെ എന്ന് നാം അഭിലഷിക്കുന്നു. മന്ത്രി മണിയുടെ അസഭ്യ പ്രഭാഷണത്തിനെതിരേ അസഭ്യ രാഷ്ട്രീയത്തിനെതിരേ, മൂന്നാറിലെ പെമ്പിളമാര്‍ നടത്തുന്ന നൈതിക ‘സത്യാഗ്രഹ’ സമരത്തിന് സര്‍വ്വവിജയവും […]
കെ.വിനോദ് ചന്ദ്രന്‍.
മൂന്നാറില്‍ പെമ്പിളൈ ഒരുമ നടത്തുന്ന നിരാഹാര സത്യാഗ്രഹ സമരം ഇന്ന് നാലാം ദിവസമാവുന്നു. ഇന്നലെ രാത്രി സമരപ്പന്തല്‍ തകര്‍ക്കാനും സമരക്കാരെ അക്രമിക്കുവാനും സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം അവരുടെ പരാജയ ഭീതിയെയാണ് സൂചിപ്പിക്കുന്നത്. സമരത്തെ തകര്‍ക്കുവാനുള്ള സംഘടിതമായ നീക്കങ്ങള്‍ ഇനിയും തുടര്‍ന്നേക്കാം. ഗൂഢാലോചനകളെയും ആക്രമങ്ങളെയും ചെറുക്കുവാനുള്ള ശേഷിയും വീര്യവും മൂന്നാറിലെ പെമ്പിളമാര്‍ക്കുണ്ടാകട്ടെ എന്ന് നാം അഭിലഷിക്കുന്നു. മന്ത്രി മണിയുടെ അസഭ്യ പ്രഭാഷണത്തിനെതിരേ അസഭ്യ രാഷ്ട്രീയത്തിനെതിരേ, മൂന്നാറിലെ പെമ്പിളമാര്‍ നടത്തുന്ന നൈതിക ‘സത്യാഗ്രഹ’ സമരത്തിന് സര്‍വ്വവിജയവും ആശംസിക്കുന്നു.
കേരള രാഷ്ട്രീയം നാടകീയവും സംഭവബഹുലവും ആയ ചില മുഹൂര്‍ത്തങ്ങളിലൂടെ കടന്ന് പോവുകയാണ്. ജിഷ്ണുവിന്റെ ആത്മഹത്യ /വധം സൃഷ്ടിച്ച നൊമ്പരങ്ങളില്‍ നിന്നും രാഷ്ട്രീയ രോഷത്തില്‍ നിന്നും പിറവി പ്രാപിച്ച, സ്വാശ്രയ കോളേജു മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച, നവീനമായ വിദ്യാഥിബഹുജന പ്രക്ഷോഭത്തിനു ശേഷം, മഹിജയുടെ സഹനസമരത്തിനു ശേഷം, അതിന്റെ തുടര്‍പരമ്പരയായിത്തന്നെ ഇതാ മറ്റൊരു രാഷ്ട്രീയ പ്രക്ഷോഭം ഉയര്‍ന്ന് വന്നിരിക്കുന്നു. മൂന്നാറിലെ പെമ്പിളൈ ഒരുമ രണ്ടാമതും കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ സാന്നിദ്ധ്യമായിരിക്കുന്നു. പെമ്പിളൈ ഒരുമയുടെ ആദ്യ വരവ് കേരളരാഷ്ട്രീയത്തിന്റെ പെണ്ണായി മാറലായിരുന്നു (becoming woman). അതുയര്‍ത്തിയ അതിജീവനത്തിനും സ്വാതന്ത്ര്യത്തിനും മിനിമം നീതിയ്ക്കുമായുള്ള പ്രക്ഷോഭ ജ്വാല എല്ലാ തോട്ടം തൊഴിലാളിലേക്കും സമരാഗ്‌നിയായി പടര്‍ന്നു. നിരവധി മാനങ്ങളുള്ള ആ സമരം കേരളീയന്റെ ഹൃദയത്തെ സ്പര്‍ശിക്കുകയും പൊതുമണ്ഢലത്തിന്റെ പിന്തുണ ആര്‍ജ്ജിക്കുകയും ചെയ്തു. പക്ഷേ ജനകീയമായ സമരത്തിലൂടെ അവര്‍ നേടിയ വിജയം, വിജയത്തിന്റെ മുഹൂര്‍ത്തങ്ങളില്‍ തന്നെ തന്ത്രപരമായി അട്ടിമറിക്കപ്പെടുന്നതാണ് നാം കണ്ടത്. പെമ്പിളകളെ ഒഴിച്ച് നിര്‍ത്തിക്കൊണ്ട് തോട്ടം മുതലാളിമാരുടെയും, അവരുമായി ബാന്ധവത്തിലേര്‍പ്പെട്ട ട്രേഡ് യൂണിയന്‍ തമ്പുരാക്കന്മാരുടെയും അവര്‍ക്ക് വശംവദരായ സര്‍ക്കാര്‍ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ഔദ്യോഗിക കൂടിയാലോചനകളില്‍ പെമ്പിളകളുടെ ചരിത്രപരമായ വിജയം അവരില്‍ നിന്ന് അപഹരിക്കപ്പെട്ടു. എങ്കിലും പെമ്പിളൈ ഒരുമ അന്ന് നടത്തിയ ആ പെണ്‍സമരം കേരള രാഷ്ട്രീയത്തില്‍ വരാന്‍ പോകുന്ന പ്രക്ഷോഭണങ്ങളുടെ ഒരു മുന്നോടിയായി, ഒരു ദിശാസൂചകമായി, വാഴ്ത്തപ്പെട്ടു.
പെമ്പിളൈ ഒരുമയുടെ ഈ രണ്ടാമൂഴം കേരള രാഷ്ട്രീയത്തില്‍ മറ്റൊരു സംഭവമാകുകയാണ്. ഈ രണ്ടാം സമരം പ്ലാന്റേഷന്‍ തൊഴിലാളികളുടെ അവകാശ സമരത്തിന്റെ ഒരു തുടര്‍ച്ച തന്നെയായി കാണേണ്ടിയിരിക്കുന്നു. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നിന്നുയര്‍ന്നു വന്ന വിദ്യര്‍ഥി ബഹുജന സമരത്തിന്റെയും മഹിജയും ബന്ധുക്കളും നടത്തിയ സഹന സമരത്തിന്റെയും ഒക്കെ രാഷ്ട്രീയത്തുടര്‍ച്ച; മാഫിയകള്‍ക്കും കയ്യേറ്റക്കാര്‍ക്കും, അവരുടെ സില്‍ബന്ധികളായ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും എതിരേ ഉയര്‍ന്നു വരുന്ന നവീനമായ ഒരു ഭൂരാഷ്ട്രീയത്തിന്റെ തുടര്‍ച്ച. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അന്തസ്ഥിതമായ പുരുഷമേധാവിത്വ പ്രവണതയെ, സ്ത്രീ വിദ്വേഷത്തെ, അതിന്റെ മോറല്‍ പോലീസ്സിങ്ങിനെ, പ്രകൃതീവിരുദ്ധമായ വികസന പദ്ധതിയെ, കയ്യേറ്റക്കാരുമായുള്ള അതിന്റെ ഗൂഢബാന്ധവത്തെ, അതിന്റെ ഭൂരിപക്ഷാധിപത്യ സ്വഭാവത്തെ, നവസ്റ്റാലിനിസത്തിന്റെ പ്രണേതാവായ പിണറായിയുടെ രാഷ്ട്രീയത്തെ, എല്ലാം തന്നെ ഒരേ സമയം ആക്രമിക്കുന്ന ബഹുമാനങ്ങളുള്ള ഒരു പുത്തന്‍ സമരമുഖം ഇതാ ഇവിടെ തുറന്ന് വരുന്നു. ആയിരക്കണക്കിന് തൊഴിലാളികളും സ്ത്രീകളും പങ്കെടുത്ത ആദ്യ സമരത്തില്‍ നിന്ന് വ്യത്യസ്ഥമായി ഇന്ന് മൂന്ന് നാലു പേര്‍ മാത്രമാണ് സമരത്തില്‍ സജീവപങ്കാളികളായുള്ളത്. നാലു പേര്‍ മാത്രമുള്ള ജനപിന്തുണയില്ലാത്ത സമരം എന്ന് നിയമ സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെ തള്ളിപ്പറയുകയുണ്ടായി. അതേ! അതിനെ മൂന്നായിച്ചുരുക്കിയാല്‍, ഈ മൂന്ന് പേരാവലില്‍, ഒരു കുറയലല്ല നാം കാണുന്നത്. രാഷ്ട്രീയമായ ഒരു രൂപാന്തരപ്രാപ്തിയുടെ പെരുക്കമാണ് വീര്യവര്‍ദ്ധനവാണ്, അനന്യതയുടെ നിറവാണ്. പെമ്പിളൈ ഒരുമയുടെ ന്യൂനപക്ഷമായിത്തീരലിനെ(becomingminor)യാണ് ഈ സംഖ്യാപരമായ മെലിവ് രേഖപ്പെടുത്തുന്നത്. എണ്ണങ്ങളെയും കണക്ക് കൂട്ടലുകളെയും ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളെയും തകര്‍ത്ത് വരുന്ന നവീനമായ ഒരു ന്യൂനപപക്ഷ രാഷ്ട്രീയത്തിന്റെ കര്‍ത്തൃപ്പെരുപ്പമാണ് ഈ മൂന്ന് പേരില്‍ നാം കാണുന്നത്. ഈ മൂന്ന് പേര്‍ ദെല്യൂസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു സംഘമാണ്(pack), ഒരു ബാന്‍ഡാണ്. ഒരു യഥാത്വം (heiccetiy) ആണ്.പ്രലോഭനങ്ങളെയും സമ്മര്‍ദ്ദങ്ങളെയും ഭീഷണികളെയും അതിജീവിച്ച് കൊണ്ട് രാഷ്ട്രീയപരമായി പുടപാകം ചെയ്യപ്പെട്ട തോട്ടം തൊഴിലാളി സ്ത്രീകളുടെ അനന്യമായ സ്വതന്ത്ര കര്‍ത്തൃസ്വരൂപം. ഈ ന്യൂനപക്ഷീയതയെ മുന്‍നിര്‍ത്തിയാണ്, അഭിലാഷത്തിന്റെയും ഭാവശക്തിയുടെയും മേഖലയിലുള്ള ഈ സൂക്ഷ്മരാഷ്ട്രീയതയെ മുന്‍നിര്‍ത്തിയാണ് പെമ്പിളൈ സമരത്തെ നാം പിന്താങ്ങുന്നത്. സമരത്തിന്റെ രൂപം ഭാവം ആശയം എല്ലാം രൂപാന്തരീകരിക്കപ്പെടുന്ന ഒരു സൂക്ഷ്മരാഷ്ട്രീയത്തെയാണ് നാം ഇവിടെ അഭിമുഖീകരിക്കുന്നത്. പതിവു രാഷ്ട്രീയ സാമഗ്രികള്‍ കൊണ്ട് നമുക്കീ നവീന രാഷ്ട്രീയത്തെ സമീപിക്കുവാനാവില്ല.
പൊമ്പിളൈ ഒരുമയുടെ തീ അന്നും ഇന്നും എവിടെ നിന്നാണ് വരുന്നതെന്നത് ഈ സമരമുന്നേറ്റം നമ്മെ ചിന്തിപ്പിക്കുന്നു. തോട്ടം തൊഴിലാളി സ്ത്രീകളുടെ അന്തസ്സിനെ മാത്രമല്ല ഈ സമരം ഉയര്‍ത്തിപ്പിടിക്കുന്നത്, കേരള സ്ത്രീത്വത്തിന്റെയും മാധ്യമ പ്രവര്‍ത്തകരുടെയും, ഉല്പതിഷ്ണുക്കളായ
ഉദ്യോഗസ്ഥന്മാരുടെയും കക്ഷിരാഷ്ട്രീയത്തിന് അതീതമായി നീങ്ങുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെയും കേരളീയ സമൂഹത്തിന്റെ ആകെത്തന്നെയും ആത്മാഭിമാനത്തെയാണ്. നൈതികമായ സമരത്തിലേര്‍പ്പെടുന്നവരെ ബ്ലാക്ക് മയില്‍ ചെയ്യുന്ന, തേജോവധം ചെയ്യുന്ന, മന്ത്രിഭാഷണത്തിന്റെ രാഷ്ട്രീയ ധാര്‍ഷ്ട്യത്തെയാണ് ഈ സമരം ചോദ്യം ചെയ്യുന്നത്. ടി.പി. ചന്ദ്രശേഖരനിലും അയാളുടെ വധം സൃഷ്ടിച്ച പ്രക്ഷോഭണത്തിലും, പ്ലാച്ചിമട സമരത്തിലും മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ പ്രക്ഷോഭത്തിലും ജിഷ്ണു പ്രണോയിയിലും അയാളുടെ ആത്മഹത്യ/വധം സൃഷ്ടിച്ച സമരജ്വാലയിലും, മഹിജയുടെയും കുടുംബത്തിന്റെയും സഹനസമരത്തിലും, സന്നിഹിതമായ അതേ യുദ്ധയന്ത്രത്തിന്റെ (Deleuzian warmachine), പുതിയ മുന്നേറ്റമാണ് മൂന്നാറിലെ ഈ രണ്ടാം സമരത്തിലും നാം കാണുന്നത്. മണിയുടെ അസഭ്യ വചനങ്ങളെ നിര്‍ദ്ദോഷിയായ ഒരു കോമാളിയുടെ ജല്പനങ്ങള്‍ മാത്രമായി തള്ളിക്കളയുവാനുള്ള ഒരു ശ്രമം ഇന്ന് നടക്കുന്നുണ്ട്. അസഭ്യവും അധമവുമായ ഒരു രാഷ്ട്രീയത്തിന്റെ ഉച്ചഭാഷിണികളാണ് ഈ അസഭ്യപ്രയോഗങ്ങള്‍ എന്ന് നാം കണ്ടേ തീരൂ. മന്ത്രിമണിയുടെ ഭാഷ ഗ്രാമീണഭാഷയാണെന്നും അതിനാല്‍ പൊറുക്കപ്പെടേണ്ടതാണെന്നുമുള്ള പിണറായിയുടെ വാദം ഗ്രാമീണഭാഷയ്ക്കാകെത്തന്നെ കളങ്കം ചാര്‍ത്തുന്ന ഒന്നായി. മരണത്തിന്റെയും കൊലയുടെയും വിദ്വേഷത്തിന്റെയും അന്തര്‍ദ്ദേശീയ പുരുഷഭാഷയാണ് മണിഭാഷയെന്ന് തിരിച്ചറിയാന്‍ മുഖ്യമന്ത്രിക്ക് കഴിയാതെ പോകുന്നത് അവരുടെ ‘മാതൃഭാഷ’ ഒന്നായത് കൊണ്ടാവണം. കൊലവെറിയുടെയും ബ്ലാക്ക്‌മെയ്‌ലിങ്ങിന്റെയും അധികാരഹുങ്കിന്റെയും ഭരണധാര്‍ഷ്ട്യത്തിന്റെയും മ്ലേഛമലിനഭാഷ. കയ്യേറ്റക്കാരന്റെയും, ലാന്‍ഡ് മാഫിയയുടെയും, അവര്‍ക്കകമ്പടി സേവിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും, മാഫിയാഭാഷ. പുരുഷാധിപത്യത്തിന്റെയും സ്ത്രീവിദ്വേഷത്തിന്റെയും ആണ്‍ഭാഷ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇന്ന് പുനര്‍നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന നവസ്റ്റാലിനിസ്റ്റ് കര്‍ത്തൃത്വത്തിന്റെ പാരനോയിയെയാണ് ഈ ഭാഷ പ്രസാരം ചെയ്യുന്നത്.ഒരു മരണരാഷ്ട്രീയത്തിന്റെ ശവഭാഷ! അധികാരത്തിന്റെ ഈ വിഷഭാഷണത്തെയാണ് ഈ സമരം ആക്രമിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ഇന്ന് പുനരാവേശം ചെയ്യുന്ന സര്‍വ്വധിപത്യ പുരുഷാധിപത്യ ഭൂരിപക്ഷാധിപത്യരാഷ്ട്രീയത്തിന്റെ അക്രമാത്മകതയെയാണ് മന്ത്രി മണിയുടെ കൊലവെറി പ്രസംഗങ്ങള്‍ അനുഷ്ഠാനവല്‍ക്കരിക്കുന്നത്, സമ്പ്രേഷണം ചെയ്യുന്നത് എന്ന് നാം കാണാതെ പോവരുത്. മോദിരാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന അതേ തീവ്രതയില്‍ തന്നെ സി.പി.എമ്മിന്റെ ഈ മരണ രാഷ്ട്രീയത്തെയും നാം ചെറുക്കേണ്ടതാണെന്ന് ഈ സമരം നമ്മെ പഠിപ്പിക്കുന്നു.
ജിഷ്ണു പ്രണോയിയുടെ മരണത്തോടെ ഉയര്‍ന്നു വന്ന വിദ്യാര്‍ഥി ബഹുജന സമരപരമ്പരകള്‍ നവീനമായ ഒരു രാഷ്ട്രീയത്തിന്റെ രംഗപ്രവേശനം കുറിച്ചിരിക്കുകയാണ്: അഭിലാഷത്തിന്റെയും ഭാവശക്തികളുടെയും ഒരു സൂക്ഷ്മ രാഷ്ട്രീയം.ഹിന്ദുത്വ ഫാസിസവും നവ സ്റ്റാലിനിസവും അഭിലാഷത്തിന്റെയും(desire) ഭാവശക്തികളുടെയും മേഖലയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും നാം അറിയേണ്ടതുണ്ട്. പക്ഷേ അത് നിഷേധാത്മകവും പ്രതിലോമകരവുമായ രീതിയിലാണെന്ന് മാത്രം. ‘അഭിലാഷം അഭിലാഷത്തിന്റെ തന്നെ നാശത്തെ’ അഭിലഷിക്കുന്ന ഒരു ബിന്ദുവില്‍ നിന്നാണ് ഇവ രണ്ടും ഉദയം കൊള്ളൂന്നത്. ആദ്യത്തേത് ആഗ്രഹത്തിന്റെ സ്ഥാനാന്തരത്തിലൂടെ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റേത് ആഗ്രഹത്തിന്റെ നിരോധനത്തിലൂടെ പ്രവര്‍ത്തിക്കുന്നു. ആദ്യത്തേതില്‍ സൂക്ഷ്മ രാഷ്ട്രീയം നിഷേധാത്മകമായ രീതിയില്‍ സ്ഥൂലരാഷ്ട്രീയത്തെ പുനര്‍ നിര്‍ണ്ണയിക്കുമ്പോള്‍ രണ്ടാമത്തേതില്‍ സ്ഥൂല രാഷ്ട്രീയം അതിനെ ശക്തിപ്പെടുത്തുകയും പുനരുല്പാദിപ്പിക്കുകയും സര്‍വ്വകോശങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്ന ഒരു സൂക്ഷ്മരാഷ്ട്രീയപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് നാം ഇവിടെ കടക്കുന്നില്ല.
സൂക്ഷ്മരാഷ്ട്രീയത്തിന്റെ സര്‍ഗ്ഗാത്മകവും പ്രതിഷ്ഠാപകവുമായ ആവിഷ്‌ക്കാരമാണ് നവീനമായ ഈ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ നാം കാണുന്നത്. ഫാസിസ്റ്റുകളില്‍ നിന്നും സര്‍വ്വാധിപത്യവാദികളില്‍ നിന്നും വ്യത്യസ്ഥമായ രീതിയിലാണ്, വ്യത്യസ്ഥമായ മേഖലകളിലാണ് ഇവിടെ അഭിലാഷത്തിന്റെ, ഭാവശക്തികളുടെ, രാഷ്ട്രീയം അരങ്ങേറുന്നത്. ജിഷ്ണുപ്രണോയിയോടുള്ള സ്‌നേഹത്തില്‍ നിന്നും ആ സ്‌നേഹം സൃഷ്ടിച്ച നൈതിക പ്രക്ഷോഭത്തില്‍ നിന്നുമാണല്ലോ സ്വാശ്രയ കോളേജുകളില്‍ പടര്‍ന്നു പിടിച്ച വിദ്യാര്‍ഥി സമരങ്ങള്‍ ആവിര്‍ഭവിക്കുന്നത്. പെമ്പിളമാരുടെ ധാര്‍മ്മിക രാഷ്ട്രീയ രോഷത്തില്‍ നിന്നത്രേ മൂന്നാറിലെ ഈ നവീന സമരം ആവിര്‍ഭവിക്കുന്നത്. ജീവിതത്തിന്റെയും ആഗ്രഹത്തിന്റെയും പ്രവാഹങ്ങളെ ബന്ധനം ചെയ്ത് കൊണ്ട് കേരളത്തില്‍ ഇന്ന് ശക്തി പ്രാപിക്കുന്ന മൈക്രോ ഫാസിസത്തിന്റെ വിഭിന്നരൂപത്തിലുള്ള സൂക്ഷ്മാധികാരകേന്ദ്രങ്ങളെയാണ് ഇപ്പറഞ്ഞ സമരങ്ങളെല്ലാം തന്നെ ആക്രമിക്കുന്നത്, അതിക്രമിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് യുവത്വവും ജീവിതത്തിന്റെ പരിമിതാവകാശങ്ങള്‍ പോലും നിഷേധിക്കുന്ന, സ്വാതന്ത്ര്യത്തിന്റെ, നിര്‍ഭയത്വത്തിന്റെ, ഇളംപൊടിപ്പുകളെ ഇടിമുറികളില്‍ അടിച്ചൊതുക്കുകയും ചെയ്യുന്ന, വിദ്യാര്‍ഥികളുടെ ചിരിയ്ക്ക് പോലും പിഴയീടാക്കുന്ന സ്വാശ്രയമാനേജ്‌മെന്റുകളുടെ പീഢനാലയങ്ങള്‍ക്കെതിരേയാണ് ഇക്കഴിഞ്ഞ വിദ്യാര്‍ഥി പ്രക്ഷോഭണം കൊടുമ്പിരിക്കൊണ്ടതെങ്കില്‍, മൈക്രോഫാസിസത്തിന്റെ മറ്റൊരു കേന്ദ്രത്തെയാണ് ഇവിടെ പെമ്പിളമാര്‍ ആക്രമിക്കുന്നത്: സ്ത്രീത്വത്തെയും, നൈതികമായ രാഷ്ട്രീയത്തെയും അനന്യവ്യക്തിത്വങ്ങളെയും പൊതുഭാഷണങ്ങളിലും സ്വകാര്യഭാഷണങ്ങളിലും തേജോവധം ചെയ്യുന്ന ഒരു സൂക്ഷ്മാധികാരപ്രയോഗത്തെ. കേരളത്തില്‍ ഇന്ന് ഉയര്‍ന്ന് വരുന്ന ഫാസിസത്തിന്റെ സൂക്ഷ്മവും കണികാപരവുമായ അധികാരസ്വരൂപങ്ങള്‍ക്കെതിരേ ആഗ്രഹത്തിന്റെ നവീന രാഷ്ട്രീയം നടത്തുന്ന ധീരമായ പ്രതിരോധവും അതിവര്‍ത്തനവുമാണ് നാമിവിടെ കാണുന്നത്. നെഹ്രു കോളേജിലെയും ലോ അക്കാഡമിയിലെയും സമരങ്ങളെ, മഹിജയുടെ സഹന സമരത്തെ, വിജയാപ്തിയിലേക്കെത്തിച്ച ജനകീയ പിന്തുണയ്ക്ക് പിന്നില്‍ ഭാവശക്തിയുടെ ഈ സൂക്ഷ്മ രാഷ്ട്രീയമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നാം കരുതുന്നു. പെമ്പിളൈ സമരം ആവിര്‍ഭവിക്കുന്നതും ഇതേ ഭാവമേഖലയില്‍ നിന്നാണ്. ടി.പി. ചന്ദ്രശേഖരന്‍ അമ്പത്തൊന്ന് വെട്ടേറ്റ് പിടഞ്ഞപ്പോള്‍ ആ പിടച്ചലില്‍ നിന്ന് നൈതികമായ ഒരു പ്രക്ഷോഭം ഉയര്‍ന്ന് വന്നതും, ജിഷ്ണു പ്രണോയിയുടെ വേര്‍പാടില്‍ നിന്ന് സ്വാശ്രയ കോളേജുകളെ മുഴുവന്‍ ഇളക്കി മറിച്ച സമരപരമ്പരകള്‍ പുറപ്പെട്ടതും, ജിഷ്ണുവിന്റെ അമ്മ റോട്ടില്‍ വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ എല്ലാ കുടുംബങ്ങളും വലിച്ചിഴക്കപ്പെട്ടതായി ബഹുജനത്തിനു നൊന്തതും, പെമ്പിളൈ ഒരുമയുടെ നേതാവായ ഗോമതിയുടെ കണ്ണൂകളില്‍ നിന്നും വാക്കുകളില്‍ നിന്നും തീനാളങ്ങള്‍ പടര്‍ന്നപ്പോള്‍ അതിന്റെ ഗാഢമായ രാഷ്ട്രീയ വിവക്ഷകളാല്‍ കേരളീയ സമൂഹം സഹതപ്തമാവുന്നതും, നാം കണ്ടു. അഭിലാഷത്തിന്റെയും വികാരശക്തികളുടെയും, കണികാവേഗങ്ങളുടെയും മണ്ഢലങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ഒരു നവീന രാഷ്ട്രീയത്തിന്റെ ഊര്‍ജ്ജപ്രസരണങ്ങളാണ് ഇത്തരമൊരു രൂപാന്തരപ്രാപ്തി സാധ്യമാക്കിയതെന്ന് നാം ഗ്രഹിക്കുന്നു. പെമ്പിളൈ സമരം ഒരു പ്രതീതിപരമായ (virtual) യാഥാര്‍ഥ്യം എന്ന നിലയില്‍, ഇതിനകം വിജയിച്ച് കഴിഞ്ഞു. മലയാളിയുടെ ഹൃദയത്തില്‍ ഈ സമരം സുപ്രതിഷ്ഠിതമായിരിക്കുന്നു. പക്ഷേ ആകസ്മികതകളുടെയും സാധ്യതകളുടെയും സഹനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പരീക്ഷണാത്മകവും അനിര്‍ണ്ണേയവുമായ മുഹൂര്‍ത്തങ്ങളാണ് നമുക്ക് മുന്നില്‍. ധീരതയോടും പ്രസന്നതയോടും ഈ പരീക്ഷണഘട്ടത്തെ അതിജീവിക്കുവാനുള്ള കെല്പ് സത്യാഗ്രഹികളായ ഈ പെമ്പിളമാര്‍ക്ക് ഉണ്ടാവട്ടെ എന്ന് സ്‌നേഹപൂര്‍വ്വം നമുക്ക് ധ്യാനിക്കാം. സ്‌നേഹത്തിന്റെയും അഭിലാഷത്തിന്റെയും ഈ നവരാഷ്ട്രീയം തന്നെ തങ്ങളെ സുരക്ഷിതരും സുശക്തരുമാക്കുമെന്നുള്ള രാഷ്ട്രീയമായ ഒരു വിശ്വാസം ഈ പെമ്പിളമാര്‍ക്കൊപ്പം നമുക്കും മുറുകെപ്പിടിയ്ക്കാം. ഈ മൂന്ന് പെണ്‍പോരാളികളെ, ഒരു മഹാബഹുജന സഞ്ചയമായി പൊതുമണ്ഢലത്തില്‍ പെരുപ്പിക്കുകയും പൊലിപ്പിക്കുകയും ചെയ്യുന്ന അഭിലാഷത്തിന്റെ ഈ നവരാഷ്ട്രീയത്തിന് സര്‍വ്വ ഭാവുകങ്ങളും!. കേരളത്തിന്റെ പൊതുമണ്ഢലത്തിന്റെ സ്‌നേഹാശിസ്സുകളും രക്ഷാകര്‍ത്തൃത്വവും ഇവരെ വിജയപ്രാപ്തിയിലെത്തിക്കട്ടെ!
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in