പൂന പാക്ട് ചതിയായിരുന്നു

ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും പ്രതേക നിയോജകമണ്ഡലം എന്ന ആവശ്യമുന്നയിച്ച് പൂനാ പാക്ട് ദിനത്തില്‍ ഭൂ അവകാശ സംരക്ഷണ സമിതി എറണാകുളത്ത് സംഘടി്പ്പിച്ച കണ്‍വെന്‍ഷന്റെ പശ്ചാത്തലത്തില്‍ പൂനാ പാക്ടുമായി ബന്ധപ്പെട്ട സാധാരണ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും. ? എന്താണ് പൂനാ പാക്ട്? ് അയിത്തജാതിക്കാരുടെ നിയമസഭാ പ്രാതിനിധ്യത്തെ സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കത്തിനൊടുവില്‍ ഉണ്ടായ ഒത്തുതീര്‍പ്പാണ് പൂനാ പാക്ട് അഥവാ പൂനാക്കരാര്‍. തര്‍ക്കം പ്രധാനമായും അയിത്തജാതിക്കാര്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ക്കായി വാദിച്ച ഡോ. ബി. ആര്‍. അംബേദ്കറും അതിനെ എതിര്‍ത്ത […]

ppp

ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും പ്രതേക നിയോജകമണ്ഡലം എന്ന ആവശ്യമുന്നയിച്ച് പൂനാ പാക്ട് ദിനത്തില്‍ ഭൂ അവകാശ സംരക്ഷണ സമിതി എറണാകുളത്ത് സംഘടി്പ്പിച്ച കണ്‍വെന്‍ഷന്റെ പശ്ചാത്തലത്തില്‍ പൂനാ പാക്ടുമായി ബന്ധപ്പെട്ട സാധാരണ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും.

? എന്താണ് പൂനാ പാക്ട്?
് അയിത്തജാതിക്കാരുടെ നിയമസഭാ പ്രാതിനിധ്യത്തെ സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കത്തിനൊടുവില്‍ ഉണ്ടായ ഒത്തുതീര്‍പ്പാണ് പൂനാ പാക്ട് അഥവാ പൂനാക്കരാര്‍. തര്‍ക്കം പ്രധാനമായും അയിത്തജാതിക്കാര്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ക്കായി വാദിച്ച ഡോ. ബി. ആര്‍. അംബേദ്കറും അതിനെ എതിര്‍ത്ത M. K. ഗാന്ധിയും തമ്മിലായിരുന്നു. അയിത്തജാതിക്കാര്‍ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങളും പ്രതിനിധികളും എന്നത് അംബേദ്കര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു എന്നതാണ് ഒത്തുതീര്‍പ്പ്.

? പൂനാ പാക്ടിനോട് ചേര്‍ത്താണ് മിക്കപ്പോഴും കമ്മ്യൂണല്‍ അവാര്‍ഡ് എന്ന് കേള്‍ക്കാറുള്ളത്. പൂനാ പാക്ടും കമ്മ്യൂണല്‍ അവാര്‍ഡും ഒന്നാണോ?
് അല്ല. 1932 ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്‌ഡൊണാള്‍ഡ് പ്രഖ്യാപിച്ച ഒരു വിജ്ഞാപനമാണ് കമ്മ്യൂണല്‍ അവാര്‍ഡ്. അത് അയിത്തജാതിക്കാര്‍ക്ക് ചില പ്രത്യേക നിയമ പരിരക്ഷകള്‍ നല്കുന്ന ഒന്നായിരുന്നു.
എന്നാല്‍, പൂനാപാക്ട് എന്നത് കമ്മ്യൂണല്‍ അവാര്‍ഡിലൂടെ അയിത്തജാതിക്കാര്‍ക്ക് ലഭിച്ച പ്രത്യേക പരിരക്ഷകള്‍ വേണ്ടെന്നു പറഞ്ഞു കൊണ്ട് ഗാന്ധിയുടെ നിരാഹാര സമരത്തെ തുടര്‍ന്ന് അംബേദ്കര്‍ക്ക് ഒപ്പ് വയ്ക്കേണ്ടി വന്ന ഒരു കരാര്‍ ആണ്.

? എന്നാണ് പൂനാ കരാര്‍ ഒപ്പുവയ്ക്കപ്പെട്ടത്?
് 1932 സെപ്തംബര്‍ 24 ആം തിയതിയാണ് പൂനാക്കരാര്‍ ഒപ്പുവെയ്ക്കപ്പെട്ടത്. പൂനയിലെ യര്‍വാദാ ജയിലില്‍വച്ച്.

? പൂനാകരാറില്‍ എത്ര പേര്‍ ഒപ്പ് വച്ചു?
് ആകെ 18 പേര്‍ അതില്‍ ഒപ്പുവെച്ചു. അയിത്തജാതിക്കാരുടെ പ്രതിനിധിയായാണ് കരാറില്‍ ബാബാസാഹെബ് ഡോ. അംബേദ്കര്‍ ഒപ്പ് വച്ചത്.

? ഗാന്ധി അതില്‍ ഒപ്പ് വച്ചില്ലേ?
് ഇല്ല. പൂനാകരാറിന്റെ പ്രധാന കാരണക്കാരന്‍ ആയിരുന്നിട്ടും മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി അതില്‍ ഒപ്പ് വച്ചില്ല.

? എന്തുകൊണ്ടാണ് ‘നിങ്ങള്‍ കടുത്ത വ്യവസ്ഥകള്‍ വെയ്ക്കാത്തിടത്തോളം നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഞാനൊരുക്കമാണു. പക്ഷേ എന്റെ ജനതയെ ബലികഴിച്ച് നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഞാനൊരുക്കമല്ല’ എന്ന് പറഞ്ഞ അംബേദ്കര്‍ക്ക് ഒടുക്കം കരാറില്‍ ഒപ്പ് വയ്ക്കേണ്ടതായി വന്നത്?
് M. K. ഗാന്ധി യര്‍വാദാ ജയിലില്‍ മരണംവരെ നിരാഹാരസമരം കിടന്നത് കൊണ്ട്. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലായാല്‍ ഗാന്ധിയുടെ ഘാതകന്‍ എന്ന പേര്‍ തനിക്കു വീഴും എന്നത് കൊണ്ട്.

? ഗാന്ധി എന്തിനാണ് നിരാഹാരം കിടന്നത്?
് പ്രധാനമന്ത്രി റാംസെ മക് ഡൊണാള്‍ഡ് അന്ന് പ്രത്യേക നിയോജക മണ്ഡലവും പൊതുതെരഞ്ഞെടുപ്പില്‍ വോട്ടും അയിത്തജാതികള്‍ക്ക് അനുവദിച്ചു. രണ്ട് പ്രതിനിധികള്‍ അങ്ങനെ വേണ്ട എന്നായിരുന്നു, ഗാന്ധിയുടെ നിലപാട്. അതായത് അയിത്തജാതികള്‍ക്കായി പ്രത്യേക പ്രതിനിധി വേണ്ടാ എന്ന്. അതിനാല്‍ അയിത്തജാതികള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങളും വോട്ടവകാശവും എന്ന അംബേദ്കറുടെ ആവശ്യം പരിഗണിയ്ക്കപ്പെട്ടതിനെ തകര്‍ക്കുവാനായിരുന്നു, നിരാഹാരം കിടന്നത്.

? സത്യത്തില്‍, ഗാന്ധിയുടെ ഉദ്ദേശം എന്തായിരുന്നു?
് ‘ഗാന്ധിയുടെ ഉദ്ദേശം ഞങ്ങള്‍ക്ക് സ്വതന്ത്രവും സ്വന്തവുമായ പ്രാതിനിധ്യം ലഭിക്കരുതെന്നായിരുന്നു. അതുകൊണ്ട് അയാള്‍ പറഞ്ഞു പ്രാതിനിധ്യം കൊടുക്കരുതെന്ന്, ഞങ്ങള്‍ക്ക് ഒരു പ്രാതിനിധ്യവും കൊടുക്കരുതെന്ന്. ഇതായിരുന്നു വട്ടമേശ സമ്മേളനത്തിലും അദ്ദേഹത്തിന്റെ നിലപാട്.’ അംബേദ്കര്‍ പറഞ്ഞത്.

? ഗാന്ധിയുമായുള്ള ഒത്തുതീര്‍പ്പിനെ കുറിച്ച് അംബേദ്കര്‍ പറഞ്ഞത് എന്താണ്?
് അംബേദ്കറുടെ വാക്കുകള്‍ – ‘അപോള്‍ ഞാന്‍ മറ്റൊരു ഫോര്‍മുല മുന്നോട്ടു വെച്ചു. വ്യതിരിക്ത നിയോജകമണ്ഢലങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ ഞാനൊരുക്കമല്ല, പക്ഷേ കാര്യങ്ങളെ അല്പം മാറ്റാന്‍ ഞാന്‍ തയാറാണ്. അതായത് – പട്ടികജാതികളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ആദ്യം പട്ടികജാതികള്‍ തന്നെ തിരഞ്ഞെടുക്കണം. ഒരു പ്രാഥമിക തിരഞ്ഞെടുപ്പ് പോലെ. അതില്‍ നിന്നും നാലു സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കണം, ഈ നാലുപേരാവണം പൊതു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ഇതില്‍ നിന്നും മികച്ചയാള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കട്ടെ. ഞങ്ങള്‍ക്ക് (ഞങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാനാര്‍ത്ഥിയാണുള്ളത് എന്ന്) എന്തെങ്കിലും ഉറപ്പ് ഇതില്‍ നിന്നും കിട്ടും!… അവിടെ നിങ്ങള്‍ നിങ്ങളുടെ നോമിനികളെ നിര്‍ത്തരുത്, നിയമസഭയില്‍ ഞങ്ങളുടെ ശബ്ദം ഉയര്‍ത്താന്‍ കഴിവുള്ള ആളുകളെ ഞങ്ങള്‍ തിരഞ്ഞെടുക്കും. ഇത് ഗാന്ധിക്ക് അംഗീകരിക്കേണ്ടി വന്നു. അങ്ങനെ ഇത് ഗാന്ധി അംഗീകരിച്ചു. ഞങ്ങള്‍ക്ക് ഇതുകൊണ്ടുള്ള ഗുണം 1937-ലെ തെരഞ്ഞെടുപ്പില്‍ മാത്രമേ ഉണ്ടായുള്ളൂ. അതില്‍ (പട്ടികജാതി) ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് തൂത്തുവാരിയെന്നും ഗാന്ധിക്ക് തന്റെ പാര്‍ട്ടിയിലെ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും നിങ്ങള്‍ക്ക് കാണാന്‍ കഴിയും.’ (1955 ല്‍ BBC റേഡിയോയോട് പറഞ്ഞത്)

? അയിത്തജാതിക്കായുള്ള പ്രത്യേക പരിഗണനകളെ മാത്രമേ ഗാന്ധി എതിര്‍ത്തുള്ളോ?
് ഉള്ളു. ആകെ മൂന്നു സമുദായങ്ങളെ മാത്രമേ – ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, സിഖുകാര്‍ എന്നിവരെ മാത്രമേ – താന്‍ അംഗീകരിക്കൂ എന്നതായിരുന്നു ഗാന്ധിയുടെ നിലപാട്. ഭരണഘടനയില്‍ ഈ മൂന്നു സമുദായങ്ങള്‍ക്ക് മാത്രമേ പ്രാതിനിധ്യം പാടുള്ളൂ എന്ന് ഗാന്ധി പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കോ ആംഗ്ലോ-ഇന്ത്യന്‍സിനോ പട്ടികജാതികള്‍ക്കോ ഭരണഘടനയില്‍ സ്ഥാനമൊന്നും പാടില്ലെന്നും അവര്‍ പൊതു സമൂഹത്തിലേക്ക് സ്വയം ലയിക്കണം എന്നും പറഞ്ഞു. ഈ നിലപാടിന്മേലായിരുന്നു ഗാന്ധി പ്രവര്‍ത്തിച്ചത്.

? സിഖ് കാര്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക പ്രാതിനിധ്യം ഭരണഘടനയില്‍ ഏര്‍പ്പെടുത്തുന്നതിനെ ഗാന്ധി അനുകൂലിച്ചു എന്നാണോ?
് അതെ. അനുകൂലിച്ചിരുന്നു. പട്ടിക ജാതികളെക്കാള്‍ ആയിരം മടങ്ങ് ശക്തിയും രാഷ്ട്രീയ സ്റ്റാമിനയും ഉള്ള സിഖുകാര്‍ക്കും മുസല്മാന്മാര്‍ക്കും പ്രത്യേക പ്രതിനിധാനം കൊടുക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ അത് പട്ടികജാതികള്‍ക്ക് നിഷേധിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും എന്ന് അംബേദ്കര്‍ ചോദിച്ചു.
ഗാന്ധി അപ്പോഴും പറഞ്ഞത് നിങ്ങള്‍ക്ക് പ്രശ്‌നം മനസിലാവില്ലെന്നാണ്. ഗാന്ധി അങ്ങനെ മാത്രം പറഞ്ഞുകൊണ്ടിരുന്നു.

? ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും സിഖ് കാര്‍ക്കും പ്രത്യേക പരിരക്ഷകള്‍ എന്ന ഗാന്ധിയുടെ നിലപാടിനെ ആരും എതിര്‍ത്തില്ലേ?
് എല്ലാവരും എതിര്‍ത്തു. അതിന്റെ പേരില്‍ ഗാന്ധിയുടെ അടുപ്പക്കാര്‍ തന്നെ ഗാന്ധിയുമായി വഴക്കിട്ടു പിരിഞ്ഞിട്ടുണ്ട്.

? അവര്‍ ആരൊക്കെ?
് ഗാന്ധിയുടെ ഉറ്റ സുഹൃത്തായ അലക്‌സാണ്ടര്‍ ഓവന്‍ ഈ വിഷയത്തില്‍ ഗാന്ധിയുമായി വലിയ വഴക്കുണ്ടാക്കി. അലക്‌സാണ്ടര്‍ ഓവന്‍ അംബേദ്കറോട് പറഞ്ഞത്, ഗാന്ധിയുടെ ശിഷ്യയായിരുന്ന ഒരു ഫ്രഞ്ച് വനിതയും ഈ വിഷയത്തില്‍ ഗാന്ധിയുമായി ഒരുപാട് കലഹിച്ചു എന്നാണ്. ‘ഈ മനോഭാവം ഞങ്ങള്‍ക്ക് മനസിലാവുന്നില്ല, ഒന്നുകില്‍ നിങ്ങള്‍ ആര്‍ക്കും ഒന്നും (പ്രത്യേകമായി) കൊടുക്കുന്നില്ല എന്ന് പറയൂ.. ഒരു പൊതു നിയമം ഉണ്ടാവട്ടെ, അത് ഞങ്ങള്‍ക്ക് ഒരു ജനാധിപത്യ സംവിധാനമാണെന്ന് മനസിലാവും! നിങ്ങള്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക പ്രതിനിധാനം കൊടുക്കും, സിഖുകാര്‍ക്ക് പ്രത്യേക പ്രതിനിധാനം കൊടുക്കും, പക്ഷേ ദളിതര്‍ക്ക് കൊടുക്കില്ല എന്നു പറയുന്നത് യുക്തിയില്ലായ്മയാണ്’ എന്ന ഫ്രഞ്ച് വനിതയുടെ വാക്കുകള്‍ക്ക് മുമ്പില്‍ ഗാന്ധിയില്‍ ഒരു ഉത്തരവും പറയാനില്ലായിരുന്നു.

? പൂനാപാക്ട് അപ്പോള്‍ ഗാന്ധിയുടെ വിജയം ആയിരുന്നില്ലെ?
് അതെ. ഗാന്ധി അയിത്തജാതികള്‍ക്കെതിരെ വലിയ വിജയം നേടി. അംബേദ്കറും ബ്രിട്ടീഷ് ഗവണ്‍മെന്റും അയിത്തജാതികളെ, ഇന്നത്തെ പട്ടിക ജാതി-പട്ടിക വര്‍ഗങ്ങളെ സഹായിച്ചു കൊണ്ടിരുന്നപ്പോള്‍ ഗാന്ധി ഏല്പിച്ചത് വലിയൊരു ദ്രോഹമാണ്.

? അപ്പോള്‍ ഗാന്ധി പട്ടിക-ജാതി പട്ടിക വര്‍ഗ വിരുദ്ധന്‍ ആണല്ലേ?
് ആണെന്ന് നിസ്സംശയം പറയാം. പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍ക്കുള്ള യാതൊരുവിധ പരിഗണനകളെയും ഗാന്ധി അനുകൂലിച്ചിരുന്നില്ല. എന്ന് മാത്രമല്ല, ജീവന്‍ കൊടുത്തും അവയെ എതിര്‍ക്കുവാന്‍ തയ്യാറായി.

? അപ്പോള്‍ പിന്നെ ഗാന്ധിയെ പട്ടിക-ജാതി പട്ടിക വര്‍ഗങ്ങള്‍ മഹാത്മാ ഗാന്ധി എന്ന് വിളിക്കുന്നതോ?
് അവര്‍ പൂനാ പാക്ടിനെ കുറിച്ചും കമ്മ്യൂണല്‍ അവാര്‍ഡിനെ കുറിച്ചും കേട്ടിട്ടില്ലാത്തത് കൊണ്ട്.

? അംബേദ്കര്‍ ഗാന്ധിയെ വിളിച്ചിരുന്നത് എന്ത്? മഹാത്മാ എന്നല്ലേ?
് അല്ല. കക്ഷത്തില്‍ കഠാരയും നാവില്‍ രാമനാമവുമായി നടക്കുന്ന ഒരാളെ മഹാത്മാവ് എന്ന് വിളിയ്ക്കാമെങ്കില്‍ മിസ്റ്റര്‍ ഗാന്ധിയെ അങ്ങനെ വിളിക്കാം എന്നാണ് അംബേദ്കര്‍ പറഞ്ഞത്.
‘ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ – അദ്ദേഹം ഒരിക്കലും ഒരു മഹാത്മ അല്ലായിരുന്നു. അദ്ദേഹത്തെ മഹാത്മ എന്ന് വിളിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും അദ്ദേഹത്തെ മഹാത്മ എന്ന് വിളിച്ചിട്ടില്ല. അയാള്‍ ആ പദവി അര്‍ഹിക്കുന്നില്ല. നോക്കൂ, അയാളുടെ സന്മാര്‍ഗികതയുടെ കാഴ്ച്ചപ്പാടില്‍ നിന്ന് നോക്കിയാല്‍പ്പോലും ആ പദവി അര്‍ഹിക്കുന്നില്ല’ അംബേദ്കറുടെ വാക്കുകള്‍.

? SC/ST ലിസ്റ്റ് ഉണ്ടാക്കി പിന്നീട് അവര്‍ക്ക് സംവരണം ഭരണഘടനയില്‍ കൊണ്ടു വന്നത് അംബേദ്കര്‍ ആണല്ലോ. ഗാന്ധി അതിനെ എതിര്‍ത്തില്ലെ?
് ആയിത്തജാതിക്കാര്‍ക്കായുള്ള പ്രത്യേക നിയോജക മണ്ഡലങ്ങളെ, പ്രത്യേക അയിത്ത ജാതി പ്രതിനിധികളെ ആണ് ഗാന്ധി എതിര്‍ത്തത്.

? പ്രത്യേക അയിത്തജാതി പ്രതിനിധികള്‍ തന്നെയല്ലേ സംവരണ സീറ്റുകളില്‍?
് അല്ല. ആകെയുള്ള സീറ്റുകള്‍ കൂടാതെ ജനസംഖ്യാനുപതികമായ പ്രത്യേക അയിത്തജാതി (ദലിത്) പ്രതിനിധികളെയാണ് അംബേദ്കര്‍ പ്രതീക്ഷിച്ചത്. അതിനെയാണ് 1932 സെപ്റ്റംബര്‍ 24 ന് ഗാന്ധി പൂനാ കരാറിലൂടെ ഇല്ലെന്നാക്കിയത്.

? അപ്പോള്‍ പിന്നെ പൂനാ പാക്ട് എന്തിന് വര്‍ഷം തോറും ആചരിക്കണം? അത് ഒരു ചതിയായിരുന്നില്ലേ?
് അതെ. ചതിയായിരുന്നു. തങ്ങള്‍ക്ക് സംഭവിച്ച ചതികള്‍ ആണ് ദലിത് ജനത മനസ്സിലാക്കേണ്ടത്, ഓര്‍മ്മ വയ്ക്കേണ്ടത്, പഠിയ്‌ക്കേണ്ടത്, പഠിപ്പിക്കേണ്ടത്. അത് അവരെ തിരിച്ചറിവുള്ളവര്‍ ആക്കും. അംബേദ്കറെ കൂടുതല്‍ പഠിക്കുവാന്‍ പ്രേരിതരാക്കും. കൂടുതല്‍ അറിവ് നേടാനും ജാഗ്രത്താകുവാനും പോരാടാനും സംഘടിക്കാനും ശക്തരുമാക്കും !

വാട്‌സ് ആപ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply