പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ പോര…!!!
പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി.. നിയുക്ത മന്ത്രി എം എം മണിയുടേതാണ് വാക്കുകള്‍. ഏതു രീതിയിലാണെങ്കിലും വിപ്ലവം നടന്നാല്‍ മതിയെന്ന് മണി വിശദീകരണവും നല്‍കി. തന്റെ ശൈലി ഒരിക്കലും മാറ്റില്ലെന്നും മണി വ്യക്തമാക്കുന്നതും കേട്ടു. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്ന വാചകം ലോകപ്രസിദ്ധമാണ്. ആഗോളതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. മാവോക്കു ശേഷം ചൈനയില്‍ അധികാരമേറ്റ ഡെങ്ങ് സിയാവോ പിംഗ് ആണ് ഈ വാചകത്തിനുടമ. എന്നാല്‍ ഡെങ്ങ് ഈ വാക്കുകള്‍ ഉദ്ധരിച്ചത് […]
പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി.. നിയുക്ത മന്ത്രി എം എം മണിയുടേതാണ് വാക്കുകള്‍. ഏതു രീതിയിലാണെങ്കിലും വിപ്ലവം നടന്നാല്‍ മതിയെന്ന് മണി വിശദീകരണവും നല്‍കി. തന്റെ ശൈലി ഒരിക്കലും മാറ്റില്ലെന്നും മണി വ്യക്തമാക്കുന്നതും കേട്ടു.
പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്ന വാചകം ലോകപ്രസിദ്ധമാണ്. ആഗോളതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. മാവോക്കു ശേഷം ചൈനയില്‍ അധികാരമേറ്റ ഡെങ്ങ് സിയാവോ പിംഗ് ആണ് ഈ വാചകത്തിനുടമ. എന്നാല്‍ ഡെങ്ങ് ഈ വാക്കുകള്‍ ഉദ്ധരിച്ചത് മണി ഉദ്ദേശിച്ചതിന്റെ നേരെ വിപരീതാര്‍ത്ഥത്തിലാണ്. ഏതു മാര്‍ഗ്ഗം സ്വീകരിച്ചാലും വിപ്ലവം നടന്നാല്‍ മതിയെന്നല്ല, മുതലാളിത്തമാര്‍ഗ്ഗമായാലും വിരോധമില്ല, നാടിനു വികസനം ഉണ്ടായാല്‍ മതി എന്നതു സ്ഥാപിക്കാനായിരുന്നു ഡെങ്ങിന്റെ ഈ വാക്കുകള്‍. മണി പറയുന്നതിന്റഎ വിപരീതാര്‍ത്ഥത്തില്‍. മുതലാളിത്തപാതയിലൂടെ ചൈനയെ ഇന്നത്തെ അവസ്ഥയിലെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് ഡെങ്ങായിരുന്നു. ആധുനിക ചൈനയുടെ പിതാവ് എന്നാണ് ഡെങ്ങിനെ വിശേഷിപ്പിക്കുന്നതുതന്നെ. അറിഞ്ഞോ അറിയാതേയോ ഡെങ്ങിന്റെ വാക്കുകള്‍ വിപരീതാര്‍ത്ഥത്തിലാണ് മണി പ്രയോഗിക്കുന്നതെന്നതാണ് കൗതുകം. മാത്രമല്ല, കാലഹരണപ്പെട്ട ആശയമായ ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു എന്നാണ് അദ്ദേഹം അര്‍ത്ഥമാക്കുന്നത്. ലക്ഷ്യത്തോടൊപ്പം മാര്‍ഗ്ഗവും ശരിയാകുകയാണ് കാലത്തിന്റെ ആവശ്യം.
മണി പോലും പ്രതീക്ഷിക്കാതെയാണ് മന്ത്രിസ്ഥാനം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളില്‍ ഒരാളായിട്ടും വളരെ വൈകിയാണ് അദ്ദേഹം പാര്‍ലിമെന്ററി മേഖലയില്‍ എത്തുന്നത്. 8 തവണ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നു മണി. തീര്‍ച്ചയായും പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച മണിക്ക് 50-ാം വര്‍ഷത്തിലെങ്കിലും മന്ത്രി പദവി നല്‍കിയത് സംഘടനാപരമായി ഉചിതം തന്നെയാണ്. എന്നാല്‍ രാഷ്ട്രീയമായി അതു ശരിയോ എന്ന ചോദ്യം ബാക്കിയാണ്.
ദാരിദ്ര്യം കാരണം പഠനം തുടരാനാകാതെ ചെറുപ്രായത്തില്‍ തന്നെ ജോലിചെയ്തു ജീവിക്കേണ്ടിവന്ന ബാല്യമായിരുന്നു മണിയുടേത്. തോട്ടത്തില്‍ കൂലിവേല ചെയ്തു വളര്‍ന്നു, പിന്നീട് അവരുടെ നേതാവായി. മലനാട്ടില്‍ എണ്ണമറ്റ കുടിയേറ്റപട്ടയസമരങ്ങളിലും കര്‍ഷകതോട്ടം തൊഴിലാളി സമരങ്ങളിലും നേതൃത്വം നല്‍കി. 1966 ല്‍ ഇരുപത്തിയൊന്നാം വയസ്സില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1970 ല്‍ ബൈസണ്‍ വാലി, 1971 ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ല്‍ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ടുതവണ സി.പി.ഐ (എം) ഇടുക്കി ജില്ലാ സെക്രട്ടറിയായി. അരനൂറ്റാണ്ടു കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ കാല്‍ നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയായിരിക്കാന്‍ അവസരം ലഭിച്ചു. അടിയന്തരാവസ്ഥ കാലം ഉള്‍പ്പെടെ വിവിധ ഘട്ടങ്ങളില്‍ ജയില്‍വാസവും പൊലീസില്‍നിന്ന് കൊടിയ മര്‍ദനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
മണിക്ക് വിദ്യാഭ്യാസം കുറവാണ്, സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നു വരുന്ന വ്യക്തിയാണ്, അതിനാലാണ് ഒരു വിഭാഗം അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തെ എതിര്‍ക്കുന്നതെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. രാജ് മോഹന്‍ ഉണ്ണിത്താനെ പോലെ അപൂര്‍വ്വം ചിലര്‍ അത്തരത്തിലുള്ള വിവരദോഷം പറഞ്ഞു എന്നത് ശരിയാണ്. എന്നാല്‍ മണിക്കെതിരായുള്ള യഥാര്‍ത്ഥ വിമര്‍ശനത്തില്‍ നിന്നു രക്ഷപ്പെടാനാണ് പാര്‍ട്ടി ഭക്തര്‍ തന്ത്രപൂര്‍വ്വം ഇത്തരം മുന്‍കൂര്‍ ജാമ്യമെടുക്കുന്നത്. ”ജാടയും നാട്യങ്ങളും കൃത്രിമഭാഷയും വശമില്ലാത്ത പച്ചമനുഷ്യനാണ് മണി. മുണ്ട് മുറുക്കിയുടുക്കുന്നവനുവേണ്ടി മുഷ്ടിചുരുട്ടി ശബ്ദിച്ചപ്പോള്‍ അദ്ദേഹം പ്രായഭേദമെന്യേ അടുപ്പക്കാര്‍ക്കെല്ലാം ‘മണിയാശാ’നായി. തോട്ടങ്ങളില്‍ വിയര്‍ത്തറിഞ്ഞ ജീവിതമാണ് മണിയെ കമ്യൂണിസ്റ്റാക്കിയത്. പാര്‍ട്ടിയോടുള്ള കൂറും എന്തും തുറന്നുപറയാനുള്ള ചങ്കൂറ്റവുമായിരുന്നു കൈമുതല്‍. അതിനെ ചോദ്യം ചെയ്യുന്നവരോട് മറുപടി പറയുമ്പോള്‍ മുഖമോ പദവിയോ നോക്കിയില്ല. മണ്ണില്‍ പണിയെടുക്കുന്നവന്റെ വാക്കും ശരീരഭാഷയും ശൈലിയുമേ അദ്ദേഹത്തിനറിയൂ. ഈ സ്വഭാവമാണ് മണിയെ എന്നും വിവാദങ്ങളുടെ സഹയാത്രികനാക്കിയത്.” എന്നിങ്ങനെ പോകുന്നു മണിയുടെ ആരാധകരുടെ ന്യായീകരണങ്ങള്‍. എന്നാല്‍ സത്യമതാണോ?
ഒന്നിനെ വെട്ടിക്കൊന്നു, ഒന്നിനെ തല്ലിക്കൊന്നു, ഒന്നിനെ കുത്തിക്കൊന്നു എന്ന മണിയുടെ പ്രശസ്തമായ വാമൊഴി മറക്കാറായിട്ടില്ലല്ലോ. തുടര്‍ന്ന് അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട അദ്ദേഹം 46 ദിവസം ജയിലില്‍ കിടന്നെങ്കിലും ഇതുവരേയും അക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. അടുത്തയിടെ വിദ്യാര്‍ത്ഥി സമരത്തെ എതിര്‍ത്ത വനിതാ പ്രിന്‍സിപ്പാളോടു മണി പറഞ്ഞതെന്താണ്? ‘വാതിലടച്ചിട്ടു അവിടത്തെ പ്രിന്‍സിപ്പല്‍ വേറെ എടപാടായിരുന്നോ അവിടെ? ഞങ്ങള്‍ക്ക് സംശയമുണ്ടിപ്പോള്‍. ഒരു സ്ത്രീയാണ്. അവര്‍ക്കൊരുമാതിരി സൂക്കേടാ. സ്‌കൂളിലെവിടേലും വാതിലടച്ചിട്ടു പഠിപ്പീരു നടത്തുമോ? അവിടെ പഠിപ്പീരല്ല, അവിടെ വാതിലടച്ചിട്ടു വേറെ പണിയാ’. എന്നിങ്ങനെ പോയി മണിമുത്തുകള്‍. ഇതെല്ലാം വിദ്യാഭ്യാസം കുറഞ്ഞതിനാല്‍ സംഭവിക്കുന്നതാണോ? വിദ്യാഭ്യാസം കുറഞ്ഞവരൊക്കെ കൊലയെ പ്രോത്സാഹിപ്പിക്കുന്നവരാണോ? ഇത്തരത്തില്‍ സംസാരിക്കുന്നവരാണോ? 25 വര്‍ഷം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു ഒരാളാണ് ഇത്തരത്തില്‍ സംസാരിക്കുന്നത്. എന്നിട്ടതിനേയും ന്യായീകരിക്കാന്‍ കാരണ കണ്ടെത്തുന്നവരാണ് എങ്ങും. ഇത്ര കാലമായിട്ടും ഒരു ഖേദപ്രകടനത്തിനുപോലും തയ്യാറായിട്ടില്ല എന്നു മാത്രമല്ല, തന്റെ ശൈലിയില്‍ ഒരു മാറ്റവുമില്ലെന്നാണ് മണിയുടെ വാക്കുകള്‍. ജനാധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണിത്?
കേവലം വാക്കുകളുടെ വിഷയം മാത്രമില്ലിത്. മണിയുടെസമീപകാല രാഷ്ട്രീയ നിലപാടുകളില്‍ രണ്ടെണ്ണം മാത്രം നോ്ക്കാം. മുഖ്യമന്ത്രിയായിരുന്ന സ്വന്തം പാര്‍ട്ടി നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളെടുത്തപ്പോള്‍ മണി ഏതുപക്ഷത്തായിരുന്നു? മൂന്നാറിലെ പാവപ്പെട്ട തോട്ടം സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭസമയത്തും മണിയുടെ നിലപാടെന്തായിരുന്നു? അതും വിദ്യാഭ്യാസം കുറഞ്ഞതു കൊണ്ട് ന്യായീകരിക്കാമോ? വിദ്യാഭ്യാസവും രാഷ്ട്രീയബോധവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്ന് ആര്‍ക്കാണറിയാത്തത്?
അഴിമതിയോടൊപ്പം മൂല്യച്യുതിയും മനുഷ്യത്വമില്ലായ്മയും പകയും പ്രതികാരവുമൊക്കെയാണ് ഇന്ന് കേരളത്തിലെ കക്ഷിരാഷ്ട്രീയത്തെ നയിക്കുന്നത്. മണിക്കെതിരെ അഴിമതി ആരോപണമൊന്നു ഉള്ളതായി കേട്ടിട്ടില്ല. എന്നാല്‍ മറ്റു കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ പൂര്‍വ്വചരിത്രം മെച്ചപ്പെട്ടതാണെന്നു പറയാനാവില്ല. അതിനാല്‍തന്നെ ഇ പി ജയരാജനുിപകരം ‘സാധാരണക്കാരനാ’യ മണി മന്ത്രിയാകുന്നത് ശുഭകരമായ വാര്‍ത്തയാണെന്നു പറയാനാകില്ല. പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുക എന്നതാണ് പലപ്പോഴും അധികാരസ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്നതിനുള്ള മാനദണ്ഡമായി മാറുന്നത്. അവരാണ് വിശുദ്ധര്‍… ഇവിടേയും സംഭവിച്ചിരിക്കുന്നത് മറ്റൊന്നല്ല. അതിനാല്‍തന്നെ ഇത്തരമൊരു തീരുമാനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളജനതക്കുനല്‍കുന്ന സന്ദേശം ശുഭകരമെന്നു പറയാനാകില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in