പി.എസ്.സി.പരീക്ഷകള്‍ മലയാളത്തിലാക്കുക- ഭാഷാവകാശ തൊഴില്‍ മാര്‍ച്ച് ലോക മാതൃഭാഷാ ദിനത്തില്‍

ഐക്യമലയാള പ്രസ്ഥാനം മാതൃഭാഷയിലൂടെ മാത്രമേ ഒരു സമൂഹത്തില്‍ അടിസ്ഥാന വികസനവും സൂക്ഷ്മ ജനാധിപത്യവും പുലരുകയുള്ളൂ എന്നത് നിര്‍ണായകമായ തിരിച്ചറിവാണ്. ഭാഷ സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും അടിപ്പടവാണെന്നതിന് ലോക സാഹചര്യം ദൃഷ്ടാന്തവുമാണ്. സ്വാതന്ത്ര്യം നേടി എഴുപതാണ്ടുകള്‍ക്കു ശേഷവും ഭാഷാ സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം പോരാടേണ്ടി വരുന്നു എന്ന ലജ്ജാകരമായ സാഹചര്യമാണ് ഇവിടെയുള്ളത്. ഭരണത്തിന്റെ ഭാഷ അവിടത്തെ ജനങ്ങളുടെ ഭാഷയായിരിക്കണമെന്നത് ഈ സ്വാതന്ത്ര്യ സമരത്തിന്റെ സുപ്രധാന മുഖമാണ്. കേരളത്തില്‍ അധിവസിക്കുന്ന 97% ജനങ്ങളുടെയും മാതൃഭാഷ മലയാളമാണെന്നത് ഇവിടെയോര്‍ക്കണം. നിയമം മൂലം കേരളത്തിലെ […]

mmmഐക്യമലയാള പ്രസ്ഥാനം

മാതൃഭാഷയിലൂടെ മാത്രമേ ഒരു സമൂഹത്തില്‍ അടിസ്ഥാന വികസനവും സൂക്ഷ്മ ജനാധിപത്യവും പുലരുകയുള്ളൂ എന്നത് നിര്‍ണായകമായ തിരിച്ചറിവാണ്. ഭാഷ സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും അടിപ്പടവാണെന്നതിന് ലോക സാഹചര്യം ദൃഷ്ടാന്തവുമാണ്. സ്വാതന്ത്ര്യം നേടി എഴുപതാണ്ടുകള്‍ക്കു ശേഷവും ഭാഷാ സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം പോരാടേണ്ടി വരുന്നു എന്ന ലജ്ജാകരമായ സാഹചര്യമാണ് ഇവിടെയുള്ളത്. ഭരണത്തിന്റെ ഭാഷ അവിടത്തെ ജനങ്ങളുടെ ഭാഷയായിരിക്കണമെന്നത് ഈ സ്വാതന്ത്ര്യ സമരത്തിന്റെ സുപ്രധാന മുഖമാണ്. കേരളത്തില്‍ അധിവസിക്കുന്ന 97% ജനങ്ങളുടെയും മാതൃഭാഷ മലയാളമാണെന്നത് ഇവിടെയോര്‍ക്കണം. നിയമം മൂലം കേരളത്തിലെ ഭരണഭാഷ പൂര്‍ണമായും മലയാളമാണ്; ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിലും പ്രത്യേകമായ ചില സാഹചര്യങ്ങളിലും ഭേദഗതികളുമുണ്ട്. ഇത് എങ്ങനെ പ്രയോഗത്തില്‍ വരുന്നു എന്നതാണ് നിര്‍ണായക പ്രശ്‌നം. സര്‍ക്കാര്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്ന കേരള പി.എസ്.സി.ക്ക് കേരളത്തിലെ ഭരണഭാഷ മാതൃഭാഷയാക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായ പങ്കാണ് വഹിക്കാനുള്ളത്. അത് ആ സ്ഥാപനത്തിന്റെ നിയമപരമായ ജനാധിപത്യ ബാധ്യത കൂടിയാണ്.

ഭരണഭാഷ മലയാളമായ കേരളത്തില്‍ ഒരു സര്‍ക്കാര്‍ ജോലി കിട്ടണമെങ്കില്‍ എല്ലാ വിഷയങ്ങള്‍ക്കും ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം എന്ന വിചിത്രമായ അവസ്ഥയാണുള്ളത്. വിദേശ രാജ്യങ്ങളിലെ ജോലിക്കു പോലും ഇംഗ്ലീഷിന് കാര്യമായ പങ്കില്ലെന്ന് തിരിച്ചറിയപ്പെടുന്ന ഘട്ടമാണിതെന്ന് ഓര്‍ക്കണം. കേരള പി.എസ്.സി.യുടെ ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി. പരീക്ഷകളൊഴികെ മിക്കവാറും എല്ലാ പരീക്ഷകളുടെയും മാധ്യമം ഇംഗ്ലീഷാണ്. സെക്രട്ടറിയേറ്റ് അസിസ്റ്റന്റു മുതല്‍ സബ് കലക്ടര്‍ വരെയുള്ള പരീക്ഷകളുടെ അവസ്ഥ ഇതാണ്. ഇവര്‍ ജോലിക്കു കയറിയാല്‍ നിയമാനുസരണം എല്ലാ ഫയലുകളും കൈകാര്യം ചെയ്യേണ്ടത് മാതൃഭാഷയിലാണു താനും. ഇംഗ്ലണ്ടിലെ ജനങ്ങളോടല്ല ഇംഗ്ലീഷില്‍ പരീക്ഷ ജയിച്ച ഇവര്‍ നേരിട്ടിടപെടേണ്ടതെന്നും വ്യക്തം. സ്വതന്ത്ര ജനാധിപത്യ ഭരണ സംവിധാനത്തിന് അപമാനകരമാണ് ഈ ഇരട്ടത്താപ്പ്; വിശേഷിച്ചും നമ്മുടെ ദേശീയതയുടെ അടിസ്ഥാനം തന്നെ ഭാഷയായിരിക്കുമ്പോള്‍. ഐ.എ.എസ്.പരീക്ഷ മലയാളത്തിലെഴുതാം. എന്നാല്‍ സെക്രട്ടറിയേറ്റ് ഗുമസ്തനാകാനുള്ള പി.എസ്.സി.പരീക്ഷയില്‍ ഇംഗ്ലീഷ് മാത്രമേ പറ്റൂ. ഭരണഭാഷ മലയാളമായിരിക്കുക, അവിടെ ഭരണം നടത്താനുള്ള ഉദ്യോഗസ്ഥരെ ഇംഗ്ലീഷില്‍ പരീക്ഷ നടത്തി നിയമിക്കുക, തുടര്‍ന്ന് ഇംഗ്ലീഷില്‍ ഭരണം നടത്തുക, ഫയലുകളിലെ മാതൃഭാഷാ മാറ്റ പുരോഗതിയുടെ കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുക – ഈയൊരു കള്ളച്ചുരിക നിര്‍മ്മിക്കലിന്റെ പേരു കൂടിയാണ് ശ്രേഷ്ഠ ഭാഷാ പദവി. ഇത് തിരുത്തപ്പെടണം. അടിസ്ഥാന സമരങ്ങളാണ് ഇതിനു പ്രതിരോധം തീര്‍ക്കേണ്ടത്. യഥാര്‍ത്ഥത്തില്‍, ഇംഗ്ലീഷു മാധ്യമത്തില്‍ പഠിക്കുന്നത് പി.എസ്.സി.പരീക്ഷയെഴുതി മാതൃഭാഷ ഭരണഭാഷയായിരിക്കുന്ന പ്രദേശത്ത് അന്യഭാഷാ ഭരണം നിലനിര്‍ത്താന്‍ വേണ്ടിയായിരിക്കുന്നു എന്ന നില വന്നിരിക്കുന്നു. പൊതുവിദ്യാലയങ്ങളിലെ പഠന മാധ്യമം ഇംഗ്ലീഷായി മാറിക്കൊണ്ടിരിക്കുന്നതും ഇതിനോടു കണ്ണി ചേര്‍ക്കപ്പെട്ടു തന്നെയാണല്ലോ. ഇംഗ്ലീഷ് മാധ്യമത്തില്‍ വിദ്യാഭ്യാസം ചെയ്താലേ മെച്ചപ്പെട്ട തൊഴില്‍ ലഭിക്കൂ എന്ന വിശുദ്ധനുണയാണ് നമ്മുടെ പൊതുബോധമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നത്. തൊഴിലിലെന്നതിനപ്പുറം തൊഴില്‍പരീക്ഷകളുടെ സമ്പ്രദായങ്ങളുമായി ഇതിന് നേരിട്ട് ബന്ധമുണ്ട്. ഒന്നുകില്‍ ഇത് തിരുത്തപ്പെടണം. അല്ലെങ്കില്‍ മലയാളത്തില്‍ സംസാരിക്കുന്ന ഓരോ മലയാളിയുടെയും മുതുകില്‍ ‘മാതൃഭാഷ സംസാരിക്കുന്ന വിഢി’ എന്ന് രേഖപ്പെടുത്തിയ ഫലകം പതിക്കേണ്ട മുതുകു കുനിഞ്ഞ അവസ്ഥ കാലങ്ങളോളം തുടരും. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മലയാളം സംസാരിച്ചതിന് കുട്ടികളുടെ മുതുകില്‍ തൂക്കപ്പെടുന്ന ഫലകങ്ങള്‍ക്ക് അങ്ങനെ പൊതുജീവിതത്തില്‍ തുടര്‍ച്ചയുണ്ടാവും നാം നേരിടുന്ന അടിസ്ഥാന സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രതിസന്ധിയാണിത്. ജോലിയെടുക്കാന്‍ ഇംഗ്ലീഷ് ഒരു തലത്തിലും ആവശ്യമില്ലാത്തിടങ്ങളില്‍പ്പോലും പ്രവേശന പരീക്ഷകള്‍ ഇംഗ്ലീഷിലാകുന്നത് തൊഴിലും ഇംഗ്ലീഷും തമ്മിലുളള ബന്ധത്തെ ഗൂഢമായി വിശുദ്ധവത്കരിക്കുന്നു. സംവിധാനങ്ങളുടെ ജനാധിപത്യവത്കരണമെന്നാല്‍ ഭാഷാവകാശവും ഭാഷാസ്വാതന്ത്ര്യവുമല്ലാതെ മറ്റൊന്നുമല്ല എന്ന തിരിച്ചറില്‍ അടിസ്ഥാന സമരങ്ങളാണ് ഇതിനു പ്രതിരോധം തീര്‍ക്കേണ്ടത്.

വോട്ടുചെയ്ത ഭാഷയില്‍ ഭരിക്കപ്പെടാനുളള ജനകീയ ഇച്ഛയുടെ പൂര്‍ത്തീകരണം നിര്‍വ്വഹിക്കാനുളള ബാധ്യത ജനപ്രതിനിധികള്‍ ഏറ്റെടുക്കേണ്ട ഘട്ടമാണിത്. വിശാല ഇന്ത്യന്‍ സാഹചര്യത്തില്‍ത്തന്നെ ഈ സമരം നടക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ഭരണകൂടത്തിന്റെ ഭാഷ ജനങ്ങളുടേതാകൂ, ഉദ്യോഗസ്ഥര്‍ ജനസേവകരാകൂ. ഇതിനനുബന്ധമായി താഴേത്തട്ടിലെ പരിവര്‍ത്തനവും നടക്കണം. മാതൃഭാഷാ മാധ്യമത്തില്‍ പഠിച്ചവര്‍ക്ക് അതതു ഭാഷാപ്രദേശങ്ങളില്‍ സര്‍ക്കാര്‍ തൊഴില്‍ ലഭിക്കുന്നതിന് നിശ്ചിതശതമാനം മാര്‍ക്കിളവ് നല്‍കേണ്ടതാണ്. മുഴുവന്‍ തൊഴില്‍പരീക്ഷകളും മാതൃഭാഷയിലെഴുതാനുളള സംവിധാനമാണ് ഏറ്റവും പ്രാഥമികമായി ഇക്കര്യത്തിലുണ്ടാവേണ്ടത്. ന്യൂനപക്ഷപ്രദേശങ്ങളില്‍ അതാതിടത്തെ മാതൃഭാഷയും ഉപയോഗിക്കണം. നിലവിലുളള വകുപ്പുതല പരീക്ഷകള്‍ മലയാളത്തിലാക്കുകയും ഭാഷാപരീക്ഷകള്‍ പുതുതായി ഉള്‍പ്പെടുത്തുകയും വേണം. കോടതിയടക്കമുളള മുഴുവന്‍ സംവിധാനങ്ങളെയും ഭാഷാജനാധിപത്യത്തിലേക്കെത്തിക്കുന്ന സമഗ്രപ്രവര്‍ത്തനമാകണം അത്. ഐ.എ.എസ്. പരീക്ഷ മലയാളത്തിലെഴുതാന്‍ കഴിയുമ്പോഴും കേരളത്തിലെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ മലയാളത്തിലെഴുതാന്‍ കഴിയില്ല. സായിപ്പുപോലും ഒരിക്കലും കാണിക്കാത്ത ഇംഗ്ലീഷ് വിധേയത്വം നാം പൂര്‍ത്തിയാക്കിയിരിക്കുന്നു! പി.എസ്.സിയുടെ മാറ്റമില്ലാതെ തുടരുന്ന ഈ അവസ്ഥ, സമഗ്രമാതൃഭാഷാനയം ആവിഷ്‌കരിക്കാന്‍ തുനിയുന്ന ഒരു സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും തുരങ്കം വയ്ക്കുന്നതാണ്.

എല്ലാ പി.എസ്.സി.പരീക്ഷകളുടെയും ചോദ്യങ്ങള്‍ മലയാളത്തിലുംകൂടി ലഭ്യമാക്കുക, മാതൃഭാഷാവകാശം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഐക്യമലയാള പ്രസ്ഥാനം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തുന്ന ആശയപ്രചാരണത്തിന്റെയും പ്രായോഗിക സമരങ്ങളുടെയും തുടര്‍ച്ചയിലാണ് ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തില്‍ തിരുവനന്തപുരത്തെ കേരള പി.എസ്.സി. കേന്ദ്രഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടക്കുന്നത്. കേരളത്തിലെമ്പാടും നടന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പി.എസ്.സി.പരീക്ഷകള്‍ മലയാളത്തിലാക്കുക എന്ന മുദ്രാവാക്യത്തില്‍ നടന്ന ഒപ്പു ശേഖരണം മാതൃഭാഷാ സമര ചരിത്രത്തില്‍ സമാനതകളില്ലാത്ത ലോക മാതൃഭാഷാ ദിനത്തില്‍ ഭരണകൂടത്തിനു കൈമാറും. മലയാളത്തില്‍ ഭരിക്കാന്‍ മലയാളത്തില്‍ പരീക്ഷ നടത്തുക എന്ന ജനകീയ ഇച്ഛയുടെ പേരാണ് ജനാധിപത്യം. ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ഭാഷാപരമായ ഈ വൈരുദ്ധ്യമാണ് ജനങ്ങളെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും അതുവഴി ഭരണത്തില്‍ നിന്നും, ആത്യന്തികമായി ജനാധിപത്യത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. 2018 ഫെബ്രുവരി 21-ന് രാവിലെ 10 മണി മുതല്‍ നടക്കുന്ന പി.എസ്.സി. ഓഫീസ് മാര്‍ച്ചില്‍പങ്കെടുക്കുവാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസിളെയും ക്ഷണിക്കുന്നു. 1952-ല്‍, ബംഗ്ലാദേശില്‍ മാതൃഭാഷയല്ലാത്ത മറ്റൊരു ഭാഷ (ഉര്‍ദു) ഭരണഭാഷയായി അടിച്ചേല്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ഡാക്ക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പാക്കിസ്ഥാന്‍ പോലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസത്തില്‍ നടക്കുന്ന ഈ ഭാഷാവകാശ സമരത്തിന് കേരള ചരിത്രത്തില്‍ നിര്‍ണായക പ്രാധാന്യമുണ്ടാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply