പാവങ്ങളുടെ പടത്തലവനോട് നീതി പുലര്‍ത്തേണ്ടത് ഇങ്ങനെയല്ല.
ഹരികുമാര്‍ എകെജിക്കെതിരായ വിടി ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് തുറന്നുവിട്ട വിവാദങ്ങള്‍ തുടരുകയാണ്. പീഡനം എന്ന വാക്ക് ശാരീരികമായ പീഡനത്തെയാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയാണ് വ്യാപകമായി ഉപയോഗിക്കുന്നതും. അത്തരം സാഹചര്യത്തില്‍ എ കെ ജിയെ ബാലപീഡകന്‍ എന്നു വിശേഷിപ്പിച്ച വി ടി ബല്‍റാമിന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. എകെജി തനിക്ക് 37 വയസ്സു പ്രായമുള്ളപ്പോള്‍ 12 വയസ്സു പ്രായമുണ്ടായിരുന്ന സുശീലയോട് തോന്നിയ വികാരത്തെ കുറിച്ച് ആത്മകഥയില്‍ പറയുന്നതും പിന്നീട് 47 വയസ്സായപ്പോള്‍ 22കാരിയായ സുശീലയെ വിവാഹം കഴിച്ചതുമെല്ലാം സൂചിപ്പിച്ചാണ് […]
എകെജിക്കെതിരായ വിടി ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് തുറന്നുവിട്ട വിവാദങ്ങള്‍ തുടരുകയാണ്. പീഡനം എന്ന വാക്ക് ശാരീരികമായ പീഡനത്തെയാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയാണ് വ്യാപകമായി ഉപയോഗിക്കുന്നതും. അത്തരം സാഹചര്യത്തില്‍ എ കെ ജിയെ ബാലപീഡകന്‍ എന്നു വിശേഷിപ്പിച്ച വി ടി ബല്‍റാമിന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. എകെജി തനിക്ക് 37 വയസ്സു പ്രായമുള്ളപ്പോള്‍ 12 വയസ്സു പ്രായമുണ്ടായിരുന്ന സുശീലയോട് തോന്നിയ വികാരത്തെ കുറിച്ച് ആത്മകഥയില്‍ പറയുന്നതും പിന്നീട് 47 വയസ്സായപ്പോള്‍ 22കാരിയായ സുശീലയെ വിവാഹം കഴിച്ചതുമെല്ലാം സൂചിപ്പിച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്. എന്നാല്‍ സുശീലയുടെ വീട്ടില്‍ ഒളിവിലിരുന്നപ്പോള്‍ അത്തരമൊരു സംഭവം നടന്നതായി ആരോപിക്കാന്‍ പോലും ബല്‍റാമിനു കഴിയുന്നില്ല. അതിനാല്‍ ആ പ്രയോഗം പിന്‍വലിക്കുന്നതുതന്നെയാണ് അദ്ദേഹം ചെയ്യേണ്ടത്.
ഇത്തരമൊരു നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ട മറ്റൊരുപാട് വിഷയങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ‘ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്’ എകെജി, സുശീലയെ വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് പത്ത് വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക് പ്രായം 12. വി ടി പറയുന്നപോലെ ഒളിവില്‍ കഴിയുന്ന കാലത്ത് അഭയം നല്‍കിയ വീട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളില്‍ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്. തീര്‍ച്ചയായും വിവാഹപ്രായത്തില്‍ ഇന്നത്തെയത്ര കണിശനിയമങ്ങളൊന്നുമില്ലായിരുന്നെങ്കിലും 37കാരന്‍ 12കാരിയെ പ്രണയിക്കുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും അംഗീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. പ്രണയത്തില്‍ പ്രായത്തിനെന്തുകാര്യം എന്നു ചോദിക്കുന്നവര്‍ നിരവധിയാണ്. ജാതിയും മതവും നിറവും സാമ്പത്തികാവസ്ഥയും ദേശവും മറ്റും പോലെയാണ് പ്രായം എന്ന വാദം ശരിയാണോ? എ കെ ജിക്ക് 60 വയസ്സായപ്പോള്‍ ഭാര്യക്ക് 35 ആയിരുന്നു പ്രായം എന്നു മറക്കരുത്. സാങ്കേതികമായി അതില്‍ തെറ്റില്ലെങ്കിലും ധാര്‍മ്മികമായി അതു ശരിയാണോ? ഈ വാദമുന്നയിക്കുന്നവര്‍ തങ്ങളുടെ ബന്ധുക്കളായ പെണ്‍കുട്ടികള്‍ 25 വയസ്സിനു മുതിര്‍ന്ന ഒരാളെ വിവാഹം കഴിക്കുന്നത് ആത്മാര്‍ത്ഥമായും പിന്തുണക്കുമോ? നമ്പൂതിരി സമുദായത്തിലും മുസ്ലിം സമുദായത്തിലുമൊക്കെ ഇത്തരം വിവാഹം വ്യാപകമായി നടന്നിരുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നവരല്ലേ നാം? ഇവിടെ എകെജിയായിരുന്നതിനാലുംപ്രണയമുണ്ടായിരുന്നതിനാലും വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നതിനാലും തെറ്റ് ശരിയായി മാറുകയില്ലല്ലോ? ഇത്തരമൊരു പുനര്‍വായന എ കെ ജിയെ അവഹേളിക്കുന്നതാകില്ല. ഗാന്ധി മുതല്‍ മാര്‍ക്‌സ് വരെയുള്ളവരുടെ മറ്റു ബന്ധങ്ങളെ കുറിച്ച് ആരോപണങ്ങളില്ലേ? അതൊന്നും അവരുടെ സംഭാവനകളെ ഇല്ലാതാക്കുമോ? ഇത്തരമൊരു വിലയിരുത്തലില്‍ തകരുന്നതാണോ എകെജിയുടെ രാഷ്ട്രീയം?
ഇടതുപക്ഷവും ഇടതുപക്ഷലിബറലുകളുമാണ് കേരളത്തിലെ പുരോഗമനവിഭാഗം എന്ന മിത്താണല്ലോ ഇപ്പോഴും ശക്തം. അതിനാല്‍ തന്നെ അവര്‍ക്ക് ആരുടേയും നേരെ വിമര്‍ശനമുന്നയിക്കാം. അത് ആവിഷ്‌കാര സ്വാതന്ത്ര്യം. തിരിച്ചായാല്‍ അക്രമം. അതാണല്ലോ നിരന്തരമായി കാണുന്നത്. നെഹ്‌റു മുതല്‍ ഉമ്മന്‍ ചാണ്ടിവരെയുള്ളവരെ കുറിച്ച് എന്തെല്ലാം ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്? അത് തങ്ങള്‍ ചെയ്യുമെന്നും എന്നാല്‍ തിരിച്ച് അനുവദിക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ഷംസീര്‍ പറയുന്നത് കേട്ടത്. ബല്‍റാമിനെതിരെയുള്ള അക്രമങ്ങളുടെ ഒരു ചെറിയ സാമ്പിളിതാ. ‘ബലരാമനെ തന്തയ്ക് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല കാരണം തന്തയുടെ എണ്ണംകൂടുതലാണെന്നാ കേള്‍ക്കുന്നത് …. നഗ്‌ന നപുംസകങ്ങളായ ഉമ്മന്‍ ചാണ്ടിയും കൂട്ടരും സോളാര്‍ മറയില്‍ വിലസുമ്പോള്‍ അതു നമ്മള്‍ മറക്കുവാന്‍ ശ്രമിക്കുന്നു’. സോളാറില്‍ പോലും ലൈംഗിക പീഡനത്തിനു എന്തു തെളിവാണുള്ളത്? രാഷ്ട്രീയരംഗത്ത് പുലര്‍ത്തേണ്ട സാമാന്യ മര്യാദ ആരാണ് പാലിക്കുന്നത്? സദാചാരപോലീസ് ചമഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താനെ അക്രമിച്ച സംഭവം മറക്കാറായിട്ടില്ലല്ലോ. പാവപ്പെട്ട പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ നീചമായി അധിക്ഷേപിച്ച എം എം മണി ഇപ്പോഴും നമ്മുടെ മന്ത്രി തന്നെയാണ്. എന്നാല്‍ ഇവിടെയിതാ ബല്‍റാമിന്റെ ഓഫീസ് തല്ലിത്തകര്‍ത്തിരുന്നു. നമ്പിയെ അപമാനിച്ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അക്രമം നടന്നപ്പോള്‍ അപലപിച്ചവരാണ് എല്ലാവരും എന്നത് മറക്കരുത്. അവസാനമിതാ ബല്‍റാമിനോടുള്ള അഭിപ്രായഭിന്നതയോടെതന്നെ സംഭവത്തില്‍ പ്രതികരിച്ച സിവിക് ചന്ദ്രന്റെ ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടിച്ചിരിക്കുന്നു. മറ്റൊന്നുകൂടി. രാഷ്ട്രീയ നേതാക്കളുടെ ഒളിവുകാലത്ത് പല തരത്തിലുള്ള ബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരിക്കലും അത്തരം വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. അതിനു ചരിത്രപരമായി പല കാരണങ്ങളുമുണ്ട്. ഒരു വശത്ത് ഇന്നത്തെയത്ര സദാചാരബോധം അന്ന് ശക്തമായിരുന്നില്ല. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് അവബോധവും കുറവായിരുന്നു. രാഷ്ട്രീയനേതാക്കളുടെ ഔന്നിത്യത്തിന്റഎ പേരില്‍ മറ്റെല്ലാം മറക്കുകയായിരുന്നു. നേതാക്കളെ ഒളിവില്‍ സംരക്ഷിക്കുക എന്നത് മഹത്തായ രാഷ്ട്രീയ ദൗത്യമായാണ് കരുതപ്പെട്ടിരുന്നത്. അതില്‍ പ്രധാന ഉത്തരവാദിത്തം സ്ത്രീകള്‍ക്കായിരുന്നു. തോപ്പില്‍ ഭാസി അടക്കമുള്ളവരുടെ ആത്മകഥകളില്‍ കൂടി കടന്നുപോകുമ്പോള്‍ അക്കാലഘട്ടത്തെ കുറിച്ച് കൂടുതലറിയാം. അപ്പോഴും ഇത്തരം കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങളും സിനിമകളും പുറത്തുവന്നിട്ടുണ്ടെന്നത് മറക്കരുത്. അത്തരം വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത് അന്നത്തെ സ്ത്രീകളെ അപമാനിക്കലാണെന്ന നിലപാട് കേവലം വൈകാരികം മാത്രമാണ്. ചരിത്രം ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്?
ഇതുമായി ബന്ധപ്പെട്ടുയരുന്ന മറ്റൊരു വിഷയം സിനിമാമേഖലപോലെതന്നെ രാഷ്ട്രീരംഗത്തും ഇപ്പോഴും നിലനില്‍ക്കുന്ന താരാരാധനയാണ്. കേരളത്തില്‍ അത്തരം താരാരാധന കൂടതലും കമ്യൂണിസ്റ്റുകാരോടാണ് എന്നതാണ് കൗതുകം. എ കെ ജി, കൃഷ്ണപിള്ള, ഇ എം എസ് മുതല്‍ വിഎസും പിണറായിയും വരെയുള്ളവരോട് ഈ ആരാധന കാണാം. എന്നാല്‍ ആ ആരാധന എത്രമാത്രം പൊള്ളയാണെന്നു ഈ സംഭവം തന്നെ തെളിവാണ്. പാവങ്ങളുടെ പടത്തലവനെ ആക്ഷേപിച്ചതാണല്ലോ ബല്‍റാം ചെയ്ത തെറ്റ്. എകെജിയെ പാവങ്ങളുടെ പടത്തലവന്‍ എന്നു വിശേഷിപ്പിക്കുന്നതിന്റെ പ്രധാന കാരണം പലയിടത്തും ഭൂമി പിടിച്ചെടുത്ത് പാവങ്ങള്‍ക്കു വിതരണം നല്‍കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതാണല്ലോ. അദ്ദേഹത്തിന്റെ ആത്മകഥ ആരേയും ആവേശ ംകൊള്ളിക്കുന്നതും ആ പോരാട്ടങ്ങളുടെ പേരിലാണ്. എന്നാല്‍ ഇങ്ഹനെ വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഇന്ന് കേരളത്തില്‍ ദളിതരുടേയും ആദിവാസികളുടേയും ഭൂസമരങ്ങളോട് സ്വീകരിക്കുന്ന നിലപാടെന്താണ്? മുത്തങ്ങയിലും ചങ്ങറയിലുമൊക്കെ നാമത് വ്യക്തമായി കണഅടതാണ്. കഴിഞ്ഞില്ല, ഹാരിസണടക്കമുള്ള വന്‍കിട കുത്തകകള്‍ അനധികൃതമായി കയ്യടക്കിയ ഭൂമി പിടിച്ചെടുത്ത പാവങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന രാജമാണിക്യമടക്കമുള്ളവരുടെ റിപ്പോര്‍ട്ടുകളോടെടുക്കുന്ന നിലപാടെന്താണ്? എ കെ ജിയുടെ പോരാട്ടങ്ങള്‍ക്ക് കടകവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച്, അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവന്‍ എന്നൊക്കെ വിശേഷിപ്പിച്ച് പ്രതിരോധിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത് ? എ കെ ജിയോടുള്ള ആരാധന യാഥാര്‍ത്ഥ്യമാണെങ്കില്‍ ബല്‍റാം പോസ്റ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെടുന്നതോടൊപ്പം ഭൂപ്രശ്‌നത്തിലുള്ള നിലപാട് തിരുത്തുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. അങ്ങനെയാണ് എ കെ ജിയോട് നീതി പുലര്‍ത്തേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in