പാരിസ്ഥിതിക സാക്ഷരതയില്ലാത്ത മലയാളി

മഹാപ്രളയത്തിനുശേഷം ഇതാ ഉഷ്ണതരങ്കം. കേരളം ചുട്ടുപൊള്ളുകയാണ്. ഇനിയപം മൂന്നുമാസം എങ്ങനെ കടന്നുപോകുമെന്ന ആശങ്കയിലാണ് എല്ലാവരും. പാരിസ്ഥിതിക അവബോധമോ ജലസാക്ഷരതയോ ഇല്ലാതെ, വികസനം എന്ന ഒറ്റമന്ത്രത്തില്‍ അന്ധമായി വിശ്വസിക്കുന്ന പ്രസ്ഥാനങ്ങള്‍ നയിക്കുന്ന ഒരു ജനത സ്വാഭാവികമായും നേരിടുന്ന ദുരന്തമാണ് കേരളം നേരിടുന്നത്. എന്തു ദുരന്തമുണ്ടായാലും പരിസ്ഥിതി നശീകരണത്തെ കുറിച്ച് നാം ചര്‍ച്ച ചെയ്യാറുണ്ടെന്നത് ശരി. എന്നാല്‍ എത്ര ദിവസം? ഒഴുകുന്ന വെള്ളത്തെ പിടിച്ചുനിര്‍ത്താന്‍ നീര്‍ത്തട – നെല്‍പ്പാടങ്ങള്‍ക്കുള്ള പ്രാധാന്യം ഒരിക്കല്‍കൂടി തിരിച്ചറിഞ്ഞിട്ടും പ്രളയശേഷവും പാടം നികത്തിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ […]

E

മഹാപ്രളയത്തിനുശേഷം ഇതാ ഉഷ്ണതരങ്കം. കേരളം ചുട്ടുപൊള്ളുകയാണ്. ഇനിയപം മൂന്നുമാസം എങ്ങനെ കടന്നുപോകുമെന്ന ആശങ്കയിലാണ് എല്ലാവരും. പാരിസ്ഥിതിക അവബോധമോ ജലസാക്ഷരതയോ ഇല്ലാതെ, വികസനം എന്ന ഒറ്റമന്ത്രത്തില്‍ അന്ധമായി വിശ്വസിക്കുന്ന പ്രസ്ഥാനങ്ങള്‍ നയിക്കുന്ന ഒരു ജനത സ്വാഭാവികമായും നേരിടുന്ന ദുരന്തമാണ് കേരളം നേരിടുന്നത്.
എന്തു ദുരന്തമുണ്ടായാലും പരിസ്ഥിതി നശീകരണത്തെ കുറിച്ച് നാം ചര്‍ച്ച ചെയ്യാറുണ്ടെന്നത് ശരി. എന്നാല്‍ എത്ര ദിവസം? ഒഴുകുന്ന വെള്ളത്തെ പിടിച്ചുനിര്‍ത്താന്‍ നീര്‍ത്തട – നെല്‍പ്പാടങ്ങള്‍ക്കുള്ള പ്രാധാന്യം ഒരിക്കല്‍കൂടി തിരിച്ചറിഞ്ഞിട്ടും പ്രളയശേഷവും പാടം നികത്തിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നാം തയ്യാറല്ല എന്നതു തന്നെ ഇതിനുള്ള ഉദാഹരണം. കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനത്തില്‍ പശ്ചിമഘട്ടത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞിട്ടും അതിന്റെ സംരക്ഷണത്തിനാവശ്യമായ നടപടികളല്ല, നാശത്തിനാവശ്യമായ നടപടികളാണ് നാം സ്വീകരിക്കുന്നത്. കേരളത്തിന്റെ പരിസ്ഥിതിയെ ഒന്നടങ്കം വെല്ലുവിളിക്കുന്ന പാറമടകള്‍ക്ക് മൂക്കുകയറിടാനും നാം തയ്യാറല്ല. അക്ഷരം എഴുതാനും വായിക്കാനും അറിയുമെന്നല്ലാതെ പാരിസ്ഥിതിക സാക്ഷരത അടുത്തുകൂടെ പോകാത്ത ഒരു ജനതയല്ലാതെ മറ്റെന്താണ് നാം?
വെള്ളത്തിന്റെ കാര്യമെടുക്കാം. ഈ മൂന്നുമാസങ്ങളില്‍ മലയാളി എങ്ങനെയാണ് വെള്ളം കുടിക്കുക എന്നറിയില്ല. ജലസാക്ഷരത ഒട്ടുമില്ലാത്ത ഒരു ജനത വെള്ളം കുടിക്കാതെ മരിച്ചില്ലെങ്കിലാണ് അത്ഭുതം. നമ്മെപോലെ സാക്ഷരത ഒട്ടുമില്ലെങ്കിലും തൊട്ടയല്‍പക്ക സംസ്ഥാനം തമിഴ്‌നാടിനെ മാത്രം പരിശോധിച്ചാല്‍ നാമിന്ന് എവിടെയാണ് എത്തിയിരിക്കുന്നതെന്ന് മനസ്സിലാകും. കേരളത്തെ അപേക്ഷിച്ച് മഴയില്‍ വളരെ കുറവുള്ള തമിഴ് നാട് നമ്മുടെ വെളളമുപയോഗിച്ചാണ് കുടിവെളള പ്രശ്‌നം മാത്രമല്ല, കൃഷിയും വൈദ്യുതോല്‍പ്പാദനവും നടത്തുന്നതെന്നു മനസ്സിലാക്കാം. പറമ്പിക്കുളം – ആളിയാര്‍ കരാറും മുല്ലപ്പെരിയാറും പരിശോധിച്ചാല്‍ മാത്രം ഇതുബോധ്യപ്പെടും. ഇപ്പോള്‍ കേന്ദ്രത്തിന്റെ പരിഗണനയിലുള്ള പമ്പ – അച്ചന്‍ കോവില്‍ – വെപ്പാര്‍ സംയോജനത്തിന്റെ കാര്യവും വ്യത്യസ്ഥമല്ല. ഇവയിലെല്ലാം ജലസാക്ഷരതയില്ലാത്ത കേരളം വഞ്ചിക്കപ്പെടുകയായിരുന്നു. പുതിയ ജലവിഭവശേഷി മന്ത്രിയും ഈ വിഷയങ്ങളില്‍ അത്യാവശ്യം അറിവുള്ള കെ കൃഷ്ണന്‍ കുട്ടി എന്തെങ്കിലും ചെയ്യാന്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ കേരളം മരുക്ഷൂമിയാകുന്ന കാലം വിദൂരമാകില്ല.
കേരളവും തമിഴ് നാടുമായി നിരവധി നദീജല കരാറുകള്‍ നിലവിലുണ്ട്. മഴ കൂടുതല്‍ ലഭിക്കുന്ന പ്രദേശമാണ് കേരളമെന്നതിനാല്‍ ഈ കരാറുകളിലെല്ലാം കേരളം തമിഴ് നാടിന് വെള്ളം കൊടുക്കേണ്ടതുണ്ട്. ആദ്യകാലത്തൊന്നും അതുവലിയ പ്രശ്‌നമായിരുന്നില്ല. എന്നാല്‍ മഴയുടെ അളവു കുറഞ്ഞുവന്നതോടെ ജലക്ഷാമം രൂക്ഷമായതാണ് കാര്യങ്ങള്‍ വഷളാക്കിയത്. അതിനുപുറമെയാണ് വര്‍ഷങ്ങളായി പുഴകളെ ഗതിമാറ്റിയൊഴുക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍. മധ്യകേരളത്തിലെ പ്രധാന പുഴകളായ ഭാരതപുഴ, പെരിയാര്‍, ചാലക്കുടി പുഴ എന്നിവയുമായി ബന്ധപ്പെട്ടാണ് പറമ്പികുളം – ആളിയാര്‍ കരാറിനു രൂപം കൊടുത്തത്. 1958ലെ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് കരാര്‍ നിലവില്‍ വന്നത്. അന്നുതന്നെ അതിനെതിരെ പ്രതിഷേധമുണ്ടായെങ്കിലും കേന്ദ്രത്തിന്റെയടക്കം സമ്മര്‍ദ്ദമാണ് കരാറിനു കാരണമായത്. കരാര്‍ കൃത്യമായി പഠിക്കാതെയാണ് കേരളം ഒപ്പിട്ടത്. നദികളുടെ കീഴ്പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ അവകാശങ്ങളൊന്നും പരിഗണിച്ചതുമില്ല. ഫലത്തില്‍ പടിഞ്ഞാട്ടൊഴുകുന്ന പുഴകളെ കിഴക്കോട്ട് തിരിച്ചുവിടുകയാണുണ്ടായത്. ചിറ്റൂര്‍ പുഴയെ ആശ്രയിക്കുന്ന കര്‍ഷകരെയാണ് ഈ കരാര്‍ ഏറ്റവും രൂക്ഷമായി ബാധിച്ചത്. വര്‍ഷം തോറും അവര്‍ക്കു ലഭിച്ചിരുന്ന വെള്ളം കുറഞ്ഞുവന്നു. കൂടാതെ തമിഴ് നാട് തുടര്‍ച്ചയായി കരാര്‍ ലംഘനവും തുടങ്ങി. 1990കളോടെ കര്‍ഷകര്‍ സമരങ്ങളാരംഭിച്ചു. തുടര്‍ന്ന് ജലസേചനമന്ത്രിയായിരുന്ന ടി എം ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കരാര്‍ കേരളതാല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു പരസ്യമായി പറഞ്ഞു. എന്നാല്‍ കാര്യമൊന്നുമുണ്ടായില്ല. ചാലക്കുട പുഴയിലും കരാര്‍ലംഘനം തുടര്‍ച്ചയായി നടക്കുന്നു. എല്ലാ വര്‍ഷവും സെപ്തംബര്‍ ഒന്നിനും ഫെബ്രുവരി ഒന്നിനും കേരള ഷോളയാര്‍ പൂര്‍ണ്ണമായും നിറക്കണമെന്ന വ്യവസ്ഥയാണ് പലപ്പോഴും ലംഘിക്കപ്പെടുന്നത്. അതു തൃശൂര്‍ -എറണാകുളം ജില്ലകളിലെ കൃഷിയേയും കുടിവെള്ളലഭ്യതയേയും പ്രതികൂലമായി ബാധിക്കുന്നു.
വാസ്തവത്തില്‍ വെള്ളം നല്‍കുന്ന സംസ്ഥാനമെന്ന രീതിയില്‍ ഇത്തരം വിഷയങ്ങളിലെ നിയന്ത്രണം കേരളത്തിന്റെ കൈവശമാണ് വേണ്ടത്. അത്തരത്തില്‍ പുതിയ സാഹചര്യത്തിനനുസരിച്ച് കരാര്‍ പുതുക്കണമെന്നും എല്ലാ ഡാമുകളുടേയും താഴെ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി പുഴ സംരക്ഷണ സമിതി നിരന്തരപ്രചരണങ്ങളും സമരങ്ങളും നടത്തുന്നു. 30 വര്‍ഷത്തിലൊരിക്കല്‍ കരാര്‍ പുനരവലോകനം ചെയ്യാമെന്ന വ്യവസ്ഥ പോലും നടപ്പാകുന്നില്ല. ഇക്കാര്യത്തില്‍ കേരളം വളരെ ദുര്‍ബലമാ്ണ്. ഈ അലസ്ഥ മാറാന്‍ ശക്തമായ ജനകീയസമരങ്ങള്‍ ആവശ്യമാണ്. അതിന് ആദ്യം വേണ്ടത് ജലസാക്ഷരതയാണ്.
പറമ്പികുളം – ആളിയാര്‍ കരാറിനേക്കാള്‍ ഗുരുതരമായ പ്രശ്‌നമാണ് കേന്ദ്രഗവണ്മന്‍രിന്റെ പരിഗണനയിലുള്ള നദീബന്ധിന പദ്ധതിയുടെ ഭാഗമായി പമ്പാ – അച്ചന്‍കോവില്‍ – വെപ്പാര്‍ ലിങ്ക് കനാല്‍ പദ്ധതി. പമ്പയേയും അച്ചന്‍ കോവിലാറിനേയും ബന്ധിപ്പിച്ച് വെപ്പാര്‍ നദീതടത്തിലേക്ക് ഗതിമാറ്റി വിടുന്നതാണ് പദ്ധതി. പമ്പയിലും അച്ചന്‍കോവിലാറിലും മിച്ചജലമുണ്ടെന്ന തെറ്റായ കണക്കാണ് ഇതിനുപുറകിലെന്നതാണ് വാസ്തവം. പമ്പാനദി പൂര്‍ണ്ണമായി വരളാറില്ലെങ്കിലും വെള്ളമില്ലാത്തതിനാല്‍ 2003 ല്‍ ഉത്രട്ടാതി വള്ളംകളി ഉപേക്ഷിച്ചിരുന്നു. ഇത്തരമൊരു പദ്ധതി പത്തനംതിട്ട, ആലപ്പുഴ ജില്ലകളേയും കുട്ടനാടിനേയും പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. നദികളുടെ സ്വാഭാവിക ഒഴുക്ക് മാറ്റുന്നത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടികാണാന്‍ പോലുമാകാത്തതാണ്. മാത്രമല്ല ഈ പദ്ധതിക്കായി 10 കിലോമീറ്റര്‍ നിബിഡവനം നശിപ്പിക്കേണ്ടിയും വരും. ഈ സാഹചര്യത്തില്‍ ഇത്തരമൊരു പദ്ധതി പ്രായോഗികമാക്കാന്‍ ശ്രമിച്ചാല്‍ മുന്‍കൂട്ടിതന്നെ പ്രതിരോധിക്കാന്‍ കേരളത്തിനു കഴിയണം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇപ്പോഴും അതേരീതിയില്‍ തുടരുകയാണെന്നു മാത്രമല്ല, ജലനിരപ്പ് 152 അടിയിലെത്തിക്കാനാണ് തമിഴ് നാടിന്റെ നീക്കം. അതിനെ പ്രതിരോധിക്കാന്‍ പാടുപെടുകയാണ് നാം.
ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് വരുംകാല വരള്‍ച്ചകളേയും പ്രളയങ്ങളേയും നാം നേരിടുക എന്ന ചോദ്യം അവശേഷിക്കുകയാണ്. ഈ വെല്ലുവിളി നേരിടാന്‍ പരിസ്ഥിതി ദിനത്തില്‍ കുറെ മരം നട്ട് അതിലൊതുങ്ങുന്ന പാരിസ്ഥിതിക അവബോധം മാത്രം പോര. കൃത്യമായ ജലസാക്ഷരതയും പാരിസ്ഥിതിക സാക്ഷരതയും വേണം. അതിനായി ആദ്യം വലിച്ചെറിയേണ്ടത് വികസനത്തെ കുറിച്ചുള്ള അന്ധമായ ധാരണകളാണ്. അത്തരത്തിലുള്ള ആര്‍ജ്ജവം നേടിയെടുക്കുന്നില്ലെങ്കില്‍ ചൂടിലും വെള്ളത്തിലും ഒടുങ്ങാനായിരിക്കും മലയാളിയുടെ വിധി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply