ന്യൂസ് 18 – പ്രശ്‌നം ജാതി തന്നെ

സ്മിത സുമതി കുമാര്‍ ന്യൂസ് 18 ല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവര്‍ത്തക ജാതീയവും തൊഴില്‍പരവുമായ വിവേചനം നേരിടുന്നുവെന്നും തനിക്ക് നീതി വേണമെന്നും ആവശ്യപ്പെടുമ്പോള്‍ എലൈറ്റ് ക്ലാസ് ഫെമിനിസ്റ്റുകളും, പ്രിവിലേജ്ഡ് സാമൂഹിക പ്രവര്‍ത്തകരും, Proud to be a woman Journalist എന്ന് ക്യാമ്പയിന്‍ നടത്തിയവരും മലയാളിയെ 24×7 സമയം ‘ബോധവല്‍ക്കരിച്ചും’ കൊണ്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരും വാദിക്കുന്നത് അത് ജാതീയ വിവേചനമല്ലെന്നും തൊഴില്‍പരമായ ‘യോഗ്യത പ്രശ്‌നം’ മാത്രമാണെന്നും അതില്‍ ഉപരിയായി സംഘി രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് ഇടത് ബൗദ്ധിക […]

nn

സ്മിത സുമതി കുമാര്‍

ന്യൂസ് 18 ല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവര്‍ത്തക ജാതീയവും തൊഴില്‍പരവുമായ വിവേചനം നേരിടുന്നുവെന്നും തനിക്ക് നീതി വേണമെന്നും ആവശ്യപ്പെടുമ്പോള്‍ എലൈറ്റ് ക്ലാസ് ഫെമിനിസ്റ്റുകളും, പ്രിവിലേജ്ഡ് സാമൂഹിക പ്രവര്‍ത്തകരും, Proud to be a woman Journalist എന്ന് ക്യാമ്പയിന്‍ നടത്തിയവരും മലയാളിയെ 24×7 സമയം ‘ബോധവല്‍ക്കരിച്ചും’ കൊണ്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരും വാദിക്കുന്നത് അത് ജാതീയ വിവേചനമല്ലെന്നും തൊഴില്‍പരമായ ‘യോഗ്യത പ്രശ്‌നം’ മാത്രമാണെന്നും അതില്‍ ഉപരിയായി സംഘി രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് ഇടത് ബൗദ്ധിക നിലപാടെടുക്കുന്ന മാധ്യമ പ്രവര്‍ത്തകനെ (കരെ) തകര്‍ക്കാനുള്ള ഗൂഢതന്ത്രമാണ് ഇതെന്നുമാണ്. ആദ്യമേ പറയട്ടെ ഒരു സവര്‍ണ്ണ ബോധത്തില്‍ നിന്നു കൊണ്ട് വിഷയത്തെ കാണുന്നതു കൊണ്ട് മാത്രമാണ് നിങ്ങള്‍ക്ക് ആ മാധ്യമപ്രവര്‍ത്തക പറയുന്ന അനീതി എന്താണെന്ന് മനസ്സിലാകാത്തത്.

നീതിയെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന സങ്കല്‍പം ഏകമാനകമായ ഒന്നല്ല. വ്യക്തിയുടെ വിശേഷാധികാരങ്ങളും അവകാശങ്ങളും അനുഭവങ്ങളും, രൂപപ്പെടുന്ന സാമൂഹിക സാഹചര്യങ്ങളും നീതിയെക്കുറിച്ചുള്ള സങ്കല്പം ആ വ്യക്തിയില്‍ രൂപപ്പെടുത്തുന്നതിന് നിര്‍ണ്ണായകമായിരിക്കും. അതു കൊണ്ടാണ് നീതിയെക്കുറിച്ചുളള സങ്കല്പം പലപ്പോഴും വൈരുദ്ധ്യമായി നിലനില്‍ക്കുന്നത്. പാര്‍ശ്വവല്‍കൃത ജനത റിസര്‍വേഷനെ നീതിക്കുവേണ്ടിയുള്ള ഉപാധികളിലൊന്നായി കാണുമ്പോള്‍ സവര്‍ണ്ണ സമൂഹങ്ങള്‍ക്കും ( വളരെ ചെറിയ ഒരു ന്യൂനപക്ഷമൊഴിച്ച് ) അതേ ചിന്താമണ്ഡലം പിന്‍തുടരുന്നവര്‍ക്കും റിസര്‍വേഷന്‍ അനീതിയായി അനുഭവപ്പെടുന്നത് ഈ വൈരുദ്ധ്യം കൊണ്ടാണ്. വ്യക്തിഗത വ്യവഹാരത്തില്‍ മാത്രമല്ല ഭരണകൂടത്തില്‍ തന്നെ ഇത് അന്തര്‍ലീനമാണ്. ഒരു വെല്‍ഫയര്‍ സ്റ്റേറ്റ് ആദിവാസികള്‍ക്കും ദളിതര്‍ക്കും അതിപിന്നോക്ക ജനവിഭാഗങ്ങള്‍ക്കും കോളനികള്‍ നിര്‍മ്മിച്ച് നല്‍കുന്നത് നീതിയുക്തമായ ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്വമായി കാണുമ്പോള്‍ ആ ജനതയ്ക്ക് അത് ജാതീയമായ പാര്‍ശ്വവല്‍കരണമായി അനുഭവപ്പെടുന്നത് നീതിയെക്കുറിച്ചുള്ള ഈ വ്യത്യസ്തത കൊണ്ടാണ്. അപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയം നാം എവിടെ നിന്ന് എങ്ങനെ നോക്കി കാണുന്നു എന്നതാണ്.

പ്രാഥമികമായി അനീതി എന്നതു കൊണ്ട് വിവക്ഷിക്കുന്നത് ഒന്ന് മറ്റൊന്നിനെ ചൂഷണം ചെയ്യുന്ന അവസ്ഥയാണ്. ഏതെങ്കിലുമൊരു വ്യവസ്ഥ സമൂഹത്തിലെ വിഭിന്നങ്ങളായ വ്യക്തികളെ ചൂഷണം ചെയ്യുമ്പോള്‍ അത് ആ വ്യക്തികള്‍ക്ക് അനുഭവവേദ്യമാകുന്നതും ഒരു പോലെയായിരിക്കില്ല. വ്യക്തിയുടെ സാമൂഹിക സ്ഥാനത്തിന് അനുസരിച്ച് അതിന്റെ ആഘാതം വ്യത്യസ്തമായിരിക്കും. ജാതിയുടെ ഉച്ചനീചത്വ അധികാരഘടനകൊണ്ട് സാമൂഹികമായി ഏറ്റവും പിന്നോക്കം പോയ ആദിവാസികള്‍ക്കും ദളിതര്‍ക്കും അവരുടെ ജീവിതത്തെ ഈ തീരാദുരിതത്തില്‍ നിന്ന് കരകയറ്റുവാനുള്ള മാര്‍ഗ്ഗം ഉന്നത വിദ്യാഭ്യാസവും മാന്യമായ തൊഴിലും മാത്രമാണ്. ഭൂമി, സമ്പത്ത്, തുടങ്ങിയ വിഭവങ്ങളിലൊന്നും ഉടമസ്ഥതയും അധികാരവും ഇല്ലാത്ത ജനതയ്ക്ക് ഇത് ഏകാശ്രയമായി തീരുന്നത് അതുകൊണ്ടാണ്. രോഹിത് വെമുലയും, രജനി എസ് ആനന്ദും മറ്റും ഉന്നത വിദ്യഭ്യാസ മേഖലയില്‍ നേരിടേണ്ടി വന്ന വിവേചനത്തില്‍ നിന്ന് അത്മഹത്യ ചെയ്യേണ്ടിവരുന്നത് (State Murder ) അതുകൊണ്ടാണ്. ഈ രാഷ്ട്രീയ പശ്ചാത്തലം ബോധ്യമാകുന്നവര്‍ക്കേ ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവര്‍ത്ത ആത്മഹത്യയ്ക്ക് ശ്രമിച്ചത് കേവലം തൊഴില്‍പരമായ ആന്തരിക സംഘര്‍ഷം കൊണ്ടല്ലെന്നും അനുഭവിക്കേണ്ടി വന്നത് ജാതീയവും തൊഴില്‍പരമായ വിവേചനമായിരുന്നു എന്നും മനസ്സിലാകുകയുള്ളു. ജാതീയമായ വിവേചനം എന്നത് കേവലം ജാതിപ്പേര് വിളിക്കുന്നതോ, അധിക്ഷേപിക്കുന്നതോ, മാറ്റി നിര്‍ത്തപ്പെടുന്നതോ മാത്രമല്ല. ജാതിയുടെ മുഴുവന്‍ പാര്‍ശ്വവല്‍കരണത്തേയും പ്രതിസന്ധികളെയും മറികടന്ന് ആദിവാസികള്‍ക്കും ദളിതര്‍ക്കും പ്രാതിനിധ്യമില്ലാത്ത ഭരണ-ഉദ്യോഗസ്ഥ-തൊഴില്‍ മേഖലയില്‍ എത്തപ്പെടുന്നവരെ മാറ്റി നിര്‍ത്തുന്നതും ഒഴിവാക്കുന്നതും കൂടിയാണ്. ഡോ. ബി. ആര്‍. അംബേദ്കര്‍ ഭരണ-ഉദ്യോഗസ്ഥ- വിദ്യഭ്യാസ- തൊഴില്‍ മേഖലയിലെ പ്രതിനിധ്യത്തിനു വേണ്ടിയായിരുന്നു ജീവിതകാലം മുഴുവന്‍ പോരാടിയതും തന്റെ ബൗദ്ധിക – വൈജ്ഞാന മേഖല ഉപയോഗപ്പെടുത്തിയത് എന്ന് മനസ്സിലാക്കുന്നവര്‍ക്കേ ദളിത് മാധ്യമ പ്രവര്‍ത്തകയെ മാറ്റി നിര്‍ത്തിയത് തൊഴിലിലെ ‘യോഗ്യത പ്രശ്‌നം ‘കൊണ്ടാണ് എന്ന് പറയുന്നതിലെ അശ്ലീലവും വിവേചനവും മനസ്സിലാകുകയുള്ളു.

ആദിവാസികളുടെയും ദളിതരുടെയും പ്രാതിനിധ്യം വിരളമായ ഇടമാണ് മാധ്യമ മേഖല. സ്ത്രീകളുടെ പ്രാതിനിധ്യവും ഇരുപത് ശതമാനത്തോളം മാത്രമേയുള്ളുവെന്ന് കണക്കുകള്‍ പറയുന്നു. പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം അറിയാത്തവര്‍ ആണോ മലയാളിക്ക് അന്തിചര്‍ച്ചകളില്‍ പ്രബോധന ക്ലാസ്സുകള്‍ എടുത്ത് കൊടുക്കുന്നത് ? നിങ്ങള്‍ ഏത് നീതിയെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത് ?
കേരളത്തിലെ പ്രബലമായ രണ്ട് പത്രങ്ങളില്‍ ജോലി കിട്ടുന്നതിനുള്ള യോഗ്യത നായരും സുറിയാനി ക്രിസ്ത്യാനിയും ആയിരിക്കുക എന്നതാണ്. ഈ വംശീയ ബോധത്തില്‍ തന്നെയാണ് കേരളത്തിലെ മുഖ്യധാര മാധ്യമ മേഖലയെന്ന് നിസംശയം പറയാന്‍ കഴിയും. അതു കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകയുടെ ‘യോഗ്യത’ക്കുറവാണ് പിരിച്ചുവിടുവാനുള്ള കാരണമെന്ന് നിങ്ങള്‍ക്ക് പറയേണ്ടി വരുന്നത്. യോഗ്യത ഉള്ളവരും ഇല്ലാത്തവരും എന്നത് സവര്‍ണ്ണ സാമൂഹിക ശാസ്ത്രത്തിന്റെ ഉല്‍പന്നമാണ്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതീയ വിവേചനത്താല്‍ അറിവധികാരങ്ങളില്‍ നിന്നും പൊതുവിടങ്ങളില്‍ നിന്നും ആട്ടിയകറ്റിയ ജനതയ്ക്ക് അത് നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ ഭരണഘടന ഈ ജനസമൂഹങ്ങളുടെ പ്രാതിനിധ്യത്തിന് ഭരണഘടനാപരമായ പരിരക്ഷ നല്‍കിയത്.ഭരണഘടനാപരമായ പരിരക്ഷ ഉണ്ടായിട്ടും ആന്റി റിസര്‍വേഷന്‍ ക്യാമ്പയിനുകളില്‍ ‘യോഗ്യത ഉണ്ടോ ?’ എന്നത് മുഖ്യചോദ്യമായി കടന്ന് വരുന്നതും ഭരണഘടനാപരമായ പരിരക്ഷ ഇല്ലാത്ത സ്വകാര്യ മേഖലയിലും മാധ്യമ മേഖലയിലും യോഗ്യതയുണ്ടോ എന്ന ചോദ്യം നിലനില്‍ക്കുന്നതും അതേ സാമൂഹിക മനശാസ്ത്രം കൊണ്ടാണ്. ശ്രേണീകൃതമായ അധികാര ബന്ധങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ യഥാര്‍ത്ഥ്യങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ നാലാംതൂണ് എന്ന മേലങ്കി കളഞ്ഞ് ഈ പണി മതിയാക്കുന്നതാണ് നല്ലത്.

ഇടത് ബൗദ്ധിക വ്യവഹാരങ്ങളേയും വ്യക്തികളെയും വിമര്‍ശിക്കുന്നതും അതിന്റെ നെറികേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതും സംഘി രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുമെന്ന് സി. പി. എം. കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു ക്ലീഷേ ആണ്. സംഘപരിവാര്‍ വളരുന്നത് അതിന് അനുഗുണമായ സാംസ്‌കാരിക സാഹചര്യത്തിലാണ്. അത് എല്ലാ മേഖലയിലുമെന്നപോലെ മാധ്യമ മേഖലയിലും ഉണ്ട് എന്നതിന്റെ തെളിവാണ് ‘യോഗ്യത പ്രശ്‌നം’ ( സ്‌കില്‍ യോഗ്യത, സൗന്ദര്യ യോഗ്യത അങ്ങനെ പോകുന്നു അത് ) കടന്നു വരുന്നത്. യോഗ്യതയും ജേര്‍ണലിസ്റ്റ് ബിരുദവും ഇല്ലാത്തതു കൊണ്ടാണോ ദളിത് മാധ്യമ പ്രവര്‍ത്തകര്‍ ഇല്ലാത്തതു കൊണ്ടാണോ മാധ്യമ മേഖലയില്‍ അവര്‍ ഇല്ലാതെ പോകുന്നത് ? മാത്രമല്ല കറുപ്പ് നിറമുള്ള എത്ര സ്ത്രീകളെ നിങ്ങള്‍ക്ക് ഈ പറയുന്ന മീഡിയയില്‍ കാണാന്‍ കഴിയും?അതായത് വളരെ വ്യക്തമായ വംശീയ ബോധം മാധ്യമ രംഗത്ത് നിലനില്‍ക്കുന്നുണ്ട് എന്ന് അര്‍ത്ഥം. ഇതിനെ നിങ്ങള്‍ക്ക് മറികടക്കാന്‍ ശേഷി ഉണ്ടോ ? ഇല്ലയെങ്കില്‍ സംഘ പരിവാര്‍ രാഷ്ട്രീയത്തെ നിങ്ങള്‍ എങ്ങനെ പ്രതിരോധിക്കും ? ഇടത് ലിബറലുകള്‍ എന്ന് അവകാശപ്പെടുകയും ഇടപെടല്‍ നടത്തുകയും ചെയ്യുന്ന നിങ്ങള്‍ക്ക് ഇതൊരു തൊഴിലാളി പ്രശ്‌നമായി പോലും കണക്കാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും ദയനീയമായ അവസ്ഥ.
എലൈറ്റ് ക്ലാസ് ഫെമിനിസ്റ്റുകള്‍ക്കും തറവാടി മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് നീതിയുടെ പ്രശ്‌നമായി തോന്നാന്‍ തരമില്ല. ചരിത്രം അതാണല്ലോ? ഒരു ദളിത് സ്ത്രീ ജാതീയ വിവേചനം മാത്രമല്ല ദളിത് സ്ത്രീയെന്ന വിവേചനം കൂടി അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് അവള്‍ കറുപ്പു കൂടിയാണെങ്കില്‍ ആ വിവേചനം നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്തത്ര ഭീകരമായിരിക്കും. ഈ അനുഭവങ്ങളിലൂടെ കടന്ന് പോകാത്തിടത്തോളം കാലം നിങ്ങള്‍ക്ക് ഇത് ‘യോഗ്യത’യുടെയും, ‘സംഘപരിവാര്‍ രാഷ്ട്രീയ’ത്തിന്റെയും ഭാഗം മാത്രമായിരിക്കും.

സ്ത്രീ ജേര്‍ണലിസ്റ്റ് ആയതില്‍ അഭിമാനിക്കുന്നു എന്ന് ബാനര്‍ പൊക്കിയവരേയും, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ തങ്ങള്‍ ആണെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കുന്നവരെയും ഈ ഭൂഖണ്ഡത്തില്‍ തന്നെ കാണാന്‍ ഇല്ല. എനിക്ക് അറിയാവുന്ന ‘അവര്‍’ മാധ്യമ പ്രവര്‍ത്തകയോട് അങ്ങനെ ചെയ്യില്ലെന്ന് പറയുന്നതും എനിക്കറിയാവുന്ന ദിലീപ് നടിയെ ആക്രമിക്കില്ല എന്ന് പറയുന്നതും ഒന്നു തന്നെയാണ്. പക്ഷെ ഞങ്ങള്‍ക്ക് അങ്ങനെയല്ല. വരാനിരിക്കുന്ന തലമുറയെങ്കിലും അത്മാഭിമാനത്തോടെ ജീവിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അടിസ്ഥാന ജനതയ്ക്ക് ഒരു സമൂഹമായി നിലനില്‍ക്കുന്നതിന് ഈ വ്യവസ്ഥിതിയെ പുതുക്കിപ്പണിയേണ്ടത് അനിവാര്യമാണ്. അതിന് നീതി അളക്കുന്ന നിങ്ങളുടെ ഉപകരണം ചരിത്രത്തില്‍ ഒരുപാട് കണ്ടിട്ടുള്ളതുകൊണ്ട് അത് ആവശ്യമില്ല. സമൂഹമെന്ന നിലയില്‍ ആത്മാഭിമാനവും നീതിയെ സ്വപ്നവും കാണുന്നതു കൊണ്ട് ന്യൂസ് 18 ലെ മാധ്യമ പ്രവര്‍ത്തകക്കൊപ്പം നില്‍ക്കുക എന്നതു തന്നെയാണ് രാഷ്ട്രീയ നൈതികത.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply