നിലവാരം കുറയുമ്പോള്‍ റേറ്റിംഗ് കൂടുന്ന ന്യൂസ് അവറുകള്‍

ഹരികുമാര്‍ തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ വിശ്വാസവും അഭിമാനവും തോന്നുന്നത് നല്ലതാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് അമിതമായ അവകാശവാദം ഉന്നയിക്കുമ്പോള്‍ തമാശ തോന്നുന്നത് സ്വാഭാവികം. ഇത്തവണത്തെ ഒരു ഓണപ്പതിപ്പില്‍ ചാനലുകളിലെ ഒമ്പതുമണി ചര്‍ച്ചകളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരുടെ അവകാശവാദം വായിച്ചപ്പോഴാണ് ഇതു പറയാന്‍ തോന്നിയത്.വിവിധ ചാനലുകളിലെ വാര്‍ത്താവതാരകരായ നികേഷ്, വീണ, വിനു, ഷാനി, സ്മൃതി തുടങ്ങിയവരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഒപ്പം ബി ആര്‍ പി ഭാസ്‌കര്‍, ഭാസുരേന്ദ്രബാബു, ഉമേഷ് ബാബു, ജയശങ്കര്‍, ശ്രീരാമകൃഷ്ണന്‍, വിഡി സതീശന്‍, പിസി ജോര്‍ജ്ജ്, […]

nnഹരികുമാര്‍

തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ വിശ്വാസവും അഭിമാനവും തോന്നുന്നത് നല്ലതാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് അമിതമായ അവകാശവാദം ഉന്നയിക്കുമ്പോള്‍ തമാശ തോന്നുന്നത് സ്വാഭാവികം. ഇത്തവണത്തെ ഒരു ഓണപ്പതിപ്പില്‍ ചാനലുകളിലെ ഒമ്പതുമണി ചര്‍ച്ചകളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരുടെ അവകാശവാദം വായിച്ചപ്പോഴാണ് ഇതു പറയാന്‍ തോന്നിയത്.
വിവിധ ചാനലുകളിലെ വാര്‍ത്താവതാരകരായ നികേഷ്, വീണ, വിനു, ഷാനി, സ്മൃതി തുടങ്ങിയവരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഒപ്പം ബി ആര്‍ പി ഭാസ്‌കര്‍, ഭാസുരേന്ദ്രബാബു, ഉമേഷ് ബാബു, ജയശങ്കര്‍, ശ്രീരാമകൃഷ്ണന്‍, വിഡി സതീശന്‍, പിസി ജോര്‍ജ്ജ്, വര്‍ഗ്ഗീസ് ജോര്‍ജ്ജ് തുടങ്ങിയവരും. സ്വാഭാവികമായും വാര്‍്ത്താവതാരകര്‍ ന്യൂസ് അവര്‍ ചര്‍ച്ചകളെ ഗംഭീരമാണെന്നു വിശേഷിപ്പിക്കുന്നു മറ്റുള്ളവര്‍ കുറെയൊക്കെ യാഥാര്‍ത്ഥ്യബോധത്തോടെ പ്രതികരിക്കുന്നു.
രാഷ്ട്രീയത്തെ കുടുംബാന്തരീക്ഷത്തേക്ക് ശക്തമായി കൊണ്ടുവന്നു, വ്യത്യസ്ഥ രാഷ്ട്രീയമുള്ള നേതാക്കളെ ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തുന്നു  എന്നതൊക്കെ ന്യൂസ് അവറിന്റെ നേട്ടം തന്നെ എന്നതില്‍ സംശയമില്ല. എന്നാല്‍ അത്തരൊരു നേട്ടത്തെ ഈ ചര്‍ച്ചകളുടെ നിലവാരമില്ലായ്മയും അനാരോഗ്യകരമായ മത്സരവും നശിപ്പിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നികേഷ് തന്നെ സമ്മതിക്കുന്ന പോലെ റേറ്റിംഗാണ് മുഖ്യപ്രശ്‌നം. അതിനാണ് മത്സരം. വാര്‍ത്തയോ ചര്‍ച്ചയോ മികച്ചതാക്കാനല്ല. തീര്‍ച്ചയായും ഇതിനൊരു മറുവശമുണ്ട്. റേറ്റിംഗ് കൂടാന്‍ നി്‌ലവാരം കുറയണമെന്ന അവസ്ഥയാണത്. അതു മലയാളികളുടെ കൊട്ടിഘോഷിക്കപ്പെടുന്ന രാഷ്ട്രീയപ്രബുദ്ധതയുടെ യാഥാര്‍ത്ഥ്യമെന്താണെന്നതിന്റെ തെളിവു തന്നെയാണ്. മത്സരം കൂടുമ്പോള്‍ നിലവാരം കുറയുകയും നിലവാരം കുറയുന്നത് കൂടുതല്‍ ജനകീയമാകുകയും ചെയ്യുന്ന വിരോധാഭാസം. അതില്‍ അത്ഭുതമില്ലല്ലോ. മ പ്രസിദ്ധീകരണങ്ങളും സിനിമകളും ടിവി സീരിയലുകളുമെല്ലാം അങ്ങനെതന്നെയാണല്ലോ.
9 മണി ചര്‍ച്ചകളുടെ ജനകീയതക്ക് തെളിവായി നികേഷ് പറയുന്ന ഒരദാഹരണം നോക്കുക. സരിത പ്രശ്‌നം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നതും നഴ്‌സുമാരെ വിദേശത്തുനിന്ന് സുരക്ഷിതമായി എത്തിച്ചപ്പോള്‍ ഗ്രാഫുയര്‍ന്നതും ഈ ചര്‍ച്ചകളുടെ ഫലമാണത്രെ. മലയാള വാര്‍ത്താചാനലുകള്‍ക്ക് എത്രമാത്രം അധപതിക്കാമെന്നതിനുദാഹരണമായിരുന്നു സരിത പ്രശ്‌നം. പണ്ട് മറിയം റഷീദ വിഷയത്തില്‍ പത്രങ്ങള്‍ അധപതിച്ചപോലെ തന്നെ. എത്രമാത്രം സ്ത്രീവിരുദ്ധവും പൈങ്കിളിപരവുമായാണ് മിക്ക ചാനലുകളും സോളാര്‍ വിഷയത്തെ ചര്‍ച്ച ചെയ്തത്. അതില്‍ ഏറ്റവും മോശമായ ചാനലുകളുടെ റേറ്റിംഗ് അന്നുയരുകയും ചെയ്തു. പിന്നീട് എന്താണ് സംഭവിച്ചത് എന്നതും കേരളം കണ്ടതാണല്ലോ. നഴ്‌സുമാരുടെ വിഷയത്തിലാകട്ടെ മുഖ്യമന്ത്രി ചെയ്തത് കടമ മാത്രം. കുറെപേര്‍ കാണുന്നു എന്നുവെച്ച് ഈ ചര്‍ച്ചകളൊന്നുമല്ല നേതാക്കളുടെ ഗ്രാഫ് ഉയര്‍ത്തുന്നത്. ശരാശരി രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് കാര്യമായൊന്നും ചര്‍ച്ചകളില്‍ നിന്നു ലഭിക്കുന്നുമില്ല. അപൂര്‍വ്വമായി വല്ല സാര്‍വ്വ ദേശീയ വിഷയങ്ങളിലും ബജറ്റ് ചര്‍ച്ചകളിലുമല്ലാതെ. മറിച്ച് ചില വിഷയങ്ങള്‍ ശക്തമായി ഉയര്‍ത്തികൊണ്ടുവരാന്‍ ചിലപ്പോള്‍ കഴിയാറുണ്ട്. പൊതുസ്ഥലങ്ങളിലെ ടോയ്‌ലറ്റിന്റേയും മറ്റും പ്രശ്‌നം ഉദാഹരണം.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണ് ആണെന്നാണല്ലോ അറിയപ്പെടുന്നത്. അധികാരത്തിലിരിക്കുന്നവരെ ശരി – തെറ്റുകളുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുന്ന ഒരു ഭരണഘടകമായാണ് മാധ്യമങ്ങള്‍ പ്രവര്‍്ത്തിക്കുന്നത്, അല്ലെങ്കില്‍ പ്രവര്‍ത്തിക്കേണ്ടത്. ജനാധിപത്യവ്യവസ്ഥയില്‍ അങ്ങനെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. മികച്ച പ്രതിപക്ഷത്തിന്റെ റോളാണ് അവയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതിനാലാണ് പല ആരോപണങ്ങളും മാധ്യമങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവുപോലും ചോദിക്കാതെ നാം വിശ്വസിക്കുന്നത്. എന്നാല്‍ ആ വിശ്വാസത്തെ നശിപ്പിക്കുന്ന നടപടികളാണ് പലപ്പോഴും മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. മിക്കവാറും മാധ്യമങ്ങളുടെ ഉടമാവകാശം കോര്‍പ്പറേറ്റുകള്‍ക്കായതോടെ ഫോര്‍്ത്ത് എസ്‌റ്റേറ്റ് എന്ന വിശേഷണത്തിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. മറ്റു മേഖലകളിലെ ചൂഷണങ്ങളെ ഘോരഘോരം വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യമാണ് ഏറ്റവും ദയനീയം. അവിടെയൊരു പോരാട്ടത്തിന് അവര്‍ തയാറല്ല. മാധ്യമങ്ങളുടെ നയം തീരുമാനിക്കുന്നത് മുതലാളിമാര്‍ മാത്രമായി. റേറ്റിംഗ് കൂട്ടുന്നതിനായി എന്തും പറയുന്ന അവസ്ഥ വന്നതോടെ തെളിവുകളില്ലെങ്കിലും മാധ്യമങ്ങളെ വിശ്വസിക്കാം എന്ന അവസ്ഥ ഇല്ലാതായി. ചിലപ്പോഴെങ്കിലും അവര്‍ ജനാധിപത്യത്തിന്റെ കാവല്‍ നായക്കുപകരം വേട്ടപ്പട്ടിയാകുന്നു. സോളാര്‍് തന്നെ അതിനുദാഹരണം. കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടാത്ത മാധ്യമങ്ങളും സാമ്പത്തിക പ്രശ്‌നം മറികടക്കാന് തത്വദീക്ഷയില്ലാത്ത നടപടികള്‍ സ്വീകരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരേയും അനുകൂലിച്ചുമുള്ള പരിപാടികള്‍ ഒരേ ചാനലില്‍ വരുന്നത് നാം കാണുന്നുണ്ടല്ലോ.
നമ്മളേക്കാള്‍ വിവരമുള്ളവര്‍ പുറത്തുണ്ട് എന്ന് ഈ ചര്‍ച്ചയില്‍ വി ഡി സതീശന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വിവരത്തേക്കാള്‍ വാചകകസര്‍ത്തിനാണല്ലോ അവിടെ വിജയം. ചര്‍ച്ചകളില്‍ മിനിമം വേണ്ട ജനാധിപത്യമര്യാദ ഉണ്ടാകാറില്ല. അവതാരകര്‍ മിക്കപ്പോഴും മുന്‍തീരുമാനപ്രകാരം ചര്‍ച്ചകളെ നയിക്കും. സമയപരിമിതിയുടെ പേരിലും തങ്ങള്‍ പ്രതീക്ഷിക്കാത്ത വിഷയങ്ങള്‍ ഉയര്‍ന്നുവന്നാലും അവര്‍ ഫാസിസ്റ്റ് രീതിയില്‍ ഇടപെടും. ചില നേതാക്കളാകട്ടെ വിഷയത്തിലൂന്നിയല്ല ചര്‍ച്ച ചെയ്യുക. അതേസമയം ഈ ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകുന്നില്ല എന്ന വിമര്‍ശനത്തില്‍ കഴമ്പില്ല. തീരുമാനമുണ്ടാക്കേണ്ട വേദിയല്ല അത്.
മറ്റൊന്ന് റഫറി കയറി കളിക്കുന്ന അവസ്ഥയാണ്. രാഷ്ട്രീയത്തില്‍ ആര്‍ക്കുമെന്ന പോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിപ്രായം പറയാം. എന്നാല്‍ ഇത്തരം ചര്‍ച്ചകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് റഫറിയുടെ റോളല്ലേ വേണ്ടത്? എന്നാല്‍ പലപ്പോഴും ആധികാരികമായി നേതാക്കളോ വിദഗ്ധരോ പറയുന്ന കാര്യങ്ങളില്‍ ഇവര്‍ പറയുന്ന അഭിപ്രായങ്ങള്‍ ചര്‍ച്ചകളുടെ നിലവാരം വീണ്ടും കുറക്കുന്നു. നിലവാരം കുറയുമ്പോള്‍ റേറ്റിംഗ് കൂടുമെന്നതിനാല്‍ അതൊരു പ്രശ്‌നമല്ലായിരിക്കാം എന്നു മാത്രം.
തങ്ങളുടെ നിലപാടുകളെ ജനം പിന്തുടരുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ തെറ്റിദ്ധാരണക്ക് മികച്ച ഉദാഹരണമാണ് പാര്‍ലിമെന്റ്് ഇലക്ഷന് ഫലം. സോളാറിന്റെയും മറ്റുവിഷയങ്ങളുടേയും പേരില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും മാധ്യമങ്ങളാല്‍ ഇത്രമാത്രം വിമര്‍്ശിക്കപ്പെട്ടിട്ടും ഫലം എന്തായിരുന്നു? ന്യൂസ് അവറുകള്‍് കണ്ടുകൊണ്ടിരുന്നാലും ജനങ്ങളുടെ വിശ്വാസത്തെയൊന്നും അത് കാര്യമായി സ്വാധീനിക്കുന്നില്ല എന്നു സാരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply