നമുക്ക് വേണ്ടത് ഭക്ഷ്യസ്വരാജ്
എം.പീതാംബരന്‍, സര്‍വ്വോദയമണ്ഡലം ഇന്ത്യയില്‍ പലപ്പോഴും ‘ജനപ്രിയ’ നിയമങ്ങള്‍ ഉണ്ടാകുന്നത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഭരിക്കുന്ന പാര്‍ട്ടി പ്രതിസന്ധിയെ നേരിടുമ്പോഴുമാണ്. പാര്‍ട്ടിക്കുള്ളില്‍ ആധിപത്യം നേടുന്നതിനും തിരഞ്ഞെടുപ്പില്‍ വോട്ടു നേടുന്നതിനുമായാണ് ശ്രദ്ധേയമായ പല മുദ്രാവാക്യങ്ങളും ഭരണപരിഷ്‌ക്കാരങ്ങളും ഉണ്ടാകുന്നത്. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ അവസാനത്തില്‍ അന്നത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സില്‍ അഖിലേന്ത്യാ തലത്തില്‍ പിളര്‍പ്പുണ്ടായപ്പോഴാണ് ഔദ്യോഗികപക്ഷം തങ്ങള്‍ പുരോഗമനപക്ഷക്കാരാണ് എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടി ബാങ്ക് ദേശസാല്‍ക്കരണവും പ്രിവിപേഴ്‌സ് നിറുത്തലാക്കലും നടപ്പാക്കിയത്. എഴുപതുകളുടെ ആദ്യത്തില്‍ പൊതു തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ‘ഗരീബിഹഠാവോ’ എന്ന മുദ്രാവാക്യം ഉയര്‍ന്നു വന്നത്. സ്വാതന്ത്ര്യം […]
എം.പീതാംബരന്‍, സര്‍വ്വോദയമണ്ഡലം
ഇന്ത്യയില്‍ പലപ്പോഴും ‘ജനപ്രിയ’ നിയമങ്ങള്‍ ഉണ്ടാകുന്നത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഭരിക്കുന്ന പാര്‍ട്ടി പ്രതിസന്ധിയെ നേരിടുമ്പോഴുമാണ്. പാര്‍ട്ടിക്കുള്ളില്‍ ആധിപത്യം നേടുന്നതിനും തിരഞ്ഞെടുപ്പില്‍ വോട്ടു നേടുന്നതിനുമായാണ് ശ്രദ്ധേയമായ പല മുദ്രാവാക്യങ്ങളും ഭരണപരിഷ്‌ക്കാരങ്ങളും ഉണ്ടാകുന്നത്.
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ അവസാനത്തില്‍ അന്നത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സില്‍ അഖിലേന്ത്യാ തലത്തില്‍ പിളര്‍പ്പുണ്ടായപ്പോഴാണ് ഔദ്യോഗികപക്ഷം തങ്ങള്‍ പുരോഗമനപക്ഷക്കാരാണ് എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടി ബാങ്ക് ദേശസാല്‍ക്കരണവും പ്രിവിപേഴ്‌സ് നിറുത്തലാക്കലും നടപ്പാക്കിയത്. എഴുപതുകളുടെ ആദ്യത്തില്‍ പൊതു തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ‘ഗരീബിഹഠാവോ’ എന്ന മുദ്രാവാക്യം ഉയര്‍ന്നു വന്നത്. സ്വാതന്ത്ര്യം നേടിയ ശേഷം ആറര ദശാബ്ദം പിന്നിട്ടിട്ടും ഇന്ത്യന്‍ ജനതയില്‍ ദാരിദ്ര്യവും പട്ടിണിയും പെരുകുകയാണ്. മാനദണ്ഡങ്ങളില്‍ കൃത്രിമം കാണിച്ച് ദാരിദ്ര്യരേഖ താഴ്ത്തിവരച്ചിട്ടും പട്ടിണിപാവങ്ങളുടെ എണ്ണത്തില്‍
വലിയ കുറവൊന്നുമുണ്ടാകുന്നില്ല.
പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരേയും പ്രാദേശിക സമിതി മുതല്‍ അഖിലേന്ത്യാ സമിതി വരേയും സ്വജനപക്ഷപാതവും അഴിമതിയും പെരുകുകയാണ്. ലക്ഷക്കണക്കിന് കോടികളുടെ അഴിമതികള്‍ നിത്യസംഭവമായി മാറുകയാണ്. മധ്യഇന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും, ധാതുഖനനത്തിന്റെ പേരിലും വന്‍കിട പദ്ധതികളുടെ പേരിലും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കിടപ്പാടം വിറ്റു പോകേണ്ടി വന്നിരിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും കീഴിലല്ലാതെ തന്നെ ജനങ്ങള്‍ സ്വതന്ത്ര സംഘടന രൂപീകരിച്ചും പ്രക്ഷോഭരംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
പൊതുതിരഞ്ഞെടുപ്പ് അടുത്തുവരാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങളോടുള്ള വാത്സല്യം ജനപ്രിയനിയമങ്ങളിലൂടെ പ്രകടമാക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികളും ഭരണവര്‍ഗ്ഗവും.
ഭക്ഷ്യസുരക്ഷാനിയമം
ദാരിദ്ര്യരേഖക്ക് താഴെയുള്ള എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ വിലക്ക് (ഏറെക്കുറെ സൗജന്യമായിത്തന്നെ) നല്കുന്നു എന്നതാണ് ഈ ബില്ലിന്റെ ആകര്‍ഷണീയത. ഭക്ഷ്യധാന്യങ്ങളോ അതിനുള്ള പണമോ നല്കാന്‍ ഭരണകൂടത്തെ ബാധ്യസ്ഥമാക്കുന്ന നിയമമാണിത്. മറ്റൊരുതരത്തില്‍, ജനങ്ങളുടെ സുരക്ഷ ഭരണകൂടത്തിന്റെ കൈകളിലാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയാണ് ഈ നിയമം. ആദ്യത്തെ നാലഞ്ച് വര്‍ഷക്കാലം പൊതുവിതരണസംവിധാനം ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും എന്നതാണ് ഈ നിയമത്തിലെ ഏക ആശ്വാസം. അത് കഴിഞ്ഞാല്‍ പിന്നെ ആരാണ് വിതരണം നടത്തുക? ഇക്കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. ഇത്രയേറെ ധാന്യങ്ങളും ഭക്ഷ്യവിഭവങ്ങളും ഉണ്ടാക്കാന്‍ അനുയോജ്യമായ ഒരു കാര്‍ഷികാന്തരീക്ഷം ഇന്ത്യയില്‍ സൃഷ്ടിക്കാന്‍ ഒരു മുന്നൊരുക്കങ്ങളും നിര്‍ബന്ധിതമാക്കുന്നതിനെക്കുറിച്ച് ഈ നിയമത്തിലില്ല. അതേസമയം ചെറുകിട- നാമമാത്ര കര്‍ഷകരെല്ലാം കൃഷി ഉപേക്ഷിച്ച് പോകേണ്ട സാഹചര്യമാണ് എല്ലാ സംസ്ഥാനങ്ങളിലും സംജാതമാകുന്നത്. ബി. ടി വിത്തുകളുടെ (അന്തകന്‍ വിത്തുകളുടെ) വ്യാപനവും സബ്‌സിഡികള്‍ വെട്ടിക്കുറക്കലും ഭൂമാഫിയകളുടെ ആര്‍ത്തിപൂണ്ട കയ്യടക്കലുകളും പ്രശ്‌നങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നു. വന്‍കിടക്കാര്‍ മാത്രം കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുകയുള്ളൂ എന്ന സ്ഥിതിവിശേഷം അനുദിനം വ്യാപകമാകുന്നു.ഭക്ഷ്യസുരക്ഷയുടെ ഉത്തരവാദിത്വം തങ്ങള്‍ക്ക് ഉണ്ട ് എന്ന ഉമ്മാക്കി കാണിച്ചുകൊണ്ട ് ഭക്ഷ്യഉല്പാദനവും വിതരണവും ബഹുരാഷ്ട്രകമ്പനികള്‍ക്കും കുത്തകകള്‍ക്കും കൈമാറാന്‍ ഭരണകൂടത്തിന് അവസരം സൃഷ്ടിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞു കൂടെന്നില്ല.
ഗ്രാമീണ കാര്‍ഷിക മേഖലയ്ക്കാണ് യഥാര്‍ത്ഥത്തില്‍ സുരക്ഷ നല്‌കേണ്ടത്. ചെറുകിട – നാമമാത്ര കര്‍ഷകര്‍ ഉള്‍പ്പെടെ യഥാര്‍ത്ഥ കര്‍ഷകര്‍ കാര്‍ഷികമേഖലയില്‍ തുടരുന്നതിനുള്ള സുരക്ഷയാണ് നല്‌കേണ്ട ത്. അതിനനുസരിച്ചുള്ള സാമൂഹ്യ-രാഷ്ട്രീയ – സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഭക്ഷിക്കുന്ന ഓരോ വ്യക്തിയും കാര്‍ഷികമേഖലയെ സമ്പന്നമാക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനം ചെയ്‌തേ തീരൂ എന്ന ധാര്‍മ്മിക അവബോധം സൃഷ്ടിക്കുന്ന സാംസ്‌കാരിക അന്തരീക്ഷമാണ് നമുക്ക് ഉണ്ടാകേണ്ടത്. കാര്‍ഷിക മേഖലയ്ക്കു നേരെയുള്ള കടന്നുകയറ്റത്തെ പ്രാദേശികമായ പ്രതിരോധം തീര്‍ക്കുന്നതിന് സാധ്യമാകുന്ന വികേന്ദ്രീകൃത ജനാധിപത്യാധികാരികള്‍ സാഹചര്യവും അത്തരത്തിലുള്ള രാഷ്ട്രീയ അവബോധവും സൃഷ്ടിക്കപ്പെടണം. ഇത്തരം മുന്നൊരുക്കങ്ങള്‍ വഴി, ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കാനും ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ പരമാവധി സ്വാശ്രയത്വം കൈവരിക്കാനുമാണ് ശ്രമിക്കേണ്ടത്. ഭക്ഷ്യോത്പാദനത്തില്‍ സ്വാശ്രയത്വവും സ്വാവലംബനവും സാധ്യമാകുമ്പോള്‍ ഭക്ഷ്യസ്വരാജ് സംപ്രാപ്തമാകും.
ഭക്ഷ്യസുരക്ഷയേക്കാള്‍ ശാശ്വതമായത് ഭക്ഷ്യസ്വരാജ് ആണ്. സുരക്ഷ നല്‍കേണ്ടത് കാര്‍ഷിക മേഖലക്കും കര്‍ഷകര്‍ക്കുമാണ്. അതുവഴി ഭക്ഷ്യസ്വരാജും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഉറപ്പുവരുത്താന്‍ സാധിക്കും. ഇതാണ് ഗാന്ധിമാര്‍ഗ്ഗത്തിന്റെ അഥവാ സര്‍വ്വോദയത്തിന്റെ രീതിശാസ്ത്രം.
മറ്റേതോ രാജ്യങ്ങളില്‍ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍കൊണ്ട ് ഇവിടെയുള്ള ജനങ്ങളുടെ വിശപ്പടക്കാന്‍ സാധിക്കും എന്ന ചിന്ത- യുക്തിരഹിതവും അശാസ്ത്രീയവുമാണ്. വന്‍തോതില്‍ ഉല്പാദിപ്പിച്ച് എല്ലാവരുടേയും കൈകളിലെത്തിക്കാമെന്നതും ഇന്ത്യയെപ്പോലെ ജനസംഖ്യ ഏറിയ ഒരു രാജ്യത്തില്‍ അപ്രായോഗികമാണ് സ്വാതന്ത്ര്യാനന്തരമുള്ള രണ്ട് ദശാബ്ദങ്ങളില്‍ ഈ ശൈലി നാം പരീക്ഷിച്ചതാണ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതുകൊണ്ടൊന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അമിത ആവേശമാണ് ഇത്തരം പാശ്ചാത്യ രീതിശാസ്ത്രം പിന്തുടരാന്‍ കാരണമായത്. ഇത്തരം കാര്യങ്ങളില്‍ നെഹ്രുവിയന്‍ രീതിയും ഗാന്ധിയന്‍ രീതിയും തികച്ചും വ്യത്യസ്തമാണ്. സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള മഹാനായിരുന്നുവെങ്കിലും ജവഹര്‍ലാല്‍ നെഹ്രു ഇത്തരം കാര്യങ്ങളില്‍ ഒരു ഗാന്ധിയന്‍ ആയിരുന്നില്ല എന്നതാണ് വാസ്തവം. ഒരുപക്ഷെ, പലര്‍ക്കും ഇതൊരു അപ്രിയസത്യം ആയിരിക്കാം. എന്നാല്‍, ഈ അപ്രിയസത്യം ജനങ്ങള്‍ മനസ്സിലാക്കുമ്പോഴാണ് അനന്തസാധ്യതകളുള്ള ഗാന്ധിമാര്‍ഗ്ഗത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in