
ദൃശ്യം ഹിറ്റാകുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ദൃശ്യം എന്ന സിനിമ വളരെ വ്യാപകമായി സ്വീകരിക്കപ്പെട്ടതിന്റെ പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. കുടുംബത്തിന്റെ സംരക്ഷണത്തിനുവേണ്ടി അതിലെ അംഗങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്തി, ഏതറ്റംവരെ പോകാന്‍ തയ്യാറാകുന്ന, അവരൊരിക്കലും ജയിലില്‍ പോകേണ്ടിവരില്ലെന്ന് ഉറപ്പുകൊടുക്കുന്ന സംരക്ഷകനായ കുടുംബനാഥനു കിട്ടുന്ന സ്വീകാര്യത മുതല്‍ ഒരു സാധാരണക്കാരനായ ഒരാള്‍ വലിയൊരു അധികാരഘടനയെ, പരാജയപ്പെടുത്തുന്നതില്‍ പ്രേക്ഷകന്‍ അനുഭവിക്കുന്ന നിഗൂഢമായ ആനന്ദം വരെ പല ഘടകങ്ങള്‍ ഈ സ്വീകാര്യതയ്ക്കു കാരണമാകാം. ഇടവേളയ്ക്കുശേഷം സിനിമ ഉടനീളം നിലനിര്‍ത്തിയ സസ്‌പെന്‍സും ജോര്‍ജ് കുട്ടി നിര്‍മ്മിക്കുന്ന അലിബിയെ പരമാവധി യുക്തിഭദ്രമാക്കാനുള്ള ശ്രമവുമെല്ലാം സിനിമയുടെ വിജയത്തിന് സഹായിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. യവനികയ്ക്കുശേഷം മലയാള സിനിമ കണ്ട കുടുംബത്രില്ലറാണ് ദൃശ്യം വിശേഷിപ്പിക്കപ്പെടുന്നതില്‍ ഒട്ടും അതിശയോക്തിയില്ല എന്നാണ് എന്റെ തോന്നല്‍.
തെളിവുകളാണല്ലോ ഒരാള്‍ നിരപരാധിയോ കുറ്റവാളിയോ എന്ന് തീര്‍പ്പുകല്‍പ്പിക്കുന്നതിന് കോടതിയും പോലീസും ആശ്രയിക്കുക. തെളിവുകളില്ലെങ്കില്‍ ഏതു കുറ്റത്തില്‍നിന്നും രക്ഷപ്പെടാം. തെളിവുകള്‍ നിര്‍മ്മിച്ചാല്‍ നിരപരാധിപോലും ശിക്ഷിക്കപ്പെടാം. ധര്‍മ്മചിന്തയ്‌ക്കോ, വ്യക്തിപരമായ ന്യായങ്ങള്‍ക്കോ ഇവിടെ ഇടങ്ങളില്ല. പോലീസിന്റെ ഭേദ്യങ്ങളില്‍ സംഭവിക്കുന്ന മരണങ്ങളില്‍പോലും തെളിവുകള്‍ നശിപ്പിച്ചുകൊണ്ടാണല്ലോ സാധാരണ പോലീസ് സംവിധാനം അതിനുള്ളിലെ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കാറ്. തന്റെ മകന് എന്തു സംഭവിച്ചുവെന്നറിയാന്‍ ഈച്ഛരവാര്യര്‍ എന്ന അച്ഛന്‍ പോലീസ് ഐ.ജി.മാരുടെ ഓഫീസുകളില്‍ ഒരുപാട് കയറിയിറങ്ങിയ, ചരിത്രത്തെ മകന് സംഭവിച്ചതെന്തെന്നറിയാന്‍ പോലീസ് ഐ.ജി., അനാഥനായി വളര്‍ന്ന, നാലാം ക്ലാസുവരെ പഠിച്ച, പത്രം വായിക്കാത്ത, സാധാരണക്കാരനെന്ന് ഇടയ്ക്കിടെ തന്നെ അടയാളപ്പെടുത്തുന്ന, പേരില്‍പോലും ഒരു സാധാരണത്വം വഹിക്കുന്ന ഒരു പൗരന്റെ അടുത്തേക്ക് ഇറങ്ങിവന്ന് അപേക്ഷിക്കുന്ന ദൃശ്യത്തോട് ചേര്‍ത്തുവെക്കുക. പോലീസ് സംവിധാനത്തെ അവര്‍ ഉപയോഗിക്കുന്ന അതേ രീതികള്‍ തിരിച്ചുപയോഗിച്ച്, ചിലപ്പോള്‍ തെളിവുകളെക്കാള്‍ മറ്റു പലതും പ്രധാനമായി വരാം എന്ന് ബോധ്യപ്പെടുത്തുന്ന സിനിമയിലെ ചരിത്രനിമിഷമായി അത് മാറുന്നുണ്ട്. അമാനുഷികനായി ഹിറോയിസം കാണിച്ചല്ല കാണികളുടെ റിവോള്‍ട്ട് ചെയ്യാനുള്ള ഇച്ഛയെ ജോര്‍ജുകുട്ടി തൃപ്തിപ്പെടുത്തുന്നത് എന്നത് പ്രധാനമാണ്. സാധാരണക്കാരനായി ജീവിച്ച് അധികാരത്തിന്റെ അതേ രീതി തിരിച്ചുപയോഗിച്ചാണ്. ഒരു നാലാം ക്ലാസുകാരന്റെ cock and bull story എന്ന് പുച്ഛിക്കുമ്പോഴും അതിന്റെ യുക്തിയെ മറികടക്കുന്നതില്‍ പോലീസ് സംവിധാനം ഓരോ ഘട്ടത്തിലും പരാജയപ്പെടുന്നത് കാണികള്‍ ആഘോഷിക്കുന്നു. പോലീസ് സംവിധാനത്തെ കബളിപ്പിക്കാന്‍ ജോര്‍ജുകുട്ടിയുടെ ആയുധം നുണയും കൃത്രിമമായ തെളിവുകളുമാണ്, സത്യമല്ല എന്നത് പ്രധാനമാണ്. എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം എന്ന അനിശ്ചിത്വത്തെ കുടുംബമെന്ന സ്വകാര്യഇടത്തില്‍ അതിക്രമിച്ച് കയറി ‘മാനം’ കവരാന്‍ ശ്രമിച്ചവന്‍ മരണം അര്‍ഹിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ലാത്ത പ്രേക്ഷകരെ ഒപ്പം കൂട്ടിയാണ് നേരിടുന്നത്.
തീര്‍ച്ചയായും മറ്റൊരു അക്രമാസക്തമായ, വ്യക്തിപരമായ കൗശലങ്ങളില്‍ മാത്രം അധിഷ്ഠിതമായ മറ്റൊരു അധികാരത്തെ സിനിമ ആഘോഷിക്കുന്നുമുണ്ട്. സാമൂഹ്യജീവിതത്തില്‍ അതൊരു മാതൃകയോ, അംഗീകരിക്കപ്പെടുകയോ ചെയ്യാന്‍ പാടില്ലാത്തതുമാണ്. പക്ഷേ, തെളിവുകളുടെ ബലത്തില്‍ മാത്രം നിഗമനങ്ങളിലെത്തിച്ചേരുന്ന ഒരു സംവിധാനത്തെ, കുറ്റവാളിയെന്നത് പലപ്പോഴും സാഹചര്യത്തിന്റെകൂടി ഉല്‍പന്നമാണെന്ന് ഓര്‍മ്മിപ്പിക്കുക മാത്രമാണ് സിനിമ ചെയ്യുന്നുതെങ്കില്‍ അത് അത്ര വലിയ അധികാരപ്രയോഗമായി കാണേണ്ടതുമില്ല. ചിലപ്പോഴത് വ്യക്തികളുടെ അത്തരം നിയമനിഷേധങ്ങള്‍ വ്യവസ്ഥയുടെ ദൗര്‍ബല്യങ്ങളെ ഓര്‍മ്മിപ്പിക്കാനോ തിരുത്താനോ ഉള്ള സാഹചര്യമല്ലേ ഉണ്ടാക്കുന്നത്. നിയമങ്ങള്‍ അനുസരിക്കുമ്പോള്‍ മാത്രമല്ല, ലംഘിക്കപ്പെടുകയും ചെയ്യുമ്പോഴാണല്ലോ അവ പരിഷ്‌കരിക്കപ്പെടുന്നത്.
മര്‍ദ്ദിക്കുന്ന പോലീസുകാരന്‍ കറുത്തനിറമുള്ളതായതുകൊണ്ടുമാത്രം ജാതിയത ആരോപിക്കുന്ന വിലയിരുത്തല്‍ കണ്ടു. എന്തുതരം വായനയാണെന്ന് എനിക്കറിയില്ല. കറുപ്പ് എന്ന നിറത്തിലേക്ക് മാത്രം ദളിത് വായനയെ പരിമിതപ്പെടുത്തുന്നത് ഞാന്‍ മനസ്സിലാക്കിയതിടത്തോളം ദളിത് രാഷ്ട്രീയത്തെ വെറും ക്ലീഷേയും പരിഹാസവുമാക്കി മാറ്റാനേ സഹായകമാകുകയുള്ളു. അത്തരം വായനയുടെ ദുര്‍ബലത, പോലീസുകാരന്‍ ഇരുനിറമുള്ളവനോ, വെളുത്തവനോ ആയാല്‍ ‘നിറ’ത്തിന്റെ പേരില്‍ കെട്ടിപ്പടുക്കുന്ന നിഗമനങ്ങളെല്ലാം ഒറ്റയടിക്ക് തകരുമെന്നതാണ്.
(പൊതുവെ സിനിമയിലെ ജാതിയെക്കുറിച്ചല്ല, ഈ സിനിമയിലെ കാര്യം മാത്രമാണ് ഉദ്ദേശിച്ചത്)