ദൃശ്യം : കമ്മീഷ്ണര്‍ അസ്വസ്ഥനാകുമ്പോള്‍

ദൃശ്യം എന്ന സിനിമക്കെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയന്‍ രംഗത്തുവന്നിരിക്കുകയാണല്ലോ. സിനിമ നല്ലതാണെങ്കിലും കഥ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്നതാണെന്നാന് കമ്മിഷണറുടെ മുഖ്യആരോപണം. സത്യത്തെ അസത്യമാക്കാന്‍ ബുദ്ധിപരമായി നിരന്തരം ശ്രമിച്ചാല്‍ സാധ്യമാകുമെന്ന സന്ദേശമാണു സിനിമ നല്‍കുന്നത്. വ്യക്തിതാല്‍പര്യത്തിനായി നിയമങ്ങള്‍ ബുദ്ധിപൂര്‍വം ലംഘിച്ചാല്‍ തെറ്റില്ലെന്നും അസത്യത്തെ സത്യമാക്കാന്‍ എങ്ങനെ കഴിയുമെന്നും കളവുപറയാന്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അച്ഛന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നുമാണു സിനിമ പറയുന്നത്. കഴിഞ്ഞില്ല, ഒരു പത്രവും വായിക്കാത്ത നാലാംക്ലാസുകാരനാണു സിനിമയിലെ നായകന്‍ എന്ന് വിജയന്‍ […]

Untitled-1

ദൃശ്യം എന്ന സിനിമക്കെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയന്‍ രംഗത്തുവന്നിരിക്കുകയാണല്ലോ. സിനിമ നല്ലതാണെങ്കിലും കഥ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്നതാണെന്നാന് കമ്മിഷണറുടെ മുഖ്യആരോപണം.
സത്യത്തെ അസത്യമാക്കാന്‍ ബുദ്ധിപരമായി നിരന്തരം ശ്രമിച്ചാല്‍ സാധ്യമാകുമെന്ന സന്ദേശമാണു സിനിമ നല്‍കുന്നത്. വ്യക്തിതാല്‍പര്യത്തിനായി നിയമങ്ങള്‍ ബുദ്ധിപൂര്‍വം ലംഘിച്ചാല്‍ തെറ്റില്ലെന്നും അസത്യത്തെ സത്യമാക്കാന്‍ എങ്ങനെ കഴിയുമെന്നും കളവുപറയാന്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അച്ഛന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നുമാണു സിനിമ പറയുന്നത്.
കഴിഞ്ഞില്ല, ഒരു പത്രവും വായിക്കാത്ത നാലാംക്ലാസുകാരനാണു സിനിമയിലെ നായകന്‍ എന്ന് വിജയന്‍ ഓര്‍മ്മിപ്പിക്കുന്നു. സിനിമാപ്രേമിയായ ജോര്‍ജ്കുട്ടിയുടെ ആദര്‍ശങ്ങള്‍ പലതും സിനിമ കണ്ടുണ്ടാക്കിയെടുത്തതാണ്. കൊലപാതകം സമര്‍ഥമായി ഒളിപ്പിക്കുന്നതും സിനിമയില്‍ നിന്നുള്ള അറിവുകള്‍ ഉപയോഗിച്ചാണ്. സിനിമ സാധാരണക്കാരനെ പോലും അത്രമേല്‍ സ്വാധീനിക്കുന്നുവെന്നു സിനിമ ഒരുക്കിയവര്‍ തന്നെ സമ്മതിക്കുന്നതായും അദ്ദേഹം ചൂണ്ടികാട്ടുന്നു.
കഥാപരമായി നായകന്‍ നന്മനിറഞ്ഞവനാണ്. കുടുംബത്തെ ദുരന്തത്തില്‍ നിന്നു രക്ഷിക്കാന്‍ അയാള്‍ പ്രയോഗിച്ച മാര്‍ഗങ്ങളായി ഈ പ്രവൃത്തികളെ നമുക്കു ന്യായീകരിക്കാം. എന്നാല്‍, ദൃശ്യം കാണുന്ന എല്ലാവരും ഈ തിരിച്ചറിവുള്ളവരാകണമെന്നില്ല. അവര്‍ക്കു കുറ്റകൃത്യത്തെ ന്യായീകരിക്കാന്‍ അവരുടേതായ കാരണങ്ങള്‍ കാണും. ഈ സിനിമയുടെ സന്ദേശം അവര്‍ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നു പ്രവചിക്കാനാകില്ല. പ്രത്യേകിച്ചും തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തിലുള്ളവരെന്നും കമ്മിഷണര്‍ വിമര്‍ശിക്കുന്നു.
തീര്‍ച്ചയായും ഒരു പോലീസ് ഉദ്യോഗസ്ഥനെ ഈ സിനിമ പൊള്ളിച്ചു എന്നര്‍ത്ഥം. തന്റഎ മകന് എന്തു സംഭവിച്ചു എന്ന് പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങി അന്വേഷിച്ചു, ഹൃദയം തകര്‍ന്നു മരിച്ച മറ്റൊരു പിതാവിനെ ചിത്രീകരിച്ച പിറവി എന്ന പ്രശസ്ത ചിത്രം ഒരു പോലീസിനേയും നോവിപ്പിച്ചതായി അറിയില്ല. തന്റെ മകന് എന്തു സംഭവിച്ചു എന്ന് ഒരു ഐജി അന്വേഷിക്കുന്നത് നോവിപ്പിച്ചിരിക്കാം. അതിക്രമങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്ന എത്രയോ പോലീസ് ഉദ്യോഗസ്ഥരെ പല സിനിമകളിലും കാണിച്ചിരിക്കുന്നു. അപ്പോഴും അതിനെതിരായ അമര്‍ഷം പോലീസില്‍ നിന്നു കേട്ടിട്ടില്ല. പോലീസ് വേഷത്തില്‍ സഹപ്രവര്‍ത്തകരേയും ജനങ്ങളേയും ആക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന സുരേഷ് ഗോപി – മമ്മുട്ടി മാരുടെ വൃത്തികെട്ട ഡയലോഗുകളോ നിയമം തന്നെ കയ്യിലെടുത്ത് അവര്‍ കുറ്റവാളികളെ കൊല്ലുന്നതോ കണ്ട് ഒരു ഐപിഎസുകാരനും പ്രതികരിച്ചിട്ടില്ല. എന്തിനേറെ, പാവപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍മാരെ കോമാളികളായി ചിത്രീകരിക്കുമ്പോഴും ഇവരൊക്കെ കുലുങ്ങി ചിരിക്കാറില്ലേ? എന്തിനേറെ, ദൃശ്യം സിനിമയില്‍ തന്നെ നിയമവിരുദ്ധമായി കുട്ടികളടക്കമുള്ളവരെ ഭയാനകമായി മര്‍ദ്ദിച്ച് കുറ്റം തെളിയിക്കാന്‍ ശ്രമിക്കുന്നതിനെതിരേയും വിജയന്‍ ഐപിഎസ് പ്രതികരിച്ചതായി കണ്ടില്ല.
തങ്ങളുടേതല്ലാത്ത കുറ്റത്തിന് മകളും ഭാര്യയും ശിക്ഷിക്കപ്പെടാതിരിക്കാന്‍ നാലാം ക്ലാസ്സുകാരനായ ജോര്‍ജ്ജ് കുട്ടി ഒരു കഥ മെനഞ്ഞ് കൗശലപൂര്‍വ്വം നടപ്പാക്കി, പോലീസിനെ കബളിപ്പിച്ചതാണ് കമ്മീഷ്ണറെ ചൊടിപ്പിച്ചതെന്ന് വ്യക്തം. കുടുംബത്തിന്റെ സംരക്ഷണത്തിനുവേണ്ടി അതിലെ അംഗങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്തി, ഏതറ്റംവരെയും പോകാന്‍ തയ്യാറാകുന്ന, അവരൊരിക്കലും ജയിലില്‍ പോകേണ്ടിവരില്ലെന്ന് ഉറപ്പുകൊടുക്കുന്ന സംരക്ഷകനായ കുടുംബനാഥനു കിട്ടുന്ന സ്വീകാര്യത മുതല്‍ ഒരു സാധാരണക്കാരനായ ഒരാള്‍ വലിയൊരു അധികാരഘടനയെ, പരാജയപ്പെടുത്തുന്നതില്‍ പ്രേക്ഷകന്‍ അനുഭവിക്കുന്ന നിഗൂഢമായ ആനന്ദമാണ് സിനിമയുടെ വിജയത്തിന് ആധാരം. തെളിവുകള്‍ മാത്രം കണക്കിലെടുത്ത് കുറ്റവാളിയെ നിശ്ചയിക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥക്കുമുന്നില്‍ ഒരു ചോദ്യചിഹ്നം കൂടിയാണീ സിനിമ. പലപ്പോഴും തെളിവുകള്‍ സ്വയം സൃഷിക്കുന്ന പോലീസ് ഇവിടെ നിസ്സഹായനാകുന്നു. വെള്ളക്കാരന്‍ സൃഷ്ടിച്ച്, ജനമൈത്രി എന്നൊക്കെ പറയുമ്പോഴും ഇനിയും ജനകീയമല്ലാത്ത പോലീസിനെതിരായി മലയാളിയുടെ മനസ്സില്‍ ഒളിഞ്ഞുകിടക്കുന്ന രോഷമാണ് കേട്ടറിഞ്ഞ് കേട്ടറിഞ്ഞ് അവരെ തിയറ്ററില്‍ എത്തിക്കുന്നത്. സര്‍ക്കാരിന്റെ മുഴുവന്‍ ഉത്തരവുകളേയും ലംഘിച്ച്, തെരുവുകളില്‍ നിന്ന് വാഹനപരിശോധിക്കുന്ന പോലീസിന്റെ ജനങ്ങളോടുള്ള സമീപനം മാത്രം പോരെ, ജനത്തെ അവരെ ശത്രുവായി കാണാന്‍…?
കമ്മീഷ്ണറുടെ മറ്റൊരു ഭയം ഈ സിനിമയുടെ സ്വാധീനത്തില്‍ കുറ്റവാസന കൂടുമെന്നല്ലേ? അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായല്ലേ കുറ്റവാളികള്‍ ഇത്തരത്തിലെങ്കിലും വിജയിക്കുന്ന സിനിമയുണ്ടാകുന്നത്. മറ്റെല്ലാ സിനിമകളും നല്‍കുന്ന സന്ദേശം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നല്ലേ? എല്ലാറ്റിലും ജയിക്കുന്നത് പോലീസല്ലേ? എന്നിട്ടി കുറ്റകൃത്യങ്ങള്‍ കുറഞ്ഞോ? ഒരു സിനിമ കണ്ട് കുറ്റകൃത്യങ്ങള്‍ കൂടുമെന്ന് പറയുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്? പ്രത്യേകിച്ച് തങ്ങളുടേതല്ലാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരാള്‍ ശ്രമിക്കുന്നത് കണ്ട്. പിന്നെ മറ്റൊന്നു കൂടിയുണ്ട്. നിയമങ്ങള്‍ അനുസരിക്കുമ്പോള്‍ മാത്രമല്ല, ലംഘിക്കപ്പെടാനും ഉള്ളതാണ്. എങ്കില്‍ മാത്രമേ അവ പരിഷ്‌കരിക്കപ്പെടൂ.
തീര്‍ച്ചയായും ഈ സിനിമക്കു നിരവധി പോരായ്മകളുണ്ട്. അറിയാതെ നഗ്നഫോട്ടോ എടുക്കപ്പെട്ടതിന്റെ പേരില്‍ പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും എല്ലാം തകര്‍ന്നു എന്ന കപടമായ, തിരുത്തപ്പെടേണ്ട സദാചാരബോധമാണ് ഈ സിനിമയുടെ കേന്ദ്രപ്രമേയം. ആ ധാരണക്കെതിരായ ഒരു സംഭാഷണം പോലും സിനിമയിലില്ല. കുചുംബത്തിലെ പുരുഷന്റെ ആധിപത്യം ഈ സിനിമയും അരക്കിട്ടുറപ്പിക്കുന്നു. പുരുഷന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ആര്‍ഭാടത്തിനായി നശിപ്പിക്കുന്നവരാണ് ഇതിലെ സ്ത്രീകള്‍. മറ്റൊരു ലോകവും അവര്‍ക്കില്ല. അതുപോലെ കറുത്തവരെ ക്രൂരന്മാരായി ചിത്രീകരിക്കുന്ന മലയാള സിനിമയുടെ സ്ഥിരം പാരമ്പര്യം പോലീസുകാരന്റെ ചിത്രീകരണത്തിലൂടെ ദൃശ്യവും പിന്തുടരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply