തുല്യതയുടെ സംസ്‌കാരം ശൗചപ്പുരകളിലൂടെയുമാവട്ടെ
ഡോ. ജയശ്രീ എ.കെ. നിര്‍മ്മല ഭാരതം, സ്വച്ഛ ഭാരതം, മാലിന്യമുക്ത കേരളം, ശുചിത്വ കേരളം എന്നിങ്ങനെ പുതിയ മാലിന്യസംസ്‌കരണ സംസ്‌കാരത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന ഒട്ടനേകം പദ്ധകിള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ശൗചാലയങ്ങളുടെ വ്യാപകമായ ഉപയോഗവും അതിന്റെ ഭാഗമാണ്. പ്രഭാതങ്ങളില്‍ പരസ്പരം തമാശകള്‍ പറയാനും വാര്‍ത്തകള്‍ പങ്ക് വെക്കാനും ചങ്ങാത്തം കൂടാനുമൊക്കെ സ്ത്രീകളും പുരുഷന്മാരും തുറസ്സായ സ്ഥലങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്തി പോന്ന സമയം ഉപയോഗിച്ചിരുന്ന സംസ്‌കാരം നമുക്കിടയില്‍ ഉണ്ടായിരുന്നു. സാനിട്ടറി ലാട്രിനുകള്‍ നിലവിലുള്ളിടത്ത് പോലും ഇപ്പോഴും അവ തുറന്നിട്ടുകൊണ്ട് കൊച്ചുവര്‍ത്തമാനത്തില്‍ […]
നിര്‍മ്മല ഭാരതം, സ്വച്ഛ ഭാരതം, മാലിന്യമുക്ത കേരളം, ശുചിത്വ കേരളം എന്നിങ്ങനെ പുതിയ മാലിന്യസംസ്‌കരണ സംസ്‌കാരത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന ഒട്ടനേകം പദ്ധകിള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ശൗചാലയങ്ങളുടെ വ്യാപകമായ ഉപയോഗവും അതിന്റെ ഭാഗമാണ്. പ്രഭാതങ്ങളില്‍ പരസ്പരം തമാശകള്‍ പറയാനും വാര്‍ത്തകള്‍ പങ്ക് വെക്കാനും ചങ്ങാത്തം കൂടാനുമൊക്കെ സ്ത്രീകളും പുരുഷന്മാരും തുറസ്സായ സ്ഥലങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്തി പോന്ന സമയം ഉപയോഗിച്ചിരുന്ന സംസ്‌കാരം നമുക്കിടയില്‍ ഉണ്ടായിരുന്നു. സാനിട്ടറി ലാട്രിനുകള്‍ നിലവിലുള്ളിടത്ത് പോലും ഇപ്പോഴും അവ തുറന്നിട്ടുകൊണ്ട് കൊച്ചുവര്‍ത്തമാനത്തില്‍ ഏര്‍പ്പെടുന്നത് കണ്ട് അത്ഭുതപ്പെട്ടത് ഒരാള്‍ അടുത്തിടെ എഴുതിക്കണ്ടു. തുറസ്സായ സ്ഥലങ്ങള്‍ ഇഷ്ടപ്പെടുന്നതു മുതല്‍ ലാട്രിനുള്ളിലെ വായന വരെ ഈ സമയം അനുഭവിക്കുന്നതിലെ വ്യത്യസ്തത കാണിച്ചു തരുന്നുണ്ട്. ആധുനിക വാസ്തുവിദ്യയും ശൗചപ്പുര നിര്‍മ്മാണത്തില്‍ സര്‍ഗ്ഗാത്മകമായ പുതുമകള്‍ അന്വേഷിക്കുന്നു. ഭൗതിക സൗകര്യങ്ങളോടൊപ്പം തന്നെ സംസ്‌കാരപരമായ രുചികളും ഇതോട് ചേര്‍ന്ന് നില്‍ക്കുന്നതായാണ് ഇതൊക്കെ കാണിക്കുന്നത്.
ഇന്നത്തെ നമ്മുടെ ജീവിതരീതിക്കനുസരിച്ച് ശൗചപ്പുരകള്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തതായി മാറി. എന്നിട്ടും അനേകായിരങ്ങള്‍ക്ക് ഇപ്പോഴും ഈ സൗകര്യങ്ങള്‍ ലഭ്യമല്ല. ലഭ്യമായാല്‍ തന്നെ, നേരത്തെ പറഞ്ഞ സംസ്‌കാരവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. വീടിനകത്ത് ലാട്രിന്‍ നമ്മള്‍ അംഗീകരിച്ചത് പതിയെപതിയെയാണ്. പറമ്പുകള്‍ ധാരാളമുള്ളപ്പോള്‍ ലാട്രിന്‍ മുറികളോട് താത്പര്യമുണ്ടായിരുന്നില്ല. പെട്ടെന്ന് വെളിപ്പറമ്പുകള്‍ ചുരുങ്ങുമ്പോള്‍ പുതിയ സംവിധാനത്തോട് പൊരുത്തപ്പെടാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ട്. ലാട്രിനുകള്‍ പണിത് നല്‍കിയിട്ടും ചിലയിടങ്ങളില്‍ അവ ഉപയോഗിക്കാതെ കിടക്കുന്നത് അതുകൊണ്ടാണ്,
എന്നിരുന്നാലും സൗകര്യങ്ങള്‍ ലഭ്യമല്ല. ലഭ്യമായാല്‍ തന്നെ, നേരത്തെ പറഞ്ഞ സംസ്‌കാരവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. വീടിനകത്ത് ലാട്രിന്‍ നമ്മള്‍ അംഗീകരിച്ചത് പതിയെ പതിയെയാണ്. പറമ്പുകള്‍ ധാരാളമുള്ളപ്പോള്‍ ലാട്രിന്‍ മുറികളോട് താത്പര്യമുണ്ടായിരുന്നില്ല. പെട്ടെന്ന് വെളിപ്പറമ്പുകള്‍ ചുരുങ്ങുമ്പോള്‍ പുതിയ സംവിധാനത്തോട് പൊരുത്തപ്പെടാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ട്. ലാട്രിനുകള്‍ പണിത് നല്‍കിയിട്ടും ചിലയിടങ്ങളില്‍ അവ ഉപയോഗിക്കാതെ കിടക്കുന്നത് അതുകൊണ്ടാണ്.
എന്നിരുന്നാലും സര്‍ക്കാരുകള്‍ ഇത് വന്‍ പ്രോജക്ടായി ഏറ്റെടുത്തിരിക്കുന്നു. ജനസംഖ്യാ നിയന്ത്രണം കഴിഞ്ഞാല്‍ ഒരുപക്ഷേ, സര്‍ക്കാര്‍ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയാണിത്. 2019 ആകുമ്പോഴേക്കും 12 കോടി ശൗചപ്പുരകള്‍ ഗ്രാമങ്ങളില്‍ പണിയാന്‍ ഇന്ത്യാ ഗവണ്‍മെന്റ് പദ്ധയിടുന്നു. ഇതിനായി രണ്ട് ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വിദ്യാബാലനെ പോലെയുള്ള പ്രശസ്തര്‍ ഇതിന്റെ അംബാസഡര്‍മാരാണ്. അവര്‍ ചെയ്യുന്ന ഒരു പരസ്യത്തില്‍ ശൗചാലയമില്ലാത്ത വീട്ടില്‍ മരുമകളായി പോകാന്‍ താത്പര്യമില്ലെന്ന് ഒരു യുവതി തീര്‍ത്തു പറയുന്നു. ഇന്ത്യന്‍ സ്ത്രീയുടെ മാന്യതയുടെ അടയാളാണ് ശൗചപ്പുര ചിത്രീകരിക്കപ്പെടുന്നത്.
കേരളം, മറ്റ് പല കാര്യങ്ങളിലുമെന്നപോലെ ഇതിലും മുന്നിലാണ്. 90-95 ശതമാനം വീടുകളിലും ശൗചപ്പുരകളുള്ള സംസ്ഥാനാണ് കേരളം. വയറിളക്ക മരണം പോലെയുള്ള പല ആരോഗ്യ പ്രശ്‌നങ്ങളും ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതില്‍ ഇതൊരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍, ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കാത്തതായി കിടക്കുന്നു. ഭൗതികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങള്‍ ഇതില്‍പെടുന്നു. മൊത്തം ലാട്രിനുകളില്‍ എല്ലാം സാനിട്ടരി വിഭാഗത്തില്‍ പെടുന്നവയല്ല. ബാക്കിയുള്ളവ സാനിട്ടറി ആക്കി മാറ്റേണ്ടതുണ്ട്. സ്ഥലമില്ലാത്തവര്‍ക്കും സ്ഥലം തീരെ കുറവുള്ളവര്‍ക്കും ലാട്രിന്‍ പണിത് നല്‍കുക ഒരു വലിയ പ്രശ്‌നമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ ലാട്രിനുകളുണ്ടാക്കുക ദുഷ്‌കരമാണ്. ആദിവാസി മേഖലയില്‍ എല്ലാവര്‍ക്കും നല്‍കാനോ നല്‍കിയവ ഉപയോഗപ്രദമാക്കാനോ കഴിഞ്ഞിട്ടില്ല. ആദ്യകാലത്തുണ്ടാക്കിയവയുടെ നിര്‍മ്മാണത്തിലുള്ള തകരാറുകള്‍ പരിഹരിക്കപ്പെടേണ്ടതായുണ്ട്. പലയിടത്തും കുടിവെള്ളവുമായി ബന്ധപ്പെട്ട് അവ അശുദ്ധമാകുന്നുണ്ട്. ജലായശങ്ങള്‍ക്ക് മീതെയുള്ളവയും പ്രശ്‌നമുണ്ടാക്കും.
ഇതെല്ലാം ഭൗതിക പ്രശ്‌നങ്ങളാണെങ്കില്‍ സാംസ്‌കാരികമായ തലത്തില്‍ പരിഗണിക്കേണ്ടതായ പല വിഷയങ്ങളുമുണ്ട്. സാമൂഹ്യമായി പല വിഭാഗങ്ങളിലും പെടുന്നവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് ഒരു കാര്യം. കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ളവ, ഭിന്നശേഷിയുള്ളവര്‍ക്കും വൃദ്ധര്‍ക്കും സൗകര്യപ്രദമായുള്ളവ ഒക്കെ ഇതില്‍പെടും. അടുത്ത കാലത്തായി ഇവയൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍., അപൂര്‍വ്വമാണ്.
ഇവിടെ പ്രധാനമായി ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നത് ലിംഗസമത്വത്തിന്റെ പ്രശ്‌നങ്ങളാണ്. ഇത് സംസ്‌കാരവുമായി ഇഴുകിചേര്‍ന്നതുമാണ്. എല്ലാ വീടുകളിലും ശൗചപ്പുരകള്‍ക്ക് ലക്ഷ്യമിടുമ്പോഴും പൊതുസ്ഥലങ്ങളില്‍ വേണ്ടത്ര ഉണ്ടാകേണ്ടത് അത്ര കണ്ട് പരിഗണനാര്‍ഗമായി കാണുന്നില്ല. ഉണ്ടാകുമ്പോള്‍ തന്നെ അത് വേണ്ടത്ര സ്ത്രീ സൗഹാര്‍ദ്ദപരമാകുന്നില്ല. അത് എവിടെയൊക്കെ നല്‍കപ്പെടുന്നു എന്നത് തന്നെ പരിശോധിക്കേമ്ടതാണ്. സ്ത്രീകള്‍ ധാരാളം മേഖലകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും എവിടെയൊക്കെ ശൗചാലയങ്ങള്‍ നല്‍കുന്നുണ്ട് എന്നത് നോക്കേണ്താണ്. മിക്ക സ്ഥാപനങ്ങളിലും ഇത് ലഭ്യമല്ല. ഒരിക്കല്‍, തൊഴില്‍ സംബന്ധമയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, ഒരു തൊഴിലുടമ പറഞ്ഞതിങ്ങനെയാണ്: ‘ഞങ്ങള്‍ സ്ത്രീകളെ കഴിയുന്നത്ര നിയമിക്കാറില്ല. അവരെ നിയമിച്ചാല്‍ പിന്നെ ടോയ്‌ലറ്റും ക്രഷും മറ്റും ഉണ്ടാക്കേണ്ടി വരും.’ പല സ്ഥലങ്ങളിലും ഇവ ഉണ്ടെങ്കില്‍ തന്നെ പൂട്ടിയിട്ടിരിക്കുകയാവും. ആവശ്യമുള്ളപ്പോള്‍ അധികാരികളുടെ കയ്യില്‍ നിന്നും താക്കോല്‍ വാങ്ങി തുറക്കുകയും പൂട്ടി താക്കോല്‍ തിരികെ ഏല്‍പ്പിക്കുകയും വേണം. ഇത്രയൊക്കെ മെനക്കെടാന്‍ വയ്യാതെ പലരും ഉപയോഗിക്കേണ്ട എന്ന് തീരുമാനിക്കുകയാണ് ചെയ്യുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ സ്ത്രീകള്‍ പൊരുത്തപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് പതിവ്. പെണ്‍കുട്ടികളും സ്ത്രീകളും വെള്ളം കുടിക്കാതിരിക്കുകയോ കഴിയുന്നത്ര മൂത്രമൊഴിക്കാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ ശീലിക്കുകയോ ചെയ്യുന്നു. ഇത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. മൂത്രാശയത്തിലും മൂത്രനാളിയിലും പഴുപ്പുണ്ടാകുന്നതിന്കാരണമാണ്. ‘സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങള്‍ക്കൊക്കെ മൂത്രമൊഴിക്കുമ്പോള്‍ വേദന ഉണ്ടാകാറുണ്ടായിരുന്നു. എല്ലാവര്‍ക്കുമുള്ളതുകൊണ്ട് ഇതൊരു സാധാരണ കാര്യമായി കരുതി’ അടുത്തിടെ ഒരു യുവതി സംഭാഷണത്തിനിടെ പറഞ്ഞതാണിത്.
പൊതുസ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ പേരിനുണ്ടെങ്കിലും ഉപയോഗമായവ കുറവാണ്. പൊതുസ്ഥലങ്ങള്‍ സ്ത്രീകള്‍ക്ക് കൂടി ഉള്ളതാണെന്ന് ഉദ്ദേശിച്ചില്ലാത്ത സംസ്‌കാരമായിരിക്കാം ഇതിനു കാരണം. സ്ത്രീകള്‍ ഇതാവശ്യപ്പെടാറുമില്ല. അപകടങ്ങള്‍ ഉണ്ടായേക്കാമെന്ന ഭയവും സ്ത്രീകളെ ബാധിക്കുന്നുണ്ടാകണം. ടോയ്‌ലെറ്റില്‍ കയറിയാലുള്ള പ്രശ്‌നങ്ങളും പലതാണ്. ആര്‍ത്തവസമയത്ത് ഉപയോഗിച്ച നാപ്കിനുകള്‍ നിക്ഷേപിക്കാന്‍ സംഭരണികളുണ്ടാവില്ല. അതുപയോഗിക്കാന്‍ സ്ത്രീകളും തയ്യാറാവില്ല. ഇത് എപ്പോഴും അപമാനകരവും അറപ്പുണ്ടാക്കുന്നതുമായി കരുതി പോരുന്നതുകൊണ്ട് വേണ്ട രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അവരെ ആരും പഠിപ്പിക്കുന്നുമില്ല. കയ്യില്‍ ഹാന്‍ഡ് ബാഗുമായി യാത്ര ചെയ്യുമ്പോള്‍ അതൊന്നു കൊളുത്തിയിടാനോ വയ്ക്കാനോ ഉള്ള ഒരു സംവിധാനവും പൊതു ശൗചപ്പുരകളിലുണ്ടാവില്ല. സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ കയറിയിറങ്ങി നടക്കേണ്ടവരാണോ എന്ന സംശയം സമൂഹത്തില്‍ നിലനില്‍ക്കുന്നിടത്തോളം ഇത് ഇങ്ങനെയൊക്കെ തുടരും.
ട്രാന്‍സ്‌ജെന്റര്‍ സുഹൃത്തുക്കളുടെ കാര്യം ഏറെ കഷ്ടമാണ്. സ്ത്രീകള്‍ക്കുളള്ള ടോയ്‌ലെറ്റിലും പുരുഷന്മാര്‍ക്കുള്ള ടോയ്‌ലെറ്റിലും അവര്‍ക്ക് പ്രവേശനം നല്‍കാറില്ല. കയറിയാല്‍ രണ്ടിടത്ത് നിന്നും ഇറക്കി വിടും. സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്റര്‍മാര്‍ക്കും ശൗചപ്പുരകള്‍ എല്ലായിടത്തുമുണ്ടാകണം. എന്നാല്‍ അവ അവര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല.
ശൗചാലയ സംസ്‌കാരത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റം കൊണ്ടു വരേണ്ടത് പുരുഷന്മാരുടെ കാര്യത്തിലാണ്. സൗന്ദര്യപരമായ കാരണങ്ങളാണെങ്കിലും അവര്‍ ശൗചപ്പുരകള്‍ ഉപയോഗിക്കാന്‍ ശീലിക്കേണ്ടിയിരിക്കുന്നു. പൊതുസ്ഥലങ്ങള്‍ ദുര്‍ഗ്ഗന്ധ പൂരിതമാകാതിരിക്കാന്‍ പുരുഷന്മാരും ശൗ ചാലയങ്ങള്‍ ഉപയോഗിക്കണം. മാത്രമല്ല, വെള്ളമൊഴിക്കാനും വൃത്തിയാക്കാനും കുട്ടികളായിരിക്കുമ്പോള്‍ തന്നെ പരിശീലിക്കപ്പെടണം. തുറന്നിടുകയോ സംഭാഷണത്തിലേര്‍പ്പെടുകയോ ചെയ്യുന്നതില്‍ തെറ്റില്ല. വൃത്തിയാക്കുന്നതിലാണ് കാര്യം. പുരുഷന്മാര്‍ക്ക് വെളിസ്ഥലത്ത് മൂത്രമൊഴിക്കാം എന്ന തരത്തിലുള്ള സംസ്‌കാരം മാറുക തന്നെ വേണം. ഈ വര്‍ഷത്തെ വനിതാദിനം സ്ത്രീ-പുരുഷ സമത്വമാണ് ഉദ്‌ഘോഷിക്കുന്നത്. തുല്യതക്കായി രണ്ടു വശത്തു നിന്നും മാറ്റങ്ങളുണ്ടാകണം. തുല്യതയുടെ സംസ്‌കാരം ശൗചപ്പുരകളിലൂടെയുമാവട്ടെ.
പാഠഭേദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in