തിരിച്ചുപിടിക്കണം മാവേലിയെ…

മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ… ഏതുമലയാളിയും എപ്പോഴെങ്കിലും പാടിയിരിക്കാവുന്ന വരികള്‍. എന്നാല്‍ മിക്കവരും പാടാറുള്ളതും പാഠ്യപുസ്തകങ്ങലിലടക്കം കാണാറുള്ളതും ആദ്യത്തെ ഏതാനും വരികള്‍ മാത്രം. സാക്ഷാല്‍ സഹോദരന്‍ അയ്യപ്പന്‍ രചിച്ച ഈ ഓണപ്പാട്ടിന്റെ ബാക്കി വരികള്‍ പൊതുവില്‍ മറച്ചുവെക്കപ്പെടുകയാണ്. മാവേലിയുടെ സദ്ഭരണത്തെ തുടര്‍ന്ന് സംഭവിച്ചതെന്താണെന്നതിനെ കുറിച്ച് കവി പറയുന്നത് നോക്കൂ. ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നു വന്നി ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു കൗശല മാര്‍ന്നൊരു വാമനനെ – വിട്ടു ചതിച്ചവര്‍ മാബലിയെ ദാനം കൊടുത്ത സുമതി തന്റെ […]

maveli

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ…

ഏതുമലയാളിയും എപ്പോഴെങ്കിലും പാടിയിരിക്കാവുന്ന വരികള്‍. എന്നാല്‍ മിക്കവരും പാടാറുള്ളതും പാഠ്യപുസ്തകങ്ങലിലടക്കം കാണാറുള്ളതും ആദ്യത്തെ ഏതാനും വരികള്‍ മാത്രം. സാക്ഷാല്‍ സഹോദരന്‍ അയ്യപ്പന്‍ രചിച്ച ഈ ഓണപ്പാട്ടിന്റെ ബാക്കി വരികള്‍ പൊതുവില്‍ മറച്ചുവെക്കപ്പെടുകയാണ്.
മാവേലിയുടെ സദ്ഭരണത്തെ തുടര്‍ന്ന് സംഭവിച്ചതെന്താണെന്നതിനെ കുറിച്ച് കവി പറയുന്നത് നോക്കൂ.

ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നു വന്നി
ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു
കൗശല മാര്‍ന്നൊരു വാമനനെ –
വിട്ടു ചതിച്ചവര്‍ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ –
ശീര്‍ഷം ചവിട്ടിയായാചകനും
അന്നുതൊട്ടിന്ത്യയധ: പതിച്ചു –
മന്നിലധര്‍മ്മം സ്ഥലം പിടിച്ചു.
അന്ന് തൊട്ട് ഇന്ത്യ അധപതിച്ചെന്നും മന്നിലധര്‍മ്മം സ്ഥലം പിടിച്ചു എന്നുമാണ് കവി പറയുന്നത്. കൂടാതെ തുടര്‍ന്ന് ശക്തമായ, ചാതുര്‍വര്‍ണ്ണ്യത്തിലധിഷ്ഠിതമായ മതത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.
ദല്ലാള്‍ മതങ്ങള്‍ നിറഞ്ഞു കഷ്ടം
കൊല്ലുന്ന ക്രൂര മതവുമെത്തി
വര്‍ണ്ണവിഭാഗ വ്യവസ്ഥ വന്നു –
മന്നിടം തന്നെ നരകമാക്കി
മര്‍ത്യനെ മര്‍ത്യനശുദ്ധനാക്കും
മയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലില്‍കേറി –
തന്നില്‍ ലിഷ്ടന്റെ ാലുതാങ്ങും
സ്‌നേഹവും നാണവും കെട്ടരീതി
മാനവര്‍ക്കേകമാം ധര്‍മ്മമായി…
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
ഇത്തരമൊരു മതത്തെ വെടിയണമെന്നും പറയുന്ന സഹോദരന്‍ അയ്യപ്പന്‍ യഥാര്‍ത്ഥ മതത്തെ കുറിച്ചും ചൂണ്ടികാട്ടുന്നു.
നമ്മളെ ത്തമ്മിലകറ്റും മതം
നമ്മള്‍ വെടിയണം നന്മ വരാന്‍
സത്യവും ധര്‍മ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാല്‍ നിര്‍ദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം…

മാവേലി യാഥാര്‍ത്ഥ്യമായിരുന്നിരിക്കാം, മിത്തായിരുന്നിരിക്കാം. പക്ഷെ അക്കാലം മുന്നോട്ടുവെച്ച മനോഹരമായ സമത്വസങ്കല്‍പ്പമാണ് വാമനന്റഎ വരവോടെ തകര്‍ന്നടിഞ്ഞത്. എങ്കിലും ഏറെകാലം ആ മനോഹരസങ്കല്‍പ്പം മലയാളിക്ക് ആവേശമായിരുന്നു. എന്നാല്‍ കാലം മാറിയതോടെ മാവേലിയുടെ മാത്രമല്ല, നമ്മുടെ സാമൂഹ്യജീവിതത്തിന്റേയും കോലം മാറി. മാവേലിക്ക് സവര്‍ണ്ണരൂപവും കോമാളിരൂപവും കച്ചവടരൂപവും നല്‍കി. ഇപ്പോഴിതാ പരസ്യമായി വാമനസ്തുതികളും രംഗത്തുവരുന്നു.
വാസ്തവത്തില്‍ ഓണത്തിനു നാം പൂജിക്കുന്ന തൃക്കാക്കരയപ്പന്‍ വാമനസങ്കല്‍പ്പം തന്നെയാണെന്നു പറയാറുണ്ട്. തൃപ്പൂണുത്തറയിലെ ഗംഭീരമായ ഓണാഘോഷത്തിലേയും നായകന്‍ വാമനന്‍ തന്നെ. അപ്പോഴും മാവേലിയുടെ അപദാനങ്ങള്‍ തന്നെയാണ് നാം പാടാറുള്ളത്. എന്നാലിപ്പോഴാ കഥ മാറുകയാണ്. ഓണം മാവേലിയില്‍ നിന്ന് വാമനിലേക്ക് ഹൈജാക്ക് ചെയ്യപ്പെടുകയാണ്. ആര്‍ എസ് എസ് മുഖപത്രം കേസരി അത് പരസ്യമായി പ്രഖഅയാപിച്ചുകഴിഞ്ഞു. പിന്നാലെ ശസികല ടീച്ചറും. വരും കാലും തീര്‍ച്ചയായും ഇതൊരു സജീവവിഷയമായി മാറുമെന്നുറപ്പ്. മാവേലി ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഹൈജാക്ക് ചെയ്യപ്പെടുന്നത് സമത്വസുന്ദരമായ ഒരു ലോകത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ കൂടിയാണ്. പകരമവിടെ മതാധിഷ്ഠിതമായ സങ്കല്‍പ്പമാണ് സ്ഥാപിക്കപ്പെടാന്‍ പോകുന്നത്. അവിടെയാണ് മാവേലിയെ തിരിച്ചു പിടിക്കോേണ്ടതിന്റെ പ്രസക്തി.
ഓണം മലയാളികളുടെ മൊത്തം ആഘോഷമായിരുന്നു എന്നതില്‍ സംശയമില്ല. കാര്‍ഷിക ജീവിതവും പ്രാദേശിക പുതുവര്‍ഷവും ഒക്കെയാണു അതിനെ ആഘോഷമാക്കി മാറ്റിയിട്ടുള്ളത്. കാലാവസ്ഥയുടേയും ഭൂമിശാസ്ത്രത്തിന്റെയും കാര്‍ഷികവൃത്തിയുടേയും പ്രാദേശിക മിത്തിന്റെയുമൊക്കെ സ്വാധീനം ഓണത്തിനുണ്ട്. സമൂഹത്തിന്റെ വികാസ നിയമങളില്‍ ഇത്തരം മിത്തുകള്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ആ മിത്തിനെ രാഷ്ട്രീയ താല്പര്യത്തിനായി വികലമാക്കാന്‍ അനുവദിച്ചുകൂട. വൈഷ്ണവ ഭക്തിസ്വാധീനം ശക്തിപ്പെട്ടതിനും സവര്‍ണ്ണ ഹൈന്ദവത നമ്മുടെ സമൂഹത്തില്‍ മേല്‍ക്കൈ നേടിയതിനും ശേഷം പോലും മാവേലി തന്നെയായിരുന്നു നമ്മുടെ ഹീറോ. അതിനു നേരെയാണ് ഇപ്പോള്‍ സംഘടിതമായ നീക്കം നടക്കുന്നത്. മാവേലി കേരളരാജാവായിരുന്നില്ലെന്നും വടക്കുനിന്ന് അക്രമിച്ചുവരികയാണുണ്ടായതാണെന്നും അത്തരത്തിലുള്ള വിദേശരാജാവില്‍ നിന്ന് നാടിനെ രക്ഷിക്കുകയാണ് വാമനന്‍ ചെയ്തതെന്നുവരെ പോലും വാദങ്ങള്‍ എത്തിയിരിക്കുന്നു.
തീര്‍ച്ചയായും മാവേലി ഒരു അവര്‍ണ്ണരാജാവാണെന്നു അനുമാനിക്കാം. അതാണല്ലോ മാവേലി ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ ആ ഭരണത്തെ തകര്‍ക്കാന്‍ തീരുമാനിക്കുന്നത്. ആദ്യകാലങ്ങളിലെ ഓണാഘോഷങ്ങളിലെ പ്രകടമായ അവര്‍ണ്ണ ആധിപത്യം ഇതേകുറിച്ചു പഠിച്ചവര്‍ ചൂണ്ടികാട്ടുന്നുമുണ്ട്. ഇതേകുറിച്ച് ഗവേഷണം നടത്തിയ ഡോ പി രണ്‍ജിത് രചിച്ച മലയാളിയുടെ ഭൂതകാലങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നതിങ്ങനെ. ‘പാണര്‍, കുറിച്യര്‍ തുടങ്ങിയ പഴം തമിഴ് വംശക്കാരുടെ കലാപ്രകടനങ്ങളിലും പില്ക്കാലത്ത് ഹൈന്ദവസമൂഹത്തിലെ സവര്‍ണ്ണരും അവര്‍ണ്ണരുമായ പല ജാതി സമുദായക്കാരുടെ അനുഷ്ഠാനങ്ങളിലും ആരാധനകളിലും പ്രത്യക്ഷപ്പെട്ട് ആധുനിക ദശയില്‍ കേരളീയരുടെ ദേശീയാഘോഷമായി മാറിയതാണ് ഓണമെന്ന പ്രതിഭാസം.’ പാണരുടേയും വേലരുടേയും മലയരുടേയും മറ്റും സമാഹരിക്കപ്പെട്ട ഫോക്‌ലോറിന്റെ പുനര്‍വായനയിലൂടെ കോളനി പൂര്‍വ്വ സമൂഹത്തില്‍ അവര്‍ രേഖപ്പെടുത്തുന്ന വ്യത്യസ്ഥത മനസ്സിലാക്കാന്‍ രണ്‍ജിത് ശ്രമിക്കുന്നു. അദ്ദേഹം പറയുന്നു. ‘പാണന്‍, വണ്ണാന്‍, മണ്ണാന്‍, വേലന്‍, പറയര്‍, പുലയര്‍, കണക്കര്‍, ചെറുമര്‍ തുടങ്ങിയ ദളിത് വിഭാഗങ്ങളാണ് ഓണപ്പാട്ടുകളില്‍ വലിയ പങ്കും പാടി നടന്നിരുന്നത്. ഇവര്‍ക്കൊന്നും ഓണത്തിനു കാര്യമായ അനുഷ്ഠാന ചടങ്ങുകളില്ലായിരുന്നു. എന്നാല്‍ അതിസമ്പന്നമായ ഇവരുടെ ആഖ്യാനപാരമ്പര്യം വ്യക്തമാക്കുന്നത് ഓണം അവരുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നു എന്നു തന്നെയാണ്. ഇവരുടെ പാട്ടുകളിലെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാവേലിയുണ്ട്. കുറിച്യരുടെ മരമായപാട്ടില്‍ അത് മാവോതിയാണ്. പാക്കനാര്‍ പാട്ടിലും ഭദ്രകാളിപ്പാട്ടിലുമെല്ലാം മാവേലി കടന്നു വരുന്നു. ഓണം ദളിതരും ആഘോഷിച്ചിരുന്നു. 1810-1821 കാലഘട്ടത്തില്‍ കേരളത്തില്‍ സര്‍വ്വേ നടത്തിയ വാര്‍ഡും കോണറും രേഖപ്പെടുത്തിയത് ഓണക്കാലം, ഏറ്റവും നികൃഷ്ടരായി പരിഗണിച്ചിരുന്ന പുലയര്‍ക്കുപോലും വിശ്രമത്തിന്റേയും സന്തോഷത്തിന്റേയും കാലമായിരുന്നു എന്നാണ്. അതവര്‍ക്ക് ജന്മിയുടെ ഔദാര്യമായിരുന്നില്ല, അവകാശമായിരുന്നു.എന്നാലവ അനുഷ്ഠാനങ്ങള്‍ വളരെ കുറഞ്ഞ വൈവിധ്യങ്ങള്‍ നിറഞ്ഞ ‘ഓണങ്ങള്‍’ ആയിരുന്നു.’
വാസ്തവത്തില്‍ ഇത്തരമൊരവസ്ഥയില്‍ നിന്ന് സവര്‍ണ്ണതയിലേക്കും ശികലടീച്ചറിലേക്കും ഓണത്തിന്റെ വ്യാഖ്യാനത്തെ എത്തിച്ചതില്‍ പലര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇടതുപക്ഷക്കാര്‍ അവരുടെ സോഷ്യലിസ്റ്റ് സങ്കല്‍പ്പപ്രകാരം മാവേലിയെ കമ്യൂണിസ്റ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിരുന്നു. ഒപ്പം കര്‍ഷകയൂണിയനുകളുടെ വ്യാപനകാലത്ത് ഓണത്തിനു കാരഷിക ഉത്സവമെന്ന വ്യാഖ്യാനം വന്നു. ഐക്യകേരള പ്രസഥാനത്തോടെ അത് ദേശീയ ഉത്സവമായി മാറി. സ്വാഭാവികമായും ദേശീയതയെന്നാല്‍ കാളനും സെറ്റുസാരിയുമാണെന്ന സങ്കല്‍പ്പം ഓണത്തേയും ബാധിക്കാതിരിക്കില്ലല്ലോ. അതിനേക്കാള്‍ വ്യാപകമായ കാളയിറച്ചിയും വേഷങ്ങളുമെല്ലാം ദേശീയമല്ലാതായി. അതിനനുസരിച്ച് മാവേലിയുടെ രൂപവും മാറി. കസുപുതപ്പും ഓലക്കുടയും കുംഭവയറുമെല്ലാം പ്രത്യക്ഷപ്പെട്ടു. പ്രവാസം ശക്തമായതോടെ ഓണത്തെ കുറിച്ചുള്ള ഗൃഹാതുരത്വസങ്കല്‍പ്പവും ശക്തമായി. സവര്‍ണ്ണ ഓണാഘോഷം മറുനായന്‍ മലയാളികളുടെ സ്ഥിരം പരിപാടിയായി. ഉപഭോഗസംസ്‌കാരത്തിന്റെ വ്യാപനം ഓണത്തോടൊപ്പം മാവേലിക്ക് കച്ചവടമുഖവും നല്‍കി. നവോത്ഥാനത്തിന്റേയും രാഷ്ട്രീയമുന്നേറ്റങ്ങളുടേയും വേലിയിറക്കങ്ങള്‍ക്കുശേഷം എല്ലാറ്റിനും കോമാളിമുഖം കൊടുത്ത് അണുകുടുംബത്തിലേക്കൊതുങ്ങിയ മലയാളി മാവേലിക്കും ആ മുഖം നല്‍കി. ദൃശ്യമാധ്യമങ്ങളുടെയും ഹാസ്യാനുകരണപരിപാടികളുടേയും വ്യാപനത്തോടെ ആ പ്രവണത ശക്തമായി. അതിന്റെയെല്ലാം തുടര്‍ച്ചയായാണ് ഇപ്പോള്‍ ഓണത്തെ വാമനാഘോഷമാക്കി മാറ്റാനുള്ള ശ്രമം ശക്തമാകുന്നത്. തീര്‍ച്ചയായും സഹോദരന്‍ അയ്യപ്പന്‍ ഭയപ്പെട്ടപോലെ ശക്തമാകുന്ന സവര്‍ണ്ണ മതാധിഷ്ഠിത രാഷ്ട്രീയവും മൂല്യങ്ങളും തന്നെയാണ് അതിനു പുറകില്‍. അതിനാല്‍ തന്നെ അവര്‍ണ്ണതമ്പുരാനായ മാവേലിയെ തിരിച്ചുപിടിക്കുക എന്നതാണ് മാവേലിയുടെ ഭരണത്തെ സ്വപ്‌നം കാണുന്ന ഏതൊരു മലയാളിയുടേയും കടമ. തീര്‍ച്ചയായും അത്തരമൊരു മുന്നേറ്റത്തിനും അവര്‍ണ്ണ മുഖമുണ്ടായേ തീരു. രാജ്യത്തങ്ങും ശക്തമാകുന്ന ദളിത് പ്രക്ഷോഭങ്ങളുമായി ഈ മുന്നേറ്റത്തിനും സമാനതകളും ഐക്യവുമുണ്ടാകുന്നത് സ്വാഭാവികം മാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply