തിയറ്ററില്‍ മുല്ലപ്പൂവിപ്ലവം
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഏഴാമത് രാജ്യാന്തര നാടകോത്സവത്തിന് തൃശൂരില്‍ തിരശ്ശീല ഉയര്‍ന്നു. ഇനിയുള്ള ഏഴുദിനങ്ങള്‍ തിയറ്ററിലെ പോരാട്ടങ്ങളുടേത്, ഒപ്പം വിസ്‌മയങ്ങളുടേതും. തിയറ്റര്‍ ഓഫ് റസിസ്റ്റന്‍സ്, തിയറ്റര്‍ ഓഫ് ടുഡേ – ഇതാണ് ഏഴാമത് രാജ്യന്തരപോരാട്ടങ്ങളുടെ പ്രമേയം. പ്രമേയത്തെ അന്വര്‍ത്ഥമാക്കുമാറ് മുല്ലപ്പൂ വിപ്ലവങ്ങളുടെ ഭൂമിയില്‍ നിന്നാണ് ഇക്കുറി മേളയിലേക്ക് പ്രധാന നാടകങ്ങള്‍ എത്തുന്നത്. പാലസ്‌തീന്‍, ലെബനോണ്‍, ടുണീഷ്യ, ഈജിപ്‌ത്, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള നാടകങ്ങള്‍ അവിടങ്ങളിലെ സമകാലിക മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നവയായി രിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവിടങ്ങളിലെ […]
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഏഴാമത് രാജ്യാന്തര നാടകോത്സവത്തിന് തൃശൂരില്‍ തിരശ്ശീല ഉയര്‍ന്നു. ഇനിയുള്ള ഏഴുദിനങ്ങള്‍ തിയറ്ററിലെ പോരാട്ടങ്ങളുടേത്, ഒപ്പം വിസ്‌മയങ്ങളുടേതും.
തിയറ്റര്‍ ഓഫ് റസിസ്റ്റന്‍സ്, തിയറ്റര്‍ ഓഫ് ടുഡേ – ഇതാണ് ഏഴാമത് രാജ്യന്തരപോരാട്ടങ്ങളുടെ പ്രമേയം. പ്രമേയത്തെ അന്വര്‍ത്ഥമാക്കുമാറ് മുല്ലപ്പൂ വിപ്ലവങ്ങളുടെ ഭൂമിയില്‍ നിന്നാണ് ഇക്കുറി മേളയിലേക്ക് പ്രധാന നാടകങ്ങള്‍ എത്തുന്നത്.
പാലസ്‌തീന്‍, ലെബനോണ്‍, ടുണീഷ്യ, ഈജിപ്‌ത്, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള നാടകങ്ങള്‍ അവിടങ്ങളിലെ സമകാലിക മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നവയായി രിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവിടങ്ങളിലെ ജനങ്ങളുടെ പ്രതീക്ഷകളും നിരാശകളും, വിപ്ലവങ്ങളും തിരിച്ചടികളും, മുന്നേറ്റങ്ങളും ദുരന്തങ്ങളും. ഇത്തരമൊരു തെരഞ്ഞടുപ്പുതന്നെ ഇത്തവണത്തെ നാടകോത്സവത്തിന്റെ സന്ദേശം വ്യക്തമാക്കുന്നതായി ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ശങ്കര്‍ വെങ്കിടേശ് പറയുന്നു. നാടകോത്സവത്തിന്റെ ആദ്യ എപ്പിസോഡുകളില്‍ ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പൊരുതുന്ന നാടകങ്ങള്‍ അവതരിപ്പിച്ചെങ്കില്‍ പിന്നീട് മിക്കവാറും യൂറോപ്യന്‍ നാടകങ്ങളായിരുന്നു പ്രധാനമായും അവതരിക്കപ്പെട്ടത്. അവയില്‍ പലതും രൂപഭംഗി കൊണ്ട് ശ്രദ്ധേയമായിരുന്നു.
എന്നാല്‍ നമ്മുടെ സാമൂഹ്യജീവിതവുമായി കാര്യമായൊന്നും അവക്ക് പങ്കുവെക്കാനില്ലാ യിരുന്നു. അവരുടെ സാസ്‌കാരികജീവിതം തികച്ചും വ്യത്യസ്ഥമാണ്. അതില്‍ നിന്നൊരു വിച്ഛേദനമായിരിക്കും ഇക്കുറി സംഭവിക്കുക. മേല്‍പറഞ്ഞ രാജ്യങ്ങളിലെ സാമൂഹ്യ രാഷ്ട്രീയാവസ്ഥയുമായി സംവദിക്കുന്നവരാണല്ലോ നമ്മള്‍. അതിനാല്‍ ഈ നാടകങ്ങളും നമ്മുടെ സാംസ്‌കാരികാവസ്ഥയുമായി താദാത്മ്യം ചെയ്യാതിരിക്കുകയില്ലല്ലോ. മാറികൊണ്ടിരിക്കുന്ന രാഷ്‌ട്രീയ സാംസ്‌കാരിക സാഹചര്യങ്ങളില്‍, മനുഷ്യജീവിതം
ദുസ്സഹമാകുന്ന ദേശങ്ങളില്‍ തിയറ്റര്‍ എങ്ങിനെ രൂപപ്പെടുന്നു, നിലവിലെ പരിതസ്ഥിതികളോട് കലാകാരന്മാര്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നതിന്റെ വ്യക്തമായ കാഴ്‌ചയായിരിക്കും നാടകോത്സവത്തെ ശ്രദ്ധേയമാക്കുന്നത്. സ്വന്തം ചോരയായി നാം കാണുന്ന പാലസ്‌തീനില്‍ നിന്നുള്ള ഫ്രീഡം തിയറ്ററിന്റെ നാടകങ്ങളെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ ശാക്തീകരണമാണ് നാടകോത്സവം ലക്ഷ്യമിടുന്നതെന്ന് ശങ്കര്‍ പറയുന്നു. നാടകത്തിന്റെ ആധികാരികത അഭിനേതാക്കള്‍ക്കോ സംവിധായകര്‍ക്കോ പണ്ഡിതര്‍ക്കോ അല്ല. പ്രേക്ഷകര്‍ക്കാണ്. അവരുടെ മനസ്സിലാണ് യഥാര്‍ത്ഥ നാടകം നടക്കുക. അതിനെ പ്രചോദിപ്പിക്കല്‍ മാത്രമാണ് വേദിയില്‍ നടക്കുക. അരങ്ങ് സൂചകം മാത്രം.
ഇന്റര്‍നേഷണല്‍ ഇബ്‌സന്‍ അവാര്‍ഡ് ഡയറക്‌ടര്‍ ഹില്‍ഡ് ഗുറി നോര്‍വെ, ടോക്കിയോ യൂണിവേഴ്‌സിറ്റി പ്രൊഫസറും തിയറ്റര്‍ ക്രിറ്റിക്കുമായ തടാഷി ഉച്ചിനോ ജപ്പാന്‍, സെയ്‌സന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം ഡയറക്‌ടര്‍ ആട്‌സുക്കോ ഹിസാനോ ജപ്പാന്‍, പെര്‍ഫോമിംഗ് ആര്‍ട്‌സ് മീറ്റിംഗ് ഡയറക്‌ടര്‍ ഹിറോമി മറാക്കോ ജപ്പാന്‍ തുടങ്ങി ലോക പ്രശസ്‌തരായ നാടക പ്രവര്‍ത്തകര്‍ ഇറ്റ്‌ഫോക്കില്‍ പങ്കെടുക്കുന്നതിനായി എത്തിയിട്ടുണ്ട്. പാലസ്‌തീന്‍, ലെബനോണ്‍, സിറിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കലാകാരന്മാര്‍ ഇന്ത്യയിലെത്തുന്നത് ചരിത്രത്തിലാദ്യമായാണെന്ന സവിശേഷതയുമുണ്ട്.
നെല്‍സണ്‍ മണ്ഡേലയുടെ ജയില്‍ ജീവിതത്തെ അടിസ്ഥാനമാക്കി അതോള്‍ ഫുഗാര്‍ഡ് തയ്യാറാക്കിയ ദക്ഷിണാഫ്രിക്കന്‍ നാടകമാണ് ഐലന്റ് എന്ന പാലസ്‌തീന്‍ നാടകത്തിന്റെ ഇതിവൃത്തം. പാലസ്‌തീനെതന്നെ ജയിലാക്കിമാറ്റിയിരിക്കുന്ന കാലത്ത് അതല്ലാതെ മറ്റെന്താണ് ഫ്രീഡം തിയറ്ററിനു പറയാനാകുക? പീഡനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും അതിര്‍തതികളില്ലല്ലോ.
സമീപകാലത്ത് മൂന്നുഭരണകൂടങ്ങളാല്‍ ഭരിക്കപ്പെട്ട ഈജിപ്‌തില്‍ല നിന്നുള്ള ഹൗസ് ഓഫ് ലൈറ്റ് മാറുന്ന സാഹചര്യത്തില്‍ കലാകാരന്റെ റോളിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. പാരമ്പര്യങ്ങളില്‍ നിന്നു വ്യതിചലിക്കുന്ന ഒറ്റയാന്റെ പോരാട്ടമാണിത്. നാടകസംവിധായിക നൂറാ അമിന്‍ 30 അംഗങ്ങളുള്ള സംഘത്തെ ഒറ്റക്കാണ് നയിക്കുന്നത്.
ലബനണില്‍ നിന്ന് നാലു നാടകങ്ങളാണ് മേളക്കെത്തുന്നത്. ഹി ഹു സോ എവരി തിങ്ങ്, ഡെത്ത് കംസ് ത്രൂ ദി ഐസ് എന്നീ നാടകങ്ങള്‍ ജീവിതത്തെയും മരണത്തേയും കുറിച്ചുള്ള വേറിട്ട അന്വേഷണങ്ങളാണ്.
രാജ്യാന്തരനാടകോത്സവ ത്തില്‍ രാജ്യാന്തര നാടകങ്ങളും അവതരിപ്പിക്കപ്പെ ടുന്നു. മഹാഭാരതത്തെ പ്രമേയമാക്കി പ്രശസ്‌ത ജാപ്പനീസ് സംവിധായകനും കോറിയോഗ്രാഫറും ഫിസിക്കല്‍ തീയറ്റര്‍ മാസ്‌റ്ററുമായ ഹിരോഷി കോയികെയുടെ നാടകം അത്തരത്തിലൊന്നാണ്.
നാല് ഭാഗങ്ങളായാണ് കോയികെ മഹാഭാരതം അവതരിപ്പിക്കുന്നത്. 2013-ല്‍ ആദ്യഭാഗം അവതരിപ്പിച്ചിരുന്നു. രണ്ടാം ഭാഗമാണ് ഇറ്റ്‌ഫോ്‌കകില്‍ അവതരിപ്പിക്കുക. ജപ്പാന്‍, ഇന്ത്യ, തായ്‌ലാന്‍ഡ്, മലേഷ്യ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്ന നാടകത്തിന്റെ റിഹേഴ്‌സലും തയ്യാറെടുപ്പുകളും നടക്കുന്നത് തൃശൂരില്‍ തന്നെയാണ്. ജര്‍മ്മനി – ബംഗ്ലാദേശ് സംയുക്തസംരംഭമായ മെയ്‌്‌ഡ് ഇന്‍ ബംഗ്ലാദേശും രാജ്യാന്തര സംരംഭമാണ്. ശ്രീലങ്ക, സിംഗപൂര്‍, ജപ്പാന്‍, ഡന്മാര്‍ക്ക് തുടങ്ങിയ രാഷ്ട്രങ്ങള്‍ളില്‍ നിന്നുള്ള നാടകങ്ങളും മേളയിലുണ്ടാകും. 12 വിദേശനാടകങ്ങളും 14 ഇന്ത്യന്‍ നാടകങ്ങളുമാണ് അവതരിപ്പിക്കപ്പെടുക. ആനന്ദിന്റെ പ്രശ്‌സ്‌തമായ വ്യാസനും വിഘ്‌നേശുരനും, ദക്ഷണാഫ്രിക്കന്‍ എഴുത്തുകാരനായ ബോര്‍ഹെസിന്റെ ചെറുകഥ എന്നിവയെ പ്രമേയമാക്കി അഭിഷേക് മഞ്‌ജുദാര്‍ സംവിധാനം ചെയ്‌്‌ത കൗമുദി പ്രതീക്ഷ നല്‍കുന്നു. കൊല്‍ക്കത്ത പപ്പറ്റ് ആര്‍ട് ട്രസ്റ്റിന്റെ എബൗട്ട് റാം ഇന്ത്യയിലെ കാവിവല്‍ക്കരണത്തിനെതിരായ അവതരണമാണ്. തിരുവനന്തപുരം അഭിനയയുടെ തേവരുടെ ആന, തൃശൂര്‍ രംഗചേതനയുടെ സൈലന്‍സര്‍, ആക്ടേഴ്‌സ് തിയറ്ററിന്റെ ഞായറാഴ്‌ച, നാടകസൗഹൃദത്തിന്റെ തൊഴില്‍ കേന്ദ്രത്തിലേക്ക്, സാഗാ എന്റര്‍ടൈന്‍മെന്റിന്റെ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്, ഏകലോചനത്തിന്റെ കളിയച്ചന്‍, സ്‌കൂള്‍ ഓഫ് ഡ്രാമാ ആന്റ് ഫൈന്‍ ആര്‍ട്‌സിന്റെ ആന്റോറ എന്നിവയാണ് മലയാളനാടകങ്ങള്‍. കൂടാതെ ചരിത്ര പ്രസിദ്ധങ്ങളായ എം ആര്‍ ബിയുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭാവതത്രന് നമ്പൂതിരിയുടെ അപ്‌ഫന്റെ മകള്‍, കെ ടി മുഹമ്മദിന്റെ വെള്ളപ്പൊക്കം, ബഷിറിന്റെ ന്റപ്പൂപ്പനൊരാനേണ്ടാര്‍ന്നു, തിക്കൊടിയന്റെ പ്രകൃതിയിലേക്ക് മടങ്ങുക, കെ വി ശരത് ചന്ദ്രന്റെ വിതക്കുന്നവന്റെ ഉപമ തുടങ്ങിയ റേഡിയോ നാടകങ്ങള്‍ വേദിയില്‍ കേള്‍ക്കാന്‍ കഴിയുമെന്നതാണ് ഇത്തവണത്തെ നാടകോത്സവത്തെ അവിസ്‌മരണീയമാക്കാന്‍ പോകുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in