ഡിവൈഎഫ്‌ഐ കാലത്തിന്റെ വിളി കേള്‍ക്കുമോ? എസ് എഫ് ഐയും…

ഡി വൈ എഫ് ഐയുടെ അഖിലേന്ത്യാസമ്മേളനം കൊച്ചിയില്‍ സമാപിച്ചപ്പോള്‍ ഉയരുന്ന ചോദ്യമിതാണ്.. കാലത്തിന്റെ വിളി കേള്‍ക്കാന്‍ ഈ യുവജനസംഘടനക്കാകുമോ? തീര്‍ച്ചയായും അവിടെ നടന്ന ചര്‍ച്ചകളില്‍ അത്തരമൊരു സൂചനയുണ്ട്. കേരളത്തിലെ നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ വര്‍ഷങ്ങളായി മുന്നോട്ടുവെക്കുന്ന പുത്തന്‍ കാലത്തിന്റെ രാഷ്ട്രീയ സമസ്യകള്‍ വളരെ വൈകിയാണെങ്കിലും സമ്മേളനത്തില്‍ ഉയര്‍ന്നു വന്നിരുന്നു എന്നതു ശരി. അതുമായി ബന്ധപ്പെട്ട് ചില പ്രമേയങ്ങളും ഉയര്‍ന്നുവന്നു. എന്നാല്‍ ഇവയെല്ലാം സഖാക്കള്‍ ഉള്‍ക്കൊള്ളാനും പ്രായോഗികമാകാനും എത്രയോ കാലമെടുക്കും. അപ്പോഴേക്കും പുതിയ കാലത്തിന്റെ രാഷ്ട്രീയവും മാറിയിരിക്കും. അവിടേയും കാലത്തിനു പുറകെ […]

dd

ഡി വൈ എഫ് ഐയുടെ അഖിലേന്ത്യാസമ്മേളനം കൊച്ചിയില്‍ സമാപിച്ചപ്പോള്‍ ഉയരുന്ന ചോദ്യമിതാണ്.. കാലത്തിന്റെ വിളി കേള്‍ക്കാന്‍ ഈ യുവജനസംഘടനക്കാകുമോ? തീര്‍ച്ചയായും അവിടെ നടന്ന ചര്‍ച്ചകളില്‍ അത്തരമൊരു സൂചനയുണ്ട്. കേരളത്തിലെ നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ വര്‍ഷങ്ങളായി മുന്നോട്ടുവെക്കുന്ന പുത്തന്‍ കാലത്തിന്റെ രാഷ്ട്രീയ സമസ്യകള്‍ വളരെ വൈകിയാണെങ്കിലും സമ്മേളനത്തില്‍ ഉയര്‍ന്നു വന്നിരുന്നു എന്നതു ശരി. അതുമായി ബന്ധപ്പെട്ട് ചില പ്രമേയങ്ങളും ഉയര്‍ന്നുവന്നു. എന്നാല്‍ ഇവയെല്ലാം സഖാക്കള്‍ ഉള്‍ക്കൊള്ളാനും പ്രായോഗികമാകാനും എത്രയോ കാലമെടുക്കും. അപ്പോഴേക്കും പുതിയ കാലത്തിന്റെ രാഷ്ട്രീയവും മാറിയിരിക്കും. അവിടേയും കാലത്തിനു പുറകെ ഇഴയുകയായിരിക്കും ഈ സംഘടന ചെയ്യുക എന്നുതന്നെ വേണം കരുതാന്‍. തങ്ങളുടെ പിതൃസംഘടന കാലത്തിനു പുറകെ ഇഴയുവോളം കാലത്തിനൊപ്പമെത്താന്‍ ഡി വൈ എഫ് ഐക്കു കവിയുമെന്ന് കരുതാനാകില്ല. വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയുടേയും സ്ഥിതി മറ്റൊന്നല്ല.
ഒരു ചെറിയ ഉദാഹരണം പറയാം. ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് എത്രയോ കാലമായി കേരളത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. അതുമായി ബന്ധപ്പെട്ട് എത്രയോ സമരങ്ങള്‍ നടന്നു. അതുമായി ബന്ധപ്പെട്ട അവബോധം ഏറക്കുറെ വ്യാപിച്ചുകഴിഞ്ഞ ശേഷമാണ് ഈ സമ്മേളനത്തില്‍ ഡിെൈവഎഫ്‌ഐ ഈ വിഷയം ഉന്നയിക്കുന്നത്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സമ്മേളനം സ്വവര്‍ഗ്ഗലൈംഗികത തെറ്റല്ലെന്ന് പറയാനും തയ്യാറായി. അത്രയും നന്ന്. എന്നാല്‍ പ്രമേയം പാസാക്കിയ അതേ രാത്രി അതേ കൊച്ചിയില്‍ തന്നെ 10 ട്രാന്‍സ്‌ജെന്റേഴ്‌സിനെ ഈ സംഘടനയുടെ പിതൃസംഘടനയുടെ സമ്മുന്നതനേതാവ് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിന്റെ പോലീസ് കസ്റ്റഡിയിലെടുത്തു. അവര്‍ ചെയത് കുറ്റം ന്തൊണെന്നോ? രാത്രി പുറത്തിറങ്ങരുതെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന്.. രാത്രി പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലില്ലേ..? തങ്ങള്‍ പാസ്സാക്കിയ പ്രമേയത്തോട് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പോലീസ് നടപടിക്കെതിരേയും ഒരു പ്രമേയം പിറ്റേന്നു പാസ്സാക്കുമെന്ന് കരുതിയവര്‍ക്കുതെറ്റി.
ദശകങ്ങള്‍ക്കുമുമ്പ് ഫെമിനിസ്റ്റ് രാഷ്ട്രീയം സജീവമായപ്പോഴും ഇടതുപക്ഷസംഘടനകളുടെ നിലപാട് മറ്റൊന്നല്ലായിരുന്നു. ഇപ്പോഴും സ്ത്രീസ്വാതന്ത്ര്യത്തിന്‍രെ പ്രാധാന്യം എത്രമാത്രം ഇവരംഗീകരിക്കുന്നു? ഡിെൈവഎഫ്‌ഐയെ പോലെ പാര്‍ട്ടിയുടെ പോഷകസംഘടനതന്നെയാണ് ഇവര്‍ക്ക് സ്ത്രീസംഘടനയും. സ്ത്രീകളുടെ സ്വതന്ത്രമായ പോരാട്ടങ്ങള്‍ ഇപ്പോഴും ഇവരുടെ അജണ്ടയിലില്ല. പരിസ്ഥിതി വിഷയത്തിലും നിലപാട് മറ്റൊന്നല്ലല്ലോ. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും കാലങ്ങളായി കേരളത്തിലെ പ്രധാന പരിസ്ഥിതി സമരങ്ങളുടെയെല്ലാം എതിര്‍പക്ഷത്ത് ഏറ്റവും ശക്തമായി രംഗത്തു വരാറുള്ളത് ഇടതുപക്ഷമാണ്. സൈലന്റ് വാലി മുതല്‍ പാറമടകള്‍ വരെ ഇതു പ്രകടം. തൊഴില്‍ നഷ്ടം, വികസനം, വോട്ട് രാഷ്ട്രീയം തുടങ്ങിയവയാണ് അതിനുള്ള കാരണങ്ങളായി ഉന്നയിക്കാറുള്ളത്. ഈ നിലപാടിനെ ചോദ്യം ചെയ്യാന്‍ യുവജനസംഘടനയും തയ്യാറാകാറില്ല.
സമീപകാലത്തെ ഏറ്റവും പ്രധാന രാഷ്ട്രീയമായ ദളിത് – ആദിവാസി വിഷയത്തിലും കാര്യങ്ങള്‍ വ്യത്യസ്ഥമാണോ? അഖിലേന്ത്യാ തലത്തില്‍ ഈ രാഷ്ട്രീയത്തെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് ബിജെപിയാണെങ്കിലും കേരളത്തില്‍ ദശകങ്ങളായി ആ കടമ നിര്‍വ്വഹിക്കുന്നത് സിപിഎമ്മാണ്. ചങ്ങറയടക്കമുള്ള ദളിത് പോരാട്ടങ്ങളോടും മുത്തങ്ങയടക്കമുള്ള ആദിവാസി പോരാട്ടങ്ങളോടുമുള്ള നിലപാട് മാത്രം പരിശോധിച്ചാല്‍ ഇതു ബോധ്യപ്പെടും. അംബേദ്കര്‍ രാഷ്ട്രീയത്തെ കേരളത്തില്‍ തടഞ്ഞതും അയ്യങ്കാളിയെ കേരളചരിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതും സാക്ഷാല്‍ ഇ എം എസ് തന്നെയായിരുന്നു. ദലിത്, ആദിവാസി മുന്നേറ്റങ്ങളെ ഇപ്പോഴും സ്വത്വരാഷ്ട്രീയമായി കാണുന്ന ഇവര്‍ എകെഎസും പികെഎസും ഉണ്ടാക്കിയത് ഈ മുന്നേറ്റങ്ങളെ തകര്‍ക്കാനാണ്. രാജ്യത്തെ ദളിത് പോരാളികള്‍ ഈ വസ്തുത തിരിച്ചറിയുന്നുണ്ടുതാനും. അടുത്തയിടെ ചങ്ങറ സമരഭൂമിയിലെത്തിയ ജിഗ്നേഷ് മേവാനി അതു തുറന്നു പറഞ്ഞല്ലോ. മാതൃകാപരമായി ഭൂപരിഷ്‌കരണം നടന്നു എന്നു പറയുന്ന കേരളത്തില്‍ ഭൂരഹിതരായി ലക്ഷകണക്കിനു ദലിത്, ആദിവാസി വിഭാഗങ്ങളുണ്ടെന്നന്നും പകുതിയോളം ഭൂമി കുത്തകകളുടെ കയ്യിലാണെന്നുമുള്ള കണക്കുകള്‍ തന്നെ ഞെട്ടിച്ചന്ന് അദ്ദേഹം പറഞ്ഞു. മൂന്നു സെന്റ് ഭൂമി നല്‍കി വീണ്ടും കോളനികള്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തേയും അദ്ദേഹം വിമര്‍ശിച്ചു.
രാജ്യത്തെ ദളിത് പോരാട്ടങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കിയ രക്തസാക്ഷി രോഹിത് വെമുലയുടെ മാതാവ് ഡിെൈവഎഫ്‌ഐ വേദിയില്‍ തന്നെ വന്ന് സിപിഎമ്മിനേയും പോഷകസംഘടനകളേയും വിമര്‍ശിച്ചതാണ് സമ്മേളനത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. കേരളത്തില്‍ ദലിത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കെതിരായ എസ് എഫ് ഐ അക്രമങ്ങള്‍ക്കെതിരെ ശക്തമായാണ് അവര്‍ പ്രതികരിച്ചത്. എം ജി യുണിവേഴ്‌സിറ്റില്‍ രോഹിത് വെമുലയുടെ സ്വന്തം സംഘടനയായ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവരേയും കേരളവര്‍മ്മയില്‍ രോഹിതിനെ അനുസ്മരിച്ചവരേയും എസ് എഫ് ഐക്കാര്‍ മര്‍ദ്ദിച്ച് അധിക ദിവസമായില്ലല്ലോ. അക്രമത്തില്‍ രോഹിത് വെമുലയുടെ ചിത്രം കീറിയതും അവര്‍ അനുസ്മരിച്ചു. കൊട്ടിഘോഷിക്കപ്പെടുന്ന ജെ എന്‍ യുവിലും എസ് എഫ് ഐ നിലപാട് ദളിത് സംഘടനകള്‍ക്ക് അനുകൂലമല്ല എന്നുമവര്‍ ചൂണ്ടികാട്ടി. ദളിത് പിന്നോക്ക ആദിവാസി ന്യൂനപക്ഷ ഐക്യമാണ് ഇന്ന് ഉയര്‍ത്തിപിടിക്കേണ്ടതെന്നു പറഞ്ഞ അവര്‍ ഈ മുദ്രാവാക്യത്തോടുള്ള ഇടതുപക്ഷ നിലപാടിനെ വിമര്‍ശിക്കുക തന്നെയായിരുന്നു. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രലേഖക്കെതിരായ അക്രമങ്ങളും അവര്‍ പരാമര്‍ശിച്ചു. ബിജെപി മുന്നണിയിലെത്തിയെ സികെ ജാനുവിനേക്കാള്‍ ്അതിനുള്ള അവസരമുണ്ടാക്കിയവരെയാണ് രാധിക വെമുല വിമര്‍ശിച്ചത്. ദളിതുകളല്ലാത്തവര്‍ ഇരുന്ന് അവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെന്തര്‍ത്ഥമെന്ന അവരുടെ ചോദ്യം ഡിവൈഎഫ്‌ഐ നേതൃത്വത്തിനു നേരെയായിരുന്നു. സിപിഎമ്മിലും പോഷകസംഘടനകളിലും എന്തുകൊണ്ട് ദളിത് നേതൃത്വം ഉണ്ടാകുന്നില്ല എന്ന ചോദ്യം ഉന്നയിച്ചാണ് രോഹിത് എസ് എഫ് ഐ വിട്ടതെന്ന കാര്യം മറക്കാറായിട്ടില്ലല്ലോ. കേരളത്തില്‍ ദളിത് – ആദിവാസി സംഘടനകള്‍ നടത്തുന്ന ഭൂസമരങ്ങളേയും അവര്‍ പരാമര്‍ശിച്ചു. യഥാര്‍ത്ഥത്തില്‍ സിപിഎമ്മിനും പോഷകസംഘടനകള്‍ക്കുമെതിരായ ദളിക് കുറ്റപത്രമായിരുന്നു അവരുടെ പ്രസംഗം. അതിലെ ചോദ്യങ്ങള്‍ക്കു പക്ഷെ കാര്യമായ മറുപടിയൊന്നും സമ്മേളനത്തില്‍ കേട്ടില്ല.
പ്രായം കൊണ്ടും രാഷ്ട്രിയം കൊണ്ടും വാര്‍ദ്ധക്യത്തിലെത്തിയ പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ തയ്യാറാകാതെ പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ ഒരു സംഘടനക്കുമാകില്ല. ഡിവൈഎഫ്‌ഐയുടെ പുതിയ നേതൃത്വവും യാതൊരു വിധ പ്രതീക്ഷയും നല്‍കുന്നില്ല. റിയാസും സ്വരാജും ഷംസീറുമൊക്കെ രാഷ്ട്രീയ വാര്‍ദ്ധക്യം ബാധിച്ചവരാണ്. എസ് എഫ് ഐയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി സമരങ്ങളോടുള്ള നിലപാടുതന്നെ എസ് എഫ് ഐയെ തുറന്നു കാണിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളായിട്ടുപോലും പുതിയ രാഷ്ട്രീയത്തെ അവര്‍ ഉള്‍ക്കൊള്ളുന്നില്ല. കേരളത്തിനു പുറത്ത് ദളിത് രാഷ്ട്രീയമൊക്കെ പറയുന്ന എസ് എഫ് ഐ എത്ര തന്ത്രപരമായായിരുന്നു ജെ എന്‍ യുവിലും എച്ച് സി യുവിലും ദളിത് ചെയര്‍മാന്‍മാര്‍ ഉണ്ടാകുമായിരുന്ന ചരിത്രസംഭവത്തെ തടഞ്ഞത്. പ്രമേയങ്ങളെന്തു പാസ്സാക്കിയാലും അതൊന്നും പ്രായോഗികമാക്കാതെ കാലത്തിനു പുറകിലും പാര്‍ട്ടിക്കു പുറകിലും ഇഴയുകയല്ലാതെ മറ്റെന്തെങ്കിലും ഇവരില്‍ നിന്നു പ്രതീക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല. മാത്രമല്ല, ജനാധിപത്യസംവിധാനത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം സംസ്ഥാനമാകെ കലാലയങ്ങളിലേക്ക് പറിച്ചു നടാനാണ് എസ് എഫ് ഐ ശ്രമിക്കുന്നത്. മീശ മുളച്ച കുമാരന്മാരുടെ ഗുണ്ടായിസമായി വിദ്യാര്‍ത്ഥി രാഷ്ട്രീയം മാറിയിരിക്കുന്നു. ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും ഒരു വശത്ത് സായുധസമരത്തിന്റെ പ്രതീകമായ ചെഗ്വരയെ ഫാഷനായി കൊണ്ടുനടക്കുന്നതുതന്നെ എന്തുമാത്രം അപഹാസ്യമാണ്. ചെഗ്വരയുടെ രാഷ്ട്രീയമൊക്കെ എന്നേ കാലഹരണപ്പെട്ടിരിക്കുന്നു. അതേസമയം മറുവശത്ത് സായുധസമരത്തില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകളും ഇവിടെ നടക്കുന്നു എന്നത് മറ്റൊരു തമാശ…!!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply