ഡിജിപിയായപ്പോള്‍ സെന്‍കുമാര്‍ മാറുകയാണോ?

തന്റെ സ്വഭാവം എല്ലാവര്‍ക്കുമറിയാമെന്നും അതനുസരിച്ച് പോലീസില്‍ മാറ്റങ്ങള്‍ വരുത്താനായില്ലെങ്കില്‍ ഡിജിപി ആയിരുന്നിട്ട് എന്തുകാര്യമെന്നും ചോദിക്കുന്ന ടി പി സെന്‍കുമാര്‍ ആദ്യം ചെയ്യേണ്ടത് കഴിഞ്ഞ ദിവസത്തെ പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയുടെ ഇടക്കാല ഉത്തരവ് വായിക്കുകയാണ്. പൊതുജന സേവകരായ പൊലീസുകാര്‍ നിസഹായരായ ജനങ്ങളുടെ അന്തസിനെ വിലമതിക്കാതെ തെറിവാക്കുകള്‍ പറയരുതെന്നാണ് ഉത്തരവിലെ പ്രധാന ഭാഗം. മാന്യതയോടെ പെരുമാറാനും സംസാരിക്കാനുമുള്ള പരിശീലനവും ബോധവല്‍കരണവും പൊലീസുകാര്‍ക്കു നല്‍കണമെന്നും അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ ഉത്തരവിലുണ്ട്. പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഹരിദാസിനെയും […]

SENKUMARതന്റെ സ്വഭാവം എല്ലാവര്‍ക്കുമറിയാമെന്നും അതനുസരിച്ച് പോലീസില്‍ മാറ്റങ്ങള്‍ വരുത്താനായില്ലെങ്കില്‍ ഡിജിപി ആയിരുന്നിട്ട് എന്തുകാര്യമെന്നും ചോദിക്കുന്ന ടി പി സെന്‍കുമാര്‍ ആദ്യം ചെയ്യേണ്ടത് കഴിഞ്ഞ ദിവസത്തെ പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയുടെ ഇടക്കാല ഉത്തരവ് വായിക്കുകയാണ്. പൊതുജന സേവകരായ പൊലീസുകാര്‍ നിസഹായരായ ജനങ്ങളുടെ അന്തസിനെ വിലമതിക്കാതെ തെറിവാക്കുകള്‍ പറയരുതെന്നാണ് ഉത്തരവിലെ പ്രധാന ഭാഗം. മാന്യതയോടെ പെരുമാറാനും സംസാരിക്കാനുമുള്ള പരിശീലനവും ബോധവല്‍കരണവും പൊലീസുകാര്‍ക്കു നല്‍കണമെന്നും അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ ഉത്തരവിലുണ്ട്. പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഹരിദാസിനെയും എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ നന്ദകുമാറിനെയും മുഖ്യ എതിര്‍കക്ഷികളാക്കി ചാലക്കുടി സ്വദേശി കെ.എ. പ്രീയേഷ്, ആലുവ ഉളിയന്നൂര്‍ സ്വദേശി മുഹമ്മദ് ഫസല്‍ എന്നിവര്‍ നല്‍കിയ പരാതികള്‍ ഒരുമിച്ചു പരിഗണിച്ചാണ് അതോറിറ്റിയുടെ നടപടി. പോലീസുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും ഈ അനുഭവമുണ്ടായിരിക്കും.  പരിശീലന കാലത്തു തന്നെ പൊലീസുകാരെ അന്തസോടെ പെരുമാറാന്‍ പരിശീലിപ്പിക്കണമെന്ന നിര്‍ദേശവും ചെയര്‍മാന്‍ നല്‍കിയിട്ടുണ്ട്. ഇടക്കാല ഉത്തരവില്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ടായി സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും പരാതിയില്‍ അതോറിറ്റി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത്.
തീര്‍ച്ചയായും സെന്‍കുമാര്‍ മറ്റ് ഉദ്യാഗസ്ഥരില്‍ നിന്ന് വ്യത്യസ്ഥനാണ്. വളരെ ശ്രദ്ധേയവും പ്രസക്തവുമായ പല നിരീക്ഷണങ്ങളും അദ്ദേഹം ഇതിനു മുമ്പ് നടത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കുറി പോലീസ് അസോസിയേഷന്‍ വേദിയിലായിരുന്നു ഡിജിപിയുടെ പ്രസംഗം. അതിനാലായിരിക്കാം പോലീസിനെ സുഖിപ്പിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ വേതനം കൂട്ടിയാല്‍ അഴിമതി കുറയുമെന്നെല്ലാം അദ്ദേഹം പറഞ്ഞു. (വേതനം കൂടിയാല്‍ അഴിമതി കുറയുമോ? ) എന്നാലും വേതനമെല്ലാം കൂട്ടണം. പക്ഷെ ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മാന്യമാക്കുന്നതിനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. മാത്രമല്ല, അത്തരമൊരു ലക്ഷ്യത്തോടെ രൂപം കൊടുത്തിരിക്കുന്ന ജനമൈത്രി പോലീസിനെ പരിഹസിച്ച അദ്ദേഹം യഥാര്‍ത്ഥ പോലീസിംഗ് ആണ് വേണ്ടതെന്നും കൂട്ടി ചേര്‍ത്തു. എന്താണാവോ ഈ യഥാര്‍ത്ഥ പോലീസിംഗ്?
കഴിഞ്ഞ ദിവസത്തെ തന്നെ ഈ റിപ്പോര്‍ട്ട് നോക്കുക.  20 വയസ്സായ ജിത്തു എന്ന സുജിത് തിരുവനന്തപുരത്തെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിനു കാരണമെന്താണെന്നോ?  ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചതിന് ജിത്തുവിനേയും സുഹൃത്തിനേയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അതേതുടര്‍ന്ന് താന്‍ മരിക്കാന്‍ പോകുകയാണെന്നു പറഞ്ഞാണ് ജിത്തു ആത്മഹത്യ ചെയ്തത്. നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീതിപീഠത്തിനു മുന്നില്‍ ഹാജരാക്കാമെന്നല്ലാതെ ശിക്ഷിക്കാന്‍ പോലീസിനെന്താണവകാശം? ഇതാകട്ടെ ഒറ്റപ്പെട്ട സംഭവവുമല്ല. കഴിഞ്ഞ ദിവസം തന്നെ മദ്യപിച്ച് വണ്ടിയോടിക്കുന്നു എന്ന ഏതോ ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ഡ്രൈവറെ പട്ടാപകല്‍ ബസില്‍ നിന്ന് വലിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ജനങ്ങള്‍ നിയമം ലംഘിക്കുന്നതിനേക്കാള്‍ ഗുരുതരമല്ലേ നിയമപാലകര്‍ നിയമം ലംഘിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ പോലീസിന് അതിനുള്ള അധികാരമുണ്ടെന്നാണ് പൊതുസമൂഹവും ധരിച്ചിരിക്കുന്നത്.
പോലീസിന്റെ വാഹനപരിശോധ നടപ്പാക്കുന്നതു തന്നെ നിയമവിരുദ്ധമായിട്ടാണ്. വാഹനത്തിനു കൈകാട്ടി നിര്‍ത്തുമ്പോള്‍ പോലീസ് അങ്ങോട്ട് ചെന്ന് വിനയത്തോടെ ഞങ്ങള്‍ക്ക് പരിശോധന നടത്തണമെന്ന് പറഞ്ഞാണ് ഡ്യൂട്ടി ചെയ്യേണ്ടത്. ഡ്രൈവര്‍ പുറത്തിറങ്ങേണ്ടതുപോലുമില്ല. എന്നാല്‍ എന്താണ് നമ്മുടെ തെരുവുകളില്‍ നടക്കുന്നത്? വാഹനപരിശോധനയില്‍ മാത്രമല്ല, എല്ലാ രംഗത്തും അതു തന്നെ അവസ്ഥ. എന്നിട്ടും സെന്‍കുമാര്‍ പറയുന്നു, പോലീസ് ജീവന്‍ കൊടുക്കുന്നതിനാലാണ് സമൂഹം മുന്നോട്ടുപോകുന്നത്. ഏതു പോലീസാണാവോ സമൂഹത്തിനുവേണ്ടി ജീവന്‍ കൊടുക്കുന്നത്? മറിച്ച് നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ട്. ജയിലിലെ കുറ്റവാളികളുടെ മനുഷ്യാവകാശം പോലും പോലീസിനില്ല എന്നു സെന്‍ കുമാര്‍ പറയുന്നു. ചികിത്സ നിഷേധിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ രണ്ടു ദിവസത്തിനുള്ളില്‍ രണ്ടുപേര്‍ മരിച്ച വിവരം സെന്‍കുമാര്‍ അറിഞ്ഞോ ആവോ? പോലീസിന്റെ ന്യായമായ മനുഷ്യാവകാശങ്ങള്‍ക്കുനേരെ ഉന്നത ഉദ്യാഗസ്ഥര്‍ മുഖം തിരിക്കുന്നു എന്നതാണ് സത്യം. അക്കാര്യത്തില്‍ മാറ്റം വരുത്താന്‍ പുതിയ ഡിജിപിക്ക് കഴിഞ്ഞാല്‍ നന്ന്. മാവോയിസ്റ്റുകളെ ശരിയായ രീതിയില്‍ ശിക്ഷിക്കാനാവുന്നില്ലെന്നും സെന്‍ കുമാറിനു പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസത്തെ കോടതിവിധി അദ്ദേഹം വായിക്കുന്നത് നന്ന്്.  രാഷ്ട്രീയ സ്വാധീനവും മാഫിയ ബന്ധവും അഴിമതിയുമില്ലാത്ത പൊലീസ് സേനയാണ് നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. അതെല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതെങ്ങെനെയാണ് താങ്കള്‍ നടപ്പാക്കുക എന്നതാണ് ചോദ്യം.
വാസ്തവത്തില്‍ ഡിജിപി ആകുന്നതിനു മുമ്പ് വളരെ വ്യത്യസ്ഥമായ നിലപാടുകളായിരുന്നു സെന്‍ കുമാറിന്റേത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ കണക്കുകള്‍ പ്രകാരം ബഹുഭൂരിപക്ഷം പരാതികളും പൊലീസിനെ സംബന്ധിച്ചുള്ളവയായിരുന്നുവെന്ന് ചൂണ്ടികാട്ടിയ സെന്‍കുമാര്‍ അടുത്തയിടെ അതേകുറിച്ച് ഏറെ സംസാരിച്ചിരുന്നു. വ്യക്തികളോടും സമൂഹത്തോടും പരുഷമായി പെരുമാറുക. അകാരണമായി അവരെ അപമാനിക്കുക, ദേഹോപദ്രവം ഏല്‍പ്പിക്കുക നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി കേസ് രജിസ്റ്റര്‍ ചെയ്യുക. നിയമവിരുദ്ധമായി വ്യക്തികളെ അറസ്റ്റ് ചെയ്യുക നിയമവിരുദ്ധമായ തെരച്ചിലുകള്‍ നടത്തുക. വസ്തുവകകളും വാഹനങ്ങളും മറ്റും അകാരണമായി പിടിച്ചെടുക്കുക, പണമോ സ്വാധീനമോ വഴി സ്വാധീനിക്കാന്‍ കഴിയാത്തവരുടെ പരാതികള്‍ അവഗണിക്കുക, ക്രമസമാധാനത്തിനു വേണ്ടി അമിതബലപ്രയോഗം നടത്തുക വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുക, വ്യക്തിപരമായ താല്പര്യങ്ങള്‍ക്കുവേണ്ടി പൊലീസ് സംവിധാനം ദുര്‍വിനിയോഗം ചെയ്യുക, സത്യസന്ധമായും നീതിപൂര്‍വ്വകമായും മുഖം നോക്കാതെയും നടപടികള്‍ എടുക്കാതിരിക്കുക കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പീഡിപ്പിക്കുക സ്ത്രീകളോട് മോശമായി പെരുമാറുക ഡ്യൂട്ടിയ്ക്കിടയില്‍ മദ്യപിക്കുക, മുറുക്കുക, പുകവലിക്കുക.
സ്ത്രീകളുടെ സംരക്ഷണത്തിനായി രൂപം കൊടുത്ത ‘പ്രിവന്‍ഷന്‍ ഒഫ് ഇമ്മോറല്‍ ട്രാഫിക് ആക്റ്റ്’ പ്രകാരം സ്ത്രീകളെ തന്നെ അറസ്റ്റ് ചെയ്യുക തുടങ്ങിയ നടപടികളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
തെരുവ് കച്ചവടം നടത്തുന്നവരുടെ സാധനങ്ങള്‍ നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരോടൊപ്പം പോകുന്ന പൊലീസുദ്യോഗസ്ഥര്‍ സാധനങ്ങള്‍ റോഡിലേയ്ക്ക് വാരിവലിച്ചെറിയുന്നത് പലതവണ മാദ്ധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്. അതേസമയം വളരെയധികം സ്ഥലം കൈയേറി വലിയ കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കിയവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കുന്നതായി കാണാറുമില്ലെന്നും സെന്‍കുമാര്‍ ചൂണ്ടികാട്ടി.  ഒരു സെന്റ് കൈയ്യേറി പെട്ടിക്കട വയ്ക്കുന്നവന്റെ സാധനങ്ങള്‍ തകര്‍ത്തെറിയാനുമാണ് പൊലീസിന് താത്പര്യം. ആരെങ്കിലും പൊലീസ് സ്‌റ്റേഷനില്‍ വന്നുകഴിഞ്ഞാല്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും സാദ്ധ്യമാകാത്ത വിധത്തില്‍ ബുദ്ധിമുട്ടിക്കുക, വന്നിരിക്കുന്ന ആളിന്റെ പരാതിയുമായി യാതൊരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുക തുടങ്ങിയവയേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
മനുഷ്യാവകാശങ്ങളുടെ വ്യാപ്തിയെ കുറിച്ചും സെന്‍കുമാര്‍ അന്ന് ചില സത്യങ്ങള്‍ വിളിച്ചുപറയാന്‍ തയ്യാറായി. ശുദ്ധജലം ലഭിക്കാത്തതു മുതല്‍ പരിസരമലിനീകരണം, വിഷലിപ്തമായ ആഹാരപദാര്‍ത്ഥങ്ങള്‍ നല്‍കല്‍ തുടങ്ങി നിരവധി മനുഷ്യാവകാശ ലംഘനങ്ങളുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും പരാതികളായി വരുന്നില്ല. കേരളത്തിലെ ഏകദേശം 40 ലക്ഷത്തോളം വരുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളിലെ 80% പേരും മനുഷ്യാവകാശലംഘനങ്ങളുടെ ജീവിക്കുന്ന പ്രതീകങ്ങളാണ്. അതില്‍ത്തന്നെ എത്ര മനുഷ്യാവകാശലംഘന കേസുകള്‍ വരുന്നുണ്ട്?
സമൂഹത്തിലെ മറ്റു പ്രസക്തമായ വിഷയങ്ങളോടും സെന്‍കുമാര്‍ പ്രതികരിക്കാറുണ്ട്. മാധ്യമങ്ങളുടെ സ്ത്രീവിരുദ്ധ ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെ അദ്ദേഹം ശക്തമായി ആഞ്ഞടിച്ചിരുന്നു. സോളാര്‍ കേസില്‍ മാധ്യമങ്ങളുടെ നിലപാടിലെ സ്ത്രീവിരുദ്ധത അദ്ദേഹം ചൂണ്ടികാട്ടി. ഏതു മാധ്യമത്തിലാണ് ദളിതര്‍ക്ക് ചെറിയ തോതിലെങ്കിലും പ്രാതിനിധ്യമുള്ളതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ദൃശ്യം എന്ന സിനിമയില്‍ ഒരു സാധാരണക്കാരന്‍ പോലീസിനെ തോല്‍പ്പിക്കുന്നത് സഹിക്കാന്‍ അദ്ദേഹത്തിനായില്ല.
എന്തായാലും അല്‍പ്പസ്വല്‍പ്പം വ്യത്യസ്ഥനായതിനാല്‍ സെന്‍കുമാര്‍ ഡിജിപി പദമേറ്റെടുക്കുമ്പോള്‍ ജനങ്ങള്‍ ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ആ പ്രതീക്ഷക്ക് തിരിച്ചടിയാണോ കഴിഞ്ഞ ദിവസത്തെ പ്രസംഗമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply