ട്രക്കിഗ് പുരുഷന്മാരുടെ തീര്‍ത്ഥാടനമോ?

വിംഗ്‌സ് കേരള, പെണ്ണൊരുമ സ്ത്രീകള്‍ അഗസ്ത്യാര്‍ കൂടം ട്രക്കിംഗിന് അപേക്ഷിക്കേണ്ടതില്ല – വനിത സംഘടന നേതാക്കള്‍ക്ക് ഒരു തുറന്ന കത്ത്. ജൈവ വൈവിധ്യ സംരക്ഷണത്തിന്റെയും വനസംരക്ഷണത്തിന്റെയും ഭാഗമായി വനം വകുപ്പ് ട്രക്കിംഗുകളും പരിസ്ഥിതി ക്യാമ്പുകളും ലോകത്താകമാനം സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ അവിടെയൊന്നുമില്ലാത്ത വിലക്കാണ് കേരള സര്‍ക്കാരും വനം വകുപ്പും അഗസ്ത്യാര്‍ കൂടം ട്രക്കിംഗില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭരണഘടന ഉറപ്പു നല്‍കുന്ന സ്ത്രീ പുരുഷ സമത്വം ഒരു സര്‍ക്കാര്‍ സംവിധാനം തന്നെ ലംഘിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭരണത്തില്‍ പങ്കാളികളാവുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്ത്രീനേതൃത്വങ്ങള്‍ […]

aga

വിംഗ്‌സ് കേരള, പെണ്ണൊരുമ

സ്ത്രീകള്‍ അഗസ്ത്യാര്‍ കൂടം ട്രക്കിംഗിന് അപേക്ഷിക്കേണ്ടതില്ല – വനിത സംഘടന നേതാക്കള്‍ക്ക് ഒരു തുറന്ന കത്ത്.

ജൈവ വൈവിധ്യ സംരക്ഷണത്തിന്റെയും വനസംരക്ഷണത്തിന്റെയും ഭാഗമായി വനം വകുപ്പ് ട്രക്കിംഗുകളും പരിസ്ഥിതി ക്യാമ്പുകളും ലോകത്താകമാനം സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ അവിടെയൊന്നുമില്ലാത്ത വിലക്കാണ് കേരള സര്‍ക്കാരും വനം വകുപ്പും അഗസ്ത്യാര്‍ കൂടം ട്രക്കിംഗില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭരണഘടന ഉറപ്പു നല്‍കുന്ന സ്ത്രീ പുരുഷ സമത്വം ഒരു സര്‍ക്കാര്‍ സംവിധാനം തന്നെ ലംഘിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭരണത്തില്‍ പങ്കാളികളാവുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്ത്രീനേതൃത്വങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ മലയാണ് അഗസ്ത്യാര്‍ കൂടം. നെയ്യാര്‍ വന്യ ജീവി സങ്കേതത്തില്‍പ്പെട്ട ഈ മലകള്‍ക്ക് പഞ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ജൈവ വൈവിധ്യ മേഖലയാണ് രണ്ടായിരത്തിലധികം അപൂര്‍വ്വ ഔഷധ സസ്യങ്ങളെയാണ് പ്രകൃതി ഇവിടെ വളര്‍ത്തി പരിപ്പാലിക്കുന്നത്. ലോക പൈതൃകപ്പട്ടികയില്‍ ഇടം പിടിച്ച അഗസ്ത്യാര്‍ കൂടത്തിലേക്കുള്ള ട്രക്കിംഗ് അതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവവും പ്രചോദനവുമാണ്. സ്ത്രീകളെ ട്രക്കിംഗില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്ത്രീ പുരുഷ സമത്വം എന്ന അവകാശത്തിന്റെ നഗ്നമായ ലംഘനം മാത്രമല്ല സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യവും അറിയാനും പഠിക്കാനും ആസ്വദിക്കാനുമുള്ള പൗരവകാശങ്ങളുടെയും ലംഘനമാണ് ഭരണഘടനയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനമായ വനം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.
ട്രക്കിംഗില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നതിന് കാരണമായി വനം വകുപ്പ് മന്ത്രിയും പറയുന്നത് സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയാത്തതു കൊണ്ടാണെന്നാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടും ഉപയോഗിച്ച് കൊണ്ട് സര്‍ക്കാരിന്റെ അധീനതയിലുള്ള ഒരു പ്രദേശത്തേക്ക് നടത്തുന്ന ട്രക്കിംഗില്‍ നിന്ന് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് സ്ത്രീകളെ ഒഴിവാക്കുന്നത് ന്യായീകരിക്കത്തക്കതാണോ. വന്യ മൃഗങ്ങള്‍ സ്ത്രീകളെ മാത്രം തിരഞ്ഞ് പിടിച്ച് ഉപദ്രവിക്കില്ലെന്നിരിക്കെ ഒരു റിസേര്‍വ് ഫോറസ്റ്റില്‍ വളരെ നിയന്ത്രിതമായി പൊതുജനങ്ങളെ പ്രവേശിപ്പിക്കുമ്പോള്‍ (10 പേരടങ്ങുന്ന 10 ഗ്രൂപ്പുകളെയാണ് വനം വകുപ്പ് ഏര്‍പ്പെടുത്തുന്ന ഗൈഡുകളുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും ഒരു ദിവസം പ്രവേശിപ്പിക്കുക). മറ്റെന്ത് സുരക്ഷക്കുറവാണ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നത്. ഭയത്തിനടിസ്ഥാനമുണ്ടെങ്കില്‍ സുരക്ഷ ഒരുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ആ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞ് മാറി സ്ത്രീകളുടെ മൗലികാവകാശങ്ങളെ വിലക്കുകയാണ് കേരള വനം വകുപ്പ് ചെയ്യുന്നത്.
കാടും മലയും പുഴയുമൊക്കെ പൊതുസ്വത്തായിരിക്കെ അവിടേക്കുള്ള പ്രവേശനം പുരുഷനുമാത്രം അനുവദിച്ച് കൊടുക്കുന്നത് സ്ത്രീകളോടുള്ള വിവേചനമാണ്. ഉയരങ്ങള്‍ കീഴടക്കാനും പ്രകൃതി പഠനം നടത്താനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമൊക്കെയുള്ള തൃഷ്ണയും സന്നദ്ധതയും ആഗ്രഹളുമൊക്കെ ഒരു വിഭാഗത്തിനു മാത്രം അനുവദിക്കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്.
ബഹിരാകാശ യാത്രയും പാര്‍വ്വതാരോഹണവുമടക്കം സാഹസികത നിറഞ്ഞതും അപകടകരവുമായ എല്ലാ മേഖലകളിലും പുരുഷനോടൊപ്പം സ്ത്രീകളും സാനിധ്യം ഉറപ്പിച്ച ആംധുനികകാലത്ത് 14 വയസ്സില്‍ താഴെയുള്ള കുട്ടികളും സ്ത്രീകളും ് ട്രക്കിംഗിന് അപേക്ഷിക്കേണ്ടതില്ല എന്ന നിബന്ധനവെച്ച് കൊണ്ട് വനം വകുപ്പ് പുറത്തിറക്കുന്ന പരസ്യം സ്ത്രീ പദവിയെ അവഹേളിക്കുന്നതാണ്. പക്വതയും വിവേചനബുദ്ധിയും പൂര്‍ണമായും നേടിയിട്ടില്ലാത്ത കുട്ടികള്‍ക്ക് തുല്യരായല്ല സ്ത്രീകളെ പരിഗണിക്കേണ്ടത്.
വനം വകുപ്പിന്റെ സ്ത്രീ വിവേചനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ 2017 ജനുവരി 24 ന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടന്നിരുന്നു. അഗസ്ത്യാര്‍ കൂടം ട്രക്കിംഗില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാമെന്ന് സമ്മതിച്ചതുമായിരുന്നു. അതിനായി ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം 2017 മെയ് മാസത്തില്‍ മാര്‍ഗ രേഖയും സര്‍ക്കാര്‍ പുറത്തിറക്കി എന്നാല്‍ അതിനു വിരുദ്ധമായി ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് ജനുവരി 5 ന് ആരംഭിക്കുമ്പോഴും സ്ത്രീ വിവേചനം തുടരുകയാണുണ്ടായത്.
ട്രക്കിംഗില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നതിന് കാരണം വനം വകുപ്പ് പറയുന്ന
സുരക്ഷ കാരണങ്ങളോ സൗകര്യ കുറവോ അല്ലെന്നും സുരക്ഷയുടെ മറവില്‍ സര്‍ക്കാര്‍ സ്ത്രീ വിരുദ്ധമായ അനാചാരങ്ങളെ സംരക്ഷിക്കുകയാണെന്നുമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ട്രക്കിംഗ് കാലം മകരജ്യോതി മുതല്‍ ശിവ രാത്രി വരെ എന്ന് തീരുമാനിച്ചിരിക്കുന്നത് ഇതിന് തെളിവാണ്. റിസര്‍വ് ഫോറസ്റ്റിലേക്കുള്ള ട്രക്കിംഗ് കാലം തീരുമാനിക്കുമ്പോള്‍ വനത്തിന്റെ ആവാസവ്യവസ്ഥ, വന്യ ജീവികളുടെ പ്രജനനം തുടങ്ങി വനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന ഘടകങ്ങളാണ് പരിഗണിക്കേണ്ടത്. എന്നാല്‍ ട്രക്കിംഗ് ആരംഭിച്ച 1990 മുതല്‍ ട്രക്കിംഗ് കാലം മകരജ്യോതി മുതല്‍ ശിവ രാത്രി വരെയാണ്. ഒരു റിസര്‍വ് ഫോറസ്റ്റിലേക്കുള്ള ട്രക്കിംഗ് തീര്‍ത്ഥാടനമാക്കാന്‍ വനം വകുപ്പിന് അധികാരമുണ്ടോ ? സ്ത്രീ വിരുദ്ധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരല്ല ഭരണകൂടങ്ങളും സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരും. അതുകൊണ്ട് തെല്‍് തിരുത്താന്‍ സര്‍ക്കാരും വനം വകുപ്പും തയ്യാറാകേണ്ടതുണ്ട്. ഭരണഘടന ലംഘനവും സ്ത്രീ വിവേചനവും തുടര്‍ന്ന് കൊണ്ടിരിക്കുന്ന വനം വകുപ്പിനെ തിരുത്താന്‍ കേരളത്തിലേ സ്ത്രീ സംഘടനകള്‍ രംഗത്ത് വരേണ്ടതുണ്ട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply