ടോള്‍ ബൂത്ത് : മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുമ്പോള്‍
തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ പാലിയക്കര ടൂള്‍ ബൂത്തിലൂടെയുള്ള യാത്ര ദുരന്തമാകുകയാണ്. നോട്ടു നിരോധനത്തെ തുടര്‍ന്ന് കുറച്ചു ദിവസം ടൂള്‍ ബൂത്ത് അടച്ചുപൂട്ടിയിരുന്നു. പിന്നീട് തുറന്നപ്പോഴാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായിരിക്കുന്നത്. നോട്ടിന്റെ പേരുപറഞ്ഞ് കടുത്ത നിയമലംഘനമാണ് ടോള്‍ അധികൃതര്‍ ചെയ്യുന്നത്.. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുകയാണ്. ടോള്‍ പ്ലാസകളില്‍ ഒരു വരിയില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങളുണ്ടെങ്കില്‍ ടോള്‍ വാങ്ങാതെ തുറന്നു വിടണമെന്നാണ് നിയമം. എന്നാല്‍ പട്ടാപകല്‍ നിയമലംഘനം നടത്തുകയും പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും കേസു കൊടുക്കുകയുമാണ് ചെയ്യുന്നത്. ചില്ലറയില്ലാത്തതാണ് പ്രശ്‌നമെന്നാണ് […]
തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ പാലിയക്കര ടൂള്‍ ബൂത്തിലൂടെയുള്ള യാത്ര ദുരന്തമാകുകയാണ്. നോട്ടു നിരോധനത്തെ തുടര്‍ന്ന് കുറച്ചു ദിവസം ടൂള്‍ ബൂത്ത് അടച്ചുപൂട്ടിയിരുന്നു. പിന്നീട് തുറന്നപ്പോഴാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായിരിക്കുന്നത്. നോട്ടിന്റെ പേരുപറഞ്ഞ് കടുത്ത നിയമലംഘനമാണ് ടോള്‍ അധികൃതര്‍ ചെയ്യുന്നത്.. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുകയാണ്.
ടോള്‍ പ്ലാസകളില്‍ ഒരു വരിയില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങളുണ്ടെങ്കില്‍ ടോള്‍ വാങ്ങാതെ തുറന്നു വിടണമെന്നാണ് നിയമം. എന്നാല്‍ പട്ടാപകല്‍ നിയമലംഘനം നടത്തുകയും പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും കേസു കൊടുക്കുകയുമാണ് ചെയ്യുന്നത്. ചില്ലറയില്ലാത്തതാണ് പ്രശ്‌നമെന്നാണ് അവര്‍ പറയുന്നത്. സൊയ്പിംഗ് മെഷിന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വളരെ സാവധാനമാണ് ടോള്‍ പിരിക്കുന്നത്. ഫലത്തില്‍ പണം കൊടുത്തു യാത്രചെയ്താലും സമയത്ത് എത്താനാകാത്ത അവസ്ഥയാണ് യാത്രക്കാരുടേത്. എ ഐ വൈ എഫും യൂത്ത് കോണ്‍ഗ്രസ്സുമടക്കം പല സംഘടനകളും ഇതില്‍ പ്രതിഷേധിക്കുകയും പ്ലാസ തുറന്നു കൊടുക്കുകയുമുണ്ടായി. അവര്‍ക്കെതിരെ പരാതി കൊടുത്തിരിക്കുകയാണ്. ഡിസംബര്‍ അഞ്ചുമുതല്‍ 17 വരെ ദിവസങ്ങളില്‍ പലപ്പോഴായി സംഘടനകള്‍ ടോള്‍പ്‌ളാസ തുറന്നുകൊടുത്തതിലൂടെ 4.69 ലക്ഷം നഷ്ടമുണ്ടായെന്ന് പരാതിയില്‍ പറയുന്നു. ഇടക്ക് പോലീസും പ്ലാസ തുറന്നു കൊടുത്തിരുന്നു. പുതുക്കാട് എസ്.ഐ വി. സജീഷ്‌കുമാറിനെതിരെയും ടോള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. ടോള്‍പാതയുടെ നിര്‍മാണച്ചുമതലയുള്ള ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഡയറക്ടര്‍ അസിം തിവാരിയാണ് പരാതി നല്‍കിയത്. വാഹനത്തിരക്ക് നിയന്ത്രണാതീതമാകുന്ന സമയം ടോള്‍ബൂത്ത് തുറന്നുകൊടുക്കുന്നതിന് പകരം ടോള്‍പിരിവ് സുഗമമാക്കാന്‍ പൊലീസ് സഹായിക്കണമെന്നാണ് ടോള്‍ കമ്പനിയുടെ ആവശ്യം.
അതിനിടെ രസകരമായ മറ്റൊരു സംഭവവുമുണ്ടായി. ടോള്‍ പ്ലാസ തുടങ്ങിയതുമുതല്‍ ഇവിടെ പോലീസി കാവലുണ്ട്. പ്ലാസ അടച്ചുപൂട്ടാനാവശ്യപ്പെട്ട് മാസങ്ങള്‍ നടന്ന സമരം പിന്‍വലിച്ചിട്ടും പോലീസ് സാന്നിധ്യം തുടരുകയായിരുന്നു. സാധാരണ ദിവസങ്ങളില്‍ പത്ത് പൊലീസുകാരും ഒരു ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്ന സംഘമാണ് ടോള്‍ പ്ലാസക്ക് കാവലായി ഉണ്ടായിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്ന ദിവസങ്ങളില്‍ പൊലീസിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാറുണ്ടായിരുന്നു. കമ്പനി നടത്തുന്ന ജനദ്രോഹങ്ങള്‍ക്കെല്ലാം പഴി കേട്ടിരുന്നത് പൊലീസിനായിരുന്നു. പൊലീസിന്റെ ഒത്താശയോടെയായിരുന്നു കമ്പനി കരാര്‍ ലംഘനം നടത്തുന്നതെന്നായിരുന്നു പ്രധാന ആരോപണം. പൊലീസ് നോക്കിനില്‍ക്കെ കമ്പനി ജീവനക്കാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്യുന്നത് പതിവ് കാഴ്ചയായിരുന്നു. കഴിഞ്ഞ ദിവസം വിവരാവകാശം മൂലം ലഭിച്ച മറുപടിയില്‍ മനസ്സിലായത് അത്തരമൊരു പോലീസ് കാവലിനെ കുറിച്ച് പോലീസിനുതന്നെ അറിയില്ല എന്നാണ്. ആരാണ് കാവലിനു ഉത്തരവു നല്‍കിയതെന്നതിന് യാതൊരു രേഖയുമില്ല. പിന്നെ എന്തിന് ഇത്രയും കാലം പോലീസ് കാവല്‍ നിന്നു എന്ന ചോദ്യം അവശേഷിക്കുകയാണ്. ടോളിനു സമീപത്തെ സമാന്തരപാത നിയമവിരുദ്ധമായി അടച്ചതിനെ തുടര്‍ന്ന് തുറന്നവര്‍ക്കെതിരായ പോലീസ് നടപടിയും മറ്റും എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നതിനും മറുപടി ലഭിക്കണം. സംഭവം വിവാദമായതിനുശേഷം അവിടെ പോലീസിനെ കാണാനില്ല. വാസ്തവത്തില്‍ വാഹനനിര കൂടുമ്പോള്‍ പ്ലാസ തുറന്നു കൊടുക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ പോലീസിന്റെ സാന്നിധ്യം ഇപ്പോഴാണ് അനിവാര്യമായിരിക്കുന്നത്. ഇപ്പോള്‍ പോലീസിനെ പന്‍വലിച്ചതിലും ഗൂഢാലോചനയുണ്ടെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.
ടോള്‍പിരിവു നിബന്ധന ലംഘിച്ചു വാഹനങ്ങളെ ഏറെസമയം തടഞ്ഞിട്ടു ഗതാഗതകുരുക്കു സൃഷ്ടിച്ചു പിരിവെടുക്കുന്നതായും അനധികൃതമായി പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്നു എന്നും ചൂണ്ടികാട്ടി എ ഐ വൈ എഫ് നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുന്നത്. കമ്പനിക്കും ദേശീയപാത അതോറിട്ടിക്കും പൊതുമരാമത്ത് പ്രിന്‍സിപ്പിള്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കുമാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
അല്ലെങ്കില്‍ തന്നെ വളരെ മോശമായ സംവിധാനമാണ് ടോള്‍ പ്ലാസയിലും ദേശീയപാതയിലും നിലനില്‍ക്കുന്നത്. റോഡുനികുതിക്കുപുറമെ വന്‍തുക ടോള്‍ കൊടുക്കുമ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്കു ലഭിക്കണം. ചെന്നൈക്കോ ബാംഗ്ലൂര്‍ക്കോ റോഡുവഴി പോകുമ്പോള്‍ അതു വ്യക്തമാകും. എന്നാല്‍ ഇവിടെ അതല്ല അവസ്ഥ. നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ പോലും ഇത്രയും വര്‍ഷമായി ടോള്‍ കമ്പനി ചെയ്തിട്ടില്ല എന്നതാണ് വസ്തുത. വേണ്ടത്ര ഓവര്‍ ബ്രിഡ്ജുകളോ കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങളോ ബസ് ബേകളോ വഴി വിളക്കുകളോ സര്‍വ്വീസ് റോഡുകളോ ഇല്ലാതെയാണ് ടോള്‍ കൊള്ള നടക്കുന്നത്. സിഗ്‌നലുകളില്‍ കാത്തുകെട്ടികിടക്കേണ്ട അവസ്ഥയാണ് വഴിനീളെ. ടോള്‍ കൊടുത്ത് ഉടന്‍ നമ്മെ സ്വീകരിക്കുക ആമ്പല്ലൂരിലെ ചുവന്ന സിഗ്നല്‍ ലൈറ്റാണ്. തിരക്കുപിടിച്ച അങ്കമാലി സെന്ററില്‍ പോലും ഓവര്‍ ബ്രിഡ്ജില്ല. ഇത്രയും ദൂരത്തിനിടയില്‍ ഒറ്റ ടോള്‍ ബൂത്ത് മാത്രമേ ഉള്ളു എന്നതിനാല്‍ ചെറിയ ദൂരത്തിനുപോലും വലിയ തുകയാണ് കൊടുക്കേണ്ടിവരുന്നത്. മാത്രമല്ല, അശാസ്ത്രീയമായ നിര്‍മ്മാണത്തിന്റെ ഫലമായി അപകടങ്ങളുടെ പരമ്പരയാണ് ഈ പാതയില്‍ നടക്കുന്നത്. തൃശ്ശൂരിലെ നേര്‍വഴി സംഘടന ശേഖരിച്ച കണക്കുകള്‍ പ്രകാരം മണ്ണുത്തിമുതല്‍ തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കറുകുറ്റി വരെയുള്ള 38 കിലോമീറ്റര്‍ പരിധിയില്‍ രണ്ട് വര്‍ഷത്തിനിടെ 252 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചു. ഇവരില്‍ 54 പേര്‍ കാല്‍ നടയാത്രക്കാരാണ്. കാല്‍നടക്കാരേയോ സൈക്കിള്‍ യാത്രക്കാരേയോ പരിഗണിക്കുകപോലും ചെയ്യാതെയാണ് റോഡു നിര്‍മ്മാണം നടന്നിട്ടുള്ളത്. 1168 അപകടങ്ങളിലായി 1518 പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ടോള്‍ പിരിവ് നടക്കുന്ന പുതുക്കാട് പ്രദേശത്ത് മാത്രം 411 അപകടങ്ങളില്‍ 65 പേര്‍ മരിച്ചതായാണ് കണക്ക്. 520 പേര്‍ക്ക് പരിക്കേറ്റു. അന്താരാഷ്ട്ര നിലവാരമുള്ള അപകടരഹിത നാലുവരി പാത. ഇതായിരുന്നു മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാതാ നിര്‍മ്മാണത്തിലെ പ്രധാന കരാര്‍ വ്യവസ്ഥ. എന്നാല്‍ പാത കണ്ടാല്‍ ഈ അവകാശവാദങ്ങളെല്ലാം പൊളിയും. എന്നാലും കൊള്ളക്കൊരു കുറവുമില്ല എന്നതാണ് ദുഖകരം. ആ കൊള്ളയുടെ കണക്കാകട്ടെ ഞെട്ടിക്കുന്നതാണ്. പാതനിര്‍മ്മാണത്തിന് 725 കോടിയാണ് കമ്പനി ചിലവാക്കിയിട്ടുള്ളത്. 5 വര്‍ഷത്തെ ടോള്‍ പിരിവ് 506 കോടിയാണ്. ഈ നില്കകുമാത്രം പോയാല്‍ 20 വര്‍ഷത്തെ പിരിവ് 2024 കോടിയാകും. വാഹനങ്ങളുടെ എണ്ണവും നിരക്കും കൂടുമെന്നതിനാല്‍ വരവ് അതിനേക്കാള്‍ ഏറെ കൂടും. ബൂത്ത് നടത്താനുള്ള ചിലവ് എത്ര പര്‍വ്വതീകരിച്ചാല്‍ പോലും കമ്പനിക്കു ലഭിക്കുന്ന ലാഭം എത്ര ഭീമമായിരിക്കും. ടോള്‍ പാത അനിവാര്യമാണെന്നു കരുതുന്നവര്‍ക്കുപോലും അംഗീകരിക്കാനാവാത്ത കൊള്ളലാഭമാണ് കമ്പനി നേടുന്നതെന്നു സാരം. എന്നിട്ടും ഉപഭോക്താക്കളോട് നീതി പുലര്‍ത്തുന്നില്ല എന്നതാണ് വൈരുദ്ധ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in