ടി എന്‍ ജോയിക്ക് പറയാനുള്ളത്
ഇ.പി. കാര്‍ത്തികേയന്‍ ടീയെന്‍ ജോയ് എന്ന മുന്‍ നക്‌സലേറ്റ്, ഇപ്പോഴത്തെ വ്യാഖ്യാനമനുസരിച്ച് മാവോയിസ്റ്റ് ഇസ്ലാംമതത്തിലേക്ക് എന്ന വാര്‍ത്ത പുതുമയുള്ളതല്ല. മാറ്റം മാത്രമാണ് മാറ്റമില്ലാത്തത് എന്ന മാര്‍ക്‌സിയന്‍ ആശയത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നയാളാണ് നജ്മല്‍ ബാബുവെന്ന പുതിയ മനുഷ്യന്‍. സമൂഹത്തിന്റെ നെറികേടുകളോട് കലഹിച്ചാണ് ജോയ് എന്ന കൗമാരക്കാരന്‍ നക്‌സലേറ്റായത്. കമ്യൂണിസ്റ്റ് ആശയങ്ങളുടെ സങ്കേതമായിരുന്നു ജോയിയുടെ വീട്. അച്ഛന്റെ ജനിതകതുടര്‍ച്ചയാവാം ഈ മകന്‍. അച്ഛന്‍ നീലകണ്ഠദാസ് അധ്യാപകനും പേരുകേട്ട വൈദികനുമായിരുന്നു. സംസ്‌കൃതപണ്ഡിതനുമായിരുന്നു. എന്നാല്‍ റബലിയസ് എത്തീസ്റ്റ് എന്നു വിളിക്കാനാണ് ജോയിക്ക് താല്പര്യം. […]
ടീയെന്‍ ജോയ് എന്ന മുന്‍ നക്‌സലേറ്റ്, ഇപ്പോഴത്തെ വ്യാഖ്യാനമനുസരിച്ച് മാവോയിസ്റ്റ് ഇസ്ലാംമതത്തിലേക്ക് എന്ന വാര്‍ത്ത പുതുമയുള്ളതല്ല. മാറ്റം മാത്രമാണ് മാറ്റമില്ലാത്തത് എന്ന മാര്‍ക്‌സിയന്‍ ആശയത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നയാളാണ് നജ്മല്‍ ബാബുവെന്ന പുതിയ മനുഷ്യന്‍. സമൂഹത്തിന്റെ നെറികേടുകളോട് കലഹിച്ചാണ് ജോയ് എന്ന കൗമാരക്കാരന്‍ നക്‌സലേറ്റായത്. കമ്യൂണിസ്റ്റ് ആശയങ്ങളുടെ സങ്കേതമായിരുന്നു ജോയിയുടെ വീട്. അച്ഛന്റെ ജനിതകതുടര്‍ച്ചയാവാം ഈ മകന്‍. അച്ഛന്‍ നീലകണ്ഠദാസ് അധ്യാപകനും പേരുകേട്ട വൈദികനുമായിരുന്നു. സംസ്‌കൃതപണ്ഡിതനുമായിരുന്നു. എന്നാല്‍ റബലിയസ് എത്തീസ്റ്റ് എന്നു വിളിക്കാനാണ് ജോയിക്ക് താല്പര്യം. വിട്ടുവീഴ്ചയില്ലാത്ത ഭൗതികവാദിയായിരുന്നു തന്റെ പിതാവ്. അയിത്താചരണത്തിനും ജാതിവിവേചനത്തിനും എതിരേ ശക്തമായി പ്രതികരിക്കുന്ന പിതാവിനെ കണ്ടുകൊണ്ടാണ് മക്കള്‍ വളര്‍ന്നത്.
ഈഴവരായി ജനിച്ചുവെന്നതുകൊണ്ടുമാത്രം വിവേചനം അനുഭവിച്ചറിഞ്ഞ തലമുറയുടെ കാലം. ഫ്യൂഡല്‍ പാരമ്പര്യം വെളിവാക്കുന്ന ആചാരങ്ങളുടെ കാലം. തൊട്ടടുത്ത് ഒരു നായര്‍ ഡോക്ടറുണ്ടായിരുന്നു. കീഴ്ജാതിക്കാര്‍ എന്നു പൊതുവെ അറിയപ്പെട്ടിരുന്നവര്‍ ആ ഡോക്ടറെ തമ്പുരാന്‍ എന്നാണ് വിളിച്ചിരുന്നത്. ഇത് അംഗീകരിക്കാന്‍ സഹോദരന്‍ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തില്‍ അംഗവും യുക്തിവാദിയുമായിരുന്ന നീലകണ്ഠദാസിനാവുമായിരുന്നില്ല. എന്നാല്‍ പ്രതിഷേധത്തിന് അദ്ദേഹം മറ്റൊരു മാതൃകയാണ് സ്വീകരിച്ചത്. ഒരു പട്ടിയെ വാങ്ങി അതിന് തമ്പുരാന്‍ എന്നു പേരിട്ടു. പട്ടിയെ തമ്പുരാന്‍ എന്നു വിളിക്കാന്‍ നാട്ടുകാര്‍, അതും കീഴ്ജാതിയില്‍പ്പെട്ടവര്‍ നിര്‍ബന്ധിതരായി. ഇത്തരത്തില്‍ ഒട്ടേറെ പ്രതിഷേധങ്ങളുടെ കഥകള്‍ കേട്ടുകൊണ്ടാണ് താനും സഹോദരങ്ങളും വളര്‍ന്നത്. അതുകൊണ്ടുതന്നെ ഞങ്ങളെല്ലാം ജനിച്ചത് റെബലുകള്‍ അഥവാ കമ്മ്യൂണിസ്റ്റുകളായിട്ടാണ്. സി.പി.ഐ. നേതാവായിരുന്ന ടി.എന്‍.കുമാരന്‍, ചരിത്രകാരനായിരുന്ന തൈവാലത്ത് ബാലകൃഷ്ണന്‍, ടി.എന്‍. വിമലാദേവി, ടി.എന്‍. സുശീലാദേവി, പിന്നെ താന്‍. അമ്മ ദേവയാനിയും അച്ഛന്റെ ആശയങ്ങള്‍ക്കൊപ്പം നിന്നു. കമ്മ്യൂണിസ്റ്റുകാരികളായതിനാല്‍ ജോലിവരെ നഷ്ടപ്പെട്ടവരാണ് സഹോദരിമാര്‍. പിന്നീട് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് അവര്‍ അധ്യാപകവൃത്തിയില്‍ പ്രവേശിച്ചത്. ഇങ്ങനെ നിരന്തരം പോരാടിക്കൊണ്ടിരുന്ന ചരിത്രത്തിന്റെ ഇടങ്ങളിലാണ് ജോയ് എന്ന ചെറുപ്പക്കാരന്റെ വളര്‍ച്ച. ഔപചാരികമായി കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നില്ല. അതിന്റെ ആവശ്യവുമില്ലായിരുന്നു. കാരണം ഞങ്ങള്‍ ജനിച്ചതേ കമ്മ്യൂണിസ്റ്റായിട്ടാണ്. അതുകൊണ്ടാവണം ജോയ് എന്ന് തനിക്കും അയിഷയെന്ന് അമ്മാവന്റെ മകള്‍ക്കും അച്ഛന്‍ പേരിടുന്നത്.
ജോയ് എന്ന പേര് ഒരു ഈഴവച്ചെറുക്കന്. അത് അന്നത്തെ കാലത്ത് അത്ര അംഗീകരിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ സെക്കുലര്‍ ആയിരുന്ന ഒരു കുടംബബോധത്തില്‍നിന്ന് വന്ന തനിക്ക് ജോയ് എന്ന പേര് ഒരു പ്രശ്‌നമായിരുന്നില്ല. ആദ്യകാലത്ത് പള്ളിയില്‍ വേദപഠനത്തിനും പോയി. മതബോധനക്ലാസുകളില്‍ പോയതുകൊണ്ട് നിലവിലുള്ളതില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടായി എന്നു തോന്നിയിട്ടുമില്ല. തന്റെ കുട്ടിക്കാലം മുതലുള്ള കൂട്ടുകാര്‍ ഏറെയും മുസ്ലിം സഹോദരങ്ങളായിരുന്നു. അങ്ങനെ അല്പം അറബി പഠിക്കാനും കഴിഞ്ഞു. ജാതീയവും വംശീയവുമായ അതിര്‍വരമ്പുകളില്ലാത്ത സൗഹൃദമായിരുന്നു അത്. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ തന്റെ മൃതദേഹം ഖബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം പള്ളിക്കമ്മിറ്റിക്കാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അതുപോലെ നൃത്തം, സംഗീതം എന്നിവയും പഠിച്ചു. ഇതെല്ലാം അറിയാനുള്ള ആഗ്രഹത്തിന്റെ ഭാഗമായിരുന്നു. വിപ്ലവപ്രവര്‍ത്തനത്തിനു വിടനല്‍കിയ കാലത്താണ് സംഗീതം പഠിക്കണമെന്ന പൂതി കലശലായത്. പിന്നെ രമേശ് നാരായണനു കീഴില്‍ രണ്ടുവര്‍ഷം ഹിന്ദുസ്ഥാനി സംഗീതത്തില്‍ ശിഷ്യനായി. ചാലക്കുടി ഗണപതിയുടെ കീഴില്‍ പുല്ലാങ്കുഴല്‍ വാദനവും അഭ്യസിച്ചു. പൂജാരിയാവാനും ഇടയ്ക്ക് പഠിച്ചു. പൂജാരിയായില്ലെന്നു മാത്രം. കുഞ്ഞുനാളില്‍ നൃത്തം പഠിക്കാനും പോയിരുന്നു. കൊടുങ്ങല്ലൂര്‍കാരിയായ അന്തരിച്ച നടി വിലാസിനിയായിരുന്നു ഗുരു. അത്ര ശാസ്ത്രീയമായ പഠനമായിരുന്നില്ല. സംഗീതത്തോടും ഗസല്‍ ഗായകന്‍ നജ്മല്‍ ബാബുവിനോടുമുള്ള കടുത്ത സ്‌നേഹത്തിന്റെ ഭാഗമായിട്ടുകൂടിയാണ് നജ്മല്‍ ബാബുവെന്ന പേര് സ്വീകരിച്ചത്. മതംമാറാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ല. നാളുകളായുള്ള ആലോചയ്ക്കുശേഷമാണ് ഇസ്ലാമാവാന്‍ തീരുമാനിച്ചത്. താന്‍ ഹിന്ദു മതത്തിലെ ഈഴവ സമുദായത്തിലാണ് ജനിച്ചത്. എന്നാല്‍ യാതൊരു മതവിശ്വാസവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിനുശേഷം ഹിന്ദുവര്‍ഗീയ സംഘടനകളെ ശക്തമായി എതിര്‍ത്തിരുന്നു. എന്നിട്ടും ഹിന്ദു സമൂഹത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് പലരും വിശേഷിപ്പിച്ചിരുന്നത്. ഇതിനോടുള്ള കടുത്ത എതിര്‍പ്പുംകൂടിയാണ് ഇസ്ലാംമതം സ്വീകരണത്തിനു കാരണമെന്നാണ് അദ്ദേഹം ഫെയ്‌സ് ബുക്ക് പേജില്‍ വ്യക്തമാക്കിയത്. ഇത് തികച്ചും വ്യക്തിപരമായ രാഷ്ട്രീയ തീരുമാനമാണ്. ആരും മാതൃകയാക്കേണ്ടതുമല്ല.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ അഷറഫ് പടിയത്തിനുവേണ്ടി തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതാണ് തന്റെ വിദ്യാര്‍ഥിസംഘടനാബന്ധമെന്ന് ജോയ് വിശദീകരിച്ചു. അന്ന് സ്റ്റുഡന്റ്‌സ് ഫെഡറേഷനായിരുന്നു. നക്‌സല്‍ബാരി സമരത്തെത്തുടര്‍ന്നാണ് തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചത്. നക്‌സലേറ്റ് പ്രസ്ഥാനം ഗുരുതരമായ അടിച്ചമര്‍ത്തല്‍ നേരിട്ട ആദ്യഘട്ടത്തില്‍ സംഘടനയെ വളര്‍ത്താന്‍ ശ്രമിച്ചതില്‍ താനും ഒരു പങ്കാളിയായി. ഒരു കാലത്തും നേതാവാകാന്‍ ആഗ്രഹിച്ചിട്ടില്ല. ഇപ്പോഴും ആഗ്രഹമില്ല. വെറും അനുയായിയാകാനും താനൊരുക്കമായിരുന്നില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാലമാകുമ്പോഴേക്കും ജയിലില്‍ പോകാനുള്ള അത്ര ആളുകളെ സംഘടിപ്പിക്കുവാനായി. പറവൂര്‍കാരനായ എം.എസ്. ജയകുമാറും ചേര്‍ന്നാണ് പ്രവര്‍ത്തകരെ സംഘടിപ്പിച്ചത്. ഭാസുരേന്ദ്രബാബുവിനെപ്പോലുള്ളവരെ സംഘടിപ്പിക്കന്നതും താനാണ്.
1976 മാര്‍ച്ചിലാണ് ജോയ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം കിഴക്കേ കോട്ടയില്‍നിന്നു പോലീസ് പിടികൂടി. നേരെ ശാസ്താംകോട്ട പോലീസ് ക്യാമ്പിലേക്ക്. മര്‍ദനത്തെക്കുറിച്ച് ഒന്നും പറയേണ്ടതില്ല. കാരണം, അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ നക്‌സലേറ്റുകള്‍ നേരിട്ട കൊടിയ ക്രൂരതകള്‍ ലോകത്തിനറിയാം. ഇതിനുമുമ്പ് 1974 മുതല്‍ ജോയ് ഒളിവിലായിരുന്നു. 1970-74ല്‍ സി.പി.ഐ. (എം.എല്‍) സംസ്ഥാന സെക്രട്ടറിയായിരുന്നു. അന്ന് അദ്ദേഹം അറിയപ്പെട്ടത് അനുഭാവികളുടെ സെക്രട്ടറിയെന്നാണ്. അഷ്ടമിച്ചിറയില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തെ തുടര്‍ന്നാണ് ഒളിവുജീവിതം. അക്കാലത്ത് കൊടുങ്ങല്ലൂരിലടക്കം എം.എല്‍. പ്രസ്ഥാനം ശക്തമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കൊടുങ്ങല്ലൂര്‍ മേഖലയില്‍നിന്നു മാത്രം 22 നക്‌സലൈറ്റുകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുമ്പളം കേസില്‍പ്പെട്ട് ജയിലില്‍ കിടക്കുമ്പോള്‍ കെ.എന്‍. രാമചന്ദ്രന്‍, കെ.വേണു, എന്‍ജീനിയര്‍ മോഹന്‍കുമാര്‍, ഏലൂരിലെ നടേശന്‍ തുടങ്ങിയവരായിരുന്നു സഹതടവുകാര്‍.
മൂന്നുവര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ രാഷ്ട്രീയത്തില്‍ എല്ലാം തികഞ്ഞ അവസ്ഥയായിരുന്നു. പലരും പല മേഖലകളില്‍. രാഷ്ട്രീയം ആത്മീയതയില്ലാത്ത ഒന്നായി. സമരസപ്പെടാവുന്ന ഒന്നും ഇല്ലാത്ത കാലം. നക്‌സലൈറ്റ് ആയതോടെ ബന്ധുജനങ്ങളുടെ സൗഹൃദങ്ങളില്‍ വിള്ളല്‍ വീണിരുന്നു. ഒരു തരം ബഹിഷ്‌കൃതന്‍. എന്നാല്‍ അടിയന്തരാവസ്ഥാനന്തരം പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ശ്രമിച്ചില്ല. പകരം അടിന്തരാവസ്ഥാ തടവുകാരെ വിട്ടയക്കാനുള്ള പ്രക്ഷോഭത്തിന്റെ ഒപ്പംനിന്നു. നേതാവാകാന്‍ താല്‍പര്യമില്ലായിരുന്നു. അത് സ്വാസ്ഥ്യം തരുമായിരുന്നില്ല. എന്നാല്‍ ഒരുതരം നൈതികജാഗ്രതയാണ് തന്നെ നയിച്ചത്. ഇപ്പോഴും മാര്‍ക്‌സിസ്റ്റായ തന്റെ മതംമാറ്റം ഒരു രാഷ്ട്രീയപ്രസ്താവന മാത്രമാണ്. അതിനു കാരണം വര്‍ധമാനമാകുന്ന സവര്‍ണഫാസിസത്തിന്റെ ക്രൗര്യമാണ്. ബാബറി മസ്ജിദ് തുടങ്ങിയ ആരാധാനാലയങ്ങള്‍ തകര്‍ത്തും വംശീയകൊലകള്‍ നടത്തിയും ഫാസിസം മുന്നേറുമ്പോള്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ബുദ്ധിപരമായ മാര്‍ക്‌സിസ്റ്റ് നിലപാട്. എന്നാല്‍ ഇവിടെ കമ്മ്യൂണിസ്റ്റുകള്‍ എന്നു പറയുന്നവരും ഹൈന്ദവതയാണ് അടിത്തറയാക്കിയിട്ടുള്ളത്. നിങ്ങള്‍ ഒന്നു കണ്ണോടിക്കൂ…. എല്ലാ കമ്മ്യൂണിസ്റ്റുകളും വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും കാര്യത്തില്‍ ഹൈന്ദവതയാണ് പിന്തുടരുന്നത്. സാധാരണക്കാരന്റെ ആശ്വാസമാണ് മതമെന്നാണ് കാറല്‍ മാര്‍ക്‌സ് പറഞ്ഞത്. യുക്തിവാദവും കപടമായ ഹൈന്ദവതയാണ്. ഇന്ത്യന്‍ വിപ്ലവത്തിന്റെ പാത ഏതെന്നു കണ്ടെത്തുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ടിരിക്കയാണ്. ഇടതുപക്ഷത്തിനു റാഡിക്കലായ ഒരു മുഖം ഉണ്ടാവേണ്ടതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് കത്തുന്ന ഒരാത്മീയതയുണ്ടായിരുന്നു. ഇന്നത് കാണാനില്ല. പക്ഷേ താന്‍ ഇക്കാര്യത്തില്‍ ഒരശുഭവിശ്വാസിയാണ്. ഇതും തന്റെ മതംമാറ്റത്തിനു കാരണമായിട്ടുണ്ടാവാം. എന്നാല്‍ ഏതുതരത്തിലുള്ള അനുഷ്ഠാനം തെരഞ്ഞെടുക്കും എന്നു തീരുമാനിച്ചിട്ടില്ല. ഇത്് ഒരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. ത്യാഗം മരണത്തിന്റെ നേരിടലാണെന്നു വിശ്വസിക്കുന്ന ജോയ് പരാജയപ്പെട്ട ടെററസിസ്റ്റ് എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. കൊടുങ്ങല്ലൂരിനടുത്ത് പെരിഞ്ഞനത്തെ സുബ്രഹ്മണ്യദാസ് പറഞ്ഞതിനു സമാനമാണീ വാക്കുകള്‍. ആത്മഹത്യ ചെയ്ത ആ യുവ വിപ്ലകാരി കേരളീയരെക്കുറിച്ച് പറഞ്ഞത് തോറ്റ ജനതയെന്നാണ്. ആ ജനസഞ്ചയത്തിലെ ഒരംഗമാണ് ജോയ്. പരാജയപ്പെട്ട വിപ്ലവകാരി. ടീയെന്‍ എന്നു സുഹൃത്തുക്കളും സഖാക്കളും വിളിക്കുന്ന ജോയ് എന്ന നജ്മല്‍ ബാബുവിന്റെ വാക്കുകളില്‍ പരാജയപ്പെട്ട ടെററിസ്റ്റ്.
എന്നാല്‍ സാമൂഹിക സാംസ്‌കാരിരംഗത്ത് ചാഞ്ഞും ചെരിഞ്ഞും തന്റെ നിലപാടുകള്‍ അദ്ദേഹം പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ ആറര പതിറ്റാണ്ട് പിന്നിട്ട ജോയ് ഇപ്പോഴും സേവനത്തിന്റെ വഴിയിലാണ്. രോഗികള്‍ക്ക് ആശ്വാസമേകുന്ന പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തകന്‍. വീടും കൂടുമില്ലാത്ത ഈ പഥികന് അത്താണിയും ശൃംഗപുരം ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് എതിര്‍വശത്തെ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിയൂട്ട് എന്ന സ്ഥാപനംതന്നെ. സമൂഹത്തിന്റെ ഉച്ഛനീചത്വങ്ങള്‍ക്കെതിരായ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ വിവാഹമെന്ന സങ്കല്പം പോലും മുന്നിലുണ്ടായിരുന്നില്ല. യുവത്വം ജയിലില്‍ കഴിച്ച ജോയ് ഇന്നും അവിവാഹിതനാണ്. ജയില്‍നിന്ന് പുറത്തുവരുമ്പോള്‍ കൂടെപ്പഠിച്ചിരുന്ന സുന്ദരിമാരൊക്കെ വിവാഹിതരായെന്നാണ് അദ്ദേഹത്തിന്റെ ചിരിനിറഞ്ഞ പ്രതികരണം. ജോയിക്ക് ജീവിതം രാഷ്ട്രീയമാണ്. മതംമാറ്റവും അതിന്റെ ഭാഗമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in