ജെല്ലിക്കെട്ട് വേണ്ട, ആനയെഴുന്നള്ളിപ്പും

തങ്ങളുടെ സാംസ്‌കാരിക തനിമയുടെ ഭാഗമെന്ന് തമിഴ് നാട്ടുകാര്‍ അവകാശപ്പെടുന്ന ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി യതിനെതിരെ പ്രതിഷേധ സമരം വ്യാപകമാകുകയാണ്. സംസ്ഥാനത്തു നടന്ന ബന്ദ് ഏറെക്കുറെ പൂര്‍ണ്ണമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. പത്ത് സംഘടനകള്‍ ഉള്‍പ്പെട്ട തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം നല്‍കി. തമിഴ്‌നാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പിന്തുണ പ്രഖ്യാപിച്ചു. അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്‌കരിച്ചു. മറീന ബിച്ചിലെ പ്രതിഷേധ പ്രകടനത്തില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠിപ്പുമുടക്കി പങ്കെടുക്കുന്നത്. ഇത് മറ്റു […]

jjj

തങ്ങളുടെ സാംസ്‌കാരിക തനിമയുടെ ഭാഗമെന്ന് തമിഴ് നാട്ടുകാര്‍ അവകാശപ്പെടുന്ന ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി യതിനെതിരെ പ്രതിഷേധ സമരം വ്യാപകമാകുകയാണ്. സംസ്ഥാനത്തു നടന്ന ബന്ദ് ഏറെക്കുറെ പൂര്‍ണ്ണമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. പത്ത് സംഘടനകള്‍ ഉള്‍പ്പെട്ട തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം നല്‍കി. തമിഴ്‌നാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പിന്തുണ പ്രഖ്യാപിച്ചു. അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്‌കരിച്ചു.
മറീന ബിച്ചിലെ പ്രതിഷേധ പ്രകടനത്തില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠിപ്പുമുടക്കി പങ്കെടുക്കുന്നത്. ഇത് മറ്റു നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിക്കുകയാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മുതല്‍ സിനിമക്കാര്‍ വരെയുള്ള എല്ലാ വിഭാഗം ജനങ്ങളും സമരത്തില്‍ പങ്കാളികളാണ്. ജെല്ലിക്കെട്ട് അനുവദിക്കണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളുകയും തന്നെ സന്ദര്‍ശിച്ച മുഖ്യമന്ത്രിയെ പ്രധാനമന്ത്രി കൈവിടുകയും ചെയ്തതോടെയാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്. ജെല്ലിക്കെട്ട് പുനസ്ഥാപിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പനീര്‍സെല്‍വം മോദിയെ കണ്ടത്. സുപ്രീംകോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ വിധി പ്രസ്താവന വന്നശേഷം നിലപാടെടുക്കാമെന്ന് മോദി അറിയിക്കുകയായിരുന്നു. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് കേന്ദ്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോകാനാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. അതിന്റെ കരട് തയ്യാറായി കഴിഞ്ഞു.
2014ലാണ് ജെല്ലിക്കെട്ട് നിരോധിച്ച് സുപ്രീംകോടതി വിധിച്ചത്. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) എന്ന സംഘടനയാണ് നിരോധമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. മൃഗ സംരക്ഷണ വകുപ്പും അതിനെ പിന്തുണച്ചു. പ്രതിഷേധ സമരം കണക്കിലെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ അഭിഭാഷകര്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീംകോടതി അത് തള്ളിയിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രിംകോടതി തള്ളിയ വിഷയത്തില്‍ ഇടപെടാന്‍ ഹൈക്കോടതിയും മടിക്കുന്നു. എന്നാലിതാ ്‌കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് അവസാനവിധി ഏതാനും ദിവസം നീട്ടിവെക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം ശരിയോ തെറ്റോ എന്നത് തര്‍ക്കവിഷയം തന്നെ.
നിരോധനത്തിനെതിരെ കോയമ്പത്തൂരില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചെന്നൈ, താംബരം, ഗുഡുവാഞ്ചേരി, പുതേരി എന്നിവിടങ്ങളിലേക്കെല്ലാം വ്യാപിച്ചിട്ടുണ്ട്. മറീനബീച്ചാണ് ഇപ്പോള്‍ പ്രധാന സമരവേദി. സംസ്ഥാനത്തുടനീളം ഹര്‍ത്താലാചരിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും പ്രതിഷേധം വ്യാപിക്കാതിരിക്കാന്‍ പലയിടത്തും ഇന്റര്‍നെറ്റ് നിര്‍ത്തി.
ജെല്ലിക്കെട്ട് തമിഴ്‌നാട്ടുകാരിലെ വലിയൊരു ഭാഗം സംസ്‌കാരത്തിന്റെ ഭാഗമായാണ് കാണുന്നത് എന്നത് ശരിയാണ്. എന്നാല്‍ സംസ്‌കാരമെന്നത് മാറാത്ത ഒന്നാണോ എന്ന ചോദ്യമാണ് പ്രസക്തം. പാരമ്പര്യ ആചാരത്തിന്റെ ഭാഗമായും ദേവപ്രീതിക്കുമായാണ് ജെല്ലിക്കെട്ട് നടക്കുന്നത്. തന്നേക്കാള്‍ പതിന്‍മടങ്ങ് ശക്തിയുള്ള കാളകളെയാണ് മനുഷ്യര്‍ക്ക് കീഴടക്കേണ്ടി വരുന്നത്. ജീവന്‍പണയം വച്ചുള്ള ആചാരം. എത്രയോ ജീവനുകള്‍ കാളകള്‍ക്കുമുന്നില്‍ തകര്‍ന്നടിഞ്ഞു. എത്രയോ പേര്‍ ജീവച്ഛവങ്ങളായി. കാളകള്‍ നേരിടുന്ന പീഡനങ്ങള്‍ വേറെ. എന്നാലുമിത് അവരുടെ ജീവിതത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമാണ്. കാളപ്പോരില്‍ ജയിക്കുന്ന ധീരരെ വിവാഹം കഴിക്കാന്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ മത്സരിക്കുന്നതും ജെല്ലിക്കെട്ടിന്റെ ആവേശം വര്‍ദ്ധിപ്പിക്കുന്നു. ഇവരെ അസാമാന്യ നെഞ്ചുറുപ്പുള്ളവരും ധൈര്യവാന്മാരുമെന്ന് തമിഴ് സമൂഹം കണക്കാക്കുന്നു.
തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവവമായ പൊങ്കലിനോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടക്കുന്നത്. മധുര ജില്ലയിലെ അളഗനല്ലൂര്‍, പാലമേട് എന്നീ സ്ഥലങ്ങളാണ് ജല്ലിക്കെട്ടിനു പേരു കേട്ടത്. സ്‌പെയിനില്‍ നടത്തിവരുന്ന കാളപ്പോരില്‍ നിന്ന് വ്യത്യസ്ഥമായി കാളകളെ ശാരീരികമായി ആക്രമിക്കലല്ല അവയെ മെരുക്കുന്നതാണ് ജെല്ലിക്കെട്ടെന്നാണ് സമരക്കാരുടെ വാദം.
ഇതെല്ലാം ഒരു വശം മാത്രം.
ജെല്ലിക്കെട്ടില്‍ സംസ്‌കാരമൊക്കെ ഉണ്ടാകാം. എന്നാല്‍ അതിക്രൂരമായ മനുഷ്യപീഡനവും മൃഗപീഡനവും അതില്‍ നടക്കുന്നുണ്ട്. അതിനാല്‍തന്നെ അത് നിയമവിരുദ്ധവുമാണ്. കാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യന്‍ ഓരോ കാലത്തും ആര്‍ജ്ജിക്കുന്ന അവബോധങ്ങള്‍ സംസ്‌കാരത്തോട് ഉള്‍ച്ചേര്‍ക്കുമ്പോഴാണ് സംസ്‌കാരം കാലാനുസൃതമാകുന്നത്. വിനോദങ്ങള്‍ക്കായി മൃഗങ്ങളെ പീഡിപ്പിക്കരുത് എന്നത് അത്തരമൊരു അവബോധമാണ്. സര്‍ക്കസില്‍ നിന്നനുപോലും മൃഗപീഡനം ഒഴിവാക്കിയത് അതിന്റെ ഭാഗമാണല്ലോ. ഒപ്പം അനാവശ്യമായ മനുഷ്യക്കുരുതികള്‍ തടയുക എന്നതും. മൃഗങ്ങളെ മെരുക്കുന്നതാണ് ആണത്തം എന്നതും കാലഹരണപ്പെട്ട സങ്കല്‍പ്പം തന്നെ. എന്തിനേറെ, കോഴിപ്പോരുമുതല്‍ ചേകവന്മാരുടെ പടവെട്ടല്‍ പോലും ഏറെക്കുറെ ഇല്ലാതായില്ലേ? (ക്വട്ടേഷന്‍ സംഘങ്ങളുടെ കാര്യം മറക്കുന്നില്ല)
ഇതു പറയുമ്പോള്‍ ഉന്നയിക്കപ്പെടുന്ന മറുചോദ്യം മാംസാഹാരം ഭക്ഷിക്കുന്നവര്‍ക്ക് അത് പറയാനുള്ള അവകാശമെന്താണെന്നാണ്. കമലഹാസനടക്കം പറയുന്നത് അതാണ്. കേരളത്തില്‍ ആനപീഡനങ്ങള്‍ക്കും നായ്ക്കളുടെ കൂട്ടക്കൊലകള്‍ക്കുമെതിരെ ശബ്ദിക്കുന്നവരെയും അക്രമിക്കുന്നത് ഈ യുക്തിയിലാണ്. ജീവജാലങ്ങള്‍ പരസ്പരം കൊന്നുതിന്നുന്നത് പ്രകൃതിനിയമമാണ്. സസ്യബുക്കുകളാണെങ്കിലും ഭക്ഷിക്കുന്നത് ജീവിയെ തന്നെ. എന്നാല്‍ വിനോദത്തിനായുള്ള പീഡനം പ്രകൃതി നിയമമല്ല. മനുഷ്യരൊഴികെ ഒരു ജീവിയും അതു ചെയ്യുന്നില്ല. മാംസാഹാരം ഉപേക്ഷിച്ചാല്‍ നല്ലതുതന്നെ. എന്നാലിന്ന് അത് ഒരു പൊതു അവബോധമോ നിയമമോ അല്ല. അതേ സമയം പല മൃഗങ്ങളേയും കൊല്ലുന്നത് നിയമവിരുദ്ധവുമാണ്. ഈ സാഹചര്യത്തില്‍ ഇന്നു നാം എത്തിചേരാത്ത ഒരു അവബോധത്തിന്റെ പേരില്‍ തത്വത്തില്‍ അംഗീകരിക്കുന്നതും നിയമപരമായി തെറ്റുമായ ഒരു കാര്യം അംഗീകരിക്കണമെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്. ഒരു കാലത്തിമന്റെ സൃഷ്ടിയായ ആചാരങ്ങള്‍ മറ്റൊരു കാലത്ത് മാറ്റങ്ങള്‍ക്ക് വിധേയമാകുന്നത് തികച്ചും സ്വാഭാവികമാണ്. ഇന്നത്തെ രീതിയിലുള്ള ജെല്ലിക്കെട്ട് ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ്. ആചാരങ്ങളുടെ ഭാഗമായിരുന്ന മനുഷ്യബലികളും മൃഗബലികളും ഏറെക്കുറെ അവസാനിച്ചതിന്റെ തുടര്‍ച്ചതന്നെയാണിതും.
തീര്‍ച്ചയായും നമ്മുടെ ആനയെഴുന്നള്ളിപ്പുകള്‍ ജെല്ലിക്കെട്ടിനേക്കാള്‍ ഭീകരം തന്നെയാണ്. കാട്ടുമൃഗമായ ആന ഏറ്റവും ഭീകരമായി പീഡിപ്പിക്കപ്പെടുകയും മറുവശത്ത് മനുഷ്യകുരുതികള്‍ക്ക് കളമൊരുക്കുകയും ചെയ്യുന്നവ തന്നെയാണ് ആനയെഴുന്നള്ളിപ്പുകള്‍. ഒരു വര്‍ഷം ശരശരി 25ല്‍പരം മനുഷ്യജീവനുകളാണ് ആനയെഴുന്നെള്ളിപ്പുകളുടെ ഭാഗമായി നഷ്ടപ്പെടുന്നത്. ജെല്ലിക്കെട്ടിനേക്കാള്‍ കൂടുതല്‍ പണമൊഴുകുന്ന രംഗവുമാണിത്. അതിനാലാണ് തമിഴ് നാട്ടില്‍ നിന്ന് വ്യത്യസ്ഥമായി ഏതു കോടതിയിലെത്തുമെത്തി പ്രതേക അനുമതി നേടാന്‍ നമ്മുടെ ഉത്സവകമ്മിറ്റിക്കാര്‍ക്ക് കഴിയുന്നത്. എന്നിട്ടും നടക്കുന്നത് പച്ചയായ നിയമലംഘനങ്ങള്‍ തന്നെയാണ്. ജെല്ലിക്കെട്ടായാലും ഇആനയെഴുന്നള്ളിപ്പായാലും കാലാനുസൃതമായി മാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. സംസ്‌കാരമെന്നത് നിശ്ചലമായ തടാകല്ല എന്നും ഒഴുകുന്ന പുഴയാണെന്നുമാണ് തിരിച്ചറിയേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply