ജസ്റ്റിസ് കര്‍ണന്റെ മനോനില പരിശോധിക്കും മുമ്പ്

രാജീവ് ശങ്കരന്‍ ഈ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, വിങ്ങുന്ന ഹൃദയത്തോടെ ഒരു കാര്യം പറയാതെ വയ്യ. ഭരണഘടനാ പദവിയിലിരിക്കുന്നയാളെങ്കിലും എന്റെ ഭാഗം വിശദീകരിക്കാനുള്ള ന്യായമായ അവസരം ജഡ്ജിമാരുടെ അന്വേഷണ കമ്മീഷന്‍ നല്‍കിയില്ല’ – സിക്കിം ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരിക്കെ നീതിന്യായ സര്‍വീസില്‍ നിന്ന് രാജിവെച്ച് രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന് നല്‍കിയ കത്തില്‍ ജസ്റ്റിസ് പി ഡി ദിനകരന്‍ കുറിച്ച വാക്യങ്ങളാണിവ. കത്ത് ഇങ്ങനെ തുടരുന്നു – ‘സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട, കുറഞ്ഞ അവകാശങ്ങള്‍ മാത്രമുള്ള സമുദായത്തില്‍ ജനിച്ചതാണോ […]

KK

രാജീവ് ശങ്കരന്‍

ഈ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, വിങ്ങുന്ന ഹൃദയത്തോടെ ഒരു കാര്യം പറയാതെ വയ്യ. ഭരണഘടനാ പദവിയിലിരിക്കുന്നയാളെങ്കിലും എന്റെ ഭാഗം വിശദീകരിക്കാനുള്ള ന്യായമായ അവസരം ജഡ്ജിമാരുടെ അന്വേഷണ കമ്മീഷന്‍ നല്‍കിയില്ല’ – സിക്കിം ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരിക്കെ നീതിന്യായ സര്‍വീസില്‍ നിന്ന് രാജിവെച്ച് രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന് നല്‍കിയ കത്തില്‍ ജസ്റ്റിസ് പി ഡി ദിനകരന്‍ കുറിച്ച വാക്യങ്ങളാണിവ. കത്ത് ഇങ്ങനെ തുടരുന്നു – ‘സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട, കുറഞ്ഞ അവകാശങ്ങള്‍ മാത്രമുള്ള സമുദായത്തില്‍ ജനിച്ചതാണോ എന്റെ ദൗര്‍ഭാഗ്യത്തിന് കാരണമെന്ന സംശയം എനിക്കുണ്ട്. ഉയര്‍ന്ന പദവികളിലെത്തുന്ന ഈ സമുദായാംഗങ്ങളുടെ സത്യസന്ധത ഒരടിസ്ഥാനവുമില്ലാതെ ചോദ്യം ചെയ്യുക പതിവാണ്. കെട്ടുകഥകള്‍ സൃഷ്ടിച്ച് അപകീര്‍ത്തിപ്പെടുത്തുകയാണ് രീതി. വരേണ്യ വിഭാഗക്കാരെ നിക്ഷിപ്ത താത്പര്യങ്ങളോടെ സ്വീകരിക്കുകയും എല്ലാ നന്മകളുടെയും അവതാരങ്ങളായി ചിത്രീകരിക്കുകയും ചെയ്യും’
നിയമവിരുദ്ധമായി ഭൂമി വാങ്ങിക്കൂട്ടി, സര്‍ക്കാര്‍ ഭൂമി കൈയേറി, വരവില്‍കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു തുടങ്ങിയ ആരോപണങ്ങളെത്തുടര്‍ന്ന് പാര്‍ലിമെന്റ് ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ച ഘട്ടത്തിലാണ് ജസ്റ്റിസ് പി ഡി ദിനകരന്‍ രാജിവെക്കുന്നത്. ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി നിയോഗിക്കപ്പെട്ട ജഡ്ജിമാരുടെ അന്വേഷണ കമ്മീഷന്‍, ദിനകരനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളൊക്കെ കഴമ്പുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ആ കമ്മീഷനു മുമ്പാകെ തന്റെ ഭാഗം വിശദീകരിക്കാന്‍ മതിയായ അവസരം ലഭിച്ചില്ലെന്നാണ് രാജിക്കത്തില്‍ ദിനകരന്‍ ചൂണ്ടിക്കാട്ടിയത്.
ദളിതനായ പി ഡി ദിനകരന്‍ ദീര്‍ഘകാലം മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. പിന്നീട് കര്‍ണാടക ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസും. സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതിന് കൊളീജിയം ജസ്റ്റിസ് ദിനകരന്റെ പേര് ശിപാര്‍ശ ചെയ്തതിന് പിറകെയാണ് ആരോപണങ്ങളുടെ കുത്തൊഴുക്കുണ്ടായത്. ചെന്നൈ ആസ്ഥാനമായ ഒരു സംഘടന ജസ്റ്റിസ് ദിനകരനെതിരായ ആരോപണങ്ങളുടെ പട്ടിക നിരത്തിക്കൊണ്ട് അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണനും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമൊക്കെ പരാതി നല്‍കി. അഴിമതി ആരോപണം നേരിടുന്ന ചീഫ് ജസ്റ്റിസിനെതിരെ കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകരും രംഗത്തെത്തി. സ്വാര്‍ഥ ലാഭങ്ങള്‍ക്കായി ജൂഡീഷ്യല്‍ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് അഭിഭാഷകര്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശിപാര്‍ശ മരവിപ്പിച്ചു, സിക്കിം ഹൈക്കോടതിയിലേക്ക് ദിനകരനെ സ്ഥലം മാറ്റുകയും ചെയ്തു. അതിന് പിറകെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചത്.
ദീര്‍ഘകാലത്തെ ജുഡീഷ്യല്‍ സര്‍വീസിനിടെ ഉയരാത്ത ആരോപണങ്ങള്‍ സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ എന്തുകൊണ്ട് ഉയര്‍ന്നുവെന്ന സംശയം ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ അന്ന് ഉന്നയിച്ചിരുന്നു. പിന്നീട് അന്വേഷണ റിപ്പോര്‍ട്ടുകളെ മുഖവിലക്കെടുത്ത്, ദിനകരനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ ശിപാര്‍ശ ചെയ്ത കൊളീജിയത്തിന് തെറ്റുപറ്റിയെന്ന് കെ ജി ബാലകൃഷ്ണന്‍ തിരുത്തുകയും ചെയ്തു. ദിനകരനും ഡോക്ടറായ ഭാര്യയും വരുമാനത്തിലധികം സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് 29 പരാതികളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇവയൊക്കെ ആദായനികുതി അപ്പലേറ്റ് െ്രെടബ്യൂണല്‍ തള്ളിക്കളഞ്ഞു. വരുമാന സ്രോതസ്സ് കൃത്യമാണെന്നും വരുമാനത്തിന് ആനുപാതികമായ നികുതി ഒടുക്കിയിട്ടുണ്ടെന്നും െ്രെടബ്യൂണല്‍ വ്യക്തമാക്കുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമി കൈയേറി, നിയമവിരുദ്ധമായി ഭൂസ്വത്ത് കൈവശം വെച്ചു എന്നീ ആരോപണങ്ങളില്‍ എന്തെങ്കിലും നടപടിയുണ്ടായതായി അറിവില്ല.
ദളിതനായതുകൊണ്ട് വേട്ടയാടപ്പെട്ടതാണോ ജസ്റ്റിസ് പി ഡി ദിനകരന്‍? ദളിതന് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത് തടയാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ചതായിരുന്നോ ഈ ആരോപണങ്ങള്‍? ആരോപണങ്ങളില്‍ പലതും കഴമ്പില്ലാത്തതെന്ന് തെളിഞ്ഞപ്പോള്‍ ദിനകരനോട് അനീതി ചെയ്‌തോ എന്ന ചോദ്യം നീതിന്യായ സംവിധാനത്തിന്റെ ഒരു വേദിയിലും ഉയര്‍ന്നില്ല. ഇംപീച്ച്‌മെന്റിന് നടപടി ആരംഭിച്ച രാജ്യസഭയോ ഇംപീച്ച്‌മെന്റിന് നേട്ടീസ് നല്‍കിയ 70 അംഗങ്ങളില്‍ ഒരാള്‍ പോലുമോ ചെയ്തത് അനീതിയായോ എന്ന് ആലോചിച്ചതേയില്ല. വിമര്‍ശവും സ്വയം വിമര്‍ശവും തെറ്റുതിരുത്തലുമൊക്കെ അജണ്ടയാക്കിയ പാര്‍ട്ടികളുടെ പ്രതിനിധികളും ഈ നോട്ടീസ് നല്‍കിയവരില്‍ ഉണ്ടായിരുന്നു. അവരിലുമുണ്ടായില്ല പുനരാലോചന.
ഈ സാഹചര്യത്തില്‍ വേണം നിലവില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സി എസ് കര്‍ണനും നീതിന്യായ സംവിധാനവുമായുള്ള സര്‍വസീമകളെയും ലംഘിച്ചുള്ള തര്‍ക്കത്തെ കാണാന്‍. അധികാരപരിധി ലംഘിച്ച്, തലയുടെ കല്ല് ലേശം ഇളകിയിട്ടുണ്ടോ എന്ന സംശയം ആരിലും ജനിപ്പിക്കും വിധത്തിലുള്ള പെരുമാറ്റം ജസ്റ്റിസ് കര്‍ണന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് കീഴ്‌ക്കോടതി ജഡ്ജിയായിരിക്കെ സ്‌റ്റേ ചെയ്യുക, സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് സമന്‍സ് അയക്കുക, അവര്‍ക്കുമേല്‍ കുറ്റം ചുമത്തി, യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയവയൊക്കെ നിലനില്‍ക്കുന്ന നീതിന്യായ അധികാര ശ്രേണി കണക്കിലെടുക്കുമ്പോള്‍ അസ്വാഭാവിക നടപടികളാണ്. എന്തുകൊണ്ട് ഈ അസ്വാഭാവികത എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതിന് പകരം നമ്മുടെ നീതിന്യായ സംവിധാനം ജസ്റ്റിസ് കര്‍ണനെ പ്രതിസ്ഥാനത്തു നിര്‍ത്താനാണ് ശ്രമിച്ചത് എന്നതും വലിയ അസ്വാഭാവികതയാണ്.
മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ ജാതി വിവേചനത്തിന് ഇരയായെന്നാണ് ദലിതനായ ജസ്റ്റിസ് കര്‍ണന്റെ പരാതി. പ്രധാനപ്പെട്ട കേസുകളൊന്നും തന്റെ പരിഗണനക്ക് വിടാതിരുന്നത് താഴ്ന്ന ജാതിക്കാരനായതുകൊണ്ടാണെന്ന് ജസ്റ്റിസ് കര്‍ണന്‍ പരാതിപ്പെട്ടിരുന്നു. ഇവ്വിധമുള്ള വിവേചനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം നമ്മുടെ നീതിന്യായ സംവിധാനത്തിനുണ്ട്. ന്യായാന്യായങ്ങള്‍ വിചാരിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ ചുമതലപ്പെട്ട, സ്വതന്ത്രമായി നീതിനിര്‍വഹണം നടത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സംവിധാനം തന്നെ കൊടിയ അനീതി നടമാടുന്ന ഇടമായി തുടരുന്നുണ്ടോ എന്ന പരിശോധന നീതി നിര്‍വഹണത്തില്‍ പ്രധാനമാണ്. അതുണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന്, ജസ്റ്റിസ് കര്‍ണന്റെ മനോനില പരിശോധിക്കാന്‍ ഉത്തരവിടും മുമ്പ് സുപ്രീം കോടതി പറയേണ്ടതുണ്ട്? രാജ്യത്തു നിന്ന് തുടച്ചുനീക്കപ്പെടേണ്ട അയിത്താചരണം നീതിന്യായ സംവിധാനത്തില്‍ നിലനില്‍ക്കുന്നുവെന്ന് ജുഡീഷ്യല്‍ സംവിധാനത്തിന്റെ ഭാഗമായിരിക്കുന്ന ഒരാള്‍ തന്നെ പരാതിപ്പെടുമ്പോള്‍ അത് പരിശോധിക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നവരുടെ മനോനിലയെ കാര്യമായി സംശയിക്കേണ്ടതുണ്ട്. അത് തലയുടെ കല്ല് ഇളകിപ്പോയോ എന്ന സംശയമല്ല മറിച്ച്, ജാതിയില്‍ താണവന്റെ പരാതി പരിഗണിക്കുക പോലും വേണ്ടെന്ന സ്ഥിതി നിലനിന്ന് കാണണമെന്ന ക്രിമിനല്‍ മനസ്സാണ്.
മദ്രാസ് ഹൈക്കോടതിയിലെ സഹ ജഡ്ജിമാരില്‍ ചിലര്‍ അഴിമതിക്കാരാണെന്നതായിരുന്നു ജസ്റ്റിസ് കര്‍ണന്റെ രണ്ടാമത്തെ പരാതി. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചവരും ഇപ്പോള്‍ സര്‍വീസിലുള്ളവരുമടക്കം 20 ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് കര്‍ണന്‍ പിന്നീട് ആരോപിച്ചു. ജുഡീഷ്യറിക്കുള്ളിലെ അഴിമതിയെക്കുറിച്ച് അതിന്റെ ഉള്ളില്‍ നിന്ന് തന്നെ ആരോപണമുണ്ടായാല്‍ പേരിനൊരു അന്വേഷണം നടത്തേണ്ട ഉത്തരവാദിത്തമില്ലേ ന്യായാസനങ്ങള്‍ക്ക്? മുന്‍ നിയമമന്ത്രിയും നിയമജ്ഞനുമായ ശാന്തിഭൂഷണും സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവും ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് ആരോപിച്ചപ്പോള്‍ കോടതിയലക്ഷ്യമെന്ന ആയുധമെടുക്കുകയാണ് സുപ്രീം കോടതി ചെയ്തത്. അലക്ഷ്യത്തോട് നേര്‍ക്കാന്‍ നില്‍ക്കാതെ ഇരുവരും പിന്മാറി. ജസ്റ്റിസ് കര്‍ണന്‍ ആരോപണമുന്നയിച്ചപ്പോഴും കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചു സുപ്രീം കോടതി. കോടതിയലക്ഷ്യ നടപടി നേരിടുന്ന ആദ്യത്തെ സിറ്റിംഗ് ജഡ്ജിയായി ജസ്റ്റിസ് കര്‍ണന്‍ മാറുകയും ചെയ്തു.
ജുഡീഷ്യറിയില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാല്‍ അതേക്കുറിച്ച് അന്വേഷിച്ച് നെല്ലും പതിരും വേര്‍തിരിക്കുക എന്നതാണ് മര്യാദ. അതിന് തയ്യാറാകാതിരിക്കുന്നതാണ് യഥാര്‍ഥ അലക്ഷ്യം. രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതിയെക്കുറിച്ചുള്ള പരാതികള്‍ പരിഗണിക്കുമ്പോള്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും മുള്ളും മുനയും വെച്ച് സംസാരിക്കാന്‍ മടികാട്ടാത്ത നീതിന്യായ സംവിധാനം സ്വന്തം നേര്‍ക്കുയര്‍ന്ന ആരോപണത്തിന് മുന്നില്‍ കോടതിയലക്ഷ്യത്തിന്റെ പ്രതിരോധം തീര്‍ക്കുമ്പോള്‍ ആരുടെ മനോനിലക്കാണ് യഥാര്‍ഥത്തില്‍ പ്രശ്‌നമെന്ന ചോദ്യം വീണ്ടുമുയരും. ആരോപണത്തിന് ആധാരമെന്ത് എന്ന ചോദ്യം പോലും ഉയരാത്ത വിധത്തില്‍ കളങ്കരഹിതമായ യശോധാവള്യം നീതിന്യായ സംവിധാനം സ്വയം അവകാശപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിലുള്ളത്ര അസ്വാഭാവികത ജസ്റ്റിസ് കര്‍ണന്റെ പെരുമാറ്റത്തിലുണ്ടോ എന്ന് വര്‍ണ്യത്തില്‍ ആശങ്കയുണ്ട്.
ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിങ്ങുന്ന ഹൃദയത്തോടെ രാജിവെച്ചിറങ്ങിയ പി ഡി ദിനകരന്‍, ചെയ്തത് നീതിയോ എന്ന ചോദ്യവുമായി നമ്മുടെ മുന്നിലുണ്ട്. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം ജഡ്ജിമാരുടെ കമ്മീഷന്‍ നല്‍കിയില്ലെന്ന ദിനകരന്റെ ആരോപണത്തിന് മറുപടിയുണ്ടായിട്ടുമില്ല. ഇതേ അവസ്ഥ ജസ്റ്റിസ് കര്‍ണനുമുണ്ട്. ജാതി വിവേചനം, നീതിന്യായ സംവിധാനത്തിലെ അഴിമതി തുടങ്ങിയ ആരോപണങ്ങളില്‍ ജസ്റ്റിസ് കര്‍ണന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാതെ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തെ മനോനില തകരാറിലായ വ്യക്തിയെന്ന് പരമോന്നതനീതി പീഠം ചിത്രീകരിക്കുമ്പോള്‍, സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട, കുറഞ്ഞ അവകാശങ്ങള്‍ മാത്രമുള്ള സമുദായത്തില്‍ ജനിച്ചതാണോ ദൗര്‍ഭാഗ്യത്തിന് കാരണമെന്ന ദിനകരന്റെ സംശയം കര്‍ണന്റെ കാര്യത്തിലും പ്രസക്തമാണ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply