ജനാധിപത്യത്തില്‍ പോലീസിംഗ് ഏതുവരെ….

കോട്ടയത്തെ പോലീസ് തിരക്കുപിടിച്ച ജോലിയിലാണ്. അതുകേട്ടാല്‍ തോന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ടു വളര്‍ന്നു വരുന്ന അധോലോകത്തെ തടയാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കുമെന്ന്. എന്നാലങ്ങനെയല്ല കാര്യം. ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്കുപോകുന്ന വിദ്യാര്‍ത്ഥികളെ കണ്ടുപിടിച്ച് മാതാപിതാക്കളെ ഏല്‍പ്പിക്കലാണ് അവരുടെ പ്രധാന ജോലി. ഈ മാതാപിതാക്കളില്‍ ഭൂരിഭാഗവും പഠിക്കുന്ന കാലത്ത് സ്ഥിരം ചെയ്തിരുന്ന കാര്യമായിരുന്നു ഇതെന്നത് വേറെ കാര്യം. വളരെ ഗുരുതരമായ ഒരു ചോദ്യമാണ് ഈ വിഷയം ഉയര്‍ത്തുന്നത്.  ഒരു ജനാധിപത്യ സംവിധാനത്തില്‍ പോലീസിംഗ് ഏതുവരെ എന്നതുതന്നെയാണ്ത്. വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യം നിലനില്‍ക്കാത്ത […]

pppകോട്ടയത്തെ പോലീസ് തിരക്കുപിടിച്ച ജോലിയിലാണ്. അതുകേട്ടാല്‍ തോന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ടു വളര്‍ന്നു വരുന്ന അധോലോകത്തെ തടയാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കുമെന്ന്. എന്നാലങ്ങനെയല്ല കാര്യം. ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്കുപോകുന്ന വിദ്യാര്‍ത്ഥികളെ കണ്ടുപിടിച്ച് മാതാപിതാക്കളെ ഏല്‍പ്പിക്കലാണ് അവരുടെ പ്രധാന ജോലി. ഈ മാതാപിതാക്കളില്‍ ഭൂരിഭാഗവും പഠിക്കുന്ന കാലത്ത് സ്ഥിരം ചെയ്തിരുന്ന കാര്യമായിരുന്നു ഇതെന്നത് വേറെ കാര്യം.
വളരെ ഗുരുതരമായ ഒരു ചോദ്യമാണ് ഈ വിഷയം ഉയര്‍ത്തുന്നത്.  ഒരു ജനാധിപത്യ സംവിധാനത്തില്‍ പോലീസിംഗ് ഏതുവരെ എന്നതുതന്നെയാണ്ത്. വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യം നിലനില്‍ക്കാത്ത ഒരു കാലം ഉണ്ടാകാനിടയില്ല. വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് എപ്പോഴും സാമൂഹ്യമായ നിയന്ത്രണം അനിവാര്യമാകും. അതിനാല്‍ തന്നെ ഭരണകൂടവും നിലനില്‍ക്കും. അപ്പോള്‍ നിയമങ്ങള്‍ നടപ്പാക്കപ്പെടുന്നു എന്നുറപ്പു വരുത്താനുള്ള പോലീസും. അപ്പോഴും മനസ്സിലാക്കേണ്ടത് വ്യക്തിയുടെ സ്വാതന്ത്ര്യം പരമാവധി നിലനില്‍ക്കുന്നതും പോലീസിംഗ് ഏറ്റവും കുറഞ്ഞതുമായ സമൂഹമാണ് ഏറ്റവും ആരോഗ്യകരമാണെന്നാണ്. നമ്മുടെ ആഭ്യന്തരമന്ത്രിക്കും ഇതറിയാമെന്നുവേണം കരുതാന്‍. പോലീസിന്റെ എണ്ണം കുറക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ചെയ്യുന്ന മഹത്തായ ഇക്കാര്യം അദ്ദേഹം അറിയാതിരിക്കില്ലില്ലല്ലോ. എത്രയും വേഗം ഇടപെട്ട് ഇത്തരം മോറല്‍ പോലീസിംഗ് തടയുകയാണ് മന്ത്രി ചെയ്യേണ്ടത്. സിനിമ കാണുന്നത് കുറ്റകരമായ സമൂഹമല്ലല്ലോ നമ്മുടേത്. ക്ലാസുകളാകട്ടെ കട്ടുചെയ്യാന്‍ കൂടിയുള്ളതാണ്. മാത്രമല്ല ഇക്കാര്യമൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നോക്കികൊള്ളും. പോലീസിനവിടെ എന്തുകാര്യം? നമ്മള്‍ എന്തു സ്വപ്‌നം കാണുണമെന്നൊക്കെ പോലീസ് തീരുമാനിക്കുന്ന കാലമാണോ വരാന്‍ പോകുന്നത് എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.
സര്‍ക്കാരിന്റെ അധികാരത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണല്ലോ ഇത്. വിവാഹ ധൂര്‍ത്ത്, ഹോട്ടല്‍ വില നിയന്ത്രണം, ഓട്ടോ റിക്ഷാ മീറ്റര്‍, മദ്യനിരോധനം, സ്ത്രീ – പുരുഷ ബന്ധങ്ങള്‍ എന്നിങ്ങനെ പട്ടിക നീളുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇത്തരം വിഷയങ്ങളിലിടപെടുമ്പോഴും ഇടപെടാതിരിക്കുമ്പോഴും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും സാമൂഹ്യനിയന്ത്രണത്തിന്റേയും പരിധികളല്ല സര്‍ക്കാര്‍ പരിഗണിക്കുന്നത്, മറിച്ച് തങ്ങളുടെ നിലനില്‍പ്പും പൊതുബോധമെന്ന രീതിയില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളുമാണ്. ഈ പൊതുബോധമാകട്ടെ മിക്കപ്പോഴും സമൂഹത്തെ പുറകോട്ടു നയിക്കുന്നതുമാണ്.
തീര്‍ച്ചയായും സര്‍്ക്കാര്‍ ഇടപെടലിന്റെ ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം വളരെ നേരിയതാണ്. അതാകട്ടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഓരോരുത്തരുടേയു സങ്കല്‍പ്പവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതിനു മികച്ച ഉദാഹരണമാണ് വിവാഹധൂര്‍ത്തിന്റെ വിഷയം.  സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ആഡംബര വിവാഹങ്ങളും ധൂര്‍ത്തും നിയന്ത്രിക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ നല്‍കിയ നിര്‍ദ്ദേശം  സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. വൈയക്തികമായ സ്വാതന്ത്ര്യമാണതെന്നാണ് സര്‍ക്കാര്‍ നിലപാട്. അതല്ല, പൊതുബോധത്തെ ഭയപ്പെടുന്നതാണ് പ്രശ്‌നമെന്നു വ്യക്തം. വ്യക്തിസ്വാതന്ത്ര്യത്തിനായി നിലനില്‍ക്കുന്നവരും വിവാഹത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന നിലപാടുള്ളവരാണ്. ഒറ്റനോട്ടത്തില്‍ ശരിയുമാണത്. എന്നാല്‍ വിവാഹധൂര്‍ത്ത് ഇന്നു കേരളീയ സമൂഹത്തെ എങ്ങനെ കാര്‍ന്നു തിന്നുന്നു എന്നു തിരിച്ചറിയുന്നവര്‍ക്ക് അവിടെ വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ സാമൂഹ്യനിയന്ത്രണത്തെ പിന്തുണക്കേണ്ടിവരും. ശരാശരി മലയാളിയെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന പല കാരണങ്ങളില്‍ ഒന്നായി വിവാഹധൂര്‍ത്ത് മാറിയിട്ടുണ്ട് എന്നതുതന്നെ അതിനടിസ്ഥാനം. കാശുള്ളവര്‍ ചെയ്യട്ടെ, ഇല്ലാത്തവര്‍ എതിനത് അനുകരിക്കണം എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ മറക്കുന്നത് മനുഷ്യന്‍ സമൂഹജീവിയാണെന്നതാണ്. മാത്രമല്ല വിവാഹധൂര്‍ത്തിന്റെ മുഖ്യഘടകം രഹസ്യവും പരസ്യവുമായ നിരോധിക്കപ്പെട്ട് സ്ത്രീധനവുമാണ്. അതുസൃഷ്ടിക്കുന്ന സ്ത്രീപീഡനങ്ങളില്‍നിന്ന് കേരളവും വിമുക്തമല്ലല്ലോ. ഈ സാഹചര്യത്തിലാണ്  വിവാഹസന്ദര്‍ഭത്തില്‍ വധു പത്ത് പവനില്‍ കൂടുതല്‍ സ്വര്‍ണം ധരിക്കാന്‍ പാടില്ല, വിവാഹത്തിനായി ചെലവഴിക്കുന്ന തുകയ്ക്ക് നിയന്ത്രണങ്ങള്‍ വേണം. വിവാഹക്ഷണക്കത്തിന് 25 രൂപയില്‍ കൂടരുത്, വിവാഹപന്തലിന്, അല്ലെങ്കില്‍ വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ മൊത്തം വാടക 50000ല്‍ കൂടുവാന്‍ പാടില്ല. വിവാഹവസ്ത്രങ്ങള്‍ക്ക് പരമാവധി 20000 രൂപയില്‍ കവിയരുത് തുടങ്ങിയ പല നിര്‍ദ്ദേശങ്ങളും വനിതാ കമ്മിഷന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
വിവാഹവിഷയത്തിനു സമാനമാണ് ആഡംബരവീടുകളുടെ നിര്‍മ്മാണത്തിലും  ആഡംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലും സര്‍ക്കാര്‍ നിയന്ത്രണമെന്ന വിഷയം. അവയേയും വ്യക്തിപരമായ വിഷയമായി കാണുന്നതില്‍ വലിയ ബുദ്ധിജീവികള്‍ വരെ ഉള്‍പ്പെടും. രണ്ടുകണക്കുകള്‍ നോക്കൂ. കേരളത്തില്‍ സ്വന്തമായി വീടില്ലാത്തവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വീടുകള്‍ പൂട്ടികിടക്കുന്നുണ്ട്. മറ്റൊന്ന് കേരളത്തില്‍ നിലവിലുള്ള വീടുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വാഹനങ്ങളുണ്ട്. ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്ന വാഹനങ്ങളുടെ എണ്ണം ജനിക്കുന്ന കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഇവ രണ്ടും സൃഷ്ടിക്കുന്ന പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക  പ്രത്യാഘാതങ്ങളോ? വിവാഹത്തെ പോലെ മനുഷ്യരെ കടക്കെണിയിലെത്തിക്കുന്നതില്‍ ഇവ വഹിക്കുന്ന പങ്ക് ചില്ലറയല്ല. എന്നാല്‍ ഇതൊന്നും കാണാത്ത ഭരണകൂടമാണ് കുട്ടികള്‍ സിനിമ കാണുന്നതും സ്ത്രീ – പുരുഷന്മാര്‍ അടുത്തിടപഴുകുന്നതുമൊക്കെ നിയന്ത്രിക്കാന്‍ പാടുപെടുന്നത്. മോറല്‍ പോലീസ് ചമയുന്നത്.
മദ്യപാനത്തിന്റെ വിഷയത്തിലും സ്വാതന്ത്ര്യപ്രശ്‌നം സജീവചര്‍ച്ചാവിഷയമാണല്ലോ. സദാചാരപ്രശ്‌നത്തിന്റെ പേരില്‍ മദ്യത്തെ നിയന്ത്രിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. മറിച്ച് അതിന്റെ സാമൂഹ്യവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ മറക്കുന്നതും ശരിയല്ല. പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന ബാറുകള്‍ പൂട്ടിച്ചത് ഭരണകൂടത്തെ അമിതാധികാരപ്രയോഗമായി കാണാന്‍ ബുദ്ധിമുട്ടുണ്ട്. മദ്യനിരോധനമെന്ന ആശയത്തെ പക്ഷെ അങ്ങനെതന്നെ കാണേണ്ടിവരുകയും ചെയ്യും.
വ്യത്യസ്ഥമായ തലത്തിലാണെങ്കിലും സംസ്ഥാനത്തെ ഹോട്ടലുടമകള്‍ സമരം പ്രഖ്യാപിച്ചത് സമാനമായ വിഷയമുന്നയിച്ചാണ്. ഹോട്ടലുകളിലെ വിലനിലവാരം നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിനവകാശമില്ല എന്നും അത് തങ്ങളുടെ സ്വാതന്ത്ര്യമാണെന്നുമാണ് അവരുടെ വാദം. ആവശ്യക്കാര്‍ കഴിച്ചാല്‍ മതിയെന്നും. പരിശോധനകള്‍ പോലും അംഗീകരിക്കാനാവില്ല എന്നാണവരുടെ നിലപാട്. കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നുന്ന വാദം. ഭയപ്പെട്ട സര്‍ക്കാര്‍ അതും അംഗീകരിച്ചു. എന്നാല്‍ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കടമ ജനകീയ സര്‍ക്കാരിനില്ലേ?  ഇല്ലെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍? ബസ് ചാര്‍ജ്ജ് നിശ്ചയിക്കലും ഓട്ടോ ചാര്‍ജ്ജ് നിശ്ചയിക്കലുമൊക്കെ തങ്ങളാകാമെന്ന് ഉടമകള്‍ പറഞ്ഞാലോ? എറണാകുളത്തെ ഓട്ടോറിക്ഷക്കാര്‍ മീറ്റര്‍ സ്ഥാപിക്കില്ല എന്ന വാശിക്കു പറയുന്നതും ഇതേ ന്യായീകരണം തന്നെ. വാസ്തവത്തില്‍ സ്വകാര്യ ആശുപത്രി, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി പല സാഥാപനങ്ങളിലും സര്‍ക്കാരിന്റ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്. അതൊക്കെ ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗമായി കാണുന്നവര്‍ മനുഷ്യന്‍ സാമൂഹ്യജീവിയാണെന്നു മറക്കുന്നവരാണ്.
തീര്‍ച്ചയായും തികച്ചും വ്യക്തിപരമായ കാര്യങ്ങളിലും സന്തോഷങ്ങളിലും ഭരണകൂടം ഇടപെടുന്നുണ്ട്. അവ എതിര്‍ക്കപ്പെടേണ്ടതുതന്നെ. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ സാമാന്യവല്‍ക്കരിച്ച് ഒറ്റനിലപാടെടുക്കാനാവില്ല എന്നു മാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply