ജനവിധി അഞ്ചാം ഘട്ടത്തിലേക്കു കടക്കുമ്പോള്‍

ബിജെപിക്ക് സീറ്റുകള്‍ കുറയുമെന്നും കോണ്‍ഗ്രസ്സിനു കുറയുമെന്നും എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ അത് മന്ത്രിസഭയുണ്ടാക്കാന്‍ രാഷ്ട്രപതിക്ക് കോണ്‍ഗ്രസ്സിനെ ക്ഷണിക്കേണ്ടിവരുന്ന സാഹചര്യത്തിലെത്തുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാലു ഘട്ടങ്ങള്‍ അവസാനിച്ചതോടെ കോണ്‍ഗ്രസ്സ്പ്രതീക്ഷയിലും ബിജെപി ആശങ്കയിലുമാണ്. സഖ്യകക്ഷികളും പിന്തുണക്കാന്‍ ഇടയുള്ളവരും ചേര്‍ന്നാല്‍ ഭരണം തങ്ങള്‍ക്കുതന്നെ എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ്.

17-ാം ലോകസഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 7 ഘട്ടമായി നടക്കുന്ന പോളിംഗിന്റെ നാലു ഘട്ടങ്ങള്‍ പൂര്‍ത്തിയായി. അഞ്ചാം ഘട്ടം മെയ് ആറിനു നടക്കും. ആറു സംസ്ഥാനങ്ങലിലായി 51 മണ്ഡലങ്ങലിലേക്കാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍.
വോട്ടെടുപ്പ് പൂര്‍ണ്ണമായും അവസാനിക്കാതെ എക്‌സിറ്റ് ഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല. എന്നാല്‍ എല്ലാ പാര്‍ട്ടികളും കണക്കുകൂട്ടലുകളുടെ തിരക്കിലാണ്. ബിജെപിക്ക് സീറ്റുകള്‍ കുറയുമെന്നും കോണ്‍ഗ്രസ്സിനു കുറയുമെന്നും എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ അത് മന്ത്രിസഭയുണ്ടാക്കാന്‍ രാഷ്ട്രപതിക്ക് കോണ്‍ഗ്രസ്സിനെ ക്ഷണിക്കേണ്ടിവരുന്ന സാഹചര്യത്തിലെത്തുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാലു ഘട്ടങ്ങള്‍ അവസാനിച്ചതോടെ കോണ്‍ഗ്രസ്സ്പ്രതീക്ഷയിലും ബിജെപി ആശങ്കയിലുമാണ്. സഖ്യകക്ഷികളും പിന്തുണക്കാന്‍ ഇടയുള്ളവരും ചേര്‍ന്നാല്‍ ഭരണം തങ്ങള്‍ക്കുതന്നെ എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ്. ഇത് ഏകദേശം തിരിച്ചറിയുന്നു എന്നുതന്നെയാണ് കാര്യമായൊന്നും പറയാനില്ലാതെ ജയ് ശ്രീറാം എന്നുറക്കെ പറയുന്ന മോദിയുടെ വാക്കുകളില്‍ തെളിയുന്നതെന്ന് സര്‍ഗ്ഗാത്മകതയുള്ള പലരും ചൂണ്ടികാട്ടുന്നു.
20 സംസ്ഥാനങ്ങളിലെ, 91 ലോക് സഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടം പോളിംഗ് നടന്നത്. പുല്‍വാമയും ബാലക്കോട്ടും കാഷ്മീരുമൊക്കെ നിരന്തരമായി ഉന്നയിച്ചും ആവശ്യത്തിനു വര്‍ഗ്ഗീയ കാര്‍ഡിറക്കിയും ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ശ്രമിച്ച ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സ് വെട്ടിലാക്കിയതായിരുന്നു ആദ്യഘട്ടത്തിനു തൊട്ടുമുന്നെ കണ്ടത്. കര്‍ഷകകടങ്ങള്‍ എഴുതിതള്ളും, വര്‍ഷത്തില്‍ 72000 രൂപ പാവപ്പെട്ടവര്‍ക്ക് നല്കും എന്നിവയുള്‍പ്പെടെ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ നിരവധി ജനക്ഷേമനടപടികള്‍ പ്രഖ്യാപിച്ചും ന്യൂനപക്ഷവിഭാഗങ്ങളുടെ ആശങ്കകള്‍ പരമാവധി ലഘൂകരിച്ചും പ്രകടനപത്രിക പുറത്തിറക്കിയതോടെ പ്രചരണത്തിന്റെ മുന്‍തൂക്കം കോണ്‍ഗ്രസ്സിനായി. അപകടം മണത്തറിഞ്ഞ ബിജെപിയും പ്രകടനപത്രികയിലൂടെ കുറെ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും കയ്യടി നേടിയത് കോണ്‍ഗ്രസ്സായിരുന്നു.
ആദ്യഘട്ടത്തില്‍ യുപിയിലെ എട്ടുമണ്ഡലങ്ങൡ നടന്ന വോട്ടെടുപ്പില്‍ എസ്പി – ബിഎസ്പി മഹാസഖ്യത്തിനു തന്നെയാണ് മുന്‍തൂക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഉത്തരാഖണ്ഡിലേത് അതിശക്തമായ മത്സരമായിരുന്നു. കോണ്‍ഗ്രസ് മൂന്നു സീറ്റുകള്‍ നേടാമെന്നാണ് വിലയിരുത്തല്‍. പശ്ചിമ ബംഗാളില്‍ സാധ്യത തൃണമൂല്‍തന്നെ. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ 7 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു സീറ്റുണ്ടാകുമെന്നുറപ്പ്. നിലവിലിവയെല്ലാം ബിജെപി – ശിവസേനാ സഖ്യത്തിന്റെ കൈവശമാണ്. ബീഹാറിലും കോണ്‍ഗ്രസ്സ് സീറ്റുനേടും. തെലുങ്കാനയിലും ആന്ധ്രയിലും കോണ്‍ഗ്രസ്സിനു കാര്യമായ സാധ്യതയില്ല. എന്നാല്‍ ആസാമില്‍ കോണ്‍ഗ്രസ്സ് ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് പൊതുവിലയിരുത്തല്‍.
രണ്ടാം ഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമായി 95 ലോക്‌സഭാ മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. തമിഴ് നാട്ടിലെ വെല്ലൂര്‍ ഒഴികെയുള്ള മുഴുവന്‍ സീറ്റുകളിലേക്കും കര്‍ണാടകയിലെ 14 ഉം മഹാരാഷ്ട്രയിലെ 10 ഉം യു പി യിലെ 8 ഉം , ആസാം, ബീഹാര്‍, ഒഡിഷ എന്നിവിടങ്ങളിലെ 5 വീതവും സീറ്റുകളും ഇവയില്‍ പെടും. പ്രകടനപത്രിക മുന്നില്‍ വെച്ച് പോരാടാന്‍ തയ്യാറാകാതെ ദേശീയതയും ന്യൂനപക്ഷ വിരുദ്ധതയും തന്നെയാണ് ആയുധമാക്കിയത്്. കോണ്‍ഗ്രസ്സ് തങ്ങളുടെ പ്രകടനപത്രികക്കൊപ്പം 5 വര്‍ഷത്തെ ഭരണപരാജയങ്ങള്‍ ആയുധമാക്കി. ഒപ്പം അഴിമതി ആരോപണങ്ങളും. തമിഴ് നാട്ടില്‍ ഡിഎംകെയുടെയും അണ്ണാഡിഎംകെയുടെയും നേതൃത്വത്തിലുള്ള മുന്നണികള്‍ ഏറെക്കുറെ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും ഡിഎംകെ മുന്നണില്‍ ഐക്യത്തോടെ മത്സരിച്ചു. ബിജെപിക്കാകത്തെ അണ്ണാഡിഎംകെ മുന്നണിയില്‍ വന്നതിനാല്‍ ഒന്നോ രണ്ടോ സീറ്റു ജയിക്കാമെന്ന പ്രതീക്ഷയാണ്. ഡിഎംകെ മുന്നണി വന്‍വിജയം നേടുമെന്നാണ് പൊതു വിലയിരുത്തല്‍. കോണ്‍ഗ്രസിന് സീറ്റ് പ്രതീക്ഷയുണ്ട്. കര്‍ണാടകയില്‍ ബി ജെ പി ഒരുവശത്തും കോണ്‍ഗ്രസ്സ്, ജനതാദള്‍ എസ് കക്ഷികള്‍ മറുവശത്തുമായി ഏറ്റുമുട്ടി. മത്സരം നടന്ന 14ല്‍ കഴിഞ്ഞ തവണ ബി ജെ പി 6 സീറ്റുകള്‍ നേടിയിരുന്നു. മഹാരാഷ്ട്ര വിദര്‍ഭ, മാറാത്തവാഡാ മേഖലയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളായിരുന്നു പ്രധാന ചര്‍ച്ച. കടങ്ങള്‍ എഴുതിതള്ളുമെന്ന വാഗ്ദാനത്തിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെയും ബാബാസാഹേബ് അംബേദ്ക്കറുടെ കൊച്ചു മകനും ദളിത് നേതാവുമായ പ്രകാശ് അംബേദ്കറും മത്സരിക്കുന്ന സോളാപ്പൂര്‍ മണ്ഡലം ഏറെ ശ്രദ്ധേയമാണ്. രണ്ടാം ഘട്ടത്തിലെ 95 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് 25 വരെ സീറ്റുകളില്‍ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി സഖ്യകക്ഷികളും സഖ്യകക്ഷികളാകാന്‍ സാധ്യതയുള്ളവരും വിജയിക്കുമെന്നും അവര്‍ കരുതുന്നു.
മൂന്നാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 116 ലോക് സഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു. . ഗുജറാത്തിലയേും കേരളത്തിലേയും എല്ലാ മണ്ഡലങ്ങളും കര്‍ണാടകയിലെ 14, മഹാരാഷ്ട്രയിലെ 14 , യു പി യിലെ 10 മണ്ഡലങ്ങളിലും ഇതില്‍ പെടും. ഇവയില്‍ 62 സിറ്റിംഗ് സീറ്റുകള്‍ ബി ജെ പി യുടേതാണ്. അതെന്തായാലും കുറയുമെന്നുറപ്പ്. ഗുജറാത്തില്‍ ബിജെപി വലിയ പ്രതീക്ഷ വെക്കുമ്പോള്‍ കേരളത്തില്‍ ഒന്നോ രണ്ടോ സീറ്റുനേടുമെന്ന പ്രതീക്ഷയിലാണ്. കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടും ശശി തരൂര്‍ മത്സരിക്കുന്ന തിരുവനന്തപുരവും ദേശീയ പ്രാധാന്യമുള്ള മണ്ഡലങ്ങളായിരുന്നു. ഒഡിഷയിലെ മത്സരം നടന്ന 6 സീറ്റുകളും ബി ജെ ഡി യുടെ സിറ്റിഗം സീറ്റുകളാണ്. ചത്തിസ്ഗറില്‍ 7 സീറ്റാണ് കോണ്‍ഗ്രസ്സ് പ്രതീക്ഷ. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും 40ഓളം വീതം സീറ്റ് പ്രതീക്ഷിക്കുന്നു.
മഹാരാഷ്ട്രയിലെ 17 , ഒഡീഷയിലെ 6, ബീഹാറിലെ 5, പശ്ചിമബംഗാളിലെ 8 , ജാര്‍ഖണ്ഡിലെ 3, മദ്ധ്യ പ്രദേശിലെ 6, രാജസ്ഥാനിലേയും ഉത്തര്‍ പ്രദേശിലേയും 13 വീതം – ആകെ 71 മണ്ഡലങ്ങളിലാണ് നാലാം ഘട്ടം വോട്ടെടുപ്പ് നടന്നത്. നിലവില്‍ ഇവയില്‍ 45 സീറ്റും ബിജെപിയുടേതാണ്. മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വോട്ടെടുപ്പ് ഈ ഘട്ടത്തിലായിരുന്നു. ശക്തമായ പോരാട്ടമാണ് മുംബൈ മണഅഡലങ്ങളില്‍ നടന്നത്. ബീഹാറില്‍ കനയകുമാറിന്റെ പോരാട്ടം ഏറെ ശ്രദ്ധേയമായി. കനയകുമാറിനെ മാറ്റിനിര്‍ത്തിയാല്‍ മുന്നണിയില്‍ ഉള്‍പ്പെടുത്താമെന്ന ആര്‍ ജെ ഡിയിുടെ നിര#ദ്ദേശം തള്ളിയാണ് കനയ്യകുമാര്‍ മത്സരിച്ചത്. ബാംഗ്‌ളൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന പ്രകാശ്രാജും ജിഗ്നേഷ് മേവാനിയും രോഹിത് വെമുലയുടെ മാതാവുമൊക്കെ കനയ്യക്കുവേണ്ടി രംഗത്തിറങ്ങിയിരുന്നു. ഈ ഘട്ടത്തില്‍ ഇരുപതിനോടടുത്ത് സീറ്റാണ് കോണ്‍ഗ്രസ്സും ബിജെപിയും പ്രതീക്ഷിക്കുന്നത്.
എന്തായാലും ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും മാത്രമല്ല, എല്ലാ പാര്‍ട്ടികളുടേയും നേതാക്കളുടേയും നെഞ്ചിടിപ്പ് അനുദിനം കൂടിവരുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഇത്രമാത്രം ആകാംക്ഷാഭരിതമായ തെരഞ്ഞെടുപ്പു നടന്നിട്ടുണ്ടോ എന്നു സംശയമാണ്. ആവര്‍ത്തിക്കുന്ന വിവാദങ്ങള്‍ അതിന്റെ സൂചനയാണ്. എന്തായാലും സംശയനിവൃത്തിക്കായി മെയ് 23 വരെ കാത്തിരിക്കണമെന്നു മാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply