ഗവര്‍ണരുടെ പരാമര്‍ശം ഫെഡറലിസത്തിനു ഭീഷണി
ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പേരില്‍ 356-ാം വകുപ്പിന്റെ സാധ്യത പരാമര്‍ശിച്ച് ഗവണ്ണര്‍ രാഷ്ട്രപതിക്ക് നല്‍കിയ റിപ്പോര്‍ട്ട് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അനുചിതമാണ്. തികച്ചും ജനാധിപത്യവിരുദ്ധമെന്ന് വിലയിരുത്തപ്പെട്ടിട്ടുള്ള ഒന്നാണ് 356-ാം അനുച്ഛേദം തന്നെ. ഇത് ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ തന്നെ ഭരണഘടനാശില്പിയായ ഡോ. അംബേദ്കര്‍ പറഞ്ഞതിങ്ങനെയായിരുന്നു. ”അത്തരം അനുച്ഛേദങ്ങള്‍ ഒരിക്കലും നടപ്പില്‍വരുത്താനുള്ള സന്ദര്‍ഭങ്ങളുണ്ടാവുകയില്ലെന്നും അവ പ്രാബല്യത്തില്‍വരാത്ത നിയമമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.” അസാധാരണമായ സാഹചര്യങ്ങളിലും മറ്റുപരിഹാരങ്ങളില്ലാത്തപ്പോഴും മാത്രമേ ഈ അനുച്ഛേദത്തിന്റെ ഉപയോഗം നടത്താവൂ എന്ന് സര്‍ക്കാരിയ കമ്മീഷനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ […]
ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പേരില്‍ 356-ാം വകുപ്പിന്റെ സാധ്യത പരാമര്‍ശിച്ച് ഗവണ്ണര്‍ രാഷ്ട്രപതിക്ക് നല്‍കിയ റിപ്പോര്‍ട്ട് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അനുചിതമാണ്. തികച്ചും ജനാധിപത്യവിരുദ്ധമെന്ന് വിലയിരുത്തപ്പെട്ടിട്ടുള്ള ഒന്നാണ് 356-ാം അനുച്ഛേദം തന്നെ. ഇത് ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ തന്നെ ഭരണഘടനാശില്പിയായ ഡോ. അംബേദ്കര്‍ പറഞ്ഞതിങ്ങനെയായിരുന്നു. ”അത്തരം അനുച്ഛേദങ്ങള്‍ ഒരിക്കലും നടപ്പില്‍വരുത്താനുള്ള സന്ദര്‍ഭങ്ങളുണ്ടാവുകയില്ലെന്നും അവ പ്രാബല്യത്തില്‍വരാത്ത നിയമമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.” അസാധാരണമായ സാഹചര്യങ്ങളിലും മറ്റുപരിഹാരങ്ങളില്ലാത്തപ്പോഴും മാത്രമേ ഈ അനുച്ഛേദത്തിന്റെ ഉപയോഗം നടത്താവൂ എന്ന് സര്‍ക്കാരിയ കമ്മീഷനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഭരണഘടനാനിര്‍മാണത്തിനുശേഷം തൊണ്ണൂറോളം തവണ ഈ അനുച്ഛേദം വിവിധ സംസ്ഥാനങ്ങളിലുപയോഗിക്കപ്പെട്ടു.
ഒരു സംസ്ഥാനത്തെ സര്‍ക്കാറിന് ഭരണഘടന വിഭാവനംചെയ്യുന്നതനുസരിച്ച് തുടര്‍ന്ന് ഭരിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ മാത്രമേ, 356ാം അനുച്ഛേദത്തിനു പ്രസക്തിയുള്ളൂ. അല്ലാതെ ഏതെങ്കിലും സംസ്ഥാനത്തെ നിയമസഭയ്ക്കകത്ത് അക്രമാസക്തവുമായ സംഭവങ്ങളുണ്ടായാല്‍ പ്രയോഗിക്കാവുന്നതോ പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്താവുന്നതോ അല്ല ഇത്. എന്നാല്‍ മറ്റുപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനസര്‍ക്കാരുകളെ തികച്ചും ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടാനാണ് ഈ വകുപ്പ് എന്നും പ്രയോഗിച്ചിട്ടുള്ളത്. അതിനു തുടക്കം കുറിച്ചതാകട്ടെ സാക്ഷാല്‍ നെഹ്‌റുതന്നെ. 1959ല്‍ ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിട്ട്. അതുപോലും വിസ്മരിച്ചാണ് ഗവര്‍ണ്ണറെ പിന്തുണച്ച് സിപിഎം രംഗത്തെത്തിയിരിക്കുന്നതെന്നത് ചരിത്രത്തിന്റെ വിരോധാഭാസം. രാജ്യത്തു നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തിന്റെ കഴുത്തില്‍ കത്തിവെയ്ക്കുന്ന ഒന്നാണ് ഈ റിപ്പോര്‍ട്ടെന്നു മനസ്സിലാക്കാന്‍ സാമാന്യരാഷ്ട്രീയ ബോധം മാത്രം മതി.
നിയമസഭയ്ക്കകത്തുനടക്കുന്ന പ്രശ്‌നങ്ങളുടെ അന്തിമവിധികര്‍ത്താവ് സ്പീക്കറാണ്. ഭരണഘടനയുടെ 212-ാം അനുച്ഛേദമനുസരിച്ച് സഭാനടപടികളിലിടപെടുന്നതില്‍നിന്ന് കോടതികളുടെ അധികാരം പോലും എടുത്തുകളയപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് നിയമസഭയില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയെ വസ്ത്രാക്ഷേപംചെയ്ത സംഭവം പോലും ഉണ്ടായിട്ടുണ്ട്. നിയമസഭയില്‍ നടന്ന അക്രമങ്ങള്‍ സംബന്ധിച്ച പരാതികളില്‍ നടപടിയെടുക്കേണ്ടത് സഭയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം എല്ലാവരും ഒരുമിച്ചിരുന്ന് ദൃശ്യങ്ങള്‍ കണ്ട് എല്ലാത്തരത്തിലുള്ള പരാതികളിലും നടപടിയെടുക്കുകയാണ് വേണ്ടത്. അതിനു കഴിഞ്ഞില്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായം നടപടിയെടുക്കാം. ഇ പി ജയരാജനടക്കും പ്രതിപക്ഷത്തെ 5 എംഎല്‍എമാരെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞു. തീര്‍ച്ചയായും പ്രതിപക്ഷം അതംഗീകരിക്കുന്നില്ല. അത് മറ്റൊരു വിഷയമാണ്. വനിതാ എംഎല്‍എമാരെ അക്രമിക്കുകയും ലഡുവിതരണം ചെയ്യുകയും ചെയ്തവര്‍ക്കെതിരേയും നടപടി വേണമെന്നാണ് അവരുടെ ആവശ്യം. അതെന്തായാലും ബജറ്റ് സാധുത, ക്വോറം തികഞ്ഞിട്ടുണ്ടോ എന്നിവയുടെയെല്ലാം അവസാന വാക്ക് സ്പീക്കര്‍ തന്നെയാണ്. ബജറ്റ് സാധുവാണെന്ന് സ്പീക്കര്‍ പറഞ്ഞാല്‍ അതിനെ കോടതിയില്‍ പോലും ചോദ്യം ചെയ്യാന്‍ സാധാരണ ഗതിയില്‍ സാധിക്കാറില്ല. പ്രശ്‌നങ്ങളുടെ പേരില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ 356-ാം വകുപ്പിനെക്കുറിച്ചുണ്ടായ പരാമര്‍ശം അസാധാരണവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്. കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എസ്.ആര്‍. ബൊമ്മെ കേസില്‍ ഉള്‍പ്പെടെ സുപ്രീം കോടതി തന്നെ പലതവണ 356-ാം വകുപ്പിനെക്കുറിച്ചും അത് പ്രയോഗിക്കേണ്ട സാഹചര്യത്തെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ഭരണഘടനാപരമായ തകര്‍ച്ച ഉണ്ടായി ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമേ 356-ാം വകുപ്പ് പ്രയോഗിക്കാവൂ. സുപ്രിം കോടതി ജഡ്ജിയായിരുന്ന ഗവര്‍ണര്‍ക്ക് അറിയില്ലേ? 1997 ലെ യു.പി.അസംബ്ലിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച അടിയിലും അക്രമത്തിലും കലാശിച്ചപ്പോള്‍ കോടതി ഇടപെട്ടതാണ് ഒരപവാദം.
356-ാം അനുഛേദം ഉപയോഗിക്കണമെങ്കില്‍ സംസ്ഥാനത്തിന്റെ ഭരണം ഭരണഘടനാനുസൃതമായി നടപ്പിലാക്കാന്‍ കഴിയത്ത അവസ്ഥയാണെന്ന് ഗവര്‍ണര്‍ക്ക് രാഷ്ര്ടപതിയെ അറിയിക്കണം. അപ്പോള്‍ കേന്ദ്രത്തിന് വേണമെങ്കില്‍ നിയമസഭ പരിച്ചു വിടാം. മുകളില്‍ സൂചിപ്പിച്ച പോലെ അതുപയോഗിച്ചതെല്ലാം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായിരുന്നു എന്നത് വേറെ കാര്യം. ഇവിടേയും സംഭവം അതുതന്നെ. ബിജെപി സര്‍ക്കാരിന്റെ പരോക്ഷ ഭീഷണി തന്നെയാണ് ഗവര്‍ണ്ണരുടെ റിപ്പോര്‍ട്ടില്‍ നി്ന്നു വ്യക്തമാകുന്നത്. അതു മനസ്സിലാക്കാതെയാണ് സി.പി.എം പോലും ആ കെണിയില്‍ വീണിരിക്കുന്നത്. മാണിക്കെതിരായ സമരം പ്രതിപക്ഷത്തിനു തുടരാം. തുടരണം. അത് അക്രമരഹിതമാണെങ്കില്‍ ജനപിന്തുണ ലഭിക്കും. അപ്പോഴും ജനാധിപത്യത്തെ കൊല ചെയ്യാനുള്ള നീക്കത്തെ തിരിച്ചറിഞ്ഞാല്‍ നന്ന്.
അതിനിടെ ഗവര്‍ണറുടെ പ്രതികരണം സര്‍ക്കാരിനെതിരെയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു. ഭരണഘടനാപരമായ സ്തംഭനം സംസ്ഥാനത്തില്ല. നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ബജറ്റ് പാസാക്കും. എം.എല്‍.എമാര്‍ക്ക് വ്യക്തമായ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഗവര്‍ണ്ണറെ ധരിപ്പിച്ചു. ഒപ്പം മുതിര്‍ന്ന മന്ത്രിമാരായ കെ.എം. മാണി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായും അദ്ദേഹം വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഗവര്‍ണ്ണരെ വിമര്‍ശിക്കുമ്പോഴും ജനാധിപത്യം തല താഴ്ത്തി നിന്ന ദിനമായിരുന്നു കടന്നുപോയത് എന്നതില്‍ തര്‍ക്കമില്ല. അക്കാര്യം ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. പക്ഷെ ഗൗരവപരമായ മറ്റൊരു വിഷയം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ബജറ്റിനുപകരം ബജറ്റ് അവതരിപ്പിച്ച രീതിയെ കുറിച്ചാണല്ലോ ചര്‍ച്ചകളും വിവാദങ്ങളും സംഘട്ടനങ്ങളും നടക്കുന്നത്. അതിനിടയില്‍ വളരെ ഗൗരവപരമായ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെടുകയാണ്. യാതൊരു ചര്‍ച്ചയോ എതിര്‍പ്പോ ഇല്ലാതെ സാങ്കേതികമായി ബജറ്റ് പാസാകുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. കുറ്റം ആരുടേതായാലും ഒരിക്കലും ഇത് ജനാധിപത്യത്തിനു ഗുണകരമാകില്ല.
ഉദാഹരണമായി താഴെ പറയുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നോക്കുക. പെട്രോളിനും ഡീസലിനും ഒരു രൂപ വീതം ലിറ്ററിന് അധിക നിരക്ക് ഈടാക്കും, അരിക്കും അരി ഉത്പ്പന്നങ്ങള്‍ക്കും, ഗോതമ്പിനും ഒരു ശതമാനം നികുതി വരുന്നു, മൈദ, ആട്ട, സൂചി, റവ എന്നിവയ്ക്ക് 5 ശതമാനം നികുതി, പഞ്ചസാരയ്ക്ക് രണ്ടും, വെളിച്ചെണ്ണയ്ക്ക് ഒരു ശതമാനവും നികുതി വര്‍ദ്ധന, നൈലോണ്‍ കയറുകള്‍, പോളിയസ്റ്റര്‍ കയറുകള്‍ എന്നിവയ്ക്കും 5 ശതമാനമാണ് നികുതി വര്‍ദ്ധന, തുണിത്തരങ്ങള്‍ക്ക് ഒരു ശതമാനം നികുത കോഴിത്തീറ്റയ്ക്ക് ഒരു ശതമാനം നികുതി, സ്റ്റാമ്പ് രജിസ്‌ട്രേഷന്‍ നിരക്കുകളില്‍ വര്‍ദ്ധന… ഇങ്ങനെ പോകുന്നു. ഇവക്കെതിരെ പ്രതിഷേധം പോലും രേഖപ്പെടുത്താന്‍ സഭയിലാളുണ്ടാവില്ല. സാധാരണക്കാരെ നേരിട്ടുബാധിക്കുന്ന ഏതാനും നിര്‍ദ്ദേശങ്ങള്‍ മാത്രമാണിത്. അല്‍പ്പം ചില ഇളവുകള്‍ നല്‍കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്നറിയുന്നു. അത്രയും നന്ന്. അപ്പോഴും ഗുണകരമായ കീഴ്‌വഴക്കമല്ല ഇത് സൃഷ്ടിക്കാന്‍ പോകുന്നത്. ഇരുവിഭാഗവും അതിന് ഉത്തരവാദികളാണു താനും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in