കോടതിവിധിക്കു കാരണം നിരോധനമെന്ന നിലപാട്

കേരളത്തില്‍ നടപ്പാക്കുന്നത് മദ്യനിരോധനന്നാണല്ലോ സര്‍ക്കാര്‍ അവകാശവാദം. ആ വാദത്തിനേറ്റ തിരിച്ചടിയാണ് ബാറുകള്‍ പൂട്ടാനുള്ള തീരുമാനം 30-ാം തിയതിവരെ നീട്ടിവെക്കാനുള്ള സപ്രിംകോടതിവിധി. സത്യത്തില്‍ സര്‍ക്കാര്‍ എന്തവകാശപ്പെട്ടാലും  മദ്യനിരോധനമൊന്നും ആരും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം. അത് നടക്കാന്‍ പോകുന്ന കാര്യവുമല്ല. അമേരിക്ക മുതല്‍ തമിഴ്‌നാട് വരെ പരീക്ഷിച്ച് പരാജയപ്പെട്ടതാണല്ലോ മദ്യനിരോധനം. കേരളത്തിലെ അട്ടപ്പാടി മറ്റൊരു ഉദാഹരണം. മനുഷ്യനുണ്ടായ കാലം മുതല്‍ ലഹരിയുമുണ്ട് എന്നതു മറന്നാണ് ചില മദ്യവിരുദ്ധര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് മദ്യനിരോധനമെന്നു അവകാശപ്പട്ടു കൊട്ടിഘോഷിക്കുന്നവരും അങ്ങനെ തന്നെ […]

lllകേരളത്തില്‍ നടപ്പാക്കുന്നത് മദ്യനിരോധനന്നാണല്ലോ സര്‍ക്കാര്‍ അവകാശവാദം. ആ വാദത്തിനേറ്റ തിരിച്ചടിയാണ് ബാറുകള്‍ പൂട്ടാനുള്ള തീരുമാനം 30-ാം തിയതിവരെ നീട്ടിവെക്കാനുള്ള സപ്രിംകോടതിവിധി.
സത്യത്തില്‍ സര്‍ക്കാര്‍ എന്തവകാശപ്പെട്ടാലും  മദ്യനിരോധനമൊന്നും ആരും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം. അത് നടക്കാന്‍ പോകുന്ന കാര്യവുമല്ല. അമേരിക്ക മുതല്‍ തമിഴ്‌നാട് വരെ പരീക്ഷിച്ച് പരാജയപ്പെട്ടതാണല്ലോ മദ്യനിരോധനം. കേരളത്തിലെ അട്ടപ്പാടി മറ്റൊരു ഉദാഹരണം. മനുഷ്യനുണ്ടായ കാലം മുതല്‍ ലഹരിയുമുണ്ട് എന്നതു മറന്നാണ് ചില മദ്യവിരുദ്ധര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് മദ്യനിരോധനമെന്നു അവകാശപ്പട്ടു കൊട്ടിഘോഷിക്കുന്നവരും അങ്ങനെ തന്നെ കരുതി അതിനെ എതിര്‍ക്കുന്നവരും സത്യത്തില്‍ ആടിനെ പട്ടിയാക്കുകയാണ്. മദ്യവില്‍പ്പന മേഖലയില്‍ ഒരിടപെടല്‍ മാത്രമാണ് സത്യത്തില്‍ സര്‍ക്കാര്‍ നടത്തിയത്. അതിനു കാരണമായ കാര്യങ്ങളെ കുറിച്ചും രാഷ്ട്രീയതാല്‍പ്പര്യങ്ങളെ കുറിച്ചും കുറെ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. അതിനാല്‍ തന്നെ അതിലേക്കു കടക്കുന്നില്ല. ഒരു തീരുമാനത്തിന്റെ ഫലമാണല്ലോ മുഖ്യം.

മദ്യനിരോധനമാണെങ്കില്‍ എന്തുകൊണ്ട് ഫൈവ് സ്റ്റാറും ബീവറേജുമെന്ന കോടതിയുടെ ചോദ്യം യുക്തിസഹമാണല്ലോ. ഘട്ടം ഘട്ടമായി മദ്യനിരോധനമെന്നാണ് അതിനുള്ള സര്‍ക്കാരിന്റെ മറുപടി. അപ്പോള്‍ ബാറുടമടകള്‍ സ്വാഭാവികമായും എല്ലാവര്‍ക്കും തുല്യനീതി എന്ന വിഷയം ഉന്നയിക്കും. കോടതിക്ക് അത് തള്ളിക്കളയാനാവില്ല. സത്യത്തില്‍ ഇതേകോടതിതന്നെ നേരത്തെ ബാറുള്‍ക്ക് കുറെ മാനദണ്ഡങ്ങള്‍ വെച്ചിരുന്നു. അതവര്‍ മറന്നോ എന്തോ? ജുഡീഷ്യല്‍ ആക്ടിവിസം അതിരു കടക്കുന്ന കാലമാണല്ലോ. എന്തായാലും മദ്യനിരോധനമെന്നൊന്നും അവകാശപ്പെടാതെ മദ്യനയത്തിനനുസൃതമായി ബാറുകള്‍ പൂട്ടുന്നു എന്നായിരുന്നു സര്‍ക്കാര്‍ വാദിക്കേണ്ടിയിരുന്നത്. അല്ലെങ്കില്‍ വരുന്ന മാര്‍ച്ച് 31 വരെ കാത്തിരികകാമായിരുന്നു. അതുമല്ലെങ്കില്‍ ഫൈവ് സ്റ്റാറുകള്‍ക്ക് ബിയര്‍ – വൈന്‍ ലൈസന്‍സ് മാത്രം നല്‍കാമായിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരെടുത്ത നിലപാട് കോടതിനിധി ക്ഷണിച്ചുവരുത്തുന്നതായിപോയി എന്നാരോപിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. തീരുമാനം തിടുക്കപ്പെട്ടതായി പോയി എന്നു പറയുന്നവരേയും. ഇനിയെങ്കിലും ആദ്യം കോണ്‍ഗ്രസ്സിലും പിന്നെ യുഡിഎഫിലും അഭിപ്രായ സമന്വയമുണ്ടാക്കി വേണം കോടതി കയറാന്‍. ആ പാഠമെങ്കിലും സുധീരനും ഉമ്മന്‍ ചാണ്ടിയും ഉള്‍ക്കൊണ്ടെങ്കില്‍ എത്ര നന്നായിരിക്കും. അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും.

സത്യത്തില്‍ ഈ വിഷയത്തില്‍ സദാചാരത്തിനോ ധാര്‍മ്മികതക്കോ ഒരു സ്ഥാനവുമില്ല. അങ്ങനെ അവകാശപ്പെട്ട് അതിനെ അനുകൂലിക്കുന്നതിലും എതിര്‍ക്കുന്നതിലും കാര്യമായ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. വിഷയം മദ്യപിക്കുന്നവര്‍ക്ക് ഉപഭോക്താക്കള്‍ക്കുള്ള എല്ലാ അവകാശങ്ങളും നിഷേധിച്ച്, അവരുടെ പോക്കറ്റുകള്‍ കൊള്ളയടിച്ച് ഒരു വന്‍ മാഫിയ വളരുന്നതാണ്. അതില്‍ അബ്കാരികളും രാഷ്ട്രീയക്കാരുമെല്ലാം പെടും. ഒരു മദ്യപാനി കുടിക്കുന്ന ഓരോ പെഗ് മദ്യത്തില്‍ നിന്ന്ും അവര്‍ക്കെല്ലാം വിഹിതം  ലഭിക്കും. മറുവശത്ത് അതിന്റെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ നിരവധിയാണ്. ഈ ചൂഷണത്തിനണ് അവസാനമുണ്ടാകേണ്ടത്. അതിന്റെ തുടക്കമായി ഇതിനെ കാണണം. സര്‍ക്കാര്‍ അങ്ങനെ കരുതിയിട്ടുണ്ടാവില്ല. അതിനാലാണ് ഈ തിരിച്ചടി. എന്നാല്‍ അങ്ങനെ മാറ്റിയെടുക്കാനാണ് നാം ശ്രമിക്കേണ്ടത്.
അമിതമായ മദ്യപാന സമൂഹമായി കേരളീയര്‍ മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ സാമൂഹികകാരണങ്ങള്‍ അന്വേഷിക്കാനും പരിഹരിക്കാനും ശ്രമിക്കാതെ മദ്യവില്‍പ്പനയെ നികുതിവരുമാനത്തിനും അഴിമതിക്കുമുള്ള വന്‍ ഉറവിടങ്ങളായി മാറ്റാനാണ് മാറിവന്ന എല്ലാ സര്‍ക്കാരുകളും ചെയ്തത്. ആശ്വാസകരമല്ലാത്ത രീതിയില്‍ മദ്യപാനം പെരുകുന്നതിന് കാരണം മാനസിക സമ്മര്‍ദ്ദമുള്ളവരുടെ വലിയ സമൂഹമായി നാം മാറിയിട്ടുള്ളതുകൊണ്ടായിരിക്കാം. അതിന്റെ കാരണങ്ങളും നിരവധിയാണ്. എല്ലാവിധ ആനന്ദങ്ങളേയും കൂച്ചുവിലങ്ങിടുന്ന ഒരു സമൂഹത്തിന് പ്രഷര്‍ കുക്കറിലെ വാല്‌വു പോലെയാണ് മദ്യം. എന്നാല്‍ മദ്യപാനത്തെ ഒരു സദാചാരവിഷയമായി അഭിസംബോധന ചെയ്യുന്ന കാപടം, മദ്യം വാങ്ങുന്നയാള്‍ക്ക് ഒരു ഉപഭോക്താവ് എന്ന രീതിയില്‍ ലഭിക്കേണ്ട എല്ലാ അവകാശവും നിഷേധിച്ചു. മദ്യപാനി എന്തു പറഞ്ഞാലും അത് ബോധമില്ലാതെ പറയുന്നതാണല്ലോ. മറുവശത്ത് നിലവാരം കുറഞ്ഞ ഏതു സ്പിരിറ്റും കളര്‍ചേര്‍ത്ത് സെക്കന്റ് സെയിലായി വിറ്റ് കൊള്ളലാഭം കൊയ്യാനുള്ള അവകാശം ബാറുടമകള്‍ക്ക് സ്വന്തമായി. വര്‍ഷംതോറും എത്രവേണമെങ്കിലും മദ്യത്തിനുമുകളില്‍ ടാക്‌സ് ചുമത്താമെന്നായി. അങ്ങനെ സര്‍ക്കാരിന്റെ പ്രധാന വരുമാനവുമായി. കപടമായ സദാചാരബോധത്തിന്റെ സ്വാധീനം മൂലം സംഘടിക്കാന്‍ കഴിയാത്ത മദ്യപാനിയെ കൊള്ളയടിക്കുന്നതില്‍ ആര്ക്കും വിരോധമില്ല. എന്തിനു വില കൂട്ടിയാലും എതിര്‍ക്കുന്നവര്‍ മദ്യത്തിനു വില കൂട്ടിയാല്‍ മിണ്ടാത്തവരായി. മദ്യപാനികളെ ഉപഭോക്തൃ കോടതികള്‍ പോലും പരിഗണിക്കാറില്ല. മദ്യവില്‍പന അങ്ങനെ അധികാരികളുടേയും സമൂഹത്തിന്‌റേയും പിന്തുണയോടെ ബഹുമുഖമാനങ്ങളുള്ള ചൂഷണവ്യവസായമായി വളര്‍ന്നു. കാര്യത്തോടടുത്തപ്പോള് പല മദ്യവിരുദ്ധക്കാരുടേയും തനിനിറം പുറത്തുവന്നതും കേരളം കണ്ടല്ലോ.
മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ് സര്‍ക്കാരിന്റെ തീരുമാനം, ഇത്  സദാചാരം അടിച്ചല്‍പ്പിക്കലാണ്, മനുഷ്യന്റെ എല്ലാ ആഹ്ലാദത്തിലും ഭരണകൂടം ഇടപെടുകയാണ് എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ശരിയാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് മദ്യത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥ പാവപ്പെട്ടവന്റെ പോക്കറ്റു കൊള്ളയടിക്കാന്‍ മുകളില്‍ പറഞ്ഞവര്‍ക്കു സ്വാതന്ത്ര്യം നല്‍കുന്നു എന്നത്. രാഷ്ട്രീയ – സാംസ്‌കാരിക ചര്‍ച്ചകള്‍ക്കും സൗഹൃദങ്ങള്‍ക്കും സ്വകാര്യദുഖങ്ങള്‍ പങ്കുവെക്കാനും ഒരിടം നഷ്ടപ്പെടുന്നു എന്ന അഭിപ്രായവും ശരിതന്നെ. എന്നാല്‍ അതിനുമുണ്ടൊരു മറുവശം. ഇതെല്ലാം ആണുങ്ങളുടെ മാത്രം പ്രശ്‌നമാണല്ലോ. കുടുംബത്തിന്റെ ശ്വാസംമുട്ടലില്‍ നിന്ന് പുരുഷന് മോചനം നല്‍കാനുള്ള ഒരുപാധിയാണത്. എന്നാല്‍ സ്ത്രീയുടെ വീര്‍പ്പുമുട്ടലോ? സി ആര്‍ പരമേശ്വരന്‍ ചൂണ്ടികാട്ടിയ പോലെ ബാര്‍വെളിച്ചത്തില്‍ ഇരുന്ന് അസ്തിത്വദു:ഖവും സിനിമയും ചര്‍ച്ച ചെയ്യാനാവില്ലല്ലോ എന്ന് ഖേദിക്കുന്ന മദ്ധ്യവര്‍ഗപരാദത്തോട് അല്ല സാധുക്കളില്‍ സാധുവായ ദളിത് സ്ത്രീയോടാണ് മദ്യനിയന്ത്രണത്തെ കുറിച്ചുള്ള അഭിപ്രായം ആരായേണ്ടത്. ആ ചര്‍ച്ചകള്‍ക്കായി നഷ്ടപ്പെടുന്ന പണമെത്രയാണ്? വളരെ മോശം മദ്യം എത്രയോ ഇരട്ടി വിലക്കാണ് വാങ്ങി കഴിക്കുന്നത്. ബാറുകളിലെ ഭക്ഷണത്തിന്റെ കാര്യവും പറയേണ്ടതില്ലല്ലോ. ഏറ്റവും മോശം ഭക്ഷണം ഏറ്റവും കൂടിയ വിലക്ക്. ഈ കൊള്ള അവസാനിപ്പിച്ചേ പറ്റൂ.
അതേസമയം മദ്യനിരോധനമൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് ബിവറേജില്‍ നിന്ന് വാങ്ങി കഴിക്കാം. വീടുകളിലിരുന്നു കഴിക്കാം. അത് വീടുകളെ ബാറുകളാക്കുമെന്ന വാദത്തില്‍ എന്തര്‍ത്ഥമാണുള്ളത്? തീര്‍ച്ചയായും മദ്യപാനത്തില്‍ അതുവഴി നിയന്ത്രണമുണ്ടാകുകയാണ് ചെയ്യുക. തമിഴ് നാട്ടില്‍ ഉള്ള പോലെ ബീവറേജിനോട് ചേര്‍ന്ന് കഴിക്കാനുള്ള ചെറിയ, അതേസമയം മാന്യമായ അന്തരീക്ഷവും ഉണ്ടാക്കാവുന്നതാണ്.
ആത്യന്തികമായി ഇതൊരു വ്യവസായമാണ്. അതിന്റെ മാന്യത ഉണ്ടാകണം. മദ്യത്തില്‍ നിന്നെടുക്കുന്ന ലാഭം മറ്റേതൊരു വ്യവസായവും പോലെ മിതമായിരിക്കണം. ഉപഭോക്താവിന് മാന്യത നല്‍കണം. അതൊടൊപ്പം മദ്യനിരോധനം പ്രായോഗികമല്ല എന്നംഗീകരിച്ച് പൂട്ടുന്ന ബാറുകളില്‍ ചിലതിനെങ്കിലും ബിയര്‍ – വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാവുന്നതാണ്. മുകളില്‍ സൂചിപ്പിച്ചപോലെ ഉപഭോക്താവിനെ കൊള്ളയടിക്കാന്‍ അനുവദിക്കരുത് എന്നു മാത്രം.
ഏറ്റവും പ്രധാന വിഷയം  കള്ളിന്റേതാണ്. റഷ്യക്കു വോഡ്കയും ഗോവക്കു പെനിയും പോലെയാകണം കേരളത്തിനു കള്ളും നീരയുമെല്ലാം. മദ്യനയത്തില്‍ പ്രഖ്യാപിച്ചപോലെ കള്ളിനെ ബദല്‍ പാനീയമായി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ ആ മേഖലയില്‍ നിന്ന് അബ്കാരികളെ പൂര്‍ണ്ണമായും ഒഴിവാക്കണം. വെള്ളക്കാര്‍ ഉണ്ടാക്കിയ അബ്കാരി നയം മാറ്റിയെഴുതണം. എന്തിനാണ് ഇവിടെ ഒരു അബ്കാരി? സ്വന്തം തെങ്ങില്‍ നിന്ന് കള്ളെടുക്കാനുള്ള അവകാശം കര്‍ഷകനാകണം. ഇപ്പോഴത്തെ ചെത്തുതൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാം. എന്നാല്‍ കള്ളിന്റെ വിതരണം കര്‍ഷകരുടെ സഹകരണസംഘങ്ങള്‍ വഴിയാകണം. ഒപ്പം നീരയും. കള്ളുഷാപ്പുകളില്‍ മാന്യമായ അന്തരീക്ഷം ഉണ്ടാക്കുകയും വ്യാജനില്ലാതാക്കുകയും വേണം. അതുവഴി കേരളത്തിലെ കേരകര്‍ഷകനു ആശ്വാസകരമാകുന്ന രീതിയില്‍ ഈ അവസരത്തെ മാറ്റിയെടുക്കുകയാണ് വേണ്ടത്. അതിനുള്ള ആര്‍ജ്ജവമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. അതിനെ പിന്തുണക്കുകയാണ് ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്.
വളരെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നീര ഉത്പാദനം നല്കുന്ന സൂചന വളരെ പ്രോത്സാഹനജനകമാണെന്ന് കര്‍ഷകര്‍ പറയുന്നു. പാലക്കാട്ടെ മുതലമടയിലെ കര്‍ഷകര്‍ വളരെ ആവേശത്തിലാണ്. നീര ചെത്തുന്ന 17 തെങ്ങില്‍ നിന്ന്  ടോം തോമസ് എന്ന കര്‍ഷകന് 40 ദിവസം കൊണ്ട് 46,048 രൂപ ലഭിച്ചു. വെറും 17 തെങ്ങില്‍ നിന്നാണത്. മുതലമട നാളികേര ഉത്പാദക ഫെഡറേഷനാണ് നീര ഉത്പ്പാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തില് വിപണനം നടത്തുന്നത്. കര്‍ഷകര്‍ക്കു മാത്രമല്ല, ചെത്തുകാര്‍ക്കും മികച്ച വരുമാനം ലഭിക്കുന്നു. നീരക്കൊപ്പം കള്ളും ഇത്തരത്തില്‍ ഉല്പ്പാദിപ്പിച്ച് വിപണനം നടത്താനുള്ള തീരുമാനമാണ് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ എടുക്കേണ്ടത്. കോടതിയുടെ അഭിപ്രായപ്രകാരം ഫൈവ് സ്റ്റാറുകളും നിരോധിക്കാം. എങ്കില്‍ അതായിരിക്കും ഈ നൂറ്റാണ്ടില്‍ കേരളം കാണാന് പോകുന്ന ഏറ്റവും വലിയ വിപ്ലവം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply