കാഴ്ചയുടെ നേര്‍രേഖകള്‍
കെ.സി. സെബാസ്റ്റിന്‍ സുതാര്യ കാഴ്ചകളുടെ അടയാളപ്പെടുത്തലിലൂടെ ഇന്ത്യയിലെ ചലച്ചിത്ര മേളകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ലോകത്തിലെ ബൃഹത്തായ ചലച്ചിത്ര മേളകളില്‍ ഒന്നാണ് മുംബൈ രാജ്യാന്തര ചലച്ചിത്ര മേളയായ മിഫ് (MIFF). ഡോക്യുമെന്ററി, ഷോര്‍ട്, അനിമേഷന്‍ ചിത്രങ്ങളുടെ രണ്ടുവര്‍ഷം കൂടുമ്പോള്‍ മുംബൈയില്‍ അരങ്ങേറുന്ന മിഫിന്റെ സംഘാടകര്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഫിലിംസ് ഡിവിഷനാണ്. വിജ്ഞാനത്തിന്റെ വിശാല ഭൂമികയിലേക്കു പ്രേക്ഷകനെ ആനയിക്കുന്ന ലോകത്തിലെ 33ഓളം രാജ്യങ്ങളില്‍ നിന്നെത്തിയ മാനുഷികവും നൈതികവുമായ വിഷയങ്ങളുടെ മുന്നൂറോളം ചലച്ചിത്രങ്ങളാണ് മിഫില്‍ പ്രദര്‍ശിപ്പിച്ചത്. ഫീച്ചര്‍ ചിത്രങ്ങളുടെ ഗ്ലാമറും പണക്കൊഴുപ്പുമില്ലാത്തതിനാല്‍ […]
സുതാര്യ കാഴ്ചകളുടെ അടയാളപ്പെടുത്തലിലൂടെ ഇന്ത്യയിലെ ചലച്ചിത്ര മേളകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ലോകത്തിലെ ബൃഹത്തായ ചലച്ചിത്ര മേളകളില്‍ ഒന്നാണ് മുംബൈ രാജ്യാന്തര ചലച്ചിത്ര മേളയായ മിഫ് (MIFF). ഡോക്യുമെന്ററി, ഷോര്‍ട്, അനിമേഷന്‍ ചിത്രങ്ങളുടെ രണ്ടുവര്‍ഷം കൂടുമ്പോള്‍ മുംബൈയില്‍ അരങ്ങേറുന്ന മിഫിന്റെ സംഘാടകര്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഫിലിംസ് ഡിവിഷനാണ്.
വിജ്ഞാനത്തിന്റെ വിശാല ഭൂമികയിലേക്കു പ്രേക്ഷകനെ ആനയിക്കുന്ന ലോകത്തിലെ 33ഓളം രാജ്യങ്ങളില്‍ നിന്നെത്തിയ മാനുഷികവും നൈതികവുമായ വിഷയങ്ങളുടെ മുന്നൂറോളം ചലച്ചിത്രങ്ങളാണ് മിഫില്‍ പ്രദര്‍ശിപ്പിച്ചത്. ഫീച്ചര്‍ ചിത്രങ്ങളുടെ ഗ്ലാമറും പണക്കൊഴുപ്പുമില്ലാത്തതിനാല്‍ തള്ളിക്കയറ്റങ്ങളും ആരവങ്ങളും അന്യമായിരുന്നു. പക്വവും ഗൗരവുമാര്‍ന്ന ചലച്ചിത്രകാരന്മാരും ആസ്വാദകരുമാണ് ഈ മേളയുടെ കരുത്ത്. പൂര്‍ണമായും വാണിജ്യമുക്തമായ ചലച്ചിത്രങ്ങളാണ് ഈ ഉത്സവത്തിന്റെ മുഖമുദ്ര.ഫിലിംസ് ഡിവിഷന്‍ ആസ്ഥാനത്തെ സ്വച്ഛമായ അന്തരീക്ഷം മേളയെ ധ്യാനാത്മകമാക്കി.
ഗതകാല മേളകളിലേക്കാള്‍ ബീഭത്സമായിരുന്നു ഇക്കുറി മിഫിലേക്ക് അയച്ചുകിട്ടിയ ചിത്രങ്ങളുടെ എണ്ണത്തിലെ വര്‍ധനവ് -790 ചിത്രങ്ങള്‍. ഇവയില്‍ 300ഓളം ചിത്രങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ പോയവര്‍ഷത്തെ മേളയുടെ കരുത്ത് ഇവയ്ക്കില്ലായിരുന്നു. അവിശ്വസനീയമാംവിധം വിശ്വസനീയമായ രേഖീയ ചലച്ചിത്രങ്ങള്‍ ഇക്കുറിയും മേളയെ ശൂന്യമാക്കി. കാലിക രാഷ്ട്രീയ പ്രസക്തമായ ചിത്രങ്ങളും മത്സരവിഭാഗത്തില്‍ കണ്ടില്ല. സ്ത്രീപക്ഷവും ലിംഗപരവുമായ വിഷയങ്ങളുടെ സമൃദ്ധി മേള വെളിവാക്കി.
രാജ്യാന്തര പുരസ്‌കാര ചിത്രങ്ങള്‍
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരമായ സുവര്‍ണശംഖും 10 ലക്ഷം രൂപയും ഓസ്ട്രിയയില്‍നിന്നുള്ള ‘ബ്രദര്‍ ജേക്കബ്, ആര്‍ യു സ്ലീപ്പിങ് ? ‘ എന്ന 86 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിനാണ്. നാലു സഹോദരന്മാര്‍ ഭൂതകാലത്തിലേക്കു നടത്തുന്ന യാത്രയാണീ ചിത്രം. അഞ്ചാമത്തെ സഹോദരന്റെ ആത്മഹത്യക്കുശേഷം ടൈറോലിയന്‍ പര്‍വ്വതത്തില്‍നിന്നും ആരംഭിക്കുന്ന ഓര്‍മകള്‍ പങ്കിട്ട പാതയിലൂടെയുള്ള പ്രയാണം പോര്‍ട്ടോയിലെ ഹോട്ടല്‍മുറിയില്‍ അവസാനിക്കുന്നു. സങ്കടത്തിന്റെയും വിടവാങ്ങലിന്റെയും പ്രശാന്തതയുടെയും എത്തിപ്പെടലിന്റെയും അതുപോലെത്തന്നെ പുനഃസമാഗമത്തിന്റെയും വീണ്ടെടുക്കലിന്റെയും ഒരു വ്യക്തിഗത ചലച്ചിത്രമാണിത്. കാലത്തെ അതിജീവിക്കുന്ന വേദനയുടെ അപനിര്‍മാണം ദുഃഖാര്‍ത്തമായ ഒരു കുടുംബത്തിന്റെ പരിസമാപ്തിയിലേക്ക് കൊണ്ടുവരുന്നു എന്നതിനാലാണ് ഈ ചിത്രം പുരസ്‌കാരത്തിന് അര്‍ഹമായത്.
ഈ വിഭാഗത്തില്‍ ഇക്കുറി രജതശംഖ് നേടാനായി ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. പോയവര്‍ഷത്തെ പോലെ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ഈ പ്രാവശ്യവും രണ്ടുചിത്രങ്ങള്‍ പങ്കിട്ടു. അരുണാചല്‍ പ്രദേശില്‍നിന്നുള്ള ‘ആബ’യും (The Grand Father), മൈടേണ്‍ (Nae Chalye) എന്ന സൗത്ത് കൊറിയന്‍ ചിത്രവും. അരുണാചല്‍ പ്രദേശിലെ ‘സീറോ’ എന്ന പ്രദേശത്തെ ഒരു ഒറ്റപ്പെട്ട ഗ്രാമത്തിലാണ് ‘ആബ’ ചിത്രീകരിച്ചത്. ഇവിടത്തെ ‘അപ്പത്താനി’ ഗോത്രവര്‍ഗക്കാര്‍ ഇവരുടെ വിചിത്രമായ ആചാരങ്ങളാല്‍ പ്രസിദ്ധരാണ്. ഇവിടത്തെ സ്ത്രീകള്‍ ചന്തമുള്ളവരായിരുന്നതിനാല്‍ ‘നിഷി’ ഗോത്രവര്‍ഗക്കാര്‍ ഇവരെ തട്ടിക്കൊണ്ടുപോകുമായിരുന്നു. നിഷികളുമായി പോരാടാന്‍ അപ്പത്താനി പുരുഷന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനവര്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് തങ്ങളുടെ പെണ്ണുങ്ങളെ ചെറുപ്പത്തിലെതന്നെ മൂക്കും കാതും തുളച്ച് മരക്കട്ട അണിയിക്കുകയും മുഖത്തു പച്ചകുത്തുകയും ചെയ്ത് വികൃതമാക്കുക എന്നത്. ഇങ്ങനെ വിരൂപികളാക്കിയ സ്ത്രീകളെ പിന്നീട് നിഷികള്‍ തട്ടിക്കൊണ്ടുപോകാതായി. പക്ഷേ, ‘ആബ’യുടെ കഥ മറ്റൊന്നാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു കൊച്ചു പെണ്‍കുട്ടി അവരുടെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയാണ് താമസിക്കുന്നത്. ആശുപത്രിയില്‍വെച്ച് ഒരു എക്സ്റേ ഫിലിം കാട്ടിക്കൊണ്ട് കുട്ടിയോടും മുത്തച്ഛനോടും ഡോക്ടര്‍ പറഞ്ഞത്, മുത്തച്ഛന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ജീവിക്കുകയുള്ളൂ എന്നും ഇദ്ദേഹത്തിന്റെ ശ്വാസകോശം അര്‍ബുദം ബാധിച്ച് മൂര്‍ധന്യത്തിലാണെന്നും. കുട്ടി ഈ വിവരം വീട്ടിലെത്തിയപ്പോള്‍ മുത്തശ്ശിയോട് പറയുകയും ചെയ്തു. മരണം പ്രതീക്ഷിച്ച് കഴിയുന്ന മുത്തച്ഛന്‍ തന്നെ അടക്കുവാനുള്ള കുഴി സ്വന്തമായി തിരയുകയും അയാള്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളെല്ലാം കുഴിയില്‍ കൊണ്ടുവെച്ച് അവിടെത്തന്നെ കിടക്കുകയും ചെയ്യുന്നു. വിളിച്ചിട്ടും വിളിച്ചിട്ടും മുത്തച്ഛന്‍ ഉണരാത്തതില്‍നിന്നും അയാള്‍ മരിച്ചുവെന്ന് കരുതി ഈ കുട്ടി കരഞ്ഞുകൊണ്ട് ചെന്ന് മുത്തശ്ശിയോട് മുത്തച്ഛന്‍ മരിച്ചു എന്നു പറയുന്നു. ഇതോടെ മുത്തശ്ശി നിശ്ചലമായി. മുത്തച്ഛന്‍ ഉറക്കമുണര്‍ന്ന് പുരയിലെത്തുമ്പോള്‍ മരിച്ചുകിടക്കുന്ന തന്റെ പ്രിയ സഖിയെയാണ് കാണുന്നത്. അപ്പോഴും മുത്തശ്ശി കണ്ടുകൊണ്ടിരുന്ന ടി.വിയില്‍നിന്നും ഏതോ ചിത്രത്തിലെ മലയാള സംഭാഷണങ്ങള്‍ കേള്‍ക്കാം. ഇതോടെ ഇയാള്‍ സിഗററ്റിന് തീ കൊളുത്തിക്കൊണ്ട് തന്റെ മരണപ്രവചനത്തിന്റെ സാക്ഷ്യമായ എക്സ്റേ ഫിലിം അടുപ്പിലിട്ട് കത്തിക്കുന്നു. ഒടുവില്‍ തനിക്കുവേണ്ടി കുത്തിയ കുഴിയില്‍ ഭാര്യയെയും അവര്‍ ഉപയോഗിച്ചിരുന്നു ടി.വിയും ഡിഷ് ആന്റിനയും ഉള്‍പ്പെടെയുള്ള സാധനങ്ങളും അടക്കംചെയ്യുന്നു.
ലിപി പോലുമില്ലാത്ത ഗോത്രഭാഷയായ അപ്പത്താനിയിലുള്ള ഈ തദ്ദേശീയ ഹ്രസ്വചിത്രം ഫിക്ഷനാണെങ്കിലും ഇതൊരു രേഖീയചിത്രമാണെന്നു നമ്മെ അനുഭവിപ്പിക്കുന്ന വിസ്മയമാണ്. ഇതില്‍ ഡോക്ടറുടെയും കുട്ടിയുടെയും മാത്രമേ സംഭാഷണമുള്ളൂ. മുത്തച്ഛനും മുത്തശ്ശിയും ഒരക്ഷരം ഉരിയാടുന്നില്ല. പക്ഷേ, അവരുടെ മുഖഭാവങ്ങളും ശരീരചലനങ്ങളും അവിസ്മരണീയമായ അര്‍ഥതലങ്ങള്‍ നമ്മളില്‍ കൊത്തിവെക്കുന്നു. ടി.വിയും ഫോണുമുള്ള ഒരിടത്ത് പരിസ്ഥിതിക്ക് കോട്ടംവരാതെ പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന അപ്പത്താനികളുടെ മുളകൊണ്ടുള്ള ആ പരമ്പരാഗത വീട് ഇപ്പോഴും മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്നത് നമ്മെ അമ്പരപ്പിക്കും (27വര്‍ഷങ്ങള്‍ക്കുമുമ്പ് ലേഖകന്‍ അപ്പത്താനികളുടെ നാട്ടില്‍ പോയിട്ടുണ്ടെങ്കിലും അന്നുള്ള ആ വീട് തന്നെയാണ് ഈ ചലച്ചിത്രത്തിലും ദര്‍ശിക്കാന്‍ കഴിഞ്ഞത്). അരുണാചല്‍ പ്രദേശുകാരനല്ലാത്ത അമര്‍ കൗശിക്കിന്റെ കടിഞ്ഞൂല്‍ ചലച്ചിത്രമാണ് 22 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ആബ’.
നഴ്സായ ഹ്യുന്‍-ജൂങ് അസാധാരണമായ സാഹചര്യത്തില്‍ ഗര്‍ഭം ധരിക്കുകയും അത് സംരക്ഷിക്കാനുള്ള ശ്രമവും ഇതേതുടര്‍ന്നുള്ള വേദനകളും വ്യസനങ്ങളും പ്രത്യാഘാതങ്ങളും ചലച്ചിത്രാത്മകമായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ‘മൈടേണ്‍’ (Nae Chalye) എന്ന ചിത്രത്തെ ശ്രദ്ധേയമാക്കിയത്. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം കൊറിയന്‍ ഭാഷയിലുള്ളതാണ്. നാക്യുങ് കിം എന്ന വനിതയാണ് ‘മൈടേണ്‍’ സംവിധാനം ചെയ്തത്.
രണ്ടാമത്തെ മികച്ച രേഖീയചിത്രത്തിനുള്ള പുരസ്‌കാരമായ സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് ‘ദ് സിനിമ ട്രാവലേഴ്സ് ‘ എന്ന ചിത്രത്തിനാണ്. മഹാരാഷ്ട്രയിലെ സഞ്ചരിക്കുന്ന സിനിമയുടെ അവിശ്വസനീയമായ ലോകം വെള്ളിത്തിരയില്‍ വരഞ്ഞിടുകയാണ് ഈ ചലച്ചിത്രം. വര്‍ഷത്തിലൊരിക്കല്‍ വിദൂരമായ ഗ്രാമത്തിലേക്ക് സിനിമാ പ്രൊജക്ടര്‍ സ്ഥാപിച്ചിരിക്കുന്ന തുരുമ്പെടുത്തു തുടങ്ങിയ ഒരു പഴയ ലോറിയെ ട്രാക്ടറില്‍ കെട്ടിവലിച്ചുകൊണ്ടു വരുകയും അവിടെ സര്‍ക്കസുകാരെ പോലെ കൂടാരമുണ്ടാക്കി സിനിമ പ്രദര്‍ശനം നടത്തുകയും ചെയ്യുന്ന നിപുണനായ ഒരു പ്രദര്‍ശകന്റെയും ഉദാരമതിയായ ഒരു സംഘാടകന്റെയും ഒറ്റയാനായ ഒരു പ്രൊജക്ടര്‍ മെക്കാനിക്കിന്റെയും നേര്‍ക്കാഴ്ചയാണീ ചിത്രം. കൂടാതെ, ഡിജിറ്റല്‍ സിനിമയുടെ ആഗമനത്തോടെ സെല്ലുലോയ്ഡ് ഫിലിമുകളും പ്രൊജക്ടറുകളും അപ്രസക്തമാകുന്നതിന്റെയും ഒടുവിലത്തെ സഞ്ചാര സിനിമയുടെയും രേഖീയമായ മുദ്രണമാണ് ‘ദ് സിനിമ ട്രാവലേഴ്സ് ‘. പ്രേക്ഷകരെ ചലച്ചിത്രാത്മക യാത്രയിലൂടെ സഞ്ചാര സിനിമയെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് സജ്ജരാക്കുന്നതിനായി പ്രതിബദ്ധതയുള്ള അചഞ്ചലമായ ദൃശ്യശൈലിയുടെ ആഖ്യാനത്തിന്റെ വ്യക്തമായ നിര്‍വചനമെന്ന നിലയിലാണ് ‘ദ് സിനിമ ട്രാവലേഴ്സ് ‘ പുരസ്‌കാര ജേതാവായത്. ഷെര്‍ലി അബ്രഹാമും അമിത് മദേഷിയയുമാണ് 96 മിനിറ്റുള്ള ഈ ചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത്. നാച്ചീസെ ബാഞ്ചിമികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും ഈ ചിത്രത്തിനാണ്. സംവിധായകനായ അമിത് മദേഷിയയാണ് ഛായാഗ്രാഹകന്‍. നമ്മളെ എല്ലാവരെയുംപോലെ അതിജീവനത്തിനായി ഉദ്യമിപ്പിക്കുന്ന ജീവിതകഥാപാത്രങ്ങളെയും പരിസരത്തെയും മാറുന്ന സാങ്കേതികവിദ്യയാല്‍ വെല്ലുവിളി നേരിടുന്ന സെല്ലുലോയ്ഡ് ലോകത്തെയും വിജയകരമായി ദൃശ്യവത്കരിക്കാന്‍ ഛായാഗ്രാഹകനു കഴിഞ്ഞുവെന്നത് പുരസ്‌കാരത്തിലേക്കുള്ള പാത തുറന്നു.
ദേശീയ പുരസ്‌കാരം
മുംബൈ വാസിയും മലയാളിയുമായ സുരേഷ് എറിയാട്ട് അണിയിച്ചൊരുക്കിയ ‘ടോക്രി’ (The Basket) എന്ന ചിത്രമാണ് മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള രജതശംഖും അഞ്ചുലക്ഷം രൂപയും കരഗതമാക്കിയത്. കാലത്തില്‍ നഷ്ടപ്പെടുകയും കണ്ടെത്തുകയും ചെയ്യുന്ന രണ്ട് അപ്രധാന ജീവിതങ്ങളുടെ കഥയിലൂടെ ‘ടോക്രി’ പ്രേക്ഷകന്റെ ചങ്കു പൊള്ളിക്കുന്നു തെരുവോരത്തെ കുടിലില്‍ കഴിയുന്ന ഒരച്ഛനും മകളും അമ്മയുമടങ്ങുന്ന ഒരു കൊച്ചുകുടുംബം. ദത്താസാമന്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രസിദ്ധമായ മുംബൈയിലെ തുണിമില്‍ സമരത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്ത കൂട്ടത്തില്‍ ഒരാളാണ് ഇതിലെ കുടുംബനാഥന്‍. അന്നയാള്‍ക്ക് പാരിതോഷികമായി ലഭിച്ച ഒരു വാച്ച് വലിയ നിധിപോലെ ഇയാള്‍ കാത്തുസൂക്ഷിച്ചിരുന്നു. ദിവസവും രാത്രി മകളും ഭാര്യയും ഉറങ്ങിക്കഴിയുമ്പോള്‍ രഹസ്യമായി തന്റെ കൊച്ചുപെട്ടി തുറന്ന് (ഏതോ ഒരു പ്രമുഖകന്‍ ഇയാള്‍ക്ക് സമ്മാനം നല്‍കുന്ന പഴയ ഫോട്ടോ പ്രേക്ഷകന് കാണാം) ആ വാച്ചിന് കീ കൊടുക്കുകയും ഭയഭക്തി ബഹുമാനങ്ങളോടെ തിരികെ പെട്ടിയില്‍ വെക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം മകള്‍ ഇതു ശ്രദ്ധിക്കുകയും തുടര്‍ന്ന് അച്ഛനും അമ്മയും പുറത്തേക്കു പോകുന്ന നേരത്ത് പെട്ടിതുറന്ന് വാച്ചു നോക്കുന്നതിനിടിയില്‍ താഴെ വീഴുകയും അതിന്റെ ചില്ല് തകര്‍ന്ന് നിശ്ചലമാവുകയും ചെയ്യുന്നു. തകര്‍ന്ന വാച്ച് തിരികെ പെട്ടിയില്‍തന്നെ വെക്കുന്ന കുട്ടി ഒന്നുമറിയാത്തപോലെ നടിക്കുന്നു. അന്നു രാത്രി കീ കൊടുക്കാനായി വാച്ചുനോക്കുന്ന അയാള്‍ ആകെ തകര്‍ന്നുപോകുന്നു. ആ വാച്ചിന്റെ കീ ആ മനുഷ്യന്റെ ജീവിതത്തിന്റെ തന്നെ സ്പന്ദനമായിരുന്നു. തന്നോടുള്ള സ്നേഹത്തിലും ജീവിതചര്യകളിലുമെല്ലാം വ്യത്യസ്തമായി പെരുമാറുന്ന അച്ഛന്റെ ശ്ലഥമായ മനസ്സ് കുട്ടിയെ വല്ലാതെ അലട്ടുന്നു. വാച്ച് നന്നാക്കാന്‍ പണം സമ്പാദിക്കാനായി കുട്ടി, സ്‌കൂളില്‍ പോകാതെ കുട്ട നെയ്ത് സ്‌കൂള്‍ യൂനിഫോമില്‍ തിരക്കേറിയ തെരുവിലൂടെ ട്രാഫിക് സിഗ്നലില്‍ വില്‍പനക്കെത്തുന്നു. ഇവിടെ നമ്മള്‍ യാന്ത്രിക സംസ്‌കാരത്തിന്റെ നിന്ദ്യവും ക്രൂരവുമായ മുഖമാണ് ദര്‍ശിക്കുക. ഒടുവില്‍ കുട്ടകള്‍ മുഴുവന്‍ വാഹനങ്ങള്‍ കയറി നശിക്കുകയും പാതിരയായിട്ടും കുട്ടിയെക്കാണാതെ ഹതാശനായി അലഞ്ഞെത്തുന്ന
അച്ഛന്‍, തെരുവിന്റെ നടുവില്‍ തളര്‍ന്നിരിക്കുന്ന കുട്ടിയെ കണ്ടെത്തുകയും അവളോടൊപ്പം അവിടെത്തന്നെയിരുന്ന് തന്റെ നിസ്വമായ ജീവിതത്തിന്റെ നോവുകളിലും നഷ്ടങ്ങളിലും നെടുവീര്‍പ്പിടുമ്പോള്‍ അത് പ്രേക്ഷകര്‍കൂടി നെഞ്ചിലേറ്റുന്നു ഇതിന്റെ പാത്രനിര്‍മിതി, പ്രകാശനവും സ്തംഭന – ഗമന അനിമേഷന്റെ അപ്രത്യക്ഷമാകുന്ന തന്ത്രങ്ങളും സൂക്ഷ്മതയോടെ കണ്ണിചേര്‍ത്തതിനാണ് പുരസ്‌കാരം. മിഫിന്റെ സിഗ്നേച്ചര്‍ ചിത്രവും ‘ടോക്രി’യുടെ സംവിധായകനായ സുരേഷ് എറിയാട്ടിന്റെ കയ്യൊപ്പുള്ളതാണ്.പൂര്‍ണമായും അനിമേറ്റഡ് ആയ ഈ ചിത്രം ഇതുവരെയുള്ള മിഫിന്റെ സിഗ്നേച്ചര്‍ ചിത്രങ്ങളില്‍ നിന്നും വേറിട്ടു നിന്നു.
ഹ്രസ്വചിത്രത്തില്‍ രജതശംഖ് നേടിയത് ‘സഖിസോന’ എന്ന ബംഗാളി ചിത്രമാണ്. പ്രാന്തിക് ബസു സംവിധാനം ചെയ്തിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ ദൈര്‍ഘ്യം 26 മിനിറ്റാണ്. സഖിസോന കാമുകനുമൊത്ത് ഒളിച്ചോടുന്നു. മരങ്ങള്‍ നിറഞ്ഞ ഒരു ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തില്‍ അവരുടെ പ്രയാണം അവസാനിക്കുന്നു. ജീവിതം വളരെ സന്തുഷ്ടവും പ്രകൃതി എല്ലായിടത്തും ഊര്‍ജസ്വലമായി തുളുമ്പി നില്‍ക്കുന്നതുമായി അവര്‍ക്കനുഭവപ്പെട്ടു. ഒരു ദിവസം അവള്‍ വിറക് ശേഖരിക്കുന്നതിനായി വനത്തിലേക്കു പോയി. അപ്പോള്‍ ഒരു വൃക്ഷം ഈ കാടിന്റെ നിഗൂഢത അവളോട് വെളിപ്പെടുത്തുന്നു. മിഥ്യാബോധം പ്രേതത്തിന്റെയും മന്ത്രവാദിയുടെയും രൂപത്തില്‍ പ്രചരിക്കുന്നത് ഇവ കാലങ്ങളായി മനുഷ്യരെ മൃഗങ്ങളാക്കി രൂപാന്തരപ്പെടുത്തുകയാണെന്നാണ്. ഇതേസമയം, ഒരു ഉദ്ഖനന സ്ഥലത്ത് വളരെക്കാലം മുമ്പ് കുഴിച്ചുമൂടിയ കഥകള്‍ കുതിപ്പോടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ശില്‍പവും സംഗീതവും വഴി ഗതകാലത്തിന്റെ ഇതിഹാസങ്ങളും വര്‍ത്തമാനകാലത്തിന്റെ കഥയും ഒരുമിച്ച് നെയ്യുന്ന ‘സഖിസോന’ കാവ്യാത്മക അവതരണംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ കുടിയേറുന്നു.
ഒരു മണിക്കൂറില്‍ താഴെയുള്ള മികച്ച രേഖീയചിത്രത്തിനുള്ള പുരസ്‌കാരം ‘ഇമ സബിത്രി’ എന്ന മണിപ്പൂരി ചിത്രത്തിനാണ്. ബൊബൊ ഖുരൈജാം സംവിധാനം ചെയ്ത ഈ ചിത്രം 57 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ഇതൊരു തിയറ്റര്‍ നടിയായ ‘സബിത്രി’യുടെ ചിത്രമെഴുത്താണ്. ഇവര്‍ ഇമ (അമ്മ) എന്നാണ് അഭിസംബോധന ചെയ്യപ്പെടുന്നത്. സബിത്രി എന്ന അമ്മ അരങ്ങിലും പുറത്തും ഒരു ടീച്ചര്‍, ഒരു പങ്കാളി, ഒരു സ്ത്രീ, ഒരു മകള്‍ എന്നിങ്ങനെ വിഷയങ്ങളുടെ ഒരു നിരതന്നെ നെയ്തിടുന്നു. മൂന്നുവര്‍ഷംകൊണ്ട് ചിത്രീകരിച്ച ഈ ചിത്രം ഒരു ഊര്‍ജസ്വലമായ യഥാര്‍ഥ നാടകകമ്പനിയുടെ പ്രചോദനത്താല്‍ സൂക്ഷ്മ നിരീക്ഷണം ചെയ്യുകയായിരുന്നു.
നൈരന്തര്യത്തിനു വേണ്ടിയുള്ള അഭിനിവേഷത്തിന്റെയും ആഘോഷങ്ങളുടെയും പ്രതിസന്ധികളുടെയും നിമിഷങ്ങളില്‍ അവ വെളിവാക്കുന്ന പോലെ ചിത്രീകരിച്ചിരിക്കുന്നു. ‘അമ്മ’ എന്ന ചടുലമായ നാടകത്തില്‍ സബിത്രിയുടെ അമ്മയെന്ന കഥാപാത്രം ഉജ്ജ്വലമാണ്. ഇതിന്റെ ക്ലൈമാക്സ്, ഒരിക്കല്‍ ഒരു പെണ്‍കുട്ടി പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുകയും ഇതേത്തുടര്‍ന്നുള്ള പ്രതിഷേധസമരത്തിന്റെ ഭാഗമായിമണിപ്പൂരിലെ അമ്മമാർ ഇംഫാലിലെ പട്ടാളക്യാമ്പിന്റെ പടിവാതിൽക്കൽ ചെന്ന് നഗ്നരായിനിന്ന് ‘ഞങ്ങളെ ബലാത്സംഗം ചെയ്യൂ’ എന്നു പറഞ്ഞ് ആക്രോശിക്കുന്ന രംഗമാണ് കാണികളുമായി സംവേദനം ചെയ്യുന്നത്. ഡോക്യുമെന്ററിക്കുള്ള (60 മിനിറ്റിനു മുകളില്‍) രജതശംഖ്, ആര്‍.വി. രമണി സംവിധാനം ചെയ്ത ‘സന്താള്‍ ഫാമിലി റ്റു മില്‍ റീ – കോള്‍’ എന്ന ചിത്രത്തിനാണ്. 20ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിഗ്രഹകലാകാരനായ രാംകിങ്കര്‍ ബെയ്ജിന്റെ പൈതൃകത്തിലേക്കുള്ള പുനര്‍ സന്ദര്‍ശനത്തിന്റെ പ്രക്രിയയിലേക്ക് നമ്മെ ചേര്‍ത്തുപിടിക്കുന്ന ഒരു ബഹു അടുക്കുകളുള്ള ആഖ്യാനമാണ് രമണിയുടെ ‘സന്താള്‍ ഫാമിലി റ്റു മില്‍ റീ – കോള്‍’. ശാന്തി നികേതനിലെ അധ്യാപകനായിരുന്ന രാംകിങ്കര്‍ ഒരു തിയറ്റര്‍ പരിശീലകന്‍ കൂടിയായിരുന്നു. ചിത്രകലകളില്‍ ആവിഷ്‌കാര പ്രയോഗങ്ങളുടെ ഔപചാരിക സമീപനത്തിന്റെ ബൃഹത്തായ പരീക്ഷണങ്ങള്‍ രാംകിങ്കര്‍ നടത്തിയിട്ടുണ്ട്. സമകാലിക ചിത്രകാരനാണ് വിവന്‍ സുന്ദരം. ഇദ്ദേഹം കണ്ടെത്തിയ വസ്തുക്കളും വലിയ പ്രതിഷ്ഠാപനങ്ങളും കൊണ്ട് മുറ്റത്ത് പ്രാപഞ്ചികത തീര്‍ക്കുന്നു. രാംകിങ്കറിന്റെ ജീവിതവും വര്‍ക്കുകളും വീണ്ടെടുക്കുന്ന വിവന്‍ സുന്ദരത്തിന്റെ ‘409 രാംകിങ്കര്‍’ എന്ന പ്രോജക്ടില്‍ നാടകക്കാരും എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്നു. തിയറ്റര്‍ സംവിധായകരായ അനുരാധ കപൂര്‍, ശന്തനു ബോസ്, അദിതീ വിശ്വാസ്, ദീപന്‍ ശിവരാമന്‍ കൂടാതെ പ്രഫഷനല്‍ അഭിനേതാക്കള്‍, അസോസിയേറ്റുകള്‍, സാങ്കേതിക വിദഗ്ധര്‍ ഇവരെല്ലാം ചേര്‍ന്നുള്ള ഒരു സങ്കല്‍പ സാക്ഷാത്കാരമായ പ്രൊമനേഡ് തിയറ്റര്‍ (Promenade Theatre). ഇതിന്റെ നിര്‍മിതിയും നാടക അവതരണങ്ങളും ശില്‍പങ്ങളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശനങ്ങളും കാണികളും എല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരു സവിശേഷ കാഴ്ചയാണ് സന്താള്‍ ഫാമിലി റ്റു മില്‍ റീ – കോള്‍.
ജൂറിയുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഇക്കുറി ഒരു ട്രാന്‍സ്ജെന്‍ഡര്‍(തിരുസോദരി) ചിത്രമായ ‘അയാം ബോണി’ നേടി. ശതരൂപ സന്ദ്ര, ഫറാ ഖറ്റൂര്‍, സൗരഭ് കാന്തിദത്ത എന്നിങ്ങനെ മൂന്നുപേര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. ട്രാന്‍സ്ജെന്‍ഡറായി ജനിച്ച ബോണിയുടെ കഥയാണ് ഈ ചിത്രം. ദരിദ്രരും നിരക്ഷരരും ആശയക്കുഴപ്പത്തിലകപ്പെട്ടവരുമായ മാതാപിതാക്കള്‍ ബോണിയെ വളര്‍ത്തിയത് പെണ്‍കുട്ടിയെ പോലെയാണ്. ഫുട്ബാള്‍ കളിയില്‍ മികവുള്ള ബോണിക്ക് പരിഹാസ്യവും കാപട്യവും നിറഞ്ഞ ചൂഷിതമായ സമൂഹത്തില്‍ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പോരാടേണ്ടിവരുന്നു. സാങ്കേതികമായ പരിമിതികളുണ്ടെങ്കിലും ഒരു അപര്യാപ്തമായ സമൂഹത്തിന്റെ സദാചാര പരിധിയെയും അന്തര്‍മുഖത്തെയും വെല്ലുവിളിക്കുന്ന ഉല്‍പതിഷ്ണുവായ മനുഷ്യനെ പ്രധാനമായും ഹൈലൈറ്റ് ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തെ ജൂറി പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
പ്രത്യേക ജൂറി പുരസ്‌കാരം നേടിയ രണ്ട് ചിത്രങ്ങളാണ് ‘നാചി സെ ബാന്‍ചി’, ‘അയാം ജീജ’. ഝാര്‍ഖണ്ഡില്‍നിന്നുള്ള ഹിന്ദി ചിത്രമായ ‘നാചി സെ ബാന്‍ചി’ (Dance for survival)ബിജു ടോപ്പോയും മേഘ്നാഥും ചേര്‍ന്നാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. ഡോ. രാംദയാല്‍ മുണ്ടയെന്ന ആദിവാസിയുടെ ജീവചരിത്ര ചലച്ചിത്രമാണിത്. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടില്‍നിന്നും ഉയരങ്ങള്‍ കീഴടക്കിയ രാംദയാല്‍ രാജ്യസഭയിലും ഐക്യരാഷ്ട്രസഭയിലും ആദിവാസികളുടെ ശബ്ദമായി. സാഹിത്യ അക്കാദമി, പത്മശ്രീ പുരസ്‌കാരങ്ങള്‍ നേടിയ ഇദ്ദേഹം റാഞ്ചി യൂനിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറാണ്.ഝാര്‍ഖണ്ഡിലെ തമര്‍ ആദിവാസി കുടുംബത്തില്‍ ജനിച്ച രാംദയാല്‍ മുണ്ട അമേരിക്കയില്‍ ഉപരിപഠനത്തിന് പോവുകയും പിന്നീട് മിനിസോറ്റ സര്‍വകലാശാലയില്‍ അധ്യാപകനാവുകയും ചെയ്തു. അതിനുശേഷമാണ് ഇദ്ദേഹം നാട്ടിലേക്കു തിരിച്ചുപോരുകയും മേല്‍പറഞ്ഞ പദവികളിലെത്തുകയും ചെയ്തത്. തദ്ദേശവാസി സംസ്‌കാരത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിന്റെ അഭിഭാഷണമാണ് ‘നാചി സെ ബാന്‍ചി’ എന്ന 70 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം.
മുഖ്യധാര മാധ്യമങ്ങളാല്‍ തന്റെ സമുദായത്തെ തെറ്റായി പ്രതിനിധാനംചെയ്യുന്നതിനെതിരെ കാമറ കൊണ്ട് ഫലപ്രദമായി എതിരിട്ട ആദ്യത്തെ ആദിവാസി ചലച്ചിത്രകാരനാണ് ബിജു ടോപ്പോ എന്ന സംവിധായകന്‍. നക്സലൈറ്റ് വേട്ട നടത്തുന്നതിനിടയില്‍ നിരപരാധികളായ ആദിവാസികളെ മാവോവാദികളെന്ന പേരില്‍ വെടിവെച്ചു കൊന്നതിനെക്കുറിച്ചുള്ള ‘ദ ഹണ്ട് ‘ എന്ന രേഖീയചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് ബിജു ടോപ്പോ.
കൊല്‍ക്കത്തയില്‍നിന്നുള്ള സ്വാതി ചക്രബര്‍ത്തി സംവിധാനം ചെയ്ത ‘അയാം ജീജ’ 28 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇംഗ്ലീഷ് ഡോക്യുമെന്ററിയാണ്. സെറിബ്രല്‍ പാള്‍സി (തലച്ചോറിനെ ബാധിക്കുന്ന തളര്‍വാതം) ബാധിച്ച ജീജഘോഷ് എന്ന പെണ്‍കുട്ടിയുടെ പ്രതിബന്ധങ്ങളെ തരണംചെയ്ത് ജീവിതവിജയം നേടുന്നതിന്റെ നേര്‍ചിത്രമാണ് ‘അയാം ജീജ’. ശക്തയായ പോരാളിയും സമൂഹത്തിന്റെ ഉത്തരവാദിത്തമുള്ള നേതാവുമാണെന്ന് അവര്‍ തെളിയിക്കുകയുണ്ടായി. താഴ്ത്തി സംസാരിക്കുകയും തെറിച്ചുനടക്കുകയും ചെയ്യുന്ന ജീജ ഏവര്‍ക്കും വിസ്മയമാകും. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശക്തമായി നിലകൊള്ളുന്ന ജീജ ഒരു അപൂര്‍വ സ്ത്രീ മാത്രമല്ല, എല്ലാവര്‍ക്കും ഒരു ആദര്‍ശ മാതൃക കൂടിയാണ്.
സംവിധായകന്റെ ആദ്യ ചിത്രത്തിനുള്ള ദാദ സാഹെബ് ഫാല്‍കെ പുരസ്‌കാരം ‘ബി ലവ്ഡ് ‘,(ജാന്‍ ജിഗര്‍) എന്ന 18 മിനിറ്റുള്ള ഹിന്ദിചിത്രം സംവിധാനം ചെയ്ത മുംബൈ നിവാസിയായ രഞ്ജന്‍ ചന്ദേലിനാണ്. വടക്കേ ഇന്ത്യയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും പൂര്‍വസ്നേഹ ജീവിതത്തിന്റെ അല്‍പ വ്യത്യാസത്തെ കുറിച്ചറിയാന്‍ ഒരു വിജനസ്ഥലത്ത് കണ്ടുമുട്ടുവാന്‍ അവര്‍ തീരുമാനിക്കുന്നു. അവിടെ സദാചാര ഗുണ്ടകളുടെ ആക്രമണം അവര്‍ നേരിടേണ്ടിവരുന്നു. കാലികവിഷയമായ സദാചാര പൊലീസിനെതിരെയുള്ള ചിത്രമെന്ന നിലയില്‍ ‘ബി ലവ്ഡ് ‘ (Be loved) ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്ത്യന്‍ ഡോക്യുമെന്ററി പ്രൊഡ്യൂസേഴ്സ് അസോസിയേഷ (IDPA)ന്റെ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരം ശ്രേയസ് ദശരഥ സംവിധാനം ചെയ്ത ‘വിതറിങ്ഹൗസ് ‘ (ബിസ്മാര്‍ ഘര്‍) നേടി. വീടിനെക്കുറിച്ചുള്ള 60 മിനിറ്റുള്ള ഒരു ഡോക്യുമെന്ററിയാണിത്. വീടുനല്‍കുന്ന സ്വന്തമെന്ന ബോധവും സുരക്ഷിതത്വവും മാത്രമല്ല, കാലത്തിന്റെയും സംസ്‌കൃതിയുടെയും പ്രതീകം എന്ന നിലയിലും ഒരു വീടിന് വിശിഷ്ടമായ സ്വത്വം ഉണ്ടെന്നും ഈ ചിത്രം പറയുന്നു.
അഹ്മദാബാദ് നഗരത്തിന്റെ ഹൃദയഭാഗത്ത്100 വര്‍ഷം പഴക്കമുള്ള വീട്ടില്‍ 20 വര്‍ഷമായി താമസിക്കുന്ന മഹേഷ്ഭായ്, തരുണബെന്‍, ഗണ്‍പത്ഭായ് എന്നിവരുടെയും ഇവരുടെ വീടിനെയും നിരീക്ഷണവിധേയമാക്കുകയാണ് ഈ ചിത്രത്തില്‍. ഈ വീട്ടില്‍നിന്നും പുതിയൊരു അപ്പാര്‍ട്മെന്റിലേക്ക് താമസം മാറാന്‍ ഇവര്‍ തീരുമാനിക്കുന്നു. മാറുന്ന കാലത്തിന്റെയും സാഹചര്യങ്ങളുടെയും കൂടെ വികസനത്തിന്റെയും നഗരവത്ക്കരണത്തിന്റെയും നിഴലിനുതാഴെ ഒരുതരം അപരിചിതമായ ഏകരൂപതയിലേക്ക് ഇവര്‍ മാറ്റപ്പെടുകയല്ലേ? ഇനിയും നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നമ്മുടെ പാരമ്പര്യമായ ഘടനകള്‍ പരാജയപ്പെടുകയാണോ? ഈ സമസ്യകള്‍ പ്രേക്ഷകനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടാണ് ‘വിതറിങ് ഹൗസ് ‘ പൂര്‍ണമാകുന്നത്.
മികച്ച ശബ്ദ ഡിസൈനിനുള്ള പുരസ്‌കാരം പിന്‍ജ മുസ്തജോക്കിക്കാണ് ‘മൈ സീക്രട്ട് ഫോറസ്റ്റ് ‘ എന്ന ഫിന്‍ലന്‍ഡ് ചിത്രമാണ് ഇതിനവലംബം. നീന സംവിധാനം ചെയ്ത ഈ ചിത്രം സംസാരശേഷിയില്ലാത്ത ഓട്ടിസം ബാധിതനായ 20 വയസ്സുള്ള ലൗറിയെക്കുറിച്ചാണ്. വളര്‍ന്നുവരുന്ന ഓട്ടിസം ബാധിതനായ ഒരു യുവാവിന്റെ അന്തര്‍ലോകത്തെ വ്യക്തിപരമായി പ്രേക്ഷകനെ ബന്ധിപ്പിക്കുന്ന പാലമായി, ഒരു ചലച്ചിത്രാത്മക ചികിത്സപോലെ ആലോചനപരമായി ശബ്ദം രൂപകല്‍പന ചെയ്തതുകൊണ്ടാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
പുരസ്‌കാരങ്ങള്‍ ലഭിക്കാതിരുന്നതുകൊണ്ട് മേളയില്‍ പ്രദര്‍ശിപ്പിച്ച മറ്റു ചിത്രങ്ങള്‍ പ്രശംസനീയമല്ലാതാകുന്നില്ല. ദ പോയറ്റിക് ഓഫ് ഫ്രാജിലിറ്റി, ടെയ്ല്‍സ് ഫ്രം അവര്‍ ചൈല്‍ഡ് ഹുഡ്, വെല്‍വെറ്റ് റെവലൂഷന്‍, ദ എക്സല്‍, 3 സെക്കന്‍ഡ് ഡിവോഴ്സ്, ദ സെയ്ന്റ്സ് ഓഫ് സിന്‍, വണീഷിങ് ഗ്ലേസിയര്‍, ഐസ്, മഴബി ലഡ്ഡു, ദ ലോഡ്സ് ഓഫ് വെസ്റ്റേണ്‍ ഘാട്സ്, സോപാനം, കതാര്‍സിസ്, വെയ്ല്‍ ഡണ്‍, എ മൂമെന്റ്, മക്കാന്‍, ആഫ്റ്റര്‍ നൂണ്‍ ക്ലൗഡ്, എ ക്വീര്‍ കണ്‍ട്രി എന്നിവയെല്ലാം രാഷ്ട്രീയ സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളുന്നയിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളാണ്.
മത്സരവിഭാഗത്തില്‍ പെടേണ്ട മികച്ച ചിത്രങ്ങളാണ് പലതുമെന്ന് ‘പ്രിസം’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ കാഴ്ച വെളിവാക്കി. റിട്രോസ്പെക്ടിവ് വിഭാഗത്തില്‍ ഡോമിനിക് ഡുബോഷ് (ഫ്രാന്‍സ്), കൊജി യമാമുറ – അനിമേഷന്‍ (ജപ്പാന്‍), ഇവാന്‍ ലിയോനി ഡോവിച്ച് – അനിമേഷന്‍ (റഷ്യ), മധുശ്രീദത്ത, ഭീംസെയ്ന്‍ ഖുറാന – അനിമേഷന്‍, രക്ഷന്‍ ബനീടേമാഡ് (ഇറാന്‍) എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇതിനെല്ലാം പുറമെ പല വിദേശ മേളകളില്‍ പുരസ്‌കാരം നേടിയവ,
സന്ത്യാഗൊ അല്‍വരെസ് (കൂബ), അനിമമുണ്ടി (ബ്രസീല്‍), ഫിലിപ്പിനൊ വിമെന്‍ – (ഫിലിപ്പൈന്‍സ്), സാര്‍ക് എന്നീ പ്രത്യേക പാക്കേജുകള്‍, ഹോമേജ്, പ്രത്യേക സ്‌ക്രീനിങ്ങുകള്‍, ആര്‍ട്ടിസ്റ്റ്സ് സിനിമ, ഫിലിംസ് ഡിവിഷന്‍, ജമ്മു കശ്മീര്‍, വടക്കു കിഴക്കന്‍ ഇന്ത്യ എന്നീ പാക്കേജുകള്‍. കൂടാതെ ഓപ്പണ്‍ ഫോറം, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, മീഡിയ കോണ്‍ഫറന്‍സുകള്‍ എന്നിവയെല്ലാം കൊണ്ടും തികച്ചും മികവുറ്റ രാജ്യാന്തര ചലച്ചിത്രോത്സവം തന്നെയാണ് മിഫ് എന്ന് വീണ്ടും തെളിയിച്ചു. എന്നാല്‍, പോയ മേളയിലെ പോലെത്തന്നെ ഇക്കുറിയും രാഷ്ട്രീയപരവും സാഹസികപരവുമായി ധീരതയോടെ ചിത്രീകരിക്കപ്പെട്ട ചലച്ചിത്രങ്ങള്‍ ഉണ്ടായില്ലെന്നുള്ളത് ഈ മേളയുടെ പോരായ്മയാണ്. പുതിയ രണ്ട് മികച്ച തിയറ്ററുകള്‍ കൂടി ഫിലിംസ് ഡിവിഷന്‍ സമുച്ചയത്തില്‍ തുടങ്ങിയത് മേളയുടെ നേട്ടമാകുമ്പോള്‍തന്നെ ചലച്ചിത്രോത്സവ വേദിയിലേക്ക് എത്തിച്ചേരുവാന്‍ ഇത്തവണയും ബദല്‍യാത്രാ സൗകര്യം ഒരുക്കാന്‍ സംഘാടകര്‍ക്ക് കഴിയാതിരുന്നത് ജനകീയപങ്കാളിത്തം ന്യൂനീകരിച്ചു. എന്നാല്‍, പോയ വര്‍ഷത്തേക്കാള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് ഫെസ്റ്റിവല്‍ ഡയറക്ടറായ മനീഷ് ദേശായിയുടെ സംഘാടക മികവുകൊണ്ടാണ്. രജിസ്ട്രേഷന്‍ വിഭാഗം വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതിനാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ പ്രകടമായ പാളിച്ചയുണ്ടായി.മിഫ് സൈറ്റിലെ ഫോട്ടോ ഗാലറിയില്‍ ചലച്ചിത്ര സ്റ്റില്ലുകള്‍ക്കു പകരം മീഡിയ കോണ്ഫറന്‍സുകളുടെയും മറ്റും ചിത്രങ്ങള്‍ മാത്രം ലഭ്യമാക്കിയത് അപഹാസ്യമാണ്.
മലയാളികളായ ഫാസിലും ഷോണും സംയുക്തമായി സംവിധാനം ചെയ്ത ‘ഇന്‍ ദ ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍’ എന്ന രേഖീയചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ പോയത് മേളക്കേറ്റ പ്രഹരമാണ്. ബ്രിട്ടീഷ് അധിനിവേശ കാലത്തുണ്ടാക്കിയ ഒരു കരിനിയമത്തിന്റെ പിന്‍ബലത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവുകൊണ്ടാണ് ഷെഡ്യൂള്‍ ചെയ്തിട്ടും ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഈ സംഘ്പരിവാര്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഫാഷിസ്റ്റ് നടപടിയില്‍ ഒരു വിഭാഗം ചലച്ചിത്രകാരന്മാരും മറ്റും മേളയുടെ വേദിയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ഫെസ്റ്റിവല്‍ കമ്മിറ്റി ഇവിടെ നിസ്സഹായത പ്രകടിപ്പിച്ചുവെങ്കിലും ദേശീയ മത്സരവിഭാഗത്തില്‍ പെട്ടതായിരുന്നതുകൊണ്ട് ഈ ചിത്രം ജൂറികള്‍ക്ക് കാണുവാന്‍ അവസരമൊരുക്കിയെന്നത് പ്രശംസനീയമാണ്.
ഉദ്ഘാടന ചിത്രമായി റൗള്‍ പെക്കിന്റെ ‘അയാം നോട്ട് യുവര്‍ നീഗ്രോ’ എന്ന പ്രശസ്തമായ ഡോക്യുമെന്ററി ചിത്രം പ്രദര്‍ശിപ്പിച്ചതിലൂടെ മിഫ്-2018 കൂടുതല്‍ ശ്രദ്ധേയമായി. ‘ലുമുംബ’ എന്ന ധീരമായ രാഷ്ട്രീയ ചിത്രത്തിലൂടെ മികച്ച രേഖീയചിത്രകാരന്‍ എന്ന നിലയിലേക്ക് വളര്‍ന്ന റൗള്‍ പെക്കിന്റെ പ്രഥമ ഫീച്ചര്‍ ചിത്രമായ ‘യങ് കാള്‍മാക്സ് ‘ ചര്‍ച്ചാവിഷയമായി കഴിഞ്ഞു. ജയിംസ് ബാള്‍ഡ്വിന്റെ ‘റിമെംബര്‍ ദിസ് ഹൗസ് ‘ എന്ന പൂര്‍ത്തിയാകാത്ത നോവലിനെ അടിസ്ഥാനമാക്കിയാണ് റൗള്‍ പെക്ക് ‘അയാം നോട്ട് യുവര്‍ നീഗ്രോ’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. വര്‍ണവിവേചനത്തിന്റെ അടിയൊഴുക്കുകള്‍ തുറന്നുകാട്ടുന്ന ശക്തമായ ചലച്ചിത്രമാണിത്.
പ്രമുഖ സംവിധായകനായ ഗൗതം ഘോഷാണ് മിഫിന് ദീപം തെളിച്ചത്. ചലച്ചിത്ര പ്രതിഭയായ ശ്യാം ബെനഗലിന്, വി.ശാന്താറാം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും ലഭിച്ചു. 10 ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് ഈ പുരസ്‌കാരം.
മീഡിയയുടെ നാമമാത്രമായ പങ്കാളിത്തമാണ് മിഫിന്റെ 15ാമത് എഡിഷന്‍ കൊടിയിറങ്ങുമ്പോഴും പ്രകടമായത്. സാമൂഹിക പുരോഗതിക്ക് മൊത്തത്തില്‍ ഗുണപ്രദമായ തികച്ചും വൈജ്ഞാനികവും കലാപരവുമായ ഈ ബൃഹദ് രാജ്യാന്തര ചലച്ചിത്രോത്സവത്തെ മീഡിയ തഴയുന്നതിന്റെ പിന്നില്‍ വാണിജ്യതാല്‍പര്യങ്ങളും മേളയുടെ പ്രസക്തിയെക്കുറിച്ചുള്ള അല്‍പ ധാരണയുമാണെന്ന് അനുമാനിക്കാം.
രണ്ടുവര്‍ഷം കൂടുമ്പോള്‍ മാത്രം മിഫ് സംഘടിപ്പിക്കുന്നതിനാല്‍ മറ്റെല്ലാ മേളകളിലും പങ്കെടുത്ത ചിത്രങ്ങളാണ് ദേശീയ വിഭാഗത്തില്‍ കാണാന്‍ കഴിയുക. ആനുകാലികവും സാമൂഹികവുമായ വിഷയങ്ങള്‍ അവലംബിച്ചുള്ള ചലച്ചിത്രങ്ങള്‍ പലതും കാലദൈര്‍ഘ്യംകൊണ്ട് അപ്രസക്തമാവുകയും ഉദ്ദേശിക്കുന്ന രീതിയിലുള്ള ആസ്വാദനമോ പ്രതികരണമോ ലഭിക്കാതെയും പോകുന്നു. അപ്പോള്‍ മിഫ് എല്ലാവര്‍ഷവും നടത്താവുന്ന സാഹചര്യമുണ്ടായാലേ ഇപ്പോള്‍ എത്ര മികച്ച രീതിയില്‍ മിഫ് നടത്തിയാലും ലഭിക്കുന്ന മേന്മയേക്കാള്‍ ഫലപ്രദമാകൂ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in