കാലിക്കറ്റ് കാമ്പസിനെ കലുഷിതമാക്കുന്നതാരാണ്..?
ഡോ ആസാദ് ഉന്നത വിദ്യാഭ്യാസ രംഗത്തു നിലനിന്നിരുന്ന സാര്‍വ്വദേശീയ കാഴ്ച്ചപ്പാട് വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതും ദാരിദ്ര്യത്തെയും അസമത്വത്തെയും തുടച്ചു നീക്കാന്‍ പ്രതിജ്ഞാ ബദ്ധവുമായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ കോര്‍പറേറ്റ് ആഗോളവത്ക്കരണം എല്ലാ വൈവിദ്ധ്യങ്ങളെയും ബഹുസ്വരതകളെയും നിസ്‌തേജമാക്കുന്ന ധനക്കോയ്മാ വികസനത്തിന്റെ ബൃഹദാഖ്യാനമായിട്ടുണ്ട്. രണ്ടു കാഴ്ച്ചപ്പാടുകളുടെയും പ്രയോഗങ്ങളുടെയും ഈ സംഘര്‍ഷം നമ്മുടെ കാമ്പസുകളില്‍ അലയടിക്കുക സ്വാഭാവികം. അതാണ് കുറെക്കാലമായി നമ്മുടെ കാമ്പസുകളെ സമരോത്സുകമാക്കിത്തീര്‍ക്കുന്നതും. പ്രതിരോധത്തിന്റെ രാഷ്ട്രീയ ജാഗ്രത പതുക്കെ പതുക്കെ നിര്‍വ്വീര്യമാവുകയും ധനക്കോയ്മയുടെ ജീര്‍ണ രാഷ്ട്രീയം കരുത്താര്‍ജ്ജിക്കുകയും ചെയ്യുന്ന കാലാവസ്ഥയിലും ഒറ്റപ്പെട്ട ചെറുത്തു നില്‍പ്പുകളുണ്ടാവുന്നത് […]
ഡോ ആസാദ്
ഉന്നത വിദ്യാഭ്യാസ രംഗത്തു നിലനിന്നിരുന്ന സാര്‍വ്വദേശീയ കാഴ്ച്ചപ്പാട് വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതും ദാരിദ്ര്യത്തെയും അസമത്വത്തെയും തുടച്ചു നീക്കാന്‍ പ്രതിജ്ഞാ ബദ്ധവുമായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ കോര്‍പറേറ്റ് ആഗോളവത്ക്കരണം എല്ലാ വൈവിദ്ധ്യങ്ങളെയും ബഹുസ്വരതകളെയും നിസ്‌തേജമാക്കുന്ന ധനക്കോയ്മാ വികസനത്തിന്റെ ബൃഹദാഖ്യാനമായിട്ടുണ്ട്. രണ്ടു കാഴ്ച്ചപ്പാടുകളുടെയും പ്രയോഗങ്ങളുടെയും ഈ സംഘര്‍ഷം നമ്മുടെ കാമ്പസുകളില്‍ അലയടിക്കുക സ്വാഭാവികം. അതാണ് കുറെക്കാലമായി നമ്മുടെ കാമ്പസുകളെ സമരോത്സുകമാക്കിത്തീര്‍ക്കുന്നതും. പ്രതിരോധത്തിന്റെ രാഷ്ട്രീയ ജാഗ്രത പതുക്കെ പതുക്കെ നിര്‍വ്വീര്യമാവുകയും ധനക്കോയ്മയുടെ ജീര്‍ണ രാഷ്ട്രീയം കരുത്താര്‍ജ്ജിക്കുകയും ചെയ്യുന്ന കാലാവസ്ഥയിലും ഒറ്റപ്പെട്ട ചെറുത്തു നില്‍പ്പുകളുണ്ടാവുന്നത് ആശ്വാസമാണ്. ധനക്കോയ്മാ വിദ്യാഭ്യാസത്തിന്റെ ഇരച്ചുകയറ്റത്തിനെതിരെ കലിക്കറ്റ് കാമ്പസും സമരരംഗത്തായിരുന്നു. ഇപ്പോള്‍ കേന്ദ്രസര്‍വ്വകലാശാലകളില്‍ നടക്കുന്ന ഒക്യുപൈ യു ജി സി സമരമുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ പിന്തുണയ്ക്കപ്പെടേണ്ടതുണ്ട്. അത്തരം സമരങ്ങളെ തോല്‍പ്പിക്കാന്‍ ദല്ലാള്‍ രാഷ്ട്രീയത്തിന്റെ അധമവേലകള്‍ എങ്ങനെ സജീവമാകുന്നു എന്നറിയാന്‍ കാമ്പസുകളിലേക്ക് നോക്കിയാല്‍മതി.
ധനാശ്രിതമെന്നോ ലാഭേച്ഛാപൂര്‍വ്വമെന്നോ വിളിക്കാവുന്ന പരീക്ഷണങ്ങള്‍ക്ക് തുടര്‍ച്ചയായി വിധേയമാവുകയാണ് വിദ്യാഭ്യാസരംഗം. വിദ്യാഭ്യാസത്തെ സേവനരംഗത്തെ ഏറ്റവും വിലപിടിപ്പുള്ള ചരക്കാക്കുകയാണ് കോര്‍പറേറ്റ് ആഗോളവത്ക്കരണമെങ്കില്‍ ആ കച്ചവടത്തിന്റെ പാര്‍ശ്വ ഉറവകളില്‍ കിളയ്ക്കുകയാണ് നമ്മുടെ നാട്ടിലെ കുഞ്ഞു കോര്‍പറേറ്റുകളും അവയുടെ രാഷ്ട്രീയ പാരിപാര്‍ശ്വികരും. സിന്‍ഡിക്കേറ്റുകളിലും സെനറ്റുകളിലും നിറയുന്നതവരാണ്. ലോകസഭയില്‍ കോടീശ്വരന്മാരും കോര്‍പറേറ്റ് പ്രതിനിധികളും വര്‍ധിച്ചുവരുന്ന കാലത്ത് ഇതത്ര അത്ഭുതപ്പെടുത്തുന്നതൊന്നുമല്ല. സര്‍വ്വകലാശാലയ്ക്ക് എന്തിനാണ് ഇത്ര ഭൂമിയെന്ന് അന്തംവിടുന്ന സിന്‍ഡിക്കേറ്റേമാന്‍മാരുണ്ട്. അതു കൈമാറിയാല്‍ നല്ല കാശുകിട്ടുമെന്നറിയുന്ന റിയല്‍ എസ്‌റ്റേറ്റ് വ്യവഹാരികളുണ്ട്. ബുദ്ധിമാന്മാരായ വിദ്യാര്‍ത്ഥികളെയല്ല ഇനി ആവശ്യം ധനികരായ വിദ്യാര്‍ത്തികളെയാണ് അവര്‍ കണ്ടെത്തിയിട്ടുമുണ്ട്. വിശാലമായ ലോക വീക്ഷണമോ നവലോകസ്വപ്നമോ അവരെ അസ്വസ്ഥമാക്കുന്നേയില്ല.
ബുദ്ധിയില്ലെങ്കിലും പണമുണ്ട് എന്ന ധാര്‍ഷ്ട്യവും പണവും അധികാര രാഷ്ട്രീയവും ചേര്‍ന്നാല്‍ അസാധ്യമായതൊന്നുമില്ലെന്ന അറിവും അക്കാദമികാന്തരീക്ഷത്തെ കീഴ്‌മേല്‍ മറിച്ചിരിക്കുന്നു. സര്‍വ്വകലാശാലയുടെ ഉള്‍ക്കനവും അന്തസ്സും പാലിക്കാന്‍ പോന്നവരല്ല അധികാര സ്ഥാനങ്ങളിലെത്തുന്നതെങ്കില്‍ എന്തുണ്ടാവാമോ അത്രയേ സംഭവിച്ചിട്ടുള്ളു. അക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്നതായി പെണ്‍കുട്ടികള്‍ക്കു പരാതിപ്പെടേണ്ട സാഹചര്യം കാമ്പസുകളിലുണ്ടാവുന്നു. പരാതിക്കാര്‍ക്കെതിരെയാണ് നടപടിവേണ്ടതെന്ന് ഒരന്വേഷണത്തിന്റെയും പിന്‍ബലമില്ലാതെ ഭൂരിപക്ഷം വോട്ടുകൊണ്ട് സെനറ്റ് കണ്ടെത്തുന്നു. യു ജി സിയും ചാന്‍സലറുമൊക്കെ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചതിനു ശേഷമാണത്രെ ഈ അധികാരപ്രയോഗം!
അത്തരമൊരു സെനറ്റു നിലനിന്നുകൂടാ എന്നു പറയാനും ആളുകള്‍ കുറവായിരിക്കുന്നു. ആ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് ഈ രാഷ്ട്രീയം വരണമെന്നല്ലാതെ വീക്ഷണത്തിലും പ്രയോഗത്തിലും സമഗ്രമായ അഴിച്ചുപണി വേണമെന്ന് ആരും ആവശ്യപ്പെട്ടു കാണുന്നില്ല. ഇവരിങ്ങനെ ചെയ്താലേ അവര്‍ വരുമ്പോള്‍ അവര്‍ക്കങ്ങനെ ചെയ്യാനാവൂ എന്നെല്ലാവരും മനസ്സിലാക്കുന്നു. അങ്ങനെ ജീര്‍ണതകളുമായി സമരസപ്പെടാവുന്ന ഒരു മാനസികാവസ്ഥയാണ് വളര്‍ന്നു വരുന്നത്. കാമ്പസുകളില്‍ ബാക്കി നില്‍ക്കുന്ന ധൈഷണികതയെയും സമരോത്സുകതയെയും ത്യാഗസന്നദ്ധതയെയും ചവിട്ടിപ്പുറത്താക്കി തങ്ങളുടെ മാത്രമായ വിലപേശല്‍ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ചിലരൊക്കെ ശ്രമിക്കുകയാണ്. പ്രതിരോധിക്കാന്‍ ആരൊക്കെ വരും എന്നു വിളിച്ചു ചോദിക്കുന്ന കുട്ടികളോട് ഞാനുണ്ട്, ഞാനുമുണ്ട് എന്നു പറയാതെ വയ്യ.
കാമ്പസുകളെ ഇങ്ങനെയാക്കിയത് ഏതെങ്കിലും ഒരു കക്ഷിയോ ഒരു മുന്നണിയോ ആണെന്ന് ആക്ഷേപിക്കാനാവില്ല. ഒന്നാമത്തെ ശത്രു ഘടനാപരമായ പരിഷ്‌ക്കാരങ്ങളുമായി വന്ന പുതിയ മുതലാളിത്തമാണ്. നടപ്പാക്കല്‍ സ്ഥാപനങ്ങളായ ലോകബാങ്കുപോലുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളാണ് പദ്ധതികളാസൂത്രണം ചെയ്ത് വഴിയൊരുക്കിയത്. ഇതെല്ലാം തിരിച്ചറിഞ്ഞിട്ടും കൂടുതല്‍ ലാഭകരമായ കച്ചവടം സ്വന്തം ജനതയെ മുതലാളിത്തത്തിന് ബലി നല്‍കലാണെന്ന് തീരുമാനിച്ച അധികാര രാഷ്ട്രീയത്തെ നാം മനസ്സിലാക്കിയില്ല. വിനീത വിധേയരായി അവരെ നാം വിജയിപ്പിച്ചുകൊണ്ടേയിരുന്നു. അഥവാ നാംതന്നെയാണ് നമ്മെ തോല്‍പ്പിച്ചുകൊണ്ടിരുന്നത്.
അപ്പോള്‍ തിരുത്തേണ്ടതും നാമല്ലാതെ മറ്റാര്? സാമ്രാജ്യത്വ ആഗോളവത്ക്കരണത്തിന്റെ ഘടനാപരമായ പരിഷ്‌ക്കാരങ്ങളോടും ധനനിക്ഷേപകരുടെ ആര്‍ത്തികളോടും ദല്ലാള്‍ രാഷ്ട്രീയക്കാരുടെ കൊടും വഞ്ചനകളോടും കണക്കു തീര്‍ക്കാനും ജനപക്ഷത്തു നിന്നുള്ള ഒരു ബദലിനു ശ്രമിക്കാനും നമുക്കാവുമോ? അക്കാദമികവും ധൈഷണികവുമായ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി സങ്കുചിത ശാഠ്യങ്ങളുപേക്ഷിക്കാന്‍ പഴയ പോരാളികളെങ്കിലും തയ്യാറാവുമോ? ഇല്ലെങ്കില്‍ ഇപ്പോള്‍ പൊരുതി നില്‍ക്കുന്നവര്‍ വീഴുമെന്ന് നിശ്ചയം. വെട്ടേല്‍ക്കുന്നത് പിന്നില്‍നിന്നോ മുന്നില്‍നിന്നോ എന്നേ അറിയാനുള്ളു.
കാമ്പസിന്റെ അകം ഇങ്ങനെ കലുഷമായിരിക്കെയാണ് പുറത്ത് പാവപ്പെട്ട പെട്ടിക്കടക്കാരെ ഒഴിപ്പിക്കാനൊരുങ്ങുന്നത്. സര്‍വ്വകലാശാല ആരംഭിച്ചപ്പോള്‍തൊട്ട് ബസ്സ്‌റ്റോപ്പിനരികെ പെട്ടിക്കടകളുമുണ്ട്. പലഭാഗങ്ങളില്‍നിന്നും പല ദൂരങ്ങളില്‍നിന്നും കാമ്പസിലെത്തുന്നവര്‍ക്ക് വലിയ സഹായവും സേവനവുമാണ് ഈ കടകള്‍ ചെയ്തുപോന്നിട്ടുള്ളത്. സര്‍വ്വകലാശാലയുടെ അനുബന്ധ സേവന ദാതാക്കളാണിവര്‍. ഇപ്പോള്‍ അവര്‍ കയ്യേറ്റക്കാരായിരിക്കുന്നു. അവരുടെ ഭൂമി കാമ്പസാക്കി മാറ്റിയവര്‍ അവരെ കയ്യേറ്റക്കാരെന്ന് ആക്ഷേപിക്കുകയാണ്. പുതിയ വികസനത്തിന്റെ വക്താക്കള്‍പോലും ഒരു പ്രദേശത്ത് ഭൂമിയേറ്റെടുത്ത് സംരംഭങ്ങളാരംഭിക്കുമ്പോള്‍ അവിടത്തുകാര്‍ക്ക് ജോലിയും മറ്റു പരിഗണനകളും നല്‍കാറുണ്ട്. ഇവിടെ പതിറ്റാണ്ടുകളായി നടന്നുവന്ന മുറുക്കാന്‍കടകള്‍ ഒരു ദിവസം പെട്ടെന്ന് വലിയ കയ്യേറ്റക്കാരായി മാറിയിരിക്കുകയാണ്!
സര്‍വ്വകലാശാലയുടെ ആവശ്യത്തിന് ജനങ്ങളില്‍നിന്ന് ഏറ്റെടുത്ത ഭൂമി ഇതര ആവശ്യങ്ങള്‍ക്കു വീതം വെക്കുമ്പോള്‍ ഒരു ചട്ടവും തടസ്സമായിരുന്നില്ല. കാമ്പസിലെ യഥാര്‍ത്ഥ കയ്യേറ്റങ്ങള്‍ മറച്ചുവെക്കാനാണ് ഇപ്പോള്‍ അധികാരികള്‍ നാടകമാടുന്നത്. അല്ലെങ്കില്‍ സിന്‍ഡിക്കേറ്റ് ഒരു കമ്മീഷനെ വെക്കട്ടെ. കാമ്പസില്‍ അനധികൃത കയ്യേറ്റങ്ങള്‍ അടയാളപ്പെടുത്തി നടപടിയെടുക്കട്ടെ. എന്നിട്ടാണ് ഈ അശരണരായ മനുഷ്യരെ അഭിമുഖീകരിക്കേണ്ടത്. ഇവര്‍ അന്നന്നത്തെ അന്നം കണ്ടെത്താന്‍ വിഷമിക്കുന്നവരാണ്. അവര്‍ സര്‍വ്വകലാശാലയ്ക്കു ചെയ്തുപോരുന്ന സേവനം കണക്കിലെടുത്ത് അവരെ പുനരധിവസിപ്പിക്കുകയാണ് വേണ്ടത്. കാമ്പസ് ബസ്സ്റ്റാന്റിന് സ്ഥലം കണ്ടെത്തി ജോലിയാരംഭിക്കുകയാണല്ലോ. അവിടത്തെ കച്ചവടം ശരിയായി നടക്കാന്‍ സര്‍വ്വകലാശാലയും പഞ്ചായത്തും ഭരിക്കുന്നവര്‍ക്ക് ഈ ചെറുകിടക്കാരെ ഒഴിപ്പിച്ചേ മതിയാകൂ. കാമ്പസിനു ചുറ്റുമുള്ള പൊതു സമൂഹത്തോടും കലഹിക്കാനാണ് അധികൃതരുടെ പുറപ്പാട്. കച്ചവട താല്‍പ്പര്യം കാമ്പസ് ഗേറ്റിനു പുറത്തേക്കും പരക്കുകയാണ്. ധൈഷണികതയുടെ പ്രകാശം പടരേണ്ടിടത്ത് നിറയുന്നത് വിലപേശലിന്റെ കലഹോന്മാദമാവുന്നു.
ഇതിങ്ങനെ അനുവദിച്ചുകൂടാ എന്നു പറയാന്‍ നമുക്കെന്താണ് തടസ്സം?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in