കാത്തിരിക്കാം സുപ്രധാന ജനവിധിക്കായി

2019ലെ നിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു പറയാവുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രക്രിയ സജീവമായിരിക്കുകയാണ്. മാവോയിസ്റ്റ് സ്വാധീനം ഏറെയുള്ള ഛത്തിസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചത്ര പ്രശ്‌നങ്ങളില്ലാതെ നടന്നു. അടുത്തത് മധ്യപ്രദേശാണ്. തുടര്‍ന്ന് രാജസസ്ഥാനിലും തെലുങ്കാനയിലും മിസോറാമിലും തെരഞ്ഞെടുപ്പുകള്‍ നടക്കും. സെമിഫൈനല്‍ ആയതിനാല്‍ തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആശങ്കാകുലരാണ്. എന്തായാലും ഒരു കാര്യത്തില്‍ എല്ലാവരും ഒന്നിക്കുന്നു. 2014ലെ പോലെ ബിജെപിക്കു തൂത്തുവാരാനാകില്ല എന്നതാണത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധം ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ബിജെപിക്കെതിരായ മഹാസഖ്യം […]

ddd

2019ലെ നിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു പറയാവുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രക്രിയ സജീവമായിരിക്കുകയാണ്. മാവോയിസ്റ്റ് സ്വാധീനം ഏറെയുള്ള ഛത്തിസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചത്ര പ്രശ്‌നങ്ങളില്ലാതെ നടന്നു. അടുത്തത് മധ്യപ്രദേശാണ്. തുടര്‍ന്ന് രാജസസ്ഥാനിലും തെലുങ്കാനയിലും മിസോറാമിലും തെരഞ്ഞെടുപ്പുകള്‍ നടക്കും. സെമിഫൈനല്‍ ആയതിനാല്‍ തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആശങ്കാകുലരാണ്. എന്തായാലും ഒരു കാര്യത്തില്‍ എല്ലാവരും ഒന്നിക്കുന്നു. 2014ലെ പോലെ ബിജെപിക്കു തൂത്തുവാരാനാകില്ല എന്നതാണത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധം ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ബിജെപിക്കെതിരായ മഹാസഖ്യം എന്ന സ്വപ്‌നം ഇപ്പോളും യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ ബിജെപിയെ പരാജയപ്പെടുത്താനാകുമോ എന്നു കാത്തിരുന്നു കാണാം.
ഛത്തിസ്ഗഢില്‍ നവംബര്‍ 12 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും 20 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടന്നു. 90 സീറ്റില്‍ 47 എണ്ണം കോണ്‍ഗ്രസിനും 41 സീറ്റ് ബിജെപിക്കും ബാക്കിയുള്ള രണ്ട് സീറ്റ് മറ്റുള്ളവര്‍ക്കും ലഭിക്കും എന്നായിരുന്നു പ്രധാനപ്പെട്ട ചില സര്‍വ്വേകള്‍ തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞത്. കോണ്‍ഗ്രസ്സ് പോലും അതു വിശ്വസിക്കുന്നുണ്ടോ എന്ന് സംശയമാണ്. അതുപോലെ ഡിസംബര്‍ ഏഴിനു നടക്കുന്ന രാജസ്ഥാനില്‍ തെരഞ്ഞെടുപ്പില്‍ 200 സീറ്റില്‍ 142 എണ്ണം കോണ്‍ഗ്രസ് നേടുമെന്നാണ് അഭിപ്രായ സര്‍വെ വ്യക്തമാക്കുന്നത്. 2013 ല്‍ നടന്ന 163 സീറ്റുനേടി അധികാരത്തിലെത്തിയ ബിജെപി 56 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും സര്‍വ്വേയില്‍ കാണുന്നു. മധ്യപ്രദേശിലും ഏകദേശം സമാനമായ വിധിയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെലുങ്കാനയില്‍ കോണ്‍ഗ്രസ് ടിഡിപി സഖ്യത്തിന് മുന്‍തൂക്കം ലഭിക്കും എന്നാണ് സി-വോട്ടര്‍ സര്‍വേ പറയുന്നത്. മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകും എന്നാണ് സര്‍വേ പറയുന്നത്. അവിടെ മിസോ നാഷണല്‍ ഫ്രണ്ടിനായിരിക്കും മുന്‍തൂക്കം ലഭിക്കുക.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപിയാണ് നിലവില്‍ ഭരിക്കുന്നത്. രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് 163 സീറ്റും കോണ്‍ഗ്രസിന് 21 സീറ്റുമാണ് ഉള്ളത്. ഛത്തീസ്ഗഡില്‍ ബിജെപിക്ക് 49 സീറ്റും കോണ്‍ഗ്രസിന് 39 സീറ്റുമുണ്ട്. മധ്യപ്രദേശില്‍ ബിജെപിക്ക് 165 സീറ്റും കോണ്‍ഗ്രസ്സിന് 58 സീറ്റുമാണുള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ഭരണമുള്ള മിസോറാമില്‍ 34 സീറ്റുകളുണ്ട്. തെലുങ്കാനയില്‍ 90 സീറ്റുകളുടെ ആധിപത്യത്തോടെയാണ് ടിആര്‍എസ് ഭരിച്ചിരുന്നത്. കോണ്‍ഗ്രസിന് 13 സീറ്റും ഒവൈസിയുടെ എഐഎംഐഎമ്മിന് ഏഴും ബിജെപിക്ക് അഞ്ചും സീറ്റുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണം സജീവമായി നടക്കുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്ഥമായി ഇരുത്തം വന്ന നേതാവിന്റെ മുഖമാണ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടേത്. മറുവശത്ത് 5 വര്‍ഷത്തെ ഭരണം മോദിയുടെ മുഖത്തിന്റെ ശോഭ കുറഞ്ഞു. അതിനാല്‍ തന്നെയാകും വര്‍്ഗ്ഗീയ കാര്‍ഡിറക്കിയുള്ള കളിയും ആരംഭിച്ചിട്ടുണ്ട്. അയോധ്യ വിഷയമടക്കം കുത്തിപൊക്കിയിട്ടുമുണ്ട്.
രാഹുല്‍ ഗാന്ധിയെ അതിരൂക്ഷമായാണ് മോദിയടക്കമുള്ള ബിജെപി നേതാക്കള്‍ ആക്രമിക്കുന്നത് എന്നതുതന്നെ അവരുടെ ഭിതിക്ക് തെളിവായി ചൂണ്ടികാട്ടപ്പെടുന്നു. ഇറ്റലിയുടെ വ്യാപാരി എന്നാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥ്, രാഹുലിനെ വിശേഷിപ്പിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ തടസമാകുന്നത് കോണ്‍ഗ്രസാണ് ആണെന്നും അദ്ദേഹം ആരോപിക്കുന്നു. കോണ്‍ഗ്രസ് ഉള്ളടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടുകയില്ല. രാഹുലിന്റെ ക്ഷേത്രദര്‍ശനമൊക്കെ കപടനാടകമാണെന്നും അദ്ദേഹം പറയുന്നതിന്റെ ലക്ഷ്യം വ്യക്തം. നരേന്ദ്ര മോദിയെ മരണത്തിന്റെ വ്യാപാരി എന്ന് സോണിയ ഗാന്ധി വിളിച്ചതിന്റെ മറുപടി കൂടിയാണ് ഈ അഭിസംബോധന. മറുവശത്ത് ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധനവില വര്‍ധന, സ്ത്രീ സുരക്ഷ, കര്‍ഷക ആത്മഹത്യ, ആള്‍ക്കൂട്ടക്കൊലകള്‍, നോട്ട് നിരോധനം, ജിഎസ്ടി, പെട്രോള്‍ വില വര്‍ധന, രൂപയുടെ വിലയിടിവ്, ദളിത്-ന്യൂനപക്ഷ പീഡനം, സമ്പദ് മേഖല നേരിടുന്ന തകര്‍ച്ച, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നത്. തീര്‍ച്ചയായും രാഷ്ട്രീയമായ പോരാട്ടമാണ് കോണ്‍ഗ്രസ്സ് നടത്തുന്നത്.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും ഏറെക്കുറെ നേര്‍ക്കു നേരെയുള്ള കടുത്ത പോരാട്ടം നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാന്‍ ശേഷിയുള്ളതാണ്. എന്നാല്‍ മധ്യപ്രദേശ് നിയമസഭയില്‍ നാല് എംഎല്‍എമാരും സംസ്ഥാനത്ത് ശക്തമായ വോട്ട് ബാങ്കുള്ള മായവതിയുടെ ബിഎസ്പി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാനുമുള്ള ബിഎസ്പിയുടെ തീരുമാനവും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. യുപിയിലാകട്ടെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളും സ്വന്തമാക്കിയ ബിജെപിയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് പിന്നീട് നടന്ന ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി, എസ്പി സഖ്യം വിജയം കൊയ്തത്. ഒന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷം, അസാധ്യമായ സാമൂഹ്യ സഖ്യങ്ങളും വോട്ടുകളുടെ കേന്ദ്രീകരണവും ഉണ്ടാക്കിക്കൊണ്ട് ബിജെപിക്ക് കടുത്ത രാഷ്ട്രീയ വെല്ലുവിളി സൃഷ്ടിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
മിസോറാം : നിലവില്‍ മിസോറാമില്‍ വന്‍ഭൂരിപക്ഷമാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ 2013 ല്‍ ജയിച്ച് കയറിയ അത്ര എളുപ്പമാകില്ല ഇത്തവണ കോണ്‍ഗ്രസിന്. ഭരണ വിരുദ്ധ വികാരവും, അഴിമതി ആരോപണങ്ങളുമെല്ലാം പാര്‍ട്ടി നേതൃത്വത്തെ വരിഞ്ഞ് മുറുക്കുന്നുണ്ട്. മിസോറാമില്‍ ഏത് വിധേനയും അക്കൗണ്ട് തുറന്ന് തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ബിജെപി.
തെലുങ്കാന : കോണ്‍ഗ്രസും ടിഡിപിയും മുന്നണിയായിട്ടാണ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഐയും തെലങ്കാന രാഷ്ട്രസമിതിയും സഖ്യത്തിന്റെ ഭാഗമാണ്.
മധ്യപ്രദേശിലും രാജസ്ഥാനിലും സുപ്രധാന തെരഞ്ഞെടുപ്പ് വിഷയം വെളുത്തുള്ളിയാണ്. ഇരുസംസ്ഥാനങ്ങളിലും ഒരു കിലോ വെളുത്തുള്ളി വിറ്റാല്‍ കര്‍ഷകര്‍ക്ക് ഒടുവില്‍ കൈയിലെത്തുന്നത് ഒന്നും രണ്ടും രൂപ മാത്രം. രാജ്യത്തെ മൊത്തം വെളുത്തുള്ളി ഉല്‍പ്പാദനത്തിന്റെ 45 ശതമാനവും പടിഞ്ഞാറന്‍ മധ്യപ്രദേശിലെ മാള്‍വ, രാജസ്ഥാനിലെ ഹദോത്തി മേഖലയില്‍ നിന്നാണ്. 2016 നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇതു സംഭവിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മധ്യപ്രദേശില്‍ ശിവരാജ്‌സിങ്ങ് ചൗഹാന്‍ സര്‍ക്കാര്‍ കര്‍ഷകരെ പ്രീണിപ്പിക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. വിളകളുടെ വില മെച്ചപ്പെടുത്തുമെന്ന ഉറപ്പാണ് ഇരുസംസ്ഥാനങ്ങളിലും പ്രചാരണവേദികളില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാനതെരഞ്ഞെടുപ്പ് വാഗ്ദാനം.
എന്തായാലും ഇനി അധിക ദിവസങ്ങള്‍ ബാക്കിയില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ത്യന്‍ രാഷ്ട്രീയചരിത്രം ഇന്നോളം ദര്‍ശിക്കാത്തത്ര പ്രാധാന്യമര്‍ഹിക്കുന്നു. ആ വിധിക്കായി കാത്തിരിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply