കവിത കണ്ടെത്തുന്നത് അരികുകളില്‍ നിന്ന്
അന്‍വര്‍ അലി. വളരെ കുറച്ചു കവിതകളേ എഴുതിയിട്ടുള്ളു. എന്നാല്‍ മലയാളത്തിലെ ആധുനിക കവികളില്‍ ശ്രദ്ധേയനാണ് അന്‍വര്‍ അലി. കവി എന്നതിനോടൊപ്പം തന്നെ സിനിമാ പ്രവര്‍ത്തകനും സാസ്‌കാരിക പ്രവര്‍ത്തകനും. ഇപ്പോള്‍ അന്‍വര്‍ ഒരു ഡോക്യുമെന്ററിയുടെ സംവിധാനത്തിലാണ്. മലയാളത്തിന്റെ പ്രിയകവി ആറ്റൂര്‍ രവിവര്‍മ്മയെ കുറിച്ച്. കേന്ദ്രസാഹിത്യ അക്കാദമിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വറുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് എന്താണ് ഈ ഡോക്യുമെന്ററി ചെയ്യാനുണ്ടായ പശ്ചാത്തലം? ചില സിനിമകളിലും ഡോക്യുമെന്ററികളിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും അതല്ല എന്റെ പ്രധാന മാധ്യമം. അത് കവിത തന്നെ. ഒരു കവി എന്ന […]
വളരെ കുറച്ചു കവിതകളേ എഴുതിയിട്ടുള്ളു. എന്നാല്‍ മലയാളത്തിലെ ആധുനിക കവികളില്‍ ശ്രദ്ധേയനാണ് അന്‍വര്‍ അലി. കവി എന്നതിനോടൊപ്പം തന്നെ സിനിമാ പ്രവര്‍ത്തകനും സാസ്‌കാരിക പ്രവര്‍ത്തകനും. ഇപ്പോള്‍ അന്‍വര്‍ ഒരു ഡോക്യുമെന്ററിയുടെ സംവിധാനത്തിലാണ്. മലയാളത്തിന്റെ പ്രിയകവി ആറ്റൂര്‍ രവിവര്‍മ്മയെ കുറിച്ച്. കേന്ദ്രസാഹിത്യ അക്കാദമിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വറുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്
എന്താണ് ഈ ഡോക്യുമെന്ററി ചെയ്യാനുണ്ടായ പശ്ചാത്തലം?
ചില സിനിമകളിലും ഡോക്യുമെന്ററികളിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും അതല്ല എന്റെ പ്രധാന മാധ്യമം. അത് കവിത തന്നെ. ഒരു കവി എന്ന നിലയില്‍ കൂടിയുള്ള എന്റെ കടമയാണ് ഞാന്‍ നിര്‍വഹിക്കുന്നത്. മലയാളത്തിലെ ആധുനികതയുടെ ഭാഗമായി ഉയര്‍ന്നു വന്ന കവികളില്‍ ഒരാളാണ് ആറ്റൂര്‍. എന്നാല്‍ ആറ്റൂരിന്റെ സ്ഥാനം അവരെല്ലാവരേക്കാള്‍ എത്രയോ ഉയരത്തിലാണ്. ആശാനോടൊപ്പമാണ് ഞാന്‍ ആറ്റൂരിനെ കാണുന്നത്. എന്നാല്‍ പ്രസിദ്ധിയോ വിവാദങ്ങളോ ഒന്നും താല്‍പ്പര്യമില്ലാത്ത ഒരാള്‍. ഇപ്പോഴും ജീവിച്ചിരിക്കുന്ന അദ്ദേഹത്തെ കുറിച്ച് ഒന്നും ചെയ്യാതിരുക്കുന്നത് ശരിയല്ല എന്ന തോന്നല്‍. പലരോടും പറഞ്ഞുനോക്കി. എന്നാല്‍ അത്‌ഭുതം തോന്നി, പലരും അദ്ദേഹത്തെ തമിഴില്‍ നിന്നുള്ള തര്‍ജ്ജമക്കാരന്‍ മാത്രമായി അറിയുന്നതുകേട്ട്. അങ്ങനെ ഞാന്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചു. അപ്പോഴും അദ്ദേഹം സമ്മതിക്കുമെന്ന് കരുതിയില്ല. എന്നാല്‍ ഞാനും ഒരു കവിയായതുകൊണ്ടാകാം, എന്റെ കവിതകള്‍ അദ്ദേഹവും വായിക്കാറുണ്ട് എന്നതുകൊണ്ടാകാം അദ്ദേഹമത് സമ്മതിച്ചു തുടര്‍ന്നാണ് കേന്ദ്ര സാഹിത്യ അക്കാദമിയെ സമീപിച്ചതും അംഗീകാരം ലഭിച്ചതും.
അടിസ്ഥാനപരമായി കവിയാണെന്നാണല്ലോ പറഞ്ഞത്. എന്തിനാണ് കവിത എഴുതുന്നത്?
അതൊരു രുചിയായിരുന്നു. ബാല്യത്തിലെ ലഭിച്ച രുചി. ബാപ്പക്ക് സാഹിത്യത്തിലും രാഷ്ട്രീയത്തിലുമൊക്കെ ചെറിയ താല്‍പ്പര്യമുണ്ടായിരുന്നു. പകുതി കമ്യൂണിസ്റ്റായ മുസ്ലിമായിരുന്നു അദ്ദേഹം. അദ്ദേഹം നന്നായി കവിതകള്‍ വായിച്ചുതരുമായിരുന്നു. അതായിരുന്നു സത്യത്തില്‍ ആദ്യപ്രചോദനം. സ്‌കൂള്‍ തുറന്നാല്‍ പാഠപുസ്‌തകത്തിലെ കവിതകള്‍ മുഴുവന്‍ രണ്ടുദിവസത്തിനുള്ളില്‍ ഞാന്‍ കാണാപാഠമാക്കിയിരുന്നു.
അതിനിടയിലൊരിക്കല്‍ ഖലിന്‍ ജീബ്രാന്റെ ഒരു കവിത ബാപ്പ വായിച്ചു കേള്‍പ്പിച്ചു. കണ്‍ഫ്യൂഷന്‍സിനൊപ്പം നടന്നും ബോധി വൃക്ഷച്ചുവട്ടിലിരുന്നും… അതെങ്ങിനെ സാധ്യമാകുമെന്ന് മനസ്സിലായില്ല. എങ്കിലും അതു ഞാന്‍ നന്നായി പാടി. പിന്നീട് പി കുഞ്ഞിരാമന്‍ നായരുടെ നിത്യകന്യകയെത്തേടി ബാപ്പ വായിച്ചു കേള്‍പ്പിച്ചു. അതോടെ എന്നില്‍ കവിത ഉറക്കുകയായിരുന്നു.
അതോടൊപ്പം പൊതു രാഷ്ട്രീയ സാസ്‌കാരിക വിഷയങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങി. അടിയന്തരാവസ്ഥ സമയത്ത് ഞാന്‍ സ്‌കൂളിലായിരുന്നു. ബാപ്പയൊക്കെ അതിനെതിരെ ചെറിയ രീതിയെലെങ്കിലും പ്രവര്‍ത്തിച്ചിരുന്നു. പതുക്കെ പതുക്കെ കവിതയും സാഹിത്യവും ഒറ്റക്കല്ല എന്നു മനസ്സിലായി. അതൊരു സോഷ്യല്‍ ഫങ്‌ക്ഷനാണെന്നും.
കലാലയ ജീവിതം എങ്ങനെയായിരുന്നു?
കലാലയജീവിതത്തിലാണ് കവിതയിലും രാഷ്‌ട്രീയത്തിലും വ്യക്തമായ ഉള്‍ക്കാഴ്‌ച ലഭിച്ചത്. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു മലയാള ബിരുദ പഠനം. വിനയചന്ദ്രന്‍, നരേന്ദ്ര പ്രസാദ്, വി പി ശിവകുമാര്‍ എന്നീ മൂന്നു പേരെ അധ്യാപകരായി ലഭിക്കാനുള്ള ഭാഗ്യമുണ്ടായി. പഠിക്കാനുള്ളതും അല്ലാത്തുമായ കുറച്ച് കവിതകള്‍ മാത്രം വായിച്ചിരുന്ന എന്നെ കവിതയുടെ വിശാലമായ ലോകത്തേക്ക് കൊണ്ടുപോയത് വിനയചന്ദ്രനായിരുന്നു. മലയാളസാഹിത്യം ഹൈന്ദവതയോട് ഒട്ടിനില്‍ക്കുന്നു എന്ന അഭിപ്രായം ശക്തമായിരുന്ന കാലത്ത് മലബാറില്‍നിന്നുള്ള ഒരു മുസ്ലിം പയ്യന് ആശങ്കകള്‍ സ്വാഭാവികമാണല്ലോ. വിനയചന്ദ്രനുമായി ഉള്ളുതുറന്നു സംസാരിച്ചു. വായിക്കേണ്ട കവിതകളുടെ ഒരു ലിസ്‌റ്റ് തന്നെ അദ്ദേഹം തയ്യാറാക്കിതന്നു. കിളിപ്പാട്ടുമുതല്‍ അതാരംഭിച്ചു എന്നു പറയാം. അതേസമയത്തുതന്നെയായിരുന്നു കവിതയെഴുത്തിനൊപ്പമോ അതിനേക്കാള്‍ പ്രധാനമോ ആണ് കവിത വായിക്കുന്നതെന്ന് നരേന്ദ്രപ്രസാദ് പറഞ്ഞുതന്നത്. അക്കാലത്ത് സ്വാഭാവികമായും മനസ്സിലുണ്ടായിരുന്ന ഇംഗ്ലീഷ് വിരോധം ഇല്ലാതാക്കിയതും അദ്ദേഹമായിരുന്നു. അങ്ങനെ ഷേക്‌സ്‌പിയറടക്കമുള്ളവരെ വായിച്ചു. മാഷുടെ കൂടെ നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായി. സത്യത്തില്‍ ഏറെകാലം മാഷുടെ നിഴലായിരുന്നു ഞാന്‍.
അക്കാലത്തെ രാഷ്ട്രീയം?
ബാപ്പക്ക് സിപിഎമ്മിനോടായിരുന്നു താല്‍പ്പര്യമെങ്കില്‍ എനിക്കതിനേക്കാള്‍ തീവ്രമായിരുന്നു എന്നു പറയാം. തിരുവനനതപുരത്ത് നക്‌സല്‍ അനുഭാവമുള്ള വിപ്ലവ വിദ്യാര്‍ത്ഥി സംഘടനക്കാര്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ കോറസ് എന്ന പ്രസിദ്ധീകരണം സ്ഥിരമായി എത്തിച്ചിരുന്നു. എങ്കിലും കാര്യമായ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ല. അപ്പോഴും സാഹിത്യത്തിലെ രാഷ്ട്രീയം ഒരു പ്രധാന ചര്‍ച്ചയായിരുന്നു. കോളേജിലെ ഒരു ക്യാമ്പില്‍ നടന്ന രൂക്ഷമായ തര്‍ക്കം ഓര്‍മ്മ വരുന്നു. ചങ്ങമ്പുഴയോ കടമ്മനിട്ടയോ വലിയ കവി എന്നായിരുന്നു അത്. ആധുനികമായ പരിസരത്തിന്റെ സ്വാധീനം കൊണ്ടുതനനെ മിക്കവാറും എല്ലാവരും കടമ്മനിട്ട പക്ഷക്കാരായിരുന്നു. അതേസമയം പികെ ബാലകൃഷ്‌ണന് ചങ്ങമ്പുഴയാണ് മികച്ച കവി എന്നതില്‍ സംശയമുണ്ടായിരുന്നില്ല.
വാസ്‌തവത്തില്‍ എഴുത്തുകാരന്‍ ഒരു ഇരട്ട അവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ട്. എഴുത്തു അടിസ്ഥാനപരമായി ഒന്നാണ്. അതില്‍ ദേശ, കാല, ലിംഗ, ജാതി, വര്‍ണ്ണ വിവേചനങ്ങളില്ല. എന്നാല്‍ സമൂഹത്തിലെ ഒരു ജീവിയാണ് എഴുത്തുകാരന്‍. ജീവിക്കുന്ന കാലത്തോടുള്ള സാംസ്‌കാരിക പ്രതികരണം അവനിലുണ്ടാകും. അതിനാല്‍ അന്ന് കടമ്മനിട്ടയോട് കൂടുതല്‍ സ്‌നേഹം തോന്നാം.
സാഹിത്യവും സാമൂഹ്യപ്രതിബദ്ധമാകണോ എന്ന അവസാനിക്കാത്ത ചര്‍ച്ചയിലേക്കാണോ വിരല്‍ ചൂണ്ടുന്നത്?
എന്നു വേണമെങ്കില്‍ പറയാം. സാഹിത്യം സാമൂഹ്യപ്രതിബദ്ധമാകണെമന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല. അല്ലാതേയും വരാം. എല്ലാ എഴുത്തിലും നന്മയുണ്ടാകണമെന്നു കരുതാനും വയ്യ. സാഹിത്യമുണ്ടാകുന്നതില്‍ ആത്മനിഷ്‌ഠമായ കുറെ ഘടകങ്ങള്‍ ഉണ്ട്‌്. അതേസമയം എഴുത്തുകാരനും ഒരു പൗരനാണല്ലോ. അവനു രാഷ്ട്രീയ നിലപാടുണ്ടാകാം. ഉണ്ടാകണം. സമകാലിക ഇന്ത്യന്‍ അവസ്ഥ നേരിടുന്ന ഫാസിസത്തെ കുറിച്ച് ഞാന്‍ തികഞ്ഞ ബോധ്യവാനാണ്. എന്നാല്‍ എന്റെ എല്ലാ കവിതയിലും അതുണ്ടാകണമെന്നു പറയരുത്. അല്ലെങ്കില്‍ എന്റെ ഒരു കവിതയില്‍ ഞാന്‍ ദൈവമേ എന്ന വാക്കുപയോഗിക്കുമായിരിക്കാം. അതേസമയം ഞാന്‍ ദൈവവിശ്വാസിയല്ല. നേരത്തെ പറഞ്ഞ പോലെ മലയാള സാഹിത്യത്തില്‍ ഹൈന്ദവതയുടെ ആധിക്യമുണ്ടെന്നു പറയുമ്പോഴും അതെല്ലാം മറികടക്കാന്‍ ആര്‍ക്കും കഴിയാവുന്നതേയുള്ളു.
കോളേജ് പഠനത്തിനുശേഷം?
കോളേജില്‍ നിന്നു പുറത്തുകടന്നതോടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് പക്ഷിക്കൂട്ടം എന്ന മാസികയും അതിനായി ഒരു കമ്പ്യൂട്ടര്‍ സെന്ററും തുടര്‍ന്ന് പക്ഷിക്കൂട്ടം പ്രസാധനവും ആരംഭിക്കുകയായിരുന്നു. അതുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായി ബന്ധപ്പെട്ടു. എം ഗോവിന്ദന്‍, സച്ചിദാനന്ദന്‍, ആഷാമേനോന്‍ .. എന്നിങ്ങനെ ലിസ്‌റ്റ് നീളുന്നു. അവരുടെയൊക്കെ കത്തുകള്‍ വരുന്നതും നേരില്‍ കാണുന്നതുമൊക്കെ വലിയ അനുഭവങ്ങളായിരുന്നു. നക്‌സല്‍ അനുഭാവിയായിരുന്ന ബി രാജിവന്‍ താന്‍ വീണ്ടും സിപിഎം അനുഭാവിയായതായി ആദ്യം പ്രഖ്യാപിച്ചത് പക്ഷിക്കൂട്ടത്തിലൂടെയായിരുന്നു. പക്ഷിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സാഹിത്യത്തേക്കാള്‍ രാഷ്ട്രീയ തീവ്രത നിറഞ്ഞുനിന്നു. അടിയന്തരാവസ്ഥക്കുശേഷം വിപ്ലവരാഷ്ട്രീയം പുറകോട്ടിച്ചിരുന്നു എങ്കിലും ഞങ്ങളുടെ ആവേശം വര്‍ദ്ധിക്കുകയായിരുന്നു. റാഡിക്കല്‍ പെയ്‌ന്റേഴ്‌സുമായുള്ള അടുപ്പവും രാഷ്ട്രീയത്തെ തീവ്രമാക്കി.
എന്നാല്‍ അധികം താമസിയാതെ ചില വീണ്ടുവിചാരങ്ങള്‍ ഉണ്ടായി. അതുണ്ടായതോ സിനിമയില്‍ നിന്നും. റഷ്യയില്‍ ഗ്ലാസ് നോസ്‌റ്റിന്റേയും പെരിസ്‌ട്രോയിക്കയുടേയും കാലമായിരുന്നു. അതോടെ അവിടെനിന്നുള്ള സിനിമകള്‍ കാണാനവസരം ലഭിച്ചു തുടങ്ങി. തിരുവനന്തപുരത്ത് സോവിയറ്റ് കള്‍ച്ചറല്‍ സെന്ററില്‍ സ്ഥിരമായി സിനിമാ പ്രദര്‍ശനമുണ്ടായിരുന്നു. തര്‍ക്കോവ്‌സ്‌കിയുടേയും മറ്റും സിനിമകള്‍ കാണാനിടയായത് അങ്ങനെയാണ്. സോവിയറ്റ് യൂണിയനെ കുറിച്ചും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളെകുറിച്ചുമുണ്ടായിരുന്ന തെറ്റായ ധാരണകള്‍ അതോടെ തകരാന്‍ തുടങ്ങി. സ്‌റ്റാലിനിസത്തിന്റെ ഭീകരത ബോധ്യപ്പെട്ടു. സിനിമാനിരൂപകനായിരുന്ന കെ വേലപ്പനുമായുള്ള നിരന്തര സംവാദവും കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത തന്നു.
പ്രശസ്‌തമായ ടോട്ടാച്ചന്‍ തര്‍ജ്ജമ ചെയ്‌തത് അക്കാലത്തായിരുന്നല്ലോ?
അതെ. ജീവിക്കാനുള്ള വരുമാനത്തിനുള്ള ശ്രമത്തിനിടയില്‍ ശാസ്‌ത്രസാഹിത്യ പരിഷത്തിലെ കെ കെ കൃഷ്‌ണകുമാറാണ് ആ ആശയം മുന്നോട്ടുവെച്ചത്. ഒന്നരവര്‍ഷത്തോളമെടുത്താണ് തര്‍ജ്ജമ പൂര്‍ത്തിയാക്കിയത്. സാമ്പത്തികനേട്ടത്തേക്കാള്‍ ഗദ്യം എഴുതുന്നതിന്റെ ഉള്‍ക്കാഴ്‌ച ലഭിച്ചു എന്നതാണ് അതിന്റെ ഏറ്റവും വലിയ നേട്ടമായത്.
സിനിമാജീവിതത്തെ കുറിച്ച് പറയൂ.
കാര്യമായ സിനിമാ ജീവിതമൊന്നും ഉണ്ടായില്ലെങ്കിലും അക്കാലഘട്ടം നല്‍കിയ അനുഭവങ്ങളും പില്‍ക്കാല ജീവിതത്തെയും അഭിപ്രായങ്ങളേയും രൂപീകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. സിഡിറ്റുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു തുടക്കം. തുടര്‍ന്ന് വേണു, ബീനാപോള്‍, രാജീവ് വിജയരാഘവന്‍, സുകുമാരന്‍ നായര്‍ തുടങ്ങിയവരുമായി വലിയ കമ്പനിയായി. അക്ഷരാര്‍ത്ഥത്തില്‍ ഒരു കമ്യൂണ്‍ ലൈഫായിരുന്നു അത്. പ്രധാനമായും രണ്ടു സിനിമകള്‍ മാത്രമാണ് ആ കൂട്ടായ്‌മയില്‍ നിന്നുണ്ടായത്. സുകുമാരന്‍ നായരുടെ കഴകവും രാജീവ് വിജയരാഘവന്റെ മാര്‍ഗ്ഗവും. രണ്ടിലും ഞാന്‍ വളരെ സജീവമായിരുന്നു. എം സുകുമാരന്റെ പ്രശസ്‌തനോവല്‍ പിതൃതര്‍പ്പണമാണ് മാര്‍ഗ്ഗമായി മാറിയത്. അതിന്റെ തിരകഥ രചിക്കുന്നതില്‍ പ്രധാന പങ്കവഹിച്ചു. സിനിമയോടുള്ള പ്രതിബദ്ധതയായിരുന്നു ഈ കൂട്ടായ്‌മയുടെ അടിത്തറ.
മറുവശത്ത് അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ ശരത്തിന്റെ കൂടെയും പ്രവര്‍ത്തിച്ചു. വയനാട്ടിലെ ആദിവാസി കൂട്ടായ്‌മ കനവിനെ കുറിച്ചും മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സുമായി ബന്ധപ്പെട്ട മലിനീകരണത്തെ കുറിച്ചും ശരത് നിര്‍മ്മിച്ച ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. തികച്ചും രാഷ്ട്രീയമായ പ്രവര്‍ത്തനങ്ങളായിരുന്നു അവ.
തികച്ചും വ്യത്യസ്ഥമായ ഈ രണ്ടു സിനിമാ സംഘങ്ങളിലെ പ്രവര്‍ത്തനം നല്‍കിയ അനുഭവങ്ങള്‍ ചില്ലറയല്ല. കവിതയടക്കം മിക്ക സാഹിത്യ കലാ രൂപങ്ങളും സെല്‍ഫ് സെന്റേഡ് ആണെന്നു പറയാം. എന്നാല്‍ സിനിമയതല്ല. കമ്യൂണിറ്റി ആര്‍ട്ടാണത്. അവിടെ സമാന്തരമായ ഒരു സാമൂഹ്യജീവിതമുണ്ട്. അതേസമയം ഭൗതികമായ പ്രചോദനങ്ങളുടേയും നഷ്ടങ്ങളുടേയും ലോകവുമാണത്. അതിനെ നേരിടാനുള്ള താല്‍പ്പര്യകുറവാണോ കാരണമെന്നറിയില്ല, സിനിമയില്‍ സജീവമാകാന്‍ എനിക്കു കഴിഞ്ഞില്ല.
ഓണ്‍ലൈന്‍ എഴുത്തില്‍ താങ്കള്‍ സജീവമല്ലേ?
ആയിരുന്നു. സ്വന്തമായി ബ്ലോഗ് എഴുതിയിരുന്നു. ഇപ്പോള്‍ കുറവണ്. അതേസമയം ഫേസ് ബുക്കില്‍ അത്ര സജീവമല്ല. അതൊരു പൊതു ഇടമാണ്. അതിന്റെ ഗുണവും പരിമിതിയും അതിനുണ്ട്. ഗൗരവമായ ചര്‍ച്ചകളൊക്കെ അവിടെ വളരെ കുറവാണ്.
നിരവധി കവിതകള്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നു. നിരവധി കവികള്‍ ഇവിടെയുണ്ട്. പക്ഷെ താങ്കള്‍ കവിതയാണ് പ്രധാന മേഖല എന്നു പറയുമ്പോഴും അധികം കവിതകള്‍ എഴുതിയില്ല പ്രസിദ്ധീകരിച്ചത് ഒരു പുസ്‌തകം മാത്രം.
അതെ. കൃത്രിമമായി കവിതകളെഴുതാന്‍ എനിക്കു കഴിയില്ല. ജീവിത്തതിന്റെ അരികുകളിലൂടെയുള്ള അലയലാണ് ഞാന്‍ പലപ്പോഴും നടത്തിയത്. അതില്‍ നിന്നുള്ള ചില അനുഭവങ്ങളില്‍ നിന്നാണ് അബോധപൂര്‍വ്വമായി എന്റെ കവിത പിറക്കുന്നത്. ഒരുദാഹരണം പറായം. സിഡിറ്റിനുവേണ്ടി മലയാള സിനിമയുടെ ഒരു വിശാലമായ ഡോക്യുമെന്റേഷന്‍ വര്‍ക്ക് ചെയ്യുകയുണ്ടായി. അതുമായി ബന്ധപ്പെട്ട് ബാലന്‍ എന്ന ആദ്യശബ്ദചിത്രത്തില്‍ അഭിനയിച്ച കമലത്തെ കാണാന്‍ പോയി. നമ്പറൊന്നുമില്ലാതിരുന്നതിനാല്‍ മുന്‍കൂട്ടി അറിയാക്കാതെയാണ് പോയത്. വളരെ മോശപ്പെട്ട അവസ്ഥായായിരുന്നു അവരുടേത്. ഇന്റര്‍വ്യൂ കഴിഞ്ഞ് തിരച്ചുപോകുമ്പോള്‍ അവരുടെ കൈയില്‍ 300 രൂപ കൊടുത്തു. അപ്പോള്‍ അവര്‍ പറഞ്ഞതെന്താണെന്നോ? അന്ന് അഭിനയിച്ചപ്പോഴും കിട്ടിയത് 300 രൂപയായിരുന്നു എന്ന്. ആ വാചകങ്ങള്‍ മനസ്സില്‍ തറച്ചു. പിന്നീട് ഞാന്‍ എഴുതിയ ഏകാന്തതയുടെ 50 വര്‍ഷങ്ങള്‍ എന്ന കവിതയില്‍ ഈ സംഭവത്തിന്റെ സ്വാധീനമുണ്ട്. മൂന്നു വര്‍ഷം കഴിഞ്ഞായിരുന്നു ഒരു കവിതയെഴുതിയത്. എങ്ങനെയാണ് അലയലുകള്‍ കവിതക്ക് വിഷയമാകുന്നു എന്നതിനു ഒരുദാഹരണമാണു പറഞ്ഞത്.
അതേസമയം മലയാളികളുടെ രാഷ്ട്രീയ അനുഭവങ്ങള്‍ പൊതുവില്‍ വളരെ നിസ്സാരമാണെന്നു പറയാറുണ്ടല്ലോ. അത് സാഹിത്യത്തേയും ബാധിക്കില്ലേ?
ദക്ഷിണ കൊറിയയില്‍ ഒരു സാഹിത്യസമ്മേളനത്തിനു പോയപ്പോള്‍ ഉണ്ടായ അനുഭവം പറയാം. കൊളോയണലിസം എന്നാല്‍ നമുക്ക് വെസ്‌റ്റേണ്‍ ആണല്ലോ. ഈസ്‌റ്റേണ്‍ കൊളോയണലിസത്തിന്റെ മുഖമായിരുന്നു അവിടെ കണ്ടത്. ഒരു ശരീരം രണ്ടായി പകുത്ത അനുഭവമാണ് കൊറിയയുടേത്. വര്‍ഷത്തിലൊരിക്കല്‍ അവിടെയുള്ളവര്‍ ഒരു പ്രത്യേക സ്ഥലത്തെത്തി വടക്കന്‍ കൊറിയയിലേക്കു നോക്കി അവിടെ പെട്ടുപോയ തങ്ങളുടെ സഹോദരങ്ങളേയും പൂര്‍വ്വീകരേയും സുഹൃത്തുക്കളേയും വിളിക്കുന്ന ചടങ്ങാണത്. അതു കണ്ട എന്റെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞത്,
തങ്ങള്‍ക്കിത് പരിചിതമായെന്നായിരുന്നു. നമ്മള്‍ ഇവിടെ നേരിടുന്നത് പുരോഗതി കൊണ്ടുണ്ടാകുന്ന പിന്നോക്കാവസ്ഥയാണ്. ആധുനികവല്‍ക്കരിക്കുമ്പോള്‍ ഉണ്ടാകുന്ന ആഴം. നമ്മുടെ എഴുത്തുകാരെല്ലാം അടിയന്തിരമായി പുറത്തുപോയി ജീവിതമെന്താമെന്നറിയണം എന്നഭിപ്രായക്കാരനാണ് ഞാന്‍.
സമകാലിക ഇന്ത്യനവസ്ഥ താങ്കളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടോ? പ്രതേകിച്ച് ഒരു മുസ്ലിം നാമധേയമുള്ള വ്യക്തി എന്ന നിലയില്‍…
ഒരു പൗരന്‍ എന്ന നിലയില്‍ തീര്‍ച്ചയായും. ഇപ്പോഴത്തെ രാഷ്ട്രീയമാറ്റം ഒരു ഐഡിയോളജിക്കല്‍ മാറ്റമൊന്നുമായി ഞാന്‍ കാണുന്നില്ല. ആബിയന്‍സില്‍ മാത്രമാണ് മാറ്റം. എങ്കിലുമത് അപകടകരം തന്നെ. ഫാസിസത്തിന്റെ കടന്നുവരവിനെതിരെ ബുദ്ധിജീവികളും എഴുത്തുകാരും ജാഗരൂകരാകുക തന്നെ വേണം. സ്‌കൂളുകളില്‍ നരേന്ദ്രമോദിയുടെ പ്രസംഗം നിര്‍ബന്ധിച്ചു കേള്‍പ്പിക്കാന്‍ നടത്തിയ ശ്രമം നോക്കുക. ഹിറ്റ്‌ലറെയാണ് എല്ലാവിധത്തിലും മോദി ഓര്‍മ്മിപ്പിക്കുന്നത്. എന്റെ മകന്റെ കാര്യത്തില്‍ എനിക്കു ഭയമുണ്ട്. എല്ലാകുട്ടികളുടെ കാര്യത്തിലും ഭയമുണ്ട്. അതേസമയം ഈ ഫാസിസത്തിനു പരിഹാരം മറ്റൊരു ഫാസിസമല്ല. മനോജ് വധത്തെ തുടര്‍ന്ന് പി ജയരാജന്റെ മകന്‍ ഫേസ് ബുക്കിലിട്ട പോസ്‌റ്റും എന്നെ ഭയപ്പെടുത്തുന്നു. എനിക്ക് ശുഭാപ്‌തി വിശ്വാസം കുറവാണ്. മനുഷ്യന്റെ അടിസ്ഥാന ചോദന മുതലാളിത്ത കേന്ദ്രീകൃൃതമായി മാറിയിരിക്കുന്നു എന്നതുതന്നെ അതിനു കാരണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in