ഒരു കമ്പനിക്ക് വേണ്ടി കുടിവെള്ളം മലിനമാക്കുകയെന്നത് ‘ഹരിത രാഷ്ട്രീയ’മാണോ മിസ്റ്റര്‍ സതീശന്‍?
സി ആര്‍ നീലകണ്ഠന്‍ പ്രിയപ്പെട്ട വി ഡി സതീശന്‍ എം എല്‍ എക്ക്, ‘ഹരിത രാഷ്ട്രീയമെന്നത് കേവലം ഒരു പച്ചപ്പുതപ്പ് അല്ല’ എന്ന പേരില്‍ ഒരു കുറിപ്പ് ഈ ലേഖകന്‍ മുമ്പെഴുതിയിരുന്നു. ഇന്ന് പരിസ്ഥിതി എന്ന വിഷയം ചര്‍ച്ച ചെയ്യാതെ ഒരു ഭരണകര്‍ത്താവിനും വിദഗ്ധനും രാഷ്ട്രീയ നേതാവിനും മുന്നോട്ട് പോകാനാകാത്ത വിധം സങ്കീര്‍ണമായിരിക്കുന്നു അവസ്ഥ. ഒട്ടനവധി പ്രതിസന്ധികള്‍ ദൈനംദിനം നേരിടുന്നു. ഇത്തരം ആശങ്കകള്‍ ഏറെക്കാലമായി ഉന്നയിച്ചുപോരുന്നവരെ ‘പരിസ്ഥിതിമൗലികവാദികള്‍’ എന്നും ‘പരിസ്ഥിതി ഭീകരവാദികള്‍’ എന്നും വിമര്‍ശിച്ചിച്ചിരുന്ന പലരും […]
സി ആര്‍ നീലകണ്ഠന്‍
പ്രിയപ്പെട്ട വി ഡി സതീശന്‍ എം എല്‍ എക്ക്,
‘ഹരിത രാഷ്ട്രീയമെന്നത് കേവലം ഒരു പച്ചപ്പുതപ്പ് അല്ല’ എന്ന പേരില്‍ ഒരു കുറിപ്പ് ഈ ലേഖകന്‍ മുമ്പെഴുതിയിരുന്നു. ഇന്ന് പരിസ്ഥിതി എന്ന വിഷയം ചര്‍ച്ച ചെയ്യാതെ ഒരു ഭരണകര്‍ത്താവിനും വിദഗ്ധനും രാഷ്ട്രീയ നേതാവിനും മുന്നോട്ട് പോകാനാകാത്ത വിധം സങ്കീര്‍ണമായിരിക്കുന്നു അവസ്ഥ. ഒട്ടനവധി പ്രതിസന്ധികള്‍ ദൈനംദിനം നേരിടുന്നു. ഇത്തരം ആശങ്കകള്‍ ഏറെക്കാലമായി ഉന്നയിച്ചുപോരുന്നവരെ ‘പരിസ്ഥിതിമൗലികവാദികള്‍’ എന്നും ‘പരിസ്ഥിതി ഭീകരവാദികള്‍’ എന്നും വിമര്‍ശിച്ചിച്ചിരുന്ന പലരും ഇപ്പോള്‍ ആഗോളതാപനവും മാലിന്യ സംസ്‌കരണവും പ്ലാസ്റ്റിക്കും വനനശീകരണവും വന്‍കിട അണക്കെട്ടുകളുമൊക്കെ ‘കുഴപ്പ’മാണെന്ന് തിരിച്ചറിയുന്നുണ്ട്, തുറന്നുപറയുന്നുണ്ട്. നല്ലത്. ഇക്കാര്യം ഒരു പതിറ്റാണ്ട് മുമ്പ് ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇത്രയധികം വിനാശം ഉണ്ടാകുമായിരുന്നില്ലെന്ന സത്യം ഇപ്പോള്‍ ആവര്‍ത്തിച്ച് അവരെ വേദനിപ്പിക്കുന്നില്ല. മുഖ്യധാരാ രാഷ്ട്രീയക്കാരില്‍ മഹാഭൂരിപക്ഷവും 1970കളിലും 80കളിലും സൈലന്റ്‌വാലിയില്‍ അണക്കെട്ടും വൈദ്യുതി നിലയവും വേണമെന്നു വാദിച്ചിരുന്നവരായിരുന്നെങ്കില്‍ ഇപ്പോള്‍ വലിയൊരു വിഭാഗം നേതാക്കള്‍ അതിരപ്പിള്ളി, പാത്രക്കടവ്, പൂയംകൂട്ടി തുടങ്ങിയ വന്‍കിട അണക്കെട്ടുകള്‍ക്കെതിരായിരിക്കുന്നു. അത്രയും നന്ന്. നെല്ലിയാമ്പതി, ആറന്മുള വിമാനത്താവളം തുടങ്ങി എമര്‍ജിംഗ് കേരളയിലെ പല പദ്ധതികല്‍ടക്കം ശക്തമായ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടാണ് യു ഡി എഫില്‍ താങ്കള്‍ അടക്കമുള്ള ആറേഴ് എം എല്‍ എമാര്‍ ‘ഹരിത രാഷ്ട്രീയ’ക്കാരെന്ന രീതിയില്‍ രംഗത്ത് വന്നത്. അവരുടെ യത്‌നങ്ങളെ അന്നും ഇന്നും ആദരിക്കുന്നു. പരമാവധി അവരുടെ നിലപാടുകളിലെ നന്മ കേരളത്തിന്റെ നിലനില്‍പ്പിനായി ഉപയോഗിക്കുകയും വേണം.
ഇത്തരമൊരു നീക്കം ഇടതുപക്ഷത്തു കൂടി വേണ്ടതായിരുന്നു. പക്ഷേ, സി പി ഐ മാത്രം അതില്‍ അല്‍പ്പം വ്യത്യസ്തത കാണിക്കുന്നു. ബിനോയ് വിശ്വവും മറ്റും വളരെ പരസ്യമായി നിലപാടെടുക്കുന്നു. വനം മന്ത്രിയെന്ന നിലയില്‍ ബിനോയ് ചില നല്ല ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍, സി പി എം പോലുള്ള കക്ഷികളില്‍ അത്തരം വിമത സ്വരം ഉയര്‍ത്തണമെങ്കില്‍ വി എസ് അച്യുതാനന്ദനെപ്പോലെയുള്ള ‘സ്റ്റാറ്റസ്’ വേണം. നേതാവിന്റെ ഹിതത്തിനെതിരെ പറഞ്ഞാല്‍ സ്ഥാനം നഷ്ടമാകുമെന്നു ഭയക്കുന്നവര്‍ക്കിതിനു കഴിയില്ല. എങ്കിലും ഇടതുപക്ഷം ഇത്തരം നിലാപാടെടുക്കണണെന്ന് ഈയുള്ളവന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
ഇവിടെ കുറെ എം എല്‍ എമാര്‍ ഉയര്‍ത്തിയത് ‘ശരിയായ ഹരിത രാഷ്ട്രീയം’ ആണോ? ഈ സംശയമുന്നയിക്കുന്നവര്‍ ധാരാളമുണ്ട്. ‘മുഖ്യധാരാ’ കക്ഷികളെ വിശ്വസിക്കുന്നതേ അബദ്ധം എന്ന ‘ശുദ്ധവാദ’ക്കാരെ തല്‍ക്കാലം വിടാം. അവര്‍ക്ക് സമരം തന്നെ ലക്ഷ്യമാകാം. വിവിധ പ്രശ്‌നങ്ങള്‍ക്കിരകളാകുന്ന മനുഷ്യര്‍ക്ക് ഇത്തരം ‘ശുദ്ധവാദം’ സ്വീകാര്യമാകില്ല. അതുകൊണ്ടു തന്നെ തങ്ങളുയര്‍ത്തുന്ന സമരങ്ങളെ പിന്താങ്ങാന്‍ മുഖ്യധാരാ കക്ഷികളിലെ ‘ചില’ നേതാക്കള്‍ വരുമ്പോള്‍ അവര്‍ അതിനെ സ്വാഗതം ചെയ്യുന്നു. ഇടതുപക്ഷത്ത് വി എസും മറുപക്ഷത്ത് വി എം സുധീരനുമൊക്കെ ജനമനസ്സുകളില്‍ അംഗീകാരം നേടിയതങ്ങനെയാണ്. എന്നാല്‍ ഈ നിലപാടുകള്‍ പല വിഷയങ്ങളില്‍ പലതാകുന്ന പ്രശ്‌നമാണ് മിക്ക രാഷ്ട്രീയ നേതാക്കളുടെയും ‘വിശ്വാസ്യത’ തകര്‍ക്കുന്നത്. ഏറെ ‘ജനകീയ’നായിരുന്നിട്ടും മൂലമ്പിള്ളി, ചെങ്ങറ തുടങ്ങിയ വിഷയങ്ങളില്‍ വി എസ് അച്യുതാനന്ദന്‍ എങ്ങനെ മറുപക്ഷത്തായി? ‘പരിസ്ഥിതി സംരക്ഷകനായ’ വി എസ് ഏലൂരില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായ ഒരു ചടങ്ങില്‍ പങ്കെടുത്തതെന്തുകൊണ്ട്? കിറ്റക്‌സിന്റെ മലിനീകരണത്തിനെതിരെ വി എസ് നിലപാടെടുക്കാത്തതെന്തുകൊണ്ട്? ആറന്മുള വിമാനത്താവളത്തിന്(അറിയാതെയാണെങ്കിലും) അനുമതി നല്‍കാന്‍ കാരണമായതും വി എസിന്റെ ‘പിഴവു’കളില്‍ പെടുന്നു.
ഇത്രയും പറയാന്‍ കാരണം, കേരളത്തിലെ ഇന്നത്തെ ഹരിത രാഷ്ട്രീയക്കാരുടെ മുമ്പന്തിയിലുണ്ടെന്ന് നാം കരുതിയിരുന്ന വി ഡി സതീശന്‍ എം എല്‍ എ എന്ന താങ്കള്‍ കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ മലിനീകരണത്തെയും അതിനെതിരെ സമരം നടത്തുന്ന ജനതയെ ക്രൂരമായി മര്‍ദിച്ചതിനെയും ശക്തമായി ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നതാണ്. (ഈ ലേഖകനില്ലെങ്കിലും) നിരവധി സുഹൃത്തുക്കള്‍ ഇതില്‍ ‘ഞെട്ടല്‍’ പ്രകടപ്പിച്ചു. നെല്ലിയാമ്പതിയിലും ആറന്മുളയിലും (ഒരു പരിധി വരെ ഏലൂരിലും) മറ്റും പരിസ്ഥിതി സംരക്ഷണത്തിനായി പാഞ്ഞെത്തുന്ന താങ്കള്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് ദുരിതം വിതക്കുന്ന ഒരു കമ്പനിയെ ഇങ്ങനെ പിന്താങ്ങുന്നു? കേവലം 140 സ്ഥിരം തൊഴിലാളികള്‍ മാത്രമുള്ള കമ്പനിയിലെ രണ്ട് മൂന്ന് യൂനിയനുകളില്‍ ഒന്നായ (30 അംഗ) ഐ എന്‍ ടി യു സിയുടെ അധ്യക്ഷനെന്നതിനാല്‍ (സാധാരണ ഏലൂരിലും മറ്റുമുള്ള ചില വയറ്റുപ്പിഴപ്പ് യൂനിയന്‍ നേതാക്കളെന്ന പോലെ) മുതലാളിയുടെ പങ്ക് പറ്റുന്ന ഒരു നേതാവാണോ വി ഡി സതീശന്‍ എന്നുവരെ ചോദിക്കുന്നവരുണ്ട്. എന്തായാലും അത്തരം വിഷയങ്ങളില്‍ നേരിട്ടറിവില്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല. എങ്കിലും നാട്ടുകാര്‍ ഉന്നയിക്കുന്ന പ്രാഥമികമായ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ സതീശന്‍ ബാധ്യസ്ഥനല്ലേ? കമ്പനി പുറത്തുവിടുന്നത് മലിനജലമല്ലെങ്കില്‍ പിന്നെന്തിന് പുഴയിലേക്ക് പൈപ്പ് വെച്ച് അത് ഒഴുക്കുന്നു? മലിനജലമാണെങ്കില്‍ ജലമലിനീകരണം തടയല്‍ നിയമമനുസരിച്ച് അത് തെറ്റാണ്. പന്ത്രണ്ടോളം തദ്ദേശ സ്ഥാപനങ്ങളിലെ കുടിവെള്ളം ഒരു കമ്പനിക്ക് വേണ്ടി മലിനമാക്കുകയെന്നത് ‘ഹരിത രാഷ്ട്രീയ’മാണോ? ആ കമ്പനിയുടെ പരിസരത്ത് എത്തിച്ചേരുന്നവര്‍ക്കെല്ലാമറിയാം, അവിടുത്തെ രൂക്ഷമായ ഗന്ധത്തെക്കുറിച്ച്. എന്നിട്ടും വി ഡി സതീശന്‍ അതെന്തുകൊണ്ട് കാണുന്നില്ല?
ഇതിനൊന്നും മറുപടി പറയാതെ, മറ്റു പല സമങ്ങളിലും (വിഷയങ്ങളിലും) മലിനീകരണവും വിനാശവും വരുത്തുന്നവര്‍ ഉന്നയിക്കുന്ന സ്ഥിരം വാദങ്ങള്‍ സതീശന്‍ ഉന്നയിക്കുന്നത് ശരിയാണോ? അന്നാട്ടുകാരല്ല സമരം ചെയ്യുന്നതെന്ന വാദം എത്ര ബാലിശമാണ്? സതീശന്റെ കക്ഷിയില്‍ പെട്ട പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ സമരത്തിനൊപ്പമുണ്ട്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സമരസമിതിയുടെ സ്ഥാനാര്‍ഥികള്‍ മൂന്ന് വാര്‍ഡുകളില്‍ മത്സരിച്ച് രണ്ടിടത്ത് ജയിച്ചു, ഇരു മുന്നണികളെയും തോല്‍പ്പിച്ചെന്ന വസ്തുത സതീശനറിയില്ലേ? തദ്ദേശീയരുടെ പിന്തുണയില്ലാത്ത ഒരു സമരമല്ലിത്. ഇത്തരമൊരു പരിസ്ഥിതി സമരത്തെ ‘പുറത്തുനിന്നുള്ളവര്‍’ക്ക് പിന്താങ്ങാന്‍ അവകാശമില്ലേ? നെല്ലിയാമ്പതിയും ആറന്മുളയുമൊന്നും ‘പറവൂര്‍’ നിയോജകമണ്ഡലത്തിലല്ലല്ലോ. ഇത്തരം പ്രാദേശിക വാദങ്ങള്‍ സതീശനും മറ്റുമുയര്‍ത്തുന്ന ഹരിത രാഷ്ട്രീയത്തിന് ചേര്‍ന്നതാണോ?
സമരങ്ങളില്‍ പങ്കെടുക്കുന്നവരെ തീവ്രവാദികളും ഭീകരവാദികളുമാക്കിക്കൊണ്ട് എതിര്‍ക്കുന്നത് എത്ര ഹീനമാണെന്ന് സതീശനു തന്നെ മനസ്സിലാകുമെന്ന് കരുതട്ടെ. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കിനാലൂര്‍, മൂലമ്പിള്ളി, ചെങ്ങറ തുടങ്ങിയ സമരങ്ങള്‍ക്ക് പിന്നില്‍ ‘തീവ്രവാദി’കളാണെന്നു ആരോപിച്ചപ്പോള്‍ അതിനെതിരെ സതീശനടക്കമുള്ളവര്‍ സംസാരിച്ചിരുന്നല്ലോ. ‘ഭരണപക്ഷ’ത്താകുമ്പോള്‍ എല്ലാവര്‍ക്കും ‘ഒരേ രാഷ്ട്രീയം’ ആകുന്നുെവന്നാണോ? ഭരണപക്ഷത്തിരുന്നുകൊണ്ടു തന്നെ നിരവധി വിഷയങ്ങളില്‍ ഉറച്ച നിലപാടെടുത്തതിനാലാണ് സതീശനെപ്പോലുള്ളവര്‍ക്ക് മാന്യത കിട്ടിയതെന്നോര്‍ക്കുക.
സ്വാര്‍ഥതാത്പര്യങ്ങളില്ലാതെയാണെങ്കില്‍ ഇക്കാര്യത്തില്‍ വി ഡി സതീശന്‍ സത്യസന്ധമായി നിലപാടിലെത്തണം എന്നതാണ് സൗഹൃദപൂര്‍ണമായ ഒരഭ്യര്‍ഥന. എന്നാല്‍ അത് അത്ര എളുപ്പമാകില്ലെന്നറിയാം. ഇക്കാര്യത്തില്‍ ടി എന്‍ പ്രതാപനും വി ടി ബലറാമും എടുത്ത നിലപാടുകള്‍ താങ്കള്‍ക്ക് പരിശോധിക്കാവുന്നതാണ്. താങ്കള്‍ എ ഐ സി സി സെക്രട്ടറി എന്ന ഉന്നത പദവിയില്‍ എത്തിയതില്‍ സന്തോഷിക്കുന്ന ഒരാളാണ് ഈ ലേഖകനും. പക്ഷേ, അതിന്റെ പേരില്‍ നാടാകെ കൂറ്റന്‍ ഫല്‍ക്‌സ് ബോര്‍ഡുകള്‍ കണ്ട് ഏറെ ദുഃഖവും തോന്നിയിരുന്നു. അതൊഴിവാക്കാന്‍ കഴിയണമായിരുന്നു എന്ന് പറയാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി വിഷയത്തിലെടുത്ത നിലപാട് ഇതിനെയെല്ലാം മറി കടക്കുന്നതാണ്. ആ നിലപാട് മാറ്റണമെന്നഭ്യര്‍ഥിക്കുന്നു.
സ്‌നേഹപൂര്‍വം,
സി ആര്‍ നീലകണ്ഠന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in