‘ഐ വാണ്‍ഡ് ഡെഡ്‌ബോഡി’ – ആ ആക്രോശത്തിന് 25 വയസ്സ് തികയുമ്പോള്‍…
‘ഐ വാണ്‍ഡ് ഡെഡ്‌ബോഡി’ എന്ന ഡി.ജി.പി രമണ്‍ ശ്രീവാസ്തവയുടെ വയര്‍ലെസിലൂടെയുള്ള ആ ആക്രോശത്തിന് 25 വയസ്സ്. ആ ക്രൂരമായ ആക്രോശത്തിനു ഇരയായ സിറാ ജുന്നീസ എന്ന പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ക്കും. പൊതുവില്‍ കേരളം അവഗണിച്ചെങ്കിലും ഒരു കഥാകാരനിതാ ഏറ്റവും അനുയോജ്യവും അര്‍ഹവുമായ രീതിയില്‍ സിറാജുന്നീസയെ സ്മരിക്കുന്നു. തന്റെ പുതിയ കഥാസമാഹാരത്തിനു സിറാ ജുന്നീസ എന്ന പേര്‍ കൊടുത്താണ് ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ മലയാള നോവല്‍ സാഹിത്യ രംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിയ ടി ഡി രാമകൃഷ്ണന്‍ ആ പെണ്‍കുട്ടിയുടെ രക്തസാക്ഷിത്വത്തെ അനശ്വരമാക്കിയിരിക്കുന്നത്. […]
‘ഐ വാണ്‍ഡ് ഡെഡ്‌ബോഡി’ എന്ന ഡി.ജി.പി രമണ്‍ ശ്രീവാസ്തവയുടെ വയര്‍ലെസിലൂടെയുള്ള ആ ആക്രോശത്തിന് 25 വയസ്സ്. ആ ക്രൂരമായ ആക്രോശത്തിനു ഇരയായ സിറാ ജുന്നീസ എന്ന പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ക്കും. പൊതുവില്‍ കേരളം അവഗണിച്ചെങ്കിലും ഒരു കഥാകാരനിതാ ഏറ്റവും അനുയോജ്യവും അര്‍ഹവുമായ രീതിയില്‍ സിറാജുന്നീസയെ സ്മരിക്കുന്നു. തന്റെ പുതിയ കഥാസമാഹാരത്തിനു സിറാ ജുന്നീസ എന്ന പേര്‍ കൊടുത്താണ് ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ മലയാള നോവല്‍ സാഹിത്യ രംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിയ ടി ഡി രാമകൃഷ്ണന്‍ ആ പെണ്‍കുട്ടിയുടെ രക്തസാക്ഷിത്വത്തെ അനശ്വരമാക്കിയിരിക്കുന്നത്.
അധികാരം പിടിച്ചെടുക്കാനായി ഏറ്റവും രൂക്ഷമായ രീതിയില്‍ വര്‍ഗ്ഗീയത ഉപയോഗിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ആരംഭിച്ചിരുന്ന കാലഘട്ടം. ബാബറി മസ്ജിദ് തകര്‍ക്കാനുള്ള നീക്കമവര്‍ ശക്തിപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന ഡോ. മുരളീമനോഹര്‍ ജോഷി കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ ഏകതായാത്ര എന്ന പേരില്‍ രഥയാത്ര ആരംഭിക്കുകയായിരുന്നു. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്ന ആവശ്യമുന്നയിച്ചായിരുന്നു യാത്ര. പ്രകോപനം സൃഷ്ടിക്കാന്‍ വേണ്ടി നടത്തിയ യാത്ര പലയിടത്തും പ്രശ്‌നങ്ങള്‍ക്കു കാരണമായി. പാലക്കാട് മേപ്പറമ്പിലും ചുണ്ണാമ്പുതറയിലുമൊക്കെ ജാഥയെ അക്രമിക്കാന്‍ ആളുകള്‍ സംഘടിച്ചു നില്‍ക്കുന്നു എന്ന വാര്‍ത്ത പരന്നു. അന്നത്തെ ഷൊര്‍ണ്ണൂര്‍ എ.എസ്.പി.യായിരുന്ന ബി. സന്ധ്യയ്ക്കായിരുന്നു സ്ഥലത്തെ ക്രമസമാധാന ചുമതല. അന്ന് ഉത്തര മേഖല ഡിഐജിയായിരുന്നു സാക്ഷാല്‍ രമണ്‍ ശ്രീവാസ്തവ.
1991 ഡിസംബര്‍ 15നായിരുന്നു സംഭവം. യാത്രകടന്നു പോകുന്ന പുതുപ്പളളിത്തെരുവില്‍ അജ്ഞാതരായ ആരോ കുറെ കല്ലുകള്‍ പെറുക്കിവച്ചിരുന്നു. സ്ഥലത്തെത്തിയ സന്ധ്യയുടെ പെരുമാറ്റവും ആളുകളോടുള്ള അഭിസംബോധനയും പ്രകോപനപരമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു കടയുടെ മുറ്റത്തുനിന്നിരുന്ന പ്രായമുള്ള ഒരാളെ ‘ഇവിടെ വാടോ’ എന്നായിരുന്നു അവര്‍ വിളിച്ചത്. തുടര്‍ന്നവിടെ അല്‍പ്പം സംഘര്‍ഷമുണ്ടായി. സംഘര്‍ത്തിനിടയിലായിരുന്നു സന്ധ്യക്ക് ശ്രീവാസ്തവയുടെ വയര്‍ലസ് കോള്‍ എത്തിയത്. എന്നാല്‍ എല്ലാം കണ്‍ട്രോളിലാണെന്നായിരുന്നു സന്ധ്യയുടെ മറുപടി. അതു ശ്രദ്ധിക്കാതെ വെടിവെക്കാനായിരുന്നു ശ്രീവാസ്തവയുടെ ഉത്തരവ്. അവിടെ പ്രശ്‌നമൊന്നുമില്ല എന്ന് സന്ധ്യ വീണ്ടും പറയുന്നത് ആളുകള്‍ കേട്ടു. എന്നാല്‍ അനുസരിച്ചാല്‍ മതിയെന്നും തനിക്കു മൃതശരീരം വേണമെന്നും ശ്രീ വാസ്തവ ആക്രോശിച്ചു. ആ ആക്രോശവും പലരും വ്യക്തമായി കേട്ടു. കളകടറേറ്റിലായിരുന്ന മന്ത്രി ടി എം ജേക്കബ്ബും അതു കേട്ടു. പിന്നെയായിരുന്നു ഒരാവശ്യവുമില്ലാതിരുന്ന വെടിവെപ്പ് നടന്നത്. വീട്ടുമുറ്റത്ത് ് കളിക്കുകയായിരുന്ന മുസ്തഫയുടെ മകള്‍ സിറാജുന്നിസയുടെ തലച്ചോറിലൂടെ വെടിയുണ്ട പായുകയായിരുന്നു. തലച്ചോറു പിളര്‍ന്നു. കുട്ടിയേയുംകൊണ്ട് ആശുപത്രിയിലേക്കോടാന്‍ തുനിഞ്ഞ ബന്ധുക്കളെയും അയല്‍വാസികളെയും പോലീസ് മര്‍ദ്ദിച്ചു. കുറെ കഴിഞ്ഞ് പോലീസ് ജീപ്പില്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ആ കുരുന്നിന്റെ ജീവന്‍ പറന്നുപോയിരുന്നു. ആ ചോരവീണ് കഴിഞ്ഞ ദിവസം 25 വര്‍ഷം തികഞ്ഞു.
മരണശേഷവും സിറാജുന്നീസക്ക് നീതി ലഭിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആ പെണ്‍കുട്ടി മുന്നൂറോളം കലാപകരികളേയും നയിച്ചുകൊണ്ട് ജാഥ നടത്തുകയായിരുന്നുവെനനായിരുന്നു ആദ്യ അന്വേഷണ റിപ്പോര്‍ട്ട്. പിന്നീട് ജസ്റ്റീസ് യോഹന്നാന്‍ കമ്മീഷന്‍ കണ്ടെത്തിയത് സിറാജുസിന്നിസയുടെ വീടീനുമുന്നിലെ ഒരു ഇലക്ട്രിക് പോസ്റ്റില്‍ തറച്ച വെടിയുണ്ട ഛിന്നഭിന്നമാകുകയും ഒരു കഷ്ണം കുട്ടിയുടെ തലയില്‍ കൊള്ളുകയായിരുന്നു എന്നുമാണ്. എന്നാല്‍ വെടിവയ്പ്പ നടന്ന് രണ്ടുമാസത്തിനുശേഷമായിരുന്നു ആ പോസ്റ്റവിടെ സ്ഥാപിച്ചതുതന്നെ. അവസാനം സംഭവിച്ചത് രണ്ടു സാധാരണ പോലീസുകാരെ ബലിയാടാക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന കുളക്കോടന്‍ മൂസ ഹാജി എന്നയാള്‍ താന്‍ ശ്രീവാസ്തവയുടെ ഉത്തരവ് വ്യക്തമായി കേട്ടതായി സുപ്രീംകോടതിയില്‍ വരെ പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. കരുണാകരന്റെ ഇഷ്ടക്കാരനായിരുന്ന രമണ്‍ ശ്രീവാസ്തവ പിന്നീട് ഡി.ജി.പിയുമായി.
നീതി നിഷേധിക്കപ്പെട്ട സിറാ ജുന്നീസ അന്ന് മരിക്കാതെ രക്ഷപ്പെട്ടിരുന്നുവെങ്കില്‍ അവളുടെ ജീവിതം ദുരിതപൂര്‍ണമാവുമായിരുന്നുവെന്നാണ് സമകാലിക ഫാസിസ്റ്റ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ രാമകൃഷ്ണന്‍ ഏഴ് കഥകളടങ്ങിയ ഈ പുസ്തകത്തിലെ കഥകളിലൂടെ സര്‍ഗ്ഗാത്മകമായി പറയുന്നത്.25 വര്‍ഷത്തിനു ശേഷവും മുസ്ലിം പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ഈ കഥയുടെ പ്രമേയം. അതുവഴി സമകാലിക അവസ്ഥയോട് അതിശക്തമായി കഥാകാരന്‍ പ്രതികരിക്കുന്നു. അതു തന്നെയാണ് സിറാജുന്നീസയുടെ പ്രസക്തിയും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in