എന്തുകൊണ്ട് ആം ഔരത് പാര്‍ട്ടി ഇല്ല
സബീന ആം ആദ്മി പാര്‍ട്ടി അവകാശപ്പെടുന്നതും അടയാളപ്പെടുത്തുന്നതും വ്യത്യസ്തതയാണ്; പ്രവര്‍ത്തന ശൈലിയിലും ആശയാവിഷ്‌കരത്തിലുമെല്ലാം ഈ വ്യത്യസ്തതയുണ്ട്. പക്ഷേ പേരില്‍ പാര്‍ട്ടിയ്ക്ക് യാതൊരു വ്യത്യസ്തയുമില്ല. ആം ആദ്മിയ്ക്ക് പകരം പേര് ആം ഔരത് എന്ന് ആകേണ്ടിയിരുന്നില്ലേ എന്ന ചോദ്യം പലരും ഉന്നയിക്കുന്നത് ഈ സാഹചര്യത്തിലാണ്. മേധാപട്കര്‍ ഈ ചോദ്യം ചോദിക്കുകയുണ്ടായി. കല്പനാ ശര്‍മ്മ ‘ഹിന്ദു’പത്രത്തില്‍ എന്തുകൊണ്ട് ആം ഔരത് പാര്‍ട്ടി ഇല്ല (Why not Aam Aurat Patry?) എന്നൊരു ലേഖനം തന്നെ എഴുതി. രാഷ്ട്രീയത്തില്‍ വലിയ പങ്കു വഹിക്കുന്നവരാണ് […]
സബീന
ആം ആദ്മി പാര്‍ട്ടി അവകാശപ്പെടുന്നതും അടയാളപ്പെടുത്തുന്നതും വ്യത്യസ്തതയാണ്; പ്രവര്‍ത്തന ശൈലിയിലും ആശയാവിഷ്‌കരത്തിലുമെല്ലാം ഈ വ്യത്യസ്തതയുണ്ട്. പക്ഷേ പേരില്‍ പാര്‍ട്ടിയ്ക്ക് യാതൊരു വ്യത്യസ്തയുമില്ല. ആം ആദ്മിയ്ക്ക് പകരം പേര് ആം ഔരത് എന്ന് ആകേണ്ടിയിരുന്നില്ലേ എന്ന ചോദ്യം പലരും ഉന്നയിക്കുന്നത് ഈ സാഹചര്യത്തിലാണ്. മേധാപട്കര്‍ ഈ ചോദ്യം ചോദിക്കുകയുണ്ടായി. കല്പനാ ശര്‍മ്മ ‘ഹിന്ദു’പത്രത്തില്‍ എന്തുകൊണ്ട് ആം ഔരത് പാര്‍ട്ടി ഇല്ല (Why not Aam Aurat Patry?) എന്നൊരു ലേഖനം തന്നെ എഴുതി.
രാഷ്ട്രീയത്തില്‍ വലിയ പങ്കു വഹിക്കുന്നവരാണ് സ്ത്രീകള്‍. സ്ഥാനാര്‍ത്ഥികള്‍ എന്ന നിലയിലും സമ്മതിദായകര്‍ എന്ന നിലയ്ക്കും അവരുടെ പങ്ക് പുനര്‍നിര്‍ണ്ണയിക്കേണ്ടതുണ്ട്. വിശേഷിച്ചും തെരഞ്ഞെടുപ്പില്‍ കൂടുതലായി സ്ത്രീകള്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്ന ഇക്കാലത്ത്. സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടം ഉണ്ടാവുമ്പോള്‍ മാത്രമേ, രാഷ്ട്രീയത്തില്‍ വ്യത്യസ്തത ആവിഷ്‌കരിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ഇടം ആം ആദ്മിയില്‍ ഉണ്ടോ? പേരിലെന്നല്ല ഉള്ളടക്കത്തിലും അരവിന്ദ് കെജ്‌രിവാളിന്റെ പാര്‍ട്ടി സ്ത്രീകളെ വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളുന്നുണ്ടോ? പാര്‍ട്ടിയുടെ രൂപീകരണത്തിനും ദല്‍ഹിയില്‍ ഭരണം ഏറ്റെടുത്തതിനും ശേഷം ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ ഇതൊരു പ്രധാന വിഷയമാണ്, ആദ്മി ഔരത്തിനെക്കൂടി ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന സംഗതി.
എ.എ.പിയിലെ രണ്ടാമത്തെ എ എന്ന അക്ഷരം വികസിപ്പിച്ച് ഔരത്ത് എന്ന് പറയുന്നില്ലെന്നത് ശരി തന്നെ. എന്നുവെച്ച് പാര്‍ട്ടി, സ്ത്രീലിംഗത്തെ നിരാകരിക്കുന്നു എന്ന് പറഞ്ഞുകൂടാ. മാത്രവുമല്ല ആദ്മി എന്ന വാക്ക് സ്ത്രീയെക്കൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണു താനും. പക്ഷേ ഇത്തരം വ്യാഖ്യാനങ്ങളും മറുയുക്തികളും വെച്ച് തൃപ്തിപ്പെടുകയും പേരിലെന്തിരിക്കുന്നു എന്ന് കരുതി സമാധാനിക്കുകയും ചെയ്യുമ്പോഴും സ്ത്രീകള്‍ ഇത്തിരിയെങ്കിലും പൊറുതികേട് അനുഭവിക്കുന്നുണ്ടെങ്കില്‍ ആ അസ്വാസ്ഥ്യം ന്യായീകരിക്കപ്പെടാവുന്നതാണ്. നൂറ്റാണ്ടുകളായി ഭാഷ പുരുഷാധിപത്യ പ്രമത്തമാണ്. നമ്മുടെ ഭാഷാ പ്രയോഗങ്ങളില്‍ സ്ത്രീ വിവര്‍ത്തിത രൂപമോ അദൃശ്യ സാന്നിധ്യമോ ആണ്; ഈ അദൃശ്യ ലോകത്തുനിന്ന്, നമ്മുടെ ആവിഷ്‌കാരങ്ങളിലൂടെ സ്ത്രീയെ പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ മാത്രമാണ് അവള്‍ക്ക് സ്വന്തം പദവിയും അസ്തിത്വവും ധൈര്യപൂര്‍വ്വം സ്ഥാപിക്കാനാവുക. ആദ്മി എന്ന വാക്കിന്നുള്ളിലെവിടെയോ ഒളിഞ്ഞിരിക്കുന്നതിന് പകരം ഔരത് എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് മുന്നോട്ട് വരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സ്ത്രീയുടെ സജീവ സാന്നിധ്യം വ്യത്യസ്തമായ സന്ദേശം നല്‍കുന്നു; പേരിലെന്തിരിക്കുന്നു എന്ന ചോദ്യത്തെ നിരാകരിക്കേണ്ടി വരുന്നതിന്റെ മനഃശാസ്ത്രം ഇതാണ്. തീര്‍ച്ചയായും പേര് ഒരു ദൗത്യ പൂര്‍ത്തീകരണത്തിന്റെ സൂചനാമുദ്ര തന്നെ.
എ.എ.പിയില്‍ സ്ത്രീകളുടെ സാന്നിധ്യം എത്രത്തോളമുണ്ട് എന്ന ആലോചനയ്ക്ക് ഇത് നിമിത്തമാവുകയും ചെയ്യുന്നു. ഇതുപോലൊരു പാര്‍ട്ടിയുടെ രൂപീകരണത്തിലും ഉയര്‍ച്ചയിലും സ്ത്രീകള്‍ വഹിച്ച പങ്കും അവര്‍ നല്‍കിയ പ്രചോദനവും അനുപമമാണ്. വിശേഷിച്ചും യുവതികള്‍. ദല്‍ഹിയിലെ കൂട്ടബലാത്സംഗം ഉയര്‍ത്തിയ പൊതുവികാരത്തിന്റെ പ്രധാന പ്രചോദനം സ്ത്രീശക്തിയാണല്ലോ. പക്ഷേ പേരില്ലാത്ത സ്ത്രീ സ്വരൂപങ്ങളില്‍നിന്ന്, എന്തുകൊണ്ട് ആര്‍ക്കും തിരിച്ചറിയാവുന്ന മുഖങ്ങള്‍ ഉയര്‍ന്നുവരുന്നില്ല? ഷാസിയ ഇന്‍മിയൊഴിച്ച് മറ്റൊരു അറിയപ്പെടുന്ന വനിതാ നേതാവ് എ.എ.പിയില്‍ ഇല്ല. ഷാസിയ തന്നെയും തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം വാര്‍ത്തകളുടെ വെള്ളി വെളിച്ചത്തില്‍നിന്ന് അമ്പരപ്പിക്കുന്ന തരത്തില്‍ ഇല്ലാതായി. ഇന്ത്യയില്‍ എല്ലാ പാര്‍ട്ടികളും സ്ത്രീകള്‍ക്ക് ഇടം നല്‍കാറുണ്ട്. ഭരണഘടനാപരമായ ബാധ്യത എന്ന നിലയിലുള്ള ഗത്യന്തരമില്ലായ്മയാണ് അതിന് പ്രേരകം. മിക്കപ്പോഴും ഈ പങ്കാളിത്തം ബാക്ക് സീറ്റ് ഡ്രൈവിംഗായി കലാശിക്കുകയാണ് പതിവ്. ജയലളിത, മമതാ ബാനര്‍ജി, ഗൗരിയമ്മ, മായാവതി തുടങ്ങിയ എന്തിനുംപോന്ന സ്ത്രീകള്‍ രാഷ്ട്രീയ രംഗത്ത് കരുത്ത് കാട്ടുകയും ഇന്ദിരാഗാന്ധി ദുര്‍ഗ്ഗയായി വാഴുകയും ചെയ്ത നാട്ടിലാണ്, ഇപ്പോഴും സാമാന്യേന സ്ത്രീ രാഷ്ട്രീയക്കാര്‍ ചേട്ടന്മാരുടെ നിഴലില്‍ തന്നെ കഴിഞ്ഞുകൂടുന്നത് എന്നതില്‍ വൈരുദ്ധ്യമുണ്ട്. പക്ഷേ സംഗതി അങ്ങനെയാണ്. ആം ആദ്മി പാര്‍ട്ടിക്ക് ഈ അവസ്ഥയെ ഭേദിക്കാനാവുന്നുണ്ടോ എന്നാണ് ചോദ്യം; വ്യത്യസ്തത ഇക്കാര്യത്തിലും ഉണ്ടാവണം എന്നാണാവശ്യം.
അടുത്ത കാലത്ത് തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടിവരികയാണ്. ഛത്തീസ്ഗഡ്ഡിലും രാജസ്ഥാനിലും സ്ത്രീ വോട്ടിന്റെ ശതമാനം നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ദ്ധിച്ചു. ദല്‍ഹിയിലും വര്‍ദ്ധനവ് പ്രകടമായിരുന്നു. 1998-ല്‍ 46.41 ശതമാനം സ്ത്രീകള്‍ മാത്രമേ വോട്ട് ചെയ്തിരുന്നുള്ളൂവെങ്കില്‍ ഇത്തവണ അത് 64.69 ശതമാനമായി. ആം ആദ്മിയെ മുന്നോട്ട് തള്ളുന്നതില്‍ സ്ത്രീകള്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട് എന്ന അനുമാനം അതിനാല്‍ യുക്തിഭദ്രമാണ്. അഴിമതിക്കെതിരായും പൗരാവകാശങ്ങള്‍ക്ക് വേണ്ടിയുമുള്ള പ്രക്ഷോഭങ്ങളില്‍ പ്രസക്തമായ പങ്കു വഹിക്കാന്‍ കഴിയുന്നവരാണ് സ്ത്രീകള്‍, വിശേഷിച്ചും കീഴാളരായ സ്ത്രീകള്‍. അവര്‍ക്ക് കുറേക്കൂടി ഉച്ചത്തിലും വ്യക്തമായും സംസാരിക്കാനാവും. ആം ആദ്മിയെ സ്വാഭാവികമായും ഈ പെണ്‍കരുത്ത് ഏറെ സഹായിച്ചിട്ടുണ്ട്. പ്രസ്തുത സഹായം ഉചിതമാംവണ്ണം തിരിച്ചുനല്‍കാന്‍ പാര്‍ട്ടിക്ക് കഴിയുമോ എന്നതാണ് ചോദ്യം. മറ്റ് മുഖ്യധാരാ പാര്‍ട്ടികളില്‍നിന്ന് ഇക്കാര്യത്തില്‍ കെജ്‌രിവാളിന്റെ പാര്‍ട്ടിക്ക് വ്യത്യാസമില്ലെങ്കില്‍ എ.എ.പി ഏറെയൊന്നും മുന്നോട്ട് നടന്നിട്ടില്ലെന്ന് നമുക്ക് പറയേണ്ടിയും വരും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in