ഉന പ്രക്ഷോഭവും കേരളത്തിലെ നവജനാധിപത്യ മുന്നേറ്റസാധ്യതകളും.
എം ഗീതാനന്ദന്‍ ജാതിവൈരുദ്ധ്യങ്ങളെയും, ജാതീയമായ ഉച്ചനീചത്വങ്ങളെയും പൂര്‍വ്വാധികം ശക്തമാക്കി വെറുപ്പിന്റെ രാഷ്ട്രീയത്തെ വിപുലീകരിച്ചാണ് ഹിന്ദുത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വാധീനം സംഘപരിവാര്‍ ശക്തിപ്പെടുത്തി കൊണ്ടിരിക്കുന്നത്. പശുവാദം അതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ്. ലോകരാഷ്ട്രീയത്തിലെ പ്രബലശക്തിയായി ഇന്ത്യ മാറികൊണ്ടിരിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, ജാതിവാദവും പശുവാദവും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനവിഭാഗങ്ങളുടെ മനുഷ്യവിഭവശേഷിയെ അമര്‍ച്ച ചെയ്ത് ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ മുന്നേറ്റത്തെ ശാശ്വതമായി പിന്നോട്ടടിപ്പിക്കുകയാണ്. ഇന്ത്യയിലെ ദളിത് – ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ രാഷ്ട്രീയ ഭൂമിക സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ നിലനിന്നുവന്ന ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതികരണമായാണ് […]
ജാതിവൈരുദ്ധ്യങ്ങളെയും, ജാതീയമായ ഉച്ചനീചത്വങ്ങളെയും പൂര്‍വ്വാധികം ശക്തമാക്കി വെറുപ്പിന്റെ രാഷ്ട്രീയത്തെ വിപുലീകരിച്ചാണ് ഹിന്ദുത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വാധീനം സംഘപരിവാര്‍ ശക്തിപ്പെടുത്തി കൊണ്ടിരിക്കുന്നത്. പശുവാദം അതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ്. ലോകരാഷ്ട്രീയത്തിലെ പ്രബലശക്തിയായി ഇന്ത്യ മാറികൊണ്ടിരിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, ജാതിവാദവും പശുവാദവും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനവിഭാഗങ്ങളുടെ മനുഷ്യവിഭവശേഷിയെ അമര്‍ച്ച ചെയ്ത് ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ മുന്നേറ്റത്തെ ശാശ്വതമായി പിന്നോട്ടടിപ്പിക്കുകയാണ്.
ഇന്ത്യയിലെ ദളിത് – ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ രാഷ്ട്രീയ ഭൂമിക
സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ നിലനിന്നുവന്ന ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതികരണമായാണ് ദലിത്-പിന്നോക്ക-ആദിവാസി-മത ന്യൂനപക്ഷ വിഭാഗങ്ങള്‍ വിഭവാധികാരത്തിനും അവസരസമത്വത്തിനുമായി ഇന്ത്യയില്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നത്. 1980കള്‍ക്ക് ശേഷമാകട്ടെ സാമുദായിക രാഷ്ട്രീ യ പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയഭൂരിപക്ഷം നേടാനുള്ള മുന്നണി സമവാക്യ ങ്ങളായി ഇവ പരിവര്‍ത്തനപ്പെട്ടു. ആഗോളവല്‍ക്കരണകാലഘട്ടത്തിലെ ഫൈനാ ന്‍സ് മൂലധനവ്യാപാരം വിവിധ സംസ്ഥാനങ്ങളില്‍ പ്രബലരായ പ്രാദേശിക സാമുദായിക രാഷ്ട്രീയശക്തികളെ കൂടുതല്‍ ശക്തരാക്കിമാറ്റി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികള്‍ ഭരണത്തില്‍ നിര്‍ണ്ണായകശക്തികളുമായി. മേല്‍പറഞ്ഞ രാഷ്ട്രീയ ശക്തികളെല്ലാം ദലിത് ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്തുന്നവയാണ്. ആഗോള വല്‍ക്കരണത്തിന്റെ രാഷ്ട്രീയഭൂമികയിലാണ് കോണ്‍ഗ്രസ് അപ്രസക്തമാകുന്നതും ഹിന്ദുത്വ ആശയത്തിലൂടെ ബി.ജെ.പി.ക്ക് ശക്തിനേടാന്‍ കഴിഞ്ഞതും. ബംഗാളിലും കേരളത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും പ്രാദേശിക ജാതി-വര്‍ഗ്ഗ താല്‍പര്യങ്ങള്‍ വിഴുങ്ങിതുടങ്ങിയിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ പുരോഗമന – വിപ്ലവപക്ഷങ്ങള്‍ പലയിടങ്ങളിലും പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ജാതി വ്യവസ്ഥയില്‍ പ്രബലരായ ജാട്ടുകള്‍, ഗുജ്ജാറുകള്‍, പട്ടേലുകള്‍, മറാത്തകള്‍, കാപ്പുകള്‍ തുടങ്ങിയവരും ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ അസ്വസ്ഥരാണ്. മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ പുനരുജീവന താല്‍പര്യത്തെയും സംഘപരിവാര്‍ സമാഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദലിതരെയും മറ്റ് പാര്‍ശ്വവല്‍കൃതരെയും അവര്‍ കൂടുതല്‍ ശത്രുക്കളായും കാണുന്നു. പശുവാദവും ശക്തിപ്പെടുന്ന ജാതിവാദവും ഈ മാറ്റങ്ങളുടെ പ്രതിഫലനമാണ്. പശുവാദവും ജാതിവാദവും ശക്തിപ്പെടുമ്പോള്‍ ജാതി ഇന്ത്യയുടെ ഭാരം പേറുന്നവര്‍ ഇന്ത്യയുടെ അടിത്തട്ടിലുള്ള ദലിതരായി മാറികൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെതിരെയുള്ള ശക്തമായ ചെറുത്തുനില്‍പായി ഗുജറാത്തിലെ ‘ഉന’ പ്രക്ഷോഭം മാറിയിട്ടുണ്ട്.
ഗുജറാത്ത് മോഡലിന്റെ തകര്‍ച്ചയും ഉന പ്രക്ഷോഭവും
ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ അതിക്രമത്തിന്റെ ഇരകളാണ് ദലിതരും, സ്ത്രീകളും, മത-വംശീയ ന്യൂനപക്ഷങ്ങളും, ട്രാന്‍സ്‌ജെന്‍ഡറുകളും, പരമ്പരാഗത തൊഴില്‍ സമൂഹങ്ങളും, പിന്നോക്കം നില്‍ക്കുന്ന മറ്റ് പാര്‍ശ്വവല്‍കൃതവിഭാഗങ്ങളും. ബ്രാഹ്മിണിക്കല്‍ സംവിധാനത്തിന്റെ മര്‍ദ്ദിതരൂപങ്ങള്‍ വിശാലമാകുമ്പോള്‍ തന്നെ, സൂക്ഷ്മവും സമഗ്രവുമായ നിലയില്‍ അടിച്ചമര്‍ത്തപ്പെടുകയും ചിതറിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നവരാണ് ദലിതര്‍. ജാതി വ്യവസ്ഥ അടഞ്ഞ ഒരു കോര്‍പ്പറേഷനായിട്ടാണ് ഡോ. അംബേദ്കര്‍ നിരീക്ഷിച്ചിരുന്നത്. ദലിതര്‍ക്കെതിരെ സാമ്പത്തികവും, സാമൂഹികവും, രാഷ്ട്രീയവും സാംസ്‌കാരികവുമായി സമഗ്രാധിപത്യം നിലനിര്‍ത്താന്‍ നിരന്തരമുള്ള മര്‍ദ്ദനമുറകളിലൂടെ ജാതീയമായി അടിമത്തം ഉറപ്പുവരുത്തി കൊണ്ടാണ് ദലിതാവസ്ഥ നിലനിര്‍ത്തുന്നത്. വിഭവാധികാരത്തില്‍ നിന്നും രാഷ്ട്രീയാധികാരത്തില്‍ നിന്നും മുറിച്ചുമാറ്റിയവരായി നിലനിര്‍ത്താന്‍ ഈ മര്‍ദ്ദനമുറ നിരന്തരം തുടരുന്നു. നാളിതുവരെയുള്ള രാഷ്ട്രീയപദ്ധതികളോ, ‘സ്വത്വവാദ’ ചിന്താപദ്ധതികളോ, എണ്ണ ത്തിന്റെ രാഷ്ട്രീയമോ (Politics of Numbers) ദലിതാവസ്ഥയില്‍ നിന്നും ദേശീയജനതകളെന്ന നിലയിലുള്ള ആത്മാഭിമാനശക്തികളായി അവരെ ഉയര്‍ത്തിയിട്ടില്ല. സോഷ്യല്‍ എഞ്ചിനീയറിംഗ് പദ്ധതിയിലൂടെ പലപ്പോഴും അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞ ബി.എസ്.പി.ക്ക് പോലും സാമൂഹിക നവോത്ഥാനത്തിന്റെയും മൗലികമായ വിഭവാധികാരത്തിന്റെയും പ്രശ്‌നത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ജാതി ഇന്ത്യയുടെ കോട്ടകളായ സംസ്ഥാനങ്ങളില്‍ ദലിതര്‍ ആസൂത്രിതമായി ആക്രമിക്കപ്പെടുകയും, മര്‍ദ്ദനമുറകളെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു സാമൂഹ്യാഗീകാരമുണ്ടാക്കിയെടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. കോര്‍പ്പറേറ്റ് രാജിലൂടെ സമ്പന്നവര്‍ഗ്ഗങ്ങള്‍ക്ക് തടിച്ചുകൊഴുക്കുവാനുള്ള അന്തരീക്ഷം ഒരുക്കുന്ന മോഡിയുഗത്തില്‍ ‘ദലിതരുടെ’ സാമൂഹികസുരക്ഷാപദ്ധതികളും, പൗരാവകാശസംരക്ഷണ സംവിധാനങ്ങളും നിയമങ്ങളും റദ്ദാക്കാനുള്ള പ്രതിലോമനീക്കങ്ങളും ശക്തിപ്പെടുത്തുകയാണ്. മഹാരാഷ്ട്രയില്‍ നടന്ന മറാത്തവിഭാഗക്കാരുടെ പടുകൂറ്റന്‍ റാലിയില്‍ ശക്തമായി ഉന്നയിച്ച ആവശ്യം ദലിത് പൗരാവകാശനിയമങ്ങള്‍ റദ്ദാക്കുക എന്നതാണെന്നത് ശ്രദ്ധേയമാണ്. ജാതി തൊഴിലുകള്‍ വലിച്ചെറിയാനും, ഭൂമിയുള്‍പ്പെടെയുള്ള വിഭവാധികാരം ഉന്നയിക്കുകയും ചെയ്യുന്നതോടെ സംഘപരിവാര്‍ സൃഷ്ടിച്ച പ്രത്യയശാസ്ത്ര മേധാവിത്വത്തില്‍ നിന്നും കുതറി മാറാന്‍ ജനാധിപത്യപുരോഗമന ശക്തികള്‍ക്ക് പുതിയ പാത തുറന്നുകിട്ടിയിരിക്കുകയാണ്. ”പശുവിന്റെ വാല് നിങ്ങളെടുത്തുകൊള്ളൂ! ഭൂമി ഞങ്ങള്‍ക്ക് തിരിച്ചുതരൂ…!” എന്ന മുദ്രാവാക്യം ഒരു സാമൂഹിക വിപ്ലവത്തിന് ഊര്‍ജ്ജം നല്‍കുന്നു. സംഘപരിവാറും കോര്‍പ്പറേറ്റുകളും ദലിതവല്‍ക്കരിക്കുകയും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, മത-വംശീയ ന്യൂനപക്ഷങ്ങള്‍, ദേശീയതകള്‍, പിന്നോക്കവിഭാഗക്കാര്‍, ദരിദ്രര്‍, കോളനിവാസികളും ചേരിനിവാസികളും തുടങ്ങിയവര്‍ക്ക് വിശാലമായ ഒരു ഐക്യമുന്നണിക്ക് കളമൊരുങ്ങുകയാണ്. ജിഗ്‌നേഷ് വെമാനി തുടങ്ങിവെച്ച ‘ഉന ചലോ’ എന്ന മുദ്രാവാക്യവും തുടര്‍ന്ന് ഉയര്‍ന്നുവന്ന ‘ഉടുപ്പിചലോ’ എന്ന മുദ്രാവാക്യവും ഈ ഐക്യത്തിനുള്ള സാധ്യതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജാതികോളനികള്‍ക്ക് അറുതി വരുത്താനും, വിഭവവിനിയോഗത്തിലും ഭൂവിനിയോഗത്തിലും തുല്യനീതി ഉറപ്പാക്കി പാര്‍ശ്വവല്‍കൃതരെ അധികാരശക്തികളാക്കാനുമുള്ള പുതിയൊരു മുന്നേറ്റത്തിനാണ് ‘തിരുവനന്തപുരം ചലോ’ പ്രസ്ഥാന ലക്ഷ്യം വെക്കുന്നത്. ഈ സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആദിവാസി – ദലിത് വിഭാഗങ്ങളുടെ നൂതന ഭൂസമരങ്ങള്‍ക്ക് ജാതിനശീകരണ ഉള്ളടക്കം നല്‍കി ഒരു നവജനാധിപത്യപ്രസ്ഥാനമായി പരിവര്‍ത്തനപ്പെടുത്താന്‍ ‘ചലോ തിരുവനന്തപുരം’ പ്രസ്ഥാനത്തോടെ തുടക്കം കുറിക്കാന്‍ കഴിയും.
ഐക്യകേരളത്തെ ഛിന്നഭിന്നമാക്കിയ കേരള മോഡല്‍ വികസനം.
മലയാളിയുടെ സാമൂഹിക ഐക്യം രൂപപ്പെടുത്തുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ള പങ്ക് ചെറുതല്ല. ഭാഷാ ദേശീയസംസ്ഥാനങ്ങള്‍ രൂപപ്പെടുന്ന കാലഘട്ടത്തില്‍, കേരളം മലയാളികളുടെ മാതൃഭൂമിയാണെന്ന അതിവിപുലമായ സാമൂഹിക ആശയം മുന്നോട്ടുവെക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ഭൂബന്ധങ്ങളില്‍ മാറ്റം വരുത്താനും, മണ്ണിലദ്ധ്വാനിച്ച വിപുലമായ ജനവിഭാഗങ്ങള്‍ക്ക് ഭൂമിയില്‍ ഉടമസ്ഥത ഉറപ്പാക്കി മലയാളികള്‍ എന്ന സാമൂഹികപദവി കൈവരിക്കാന്‍ കഴിയും എന്നും പൊതുവില്‍ വിശദീകരിക്കപ്പെട്ടു. കേരളത്തില്‍ നടപ്പാക്കപ്പെട്ട ഭൂപരിഷ്‌കരണത്തോടൊപ്പം, സവിശേഷമായ ഒരു വികസനമാതൃകയും കേരളത്തില്‍ നടപ്പാക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും അഭിപ്രായസമന്വയത്തില്‍ നടന്ന ഈ രാഷ്ട്രീയപ്രക്രിയയില്‍ നിന്നും വലിയൊരു വിഭാഗം മാറ്റിനിര്‍ത്തപ്പെട്ടു. ഐക്യകേരളത്തിന്റെ വിഭവാധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവരാരൊക്കെ എന്ന് തിരിഞ്ഞുനോക്കുന്നത് ഉചിതമായിരിക്കും. ഏറെ പുരോഗമനപരമെന്ന് പൊതുവില്‍ ഖ്യാതി നേടിയ കേരള മോഡല്‍ വികസനത്തിന് വികൃതമായ മറ്റൊരു മുഖം കൂടിയുണ്ടെന്നാണ് തിരിഞ്ഞുനോക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ മേഖലകളില്‍ മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളോടും, യൂറോപ്യന്‍ രാജ്യങ്ങളോടും മലയാളികള്‍ കിടപിടിക്കുന്നത്രേ! സാമ്പത്തികശാസ്ത്രത്തിന്റെ അളവുകോലുപയോഗിച്ചുള്ള ഈ വിശദീകരണം മലയാളികള്‍ ഇന്ന് സ്വീകരിക്കുമെന്ന് തോന്നുന്നില്ല. ഈ രണ്ട് മേഖലകളും കച്ചവല്‍ക്കരിക്കപ്പെട്ടു എന്നത് മാത്രമല്ല, മണ്ണും പ്രകൃതിവിഭവങ്ങളും കച്ചവടവല്‍ക്കരിക്കപ്പെട്ടു എന്നതുകൂടിയാണ് ഈ വികസനമാതൃകയുടെ അനന്തരഫലം. കൃഷി, വ്യവസായം എന്നീ മേഖലകളെല്ലാം തകര്‍ന്ന് തരിപ്പണമായി. സാമൂഹിക രാഷ്ട്രീയജീവിതം ശിഥിലമാകുകകയും കേരളമിന്ന് ജാതിയുടെയും വര്‍ഗ്ഗീയതയുടെയും സ്ത്രീവിരുദ്ധതകളുടെയും ദലിത് ആദിവാസി വിരുദ്ധതയുടെയും ഭൂമികയായി മാറിയിരിക്കുകയാണ്. മലയാളികളുടെ മാതൃഭൂമിയില്‍ പാര്‍ശ്വവല്‍കൃതരുടെ മറ്റൊരു ലോകം സൃഷ്ടിക്കപ്പെട്ടു. ഒരുപക്ഷേ, കൊടിയ ചൂഷണത്തിന് വിധേയരാകുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഉല്‍പാദന-വ്യവഹാരമേഖലയില്‍ അവശ്യഘടകങ്ങളാണ്. അത്രപോലും, അവശ്യഘടകങ്ങളല്ലാത്തവരായി കേരളത്തിലെ പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ അവഗണിക്കപ്പെടുന്നവരാണ്. ഭൂരഹിതരായ ദലിതര്‍, ആദിവാസികള്‍, എസ്റ്റേറ്റ് തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, നഗരങ്ങളിലെ ചേരിനിവാസികള്‍, ലക്ഷോപലക്ഷം വരുന്ന ഭവനരഹിതര്‍ എന്നിവരെല്ലാം കേരള മോഡലിന്റെ അവശിഷ്ടങ്ങളാണ്. അധിനിവേശസംസ്‌കാരത്തിന്റെയും (പാശ്ചാത്യ) ജാതിചിന്തയുടെയും ശക്തമായ സ്വാധീനമുള്ള വികസന-കാര്‍ഷികനയത്തിന്റെ ബാക്കിപത്രമാണ് ഈ ജനസമൂഹം. ജാതികോളനികളും ചേരികളും സൃഷ്ടിച്ച തൊഴില്‍വിഭജനവും സ്ഥാപനവല്‍ക്കരണവും ജാതിവ്യവസ്ഥയുടെ വിപുലീകരണമല്ലാതെ മറ്റൊന്നുമായിരുന്നില്ല.
കേരളം പുരോഗമനസംസ്ഥാനമാണെന്ന് നാം അഭിമാനിക്കാറുണ്ട്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും 1980 കള്‍ക്ക് ശേഷമാണ് ജാതിപാര്‍ട്ടികളും, സ്വത്വവാദപ്രസ്ഥാനങ്ങളും രൂപം കൊണ്ടത്. എന്നാല്‍ ഐക്യകേരളത്തിന് മുന്‍പ് തന്നെ നാട്ടുരാജ്യങ്ങളില്‍ രൂപംകൊണ്ട സാമുദായിക രാഷ്ട്രീയ മുന്നണികളെ തുടര്‍ന്നും ആധുനിക കേരളത്തില്‍ ശക്തിപ്പെടുത്തി. ബഹുഭൂരിപക്ഷം വരുന്ന പാര്‍ശ്വവല്‍കൃതര്‍ക്ക് വിഭവാധികാരം, പ്രകൃതി – വനം, ഭൂമി തുടങ്ങിയ വിഭവവിനിയോഗത്തിലുള്ള തുല്യനീതി നല്‍കുന്നതിനെ പ്രതിരോധിക്കാന്‍ ഒരു സാമുദായിക സമ്മര്‍ദ്ദശക്തിയുടെ പിന്‍ബലം എല്ലാ രാഷ്ട്രീയ മുന്നണികള്‍ക്കുമുണ്ടായിരുന്നു. സോഷ്യലിസ്റ്റ് ജനാധിപത്യവും, കാര്‍ഷികവിപ്ലവവും വ്യാവാസിയിക വിപ്ലവും സ്വപ്നം കണ്ടവര്‍ ഐക്യകേരളത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു എന്നു നിരീക്ഷിക്കാം.
ദേശീയവാദികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും കൊളോണിയല്‍ മനസ്സും ജാതി പരിമിതിയും
ഭൂപരിഷ്‌കരണത്തിന്റെ പരിമിതിയെക്കുറിച്ചും, കേരളത്തിലെ ജാതി കോളനികളുടെ ഉത്ഭവത്തെക്കുറിച്ചും ദലിത് – ആദിവാസി പ്രസ്ഥാനങ്ങളും തല്‍പര കക്ഷികളും പരാമര്‍ശിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് വിശദീകരിക്കാറുണ്ട്. ഇത് പ്രശ്‌നത്തെ ലളിതവല്‍ക്കരിക്കരിക്കലാണ്. ആധുനിക കേരളത്തിന്റെ പിറവിയെക്കുറിച്ചും, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപപ്പെടുന്ന വിശാലമായ ഒരു ജനാധിപത്യ ഭരണകൂട സംവിധാനത്തെക്കുറിച്ചും, നിരീക്ഷിക്കുന്നതില്‍ പൊതുവില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും പരിമിതി നേരിട്ടിട്ടുണ്ട്. ഐക്യ കേരളം രൂപപ്പെടുന്ന കാലഘട്ടത്തിലെ കേരളത്തിന്റെ കാര്‍ഷീക സമ്പദ് ഘടനയിലും, പാരിസ്ഥിതിക – ആവാസ വ്യവസ്ഥയിലും, തദ്ദേശീയരായ കാര്‍ഷീക – പരമ്പരാഗത സമൂഹങ്ങളുടെ ജീവിതത്തിലും കൊളേണിയന്‍ ശക്തികളുടെ കടന്നുവരവ് സൃഷ്ടിച്ച പ്രത്യാഘാതത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റുകളും ദേശീയവാദികളും ഗൗരവപൂര്‍വ്വം ആലോചിച്ചതായി കാണുന്നില്ല.
ഐക്യകേരളത്തിന് മുമ്പുള്ള നാട്ടുരാജ്യങ്ങളുടെ സമ്പദ്ഘടനയില്‍ ഗണ്യമായ പങ്കു വഹിച്ചിരുന്നത് വനവിഭവങ്ങളും, സുഗന്ധ വ്യഞ്ജനങ്ങളുമാണെന്നത് അനിഷേധ്യമായ വസ്തുതയാണ്. ജാതി വ്യവസ്ഥയുടെ സങ്കീര്‍ണ്ണത കൊണ്ടുതന്നെ കാര്‍ഷിക മിച്ചത്തില്‍ നിന്നുള്ള വിഭവം കൊണ്ട് മാത്രം നാട്ടുരാജ്യങ്ങള്‍ക്ക് ഭരണക്രമം നിലനിര്‍ത്താന്‍ കഴിയുമായിരുന്നില്ല. മറ്റൊരു നിലയില്‍ പറഞ്ഞാല്‍ നാട്ടുരാജ്യങ്ങളുടെ സമ്പദ് സ്രോതസ്സ് വനോല്‍പ്പന്നങ്ങളും, പരമ്പരാഗത സമൂഹങ്ങളുമായിരുന്നു. അതുകൊണ്ട് തന്നെ വൈദേശിക ശക്തികളുമായി നാട്ടുരാജ്യങ്ങള്‍ നടത്തിയ യുദ്ധങ്ങളില്‍ പലതും പണ്ടകശാലകള്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ്. കൊളോണിയന്‍ മേധാവിത്തം സ്ഥാപിക്കുന്നതോടെ നാട്ടുരാജ്യങ്ങളുടെ അറിവും സമ്മതത്തോടെയുമാണ് വനമേഖലയിലേക്കും, പശ്ചിമഘട്ട മേഖലയിലേക്കും വൈദേശിക ശക്തികള്‍ കടന്നുകയറുന്നതും തോട്ടങ്ങള്‍ സ്ഥാപിക്കുന്നതും. കൊളോണിയന്‍ ശക്തികളുടെ ആവശ്യമനുസരിച്ച് നാട്ടുരാജ്യങ്ങള്‍ ആദിവാസികളുടെയും പരമ്പരാഗത സമൂഹങ്ങളുടെയും മാറ്റകൃഷി നിരോധിച്ചു. എന്നുമാത്രമല്ല, വനനശീകരണം നടത്തി വന്‍കിട തോട്ടങ്ങള്‍ സ്ഥാപിക്കാനും അനുമതി നല്‍കി. പരമ്പരാഗത സമൂഹങ്ങളെ സംരക്ഷിക്കാന്‍ നാട്ടുരാജ്യങ്ങള്‍ യാതൊന്നും ചെയ്തില്ല. ദേശീയ പാര്‍ട്ടി നേതൃത്വങ്ങളും കമ്മ്യൂണിസ്റ്റുകളും കൊളോണിയന്‍ വിരുദ്ധ നിലപാട് പൊതുവില്‍ വച്ചു പുലര്‍ത്തിയിരുന്നെങ്കിലും, ഇടനാടന്‍ കാര്‍ഷിക മേഖലയില്‍ ജ•ിവര്‍ഗ്ഗങ്ങളും സാമ്രാജ്യത്വശക്തികളും കടുത്തചൂഷണത്തിന് വിധേയമാക്കിയ പാട്ടകുടിയാ•ാരുടെ താല്‍പര്യം സംരക്ഷിക്കാനും അവരുടെ ചെറുത്തുനില്‍പ്പ് സമരങ്ങളിലും മാത്രം ഒതുങ്ങി നിന്നു. സര്‍ സി.പി.യുടെ പരദേശ ബ്രാഹ്മണാധിപത്യത്തിനും അതിന്റെ സേവകരായ ജ•ിത്വത്തിനും എതിരെയുള്ള ചെറുത്ത് നില്‍പ്പിലും ഒരുങ്ങിനിന്നു. ആദിവാസികള്‍, ദളിതര്‍, മറ്റ് പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ തുടങ്ങിയവരെ കൊളോണിയല്‍ കടന്നുകയറ്റത്തില്‍ നിന്നും സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചില്ല. ദേശീയവാദികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും ജാതിപരിമിതിയും കൊളോണിയന്‍ വിധേയത്വവും ഇതിന് കാരണമാണ്.
ഭൂപരിഷ്‌കരണവും വിഭവ വിനിയോഗത്തിലെ തുല്യനീതി നിഷേധവും
കാര്‍ഷിക – സമ്പദ് വ്യവസ്ഥയിലേക്കുള്ള കൊളോണിയന്‍ കടന്നാക്രമണത്തെ ചെറുക്കാന്‍ കഴിയാത്തതുകൊണ്ട് തന്നെ, 1970-കളില്‍ കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നടപടിയില്‍ പരമ്പരാഗത കാര്‍ഷിക – വനാശ്രിത സമൂഹങ്ങളുടെ വിഭവവിനിയോഗത്തിലെ തുല്യനീതി ഒരിക്കലും പരിഗണിക്കപ്പെടാതെ പോയി. ജ•ിത്തവും പാട്ടക്കുടിയായ്മ വ്യവസ്ഥകളും അവസാനിപ്പിക്കാന്‍ ഡസണ്‍ കണക്കിന് നിയമനിര്‍മ്മാണം 1960- മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ മുന്‍കൈയ്യില്‍ നടന്നിട്ടുണ്ട്. കൃഷിഭൂമി കര്‍ഷകന് എന്ന ആവശ്യമുന്നയിച്ചുകൊണ്ടും, നിയമനിര്‍മ്മാണങ്ങളെ പിന്തുണച്ചുകൊണ്ടും സുദീര്‍ഘമായ ജനകീയ പ്രക്ഷോഭങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ പ്രകൃതി – വനഭൂമിയിലുള്ള ആദിവാസികളുടെ അവകാശം; ദലിതര്‍ – തോട്ടം തൊഴിലാളികള്‍ – കര്‍ഷക തൊഴിലാളികള്‍ – മത്സ്യ തൊഴിലാളികള്‍ തുടങ്ങിയ പരമ്പരാഗത സമൂഹങ്ങളുടെ പ്രകൃതി, വനഭൂമി, സമുദ്രം, തണ്ണീര്‍ത്തടങ്ങള്‍, മറ്റ് പ്രകൃതി വിഭവങ്ങള്‍ എന്നിവയിലുള്ള അവകാശങ്ങള്‍ തുടങ്ങിയവയെ സംബന്ധിക്കുന്ന ഒരു നിയമനിര്‍മ്മാണവും നടന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രകൃതിവിഭവങ്ങള്‍, പശ്ചിമഘട്ടമലനിരകള്‍, വനങ്ങള്‍, ജലസ്രോതസ്സുകള്‍, മറ്റ് വിഭവങ്ങള്‍ തുടങ്ങിയവ അധിനിവേശ ശാക്തികളും വൈദേശിക കോര്‍പ്പറേറ്റുകളായ ഹാരിസണ്‍ ക്രോസ്ഫീല്‍ഡ് തുടങ്ങിയ കമ്പനികളും ടാറ്റയെ പോലുള്ള കുത്തകളും മറ്റ് ഭൂവുടമകളും കൊള്ളയടിക്കുന്നതിനെ പ്രതിരോധിക്കാന്‍ ഭൂപരിഷ്‌കരണ കാലഘട്ടത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല. ജ•ിത്തം അവസാനിപ്പിക്കുന്നതിന് വേണ്ടി ഭൂമി കൈവശം വയ്ക്കുന്നതിനുള്ള പരിധി നിശ്ചയിക്കുന്നതിനും പാട്ടക്കുടിയായ്മ അവസാനിപ്പിക്കുന്നതിനും ചില നിയമ നിര്‍മ്മാണങ്ങള്‍ നടത്തിയെങ്കിലും ഭൂവുടമാ സംവിധാനത്തിന്റെ ഭാഗമായി കെട്ടിയിടപ്പെട്ട ദലിതര്‍, ആദിവാസികള്‍, മറ്റ് കര്‍ഷക തൊഴിലാളികള്‍ എന്നിവരെ മണ്ണില്‍ പണിയെടുക്കുന്നവര്‍ (Tillers of the Land) എന്ന് പരിഗണിച്ചില്ല. അവരെ കാര്‍ഷീക പരിഷ്‌ക്കരണത്തില്‍ നിന്നും ഒഴിവാക്കി.
കുടികിടപ്പുകാരും ജാതികോളനികളുടെ ഉത്ഭവവും
കൊളോണിയന്‍ നയത്തിന്റെ ഭാഗമായി വനഭൂമിയില്‍ നിന്ന് പിഴുതെറിയപ്പെട്ടവര്‍ കോളനികളിലേക്ക് തുരത്തപ്പെട്ടിരുന്നു. ഇതിലേറെയും ആദിവാസികളായിരുന്നു. അടിമപ്പണി നിരോധനം റദ്ദാക്കിയതോടെ സ്വതന്ത്ര തൊഴില്‍ തൊഴില്‍ കമ്പോളത്തിലേക്ക് വലിച്ചെറിയപ്പെട്ടവരും ജാതി കൊളോണിയനില്‍ എത്തപ്പെട്ടിട്ടുണ്ട്. കൊളോണിയന്‍ വിധേയമായ ഭൂപരിഷ്‌കരണം നടപ്പാക്കിയതോടെ, ഭൂമിയില്‍ നിന്നും പിഴുതെറിയപ്പെട്ടവരെ ”കുടികിടപ്പുകാര്‍” എന്ന ഗണമായി കണക്കാക്കുകയും 3 സെന്റ്, 5 സെന്റ്, 10 സെന്റ് കോളനികളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇതിനായി കുടികിടപ്പു നിയമം പാസ്സാക്കി. 1970-ന് ശേഷം വനഭൂമി, സ്വകാര്യവനങ്ങള്‍, മറ്റ് ഭീമമായ അളവിലുള്ള ഭൂമികള്‍ എന്നിവ വന്‍കിടക്കാര്‍ക്ക് കൈവശം വെക്കാനുള്ള നിയമപരമായ സൗകര്യം ചെയ്തു കൊടുക്കല്‍; സ്വകാര്യ വനഭൂമി വന്‍തോതില്‍ തോട്ടങ്ങളാക്കി മാറ്റല്‍; വനം വകുപ്പിന്റെ കുടിയിറക്കല്‍; വന്‍കിട ജലസേചന പദ്ധതികള്‍ക്ക് വേണ്ടിയുള്ള കുടിയിറക്കല്‍ എന്നിവയെല്ലാം ജാതി കോളനികള്‍ക്ക് കാരണമായി. കൃഷി ഭൂമിയില്‍ നേരിട്ട് അധ്വാനിക്കാത്തവര്‍ക്ക് കൃഷി ഭൂമിയില്‍ സ്ഥിരാവകാശം നല്‍കിയ നടപടിയും ഭൂമിയുടെ തുണ്ടുവല്‍ക്കരണവും ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടി. ചുരുക്കത്തില്‍ ഭൂപരിഷ്‌കരണ നടപടി, പരമ്പരാഗത സമൂഹങ്ങളുടെ പ്രകൃതി – വനവിഭവങ്ങളിലുള്ള വിഭവവിനിയോഗത്തിലെ തുല്യ നീതി നിഷേധിക്കുന്ന ഒന്നായിമാറി. ഇപ്പോള്‍ ആദിവാസി – ദലിത് കോളനികള്‍, ചേരികള്‍, ലക്ഷംവീട് കോളനികള്‍ തുടങ്ങിയവയെല്ലാം കണക്കിലെടുക്കുമ്പോള്‍ അര ലക്ഷത്തോളം കോളനികളും ചേരികളും കേരളത്തിലുള്ളതായി കണക്കാക്കാം.
കേരളത്തിലെ കോളനികളും ചേരികളും ജാതിവ്യവസ്ഥയെ സ്ഥിരമായി നിലനിര്‍ത്തുന്ന സംവിധാനങ്ങളാണ്. ആധുനിക ജനാധിപത്യ സംവിധാനം നല്‍കുന്ന എല്ലാ വിഭവാധികാരത്തില്‍ നിന്നും ഈ ജാതി കോളനികള്‍ മുറിച്ചു മാറ്റപ്പെട്ടവയാണ്. വനം, കൃഷിഭൂമി, പ്രകൃതി സമ്പത്ത്, കടല്‍-ജല സ്രോതസ്സ് തുടങ്ങിയ പ്രകൃതി വിഭവങ്ങളില്‍ നിന്നും കോളനി/ചേരി നിവാസികളെ മുറിച്ചുമാറ്റുന്നു. മാത്രമല്ല, വൈവിധ്യമാര്‍ന്ന ഉപജീവന സാധ്യതകള്‍, തൊഴില്‍ സാധ്യതകള്‍, സാംസ്‌കാരിക വിഭവങ്ങള്‍, സാമൂഹിക സുരക്ഷ, വിദ്യാഭ്യാസം എന്നിവയില്‍ നിന്നെല്ലാം ഇവര്‍ മുറിച്ചുമാറ്റപ്പെടുന്നു. ജാതി – മത – വര്‍ഗ്ഗീയ ശക്തികളുടെ സ്വാധീനത്താല്‍ ദലിത് – ആദിവാസി – പാര്‍ശ്വവല്‍കൃതരുടെ വിദ്യാഭ്യാസ സേവന മേഖലയിലേക്കുള്ള പ്രവേശനവും പ്രതിരോധിക്കപ്പെടുന്നു. ചുരുക്കത്തില്‍ ഒരു ”അടഞ്ഞ കോര്‍പ്പറേഷ”നായി ജാതിയെ വിലയിരുത്തിയ ഡോ. അംബ്ദ്കറുടെ നിരീക്ഷണങ്ങള്‍ അന്വര്‍ത്ഥമാക്കുംവിധം, ജാതി സമ്പ്രദായത്തെ ശാശ്വതമായി നിലനിര്‍ത്തുന്ന ഒന്നായി ജാതികോളനികള്‍ മാറിക്കഴിഞ്ഞു. കാര്‍ഷികാടിത്തറയില്ലാത്തതുകൊണ്ടുതന്നെ വ്യവസായം, വാണിജ്യം തുടങ്ങിയ ”കേരള മോഡല്‍” വികസനമേഖലകളിലേക്ക് കടന്നുവരാന്‍ ഈ വിഭാഗങ്ങള്‍ക്ക് കഴിയില്ല. പരിമിതമായ സംവരണ സാധ്യതകളിലൂടെ സേവനമേഖലയില്‍ കടന്നുവന്നവര്‍ 1% മാത്രമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. (1991 – സെന്‍സസ് റിപ്പോര്‍ട്ട്) ”കേരള മോഡല്‍” വികസന പദ്ധതിയിലൂടെ വളര്‍ന്നുവന്ന വിദ്യാഭ്യാസ, ആരോഗ്യസ്ഥാപനങ്ങള്‍ പുത്തന്‍വര്‍ഗ്ഗങ്ങള്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങളായതിനാല്‍ പ്രസ്തുത മേഖലകളിലേക്ക് കടന്നുകയറുന്നതും എളുപ്പമല്ലാതായി.
നവകൊളോണിയന്‍ കാലഘട്ടവും കേരള മോഡലിന്റെ തകര്‍ച്ചയും
കേരള മോഡലിന്റെ മേന്മയായി എടുത്തുപറഞ്ഞിരുന്നത് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയായിരുന്നു. 1980 കളോടു കൂടി തന്നെ പ്രസ്തുത മേഖലകളെല്ലാം കച്ചവട വര്‍ഗ്ഗങ്ങളുടെയും, ”കേരള മോഡലി” ന്റെ സൃഷ്ടികളായ പുത്തന്‍ പണക്കാരുടെയും കൈകളിലകപ്പെട്ടിരുന്നു. സര്‍ക്കാര്‍, പൊതുമേഖല പിന്‍നിരയിലേക്ക് തള്ളപ്പെടുകയും ചെയ്തു. കാര്‍ഷിക മേഖല (പ്രത്യേകിച്ചും നെല്‍കൃഷി) ഉള്‍പ്പെടെയുള്ള ഭക്ഷ്യവിള മേഖല പൊതുവില്‍ ദുര്‍ബ്ബലപ്പെട്ടു. പ്രസ്തുത മേഖലയിലെ തൊഴിലവസരം നഷ്ടപ്പെട്ടു. കര്‍ഷക തൊഴിലാളികളായിരുന്നവരും, കോളനി – ചേരി നിവാസികളും നിര്‍മ്മാണ മേഖലയിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായി (1991 സെന്‍സസ്). കേരള മോഡല്‍ വികസനത്തില്‍ ചെറുകിട-ഇടത്തരം തോട്ടങ്ങളും, നാണ്യവിള മേഖലയും വിപുലീകരിക്കപ്പെട്ടു. അതുവഴി കേരളത്തിലെ ആകെ കൃഷിയോഗ്യമായ ഭൂമിയുടെ 60-65% നാണ്യവിള/തോട്ടവിള (റബ്ബര്‍ ഉള്‍പ്പെടെ) യായി മാറി. കൃഷിഭൂമിയിലേറെയും കൈവശം വച്ചിരുന്നവര്‍ യഥാര്‍ത്ഥ കൃഷിക്കാരല്ലാതായി. കേരള മോഡല്‍ സൃഷ്ടിച്ച സേവന മേഖലയിലെ (ഠലൃശേമൃ്യ ടലരീേൃ) പുത്തന്‍ പണക്കാരും, വിദേശപണക്കാരും, വ്യാപാരികളും ചേര്‍ന്ന് ഭൂമിയെ ഊഹ വിപണിയിലേക്കും, റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിലേക്കും തിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. വികസനത്തിന്റെ പേരില്‍ പൊതുമരാമത്ത് വകുപ്പ്, വനം വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ് തുടങ്ങിയ വകുപ്പുകളിലൂടെ നടപ്പാക്കിയ വികസന പദ്ധതികളിലൂടെ ആയിരക്കണക്കിന് ആദിവാസികളും, പരമ്പരാഗത സമൂഹവും പിഴുതെറിയപ്പെട്ടിട്ടുണ്ട്. വനം വകുപ്പിന്റെ ബൃഹത് ഫണ്ടിംഗ് പദ്ധതികള്‍ വഴിയും ആദിവാസികള്‍ കുടിയിറക്കപ്പെട്ടു. ഭൂമി കച്ചവടച്ചരക്കാകുയും, നിര്‍മ്മാണ മേഖല തഴച്ചുവളരുകയും ചെയ്തതോടെ പശ്ചിമഘട്ടത്തിലെ കരിങ്കല്‍ നിക്ഷേപ മേഖലയെല്ലാം ഖനികളായി മാറി. നിര്‍മ്മാണ മേഖല തഴച്ചുവളര്‍ന്നതോടെ നെല്‍വയലുകള്‍ കൊന്നൊടുക്കപ്പെടുന്നു. മണല്‍വാരല്‍ വ്യാപകമായതോടെ കേരളത്തിലെ 44 നദികളും മരണത്തെ അഭിമുഖീകരിക്കുന്നു. സര്‍ സി.പി.യുടെ കാലഘട്ടത്തില്‍ നടപ്പാക്കിയ വ്യവസായ മേഖലയായ ആലുവ – എടയാര്‍ മേഖലയിലെ കമ്പനികള്‍ കേരളത്തിലെ വൈദ്യുതിയും, വെളളവും കൊള്ളയടിക്കുകയല്ലാതെ കേരളത്തിനനുയോജ്യമായ വ്യവസായ പദ്ധതികളായി പരിവര്‍ത്തനപ്പെടുത്തിയില്ല. വ്യവസായങ്ങള്‍ പ്രാകൃതമായ നയങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ 40 ലക്ഷത്തോളം ജനങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പെരിയാര്‍ പോലും വിഷമയമാക്കിമാറ്റിയിരിക്കുന്നു. കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ നിന്നും മത്സ്യവിഭവങ്ങള്‍ അപ്രത്യക്ഷമായി കഴിഞ്ഞു. മത്സ്യ തൊഴിലാളികളുടെ കടലവകാശം ചര്‍ച്ച ചെയ്യപ്പെട്ടുമില്ല. തോട്ടം മേഖലയിലാകട്ടെ ബ്രിട്ടീഷ് കൊളോണിയന്‍ നയമാണ് തുടര്‍ന്ന് വരുന്നത്. തോട്ടം തൊഴിലാളികള്‍ അടിമസമാനമായ ലായങ്ങളില്‍ ജീവിച്ചുമരിക്കുന്നു. സര്‍ക്കാരിന്റെയും, ഇടനിലക്കാരുടെയും പ്രധാനവരുമാനം മദ്യവ്യാപാരവും ലോട്ടറി ചൂതാട്ടവുമായി മാറുന്നു. ക്രിമിനല്‍ മാഫിയാശക്തികള്‍ കേരളത്തില്‍ പെരുകുന്നു. മലബാറില്‍ ദാരിദ്ര്യവും അവികസിതാവസ്ഥയും നിലനില്‍ക്കുന്ന ഗ്രാമസമൂഹങ്ങളെ പാര്‍ട്ടി ഗ്രാമങ്ങളായി നിലനിര്‍ത്തി, രാഷ്ട്രീയ നേതാക്കള്‍ പുത്തന്‍ പണക്കാരായി മാറുകുയും ‘വികസന’ മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്യുന്നു. അധികാരം നിലനിര്‍ത്താന്‍, ദരിദ്രരായ ഗ്രാമവാസികളെ കക്ഷിതിരിച്ച് അക്രമികളാക്കി മാറ്റുന്നു. സ്ത്രീകള്‍ക്കും , ദുര്‍ബ്ബലര്‍ക്കുമെതിരെ അതിക്രമം തുടരുമ്പോള്‍, ദലിത് – ആദിവാസികളുടെ എല്ലാ സാമൂഹ്യ സുരക്ഷാ പദ്ധതികളും ദുര്‍ബ്ബലമാക്കുന്നു. ”കേരള മോഡലിന്റെ” നവകൊളോണിയന്‍ സാഹചര്യം നമ്മുടെ മുന്നില്‍ ഈ നിലയിലാണ് തുറന്നുകാട്ടപ്പെടുന്നത്.
നവജനാധിപത്യമുന്നേറ്റങ്ങളും ഭൂസമരങ്ങളും
കോളോണിയന്‍ – നവകൊളോണിയന്‍ വികസനത്തിന്റെ ഇരകളായവര്‍ ശക്തമായ തിരിച്ചുവരവിനും, വിഭവവിനിയോഗത്തിലെ തുല്യനീതിക്കും ഭൂമിക്കുംവേണ്ടി സമരരംഗത്താണ്. കഴിഞ്ഞ രണ്ടുദശത്തോളമായി ആയിരക്കണക്കിന് സാധാരണക്കാര്‍ ഭൂമിക്കും അന്തസ്സുള്ള ജീവിതത്തിനും വേണ്ടി ഭൂസമര പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. മുത്തങ്ങ – ചെങ്ങറ – അരിപ്പ തുടങ്ങിയ സമരങ്ങള്‍ ചിലനാഴികക്കല്ലുകളാണ്. കേരളത്തിലെ ഭൂസമരങ്ങളില്‍ 1/2 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായി കണക്കാക്കിവരുന്നു. ആയിരക്കണക്കിന് ഭൂരഹിതര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധിപേര്‍ അതിക്രമത്തിനിരയാവുകയും വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ജയിലിടക്കപ്പെട്ടിട്ടുണ്ട്. സത്യാഗ്രഹം, അഭയാര്‍ത്ഥി ക്യാമ്പുകള്‍, ഭൂമി പിടിച്ചെടുക്കല്‍, ആത്മഹുതി ശ്രമങ്ങള്‍, നില്‍പ്പുസമരങ്ങള്‍ തുടങ്ങി എണ്ണമറ്റ സഹന സമരങ്ങള്‍ നടന്നുവന്നിട്ടുണ്ട്. നിരവധി പാക്കേജുകളും കരാറുകളുമുണ്ടായിട്ടുണ്ട്. എല്ലാ ആവശ്യങ്ങളും ഒരൊറ്റ ആവശ്യത്തില്‍ വന്നുമുട്ടു നില്‍ക്കുന്നു. ദലിതര്‍, ആദിവാസികള്‍, എസ്റ്റേറ്റ് തൊഴിലാളികള്‍, ഫാം തൊഴിലാളികള്‍, പരമ്പരാഗത തൊഴിലാളികള്‍ എന്നിവര്‍ക്ക് ജീവിക്കാനായി ഭൂമിയിലുള്ള അവകാശം സ്ഥാപിച്ചുകിട്ടണം. ഈ സമരങ്ങളെല്ലാം ജാതി വ്യവസ്ഥയുടെ മൂര്‍ത്തരൂപമായ തൊഴില്‍ വിഭജനവും ജാതികോളനികളും അവസാനിപ്പിക്കാനുള്ള സമരം കൂടിയാണ്. ”കേരള മോഡലും” മുന്നണി ഭരണസംവിധാനങ്ങളും അടിച്ചേല്‍പ്പിച്ച വികസന സമീപനത്തെ തിരുത്താനുള്ള സമരങ്ങള്‍ കൂടിയാണ് ഇവയെല്ലാം. പശുവിന്റെ വാല് നിങ്ങളെടുത്തുകൊള്ളൂ. ഞങ്ങളുടെ ഭൂമി തിരിച്ചുതരു!” എന്ന് ഗുജറാത്തിലെ ഉനയില്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ അന്തസ്സത്തയുമായി ഈ സമരങ്ങളെല്ലാം യോജിച്ചുപോകുന്നുണ്ട്.
സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവരുടെ സമരത്തോടൊപ്പം, പശ്ചിമ ഘട്ടം സംരക്ഷിക്കാനും അനിയന്ത്രിതമായ പാറ ഖനനത്തിനും മണല്‍ഖനനത്തിനും വ്യവസായ മലിനീകരണത്തിനും എതിരെ ആയിരക്കണക്കിന് മനുഷ്യര്‍ കേരളത്തില്‍ സമരരംഗത്താണ്. നദികള്‍ സംരക്ഷിക്കാനും, കടലോരം സംരക്ഷിക്കാനും മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ സമര രംഗത്താണ്. സ്വയം ഭരണത്തിനുവേണ്ടിയുള്ള ആദിവാസി സമരത്തോടൊപ്പം, കൊളോണിയന്‍ നയം തിരുത്തിയെഴുതാനുള്ള തോട്ടം തൊഴിലാളികളുടെ പ്രക്ഷോഭവും കേരളത്തില്‍ ശക്തമാണ്. ക്രിമിനല്‍ – മാഫിയ രാഷ്ട്രീയത്തെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന അക്രമരാഷ്ട്രീയത്തിനെതിരെ ജനവികാരം ശക്തമാണ്. സ്വാതന്ത്ര്യത്തിനായുള്ള പുതിയ തലമുറയുടെ സ്ത്രീ – ട്രാന്‍സ്ജന്റര്‍ സമൂഹങ്ങളുടെ സ്വാതന്ത്ര്യത്തിനുള്ള മുന്നേറ്റങ്ങളും കേരളത്തില്‍ ശക്തമാണ്. എന്നാല്‍, സംഘടിത രാഷ്ട്രീയ പാര്‍ട്ടികള്‍ പരമ്പരാഗത സമീപനം മാറ്റാന്‍ തയ്യാറായിട്ടില്ല. ജാതി കോളനികള്‍ക്ക് അറുതിവരുത്താനുള്ള ഭൂസമരത്തോടൊപ്പം, ഒരു നവ ജനാധിപത്യമുന്നേറ്റമാണ് കേരളമിന്ന് ആവശ്യപ്പെടുന്നത്.
ദേശീയതല മുന്നേറ്റവും കേരളത്തിലെ സമരങ്ങളുടെ ദിശയും
ജാതിവാദത്തില്‍പ്പെട്ടുപോയ ദേശീയതല സാമുദായിക – രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉനയില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം പുതിയൊരു ദിശാബോധം നല്‍കിയിട്ടുണ്ട്. സംഘപരിവാറിന്റെ സമഗ്രാധിപത്യത്തിനെതിരെ സാമൂഹിക നവോത്ഥാനത്തിന്റെയും, സാമ്പത്തിക – രാഷ്ട്രീയാവശ്യങ്ങളുടെയും മുദ്രാവാക്യം ഉയര്‍ത്തിക്കഴിഞ്ഞു. ആദിവാസി, ദലിത്, പിന്നോക്ക – മത ന്യൂനപക്ഷ – പുരോഗമന – ഇടത് പ്രസ്ഥാനങ്ങളെയെല്ലാം അത് ഐക്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ”ചലോ ഉന” ക്യാമ്പയിനിലും, ”ചലോ ഉടുപ്പി” ക്യാമ്പയിനിലും അത് കണ്ടിട്ടുണ്ട്. കേരളത്തിലെ പുത്തന്‍ നവോത്ഥാന പ്രസ്ഥാനത്തിന് ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കഴിയേണ്ടതുണ്ട്. കേരളത്തിലെ ഭൂസമരങ്ങളുള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് ജാതി നശീകരണത്തിന്റെയും, സ്ത്രീ സമത്വത്തിന്റെയും, നവജനാധിപത്യ – മതേതരത്വത്തിന്റെയും വിശാലമായ കാഴ്ചപ്പാട് അനിവാര്യമാകുന്നു. സംഘപരിവാറിനും കോര്‍പറേറ്റ് രാജിനുമെതിരെ ദേശീയ തലത്തില്‍ ശരിയായ ഒരു ഫെഡറല്‍ ജനാധിപത്യത്തിനുവേണ്ടി സമരമുഖം തുറക്കുന്നതോടൊപ്പം കേരള രാഷ്ട്രീയത്തില്‍ ദശകങ്ങളായി കൊടികുത്തിവാഴുന്ന കൊളോണിയന്‍ – നവകൊളോണിയന്‍ വിധേയമായ വികസന സമീപനം പൊളിച്ചെഴുതേണ്ടതുണ്ട്. ജാതി നശീകരണത്തിന്റെയും സ്ത്രീപുരുഷ സമത്വത്തിന്റെയും കാഴ്ചപ്പാട് സ്ഥാപിച്ചെടുക്കാനും, പ്രകൃതി വിഭവ വിനിയോഗത്തില്‍ തുല്യനീതി ഉറപ്പു വരുത്താന്‍ പ്രകൃതി സംരക്ഷണം ഉറപ്പുവരുത്താനും പര്യാപ്തമായ കാര്‍ഷിക വികസന നയം നടപ്പാക്കേണ്ടതുണ്ട്. ജാതി കോളനികള്‍ അവസാനിപ്പിക്കാനുളള പുതിയ മുന്നേറ്റത്തെ ഒരു നവജനാധിപത്യ മുന്നേറ്റമായി നമുക്ക് പരിവര്‍ത്തനപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്. ആദിവാസികള്‍, ദളിതര്‍, പിന്നോക്കക്കാര്‍, തോട്ടം – കര്‍ഷക തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍, പരമ്പരാഗത തൊഴിലാളികള്‍, ഇടതുപക്ഷ വിഭാഗക്കാര്‍, പരിസ്ഥിതി – ജനാധിപത്യവാദികള്‍, സ്ത്രീകള്‍, ട്രാന്‍ജന്ററുകള്‍, വംശീയ – മത ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെയെല്ലാം ഈ മുന്നേറ്റത്തില്‍ അണി നിരത്താന്‍ കഴിയണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in