ഈ മീശ മലയാള സിനിമയെ തകര്‍ക്കാന്‍
പുറത്തിറങ്ങുനന മലയാള സിനിമകളില്‍ 75 ശതമാനവും നിലവാരമില്ലാത്തതാണെന്ന സംസ്ഥാന പുരസ്‌കാര വിധികര്‍ത്താക്കളുടെ അഭിപ്രായത്തിനു പുറകെ രണ്‍ജിത് വെച്ചുപിടിപ്പിച്ച മീശ പിരിച്ച് മോഹന്‍ ലാല്‍ വരുന്നു. ഇതിനുമുമ്പു പലപ്പോഴും ലാലിനെ കൊണ്ടുതന്നെ രണ്‍ജിത് മീശ പിരിപ്പിച്ചിട്ടുണ്ട്. അപ്പോവെല്ലാം മലയാളസിനിമ വര്‍ഷങ്ങള്‍ പുറകോട്ടു കുതിച്ചിട്ടുണ്ട്. ഇക്കുറിയും അതുതന്നെ സംഭവിക്കുമെന്നുതന്നെ കരുതാം. അങ്ങനെ ആകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുമ്പോഴും.. ‘കാത്തിരുന്ന്..കാത്തിരുന്ന് ഒടുവില്‍ മീശപിരിച്ച് ലാലേട്ടന്‍ എത്തി. ലാലേട്ടന്റെ സ്‌റ്റൈലന്‍ മീശപിരിയും ഹരം കൊള്ളിക്കുന്ന ഡയലോഗും കോര്‍ത്തിണക്കി ലോഹം ടീസര്‍ പുറത്തിറക്കി. ടീസര്‍ കാണുമ്പോള്‍ […]
പുറത്തിറങ്ങുനന മലയാള സിനിമകളില്‍ 75 ശതമാനവും നിലവാരമില്ലാത്തതാണെന്ന സംസ്ഥാന പുരസ്‌കാര വിധികര്‍ത്താക്കളുടെ അഭിപ്രായത്തിനു പുറകെ രണ്‍ജിത് വെച്ചുപിടിപ്പിച്ച മീശ പിരിച്ച് മോഹന്‍ ലാല്‍ വരുന്നു. ഇതിനുമുമ്പു പലപ്പോഴും ലാലിനെ കൊണ്ടുതന്നെ രണ്‍ജിത് മീശ പിരിപ്പിച്ചിട്ടുണ്ട്. അപ്പോവെല്ലാം മലയാളസിനിമ വര്‍ഷങ്ങള്‍ പുറകോട്ടു കുതിച്ചിട്ടുണ്ട്. ഇക്കുറിയും അതുതന്നെ സംഭവിക്കുമെന്നുതന്നെ കരുതാം. അങ്ങനെ ആകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുമ്പോഴും..
‘കാത്തിരുന്ന്..കാത്തിരുന്ന് ഒടുവില്‍ മീശപിരിച്ച് ലാലേട്ടന്‍ എത്തി. ലാലേട്ടന്റെ സ്‌റ്റൈലന്‍ മീശപിരിയും ഹരം കൊള്ളിക്കുന്ന ഡയലോഗും കോര്‍ത്തിണക്കി ലോഹം ടീസര്‍ പുറത്തിറക്കി. ടീസര്‍ കാണുമ്പോള്‍ തന്നെ മനസിലാക്കാം ഒരു തകര്‍പ്പന്‍ ആക്ഷന്‍ ചിത്രമാണ് മോഹന്‍ലാലിന്റെ ലോഹമെന്ന്. ഒരു ഇടവേളയ്ക്കുശേഷം രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് ലോഹം. ലോഹത്തിന്റെ ആദ്യ പോസ്റ്റര്‍ ജനശ്രദ്ധയാകര്‍ഷിച്ചതായിരുന്നു. മോഹന്‍ലാലിന്റെ കിടിലന്‍ മീശയും ചര്‍ച്ചാവിഷയമായിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച് ടീസറും എത്തിയിരിക്കുന്നത്.” കഴിഞ്ഞ ദിവസത്തെ ഒരു പത്രവാര്‍ത്തയാണിത്. ഈ വാര്‍ത്ത തന്നെ ലോഹത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നു.
മലയാള സിനിമ ഇന്നോളം ദര്‍ശിച്ച നായകനടന്മാരില്‍ ഒന്നാമന്‍ മോഹന്‍ ലാലായിരിക്കുമെന്നതില്‍ കാര്യമായ അഭിപ്രായവ്യത്യാസമുണഅടാകാനിടയില്ല. രണ്‍ജിത്താകട്ടെ പൊതുവില്‍ മലയാളികളുടെ പ്രിയസംവിധായകനാണ്. കയ്യൊപ്പ്്് മുതലുള്ള രണ്‍ജിത്തിന്റെ പല സിനിമകളും അതിന്റെ നിദാനങ്ങളാണ്. ഇടക്കു ചില മാത്തുക്കുട്ടിമാര്‍ ഉണ്ടാകുന്നുണ്ടെങ്കിലും.
എന്നാല്‍ കയ്യൊപ്പിനുമുമ്പ് രണ്‍ജിത്ത് ഒരുപാട് സൂപ്പര്‍ ഹിറ്റുകള്‍ക്ക് തിരകഥയെഴുതിയിട്ടുണ്ട്. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അവയാണ് ഓര്‍മ്മ വരുന്നത്. നരസിംഹവും ദേവാസുരവും ഉസ്താദും ആറാംതമ്പുരാനുമൊക്കെ. മലയാള സിനിമയെ പുറകോട്ടു വലിക്കുന്നതില്‍ ഈ സിനിമകളും തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്. പത്മരാജനും ഭരതനും പോലുള്ള അന്നത്തെ ന്യൂ ജനറേഷന്‍ സംവിധായകര്‍ മലയാള സിനിമയില്‍ സൃഷ്ടിച്ച നവതരംഗമായിരുന്നു മീശ പിരിച്ച സവര്‍ണ്ണ ബിംബങ്ങളുടെ അട്ടഹാസങ്ങളില്‍ തകര്‍ന്നുപോയത്. സൂപ്പര്‍ താരങ്ങളുടെ കൈക്കുമ്പിളില്‍ മലയാള സിനിമ ഒതുങ്ങിയതും സ്ത്രീകഥാപാത്രങ്ങളും നടികളും ദരിദ്രരും അധസ്ഥിതവിഭാഗങ്ങളും സിനിമയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടതും മുസ്ലിമുകള്‍ രാജ്യശത്രു്കകളായി മാറിയതും അങ്ങനെയായിരുന്നു. മലയാളസിനിമക്ക് നഷ്ടപ്പെട്ട കുറെ വര്‍ഷങ്ങള്‍ പിറന്നതങ്ങനെയാണ്.
ഈ ദുരന്തത്തില്‍നിന്ന് സിനിമ അല്‍പ്പാല്‍പ്പം രക്ഷപ്പെടുന്ന കാഴ്ചയാണ് ഏതാനും വര്‍ഷങ്ങളായി കാണുന്നത്. ബിംബങ്ങളുടെ തകര്‍ച്ചക്കും വീണ്ടുമൊരു നവതരംഗത്തിനും ഇടക്കിടെയെങ്കിലും നാം സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ മാറ്റങ്ങളെ ഒരു പരിധിവരെ ഉള്‍ക്കൊള്ളാന്‍ രണ്‍ജിത്തുമാരും മോഹന്‍ലാല്‍മാരും തയ്യാറായിട്ടുമുണ്ട്. അപ്പോഴും ഇടക്കിടെ ഇവര്‍ക്കുള്ളിലെ ആറാം തമ്പുരാന്‍ മീശപിരിക്കും. അതാണിപ്പോള്‍ കാണുന്നത്.
അവാര്‍ഡ് എന്നത് അതു നിര്‍ണ്ണയിക്കുന്ന കമ്മിറ്റിയുടെ മാത്രം തീരുമാനമാണെങ്കിലും പലപ്പോഴുമത് വിവാദങ്ങള്‍ക്കിടയാകാറുണ്ട്. അതു സ്വാഭാവികമാണുതാനും. മുന്നറിയിപ്പിനേയും സ്റ്റീവ് ലോപ്പസിനേയും അവഗണിച്ചു എന്നതൊഴികെ കാര്യമായ വിമര്‍ശനങ്ങള്‍ ഇക്കുറി ഉണ്ടായിട്ടില്ല. ന്യൂ ജനറേഷനില്‍ കഴിവു പ്രകടിപ്പിക്കുന്നവരേയും ഓള്‍ഡ് ജനറേഷനില്‍ മാറാന്‍ തയ്യാറായവരേയും കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ ചിത്രമായി പത്മകുമാറിന്റെ ‘മൈ ലൈഫ് പാര്‍ട്ട്ണറും’ അതിലൂടെ മികച്ച നടനുള്ള പുരസ്‌കാരം പങ്കിടാനെത്തിയ സുദേവ് നായരും അംഗീകരിക്കപ്പെട്ടത് പ്രത്യകം എടു്തതുപറയേണ്ടതാണ്. അതുവഴി് കാലത്തിന്റെ ശബ്ദത്തിനുനേരെയാണ് അവാര്‍ഡ് കമ്മിറ്റി കാതോര്‍ത്തത്. അപ്പോഴും കമ്മിറ്റിയുടെ നിരീക്ഷണങ്ങള്‍ തള്ളാനാവില്ല. 75 ശതമാനം സിനിമകളും നിലവാരമില്ലാത്തവയാണെന്ന ജൂറിവിലയിരുത്തലില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ വഴിയില്ല. പുറത്തിറങ്ങുന്ന സിനിമകളില്‍ 90 ശതമാനത്തിലേറെ സിനിമകള്‍ നിലംതൊടാതെ തിയേറ്ററുകളില്‍ പരാജയപ്പെടുകയാണ്. ജൂറിനിര്‍ദേശങ്ങള്‍ മലയാളസിനിമയില്‍ സൗന്ദര്യശാസ്ത്രപരമായ ഒരു തിരുത്തിനുള്ള തുടക്കമാവുകയാണെങ്കില്‍ അതൊരു വഴിത്തിരിവാകും. എന്നാല്‍ ലോഹം പോലുള്ളവ ആ ദിശയില്ല എന്നു പറയാതിരിക്കാന്‍ വയ്യ.
തീര്‍ച്ചയായും സിനിമ ഒരു തൊഴില്‍ കൂടിയാണ്. തങ്ങള്‍ക്കിഷ്ടംപോലെ അതു ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്്. അപ്പോഴും എല്ലാ തൊഴിലിലും അഭികാമ്യമെന്ന പോലെ അല്‍പ്പം നൈതികത സിനിമയിലുമുണ്ടാകുന്നതില്‍ തെറ്റൊന്നുമില്ല. തങ്ങള്‍ സെലക്ടീവ് ആണെന്നാണല്ലോ പല സംവിധായകരും അഭിനേതാക്കളും പറയാറുള്ളത്. എന്താണാവോ ഈ സെലക്ഷന്റെ മാനദണ്ഡം? ലോഹം രണ്‍ജിത്തിന്റേയും ലാലിന്റേയും സെലക്ഷനാേണാ എന്നറിയില്ല.
ഏതുമേഖലയിലും ചില പഴയ സിംഹങ്ങള്‍ വഴി മുടക്കാനുണ്ടാകാറുണ്ട്. കാലത്തിനനുസരിച്ച് മാറാന്‍ അവര്‍ക്ക് കഴിയാറില്ല. മാത്രമല്ല പഴയ കാല പ്രതാപത്തിന്റെ പേരില്‍ പുതുതലമുറയെ ആക്ഷേപിക്കല്‍ അവരുടെ സ്ഥിരം പരിപാടിയുമാണ്. മഹത്തായ സിനിമയൊന്നുമല്ല പ്രേമമെങ്കിലും കമല്‍ ആ സിനിമക്കെതിരെ ഉന്നയ.ിച്ച ആരോപണം തന്നെ നോക്കുക. ടീച്ചറെ വിദ്യാര്‍ത്ഥി സ്‌നേഹിക്കുക എന്ന തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുമെന്ന്. മഴയെത്തും മുമ്പേ മറ്റെന്തായിരുന്നു എന്ന ചോദ്യത്തിനു കമല്‍ മറുപടി പറഞ്ഞോ എന്നറിയില്ല. പ്രണയത്തിന്റെ പേരില്‍ പലരുടേയും ജീവിതം തകരുന്ന സന്ദേശമൊന്നും പ്രേമം നല്‍കുന്നില്ലല്ലോ. മാത്രമല്ല, സിനിമക്ക് അത്ര സ്വാധീനം സമൂഹത്തിലുണ്ടോ? എങ്കില്‍ സമൂഹം എന്നേ നന്നായേനേ?
എല്ലാ മേഖലയിലുമെന്ന പോലെ ഭൂതകാലവും തങ്ങളുടെ കാലവും മഹത്തരവും അതിനുശേഷമുള്ളതെല്ലാം വളരെ മോശവുമാണെന്ന ചിന്താഗതിതന്നെയാണ് സിനിമാരംഗത്തും വ്യാപകമായി നിലനില്‍ക്കുന്നതെന്നു വേണം കരുതാന്‍. നേരത്തെ തൃശൂരില്‍ ഭരതന്‍ സ്മൃതിയില്‍ വെച്ച് കമല്‍ തന്നെ ന്യൂ ജനറേഷന്‍ എന്നറിയപ്പെടുന്ന സിനിമകള്‍ കഞ്ചാവിന്റേയും കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളുടേയും കഥകളാണ് പറയുന്നതെന്ന് ആക്ഷേപിച്ചിരുന്നു. ഒപ്പം പത്മരാജനും ഭരതനും കെ ജി ജോര്‍ജ്ജും മോഹനും മറ്റും. മുഖ്യധാരാസിനിമയില്‍ നിലനിന്നിരുന്ന രീതിയില്‍ നിന്ന് വ്യതിചലിക്കാന്‍ കാണിച്ച ധൈര്യത്തെ കമല്‍ അഭിനന്ദിക്കുകയും ചെയ്തു. പ്രത്യകിച്ച് രതി, പക തുടങ്ങിയവയൊക്കെ പ്രമേയമാക്കിയിതില്‍. തീര്‍ച്ചയായും അതു ശരിതന്നെ. അന്നുപലരും അവരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു എന്നു മറക്കരുത്. സമാനമായ ഒരു മാറ്റമാണ് അടുത്ത കാലത്ത് മലയാളസിനിമയില്‍ കാണുന്നത്. സ്വാഭാവികമായും അതില്‍ ഇന്നത്തെ തലമുറയുടെ നഗരജീവിതവും ഐടിയും മറ്റും കടന്നുവരും. ഇന്നത്തെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളായ ക്വട്ടേഷന്‍ സംഘങ്ങളും മയക്കുമരുന്നുമെല്ലാം. അതു മനസ്സിലാക്കാന്‍ കഴിയാത്തത് ചരിത്രം ചിലയിടങ്ങളില്‍ ആരംഭിക്കുകയും ചിലയിടത്തു അവസാനിക്കുകയും ചെയ്യുമെന്ന ധാരണയാണ്. ഗ്രാമം മാത്രമാണ് സിനിമക്ക് പ്രമേയമെന്നും കുടുംബസമേതം കാണേണ്ടതാണ് സിനിമ എന്നും കരുതുന്ന സത്യന്‍ അന്തിക്കാടും അടുത്തകാലത്ത് നവസിനിമക്കെതിരേയും നവമാധ്യമങ്ങളില്‍ വരുന്ന നിരീക്ഷണങ്ങള്‍ക്കെതിരേയും രംഗത്തുവന്നിരുന്നു.
മലയാള സിനിമക്ക് ഭാവിയുണ്ടാകണമെങ്കില്‍ ഇത്തരം സമീപനങ്ങളാണ് ആദ്യം മാറേണ്ടത്. തങ്ങളുടെ കാഴ്ചപ്പാടുകള്‍ പഴയ പുലികള്‍ തയ്യാറായേ തീരു. മീശ പിരിക്കുന്ന കാലമൊക്കെ എന്നേ കഴിഞ്ഞു. പ്രേക്ഷകരെല്ലാം അതില്‍ നിന്നു എത്രയോ മുന്നോട്ടു പോയി. അതെങ്കിലും തിരിച്ചറിയാന്‍ തമ്പുരാക്കന്മാര്‍ക്ക് കഴിഞ്ഞെങ്കില്‍……
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in