ഈ പോരാട്ടം സിവില്‍ സമൂഹം ഏറ്റെടുക്കണം
ടി എന്‍ പ്രസന്നകുമാര്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ് ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന് സഭയിലെയും പാര്‍ട്ടിയിലെയും വിശ്വാസികള്‍ ഒഴിച്ചുള്ള കേരളത്തിലെ പൊതുജനങ്ങള്‍ക്ക് അറിയാം. ലൈംഗിക പീഡനം നേരിട്ട കന്യാസ്ത്രീക്കുമേല്‍, സമ്മര്‍ദ്ദവും അധികാരവും പ്രയോഗിച്ച്, കേസ് പിന്‍വലിക്കാനോ ദുര്‍ബലപ്പെടുത്താനോ സഭയ്ക്കും ബിഷപ്പിനും സര്‍ക്കാര്‍ നല്കുന്ന സമയമാണ് ആ വൈകിപ്പിക്കല്‍. അതിനിടയില്‍ കോടികളുടെ വാഗ്ദാനങ്ങള്‍, പദവികള്‍, ഭീഷണികള്‍, സമ്മര്‍ദ്ദങ്ങള്‍ രാഷ്ട്രീയ കുതന്ത്രങ്ങള്‍ എല്ലാം പ്രയോഗിക്കപ്പെടും. പരാതിക്കാരിയെ സ്വഭാവഹത്യ ചെയ്യും കൗണ്ടര്‍ കേസ് വരും ഗുണ്ടകളെയും അനുയായികളെയും ഇറക്കി കളിക്കും. പൂഞ്ഞാറ്റിലെ ഊള എം.എല്‍.എ. […]
വോട്ടുബാങ്ക് രാഷ്ട്രീയമാണ് ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന് സഭയിലെയും പാര്‍ട്ടിയിലെയും വിശ്വാസികള്‍ ഒഴിച്ചുള്ള കേരളത്തിലെ പൊതുജനങ്ങള്‍ക്ക് അറിയാം. ലൈംഗിക പീഡനം നേരിട്ട കന്യാസ്ത്രീക്കുമേല്‍, സമ്മര്‍ദ്ദവും അധികാരവും പ്രയോഗിച്ച്, കേസ് പിന്‍വലിക്കാനോ ദുര്‍ബലപ്പെടുത്താനോ സഭയ്ക്കും ബിഷപ്പിനും സര്‍ക്കാര്‍ നല്കുന്ന സമയമാണ് ആ വൈകിപ്പിക്കല്‍. അതിനിടയില്‍ കോടികളുടെ വാഗ്ദാനങ്ങള്‍, പദവികള്‍, ഭീഷണികള്‍, സമ്മര്‍ദ്ദങ്ങള്‍ രാഷ്ട്രീയ കുതന്ത്രങ്ങള്‍ എല്ലാം പ്രയോഗിക്കപ്പെടും. പരാതിക്കാരിയെ സ്വഭാവഹത്യ ചെയ്യും കൗണ്ടര്‍ കേസ് വരും ഗുണ്ടകളെയും അനുയായികളെയും ഇറക്കി കളിക്കും. പൂഞ്ഞാറ്റിലെ ഊള എം.എല്‍.എ. ചാനലില്‍ വന്ന് പരാതി നല്‍കിയ സ്ത്രീയെ തെറിവിളിക്കും. ലൈംഗികപീഡനത്തെ അതീജിവിച്ച സ്ത്രീയെ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ നിരന്തരം ചോദ്യം ചെയ്ത് അപമാനിക്കും.
പത്തുതവണ കന്യാസ്ത്രീകളെ ചോദ്യം ചെയ്യുമ്പോള്‍ ഒരു തവണ ബിഷപ്പിനെ ചോദ്യം ചെയ്തെന്നു വരുത്തും. ജലന്തറില്‍ പോയ അന്വേഷണസംഘം ബിഷപ്പിനെ കുമ്പിട്ട് വണങ്ങി തിരിച്ചുവന്ന നാടകവും നാം കണ്ടു. കാല്‍നൂറ്റാണ്ടായി അഭയ കേസ് തേച്ചുമാച്ച് കളയാന്‍ സഭ ചിലവഴിച്ച കോടികളുടെയും രാഷ്ട്രീയതന്ത്രങ്ങളുടെയും അനുഭവത്തില്‍നിന്ന് സഭയുടെ ധാര്‍മ്മികതയും ശക്തിയുമൊക്കെ നമുക്ക് അറിയാം.
ഇതിലൊന്നും തളരുകയോ വീണുപോവുകയോ ചെയ്യാതെ കന്യാസ്ത്രീകള്‍ നീതിക്കുവേണ്ടി പൊതു ഇടത്തിലിറങ്ങി എന്നതാണ് സര്‍ക്കാരിനെയും സഭയെയും ഒരുപോലെ വെട്ടിലാക്കിയത്. സമരപാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളുന്ന പാര്‍ട്ടിയിലെ ‘പുരോഗമന’ വനിതാ നേതാവിന് ലൈംഗികപീഢനം പുറത്തുപറയാന്‍ പറ്റാതിരിക്കുമ്പോഴാണ്, യാഥാസ്ഥികത്വത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും, അടിമത്തത്തിന്റെയും മതിലുപൊളിച്ച് കന്യാസ്തീകള്‍ തെരുവിലെത്തിയത്.
യേശുവിന്റെ പേരില്‍ നിലനില്‍ക്കുന്ന ക്രസ്തവസഭപോലെ, കാലം കമ്യൂണിസമെന്ന മിത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന പാര്‍ട്ടികളെയും ഏറെ മാറ്റി. രണ്ടിനും ഇന്ന് അതിന്റെ അടിസ്ഥാന സത്തയുമായി ബന്ധമൊന്നുമില്ല. ആചാരങ്ങളും സുവിശേഷങ്ങളും കല്‍പനകളും അവിശ്വാസികളെ പുറത്താക്കലും സര്‍ക്കുലറുകളുമെല്ലാം സഭയ്ക്കും പാര്‍ട്ടിക്കും ഉണ്ടെങ്കിലും അധികാരവും ധനവും തന്നയാണ് പ്രധാനം. അത് നേടാനും സംരക്ഷിക്കാനും നിലനിര്‍ത്താനുമുള്ള കുതന്ത്രങ്ങളാണ് പരസ്പര സഹകരണത്തിന്റെ അവിശുദ്ധകൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നത്.
കുറ്റത്തിനും ശിക്ഷയ്ക്കും ഇടയില്‍ ദൈവവും അവരുടെ ഡപ്യൂട്ടികളും അപ്രസക്തമായിട്ട് കാലം കുറേയായിട്ടും കേരളത്തിലെ കത്തോലിക്കാ സഭകള്‍ക്ക് ഇപ്പോഴും അത് മുഴുവന്‍ ഉള്‍ക്കൊള്ളാനായിട്ടില്ല. അടുത്തിടെ ഉണ്ടായ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ കോടതിയില്‍ പറഞ്ഞത് ഇന്ത്യന്‍ നിയമം അനുസരിക്കാന്‍ തയ്യാറല്ല എന്നാണ്. സുപ്രീം കോടതി സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയപ്പോള്‍ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ എഴുതിവെച്ചത് ധാര്‍മ്മികമായി ഞങ്ങള്‍ ആ വിധി അംഗീകരിക്കില്ല എന്നാണ്.
ജനാധിപത്യത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും വിശ്വസിച്ച് സത്യപ്രതിജ്ഞ ചെയ്യുക. എന്നാല്‍, അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനുകള്‍. ക്വാട്ടേഷന്‍ കൊല നടത്തിയാലും പാര്‍ട്ടി നേതാവ് ലൈംഗികപീഡനം നടത്തിയാലും പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസം.
നിയമപരമായി ഗുരുതരസ്വഭാവമുള്ള ലൈംഗികപീഡനങ്ങള്‍ക്ക് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമസംവിധാനത്തിലൂടെയാണ് പരിഹാരം തേടേണ്ടത്.
സഭയ്ക്കുള്ളിലും പാര്‍ട്ടിയ്ക്കുള്ളിലും അതിന് പരിഹാരം കാണാനാകില്ല. ഗതികെട്ടാലാണ്, സഭയ്ക്കുള്ളിലെ പല ക്രിമിനല്‍ സംഭവങ്ങളും നിയമസംവിധാനത്തിലേക്ക് പോവുക. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി അധികാരവും ഭരണഘടനാപരമായ അധികാരവും തമ്മിലുള്ള വൈരുദ്ധ്യം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടപ്പിറപ്പാണ്. ഏകപാര്‍ട്ടി സ്വേച്ഛാധിപത്യം അതിന്റെ അടിസ്ഥാന ലക്ഷ്യമായിരിക്കുന്നിടത്തോളം ആ വൈരുദ്ധ്യത്തിന് കാര്യമായ മാറ്റം വരാന്‍ സാധ്യതയില്ല.
മതം മനുഷ്യരെ അടിമത്തത്തിലും അന്ധകാരത്തിലും കിടത്തി ചൂഷണം ചെയ്യുന്ന മയക്കുമരുന്നാണെന്നും പൗരോഹിത്യത്തിനെതിരായ കലാപം മനുഷ്യന്റെ വിമോചനസമരമാണെന്നുമൊക്കെ പറഞ്ഞുവെച്ച ഒരു ആശയത്തിന്റെ അനുയായികളെന്ന്, ആചാരപരമായെങ്കിലും അവകാശപ്പെടുന്നവരുടെ പതനം തുടങ്ങിയിട്ട് കാലം കുറേയായി. പി. എം. ആന്റണിയുടെ നാടകത്തെ വേട്ടയാടിയവരില്‍ ക്രൈസ്തവസഭ മാത്രമല്ല, അന്ന് കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൂടിയുണ്ടായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സഭയ്ക്കൊപ്പം എല്ലാ അര്‍ത്ഥത്തിലും നിന്നത് സി.പി.എം. ആയിരുന്നു. അടുത്തകാലത്ത് നിയമവിരുദ്ധമായി സ്ഥാപിച്ച ഒരു കുരിശ് അധികൃതര്‍ നീക്കം ചെയ്തതില്‍ ഏറ്റവും വൃണപ്പെട്ടത് മുഖ്യമന്ത്രിക്കായിരുന്നു.
കന്യാസ്ത്രീകള്‍ പൊതുസമൂഹത്തില്‍ തുടങ്ങിവെച്ച സമരത്തെ കേരളത്തിലെ സിവില്‍ സമൂഹവും മാധ്യമങ്ങളും ഏറ്റെടുത്താല്‍ അന്വേഷണത്തിന് വേഗത കൂടും. കോടതിയുടെ ഇടപെടലുകള്‍ കൂടി വന്നാല്‍ അറസ്റ്റ് ചെയ്യാതിരിക്കാനുമാകില്ല. വോട്ടുബാങ്കിനുവേണ്ടിയുള്ള സഭയുടെയും പാര്‍ട്ടിയുടെ സംഖ്യങ്ങള്‍ സ്വന്തമായുള്ള രാഷ്ട്രീയ ധാര്‍മ്മികതകൊണ്ട് പൊളിയില്ല. സഭയോ പാര്‍ട്ടിയോ സ്വന്തമായുള്ള നീതിബോധംകൊണ്ട് ബിഷപ്പിനെ തൊടില്ല. ഇപ്പോള്‍ നിശ്ശബ്ദത പാലിക്കുന്ന പാര്‍ട്ടിയുടെ കല്‍പ്പണിക്കാരായ ബുദ്ധിജീവികളും, ചാനലിലെ ന്യായീകരണകാര്‍ക്കും, സാംസ്‌കാരിക നായകരും, പാര്‍ട്ടി ഫെമിനിസ്റ്റുകളും അപ്പോള്‍ വീണ്ടും ഉണരുന്നത് നമുക്ക് സോഷ്യല്‍ മീഡിയയില്‍ തന്നെ കാണാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in