ഇറോം ഷര്‍മിള : പരാജയപ്പെടുന്നത് ഗാന്ധിതന്നെ.
പട്ടാളത്തിന് അമിതാധികാരം നല്‍കുന്ന അഫ്‌സപ എന്ന കരിനിയമം പിന്‍വലിക്കാനാവശ്യപ്പെട്ട് സമകാലികലോകം കണ്ട സമാനതകളില്ലാത്ത സഹനസമരം നയിച്ച മണിപ്പൂരിലെ ഇറോം ഷര്‍മിള തന്റെ സമരത്തിന്റെ മുഖം മാറ്റുമ്പോള്‍ അത് മറ്റൊരു ചരിത്രമാകുകയാണ്. 16 വര്‍ഷം നീണ്ട നിരാഹരപോരാട്ടത്തോടുപോലും മാറി മാറി വന്ന ഭരണകൂടങ്ങള്‍ നിഷേധാത്മക സമീപനം തുടരുന്നതാകാം സമരം നിര്‍ത്തി സജീവരാഷ്ട്രീയത്തിലിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. ക്വിറ്റിന്ത്യാദിനത്തില്‍ ഇപ്പോള്‍ തുടരുന്ന സമരം അവസാനിപ്പിക്കാനാണ് അവരുടെ തീരുമാനം. ഇറോമിന്റെ സമരം വിജയകരമായിരുന്നോ പരാജയമായിരുന്നോ, അവര്‍ സമരം നിര്‍ത്തുന്നത് ശരിയാണോ തുടങ്ങിയ വിവാദങ്ങള്‍ […]
പട്ടാളത്തിന് അമിതാധികാരം നല്‍കുന്ന അഫ്‌സപ എന്ന കരിനിയമം പിന്‍വലിക്കാനാവശ്യപ്പെട്ട് സമകാലികലോകം കണ്ട സമാനതകളില്ലാത്ത സഹനസമരം നയിച്ച മണിപ്പൂരിലെ ഇറോം ഷര്‍മിള തന്റെ സമരത്തിന്റെ മുഖം മാറ്റുമ്പോള്‍ അത് മറ്റൊരു ചരിത്രമാകുകയാണ്. 16 വര്‍ഷം നീണ്ട നിരാഹരപോരാട്ടത്തോടുപോലും മാറി മാറി വന്ന ഭരണകൂടങ്ങള്‍ നിഷേധാത്മക സമീപനം തുടരുന്നതാകാം സമരം നിര്‍ത്തി സജീവരാഷ്ട്രീയത്തിലിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. ക്വിറ്റിന്ത്യാദിനത്തില്‍ ഇപ്പോള്‍ തുടരുന്ന സമരം അവസാനിപ്പിക്കാനാണ് അവരുടെ തീരുമാനം.
ഇറോമിന്റെ സമരം വിജയകരമായിരുന്നോ പരാജയമായിരുന്നോ, അവര്‍ സമരം നിര്‍ത്തുന്നത് ശരിയാണോ തുടങ്ങിയ വിവാദങ്ങള്‍ തുടരുകയാണ്. അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാണ്. അവരുടെ പോരാട്ടം സാങ്കേതികമായി പരാജയമായിരിക്കാം. എന്നാല്‍ രാഷ്ട്രീയമായി വിജയമാണ്. അതേസമയം സ്വയം പീഡിപ്പിച്ച് അവര്‍ നടത്തിയ വര്‍ഷങ്ങളുടെ പോരാട്ടം നിര്‍ത്തരുതെന്നു പറയാന്‍ ആര്‍ക്കാണ് അവകാശമുള്ളത്? അത്തരത്തിലഭിപ്രായമുള്ളവര്‍ക്ക് അതേറ്റെടുത്ത് തുടരാവുന്നതാണല്ലോ.
ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിനുനേരെ ഉയര്‍ന്നിരിക്കുന്ന ഏറ്റവും വലിയ ഭീഷണി നമ്മുടെ പ്രാഥമികമായ ജനാധിപത്യ – മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന കരിനിയമങ്ങള്‍ തന്നെയാണ്. നേരത്തെ ടാഡ, പോട്ട പോലുള്ള പേരുകളില്‍ അറിയപ്പെട്ടിരുന്ന നിയമത്തിനു ഇപ്പോഴത്തെ പേര് യു എ പി എ എന്നാണ്. ഈ നിയമത്തിന്റെ മറവില്‍ പതിനായിരകണക്കിനുപേരാണ് രാജ്യത്തെ ജയിലുകളില്‍ കഴിയുന്നത്. അതിനു പുറമെയാണ് പതിറ്റാണ്ടുകളായി വടക്കുകിഴക്കന്‍ മേഖലയിലും കാശ്മീരിലും മറ്റും നിലനില്‍ക്കന്ന അഫ്‌സപ. പെലറ്റ് ഗണ്‍ പ്രയോഗം നിര്‍ത്തണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടേയും അഫ്‌സപ ഭാഗികമായി പിന്‍വലിക്കണമെന്ന കാശ്മീര്‍ മുഖ്യമന്ത്രിയുടേയും ആവശ്യങ്ങള്‍ തള്ളാന്‍ പട്ടാളത്തിനു ധൈര്യം നല്‍കിയത് ഈ നിയമം തന്നെയാണ്. ഇതു ജനാധിപത്യമാണോ പട്ടാളഭരണമോ എന്നു ചോദിക്കുന്നവരെ കുറ്റപ്പടുത്താനാവാത്ത അവസ്ഥയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ അനശ്ചിതമായി നിരാഹാരസമരം നീട്ടാതെ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുകതന്നെയാണ് ഇറോം ചെയ്യേണ്ടത്. അതല്ല, അവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ പോലും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക തന്നെയാണ് ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്. കാരണം അവരത്രമാത്രം ചെയ്തുകഴിഞ്ഞു. ഒരു ജന്മംകൊണ്ട് ഒരാള്‍ക്കും ചെയ്യാനാവാത്ത കാര്യങ്ങള്‍. 2000 നവംബര്‍ 2 നു മാലോം പട്ടണത്തില്‍ പത്തു ചെറുപ്പക്കാര്‍ പട്ടാളക്കാരുടെ വെടിയേറ്റു മരിച്ച സംഭവമാണ് അവരെ ഈ പോരാട്ടത്തിനു പ്രേരിപ്പിച്ചത്. അന്ന് മരിച്ചവരില്‍, കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ അവാര്‍ഡ് നേടിയ ചന്ദ്രമണി (18) യുമുണ്ടായിരുന്നു. അന്ന് പുലര്‍ച്ചെ അസം റൈഫിള്‍സിന്റെ പട്രോളിംഗ് വാഹനത്തിന് തീവ്രവാദികള്‍ ബോംബ് വെച്ചതിനുള്ള അരിശം തീര്‍ക്കലായിരുന്നുവത്രേ, നിരപരാധികള്‍ക്ക് നേരെ െൈസന്യം ചെയ്തത്. അന്ന് 28 വയസ്സായിരുന്നു ഷര്‍മിളക്ക്. അതേക്കുറിച്ച് സഹോദരന്‍ സിംഗ്ഗജിത് സിംഗ് പറയുന്നതിങ്ങനെ: അതൊരു വ്യാഴാഴ്ചയായിരുന്നു. കുട്ടിയായിരിക്കുമ്പോഴേ, ഷര്‍മിള നിരാഹാര വ്രതത്തിനു വ്യാഴാഴ്ചയാണ് തിരഞ്ഞെടുക്കാറ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയുള്ള അറസ്റ്റുകളും വിട്ടയക്കലുകളുമായി സര്‍ക്കാര്‍ ഇക്കാലമത്രയും അവരെ നേരിട്ടു. ഇന്നവര്‍ക്ക് നാല്പത്തിനാലു വയസ്സായി.
1958 സെപ്റ്റംബര്‍ 11നാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (AFSPA) പാസ്സാക്കിയത്. വെറും ആറു സെക്ഷനുകള്‍ മാത്രമുള്ള ഒരു നിയമമാണിത്. 1942 കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണകൂടം ക്വിറ്റ് ഇന്ത്യ സമരത്തെ അടിച്ചമര്‍ത്താന്‍ ഇതിനു തുല്യമായ ഒരു നിയമം ഉപയോഗിച്ചിരുന്നു. ഇതേ കാരണത്താല്‍, ഈ നിയമം അടിച്ചേല്‍പ്പിക്കുന്ന മേഖലകളില്‍ കടുത്ത പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകും എന്നൊരു ആരോപണം നിലനിന്നിരുന്നെങ്കിലും, അന്നത്തെ സാഹചര്യത്തില്‍ അത് പാസ്സാക്കപ്പെട്ടു. അന്നു നിലനിന്നിരുന്ന നാഗാലാന്‍ഡ് വിമോചന പ്രവര്‍ത്തനങ്ങളും സംസ്ഥാനസേനയുടെ അപര്യാപ്തതയും മൂലം, ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍മിക്ക് മേഖലകളില്‍ പൂര്‍ണ അധികാരം ആണ് ഈ നിയമം അനുശാസിച്ചിരുന്നത്. അന്നു കേന്ദ്രഭരണ പ്രദേശമായിരുന്ന മണിപ്പൂരിലും, അസ്സം, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വിമോചന വാദം വ്യാപകമായി അലയടിക്കുന്നുണ്ടായിരുന്നു.
ഈ നിയമം അന്നാട്ടിലെ ജനങ്ങളുടെ മേല്‍ സമ്പൂര്‍ണമായ ആധിപത്യമാണ് റിബലുകളെ അടിച്ചമര്‍ത്താനെന്ന പേരില്‍, അവിടെ പ്രവര്‍ത്തിച്ചിരുന്ന ആര്‍മി വിഭാഗമായ ആസ്സാം റൈഫിള്‍സിനു നേടിക്കൊടുത്തത്.
ആറു മാസം കൂടുമ്പോള്‍ നിയമം പുനപരിശോധിക്കേണ്ടതുണ്ടായിട്ടും അതൊന്നും നടന്നില്ല.. കേന്ദ്രമോ സംസ്ഥാനമോ സേനയുടെ റിേപ്പാര്‍ട്ടുകള്‍ മാത്രം മുന്‍നിര്‍ത്തി പ്രശ്‌നബാധിത പദവി പുതുക്കലാണ് പതിവ്. നിയമത്തിന്റെ മറവില്‍ സംസ്ഥാനത്ത് സൈന്യം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിവരുന്നതെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ എത്രയോ തവണ ചൂണ്ടികാണിച്ചു. തീവ്രവാദികളെ നേരിടാനെന്ന വ്യാജേന നിരവധി നിരപരാധികളെ വേട്ടയാടി. തീവ്രവാദ, വിഘടനവാദികളുമായുള്ള ഏറ്റുമുട്ടലുകളെന്ന വ്യാജേനയാണ് സൈന്യം നിരപരാധികള്‍ക്കു നേരെ നിറയൊഴിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍ എച്ച് ആര്‍ സി) നടത്തിയ പഠനത്തില്‍ ഏറ്റുമുട്ടലുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഏറ്റുമുട്ടലില്‍ ഇരകളായവരുടെ പരാതിപ്രകാരം 44 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ 20 എണ്ണവും വ്യാജമാണെന്ന് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനികരുട ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളും നിരവധി. മനോരമ എന്ന എന്ന യുവതിയെ ബലാല്‍സംഗം ചെയ്ത് കൊന്നതിനെതിരെ സ്ത്രീകള്‍ പട്ടാള ക്യാമ്പിനു മുന്നില്‍ നടത്തിയ നഗ്‌നസമരം ലോകം ശ്രദ്ധിച്ചിരുന്നു. ‘അഫ്‌സ്പ’ നല്‍കുന്ന പ്രത്യേകാധികാരത്തിന്റെ ബലത്തില്‍ യാതൊരു ശിക്ഷാ നടപടിയും ഉണ്ടാകില്ലെന്ന ധൈര്യമാണ് സൈന്യത്തിനും പോലീസിനെ ഇത്തരം പ്രവണതകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. നേരത്തെ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ അന്വേഷിച്ച സന്തോഷ് ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കണ്ടെത്തലുകളും സമാനമായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മണിപ്പൂരില്‍ നടന്ന മുഴുവന്‍ ഏറ്റുമുട്ടലുകളെ കുറിച്ചും അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് സന്തോഷ് ഹെഗ്‌ഡെ സമിതിയെ സുപ്രീം കോടതി അന്വേഷണത്തിന് നിയോഗിച്ചത്. ആദ്യ ഘട്ടമായി ആറ് ഏറ്റുമുട്ടലുകള്‍ അന്വേഷിക്കാനായിരുന്നു കോടതി നിര്‍ദേശം. ഈ ആറ് സംഭവങ്ങളും വ്യാജമാണെന്നാണ് സന്തോഷ് ഹെഗ്‌ഡെയുടെ റിപ്പോര്‍ട്ടിലുള്ളത്. വളരെ ശക്തവും അപകടകരവുമായ അധികാരങ്ങള്‍ സൈന്യത്തിന് നല്‍കുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നിരിക്കെ നിയമത്തിന്റെ ദുരുപയോഗം തടയുന്നതിന് പര്യാപ്തമായ സംവിധാനങ്ങളൊന്നും തന്നെ മണിപ്പൂരിലില്ലെന്നും സമിതി ചൂണ്ടിക്കാണിച്ചിരുന്നു. സമിതിയുടെ കണ്ടെത്തലുകള്‍ ശരിയല്ലെന്നും തെളിവുകള്‍ പരിശോധിക്കാന്‍ കോടതി തയാറാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജനാ ദേശായി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പ്രതികരിച്ചത്. സ്വന്തം ഭാഗം ന്യായീകരിക്കാതെ വ്യാജ ഏറ്റുമുട്ടലുകള്‍ തടയാന്‍ നടപടി സ്വീകരിക്കുകയാണ് ഭരണകൂടം വേണ്ടതെന്നും മുന്നറിയിപ്പ് നല്‍കിയ കോടതി, വ്യാജ ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുകയാണെങ്കില്‍ തങ്ങള്‍ ന്യായാധിപ സ്ഥാനത്ത് തുടരുന്നത് അര്‍ഥശൂന്യമായി തോന്നുന്നുവെന്ന് വരെ പറയുകയുണ്ടായി.
ഇതൊക്കം സംഭവിച്ചിട്ടും അഫ്‌സപ കരുത്തോടെ തുടരുന്ന സാഹചര്യത്തിലാണ് ഇറോം നിരാഹാരസമരം പിന്‍വലിക്കുന്നത്. തീര്‍ച്ചയായും ഇവിടെ ആരെങ്കിലും പരാജയപ്പെടുന്നു എങ്കില്‍ അത് മറ്റാരുമല്ല, ഈ സഹനസമരത്തിന്റെ പിതാവായ സാക്ഷാല്‍ മഹാത്മാഗാന്ധിയാണ്. പിന്നെ ജനാധിപത്യസംവിധാനവും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in