ആവിഷ്‌കാര സ്വതന്ത്ര്യം വെല്ലുവിളിക്കപ്പെടുമ്പോള്‍
രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം കേരളത്തിലും ഹിന്ദുത്വ ഫാസിസം പിടിമുറുക്കുകയാണ്. ആ ദിശയിലുള്ള വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുരുന്നത്. അങ്ങു വടക്ക് സ്വാമി അഗ്‌നിവേശിനെ അക്രമിച്ച ദിവസം തന്നെ ഇങ്ങുതെക്ക് ശശി തരൂരിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടത് അതിന്റെ പ്രകടമായ പ്രഖ്യാപനമാണ്. ഇപ്പോഴിതാ രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ ഒരു മുസ്ലിം ചെറുപ്പക്കാരനെ തല്ലിക്കൊന്ന ദിവസം തന്നെ കേരളത്തില്‍ ഒരു സര്‍ഗ്ഗാത്മകരചനയേയും ഇല്ലാതാക്കിയിരിക്കുന്നു. നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിലാണ് ഭീഷണികളുടെ പേരില്‍ എസ് ഹരീഷിന് തന്റെ ‘മീശ’ എന്ന നോവല്‍ പിന്‍വലിക്കേണ്ടി […]
രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം കേരളത്തിലും ഹിന്ദുത്വ ഫാസിസം പിടിമുറുക്കുകയാണ്. ആ ദിശയിലുള്ള വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുരുന്നത്. അങ്ങു വടക്ക് സ്വാമി അഗ്‌നിവേശിനെ അക്രമിച്ച ദിവസം തന്നെ ഇങ്ങുതെക്ക് ശശി തരൂരിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടത് അതിന്റെ പ്രകടമായ പ്രഖ്യാപനമാണ്. ഇപ്പോഴിതാ രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ ഒരു മുസ്ലിം ചെറുപ്പക്കാരനെ തല്ലിക്കൊന്ന ദിവസം തന്നെ കേരളത്തില്‍ ഒരു സര്‍ഗ്ഗാത്മകരചനയേയും ഇല്ലാതാക്കിയിരിക്കുന്നു. നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിലാണ് ഭീഷണികളുടെ പേരില്‍ എസ് ഹരീഷിന് തന്റെ ‘മീശ’ എന്ന നോവല്‍ പിന്‍വലിക്കേണ്ടി വന്നത്. ആ സംഭാഷണം സ്വന്തം അമ്മയെയും പെങ്ങളെയും പറ്റിയാണെന്ന്, അതല്ലെങ്കില്‍ എല്ലാ ഹിന്ദു സ്ത്രീകളെയും പറ്റിയാണെന്ന് ഒരു ധാരണ പരത്തുകയും അത് ആളിക്കത്തിക്കുകയുമാണ് ഇപ്പോഴുണ്ടായത്. വാസ്തവത്തില്‍ എല്ലാ മതവിഭാഗങ്ങളില്‍ പെട്ട പുരോഹിതരും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന് നിരവധി തെളിവുകള്‍ നമ്മുടെ മുന്നിലില്ലേ? അടുത്ത കാലത്ത് അത്തരം സംഭവങ്ങളുടെ വാര്‍ത്തകള്‍ ആവര്‍ത്തിക്കുകയല്ലേ? അതിനോടൊന്നും പ്രതികരിക്കാതെയാണ് ഒരു നോവലിനെതിരായ ഈ കടന്നാക്രമണം. പക്ഷെ ഇക്കൂട്ടര്‍ ഓര്‍ക്കേണ്ടത് മറ്റൊന്നാണ്. പുസ്തകം പിന്‍വലിപ്പിക്കുക, പുസ്തകം നിരോധിക്കുക, എഴുത്തുകാരെ കൊല്ലുക, നാടുകടത്തുക, കാരാഗൃഹത്തിലടക്കുക, ലൈബ്രറികള്‍ക്ക് തീവെയ്ക്കുക, പുസ്തകം കത്തിക്കുക തുടങ്ങിയ ഒരു പാട് അക്രമങ്ങള്‍ ചെയ്തിട്ടുള്ള നിരവധി ഭരണാധികാരികള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. എന്നാലവര്‍ പിന്നീടു ചരിത്രത്തില്‍ വെറുക്കപ്പെട്ടവരായിത്തീര്‍ന്നു എന്നല്ലാതെ എഴുത്ത് ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
രാജ്യത്തെ പല ഭാഗത്തും എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും എതിരെ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ഇതു കേരളമാണെന്ന് നമ്മള്‍ അഹങ്കരിച്ചിരുന്നു. കല്‍ബുര്‍ഗ്ഗിയെ പോലെ എഴുത്തുകാരന്‍ കൊല്ലപ്പെടുകയോ പെരുമാള്‍ മുരുകനെ പോലെ എഴുത്തു നിര്‍ത്തേണ്ട അവസ്ഥയോ ഇവിടെ ഉണ്ടാകില്ല എന്നും കരുതിയിരുന്നു. ആ അഹങ്കാരവും പ്രബുദ്ധതയെ കുറിച്ചുള്ള വാചകമടകളുമെല്ലാം എത്രയോ മിഥ്യയാണെന്നാണ് ആവര്‍ത്തിക്കുന്ന ഇത്തരം കടന്നാക്രമണങ്ങള്‍ വ്യക്തമാക്കുന്നത്. രാമായണവും മഹാഭാരതവുമടക്കമുള്ള ഇതിഹാസങ്ങള്‍ മുതല്‍ ഏതു രചനയെടുത്താലും അവയിലെ കഥാപാത്രങ്ങള്‍ എന്തെല്ലാം പറയുന്നു. എന്തെല്ലാം ചെയ്യുന്നു. ദ്രൗപതിയെ പരസ്യമായി വസ്ത്രാക്ഷേപം നടത്തിയ കഥാപാത്രം ഭാരതത്തിലില്ലേ? സീതയെ തട്ടിക്കൊണ്ടുപോയ കഥാപാത്രം രാമായണത്തിലില്ലേ? അതിന്റെയെല്ലാം പേരില്‍ നാമാരും വ്യാസനേയോ വാത്മീകിയേയോ ആക്രമിക്കാറുണ്ടോ? എംടി, ബഷീര്‍, വികെഎന്‍ തുടങ്ങി മലയാളത്തിലെ തന്നെ എത്രയോ എഴുത്തുകാരുടെ കൃതികളില്‍ ഇത്തരത്തിലുള്ള സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും കാണാം. ഭഗവതിക്കുനേരെ കാര്‍ക്കിച്ചുതുപ്പുന്ന വെളിച്ചപ്പാടിനെ മലയാളി മറക്കുമോ? അവയെല്ലാം എഴുത്തുകാരന്റെ ഭാവനയും സര്‍ഗ്ഗാത്മകാവിഷ്‌കാരങ്ങളുമാണെന്ന സാമാന്യബോധം പോലുമില്ലാത്തവരാണ് ഇത്തരത്തില്‍ ആക്രമണങ്ങള്‍ക്കൊരുങ്ങുന്നത്. മാത്രമല്ല ഇന്ത്യന്‍ ഭരണഘടന ഉറപ്പുതരുന്നതും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയുമായ അഭിപ്രായ – ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയുമാണിത്. കേവലം സാഹിത്യത്തിന്റെ വിഷയമല്ല, രാഷ്ട്രീയവിഷയമാണെന്നു സാരം.
ഇതൊരു ഒറ്റപ്പെട്ട വിഷയമായി കാണാനും കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അടുത്തകാലത്തുതന്നെ എത്രയോ എഴുത്തുകാര്‍ സമാനരീതിയില്‍ അക്രമിക്കപ്പെടുന്നു. ഹരീഷ് ആക്രമിക്കപ്പെട്ടത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണെങ്കില്‍ മറ്റുപലരും കായികമായി തന്നെയായിരുന്നു. കഴിഞ്ഞ ദിവസം മാതൃഭൂമിയുടെ പുസ്തകോത്സവവേദിയില്‍ ആക്രമമുണ്ടായി. സക്കറിയയെ തങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് അടുത്തയിടെ പരസ്യമായി തന്നെ പ്രഖ്യാപിച്ച സംഭവമുണ്ടായല്ലോ. അമൃതാനന്ദമയീമഠത്തെ കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചതിന് ഡ്ിസി ബുക്‌സ് ആക്രമിച്ച് അധികകാലമായിട്ടില്ല. കുരീപ്പുഴ ശ്രീകുമാറിനെ കായികമായി ആക്രമിച്ചതും അടുത്തയിടെയായിരുന്നു. സനല്‍കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗ്ഗ എന്ന സിനിമക്കെതിരെ ഉണ്ടായ നീക്കങ്ങളും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമല്ലാതെ മറ്റൊന്നുമല്ല. രണ്ടാമൂഴം, ആമി പോലുള്ള സിനിമകള്‍ക്കെതിരേയും ഭീഷണി വന്നു.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വെല്ലുവിളിയുയര്‍ത്തുന്നതില്‍ മുന്നില്‍ ഹിന്ദുത്വശക്തികളാണെങ്കിലും മറ്റു പലര്‍ക്കും ആ രക്തത്തില്‍ പങ്കുണ്ടെന്നതും വാസ്തവമാണ്. പി എം ആന്റണിയുടെ തിരുമുറിവ് നാടകത്തിനു നേരെയുണ്ടായ കടന്നുകയറ്റങ്ങള്‍ മറക്കാറായിട്ടില്ലല്ലോ. അടുത്തയിടെ കവി പവിത്രന്‍ തീക്കുനിക്കെതിരേയും വെല്ലുവിളിയുണ്ടാകുകയും അദ്ദേഹം കവിത പിന്‍വലിക്കുകയും ചയ്തു. സാമുദായിക ശക്തികള്‍ മാത്രമല്ല പലപ്പോഴും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇതേ പാത സ്വീകരിക്കാറുണ്ടെന്നതാണ് ഖേദകരം. നാട്ടുഗദ്ദിക, നിങ്ങളാരെ കമ്യൂണിസ്റ്റാക്കി നാടകങ്ങള്‍, 51 വെട്ട് സിനിമ മുതല്‍ സക്കറിയ, ഉമേഷ് ബാബുവടക്കമുള്ള എഴുത്തുകാര്‍ വരെ ആക്രമിക്കപ്പെട്ടത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു. ഫാസിസം ഫണം വിടര്‍ത്തിയാടുന്ന ഈ സമയത്തെങ്കിലും ഒരു സ്വയം വിമര്‍ശനത്തിന് എല്ലാവരും തയ്യാറായെങ്കില്‍ അത്രയും നന്ന്്….
ഇവിടെയിതാ നോവലിസ്റ്റ് നോവല്‍ പിന്‍വലിച്ച വാര്‍ത്ത ഇന്നു പുറത്തു വന്നിരിക്കുന്നു. അത് സ്വമേധയാ പിന്‍വലിക്കലല്ല, വര്‍ഗ്ഗീയ വിഷം തീണ്ടിയ ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തി നിരോധിച്ചതാണെന്നു വ്യക്തം. ഏറെ പാരമ്പര്യം പറയുന്ന പ്രസദ്ധീകരണവും നോവലിസ്റ്റിനെ കൈവിട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയത്ത് ഹരീഷിനെ ഭീരുവെന്ന് വിളിക്കുകയല്ല, ഹരീഷിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തുകയാണ് ജനാധിപത്യവിശ്വാസികള്‍ ചെയ്യേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in