ആറന്മുള, ഗെയില്‍, കീഴാറ്റൂര്‍ : പാര്‍ട്ടികളുടെ ഇരട്ടത്താപ്പ്
എ. റഫീഖ് കേരളത്തിലെ ജനങ്ങള്‍ സമീപകാലത്ത് രാഷ്ട്രീയത്തിനതീതമായി ഉയര്‍ത്തിയ പ്രതിഷേധങ്ങളാണ് ആറന്മുള വിമാനത്താവളത്തിനെതിരായ സമരം, ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം, ഇപ്പോള്‍ കണ്ണൂരിലെ കീഴാറ്റൂര്‍ ബൈപാസ് വിരുദ്ധ സമരം തുടങ്ങിയവ. പക്ഷേ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇവയോടെല്ലാം കാണിക്കുന്ന ഇരട്ടത്താപ്പ് പരിഹാസ്യമാണ്. നാടിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികളാണ് മേല്‍പറഞ്ഞ മൂന്നും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അവ അതാത് പ്രദേശത്ത് ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം അതാത് നാട്ടുകാര്‍ക്ക് കാണാതിരിക്കാനായില്ല. അവര്‍ സംഘടിച്ചു. സമരം ആറന്മുളയില്‍ വിജയം […]
കേരളത്തിലെ ജനങ്ങള്‍ സമീപകാലത്ത് രാഷ്ട്രീയത്തിനതീതമായി ഉയര്‍ത്തിയ പ്രതിഷേധങ്ങളാണ് ആറന്മുള വിമാനത്താവളത്തിനെതിരായ സമരം, ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം, ഇപ്പോള്‍ കണ്ണൂരിലെ കീഴാറ്റൂര്‍ ബൈപാസ് വിരുദ്ധ സമരം തുടങ്ങിയവ. പക്ഷേ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇവയോടെല്ലാം കാണിക്കുന്ന ഇരട്ടത്താപ്പ് പരിഹാസ്യമാണ്. നാടിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികളാണ് മേല്‍പറഞ്ഞ മൂന്നും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അവ അതാത് പ്രദേശത്ത് ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം അതാത് നാട്ടുകാര്‍ക്ക് കാണാതിരിക്കാനായില്ല. അവര്‍ സംഘടിച്ചു. സമരം ആറന്മുളയില്‍ വിജയം കണ്ടു. സി.പി.എം ആ സമരത്തിനൊപ്പമായിരുന്നു. എന്നാല്‍ മലപ്പുറത്തും, കീഴാറ്റൂരിലും ജനകീയ സമരങ്ങളോട് സി.പി.എം പുറം തിരിഞ്ഞുനില്‍ക്കുകയാണ്. കാരണം വേറൊന്നുമല്ല, ഇപ്പോഴവര്‍ ഭരണത്തിലാണ്. പ്രതിപക്ഷത്തായിരുന്നെങ്കില്‍ രണ്ട് സമരങ്ങളിലും അവര്‍ ശക്തമായി രംഗത്തുണ്ടായിരുന്നേനേ.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണെങ്കില്‍ ആറന്മുള സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു. എന്നാല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നടക്കുന്നതുകൊണ്ടാവണം ഗെയില്‍ പൈപ്പ്‌ലൈന്‍ വിരുദ്ധ സമരത്തോട് അവര്‍ക്ക് യോജിപ്പില്ല. കണ്ണൂരിലെ സി.പി.എം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന ലക്ഷ്യത്തോടെ ബി.ജെ.പി രംഗത്തുണ്ടുതാനും.
ആറന്മുളയിലെ ജനങ്ങള്‍ പറഞ്ഞ അതേ പോലുള്ള ആശങ്കകള്‍ മാത്രമേ ഗെയില്‍ വിരുദ്ധ സമരക്കാരും കീഴാറ്റൂരിലെ നാട്ടുകാരും പറയുന്നുള്ളു. ഒരുവേള ആറന്മുളയേക്കാള്‍ ഗൗരവമുള്ള ആശങ്കകളാണ് മറ്റ് രണ്ടിടത്തുമുള്ളതെന്ന് പറയാം. ഏക്കര്‍ കണക്കിന് നെല്‍പാടം നികത്തുന്നതു മൂലം ഉണ്ടാകുന്ന പരിസ്ഥിതി ആഘാതമായിരുന്നു ആറന്മുള വിമാനത്താവളത്തിനെതിരായ പ്രധാന വിമര്‍ശനം. പിന്നീട് ബി.ജെ.പിയും ആര്‍.എസ്.എസും രംഗത്തെത്തിയതോടെ പാര്‍ഥസാരഥി ക്ഷേത്രത്തിലെ കൊടിമരം പോലുള്ള വൈകാരിക വിഷയങ്ങളും കൊണ്ടുവന്നു. അങ്ങനെ ജനങ്ങളെ വിമാനത്താവളത്തിന് എതിരായി ഇളക്കിവിട്ടു.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ആറന്മുള വിമാനത്താവള കമ്പനിയുടെ പേരില്‍ നൂറ് ഏക്കറിലേറെ സ്ഥലം നോട്ടിഫൈ ചെയ്യുന്നത്. എന്നാല്‍ ഭരണം പോയതോടെ വി.എസ് മലക്കം മറിഞ്ഞു. വിമാനത്താവളത്തിനെതിരായ സമരത്തെ പിന്തുണച്ച് രംഗത്തെത്തി. വിമാനത്താവളത്തിനുവേണ്ടി വാദിച്ചുവന്ന സി.പി.എം പത്തനംതിട്ട ജില്ലാ ഘടകവും സര്‍ക്കാര്‍ മാറിയതോടെ സ്വരം മാറ്റി. കോണ്‍ഗ്രസിനാവട്ടെ എല്ലാ കാര്യങ്ങളിലുമെന്ന പോലെ രണ്ടഭിപ്രായമായിരുന്നു ഇക്കാര്യത്തിലും. ഉമ്മന്‍ ചാണ്ടിയും, കെ. ശിവദാസന്‍ നായരുമെല്ലാം വിമാനത്താവളത്തിന് അനുകൂലം. വി.എം സുധീരന്‍ എതിര്‍പക്ഷത്തും. മുന്‍ ഡി.സി.സി പ്രസിഡന്റ് പീലിപ്പോസ് തോമസ് ആറന്മുള പ്രശ്‌നത്തിലുള്ള കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിടുകയും, എല്‍.ഡി.എഫ് സ്വതന്ത്രനായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു.
സമരത്തെ ശരിക്കും കത്തിച്ചത് ഹിന്ദു ഐക്യവേദി നേതാവും ഇപ്പോള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരനാണ്. പാടം നികത്തലും, പരിസ്ഥിതി നാശവും, കൊടിമര വിഷയവുമെല്ലാം ഉയര്‍ത്തിക്കാട്ടി അദ്ദേഹം വിമാനത്താവളത്തെ നഖശിഖാന്തം എതിര്‍ത്തു. ബി.ജെ.പിയുടെ പിന്നോട്ടു പോകാനാവാത്ത ആ എതിര്‍പ്പാണ് വിമാനത്താവള പദ്ധതിയെ ഇല്ലാതാക്കിയതെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തുടക്കത്തില്‍ വിമാനത്താവളത്തിന് അനകൂലമായി ചില നീക്കങ്ങളുണ്ടായിരുന്നു. എന്നാല്‍ കുമ്മനവും കൂട്ടരും അപ്പോള്‍ തന്നെ ദല്‍ഹിയിലെത്തി അതെല്ലാം മുടക്കി.
ദേശീയ തീര്‍ഥാടന കേന്ദ്രമായ ശബരിമലക്ക് ഉപകാരപ്പെടുംവിധം ഒരു വിമാനത്താവളം എന്ന ആശയം വളരെ നാളുകള്‍ക്കു മുമ്പേ ഉയര്‍ന്നിരുന്നതാണ്. വര്‍ഷം തോറും വര്‍ധിച്ചുവരുന്ന ശബരിമലയിലെ തീര്‍ഥാടക പ്രവാഹവും, പത്തനംതിട്ട ജില്ലയില്‍നിന്നുള്ള സമ്പന്നരായ പ്രവാസികളുടെ ആധിക്യവും കണക്കിലെടുക്കുമ്പോള്‍ ഈ മേഖലയില്‍ ഒരു വിമാനത്തവളം എന്നത് ന്യായമായ പദ്ധതിയായിരുന്നു. പക്ഷേ പരിസ്ഥിതി ആശങ്കക്കു പുറമെ രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പര്യങ്ങള്‍ കൂടി ചേര്‍ന്നതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ഇപ്പോള്‍ എരുമേലിയിലെ മലനിരകളില്‍ വിമാത്താവളം പണിയാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പരിപാടി. അവിടെ പരിസ്ഥിതി നാശമുണ്ടാവില്ലായിരിക്കും.
ഇനി ഗെയില്‍ സമരത്തിലേക്ക് വരാം. കൊച്ചി തുറമുഖത്തെത്തിക്കുന്ന പ്രകൃതിവാതകം പൈപ്പ്‌ലൈന്‍ വഴി കര്‍ണടകയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകാനാണ് പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയ്ല്‍) പദ്ധതി. ഭാവിയില്‍ ചോര്‍ച്ച, അല്ലെങ്കില്‍ അട്ടിമറി പോലുള്ള വന്‍ അപകട സാധ്യതകള്‍ കണക്കിലെടുത്ത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി വേണം പൈപ്പ്‌ലൈന്‍ വലിക്കേണ്ടതെന്ന് ധാരണയുണ്ടെങ്കിലും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജനം തിങ്ങിപ്പാര്‍ക്കുന്നിടത്തു കൂടിയാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. ഇതാണ് ജനങ്ങളുടെ എതിര്‍പ്പിന് കാരണവും. ജനങ്ങളുടെ ഭൂമിയിലേക്ക് അവരോട് ഒരു വാക്കു പോലും ചോദിക്കാതെ ഗെയിലിന്റെ ബുള്‍ഡോസറുകള്‍ മുരണ്ടെത്തുന്നു. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തും വരെ ഈ സമരത്തിനൊപ്പം സി.പി.എമ്മുമുണ്ടായിരുന്നു എന്നതാണ് രസകരം. എന്നാല്‍ ഭരണം കിട്ടിയതോടെ അവര്‍ കളം മാറ്റി. വികസനത്തിന് പൈപ്പ്‌ലൈന്‍ വേണമെന്നായി നിലപാട്. നാട്ടുകാരായ സി.പി.എം പ്രവര്‍ത്തകര്‍ പക്ഷേ സമരത്തിനൊപ്പമാണ്. ബി.ജെ.പി നേരത്തെതന്നെ സമരത്തിനെതിരായിരുന്നു. ആറന്മുളയിലെ പരിസ്ഥിതി പ്രേമം അവര്‍ക്ക് മലപ്പുറത്തും കോഴിക്കോട്ടുമില്ല. വികസനത്തിന് മതതീവ്രവാദികള്‍ തുരങ്കം വെക്കുന്നു എന്നാണ് ബി.ജെ.പി നിലപാട്. സി.പി.എം പാര്‍ട്ടി നേതൃത്വത്തിന്റേതും സമാന നിലപാടു തന്നെ. കോണ്‍ഗ്രസും മുസ്‌ലിം ലീഗുമടക്കം മറ്റ് പ്രമുഖ കക്ഷികളും സംഘടനകളും സമരം ചെയ്യുന്ന നാട്ടുകാര്‍ക്കൊപ്പവും.
കീഴാറ്റൂരിലെ സമരം അക്ഷരാര്‍ഥത്തില്‍ സി.പി.എമ്മിനെ ഞെട്ടിച്ചുകളഞ്ഞു. സാധാരണഗതിയില്‍ ഒരു നാട്ടിലൂടെ ബൈപാസ് പോലൊരു റോഡ് വരുമെന്ന് കേട്ടാല്‍ അന്നാട്ടുകാര്‍ സന്തോഷിക്കും. സ്ഥലത്തിന് വില കൂടുമല്ലോ. എന്നാല്‍ സ്ഥലത്തിന് വില കൂടിയില്ലെങ്കിലും വേണ്ടില്ല, പാടം നികത്തിയുള്ള റോഡ് വേണ്ടെന്ന നിലപാടില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയായിരുന്നു കീഴാറ്റൂരുകാര്‍. പാര്‍ട്ടി ഗ്രാമമായതുകൊണ്ടു തന്നെ സമരത്തിന് നേതൃത്വം കൊടുത്തത് പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ തന്നെ. റോഡ് നിര്‍മിക്കാനുദ്ദേശിക്കുന്ന പാടത്ത് വയല്‍കിളികള്‍ എന്ന പേരില്‍ അവര്‍ കൊടി നാട്ടി സമരമാരംഭിച്ചു. പാര്‍ട്ടി നേതൃത്വം കണ്ണുരുട്ടിയെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ എം.എല്‍.എമാരും, പാര്‍ട്ടി ജില്ലാ നേതൃത്വവും ഇടപെട്ട് നടത്തിയ അനുരഞ്ജനത്തില്‍ റോഡിന്റെ അലൈന്‍മെന്റ് മാറ്റാമെന്ന് ധാരണയായി. സമരത്തിന് ചൂടു കുറഞ്ഞെന്ന് തോന്നിയപ്പോള്‍ വീണ്ടും പഴയ പടിയില്‍ പദ്ധതിയുമായി അധികൃതര്‍ രംഗത്തെത്തി. ഇതോടെ നാട്ടുകാര്‍ മനുഷ്യമതിലടക്കമുള്ള സമരവുമായി വീണ്ടും പ്രതിഷേധമാരംഭിച്ചു. മാവോയിസ്റ്റ് തീവ്രവാദികളും, ഇസ്‌ലാമിക തീവ്രവാദികളുമാണ് സമരത്തിന് പിന്നിലാണെന്നാണ് ഇപ്പോള്‍ സി.പി.എം ആരോപിക്കുന്നത്. പക്ഷെ ഇവിടെ പരിസ്ഥിതി പ്രേമവുമായി സമരക്കാര്‍ക്കൊപ്പം ബി.ജെ.പിയുണ്ട്. സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ എങ്ങനെയും നുഴഞ്ഞുകയറാനാവുമോ എന്നാണ് നോട്ടം.
വികസന പ്രവര്‍ത്തനത്തിലോ, പരിസ്ഥിതി സംരക്ഷണത്തിലോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൃത്യമായ നിലപാടില്ലാത്തതാണ് കേരളത്തിന്റെ ശാപം. ശരിയുടെ പക്ഷം, നേരിന്റെ പക്ഷം എന്നൊക്കെ ഓരോരുത്തരും പറയാറുണ്ട്. ഞങ്ങള്‍ നേരിന്റെ പക്ഷത്താണെന്ന് അവകാശപ്പെടാറുമുണ്ട്. വാസ്തവത്തില്‍ അങ്ങനെയൊരു പക്ഷം ഇക്കാലത്തില്ല. കുറഞ്ഞത് രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിലെങ്കിലും ഇല്ല എന്നതാണ് വാസ്തവം. ഉള്ളത് ഞാന്‍ പക്ഷവും നീ പക്ഷവുമാണ്, അല്ലെങ്കില്‍ ഞാന്‍ പറയുമ്പോള്‍ ശരി, നീ പറയുമ്പോള്‍ തെറ്റ് എന്ന്. അല്ലെങ്കില്‍ ഞാനിട്ടാല്‍ ബെര്‍മുഡ, നീയിട്ടാല്‍ വള്ളിനിക്കര്‍.
മലയാളം ന്യൂസ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in