ആത്മിയതയുമായി ബന്ധപ്പെട്ട് കിടക്കുന്നത് എഴുത്താണ്, മതമല്ല

റഫീഖ് അഹമ്മദ് എല്ലാ വിശ്വാസങ്ങളും ഉത്ഭവിക്കുന്നത് നിഷേധത്തില്‍നിന്നാണ്. ദൈവവിശ്വാസം എന്നത് ദൈവം ഇല്ല എന്ന് പറയുന്നതിന്റെ നിഷേധമായിട്ടാണ്. അതുപോലെ തന്നെ നിരീശ്വാരവാദം ദൈവം ഉണ്ട് എന്ന് പറയുന്നതിന്റെ നിഷേധമായിട്ടാണ് കടന്നു വരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിശ്വാസങ്ങളും എല്ലാ ആശയങ്ങളും രൂപപ്പെടുന്നതും അത് നിലനില്ക്കുന്നതും ഒരു തരത്തിലുള്ള നിഷേധത്തിന്റെ ഭാഗമായിട്ടാണെന്നുതന്നെ പറയാം. പ്രമുഖ മതങ്ങളെ പരിശോധിച്ചാല്‍, ഉദാഹരണത്തിന് സെമിറ്റിക് മതങ്ങളെ നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.  ജൂത മതം എന്നത് അക്കാലത്ത് ഉണ്ടായിരുന്ന വിഗ്രഹാരാധന പോലുള്ള കാര്യങ്ങളെ […]

Spiritual-or-Religiousറഫീഖ് അഹമ്മദ്
എല്ലാ വിശ്വാസങ്ങളും ഉത്ഭവിക്കുന്നത് നിഷേധത്തില്‍നിന്നാണ്. ദൈവവിശ്വാസം എന്നത് ദൈവം ഇല്ല എന്ന് പറയുന്നതിന്റെ നിഷേധമായിട്ടാണ്. അതുപോലെ തന്നെ നിരീശ്വാരവാദം ദൈവം ഉണ്ട് എന്ന് പറയുന്നതിന്റെ നിഷേധമായിട്ടാണ് കടന്നു വരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിശ്വാസങ്ങളും എല്ലാ ആശയങ്ങളും രൂപപ്പെടുന്നതും അത് നിലനില്ക്കുന്നതും ഒരു തരത്തിലുള്ള നിഷേധത്തിന്റെ ഭാഗമായിട്ടാണെന്നുതന്നെ പറയാം. പ്രമുഖ മതങ്ങളെ പരിശോധിച്ചാല്‍, ഉദാഹരണത്തിന് സെമിറ്റിക് മതങ്ങളെ നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.  ജൂത മതം എന്നത് അക്കാലത്ത് ഉണ്ടായിരുന്ന വിഗ്രഹാരാധന പോലുള്ള കാര്യങ്ങളെ നിഷേധിച്ചുകൊണ്ടും അവയെ ചോദ്യം ചെയ്തും രൂപപ്പെട്ടിട്ടുള്ളതാണ്. പിന്നീട് വന്ന് ക്രിസ്തുമതവും ജൂത മതത്തിലെ ചില കാര്യങ്ങളെ  എതിര്‍ക്കുകയോ നിഷേധിക്കുകയോ ചെയ്തുകൊണ്ട് കടന്നു വന്നിട്ടുള്ളതാണ്. അതേപോലെതന്നെ മറ്റാരു പ്രധാനപ്പെട്ട ഇസ്ലാം മതവും ക്രിസ്തുമതത്തിലെ ചില ആശയങ്ങലെ എതിര്‍ത്തു കൊണ്ട് രംഗപ്രവേശം ചെയ്തതാണ്. ഹിന്ദു മതം എന്നത് വ്യവസ്ഥാപിതമായിട്ടുള്ള മതം അല്ലെങ്കില്‍പോലും അതിനകത്ത് തന്നെ ഇത്തരത്തിലുള്ള ഒരുപാട് നിഷേധങ്ങളുടെയും തര്‍ക്കങ്ങളുടെയും ആശയസംഘര്‍ഷങ്ങളുടെയുമൊക്കെ ഭൂമിക തന്നെയാണ്. ബുദ്ധ, ജൈന മതങ്ങള്‍, ചാര്‍വാക സംബന്ധിയായവ, ബൗദ്ധ, വൈഷ്ണവ ആശയങ്ങളൊക്കെയും അതിനുള്ളില്‍ നിന്ന് പരസ്പരം നിഷേധിച്ചുകൊണ്ട് ഉയര്‍ന്നു വന്നിട്ടുള്ളതാണ്. അഥവാ പരസ്പര സംവാദങ്ങളിലൂടെ ഉണ്ടായിട്ടുള്ളതാണ്. അപ്പോള്‍ അടിസ്ഥാനപരമായി മതം എന്ന് പറയുന്നതുതന്നെ നിഷേധത്തിലൂടെതന്നെ വളരുകയും വികസിക്കുകയും ചെയ്യുന്ന ഒന്നായതുകൊണ്ട് മതത്തിന്റെ വക്താക്കളായിട്ട്  ഇപ്പോള്‍ നടക്കുന്ന ആളുകള്‍ ഇതിനെ ഭയപ്പെടുന്നത് എന്തിനെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവര്‍ പറയുന്ന വിശ്വാസങ്ങളില്‍ അവര്‍ക്ക് ഉറച്ച നിലപാട് ഉണ്ടെങ്കില്‍ അവര്‍ ഏതെങ്കിലും ഒരു പുസ്തകത്തിലൂടെയോ കവിതയിലൂടയോ  ചിത്രത്തിലൂടെയോ അല്ലെങ്കില്‍ കാര്‍ട്ടൂണിലൂടെയോ തങ്ങളുടെ വിശ്വാസങ്ങള്‍ മുഴുവന്‍ അടിപതറിപ്പോകും  എന്ന് കരുതുന്നത് എന്തിനെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അതിന്റെ പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാല്‍ മതം എന്ന് പറയുന്ന സംഗതിക്ക് യഥാര്‍ഥത്തില്‍ ദൈവവുമായിട്ടോ ആത്മീയതയുമായിട്ടോ ഒരുവിധത്തിലും ബന്ധമില്ലെന്നുള്ളതാണ്. മതം എന്നത് ഒരു സ്ഥാപനം മാത്രമാണ്.  അതായത് അധികാരവുമായിട്ടും പണവുമായിട്ടും അതേപോലെ സമൂഹ്യമായിട്ടുള്ള ഗോത്രബന്ധിതവുമായ  ചില കൂട്ടായ്മകളുടെയോ ഗണങ്ങളുടെയോ പോലുള്ള താല്‍പ്പര്യങ്ങളില്‍ നിന്നുണ്ടാകുന്ന സംഘടനാ രൂപത്തില്‍ നിലനില്‍ക്കുന്ന ഒരു സ്ഥാപനം എന്നതിനപ്പുറത്ത് യഥാര്‍ഥത്തില്‍ മതത്തിന് ആത്മീയതയുമായിട്ടോ ദൈവവവുമായിട്ടോ ഒന്നും ബന്ധമില്ല.  അത് നിലനില്‍ക്കുന്നത് പ്രധാനമായിട്ടും സാമ്പത്തികവും അധികാരവുമായിട്ടും ബന്ധപ്പെട്ട കാര്യങ്ങളിലാണ്.  അതുകൊണ്ടു തന്നെയാണ് മതത്തിന്റെ വക്താക്കള്‍ ഇത്രയ്ക്ക് ഭയപ്പെട്ടുകൊണ്ടിരിക്കുന്നത്. യഥാര്‍ഥ ദൈവവിശ്വാസിയെ സംബന്ധിച്ച് ദൈവം സര്‍വജ്ഞനും സര്‍വവ്യാപിയും സര്‍വശക്തനുമെന്നുമൊക്കേയൊണ് പറയുന്നത്. അങ്ങിനെയുള്ളപ്പോള്‍ ദൈവത്തെ സംരക്ഷിക്കാന്‍ വേണ്ടി ആരും ഇറങ്ങേണ്ട കാര്യമില്ല. തന്നെയുമല്ല, എന്തൊക്കെ ആയിത്തീരുമെന്ന് ദൈവത്തിന് നേരത്തെ മനസ്സിലാക്കാനും ദൈവത്തിന് കഴിയുമല്ലോ. ഏത് മതമാണ് ശരി ഏത് മതമാണ് തെറ്റ് എന്നൊക്കെ ദൈവത്തിന്  മുന്‍കൂട്ടി അറിയേണ്ടതല്ലേ. അപ്പോള്‍ ആ നിലയ്ക്ക് ദൈവത്തെ സംരക്ഷിക്കാനായിട്ടും മതത്തെ സംരക്ഷിക്കാനായിട്ടും വളരെ നിസ്സാരന്‍മാരായ മനുഷ്യര്‍ ഇറങ്ങിപ്പുറപ്പെടേണ്ട യാതൊരു കാര്യവുമില്ല എന്നാണ് പറയാനുള്ളത്. അഥവാ അങ്ങിനെ  ഇറങ്ങിപ്പുറപ്പെടുന്നുണ്ടെങ്കില്‍ ദൈവത്തെയോ മതത്തെയോ വിശ്വാസത്തെയോ അല്ല, മറിച്ച് ചില സംഘടിതമായ  സ്ഥാപിത താല്പ്പര്യങ്ങളെ സമ്പത്തും അധികാരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെ  സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. അതിന്റെ ഭാഗമായിട്ടുള്ള ചില യാഥാസ്ഥിതികമായ കാര്യങ്ങളൈ, വിധി വിലക്കുകളെ ഒക്കെ  നിലനിര്‍ത്തുന്നതിന്റെ ഭാഗമെന്ന നിലയിലാണ് കാണേണ്ടത്. തീര്‍ച്ചയായിട്ടും രാഷ്ടട്രീയമായിട്ട് തന്നെയാണ് അതിനെ കാണേണ്ടതെന്നാണ് പറയാനുള്ളത്. വിശ്വാസം എന്നതിനെ കാല്പ്പനികമായിട്ടല്ല, രാഷ്ട്രീയമായിട്ടുതന്നെയാണ് കാണേണ്ടത്.  പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍.
പെരുമാള്‍ മുരുകന്റെ കാര്യത്തില്‍ തന്നെ അതിന്റെയൊക്കെ പിന്നില്‍  ചില സാമ്പത്തിക രാഷ്ട്രീയ ധാരകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അദ്ദേഹം പറയുമ്പോള്‍ അത് ഒരു യാഥാര്‍ഥ്യം തന്നെയെന്നാണ് മനസ്സിലാക്കേണ്ടത്. വിശ്വാസങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതാണ് നാം ഇപ്പോള്‍ മനസ്സിലാക്കേണ്ടത്. വിശ്വാസം എന്നുള്ളത് പലതരത്തിലുള്ളവയാണ്.  ഇവിടെ എഴുത്തുകാരന്റെ വിശ്വാസം എന്നു പറയുന്നത് അയാളുടെ ധാര്‍മികതയില്‍ നിന്ന് രാഷ്ട്രീയമായ അനുഭവങ്ങളില്‍ നിന്ന് നേടുന്ന അറിവില്‍ നിന്നും അതിമല്ലെങ്കില്‍ ആത്മീയമായ തിരിച്ചറിവില്‍ നിന്നും ഉണ്ടാകുന്ന ഒന്നാണ്. അത് ഒരു പക്ഷെ ഏതെങ്കിലും  മതവുമായിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായിട്ടോ ഏതെങ്കിലും സംഘടനയുമായിട്ടോ ബന്ധപ്പെടുത്തേണ്ട കാര്യവുമില്ല. യഥാര്‍ഥത്തില്‍ വലിയ എഴുത്തുകാരുടെ കാര്യത്തില്‍ അവര്‍ ആവിഷക്കരിച്ച ആശയങ്ങളില്‍ നിന്നാണ് ചില വിശ്വാസങ്ങളും ചില ആശയങ്ങളും ചില സംഘടനകളും രൂപപ്പെട്ടു വന്നിട്ടുള്ളത്. ഇതില്‍ പറയുന്ന വേദഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള മഹത്തായ ഗ്രന്ഥങ്ങള്‍ പോലും ഒരര്‍ഥത്തില്‍ സാഹിത്യ കൃതികള്‍ തന്നെയാണ്. അത്തരം കവിതകളും കഥകളും ഒക്കെ ഉള്‍പ്പെടുന്ന ഈ സാഹിത്യ കൃതികള്‍ തന്നെയാണ് ആര്‍ക്കും തൊടാന്‍ പാടില്ലാത്തതെന്നും നിഷേധിക്കാന്‍ പാടില്ലാ എന്നും ആരും വിമര്‍ശിക്കാന്‍ പാടില്ല എന്നുമൊക്കെ പറയുന്നത്. വേദ ഗ്രനഥങ്ങള്‍ അടിസ്ഥാനപരമായി സാഹിത്യ കൃതികള്‍തന്നെയാണ്. അത് സമൂഹത്തില്‍ തമലുമറകളായി പറഞ്ഞു പോന്ന കഥകളുള്‍പ്പെടെയുള്ള കഥകളുടെയും  വിധിവിലക്കുകള്‍  മനുഷ്യനെ നേര്‍വഴിക്കു നടത്താനുള്ള സാരോപദേശങ്ങള്‍ നിര്‍ദ്ദശേങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന കൃതികളൊണ്. അതുകൊണ്ട് തന്നെ അവയെല്ലാം സംവാദാത്മകവും സംവാദം ആവശ്യപ്പെടുന്നതുമാണ്.  അതിനെപ്പറ്റി ആരും പറയാന്‍ പാടില്ല, ആരും അതിനെ തൊടാന്‍ പാടില്ല എന്നൊക്കെ പറയുമ്പോള്‍ അതിനെ മരിച്ച ഒരു പുസ്തകം എന്നേ പറയാന്‍ പറ്റുകയുള്ളൂ. ജീവനുള്ള പുസ്തകങ്ങള്‍ എല്ലാക്കാലത്തും പുതിയ പുതിയ സംവാദങ്ങളെ ഉത്പ്പാദിപ്പിച്ചു കൊണ്ടിരിക്കും. അല്ലെങ്കില്‍ നിഷേധങ്ങളെ ഉത്പ്പാദിപ്പിച്ചുകൊണ്ടിരിക്കും, എതിര്‍പ്പുകളെ ഉത്പ്പാദിപ്പിച്ചു കൊണ്ടിരിക്കും.   അപ്പോള്‍ അതിനെതിരെയുള്ള കടുംപിടുത്തങ്ങള്‍ സൂചിപ്പിക്കുന്നത് അത് പറയുന്ന ആളുകള്‍ക്ക് തന്നെ തങ്ങള്‍ പറയുന്നതിനെക്കുറിച്ച് ഒരു വിശ്വാസവും ഇല്ല എന്നുള്ളതാണ് സത്യം എന്നത് കൃത്യമായിട്ട് നമുക്ക് മനസ്സലാക്കാവുന്ന കാര്യമാണ്. മതത്തെയും ആത്മീയതയെയും കൂട്ടിക്കലര്‍ത്തി സംസാരിക്കുന്ന ഒരു പ്രവണത നിലനില്‍ക്കുന്നുണ്ട്. മതത്തെയും ആത്മീയതയെയും രണ്ടായി കണ്ടു കൊണ്ടാണ് മനസ്സിലാക്കേണ്ടത്.  നമുക്ക് ഹിന്ദു ആത്മീയത, ക്രിസ്ത്യന്‍ ആത്മീയത, മുസ്ലിം ആത്മീയത എന്നൊന്നും വേര്‍തിരിച്ചു പറയുന്നത് ശരിയല്ല. ആത്മീയത ഒന്നു മാത്രമേയുള്ളൂ. അത് ചിലപ്പോള്‍ ദൈവം എന്ന സങ്കല്പ്പവുമായിട്ട് മനുഷ്യന്റെ ചില ബന്ധത്തിന്റെ അടിസ്ഥാനത്തലുള്ള സംഗതിയായിരിക്കാം. അതുമല്ലെങ്കില്‍  പ്രകൃതിയുമായിട്ടുള്ള ബന്ധമായിരിക്കാം.  അതുമല്ലെങ്കില്‍ വളരെ നിഗൂഢവും വിസ്മയകരവുമായിട്ടുള്ള പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ച് നിസ്സാരനായ മനുഷ്യന്റെ പരിമതികളില്‍ നിന്നുണ്ടാകുന്ന ചില സങ്കല്പ്പങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയായിരിക്കാം. ഈ ആത്മീയതയാണ് മതത്തെക്കാളുപരി സാഹിത്യവുമായി  ബന്ധപ്പെട്ടു കിടക്കുന്നത്. മതം എന്നതിനെക്കാള്‍ കൂടുതല്‍ ആത്മീയത ബന്ധപ്പെട്ടി കിടക്കുന്നത് കവിതയുമായിട്ടും സാഹിത്യ കൃതികളുമായിട്ടും ഒക്കെത്തന്നെയാണ്.  സമൂഹത്തില്‍ ആധിപത്യം ചെലുത്താന്‍ ശ്രമിക്കുന്ന ഒരു ചെറിയ ഗണത്തിന്റെ  ലക്ഷം നേടുന്നതിനുവേണ്ടി  മതം അതിനെ ഒരു നിയമമായും അല്ലെങ്കില്‍ ആചരമായും  ഉപയോഗപ്പെടുത്തകയാണ്. അവിടെ സൂക്ഷമായ നിരീക്ഷണത്തില്‍ അതിനുപിന്നില്‍  കൃത്യമായ സാമ്പത്തിക താല്പ്പര്യങ്ങള്‍ ഉണ്ടെന്ന യാഥാര്‍ഥ്യം ദര്‍ശിക്കാന്‍ കഴിയും.  അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒക്കെ ഇടനാഴിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ മതങ്ങളും സമുദായങ്ങളും സാമുദായിക നേതാക്കന്‍മാരും  സംഘടകളുമൊക്കെ അവരുടെ പുസ്തകങ്ങളില്‍ ഉണ്ടെന്ന് പറയുന്ന ആദര്‍ശങ്ങളഓ തത്വങ്ങളോ നിയമങ്ങളോ ഒന്നും സ്വന്തം കാര്യങ്ങളില്‍ ബാധകമാക്കാറില്ല. കേരളത്തില്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങളല്ല ഇതെല്ലാം.  പ്രത്യേകിച്ച് ഒരു മതരാഷ്ട്രമല്ലാത്തതാണെങ്കിലും  അമേരിക്കയില്‍ പ്രധാന മതമെന്നത് ക്രിസ്തുമതമാണ്. അവിടെ ഭരിച്ചിട്ടുള്ള ഭരണാധികാരികളെല്ലാം ക്രിസ്തുമതവിശ്വാസികളായിരുന്നു.  ക്രിസ്തുമതത്തിന്റെ അടിസ്ഥാനപരമായി കാര്യമെന്നത് നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക, ശത്രുവിനെ സ്‌നേഹിക്കുക എന്നതാണല്ലോ. എന്നാല്‍ ലോകം മുഴുവന്‍ ആയുധവിപണി സംഘടിപ്പിക്കകയും യുദ്ധം സൃഷ്ടിക്കുകയും അയല്‍ക്കാരനെ ദ്രോഹിക്കുകയം ചെയ്യുന്ന ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തി ആണ് ഇന്ന് അമേരിക്ക. അമേരിക്ക എന്ന രാഷ്ട്രത്തിന്റെ സ്ങ്കല്പ്പവുമായി ക്രിസ്തുമതത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് ഒരു ബന്ധവുമില്ലാന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ ഇസ്ലാമിക രാജ്യമെന്നു പറയുന്ന സൗദി അറേബ്യ ആണെങ്കിലും  പാക്കിസ്ഥാന്‍ ആണെങ്കിലും, സൗദി അറേബ്യയില്‍ രാജഭരണമാണ്. ഇസ്ലാമില്‍ ഒരിടത്തും രാജഭരണത്തെക്കുറിച്ച് പറയുന്നില്ല. സൗദിയില്‍  തലമുറകളായിട്ട് കൈമാറി രാജഭരണം നിലനില്‍ക്കുകയാണ്. അപ്പോള്‍ മതാധിഷ്ഠിതമായ കാര്യമാണെങ്കിലും  ജനാധിപത്യപരമായ കാര്യങ്ങളാണെങ്കിലും മതത്തിന്റെ മൂല്യങ്ങളെക്കുറിച്ച് പറയുന്ന ഭരണാധികാരികളോ സംഘടനകളോ തന്നെ അതിന്റെ ഒരുവിധത്തിലുമുള്ള ആത്മീയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവരല്ല എന്നുള്ളത് വ്യക്തമാണ്.  അതുകൊണ്ടുതന്നെ മതം വേറെ തരത്തില്‍ ഉപയോഗിക്കപ്പെടുന്നു. യുദ്ധങ്ങള്‍ക്കുവേണ്ടിയും സംഘര്‍ഷങ്ങള്‍ക്കുവേണ്ടിയും ചൂഷണത്തിനു വേണ്ടിയും മതം ഉപയോഗിക്കപ്പെടുന്നതുകൊണ്ടു തന്നെ ആത്മീയതയുമായി മതത്തിന് ഒരു ബന്ധവുമില്ല എന്ന് കാണാന്‍ കഴിയും. ആത്മിയതയുമായി ബന്ധപ്പെട്ട് കിടക്കുന്നത് എഴുത്ത് മാത്രമാണ്.  കഥയാണ്, കവിതയാണ്, ചിത്രമാണ്, സംഗീതമാണ് ആത്മീയതയുമായി ബന്ധപ്പെട്ടു കിടക്കുന്നത്.  ആത്മീയത സാഹിത്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ മതം  സംവാദാത്മകവുമാണ്. വിശ്വാസം എന്നത് ചില സങ്കുചിതമായ രാഷ്ട്രീയ താല്പ്പര്യങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു സംഗതി ആണെന്നാണ് പുതിയ കാലഘട്ടത്തിലും പഴയ കാലത്തും ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നതുമായ കാര്യം.  സംവാദാത്മകത ഇല്ലാതാകുകയും നിഷേധിക്കാനുള്ള അവസരം ഇല്ലാതാകുകയും ചെയ്യുന്നിടത്ത് സംസ്‌കാരത്തിന്റെ  മരണം സംഭവിക്കുന്നു എന്നാണ് നാം തിരിച്ചരിയേണ്ടത്.

(തൃശൂരില്‍ സദസ്സ് സാഹിത്യ വേദിയുടെ ചടങ്ങില്‍ നടത്തിയ പ്രഭാഷണം. തയ്യാറാക്കിയത് ജേക്കബ് ബെഞ്ചമിന്‍.)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply