അഴിമതി : വേണ്ടത് തൊലിപ്പുറത്തെ ചികിത്സയല്ല

മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന്റെ രാജിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുകയാണല്ലോ. മുന്‍ മന്ത്രിസഭയിലെ ആരോപണവിധേയരായ പലരും രാജിവെക്കാതിരുന്നതും രാജിവെക്കാന്‍ വൈകിയതുമെല്ലാം ചൂണ്ടികാട്ടി തങ്ങള്‍ ചെയ്തത് മഹത്തായ കാര്യമായാണ് എല്‍ ഡി എഫും സിപിഎമ്മും അവതരിപ്പിക്കുന്നത്. അതേസമയം മുന്‍മന്ത്രിസഭയിലെ കാലത്തുണ്ടായത് പലതും കേവലം ആരോപണങ്ങളായിരുന്നു എന്നും ഇത് തൊണ്ടിസഹിതം പിടിക്കപ്പെട്ട കേസാണെന്നും ജയരാജന്‍തന്നെ തെറ്റു സമ്മതിച്ചതായുമാണ് പ്രതിപക്ഷം ചൂണ്ടികാട്ടുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നുയര്‍ന്നു വന്ന സമ്മര്‍ദ്ദമാണ് ജയരാജന്റെ രാജിയിലേക്കു നയിച്ചതെന്നതാണ് വസ്തുത. പ്രതിപക്ഷത്തേയോ കേരളത്തിലെ പൊതുസമൂഹത്തേയോ ഭയന്നല്ല പിണറായി […]

e pമന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന്റെ രാജിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുകയാണല്ലോ. മുന്‍ മന്ത്രിസഭയിലെ ആരോപണവിധേയരായ പലരും രാജിവെക്കാതിരുന്നതും രാജിവെക്കാന്‍ വൈകിയതുമെല്ലാം ചൂണ്ടികാട്ടി തങ്ങള്‍ ചെയ്തത് മഹത്തായ കാര്യമായാണ് എല്‍ ഡി എഫും സിപിഎമ്മും അവതരിപ്പിക്കുന്നത്. അതേസമയം മുന്‍മന്ത്രിസഭയിലെ കാലത്തുണ്ടായത് പലതും കേവലം ആരോപണങ്ങളായിരുന്നു എന്നും ഇത് തൊണ്ടിസഹിതം പിടിക്കപ്പെട്ട കേസാണെന്നും ജയരാജന്‍തന്നെ തെറ്റു സമ്മതിച്ചതായുമാണ് പ്രതിപക്ഷം ചൂണ്ടികാട്ടുന്നത്.
പാര്‍ട്ടിക്കുള്ളില്‍ നിന്നുയര്‍ന്നു വന്ന സമ്മര്‍ദ്ദമാണ് ജയരാജന്റെ രാജിയിലേക്കു നയിച്ചതെന്നതാണ് വസ്തുത. പ്രതിപക്ഷത്തേയോ കേരളത്തിലെ പൊതുസമൂഹത്തേയോ ഭയന്നല്ല പിണറായി തന്റെ വിശ്വസ്തനെ കൈവിട്ടത്. മറിച്ച് പാര്‍ട്ടി അണികള്‍ അസന്തുഷ്ടരാണെന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കാര്യങ്ങളെ നയിച്ചത്. പിന്നീടത് രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നുമാത്രം. എന്നാല്‍ ഇപ്പോഴും തന്റെ തെറ്റ് ജയരാജന്‍ അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. വ്യവസായവകുപ്പ് മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ നാലരമാസക്കാലത്തെ തന്റ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ  വ്യവസായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു എന്നും വ്യവസായ മേഖല അടക്കി ഭരിച്ച് അടിമുടി നശിപ്പിക്കുന്ന ചില ശക്തികള്‍ക്കും മാഫിയകള്‍ക്കും ഈ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു എന്നും വ്യവസായ വകുപ്പിലെ സുപ്രധാന സ്ഥാനങ്ങളിലിരുന്ന് അഴിമതി കാട്ടിയ നിരവധിയാളുകളെ നീക്കം ചെയ്യുവാനും മാറ്റി നിയമിക്കുവാനുമെടുത്ത തീരുമാനങ്ങള്‍ അത്തരക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചതെന്നും ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കവെയാണ് പുതിയ വിവാദം ഉയര്‍ന്നുവന്നതെന്നും ഈ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ ശത്രുക്കളും അഴിമതിക്കാരും CPI(M) നേയും ഇടതുപക്ഷ ജനാധിപത്യമുന്നണിയേയും LDF ഗവണ്‍മെന്റിനേയും കടന്നാക്രമിക്കുകയായിരുന്നു എന്നുമാണ് ജയരാജന്‍ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റേയും എന്റെ പാര്‍ട്ടിയുടേയും യശ്ശസ്സിന് കളങ്കം ചാര്‍ത്താതിരിക്കുവാനും തന്റെ തത്വാധിഷ്ടിത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുവാനുമുള്ള അവസരമായി കണക്കാക്കിയാണ് രാജി വെക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. അതായത് തന്റേത് തത്വാധിഷ്ഠിത നിലപാടാണെന്ന് ഇപ്പോഴും ജയരാജന്‍ വിശ്വസിക്കുന്നു.
എന്നാല്‍ പാര്‍ട്ടി അതപ്പടി വിഴുങ്ങുന്നില്ല എന്നു കരുതാം. ഒരു നിയമനംകൊണ്ട് നഷ്ടപ്പെടുന്ന പ്രതിച്ഛായ അല്ല പിണറായി വിജയന്‍ സര്‍ക്കാറിന്‍േറതെന്നും അതേസമയം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന അഞ്ചുവര്‍ഷവും സി.പി.എമ്മുമായി ബന്ധമുള്ള ഒരാളും ജോലി ചെയ്യാന്‍ പാടില്ലെന്ന ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നത് ശരിയല്ലെന്നുമാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ വെടിയേറ്റ് വെടിയുണ്ട പേറി ജീവിക്കുന്ന ഒരാളാണ് ജയരാജനെന്നു പ്രകീര്‍ത്തിക്കാനും കോടിയേരി മടിച്ചില്ല.
സത്യത്തില്‍ ജയരാജന്‍ എന്നും പാര്‍ട്ടിക്കു തലവേദനയായിരുന്നു. പതറാത്ത, ഒന്നിനേയും കൂസാത്തതായിരുന്നു ഇപി ജയരാജന്റെ ശൈലി. കണ്ണൂരില്‍ വെട്ടുകല്ലിനെതിരെ പാര്‍ട്ടി സമരം നടത്തിയ കാലത്ത് സ്വന്തം വീട് വെട്ടുകല്ലുകൊണ്ട് നിര്‍മ്മിച്ചായിരുന്നു ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നും കട്ടന്‍ ചായയും പരിപ്പുവടയും മാത്രം കഴിച്ചു ജീവിക്കേണ്ടവരാണോ കമ്യൂണിസ്റ്റുകാര്‍ എന്ന അദ്ദേഹത്തിന്റെ ചോദ്യം പഞ്ചനക്ഷത്രഹോട്ടലുകളില്‍ നിന്നുമാത്രം ഭക്ഷണം കഴിക്കുന്ന നേതാക്കള്‍ക്കുപോലും ദഹിച്ചില്ല. എന്നാല്‍ പിന്നീട് മദ്യം ഭക്ഷണത്തിന്റഎ ഭാഗമാക്കണമെന്നും ഇദ്ദേഹം തട്ടിവിട്ടു. കണ്ണൂരില്‍ നടത്തിയ നായനാര്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിനായി വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍ നിന്ന് 62 ലക്ഷം രൂപ സംഭാവന വാങ്ങിയതും ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനിക്കായി രണ്ട് കോടി രൂപയുടെ ബോണ്ട് സ്വീകരിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. പാര്‍ട്ടി പ്ലീനത്തിന് ആശംസകളുമായി വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനിയില്‍ നല്‍കിയതും വിവാദത്തിന് വഴിവെച്ചു. ഇതിനെ ന്യായീകരിച്ച് ആദ്യം ജയരാജന്‍ രംഗത്ത് വന്നെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ദേശാഭിമാനിക്ക് തെറ്റു പറ്റിയെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. മാഞ്ഞാലിക്കുളത്ത് ദേശാഭിമാനിയുടെ പേരിലുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന സ്വത്ത്ചാക്ക് രാധാകൃഷ്ണന്റെ കമ്പനിക്ക് വില്‍പന നടത്തിയെന്നായിരുന്നു മറ്റൊരു ആരോപണം. കണ്ണൂരില്‍ കണ്ടല്‍ പാര്‍ക്കുകള്‍ നിര്‍മിച്ചതും വന്‍ വിവാദത്തിന് വഴിവെച്ചു. എന്നാല്‍ അന്നൊന്നും പതറാതെ എടുത്തടിച്ചു നിന്ന ജയരാജന്‍, വിഎസ് പക്ഷത്തെ വെട്ടിനിരത്തി പിണറായി വിജയന്റെ ഇഷ്ടക്കാരനാവുകയായിരുന്നു. ഏറ്റവും ഭൂരിപക്ഷത്തോടെയായിരുന്നു ഇക്കുറി ജയരാജന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ബോക്‌സര്‍ മുഹമ്മദലിയുടെ മരണത്തോടുള്ള പ്രതികരണവും അഞ്ജുബോബിജോര്‍ജ്ജിനോടെടുത്ത സമീപനവും മറ്റും മന്ത്രിസഭയില്‍ ജയരാജന്റെ മുഖം വികൃതമാക്കി. ഈ സര്‍ക്കാരില്‍ തുടക്കം മുതലേ പിടികൂടിയ വിവാദങ്ങളാണ് അവസാനം ജയരാജന്റെ മന്ത്രി പദവി തെറിപ്പിക്കുന്നതിലെത്തിയത്. ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായി നിയമിച്ചതാണ് അവസാനം രാജിക്ക് നിമിത്തമായത്.
വളരെ പ്രകടമായ സ്വജനപക്ഷപാതിത്തവും അഴിമതിയുമായിട്ടും മുന്‍സര്‍ക്കാരിനെ കുറ്റപ്പെടുത്തി കൈകഴുകാനാണ് കോടിയേരി ശ്രമിക്കുന്നതെന്നതാണ് ഖേദകരം. യു.ഡി.എഫിലെ എട്ട് മന്ത്രിമാര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തത്. കേസും എഫ്.ഐ.ആറും എടുത്തിട്ടും ആരും രാജിവെച്ചില്ല. ഒടുവില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് മന്ത്രി കെ. ബാബു രാജിക്കത്ത് നല്‍കിയത്. അത് അംഗീകരിക്കാതെ കോടതിയില്‍ അപ്പീല്‍ നല്‍കി ബാബുവിന് തുടരാന്‍ അവസരം ഒരുക്കുകയാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ചെയ്തത്. യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിമാരുടെ ബന്ധുക്കളെ നിയമിക്കാന്‍ നിയമം പോലും മാറ്റിയെഴുതി. കേന്ദ്രത്തില്‍ ഭരിക്കുന്ന ബി.ജെ.പിയും മന്ത്രിമാര്‍ക്കെതിരെ ഉണ്ടായ ആരോപണം കണ്ടില്ലെന്ന് നടിച്ചു.  പെട്രോള്‍ ബങ്ക് വിവാദത്തില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ വരെ ഉള്‍പ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല.  വസുന്ധര രാജെക്കെതിരെ ആരോപണമുയര്‍ന്നിട്ടും പാര്‍ലമെന്റില്‍ രക്ഷാവലയം തീര്‍ത്ത് ആരോപണ വിധേയരെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിച്ചത് എന്നിങ്ങനെപോകുന്നു കോടിയേരിയുടെ വാദങ്ങള്‍.
വാസ്തവത്തില്‍ ഇങ്ങനെ ന്യായീകരിക്കാവുന്നതല്ല ഇപ്പോഴുണ്ടായ സംഭവങ്ങള്‍. ഇതെല്ലാം പറയുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമാണെന്ന മുന്‍വിധിയാണ് നേതാക്കള്‍ക്കുള്ളത്. അണികള്‍ മാത്രമല്ല, കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളും ഇത്തരത്തില്‍ കരുതുന്നു. അവരില്‍ ബുദ്ധിജീവികളും പുരോഗമനമുഖംമൂടിയണിഞ്ഞവരും ഉള്‍പ്പെടും. സിപിഎം നടത്തുന്ന കൊല ബിജെപി നടത്തുന്ന കൊലപോലെയല്ല എന്നു പറയുന്നപോലെയാണ് ഇവര്‍ സിപിഎം അഴിമതി കോണ്‍ഗ്രസ്സ് അഴിമതി പോലെയല്ല എന്നും പറയുന്നത്. വാസ്തവത്തില്‍ എങ്ങനെയാണ് ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മറ്റുപാര്‍ട്ടികളില്‍ നിന്നു വ്യത്യസ്ഥമാകുന്നത്. 1957 അല്ല, വാദത്തിനു 1967വരെ കുറെയൊക്കെ രാഷ്ട്രീയ മൂല്യബോധം പാര്‍ട്ടിക്കുണ്ടായിരുന്നു എന്നു വാദിക്കാം. എന്നാല്‍ അതിനുശേഷമോ? മാറി മാറി അധികാരത്തില്‍ വന്നതോടെ നിലവിലെ ജനാധിപത്യവ്യവസ്ഥിതിയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന ജീര്‍ണ്ണത പാര്‍ട്ടിയേയും പ്രതേകിച്ച് നേതാക്കളേയും ബാധിച്ചു. അതു തടയാനുള്ള വിദ്യയൊന്നും മാര്‍ക്‌സിസത്തിലോ സ്റ്റാലിനിസ്റ്റ് പാര്‍ട്ടി ചട്ടക്കൂടിലോ ഇല്ല എന്നതല്ലേ വസ്തുത? മറ്റു ജനാധിപത്യപാര്‍ട്ടികളില്‍ നിലനില്‍ക്കുന്ന തുറന്ന ഗ്രൂപ്പിസം ഒരുപരിധിവരെ കാര്യങ്ങളെ സുതാര്യമാക്കുമ്പോള്‍ അതുപോലും സിപിഎമ്മില്‍ സാധ്യമല്ലല്ലോ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആഗോള ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കാതെ ഇപ്പോഴും ഏകപാര്‍ട്ടി ഭരണത്തെ ലക്ഷ്യമിടുകയും സ്റ്റാലിനിസ്റ്റ് ചട്ടക്കൂട് നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയില്‍ അഴിമതി പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുകയേ ഉള്ളു. ലോകത്തെങ്ങും അതുണ്ടായിട്ടുണ്ട്. പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്ന ബംഗാളിലും സംഭവിച്ചത് മറ്റൊന്നുമല്ല. കേരളത്തില്‍ ഭരണം മാറിമാറി വരുന്നതാണ് കാര്യങ്ങളെ അത്രക്കു രൂക്ഷമാക്കാതിരുന്നത്. തീര്‍ച്ചയായും കൊലപാതകരാഷ്ട്രീയത്തെപോലെ ജനാധിപത്യത്തിന് കനത്ത ഭീഷണിയാണ് അഴിമതിയും. അതിനാല്‍ തന്നെ അഴിമതിക്കെതിരായ കടുത്ത നടപടികളും നിലപാടുകളുമാണ് കാലം ആവശ്യപ്പെടുന്നത്. അവിടെ ഇത്തരത്തിലുള്ള തൊലിപ്പുറത്തെ ചികിത്സകള്‍ കാര്യമായ ഗുണം ചെയ്യില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply