അനുഭവങ്ങളിലെ ഗോത്രചിഹ്നങ്ങള്‍

വി.എച്ച്.ദിരാര്‍ ആദിവാസികള്‍ വ്യത്യസ്തമായ ഒരു സാംസ്‌ക്കാരികഗണമാണ് എന്ന കാര്യത്തില്‍ ആരും വിയോജിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ എന്താണ് ഈ സാംസ്‌ക്കാരികസവിശേഷത എന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാവും. ആചാര-അനുഷ്ഠാനങ്ങള്‍, വസ്ത്രധാരണരീതി, ഭക്ഷണരീതി തുടങ്ങിയ ബാഹ്യചേഷ്ടകളില്‍ ഊന്നിയുള്ള സംസ്‌ക്കാരനിരൂപണം പൊതുവില്‍ കാണാവുന്നതാണ്. ഈ ബാഹ്യലക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങള്‍ക്ക് അടിസ്ഥാനമായി നില്‍ക്കുന്ന മനോഭാവത്തിലേക്ക് എത്തിനോക്കുമ്പോഴാണ് സംസ്‌ക്കാരം ഒരു സവിശേഷ അനുഭവമാണെന്ന് തീര്‍ച്ചപ്പെടുക. ഒരു കാര്യം തീര്‍ച്ചയാണ് പൊതുസമൂഹത്തില്‍നിന്ന് വളരെ വ്യത്യസ്ഥമായ മനസ്സാണ് ആദിവാസികള്‍ക്കുള്ളത്.അവരുടെ സംസ്‌ക്കാരത്തില്‍ പരിസ്ഥിനിര്‍ണ്ണയം ഇപ്പോഴും വളരെ ശക്തമാണ്. ആദിവാസിഇതരര്‍ […]

dirar

വി.എച്ച്.ദിരാര്‍

ആദിവാസികള്‍ വ്യത്യസ്തമായ ഒരു സാംസ്‌ക്കാരികഗണമാണ് എന്ന കാര്യത്തില്‍ ആരും വിയോജിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ എന്താണ് ഈ സാംസ്‌ക്കാരികസവിശേഷത എന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാവും. ആചാര-അനുഷ്ഠാനങ്ങള്‍, വസ്ത്രധാരണരീതി, ഭക്ഷണരീതി തുടങ്ങിയ ബാഹ്യചേഷ്ടകളില്‍ ഊന്നിയുള്ള സംസ്‌ക്കാരനിരൂപണം പൊതുവില്‍ കാണാവുന്നതാണ്. ഈ ബാഹ്യലക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങള്‍ക്ക് അടിസ്ഥാനമായി നില്‍ക്കുന്ന മനോഭാവത്തിലേക്ക് എത്തിനോക്കുമ്പോഴാണ് സംസ്‌ക്കാരം ഒരു സവിശേഷ അനുഭവമാണെന്ന് തീര്‍ച്ചപ്പെടുക. ഒരു കാര്യം തീര്‍ച്ചയാണ് പൊതുസമൂഹത്തില്‍നിന്ന് വളരെ വ്യത്യസ്ഥമായ മനസ്സാണ് ആദിവാസികള്‍ക്കുള്ളത്.അവരുടെ സംസ്‌ക്കാരത്തില്‍ പരിസ്ഥിനിര്‍ണ്ണയം ഇപ്പോഴും വളരെ ശക്തമാണ്. ആദിവാസിഇതരര്‍ പരിസ്ഥിതിയില്‍ നിന്ന് ഏറെദൂരം താണ്ടുകയും പരിസ്ഥിതിയെ അനുകരിച്ചുക്കൊണ്ട് സമാന്തരമായ ഒരു പ്രകൃതി അഥവാ സംസ്‌കൃതി സൃഷ്ടിക്കുകയും ചെയ്തു.
ആദിവാസികള്‍ പരിസ്ഥിതിനിര്‍ണ്ണയത്തില്‍ തുടരുന്നുവെന്നതിനര്‍ത്ഥം അവര്‍ പരിസ്ഥിതിയെ അഗാദമായി സ്‌നേഹിക്കുന്നുവെന്നല്ല.പരിസ്ഥിതിയെ അപ്രകാരം സ്‌നേഹിക്കാന്‍ തുടങ്ങിയത് ആദിവാസികളല്ല, ആദിവാസിഇതരരാണ്. കാരണം പരിസ്ഥിതിയെ സ്‌നേഹിച്ചില്ലെങ്കില്‍ ഭൂമിയില്‍ മനുഷ്യജീവിതം അസാധ്യമാണെന്ന ബോധം അവരില്‍ അങ്കുരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആദിവാസികളിലുളളത് ന്തൂറ്റാണ്ടുകളിലൂടെ അവര്‍ അബോധപൂര്‍വ്വം നേടിയ പരിസ്ഥിബന്ധത്തിന്റെ പ്രതികരണങ്ങളാണ്. പരിസ്ഥിതി അഥവാ പ്രകൃതിയില്‍ അവരുടെ അതിജീവനം സമ്പൂര്‍ണ്ണമായിരുന്നു. അതായത് ആദിവാസിക്ക് പരിസ്ഥിതി അബോധമാണ് ആദിവാസിഇതരര്‍ക്ക് അത് ബോധവും. അത് തെളിയിക്കുന്ന നിരവധി സംഗതികള്‍ ആദിവാസിജീവിതം നിരീക്ഷിച്ചാല്‍ മനസ്സിലാക്കാനാവും. ഇത്തരം സാംസ്‌ക്കാരികപ്രതിനിധാനത്തിന് പറ്റിയ ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1) മാഗിയുടെ ലോകം
മാഗ്ഗി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് എനിക്കറിയില്ല. പഴയ ഡയറികളിലൊന്നിലാണ് ഈയിടെ ഞാന്‍ അവരെ കണ്ടുമുട്ടിയത്. പേര് മാഗി. ഊര് വയനാട് ജില്ലയിലെ പുകയിലമാളം. പതിനെട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു ഞാന്‍ അവരെ കണ്ടിട്ട്. അന്ന് അവര്‍ക്ക് എത്ര വയസ്സുണ്ടാവും? ഡയറിയില്‍ അതിനെപ്പറ്റി സൂചനയില്ല. പ്രായഭേദത്തിന്റെ കലണ്ടര്‍ അവര്‍ ഹൃദയത്തില്‍ കൊളുത്തുന്നേയില്ല. കാലത്തിന്റെ ഉടലെഴുത്ത് വായിക്കുന്നേയില്ല. അന്ന് എനിക്ക് അവരുടെ പ്രായം ഊഹിച്ചെടുക്കാനും പറ്റിയില്ല. മക്കളും പേരക്കുട്ടികളുമുള്ള, ഇരുണ്ടമുടിയും ചുളുവില്ലാത്ത മുഖവുമുള്ള, മാഗിക്ക് എത്ര വയസ്സ് നല്‍കാനാവുമെന്ന് ഞാനന്ന് ചിന്തിച്ചിട്ടുണ്ട്. സ്‌ക്കൂളില്‍ പഠിക്കുന്ന അവരുടെ പേരക്കുട്ടികളുടെ പ്രായത്തിലൂടെ മുത്തശ്ശിയുടെ വയസ്സറിയാമെന്ന് ഞാന്‍ കരുതിയിരുന്നു. ഡയറിയില്‍ അപ്രകാരം ഞാന്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.
ഈയിടെ വീണ്ടും വയനാട് സന്ദര്‍ശിച്ചപ്പോഴാണ് മനസ്സില്‍ അവരുടെ രൂപം തെളിഞ്ഞത്. മാഗി പണ്ട് പാടിതന്ന സുദീര്‍ഘമായപാട്ടിന്റെ ഈണം അപ്പോഴും ഉള്‌ളിലുണ്ടായിരുന്നു. ആ പാട്ടിന്റെ റെക്കോര്‍ഡ് ഞാന്‍ പല പ്രാവശ്യം കേട്ടിട്ടുണ്ട്. കന്നടയും മലയാളവും കലങ്ങിയൊഴുകിയ പാട്ട് എനിക്കൊട്ടും മനസ്സിലായില്ല. ഏതോ പ്രാക്തനമായ ഈണത്തില്‍ കുന്നിറങ്ങി കാറ്റിന്റേയും കാട്ടുമരങ്ങളുടേയും വിരല്‍പിടിച്ച്, കാട്ടുചോലകളില്‍ തുടിച്ച് ആ പാട്ട് ചരിത്രരഹിതമായി ഒഴുകിവരികയായിരുന്നു.ഏറെ വിചിത്രം അത് പഴമ്പാട്ടായിരുന്നില്ല, കെട്ടുപാട്ടായിരുന്നു എന്നതാണ്. മാഗിയുടെ മകന്‍ അതിന്റെ അര്‍ത്ഥം പറഞ്ഞുതന്നപ്പോഴാണ് ഞാന്‍ അതറിഞ്ഞത്. ആ പാട്ട് ആപാദചൂഡം മാഗിയുടെ ജീവചരിത്രമായിരുന്നു. അവര്‍ നടന്നുതീര്‍ത്തവഴികള്‍, അവരെ പോറ്റിയ കാട്, വിശപ്പ്, പ്രേമം,സ്വപ്നങ്ങള്‍, സങ്കടം, ദുരന്തം അങ്ങനെ …അവരുടെ മനസ്സും ശരീരവും സഞ്ചരിച്ച ജീവിതത്തിന്റെ കേറ്റിറക്കങ്ങള്‍….
മാഗിയുടെ ഭര്‍ത്താവ് കുപ്പന്‍ മരിച്ചത് ആനയുടെ കുത്തേറ്റാണ്. വിറകെടുക്കാന്‍ കാട്ടില്‍പോയ അയാള്‍ തിരിച്ചുവന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് കാട്ടിലെ ഒരു ചോലയുടെ കരയില്‍ പുഴവഞ്ഞിചെടികള്‍ക്കിടയില്‍നിന്ന് വികൃതമാക്കപ്പെട്ട ജഢമായി അയാളെ അവര്‍ക്ക് തിരിച്ചുകിട്ടി. പിന്നെ കാട്ടുതീയ്യിനേക്കാള്‍ തീഷ്ണമായി വിശപ്പ് കത്തിയത്, രാത്രിയെന്നൊ പകലെന്നൊ ഇല്ലാതെ പലര്‍ക്കായി ഉടുതുണിയുരിഞ്ഞത്, വറ്റിപ്പോയ മുലക്കാമ്പ് ചപ്പി കുട്ടി വാവിട്ട് കരഞ്ഞത്, സൗജന്യമായി കിട്ടിയ റേഷനരിയില്‍നിന്ന് പുഴുക്കളും കല്ലുകളും പെറുക്കി പകല്‍ തീര്‍ന്നത്……പാട്ടിലെ ജീവിതം അങ്ങനെ കാണാചരടുകളായി നീണ്ടുനീണ്ടുപോയി. സ്വയം വിത്തായി ചെടിയായി മരമായി കാടായി മാഗി തന്റെ പാട്ടില്‍ വളര്‍ന്നു. ഒരേ ഇരിപ്പില്‍ ഭൂതകാലമത്രയും അവര്‍ പാട്ടില്‍ അടയാളപ്പെടുത്തി.എവിടെ നിന്നാണ് അവര്‍ക്ക് ഈ വൈഭവം കിട്ടിയത്?
ലിപിയുള്ള സമൂഹത്തേക്കാള്‍ ശക്തമായ അനുഭവസ്മരണകളുണ്ട് ആദിവാസിക്ക്. ഓര്‍മ്മയാണ് അവരുടെ പുസ്തകം. അനുഭവങ്ങളുടേയും ഭാവനയുടേയും പാട്ടുരൂപങ്ങളാണ് അവരുടെ സാഹിത്യം. അവ തലമുറകളിലൂടെ ഒഴുകുകയും വളരുകയും ചെയ്യുന്നു. കര്‍ത്താവിനെ കൈവിട്ട് കൃതി മുന്നോട്ടുപോവുന്നു. സമൂഹമാവുന്നു പിന്നീട് അതിന്റെ കര്‍ത്താവ്. മാഗി അന്ന് പാടിയ പാട്ട് ഇപ്പോള്‍ മറ്റൊരുരൂപത്തില്‍ അവിടെ തുടരുന്നുണ്ടാവും. ഇങ്ങനെയാകാം ലിപിരഹിതമായ അവരുടെ ഭാഷയില്‍ സാഹിത്യമുണ്ടാവുന്നത്.
അവര്‍ പാട്ടുപാടിതരുന്നതിന് ഒരാഴ്ചമുമ്പാണ് അവരെ ഞാന്‍ ആദ്യം കാണുന്നത്. വീടിന്റെ ഉമ്മറത്തിരുന്ന് അവരപ്പോള്‍ ആനകുറുന്തോട്ടിയുടെ വിത്ത് ചേറ്റുകയായിരുന്നു. മുറത്തില്‍ തന്നെ നട്ടിരുന്ന അവരുടെ കണ്ണുകള്‍ എന്നിലേക്ക് ഇളകിയില്ല. അവരുടെ മകന്‍ എന്നെ അവര്‍ക്ക് പരിചയപ്പെടുത്തുമ്പോഴും മുറം ഇളക്കുന്നത് നിര്‍ത്തിയില്ല. ഏതോ പ്രാചീനമായ അനുഷ്ഠാനത്തിലെന്നപ്പോലെ ശ്രദ്ധാലുവായിരുന്നു അവര്‍. എന്താണ് ചെയ്തുക്കൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ അവരോട് ചോദിച്ചു. അതിന് മാഗി പറഞ്ഞ മറുപടിയെ മകന്‍ ഇങ്ങനെ സംഗ്രഹിച്ചു.’ അത് ആനകുറുന്തോട്ടിയുടെ വിത്തുകളാണ്. ഞങ്ങള്‍ ചൂലുണ്ടാക്കുന്നത് അതുക്കൊണ്ടാണ്. ചുലുണ്ടാക്കുമ്പോള്‍ ശേഖരിക്കുന്ന വിത്തുകളാണ് മുറത്തില്‍. അമ്മ അതിലെ നല്ല വിത്തുകള്‍ വേര്‍തിരിച്ച് കാട്ടില്‍ പലഭാഗങ്ങളിലായി വിതറും. അടുത്തവര്‍ഷവും ഞങ്ങള്‍ക്ക് ചൂലുണ്ടാക്കേണ്ടതുണ്ട്.’പ്രകൃതിവിഭവങ്ങളിലുള്ള അവരുടെ സൂക്ഷ്മമായ കരുതല്‍ അന്ന് എന്നെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചത്.
പ്രകൃതിയുടെയും മനുഷ്യന്റേയും സ്പന്ദനങ്ങള്‍ അവിടെ ഒരേ സ്ഥായിയിലായിരുന്നു. ഗോത്രസംസ്‌ക്കാരം കാലത്തില്‍ ബാക്കിവെച്ച ഒരു കുഞ്ഞുവെട്ടമായിരുന്നു അവര്‍. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അട്ടപ്പാടിയിലെ ആനവായ് അബ്ബന്നൂര്‍, കടുകുമണ്ണ തുടങ്ങിയ ഗോത്രമേഖലകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ മാഗിയുടെ കുറുന്തോട്ടിവിത്തുകളെ ഹൃദയവേദനയോടെ ഓര്‍ത്തു.പുനംകൃഷിക്കുവേണ്ടി കത്തിയമര്‍ന്ന നൂറുക്കണക്കിന് ഏക്കര്‍ വനപ്രദേശം അവിടെ കണ്ടു. ഭവാനിപുഴയുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് മേല്‍മണ്ണ് കുത്തിയൊഴുകുന്നത് കണ്ടു. പുല്‍മേടുകളായി മാറിയ മഹാരണ്യങ്ങള്‍ കണ്ടു. മാഞ്ഞുപ്പോയ വന്യതയിലേക്ക് കൊങ്ങിണിചെടികള്‍ (lenthana camera) യുദ്ധോല്‍സുകരായി പടരുന്നത് കണ്ടു. മാഗിയുടെ ഹൃദയത്തെ ഹരിതഭാഷ പഠിപ്പിച്ച അതേ സംസ്‌ക്കാരത്തിന്റെ വഴിതെറ്റിയ പിന്‍തുടര്‍ച്ചകള്‍……പണ്ട് പുനംകൃഷിക്ക് വലിയ ചാക്രികമണ്ഡലമുണ്ടായിരുന്നു. കൃഷിചെയ്ത ഒരിടത്തേക്ക് വീണ്ടും തിരിച്ചെത്തുന്നത് 15-20 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു.കൃഷിയിടം അപ്പോഴേക്കും കാടിടമായി മാറിയിട്ടുണ്ടാവും. വനം നേര്‍ത്തുപ്പോയ പുതിയകാലത്ത് പഴയകാലത്തിന്റെ അതേ രീതിയിലുള്ള തുടര്‍ച്ചകള്‍ ആത്മഹത്യാപരമെന്ന് ആ വനപ്രദേശം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.അവിടത്തെ ആദിവാസിസമൂഹമാകട്ടെ കാലത്തിന്റെ വിപല്‍സൂചനകള്‍ അിറയുന്നേയില്ല.മാഗി എടുക്കുന്നതിനേക്കാള്‍ ഏറെ പ്രകൃതിക്ക് തിരിച്ചുനല്‍കി. പുനംകൃഷിക്കാര്‍ എടുക്കുക മാത്രം ചെയ്തു. ഒരേ സംസ്‌ക്കാരത്തിന്റെ ഒരേ അതിജീവനതന്ത്രത്തിന്റെ വിരുദ്ധസ്വഭാവമുള്ള രണ്ട് ശേഷിപ്പുകളാണ് മാഗിയും അട്ടപ്പാടിയിലെ പുനംകൃഷിക്കാരും.ആദ്യത്തേത് സര്‍ഗ്ഗാത്മകവും രണ്ടാമത്തേത് നാശോ•ുഖവും.

2) ചരിത്രമില്ലാത്തതിനാല്‍

നിലമ്പൂരില്‍ നിന്ന ഏകദേശം 20 കി.മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് വെറ്റിലക്കൊല്ലി. അകമ്പാടം എന്ന സ്ഥലം വരെ വാഹന സൗകര്യമുണ്ട്. അവിടെ നിന്ന് 8 കി.മീ നടത്ത. ചാലിയാറിനെ പോഷിപ്പിക്കുന്ന കൈവഴികളിലൊന്ന് ഈ പ്രദേശത്തിലൂടെയാണ് ഒഴുകുന്നത്. വനപാതയില്‍ നിന്ന് അതിന്റെ ഒഴുക്ക് കേള്‍ക്കാം. ജലശില്പികള്‍ സഹസ്രാബ്ദങ്ങളിലൂടെ കൈവേല ചെയ്ത പാറക്കൂട്ടങ്ങളുടെ രൂപവടിവുകള്‍ കാണാം. മലമുത്ത•ാര്‍, കാട്ടുനായ്ക്കര്‍ എന്നീ ആദിവാസി വിഭാഗങ്ങളാണ് പാലക്കയത്ത് താമസിക്കുന്നത്. അകമ്പാടത്തിനും വെറ്റിലക്കൊല്ലിക്കുമിടയില്‍ കണ്ടുമുട്ടുന്ന ആദിവാസികളുടെ ഏക അധിവാസകേന്ദ്രമാണ് പാലക്കയം. കുടിയേറ്റക്കാരായ മലയാളികള്‍ക്കും ഇവിടെ കൃഷിയിടങ്ങളുണ്ട്. മലമുത്തന്മാര്‍ വയനാട്ടിലെ കുറിച്യ•ാരെപ്പോലെ ‘മലനമ്പൂതിരി’ മാര്‍ ആണ് തങ്ങളെന്ന് സ്വയം കരുതുന്നു. അടുത്തകാലം വരെ അവര്‍ അയിത്തം ആചരിച്ചിരുന്നു. ദേഹപ്രകൃതിയിലും ആചാരസമ്പ്രദായങ്ങളിലും കുറിച്യരുമായുളള അവരുടെ സാമ്യം പഠനാര്‍ഹമാണ്. പഴയകാലത്ത് നിലമ്പൂര്‍ കോവിലകം മലമുത്തന്മാര്‍ക്ക് പ്രതേ്യകസ്ഥാനം നല്‍കിയിരുന്നുവെന്ന് അവരുടെ കഥകള്‍ സൂചിപ്പിക്കുന്നുമുണ്ട്.

പാലക്കയത്ത് നിന്ന് മൂന്നു കി.മീറ്ററോളം കുത്തനെ കയറ്റമാണ്. ചോല വനങ്ങളും ആളുയരത്തില്‍ ആനപുല്ലുകള്‍ തിങ്ങിയ പ്രദേശങ്ങളും താണ്ടിയാല്‍ വെറ്റിലകൊല്ലിയായി. വെറ്റിലക്കൊല്ലിയില്‍ നിന്നുളള കാഴ്ച അഭൗമമാണ്. ദൂരെ വെളളരിമലയുടെ അറ്റമില്ലാത്ത പടലം. വൃക്ഷശിഖിരങ്ങളില്‍ ആത്മാക്കള്‍ മേഘരൂപികളായി ഇണചേര്‍ന്ന് കിടന്നു. അതിനുമുകളില്‍ അസ്തമയസൂര്യന്റെ മൃദുവെളിച്ചം.

മലമുത്തന്മാരുടെ പുരാവൃത്തത്തില്‍ വെളളരിമല വലിയ സാന്നിദ്ധ്യമാണ്. ദൈവം ജനിച്ചത് വെളളരിമലയിലാണെന്ന് അവര്‍ വിശ്വസിക്കുന്നു. അനാദിയായ ഇരുട്ടില്‍ ലോകം മൂടി കിടന്ന ഒരു കാലമായിരുന്നു അത്; ഋഗേ്വദത്തില്‍ സൃഷ്ടിഗീതത്തില്‍ പറയുമ്പോലെ. പകലും രാത്രിയും ഇല്ലാത്തതുകൊണ്ട് പ്രാണിസമൂഹം വളരെ സങ്കടത്തില്‍ അകപ്പെട്ടു. പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയില്‍ ഉളളലിഞ്ഞ ദൈവം ഏഴുനാള്‍ കഠിനമായി തപസ്സുചെയ്തു. തപശക്തിയില്‍ നിന്ന് സൂര്യന്‍ പിറന്നു. അങ്ങനെയത്രേ ദിനരാത്രങ്ങളുണ്ടായത്.
വെറ്റിലക്കൊല്ലിയില്‍ താമസിക്കുന്നത് പണിയവിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ്. അവിടെയുളള, കാട്ടുപുല്ലുകള്‍ കൊണ്ട് പടുത്ത കൂരകള്‍ക്ക് വയനാട്ടിലെ പണിയരുടെ പാര്‍പ്പിടങ്ങളേക്കാള്‍ വലിപ്പമുണ്ട്; നിര്‍മ്മാണരീതി സമാനമാണെങ്കിലും. കൂരകള്‍ക്ക് തൊട്ടടുത്ത് കാട്ടിലകള്‍കൊണ്ട് പുതിയതായി നിര്‍മ്മിച്ച ഒരു പാടി. അത് ഈറ്റില്ലമാണ്. നീലി എന്ന പണിച്ചി അവിടെ പ്രസവിച്ചുകിടക്കുന്നു. പ്രസവം ഇപ്പോഴും അവര്‍ക്ക് സ്വകാര്യമാണ്. ആശുപത്രിയില്ല. ഗൈനക്കോളജിസ്റ്റില്ല. പ്രകൃതിയുടെ അക്ഷയമായ കാരുണ്യമല്ലാതെ.

ഞങ്ങള്‍ വെറ്റിലക്കൊല്ലിയിലെത്തുമ്പോള്‍ കുറച്ച് സ്ത്രീകളും കുട്ടികളുമുണ്ടായിരന്നു. ഞങ്ങളെ കണ്ട് അവര്‍ കൂരകളില്‍ ഓടി മറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ കുറച്ചു ചെറുപ്പക്കാര്‍ മുളങ്കുമ്പങ്ങളും തോളില്‍ തൂക്കി നടന്നുവരുന്നത് കണ്ടു. ദൂരെയേതോ കാട്ടുറവുകളില്‍ നിന്ന് കുടിനീര്‍കൊണ്ടു വരികയാണ്. അവര്‍ വെളളം സൂക്ഷിച്ചുവെക്കുന്നതും ഈ മുളങ്കുമ്പങ്ങളിലാണ്. ഞങ്ങളെ കണ്ടതോടെ അവരും ഓടിപ്പോയി. അവര്‍ക്കും ഞങ്ങള്‍ക്കുമിടയിലെ സാംസ്‌കാരികമായ വിടവുകള്‍ എത്ര ആഴത്തിലുളളത്. രൂപത്തില്‍ ഭാഷയില്‍ ഗന്ധത്തില്‍ അപരിചിതധാതുക്കള്‍ സൂക്ഷിച്ചുവെച്ച, ഒഴുക്കിനേക്കാള്‍ കവിഞ്ഞൊഴുക്കില്‍ വിശ്വസിക്കുന്ന നാഗരികമായ ഉടലുകളോട് അവര്‍ എങ്ങനെ സംവദിക്കാനാണ്? വന്യത എന്നത് ഒരു ഭൂ പ്രകൃതി മാത്രമല്ല; മന:പ്രകൃതി കൂടിയാണ്. അവിടെ ജനനമരണങ്ങള്‍ അവിഛിന്നമായി ഒഴുകുന്നു. സമയം ജീവന്റെ ബഹുസ്വരതയാര്‍ന്ന രാഗം ആവര്‍ത്തിക്കുന്നു. ഇക്കൊ കള്‍ച്ചറിന്റെ ഈ ഭൂമികയില്‍ പരിഷ്‌കൃതന് കണ്ണെത്തണമെങ്കില്‍ അയാള്‍/അവള്‍ തന്റെ ഹൃദയം എത്ര അടരുകള്‍ക്ക് താഴെ കുഴിച്ചുനോക്കണം.

വഴികാട്ടിയായ മലമുത്ത വിഭാഗത്തില്‍പ്പെട്ട സുഹൃത്ത് ഓടിപ്പോയവരില്‍ ചിലരെ ബലമായി കൂട്ടിക്കൊണ്ടുവന്നു. ഞങ്ങള്‍ സംസാരിച്ചെങ്കിലും അവര്‍ മിണ്ടിയില്ല. മൂളിയൊ ഒറ്റവാക്കിലോ മറുപടി പറഞ്ഞപ്പോള്‍ പോലും അവര്‍ മുഖത്ത് നോക്കിയതുമില്ല. ഈ സവിശേഷതകള്‍ മൂലം പണിയ ഗോത്രത്തെക്കുറിച്ചുളള സാംസ്‌കാരിക പഠനത്തിന് ഏറ്റവും പറ്റയ പ്രദേശമാണ് വെറ്റിലക്കൊല്ലിയെന്ന് ഞങ്ങള്‍ വിചാരിച്ചു. ഈ കാര്യം മലമുത്ത സുഹൃത്തിനോട് സൂചിപ്പിച്ചപ്പോഴാണ് ഏറെ വിസ്മയം ജനിപ്പിക്കുന്ന മെറ്റാരു വിവരം ലഭിച്ചത്. ഏകദേശം 5 കി. മീറ്റര്‍ നടന്നാല്‍ പണിയരുടെ തന്നെ മറ്റൊരു കോളനിയുണ്ടത്രേ. അമ്പുമല വെറ്റിലക്കൊല്ലിയിലെ പണിയരേക്കാള്‍ പ്രാക്തന സ്വഭാവമുളളവര്‍ ‘കുറിഞ്ചിപണിയര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അവര്‍ വെറ്റിലക്കൊല്ലിയിലെ ആളുകളുമായിപ്പോലും ഇടപഴകുന്നില്ല. മലമുത്ത•ാരും കുടിയേറ്റ മലയാളികളുമായും പരിമിതമായെങ്കിലും സമ്പര്‍ക്കം പുലര്‍ത്തുന്ന വെറ്റിലക്കൊല്ലിയിലെ പണിയരെ അവര്‍ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തിയിരിക്കുന്നു. ആചാരബന്ധങ്ങളൊ വിവാഹ ബന്ധങ്ങളോ അവര്‍ തമ്മിലില്ല. ചുരുക്കത്തില്‍ വെറും പതിറ്റാണ്ടുകള്‍കൊണ്ട് കുറിഞ്ചിപണിയര്‍ പണിയര്‍ക്കിടയിലെ മറ്റൊരു ജാതിവിഭാഗമായി രൂപം പ്രാപിച്ചു. വംശീയമായ പ്രതേ്യകതകളൊ തൊഴില്‍ വിഭജനത്തിന്റേതായ ചരിത്രപരിമണാമങ്ങളോ ഇല്ലാതെതന്നെ പണിയര്‍ രണ്ടു ജാതിവിഭാഗങ്ങളായി ഇഴപിരിഞ്ഞത് എത്ര പെട്ടെന്നാണ്? രേഖപ്പെടുത്തിയ ചരിത്രം ഇല്ലാത്തതുകൊണ്ട്, കാലം കഴിയുമ്പോള്‍ കുറിഞ്ചിപണിയര്‍ എന്ന ഒരു ഗോത്രവിഭാഗം കൂടി പട്ടികവര്‍ഗ്ഗപേരേടില്‍ സ്ഥാനം പിടിച്ചേക്കാം.

ചരിത്രപരമായി കുറിഞ്ചി എന്നതിന് വേറെയും മാനങ്ങളുണ്ട്. ‘കുറിഞ്ചി’ എന്നത് കുറിഞ്ഞി എന്നതിന്റെ ഉച്ചാരണ ഭേദമാകണം. സംഘകാലതമിഴകത്തിന്റെ ഐന്തിണ സങ്കല്പത്തെ ഈ വാക്ക് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ തരം തിരിച്ച അഞ്ചുതിണകളില്‍ ഒന്നാണ് കുറിഞ്ഞി എന്ന വനപ്രദേശം. ‘പാല’ എന്ന ഊഷരപ്രദേശമാണ് അടുത്തത്. ‘മുല്ല’ എന്നത് കുറ്റിക്കാടാണ്. കൃഷിഭൂമികളുളള നദീതടങ്ങള്‍ ‘മരുതം’ എന്നും പുഴകളും ചതുപ്പുനിലങ്ങളും ഉള്‍പ്പെട്ട സമുദ്രതീരപ്രദേശം ‘നെയ്തല്‍’ എന്നും അിറയപ്പെട്ടു. കുറിഞ്ഞി പണിയര്‍ എന്നതിനോടൊപ്പം പാലക്കയം , മരുതം എന്നീ സ്ഥലപ്പേരുകള്‍ കൂടി കൂട്ടി വായിക്കുക. നിലമ്പൂരിനടുത്ത് സ്ഥിതി ചെയ്യുന്ന, നൂറ്റാണ്ടുകളായി തദ്ദേശവാസികള്‍ സ്വര്‍ണ്ണഖനനം നടത്തിപ്പോരുന്ന ഒരു ഭൂപ്രദേശമാണ് മരുതം.18ാം ന്തൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ നിലമ്പൂര്‍ സന്ദര്‍ശിച്ച ബുക്കാനന്‍ ഇവിടത്തെ സ്വര്‍ണ്ണഖനനത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഏതോ ഗതിയില്‍ സഹ്യന് കിഴക്കുനിന്ന് ദേശാടനം ചെയ്തവര്‍ വന്നുപെട്ട സ്ഥലത്തിന്, അതിന്റെ പ്രതേ്യകതകള്‍ നോക്കാതെതന്നെ, തങ്ങള്‍ നേരത്തെ അധിവസിച്ചിരുന്ന തിണകളുടെ പേരുകള്‍ നല്‍കിയതാകാം. അല്ലെങ്കില്‍ ചെന്തമിഴ് കാലത്തെ ജനപഥമാകാം ഈ പ്രദേശവും.
3) ഒരു വെട്ടുക്കത്തി ഇങ്ങനെ സംസാരിക്കുന്നു.
രണ്ടായിരത്തിലാണെന്ന് തോന്നുന്നു. അട്ടപ്പാടിയിലെ പാലൂര്‍ എന്ന ഇരുള ആദിവാസികളുടെ ഊരിന് അരികിലൂടെ ഞാന്‍ നടക്കുകയായിരുന്നു. നല്ല വേനല്‍കാലം. കാവിചുറ്റിയ കുന്നിന്‍നിരകള്‍. പൊടിയും ചൂടും വിതറുന്ന കാറ്റ്.മണ്ണിലങ്ങിങ്ങ് നുള്ളിവെച്ച ഹരിതം. കുന്നുകളുടെ വനസാന്ദ്രമായ ഭൂതകാലത്തെ ഓര്‍ത്ത് ഞാന്‍ നിശ്ചലനായി. അപ്പോള്‍ അല്പം ദൂരെ ഒരു ആദിവാസി ചെറുപ്പക്കാരന്‍ നടന്നുപോകുന്നത് കണ്ടു. അയാള്‍ നടക്കുകമാത്രമല്ല, കൈയ്യിലുള്ള വെട്ടുക്കത്തി ഒറ്റക്കും തെറ്റക്കും വളര്‍ന്നു നില്‍ക്കുന്ന ചെറുചെടികള്‍ക്കുനേരെ വീശുന്നുമുണ്ട്. അത് ആദ്യം എനിക്ക് അല്‍ഭുതവും പിന്നെ എനിക്ക് സങ്കടവും നല്‍കി. ഈ കും വേനലിനേയും പിന്നെ എണ്ണമറ്റ ആടുമായുകളുടെ വിശപ്പിനേയും അതിജീവിക്കാന്‍ ഈ ചെറുമരങ്ങള്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും. വേനലുകളെ എങ്ങനെയെങ്കിലും അവ അതിജീവിച്ചേക്കാം. എന്നാല്‍ കമ്പം, തേനി ഭാഗത്തുനിന്നു പുറപ്പെടുന്ന ആയിരക്കണക്കിന് ചെമ്മരിയാടുകളെ കണ്ണ് വെട്ടിക്കുക എളുപ്പമല്ല. എന്നിട്ടും കാലത്തിന്റെ എതൊക്കെയോ സുകൃതംക്കൊണ്ട് അവ ഭൂമിക്കുമീതെ പച്ചപ്പിന്റെ കൊച്ചുകുടകള്‍ ഉയര്‍ത്തുകയായിരുന്നു.
എനിക്ക് ആ ചെറുപ്പക്കാരനോട് കലശലായ വെറുപ്പ് തോന്നി. അട്ടപ്പാടിയെ ഒരു മരുഭൂമിയാക്കിമാറ്റുന്നതില്‍ അയാളും തന്റേതായ സംഭാവനകള്‍ നല്‍കുന്നുവല്ലോയെന്നോര്‍ത്ത്, കാടിന്റെ ന•യില്‍ വേരോടിയ ഗോത്രസമൂഹത്തിന്റെ പ്രതിനിധിയാണല്ലോ അപ്രകാരം ചെയ്യുന്നതെന്നോര്‍ത്ത്…. അല്പം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി അയാള്‍ കൈയ്യിലേന്തിയ വെട്ടുക്കത്തി ഒരു ഉപകരണത്തിന്റെ ധര്‍മ്മമല്ല നിറവേറ്റുന്നത്. മറിച്ച്, ഒരു ചരിത്രത്തിന്റെ ധര്‍മ്മമാണ് നിറവ്വേറ്റുന്നത്.എന്ന്. ആ വെട്ടുക്കത്തിയും അത് പിടിച്ച കൈയ്യും ന്തൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതാണെന്ന്.
ഒരു കാലത്ത് അട്ടപ്പാടി വനനിബിഡമായിരുന്നു. വനസഞ്ചാരങ്ങള്‍ക്ക് വെട്ടുക്കത്തികള്‍ അനിവാര്യമായിരുന്നു. നടവഴികളെ വെട്ടുകത്തികള്‍ നിര്‍മ്മിച്ചു. സദാ വളരുന്ന കാട് നടവഴികളെ സ്ഥിരപ്പെടുത്തിയില്ല. അങ്ങനെ ആദിവാസികള്‍ തങ്ങള്‍ക്ക് വഴി തെളിയിക്കാന്‍ എപ്പോഴും കൂട്ടായി വെട്ടുക്കത്തികള്‍ കരുതി. അവരുടെ നടത്ത കാലുകള്‍കൊണ്ട് മാത്രമല്ല, കൈകള്‍കൊണ്ട്കൂടിയായിരുന്നു. കൈകള്‍ വഴി കണ്ടെത്തുകയും കാലുകള്‍ അവ നടന്നുതീര്‍ക്കുകയും ചെയ്യുന്നു.
സംസ്‌ക്കാരത്തിന്റെ പെരുമാറ്റങ്ങള്‍ പലപ്പോഴും അങ്ങനെയാണ്. അവ പരിസ്ഥിതിയാല്‍ നിര്‍ണ്ണിതമാണ്. പക്ഷെ പരിസ്ഥിതിമാറിയിട്ടും പൂര്‍വ്വസ്ഥിതിയില്‍ നിര്‍ണ്ണയിക്കപ്പെട്ട് പലതും മാറ്റമില്ലാതെ തുടരുന്നു. അപ്രകാരം ഒരു കാലത്ത് അനിവാര്യമായ ആ വെട്ടുക്കത്തി കാല-ദേശങ്ങളാല്‍ അനാവശ്യമായിട്ടും കൈയ്യില്‍ തന്നെ തുടരുന്നു.
കാട് അന്യമായത് ആ വെട്ടുകത്തി അിറഞ്ഞിട്ടേയില്ല. ആയിരക്കണക്കിന് വര്‍ഷം ആ വെട്ടകത്തി നിര്‍വ്വഹിച്ചത് അതിജീവനത്തിന്റെ ധര്‍മ്മമാണ്. ഇപ്പോഴാകട്ടേ വിനാശത്തിന്റെ ധര്‍മ്മവും. ഒരു കാലത്ത് അട്ടപ്പാടിയിലെ കാടുകള്‍ ചുരമിറങ്ങുന്നതിനും കൂട്ടുനിന്നിട്ടുണ്ട് ആ വെട്ടുകത്തി. ചുരമിറങ്ങിയത് കാട് മാത്രമല്ല, അവരുടെ ജീവിതംകൂടിയാണെന്ന് അവര്‍ അിറഞ്ഞതേയില്ല. അങ്ങനെ ഒരു വെട്ടകത്തി കാലംക്കൊണ്ട് സംസ്‌ക്കാരത്തിന് മറ്റൊരടയാളം നല്‍കുകയായിരുന്നു.

(ഗ്രീന്‍ബുക്ക്‌സ് പ്രസിദ്ധീകരിച്ച ആദിവാസിജീവിതം ഒരു സാംസ്‌ക്കാരികപഠനം എന്ന പുസ്തകത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply