അധികാര പ്രയോഗവും പ്രതിരോധ ഇടപെടലും

ജിനേഷ് പൂനത്ത് അധികാരപ്രയോഗത്തിലൂടെ എന്തിനെയും വരുതിയിലാക്കാനുള്ള ബി.ജെ.പിയുടെ വിരുതിനു മുന്നില്‍ പ്രതിപക്ഷ തന്ത്രങ്ങള്‍ പിഴയ്ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്നത്. ആര്‍.എസ്.എസിന്റെ പരിശീലനക്കളരിയില്‍ അടവു തന്ത്രങ്ങളത്രയും സ്വായത്തമാക്കിയ നരേന്ദ്രമോഡി അമിത്ഷാ കൂട്ടുകെട്ട് കേന്ദ്രസര്‍ക്കാരിനെയും പാര്‍ട്ടിയെയും നയിക്കുമ്പോള്‍ അധികാര സാധ്യതയിലൂന്നിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങളും കൈവരിക്കപ്പെടുന്നു. സംഘപരിവാര്‍ ആശയഗതിക്കെതിരേയും കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികള്‍ക്കെതിരേയും എതിര്‍പ്പുയര്‍ത്തുന്ന പക്ഷത്തെ ഒന്നൊന്നായി വിഴുങ്ങുന്ന, ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലാത്ത, രാഷ്ട്രീയ സാഹചര്യം രാജ്യത്ത് ഉരുത്തിയപ്പെടുന്നുവെന്നത് ഏറെയൊന്നും ചര്‍ച്ചയാകുന്നുമില്ല. എതിര്‍പക്ഷത്ത് ശക്തമായ നേതൃത്വമില്ലെന്നുമാത്രമല്ല, […]

bbbജിനേഷ് പൂനത്ത്

അധികാരപ്രയോഗത്തിലൂടെ എന്തിനെയും വരുതിയിലാക്കാനുള്ള ബി.ജെ.പിയുടെ വിരുതിനു മുന്നില്‍ പ്രതിപക്ഷ തന്ത്രങ്ങള്‍ പിഴയ്ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്നത്. ആര്‍.എസ്.എസിന്റെ പരിശീലനക്കളരിയില്‍ അടവു തന്ത്രങ്ങളത്രയും സ്വായത്തമാക്കിയ നരേന്ദ്രമോഡി അമിത്ഷാ കൂട്ടുകെട്ട് കേന്ദ്രസര്‍ക്കാരിനെയും പാര്‍ട്ടിയെയും നയിക്കുമ്പോള്‍ അധികാര സാധ്യതയിലൂന്നിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങളും കൈവരിക്കപ്പെടുന്നു. സംഘപരിവാര്‍ ആശയഗതിക്കെതിരേയും കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികള്‍ക്കെതിരേയും എതിര്‍പ്പുയര്‍ത്തുന്ന പക്ഷത്തെ ഒന്നൊന്നായി വിഴുങ്ങുന്ന, ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലാത്ത, രാഷ്ട്രീയ സാഹചര്യം രാജ്യത്ത് ഉരുത്തിയപ്പെടുന്നുവെന്നത് ഏറെയൊന്നും ചര്‍ച്ചയാകുന്നുമില്ല.
എതിര്‍പക്ഷത്ത് ശക്തമായ നേതൃത്വമില്ലെന്നുമാത്രമല്ല, കേന്ദ്രീകൃത ഭൂരിപക്ഷാധികാര പ്രയോഗത്തെ അതിജീവിക്കാനുള്ള കരുത്തില്ലാതെ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് പോലും അടിപതറുന്നു. പ്രദേശിക പാര്‍ട്ടികള്‍ക്കു കേന്ദ്ര സര്‍ക്കാരുമായും ബി.ജെ.പിയുമായി സന്ധി ചെയ്തു മുന്നോട്ടു പോകുകയെന്നതു മാത്രമാണ് പോംവഴി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും കണ്ണെറിഞ്ഞ് ആധിപത്യം നേടാനുള്ള തന്ത്രങ്ങളാണ് അമിത്ഷാമോഡി ടീം ആവിഷ്‌കരിക്കുന്നത്. ആന്ധ്രാപ്രദേശില്‍ ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാന്‍ നിലവിലെ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയെ കൈയൊഴിഞ്ഞോ അല്ലെങ്കില്‍ രണ്ടാംനിരയിലേക്ക് മാറ്റിയോ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുമായി പുതുക്കൂട്ടുണ്ടാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ബി.ജെ.പി നടത്തുന്നത്. ഒട്ടേറെ കേസുകളുടെ നൂലാമാലാകളില്‍പെട്ട ജഗന് ബി.ജെ.പിയുടെയേും കേന്ദ്ര സര്‍ക്കാരിന്റെയും കൂട്ട് അനിവാര്യവുമാണ്. കേന്ദ്രീകൃത അധികാര ഘടനയുടെ സാധ്യതതന്നെയാണ് ഇവിടേയും ബി.ജെ.പി. ഉപയോഗിക്കുന്നത്.
അതേസമയം ദ്രാവിഡ കക്ഷികളെയല്ലാതെ മറ്റൊന്നിനേയും അംഗീകരിക്കാത്ത തമിഴ്‌നാട്ടില്‍ ആധിപത്യം നേടാന്‍ ജയലളിതയില്ലാത്ത അണ്ണാ എ.ഡി.എം.കെയിലേക്ക് നുഴഞ്ഞുകയറാനുള്ള തന്ത്രങ്ങളും ബി.ജെ.പി. ആവിഷ്‌ക്കരിച്ചുകഴിഞ്ഞു. ജയലളിതയുടെ മരണദിവസം തന്നെ തമിഴ്‌നാട്ടിലെത്തി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സൂപ്പര്‍താരം രജനികാന്തിനെ ആകര്‍ഷിച്ചെടുക്കുന്നതില്‍വരെയെത്തിനില്‍ക്കുന്നു. പ്രായാധിക്യംമൂലം രോഗശയ്യയിലായ കരുണാധിനിയും വിടപറഞ്ഞ ജയലളിതയും നയിക്കാനില്ലാത്ത സാഹചര്യത്തില്‍ രജനിയുടെ രാഷ്ട്രീയപ്രവേശനത്തില്‍ തമിഴ് ജനതയ്ക്ക് പ്രതീക്ഷയേറെയാണ്. എ.ഡി.എം.കെയിലെ പടലപ്പിണക്കത്തെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കുമ്പോള്‍ തന്നെ ബി.ജെ.പി. കേന്ദ്ര നേതൃത്വം രജനിയിലും പ്രതീക്ഷ പുലര്‍ത്തുന്നു. സംസ്ഥാനത്ത് ശക്തമായ നേതൃത്വമില്ലെന്ന ബി.ജെ.പിയുടെ പരാജയം രജനിയിലൂടെ മറികടക്കാമെന്ന കണക്കുകൂട്ടലാണ് ബി.ജെ.പി. നേതൃത്വത്തിനുള്ളത്. അതേസമയം ഏക പാര്‍ട്ടി കേന്ദ്രീകൃതമായി അധികാര ഘടന മാറുന്ന സാഹചര്യത്തില്‍ ബി.ജെ.പിയോട് അടുക്കുകതന്നെയാണ് നേട്ടമെന്ന തിരിച്ചറിവാണ് രജനിക്കുമുള്ളതെന്നാണ് സൂചന.
സംസ്ഥാനത്ത് നിര്‍ണായകശക്തിയല്ലെങ്കിലും കേന്ദ്രാധികാരത്തിന്റെ പ്രയോഗ സാധ്യതകള്‍ ആവര്‍ത്തിച്ച് പറഞ്ഞും ഭീഷണിമുഴക്കിയും കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ഗവര്‍ണറിലൂടെ ഇടപെടല്‍ നടത്താനുള്ള പരിമിതികളെ കുറിച്ച് ബോധവാന്‍മാരെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ കേന്ദ്ര ഇടപെടലിനെ ആശ്രയിച്ചാണെന്ന മിഥ്യാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ പരത്തി ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ബി.ജെ.പി. തന്ത്രം മെനയുന്നു. അമിത്ഷായുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നേതാക്കള്‍ക്കു മാര്‍ക്കിട്ട് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ സംസ്ഥാനത്ത് സജീവമാക്കുമ്പോഴും പ്രയോഗിക്കുന്നത്, മറ്റെല്ലായിടങ്ങളിലുമെന്നപോലെ കേന്ദ്ര ഭരണത്തിന്റെ രാഷ്ട്രീയ സാധ്യതകള്‍ തന്നെ.
എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഏറെ നാള്‍ നീണ്ടുനില്‍ക്കാതെ മിന്നിപൊലിഞ്ഞടരുന്നതിനുള്ള കാരണവും മറ്റൊന്നല്ല. ശക്തമായ അധികാര ഘടനയോട് ഏറ്റുമുട്ടാനുള്ള പാകത അത്തരം ബദല്‍ സംവിധാനങ്ങളൊന്നും തന്നെ ആര്‍ജിക്കാതെ പോകുമ്പോള്‍, കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രപരവും സംഘടിതവുമായ നീക്കങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയേണ്ട സാഹചര്യം രൂപപ്പെടുകയാണ്. നോട്ട് നിരോധനത്തിനെതിരേയുള്ള സമരപ്രഖ്യാപനങ്ങളും ദളിതര്‍ക്ക് നേരെയുള്ള ആക്രമണത്തിനെതിരേ ആര്‍ത്തിരമ്പിയ ഊനയിലെ പ്രക്ഷോഭങ്ങളുമൊക്കെ തുടര്‍ച്ചയില്ലാതെ അവസാനിപ്പിക്കപ്പെട്ടതും ഈ സാഹചര്യത്തില്‍കൂടിയാണ്. രണ്ടു വര്‍ഷം മുമ്പ് തുടക്കം കുറിച്ച ബീം ആര്‍മി എന്ന ദളിത് പ്രസ്ഥാനം ഇന്നലെ ഡല്‍ഹിയില്‍ അധഃസ്ഥിത ജനസാഗരത്തെ സാക്ഷിനിര്‍ത്തി മഹാ റാലി നടത്തിയപ്പോഴും ഉയര്‍ന്നുകേട്ടത് ഇതേ ആരവം തന്നെയാണ്. എന്നാല്‍ ദളിത് മുന്നേറ്റത്തിന്റെ തുടര്‍ച്ച എത്രമാത്രം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നത് ഭരണകൂടത്തിന്റെ ഇടപെടലിനേയും അതിജീവിക്കാനുള്ള ദളിത് ജീവിതങ്ങളുടെ ആര്‍ജവത്തേയും ആശ്രയിച്ചിരിക്കും.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഠാക്കൂര്‍ വിഭാഗത്തിന്റെ ആക്രമണത്തിനെതിരേ സംഘടിച്ചെത്തിയ ദളിതരായിരുന്നു ഡല്‍ഹിയിലെ റാലിയില്‍ പങ്കെടുത്തത്. ദളിത് മുന്നേറ്റത്തെ രാജ്യമാകമാനം ചര്‍ച്ചചെയ്യുമ്പോള്‍ തന്നെ പടിഞ്ഞാറന്‍ യു.പിക്കു പുറത്തേക്ക് ഉത്തര്‍പ്രദേശില്‍ തന്നെ ഈ പ്രക്ഷോഭം ചര്‍ച്ചയാകുന്നില്ല. കാരണം, ജൂണ്‍ പാതിയില്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍ ആഘോഷിക്കാനിരിക്കുന്ന യോഗി സര്‍ക്കാര്‍ വിദഗ്ദമായ നീക്കങ്ങളിലൂടെ പത്രങ്ങളുടെ തലക്കെട്ടുകള്‍ അനുദിനം നിര്‍മിക്കുന്നതില്‍ വിജയിക്കുന്നുവെന്നതുതന്നെ. അഴിമതി വിരുദ്ധ പ്രതിഛായയില്‍ ഓരോ ദിവസവും പുതിയ പ്രഖ്യാപനങ്ങളും അപ്രതീക്ഷിത ഇടപെടലുകളും നടത്തി യോഗി സര്‍ക്കാര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ വലിയതോതില്‍ വിജയിക്കുന്നു.
ദളിത് മുന്നേറ്റങ്ങള്‍ രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെടുമ്പോഴും ചര്‍ച്ച ചെയ്യപ്പെടേണ്ട ഉത്തര്‍പ്രദേശില്‍ ചര്‍ച്ചയാകുന്നില്ലെന്നത് തന്നെ അധികാരത്തെ എത്ര വിദഗ്ധമായി യോഗി ആദ്യത്യനാഥ് എന്ന സംഘപരിവാറിന്റെ മാസനപുത്രന്‍ ഉപയോഗപ്പെടുത്തുന്നുവെന്നതിന്റെ ഉദാഹരണമാണ്. അതുകൊണ്ട് തന്നെയാണ് മോഡിക്കു ശേഷം യോഗി എന്ന സമവാക്യത്തില്‍ സംഘപരിവാര്‍ നേതൃത്വം തൃപ്തരാകുന്നതും.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply