അധികാരമില്ലാതെ എന്തു കേരള കോണ്‍ഗ്രസ്സ്..?
അങ്ങനെ അതു സംഭവിച്ചു. ഏറെ കാലമായി രാഷ്ട്രീയനിരീക്ഷകര്‍ കാത്തിരുന്ന പ്രഖ്യാപനം. 32 വര്‍ഷം നീണ്ട യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനം. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി നിലനില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കേരള കോണ്‍ഗ്രസ് എമ്മിനെയും പാര്‍ട്ടി ചെയര്‍മാനെയും അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളും നേതാക്കളും ശ്രമിച്ചതാണത്രെ കടുത്ത തീരുമാനത്തിനു കാരണം. തങ്ങള്‍ എല്‍.ഡി.എഫിലേക്കും ബി.ജെ.പിയിലേക്കും പോകില്ലെന്നും മാണി പറയുന്നു. കോണ്‍ഗ്രസിലെ ചില വ്യക്തികളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചത്. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിഞ്ഞു. അതിനാലാണ് […]
അങ്ങനെ അതു സംഭവിച്ചു. ഏറെ കാലമായി രാഷ്ട്രീയനിരീക്ഷകര്‍ കാത്തിരുന്ന പ്രഖ്യാപനം. 32 വര്‍ഷം നീണ്ട യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനം. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി നിലനില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
കേരള കോണ്‍ഗ്രസ് എമ്മിനെയും പാര്‍ട്ടി ചെയര്‍മാനെയും അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളും നേതാക്കളും ശ്രമിച്ചതാണത്രെ കടുത്ത തീരുമാനത്തിനു കാരണം. തങ്ങള്‍ എല്‍.ഡി.എഫിലേക്കും ബി.ജെ.പിയിലേക്കും പോകില്ലെന്നും മാണി പറയുന്നു.
കോണ്‍ഗ്രസിലെ ചില വ്യക്തികളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചത്. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിഞ്ഞു. അതിനാലാണ് കടുത്ത തീരുമാനം പാര്‍ട്ടി സ്വീകരിച്ചത്. യു.ഡി.എഫ് വിടാനുള്ള തീരുമാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ല. അതേസമയം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന യു.ഡി.എഫ് ബന്ധത്തില്‍ ഉടന്‍ മാറ്റം വരുത്തില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണിക്ക് പ്രശ്‌നാധിഷ്ടിത പിന്തുണ നല്‍കുമെന്നും കെ.എം മാണി വ്യക്തമാക്കി.
മാണി എന്തൊക്കെ പറഞ്ഞാലും ബാര്‍ കോഴ കേസാണ് കെ.എം മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് എം യു.ഡി.എഫ് വിടാന്‍ കാരണമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായമാണ് ശരി. കോഴ കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങള്‍ മാണി വിഭാഗത്തില്‍ ചില ആശയകുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കിയെന്ന് ചാണ്ടി പറയുന്നു.
കേസിനെ കുറിച്ച് വിജിലന്‍സ് കോടതിക്ക് നല്‍കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളിലും മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. വിജിന്‍സിന്റെ ആദ്യ റിപ്പോര്‍ട്ട് പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ അത് പരിഹരിച്ചിരുന്നു. എന്നിട്ടും മാണിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ചാണ്ടിയല്ല, ചെന്നിത്തലയാണ് തങ്ങളുടെ പ്രധാന ശത്രുവെന്ന് പലപ്പോഴും മാണി സൂചന നല്‍കിയിട്ടുണ്ടെന്നത് വേറെ കാര്യം. ചെന്നിത്തലയായിരുന്നു അന്ന് ആഭ്യന്തരകാര്യ മന്ത്രി. അദ്ദേഹം വിചാരിച്ചാല്‍ അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നാണ് കേരള കോണ്‍ഗ്രസ്സ് നേതാക്കളുടെ പൊതുനിലപാട്. ഇപ്പോഴാകട്ടെ ചെന്നിത്തല പ്രതിപക്ഷ നേതാവും. ഈ സാഹചര്യത്തില്‍ മറ്റെന്തു തീരുമാനമാണ് പാര്‍ട്ടി എടുക്കുക? യുഡിഎഫ് അധികാരത്തില്‍ വന്നിരുന്നെങ്കില്‍ മാണി മുന്നണി വിടുമായിരുന്നോ എന്നു ചോദിക്കാനും ചെമ്മിത്തല വേണ്ടിവന്നു.
എന്തായാലും മാണിയുടെ സമദൂരമൊന്നും അധികകാലമുണ്ടാകില്ല എന്നുറപ്പ്. അധികാരമില്ലാതെയൊന്നും കേരള കോണ്‍ഗ്രസ്സിനു നിലനില്‍ക്കാനാവില്ല. കേരളകോണ്‍ഗ്രസ്സിന്റെ ഒരു ഘടകവുമില്ലാത്ത സര്‍ക്കാരില്‍ സാമുദായിക നേതാക്കളും അസംതൃപ്തരാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഉടനെ സ്വീകരിക്കാനാഗ്രഹിക്കുന്നില്ലെങ്കിലും ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന എല്‍ ഡി എഫ് താമസിയാതെ കേരള കോണ്‍ഗ്രസ്സിനെ സ്വീകരിക്കുമെന്നുറപ്പ്. എന്‍ ഡി എയിലേക്കു പോയാല്‍ ബിജെപിക്കു ലാഭമാണെങ്കിലും തങ്ങള്‍ക്ക് നഷ്ടമാമെന്നറിയാവുന്നതിനാല്‍ ആ വഴി സ്വീകരിക്കാന്‍ മാണി തയ്യാറാകാനിടയില്ല.
1964ല്‍ കോട്ടയം തിരുനക്കര മൈതാനത്തു രൂപം കൊണ്ട കേരള കോണ്‍ഗ്രസ്സിനു പിളര്‍പ്പും ഗ്രൂപ്പുകളും മുന്നണി മാറ്റവുമൊന്നും പുതുമയുള്ള കാര്യമല്ല. ഏറെ പ്രസിദ്ധമായ പിടി ചാക്കോ സംഭവമാണ് കേരള കോണ്‍ഗ്രസ്സിനു രൂപം കൊടുക്കാന്‍ പെട്ടന്നുണ്ടായ പ്രചോദനം എങ്കിലും കേരളത്തിന്റെ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ടത്. വാസ്തവത്തില്‍ പാര്‍ട്ടി രൂപം കൊള്ളുമ്പോള്‍ ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ വിരളമായിരുന്നു. തമിഴ് നാട്ടില്‍ ഡി.ഏം.കെയും അണ്ണാ ഡി.എം.കെയും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം ശ്രദ്ധിക്കുക. പ്രാദേശിക പാര്‍ട്ടികള്‍ ഓരോ സംസ്ഥാനത്തും നിര്‍ണ്ണായക ശക്തികളായി മാറിയിരിക്കുന്നു. അതതു സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനാണ് അവ തമ്മില്‍ മുഖ്യമായും മത്സരിക്കുന്നത്. സൂപ്രധാന വിഷയങ്ങളിലാകട്ടെ അവരൊന്നിക്കുകയും ചെയ്യുന്നു. മുല്ലപ്പെരിയാര്‍, റെയില്‍വേ തുടങ്ങിയ വിഷയങ്ങളില്‍ തമിഴ്‌നാട്ടിലെ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ നോക്കുക. ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതു തന്നെ അവസ്ഥ. പേരെന്തുതന്നെയായാലും സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും മറ്റും പ്രാദേശിക പാര്‍ട്ടികള്‍ തന്നെ. ബംഗാളില്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും തമ്മിലുള്ള പ്രധാന മത്സരം പ്രാദേശിക പ്രശ്‌നങ്ങളില്‍ തന്നെ. ബംഗാളിലെ സി.പി.എം സത്യത്തില്‍ ഒരു പ്രാദേശിക പാര്‍ട്ടി തന്നെ എന്നാല്‍ കേരളാ കോണ്‍ഗ്രസ്സിനു അതിനു കഴിയാതെ ഉപ പ്രാദേശിക പാര്‍ട്ടിയായി മാറുകയായിരുന്നു.
50ാം വാര്‍ഷികം പ്രമാണിച്ച് കെ എം മാണി പത്രങ്ങളില്‍ എഴുതിയ ലേഖനത്തില്‍ കര്‍ഷകരുടെ രാഷ്ട്രീയപ്രസ്ഥാനമെന്ന വിശേഷണമാണ് കേരള കോണ്‍ഗ്രസ്സിന് ഏറ്റവും ഇണങ്ങുന്നതെന്നും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും രൂപംകൊണ്ട പല പ്രാദേശിക കക്ഷികളും ജാതിപരവും വര്‍ഗീയവും പ്രാദേശികവുമായ താത്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയും അഭിപ്രായവ്യത്യാസങ്ങള്‍ മുതലെടുത്തുമാണ് അധികാരത്തിലെത്തുകയും മറ്റും ചെയ്തിട്ടുള്ളതെന്നും കേരള കോണ്‍ഗ്രസ് ഒരിക്കലും ജാതിയുടെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ അടിസ്ഥാനത്തില്‍ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല എന്നും പറഞ്ഞിരുന്നു. സത്യത്തില്‍ കുടിയേറ്റ കൃസ്ത്യന്‍ കര്‍ഷകരുടെ പാര്‍ട്ടിയാണത് എന്നത് പകല്‍ പോലെ വ്യക്തം. ദേശീയോദ്ഗ്രഥനത്തിന് ഭീഷണിയാകാവുന്ന സങ്കുചിത പ്രാദേശികവാദം ഒരിക്കലും കേരള കോണ്‍ഗ്രസ് ഉന്നയിച്ചിട്ടില്ല എന്നാണ് പാര്‍ട്ടി പറയാറ്. പ്രാദേശിക പാര്‍ട്ടികള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്ന നിലപാടുതന്നെ തെറ്റാണ്. ഭരണ ഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ പാര്‍ട്ടികള്‍ സ്വന്തം നാടിനു വേണ്ടി ശബ്ദിക്കുമ്പോഴും രാജ്യം നേരിടുന്ന പൊതുപ്രശ്‌നങ്ങല്‍ ദേശീയതല നിലപാടുകള്‍തന്നെയാണ് സ്വീകരിക്കുന്നത്. അതാണ് യഥാര്‍ത്ഥ ജനാധിപത്യം. എത്രമാത്രം ഫെഡറല്‍ ആകാന്‍ കഴിയുമോ അത്രയും ജനാധിപത്യം ശക്തിപ്പെടുകയാണ് ചെയ്യുന്നത്. അതു മനസ്സിലാക്കാത്തതാണ് കേരള കോണ്‍ഗ്രസ്സിന്റെ മുരടിപ്പിനു കാരണം.
സത്യത്തില്‍ കേരളത്തിന്റെ വികസനം എന്ന ലക്ഷ്യത്തോടെയെയായിരുന്നു കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ടതെങ്കിലും പെട്ടന്നുതന്നെ അതിന്റെ സ്വഭാവവും മാറുകയായിരുന്നു. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ റബര്‍ കര്‍ഷകരുടെ ഒരു പാര്‍ട്ടിയായി അതുമാറി. കേരളം നേരിടുന്ന പൊതു പ്രശ്‌നങ്ങളിലൊന്നും അവര്‍ക്ക് കാര്യമായി ശബ്ദിക്കാനുണ്ടായിരുന്നില്ല. പലപ്പോഴും എതിരായ നിലപാട് എടുക്കുകയും ചെയ്തു.
വളരും തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന ചരിത്രമാണ് കേരള കോണ്‍ഗ്രസ്സിന്റേത്. അധികാരം മാത്രമായിരുന്നു പിളര്‍പ്പുകളുടേയും മുന്നണിവിടലുകളുടേയും ലക്ഷ്യം. ഏതു മുന്നണി വന്നാലും കേരള കോണ്‍ഗ്രസ്സിന്റെ ഒരു കഷണം ഉണ്ടാകുമെന്നുറപ്പുവരുത്തി. അതിനാണിപ്പോള്‍ കോട്ടം തട്ടിയത്. അതധികകാലം തുടരാനാകില്ല എന്നതാണ് ബാര്‍ കോഴയുടെ പോരിലുള്ള ഈ ചാട്ടത്തിനുള്ള യഥാര്‍ത്ഥ കാരണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in