അതിരപ്പിള്ളി പദ്ധതിക്കായി സമവായ സിദ്ധാന്തവുമായി മന്ത്രി മണി
മഹാപ്രളയത്തിനുശേഷവും നമ്മുടെ ഭരണാധികാരികള്‍ പാഠം പഠിക്കുന്നില്ല എന്നതാണ് ഇപ്പോള്‍ കേരളത്തില്‍ പ്രളയത്തേക്കാള്‍ കെടുതികള്‍ സൃഷ്ടിക്കുന്നത്. പ്രളയത്തിന്റെ രൂക്ഷത കൂട്ടിയതില്‍ ഡാമുകളുടെ പങ്ക് ഏറെക്കുറെ അംഗീകരിക്കപ്പെടുകയും ലോകം വൈദ്യുതോല്‍പ്പാദനത്തിനായി ഡാമുകള്‍ക്കു പകരം മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുമ്പോളും നമ്മുടെ ഭരണാധികാരികള്‍ ഇപ്പോളും ഡാമുകള്‍ക്കു പുറകിലാണ്. സമവായത്തോടെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് പോയദിവസം വിദ്യുച്ഛക്തി മന്ത്രി എം എം മണി ആവര്‍ത്തിച്ചത്. അതിരപ്പിള്ളിയില്‍ ഡാം ഉണ്ടായിരുന്നെങ്കില്‍ പ്രളയരൂക്ഷത കുറയുമായിരുന്നു എന്ന കെ എസ് ഇ ബി ചെയര്‍മാന്റെ പ്രസ്താവനക്കുപുറകെയാണ് സമവായതിയറിയുമായി മന്ത്രിയും […]
മഹാപ്രളയത്തിനുശേഷവും നമ്മുടെ ഭരണാധികാരികള്‍ പാഠം പഠിക്കുന്നില്ല എന്നതാണ് ഇപ്പോള്‍ കേരളത്തില്‍ പ്രളയത്തേക്കാള്‍ കെടുതികള്‍ സൃഷ്ടിക്കുന്നത്. പ്രളയത്തിന്റെ രൂക്ഷത കൂട്ടിയതില്‍ ഡാമുകളുടെ പങ്ക് ഏറെക്കുറെ അംഗീകരിക്കപ്പെടുകയും ലോകം വൈദ്യുതോല്‍പ്പാദനത്തിനായി ഡാമുകള്‍ക്കു പകരം മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുമ്പോളും നമ്മുടെ ഭരണാധികാരികള്‍ ഇപ്പോളും ഡാമുകള്‍ക്കു പുറകിലാണ്. സമവായത്തോടെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് പോയദിവസം വിദ്യുച്ഛക്തി മന്ത്രി എം എം മണി ആവര്‍ത്തിച്ചത്. അതിരപ്പിള്ളിയില്‍ ഡാം ഉണ്ടായിരുന്നെങ്കില്‍ പ്രളയരൂക്ഷത കുറയുമായിരുന്നു എന്ന കെ എസ് ഇ ബി ചെയര്‍മാന്റെ പ്രസ്താവനക്കുപുറകെയാണ് സമവായതിയറിയുമായി മന്ത്രിയും രംഗത്തുവന്നിരിക്കുന്നത്. പ്രളയദുരന്തങ്ങള്‍ രൂക്ഷമാക്കിയതില്‍ തങ്ങളുടെ പങ്കെന്താണെന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കുക പോലുമില്ലാതെയാണ് ഈ പ്രസ്താവനകള്‍ എന്നതാണ് ഏറ്റവും വലിയ ദുരന്തം.
പരിസ്ഥിതി സംരക്ഷിക്കാതെ കേരളം പിന്തുടരുന്ന വികസനപദ്ധതികള്‍ കൂടുതല്‍ രൂക്ഷമായ ദുരന്തങ്ങള്‍ക്കു കാരണമാകുമെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലായിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഏറെക്കുറെ അടച്ചുവെച്ചിരിക്കുന്ന അതിരപ്പിള്ളി പദ്ധതിയുടെ ഫയല്‍ തുറക്കാനുളള നീക്കം. മഹാപ്രളയത്തിലെ ഏറ്റവും വലിയ ദുരന്തഭൂമികളില്‍ ഒന്നായിരുന്നു ചാലക്കുടി പുഴയോരമെന്നും അതിനു പ്രധാനകാരണം അതിരപ്പിള്ളിക്കു മുകളിലുള്ള 6 ഡാമുകളാണെന്നും മറന്നാണ് ഈ സമവായസന്ദേശം. ഇപ്പോളുള്ള പദ്ധതികളെ പോലും താങ്ങാനുള്ള കരുത്ത് ചാലക്കുടിപ്പുഴക്കില്ല. അതിരപ്പിള്ളി പദ്ധതിയുടെ നിര്‍ദ്ദേശമാകട്ടെ വന്‍തോതില്‍ പരിസ്ഥിതി നാശമുണ്ടാക്കുന്നതുമാണ്. ചാലക്കുടി പുഴയില്‍ വാഴച്ചാല്‍ ജലപാതത്തിന് ഏകാ 400 മീ. മുകളിലായാണ് അതിരപ്പിള്ളി ഡാം നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പശ്ചിമഘട്ട മലനിരകളില്‍നിന്ന് ഉത്ഭവിച്ച് തൃശ്ശൂര്‍, എറണാകുളം ജില്ലകളിലൂടെ അറബിക്കടലില്‍ പതിക്കുന്ന ചാലക്കുടി പുഴക്ക് 144 കിലോമീറ്റര്‍ നീളമുണ്ട്. വടക്ക് നെല്ലിയാംപതി മലനിരകള്‍, കിഴക്ക് ആനമല, തെക്ക് ഇടമല, പടിഞ്ഞാറ് അറബിക്കടല്‍ വരെയുള്ള സമതലങ്ങള്‍ എന്നിവയാണ് പുഴയുടെ അതിരുകള്‍. തമിഴ്നാട്ടില്‍ ഉള്‍പ്പെടുന്ന 300 ചതരുരശ്ര കിലോമീറ്റര്‍ ഉള്‍പ്പടെ 1700 ചതുരശ്ര കിലോമീറ്ററാണ് പുഴയുടെ വൃഷ്ടിപ്രദേശം. പുഴയുടെ 80 ശതമാനവും മലനിരകളിലാണ്. അതിനാല്‍തന്നെ ഔഷധഗുണമുള്ള ശുദ്ധജലത്തിനും അത്യപൂര്‍വങ്ങളായ ജൈവസമ്പത്തിനും മൃഗസമ്പത്തിനും മത്സ്യസമ്പത്തിനും പ്രസിദ്ധമാണ് ഈ പുഴ. അധികൃതവും അനധികൃതവുമായി ഖനനത്തിലൂടെ പുഴയിലെ മണലെല്ലാം ഇല്ലാതായി എന്നു പറയാം. ഇപ്പോഴും സമരങ്ങളാല്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച കാതിക്കുടെ നിറ്റാ ജലാറ്റിനടക്കം പല വ്യവസായ ശാലകളിലേയും അതിരപ്പിള്ളിയടക്കമുള്ള ടൂറിസ്റ്റ് സ്ഥലങ്ങളിലേയും അവശിഷ്ടങ്ങള്‍ പുഴയെ ഏറെ മലിനമാക്കിയിട്ടുണ്ട്. ചാലക്കുടി പുഴയുടെ വിവിധ കൈവഴികള്‍ക്കു കുറുകെ 6 വന്‍ പദ്ധതികള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇതുകൂടാതെ 48 ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമുകളും 650ലധികം സ്വകാര്യ പമ്പുകളും മറ്റു കുടിവെള്ള പദ്ധതികളും പുഴയിലുണ്ട്. ഏകദേശം 10 ലക്ഷം ജനങ്ങള്‍ പുഴയെ നേരിട്ട് ആശ്രയിച്ച് ജീവിക്കുന്നു. ഇരുപത്തിയേഴു പഞ്ചായത്തുകളെയും രണ്ടു മുനിസിപ്പാലിറ്റികളെയും ഈ പദ്ധതി പ്രത്യക്ഷത്തില്‍ ബാധിക്കും.
ചാലക്കുടി പുഴയുടെ ഇരു വശങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്പത്തിന്റെ കലവറയാണ്. വേഴാമ്പല്‍, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. പറമ്പിക്കുളം കടുവാ സങ്കേതത്തിന്റേയും ചിമ്മിനി വന്യജീവി സങ്കേതത്തിന്റേയും തുടര്‍ച്ചയായ വാഴച്ചാല്‍ വനമേഖല തമിഴ് നാട്ടിലെ ഇന്ദിരാഗാന്ധി ദേശീയ പാര്‍ക്കുമായി അതിര്‍ത്തി പങ്കിടുന്നു. കേന്ദ്രപരിസ്ഥിതി മന്ത്രാലയം പ്രൊജക്ട് എലിഫന്റായി നിര്‍ണയിച്ചിട്ടുള്ള എലിഫെന്റ് റിസര്‍വ് 9ല്‍ ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി പ്രദേശം. പറമ്പിക്കുളത്തുനിന്നു പൂയം കുട്ടിയിലേക്ക് ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത് ഒരു ആനത്താര മാത്രമാണ്. ചൂടുകൂടുമ്പോള്‍ ആനകള്‍ കൂട്ടമായി പോകുന്ന ഈ ആനത്താര പദ്ധതി വന്നാല്‍ ഇല്ലാതാകും. ഇരുള്‍, ഇലവ്, വെണ്‍തേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങള്‍ ഇവിടെ വളരുന്നു. പദ്ധതി നടപ്പാക്കിയാല്‍ ഇവയെല്ലാമടങ്ങിയ വാഴച്ചാല്‍ പ്രദേശത്തെ 140 ഏക്കറോളം വനഭമിയാണ് നശിക്കുക.
പെരിങ്ങല്‍കുത്ത് പവര്‍ഹൗസിന് താഴെ വാഴച്ചാല്‍ വെള്ളച്ചാട്ടം വരെ ബാക്കി നില്‍ക്കുന്ന നിത്യഹരിത വനമാണ് അതിരപ്പിള്ളി പദ്ധതിയില്‍ മുങ്ങിപ്പോകുന്നത്. കണക്കുപ്രകാരം 22 ഹെക്ടര്‍ വരുന്ന പുഴയോരക്കാടുകളാണ് മുങ്ങിപോകുക. ദക്ഷിണ ഉഷ്ണമേഖലാ ആര്‍ദ്ര നിത്യഹരിത വനങ്ങള്‍, ദക്ഷിണ ഉഷ്ണമേഖല അര്‍ദ്ധ നിത്യഹരിത വനങ്ങള്‍, ഉഷ്ണമേഖല ആര്‍ദ്ര ഇലപൊഴിയും വനങ്ങള്‍, പുഴയോര വനങ്ങള്‍ എന്നിവയെല്ലാം ഇവിടെ സമ്മേളിക്കുന്നു. മറ്റു പല പദ്ധതികളേയും അപേക്ഷിച്ച് നഷ്ടം വളരെ കുറവാണെന്നാണ് KSEB യുടെ വാദം. എന്നാല്‍ ഈ വനത്തിന്റെ അപൂര്‍വ്വതയും ജൈവവൈവിധ്യവും സമാനതകളില്ലാത്തതാണെന്ന് WAPCOS പഠനം തന്നെ പറയുന്നു. മറ്റെവിടെയും കാണാത്ത (endemic) ധാരാളം സസ്യങ്ങള്‍ ഇവിടെയുണ്ട്. പുഴയോരക്കാടുകളില്‍ മൊത്ത 508 ഇനം സസ്യങ്ങള്‍ കണ്ടെത്തിയെന്നും അതില്‍ 103 എണ്ണം (21.25%) പുഴയോരക്കാടുകളില്‍ മാത്രം കാണുന്നവയാണെന്ന് പഠനം പറയുന്നു. ഇതില്‍ തന്നെ 22 എണ്ണം അപൂര്‍വ്വമായതും, നാശോന്മുഖങ്ങളായി കൊണ്ടിരിക്കുന്നതാണെന്നും EIA വിശദീകരിക്കുന്നു. 1947ല്‍ പെരിങ്ങല്‍ കുത്ത് ഡാമിന്റെ നിര്‍മ്മാണത്തോടെ 130 കി.മീ ഉണ്ടായിരുന്ന പുഴയോരക്കാടാണ് 60 കി.മീ ആയി ശോഷിച്ചത് അവശേഷിച്ച പുഴയോരക്കാടാണ് അതിരപ്പിള്ളി പദ്ധതിയോടെ ഇല്ലാതാവുന്നത് എന്നതും ഓര്‍ക്കണം. അപൂര്‍വ്വമായ ആമകളുടെ സങ്കേതം കൂടിയാണിവിടം.
മത്സ്യസമ്പത്തിന് ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട പുഴയാണ് ചാലക്കുടി പുഴ. ഈ പുഴയില്‍ കണ്ടെത്തിയിട്ടുള്ള ഉയര്‍ന്ന മത്സ്യ വൈവിദ്ധ്യത്തില്‍ 9 ഇനം അതീവ വംശ നാശഭീഷണി നേരിടുന്നവയും 22 ഇനം വംശനാശഭീഷണിയുള്ളതും 11 ഇനം ‘ഭാവിയില്‍ വംശനാശഭീഷണിയില്‍ ഉള്‍പ്പെടാന്‍ സാധ്യത ഉള്ളവയുമാണ് (ICUN2000). അഞ്ച് പുതിയ മത്സ്യ ഇനങ്ങള്‍ ചാലക്കുടി പുഴയില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെയെല്ലാ അടിസ്ഥാനത്തിലാണ് ദേശീയ മത്സ്യ ജനിതക വിഭവ കേന്ദ്രം (National Beauro of Fish Genetic Resources) ചാലക്കുടിയെ പുഴയെ ഒരു മത്സ്യ സംരക്ഷണ കേന്ദ്രം (fish sanctuary) ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. മത്സ്യങ്ങളുടേയും മറ്റു ജവജീവികളുടേയും നിലനില്‍പ്പിന് ജലത്തിന്റെ തുടര്‍ച്ചയായ ലഭ്യത അന്ത്യാപേക്ഷിതമാണ്. വൈദ്യുതി ഉല്‍പ്പാദനം നടക്കാത്ത പകല്‍ സമയത്ത് കണ്ണന്‍കുഴി തോടിനും ഡാമിനും ഇടയില്‍ ജലത്തിന്റെ ലഭ്യത വളരെ കുറവായിരിക്കും.
പക്ഷി വൈവിധ്യത്തിന്റെ കാര്യത്തിലും ഈ പ്രദേശം മുന്‍നിരയിലാണ്. 413 സ്‌ക്വയര്‍ കി.മീ ഓളം വരുന്ന ഈ മേഖലയില്‍ 225 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന പക്ഷിയായ വേഴാമ്പലിന്റെ 4 ഇനങ്ങളും കാണുന്ന അപൂര്‍വ്വ മേഖലകളിലൊന്നാണ് അതിരപ്പള്ളി. പശ്ചിമഘട്ടത്തില്‍ വംശനാശം നേരിടുന്നതും ചില കാടുകളില്‍ മാത്രം കാണുന്നതുമായ സിംഹവാലന്‍ കുരങ്ങുകള്‍ വസിക്കുന്നത് ഈ പുഴക്കരയിലെ കാടുകളിലാണ്.
കേരളത്തിലെ കാടര്‍ സമുദായത്തില്‍പെട്ട ആദിവാസികളില്‍ ആകെയുള്ള 2736 പേരില്‍ 1844 പേരും താമസിക്കുന്നത് ചാലക്കുടി റിവര്‍ബേസിനിലാണ്. കാടിനെ ഉപവജീവനമാര്‍ഗമായി കൊണ്ടുനടക്കുന്നവരാണ് ഇവര്‍. വനാവകാശ നിയമപ്രകാരം ഇവരുടെ അംഗീകാരത്തോടെ മാത്രമേ ഏതു പദ്ധതിയും നടപ്പിലാക്കാന്‍ കഴിയൂ. അതിരപ്പിള്ളി പദ്ധതി വേണോ വേണ്ടയോ എന്ന ചോദ്യത്തിന് 320 പേരില്‍ 316 പേരും വേണ്ട എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ചാലക്കുടി പുഴയിലെ ഡാം നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് പലവുരു മാറിത്താമസിച്ചവരാണ് ഇവര്‍. ഇന്ത അടാവില്‍ ഡാം വേണ്ട എന്ന ഊരുമൂപ്പത്തി ഗീതയുടെ വാക്കുകള്‍ ഏറെ പ്രസിദ്ധമാണ്. തങ്ങളുടെ ജീവിതം കാടും നദിയുമായി ബന്ധപ്പെട്ടതാമെന്നും അതു തകര്‍ക്കാനനുവദിക്കില്ല എന്നുമാണ് ഗീതയുടെ നിലപാട്. മറ്റ് അണകെട്ടുകള്‍ക്കായി പലവട്ടം കുടിയിറക്കപ്പെട്ട തങ്ങള്‍ ഇനിയതിനു തയ്യാറല്ല എന്നും ഗീത ഉറപ്പിച്ചു പറയുന്നു. പരിഷ്‌കൃതസമൂഹത്തിന്റെ അനാവശ്യ വികസനത്തിനുവേണ്ടി ഞങ്ങളെ എന്തിന് ഇല്ലാതാക്കണമെന്നാണ് അവര്‍ ചോദിക്കുന്നത്. ഇതിനുപുറമെ ചാലക്കുടിപുഴയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കര്‍ഷകരുടെയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെയും ജീവിതം വഴിമുട്ടും.
1860കള്‍ മുതല്‍തന്നെ ചാലക്കുടി പുഴയിലെ വൃഷ്ടി പ്രദേശത്ത് ബ്രിട്ടീഷുകാര്‍ കാപ്പി, തേയില തോട്ടങ്ങള്‍ ആരംഭിച്ചിരുന്നു. പിന്നീട് വനംവകുപ്പിന്റെ തോട്ടങ്ങള്‍, റോഡുകള്‍, കെ എസ് ഇ ബി നിര്‍മ്മിതികള്‍, അണകെട്ടുകള്‍ എന്നിങ്ങെയുള്ള ‘വികസന’പദ്ധതികള്‍ കാടിനെ നശിപ്പിക്കാനാരംഭിച്ചിരുന്നു. അതെല്ലാം പുഴയിലെ നീരൊഴുക്കിലും പ്രതിഫലിച്ചു. നീരൊഴുക്കിന്റെ തുടര്‍ച്ചയും വനത്തിന്റെ തുടര്‍ച്ചയും നഷ്ടപ്പെട്ട ഒരു പുഴയില്‍ ഇനിയുമൊരു ഡാമിനെ കുറിച്ചു ചിന്തിക്കുന്നവര്‍ അസാമാന്യ പ്രകൃതി വിരുദ്ധരാകണം. ഇതിനല്ലാം പുറമെയാണ് വര്‍ഷം തോറും ശരാശരി 10 ലക്ഷത്തില്‍പരം ടൂറിസ്റ്റുകള്‍ ഇവിടെ വന്നുപോകുന്ന വെളളച്ചാട്ടത്തിന്റെ നാശം. നിരവധി സിനിമകളുടെ ഷൂട്ടിംഗ് ഇവിടെ നടക്കുന്നു. ആയിരകണക്കിനു കുടുംബങ്ങളുടെ ജീവിതമാര്‍ഗ്ഗമാണ് പ്രകൃതിയുടെ വരദാനമായ ഈ വെള്ളച്ചാട്ടം. ഡാം വന്നാല്‍ നീരൊഴുക്കു കുറയുമെന്നുറപ്പ്. വൈകീട്ട് പീക്ക് സമയത്തു മാത്രമാണ് സാമാന്യം വെള്ളമുണ്ടാകുക. അതോടെ ടൂറിസ്റ്റുകളുടെ എണ്ണകുറയും, ഈ കുടുംബങ്ങള്‍ പട്ടിണിയിലാകും. ഈ വസ്തുതകളൊന്നും അറിയാതെയല്ല അതിരപ്പിള്ളി പദ്ധതിക്കായിതുടരുന്ന കോലാഹലമെന്നുറപ്പ്. പ്രളയത്തിനുശേഷവും വികസനത്തെ കുറിച്ചു തുടരുന്ന വികലമായ നിലപാടുകളും പദ്ധതി നിര്‍മ്മാണവുമായി ബന്ധപ്പെട്ട സങ്കുചിതതാല്‍പ്പര്യങ്ങളുമാണ് അതിനു പുറകിലെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in