അച്ഛേ ദിന്‍ വന്നില്ല : മോദി ഭരണം അവസാനവര്‍ഷത്തിലേക്ക്

കേന്ദ്രത്തിലെ മോദി ഭരണത്തിനു നാലുവര്‍ഷം തികയുമ്പോള്‍ ഒറ്റയടിക്കു ചോദിക്കാവുന്ന ചോദ്യം എവിടെ സാറേ അച്ഛാ ദിന്‍ എന്നുതന്നെയാണ്. അച്ഛാ ദിന്‍ പോയിട്ട്, നാലു വര്‍ഷം മുമ്പത്തെ അവസ്ഥയേക്കാള്‍ എത്രയോ മോശമായ അവസ്ഥയില്‍ രാജ്യമെത്തി എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. കര്‍ണ്ണാടക തെരഞ്ഞെടുപ്പിനുശേഷം എല്ലാ ദിവസവും പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചാണ് മോദി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിച്ചത്. വിലവര്‍ദ്ധനവില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്ന അവകാശവാദം തെറ്റാണെന്ന് കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണ സമയത്ത് ഇന്ത്യന്‍ ജനതക്കാകെ ബോധ്യപ്പെടുകയും ചെയ്തു. ജനങ്ങളെ ഒന്നടങ്കം […]

mm

കേന്ദ്രത്തിലെ മോദി ഭരണത്തിനു നാലുവര്‍ഷം തികയുമ്പോള്‍ ഒറ്റയടിക്കു ചോദിക്കാവുന്ന ചോദ്യം എവിടെ സാറേ അച്ഛാ ദിന്‍ എന്നുതന്നെയാണ്. അച്ഛാ ദിന്‍ പോയിട്ട്, നാലു വര്‍ഷം മുമ്പത്തെ അവസ്ഥയേക്കാള്‍ എത്രയോ മോശമായ അവസ്ഥയില്‍ രാജ്യമെത്തി എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. കര്‍ണ്ണാടക തെരഞ്ഞെടുപ്പിനുശേഷം എല്ലാ ദിവസവും പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചാണ് മോദി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിച്ചത്. വിലവര്‍ദ്ധനവില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്ന അവകാശവാദം തെറ്റാണെന്ന് കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണ സമയത്ത് ഇന്ത്യന്‍ ജനതക്കാകെ ബോധ്യപ്പെടുകയും ചെയ്തു. ജനങ്ങളെ ഒന്നടങ്കം വെല്ലുവിളിച്ചാണ് മോദി അഞ്ചാം വര്‍ഷത്തേക്കു കടക്കുന്നതെന്നു സാരം. രാഹുല്‍ ഗാന്ധി പറഞ്ഞപോലെ മുദ്രാവാക്യം വിളി, സ്വയം പുകഴ്ത്തല്‍ എന്നിവയില്‍ മാത്രമാണ് മോദി തിളങ്ങിയത്.
വര്‍ഗ്ഗീയത വളരുകയും സാമ്പത്തിക അവസ്ഥ തളരുകയും ചെയ്തു എന്നതാണ് ഒറ്റവാചകത്തില്‍ മോദിയുടെ ഭരണനേട്ടം. സാമ്പത്തിക നയങ്ങളും നിയോ ലിബറല്‍ നയങ്ങളും നടപ്പിലാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ എത്രയോ പുറകിലാക്കിയാണ് മോദിയുടെ പോക്ക്. കോണ്‍ഗ്രസ്സ് തുടക്കമിട്ട പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി, തൊഴിലാളി വിരുദ്ധവും ജനവിരുദ്ധമായി നടപ്പാക്കുകയാണ് മോദി ചെയ്യുന്നത്. സുരക്ഷിതരെന്നു കരുതപ്പെട്ടിരുന്ന സംഘടിത തൊഴിലാളി വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍പോലും മുള്‍മുനയിലാണ്.
സര്‍ക്കാരിന്റെ നവ ഉദാരവല്കരണം ഏറ്റവും കെടുതികള്‍ വിതച്ചത് കാര്‍ഷികമേഖലയിലാണ്. വളങ്ങളുടെയും മറ്റു അസംസ്‌കൃത വസ്തുക്കളുടെയും സബ്സിഡികള്‍ ഇല്ലാതാക്കപ്പെട്ടതിലൂടെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നത്. ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ സാങ്കേതിക പിന്നോക്കാവസ്ഥ മൂലം അത് കൂടുതല്‍ മനുഷ്യാധ്വാന കേന്ദ്രീകൃതവും കാലാവസ്ഥയുടെ വ്യതിയാനങ്ങള്‍ വളരെ ബാധിക്കുന്ന നിലയുമാണുള്ളത്. ഇടനിലക്കാരുടെ ചൂഷണവും, ഭക്ഷ്യ ധാന്യങ്ങള്‍ ഊഹാക്കച്ചവടക്കാര്‍ക്ക് മേയാന്‍ തുറന്നിട്ട ഉദാരവല്‍ക്കരണവും കര്‍ഷകരെ ദയനീയ സ്ഥിതികളില്‍ എത്തിച്ചു. ഗവണ്മെന്റിന്റെ സഹായങ്ങളുടെ അഭാവത്തില്‍ കൊള്ളപ്പലിശക്കാരുടെ കൈകളില്‍ എത്തപ്പെടുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ കടക്കെണിയില്‍ പെടുകയും ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. എന്തായാലും രാജ്യത്തെ പല ഭാഗത്തും ആരംഭിച്ചിരിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളാണ് പ്രതീക്ഷ നല്‍കുന്നത്. തൊഴില്‍ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറപ്പിച്ചതിനെ തുടര്‍ന്ന് യുവജനങ്ങളും കൂടുതല്‍ അരക്ഷിതരായിരിക്കുന്നു.
സത്യത്തില്‍ ലോകം കണ്ട എല്ലാ ഫാസിസ്റ്റുകളുടേയും ലക്ഷണങ്ങള്‍ നമുക്ക് മോദിയില്‍ കാണാം. അധികാരത്തോടുള്ള അടങ്ങാത്ത അഭിനിവേശം ആയാലും, പറയുന്നതിന്റെയും പ്രവര്‍ത്തനത്തിന്റെയും വെരുധ്യത്തിലായാലും, വൈകാരിക തലത്തിന്റെ അഭാവത്തിലായാലും, ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ വേണ്ടി എന്ത് റിസ്‌കും ഏറ്റെടുക്കാനുള്ള മാനസിക ഘടന ആയാലും, എതിര്‍ ശബ്ദങ്ങളോടുള്ള അസഹിഷ്ണുതയില്‍ ആയാലും … പട്ടിക നീളുന്നു. സാമ്പത്തിക മേഖല മുതല്‍ സാംസ്‌കാരിക മേഖല വരെ എവിടേയും ഇതു തെളിഞ്ഞുകാണാം. നോട്ടുനിരോധനവും ജിഎസ്ടിയും കോര്‍പറേറ്റുകളുടെ താല്‍പ്പര്യ സംരക്ഷണങ്ങളും സാമ്പത്തിക മേഖലയിലെ ഉദാഹരണങ്ങള്‍. നോട്ടുനിരോധനത്തിന്റെ കെടുതികളില്‍ നിന്നു ഇപ്പോഴും രാജ്യം കര കയറിയിട്ടില്ല. എത്രയോ ലക്ഷങ്ങളാണ് ഇപ്പോഴും തൊഴിലില്ലാതെ അലയുന്നത്. എത്രയോ തൊഴില്‍ മേഖലകളെ അതു തകര്‍ത്തു. കൊട്ടിഘോഷിച്ചിരുന്ന ഒരു ഗുണവും ലഭിച്ചില്ല. അതിനിടയില്‍ വന്ന ജി എസ് ടിയാകട്ടെ ചെറുകിട മേഖലകളേയും തകര്‍ത്തു. എതാനും കോര്‍പ്പറേറ്റുകള്‍ വളരുന്ന കാഴ്ച മാത്രമാണ് മോദി ഭരണത്തില്‍ കാണുന്നത്. അവര്‍ക്കായി ബാങ്കുകളിലെ ലോക്കറുകളെല്ലാം തുറന്നു കൊടുത്തിരിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുന്നു. കോര്‍പ്പറേറ്റ് താല്‍പ്പര്യപ്രകാരം ജനാധിപത്യസംവിധാനത്തെ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. അവര്‍ക്കായി പുതിയ വികസന സമവാക്യങ്ങളുണ്ടാക്കുന്നു.
അസഹിഷ്ണുതയാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ മോദിഭരണത്തിന്റെ മുഖമുദ്ര. ഗുജറാത്തില്‍ വളരെ ഫലപ്രദമായി ഉപയോഗിച്ച അതിനെയാണ് ഇന്നു രാജ്യമാകെ മോദിയും അനുയായികളും പരീക്ഷിക്കുന്നത്.. അതാകട്ടെ സവര്‍ണ ഹൈന്ദവ ബ്രാഹ്മണിക്കല്‍ ജ്ഞാനമണ്ഡലത്തില്‍ അധിഷ്ടിതവുമാണ്. അതിനാലാണ് വ്യത്യസ്ഥമായി ചിന്തിക്കുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയുമെല്ലാം ശാരീരികമായോ മറ്റു രീതികളിലോ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. നാലു വര്‍ഷത്തിനുള്ളില്‍ ജനാധിപത്യവിരുദ്ധമായ ഇത്തരം എത്രയോ സംഭവങ്ങള്‍ രാജ്യം കണ്ടു. ദളിതരും ആദിവാസികളും മുസ്ലിമുകളുമാണ് അവരുടെ ഏറ്റവും വലിയ ശത്രുക്കള്‍. അവരുടെ അനിഷ്ടത്തിനു വിധേയരാവേണ്ടി വരുന്ന എഴുത്തുകാരെയും ബുദ്ധി ജീവികളെയും മാധ്യമപ്രവര്‍ത്തകരേയുമെല്ലാം രാജ്യദ്രോഹികളും തീവ്രവാദികളും പാക്കിസ്ഥാന്‍ ചാരന്മാരുമാക്കി നിരന്തരം വേട്ടയാടുകയാണ്. അതിനൊക്കെ പുറമെയാണ് ഇപ്പോഴും തുടരുന്ന മുസ്ലിം വിരുദ്ധത. കാശ്മീരില്‍ എട്ടുവയസ്സുകാരിയെ ഭയാനകമായി കൊന്നതിനെ ന്യായീകരിക്കാനും കൊലയാളികള്‍ക്ക് പിന്തുണ നല്‍കാനും വരെ തയ്യാറായവരെ ലോകം ഞെട്ടലോടെ കണ്ട് അധിക ദിവസമായില്ലല്ലോ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സാംസ്‌കാരിക സ്ഥാപനങ്ങളേയും കയ്യടക്കുന്ന നടപടികളും മോദി തുടരുകയാണ്. അതോടൊപ്പം മോദിയുടെ വിദേശനയങ്ങള്‍ രാജ്യത്തിന്റെ സുരക്ഷക്കുതന്നെ ഭീഷണിയായിരിക്കുന്നു. യാതൊരു മറയും ഇല്ലാതെ ഇന്ത്യ അമേരിക്കയുടെ ഒരു ഉപഗ്രഹം എന്ന നിലയിലേയ്ക്ക് തരം താഴുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ചൈനയും പാക്കിസ്ഥാനുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളായിരിക്കുന്നു. ഒരുപക്ഷെ യുദ്ധത്തിലേക്കുപോലും കാര്യങ്ങള്‍ നീങ്ങിക്കൂടാ എന്നില്ല.
നാലാം വര്‍ഷാവസാനകാലത്ത് ജനാധിപത്യത്തിനുനേരെ ഏറ്റവും വലിയ വെല്ലുവിളിയും മോദി സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുകയാണ്. ജുഡീഷ്യറിയെയടക്കം കൈപിടിയിലൊതുക്കാനുളള നീക്കമാണത്. സുപ്രിം കോടതി ചീഫ് ജസ്റ്റീസിനെയടക്കം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ആരേയും ഞെട്ടിക്കുന്നതാണ്. എന്നാല്‍ മോദിക്കൊരു കുലുക്കവുമില്ല എന്നതാണ് കൂടുതല്‍ ഭീതിദം. അതിനാല്‍ തന്നെ 2019ല്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് സമാധാനപരമാകുമോ എന്ന ഭയം അസ്ഥാനത്തല്ല. ബാബറി മസ്ജിദ്, മുംബൈ, ഗുജറാത്ത്, മുസാഫര്‍ നഗര്‍ എന്നിങ്ങനെയുള്ള സംഭവങ്ങളിലൂടെ ഇന്നു അധികാരത്തിലിരിക്കുന്ന ഇക്കൂട്ടര്‍ 2019ല്‍ ജയിക്കാന്‍ എന്തും ചെയ്യുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. പ്രതേകിച്ച് 2025 ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികമാകുന്ന സാഹചര്യത്തിലും കര്‍ണ്ണാടക സംഭവങ്ങള്‍ പ്രതിപക്ഷത്ത് ഉണര്‍ന്ന് സൃഷ്ടിച്ചിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയിലും. അതിനാല്‍തന്നെ ജനാധിപത്യസംവിധാനത്തെ സംരക്ഷിക്കാനുളള ദൃഢപ്രതിജ്ഞയാണ് മോദിയുടെ നാലാം വര്‍ഷത്തില്‍ നമുക്ക് ചെയ്യാനുള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply