വ്‌ളാദിമിര്‍ പുടിന്റെ യുദ്ധങ്ങള്‍ – III

2014 ലെ ക്രെമിയ ആക്രമണത്തെത്തുടര്‍ന്ന് പുടിന്‍ കൂടുതല്‍ സുരക്ഷാ ഏജന്‍സികള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും വിയോജിപ്പുകളെ ഇല്ലാതാക്കാനും അവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. നിരായുധരായ ജനക്കൂട്ടത്തിലേക്ക് വെടിവയ്ക്കാന്‍ അനുവദിക്കുന്ന നിയമം പോലും പാസാക്കി. റോസ്ഗ്വാര്‍ഡിയ അല്ലെങ്കില്‍ റഷ്യന്‍ ഗാര്‍ഡ് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ സുരക്ഷാ ഏജന്‍സിയുടെ തലവനായി, തന്റെ പഴയ അംഗരക്ഷകനായിരുന്ന വിക്ടര്‍ സോളോടോവിനെ അദ്ദേഹം തിരഞ്ഞെടുത്തു. എന്നിട്ടും റഷ്യയുടെ യുക്രൈന്‍ അധിനിവേശ ദിവസംതന്നെ റഷ്യയിലുടനീളം യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ നടന്നു. യുദ്ധത്തിനെതിരായി നിവേദനങ്ങളും തുറന്ന കത്തുകളും എഴുതപ്പെട്ടു. സാംസ്‌കാരികവും രാഷ്ട്രീയവുമായ നിരവധി പൊതു വ്യക്തികള്‍ യുദ്ധത്തിനെതിരെ പ്രസ്താവനകള്‍ പുറത്തിറക്കി.