അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം സ്വാതന്ത്ര്യസമരം തന്നെ

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 50-ാം വാര്‍ഷികമടുക്കുകയാണ്. അന്നത്തെ പോരാട്ടത്തില്‍ പങ്കെടുത്ത് പീഡനങ്ങളും മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങിയവരില്‍ ഭൂരിഭാഗവും മരിച്ചു കഴിഞ്ഞു. അവശേഷിക്കുന്നത് വളരെ കുറച്ചുപേര്‍. എന്നാലവരോട് നീതി പുലര്‍ത്താന്‍ ഇനിയും കേരളം തയ്യാറായിട്ടില്ല. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരമായംഗീകരിക്കാനുള്ള ആവശ്യത്തിനുനേരെ ഇനിയും മുഖം തിരിച്ചുനില്‍ക്കുകയാണ് കേരള സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിനടുത്ത് എസ് എന്‍ പുരത്ത് ദാരുണമായ ഒരു മരണം നടന്നു. എഞ്ചിന്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയിട്ട ടെമ്പോ തനിയെ വന്നിടിച്ച് 74കാരനായ എം കെ നാരായണന്‍ വണ്ടിക്കും മതിലിനും ഇടയില്‍പെട്ട് മരിച്ചതാണ് സംഭവം. നാരായണന്‍ മുന്‍കാല നക്‌സലൈറ്റ് പ്രവര്‍ത്തകനായിരുന്നു. ഏറെക്കുറെ എല്ലാവരും തന്നെ നക്‌സലൈറ്റുകളായിരുന്ന, ദളിത് സഹോദരന്മാരില്‍ മുതിര്‍ന്നയാള്‍. അടിയന്തരാവസ്ഥകാലത്തു നക്‌സലൈറ്റുകള്‍ നടത്തിയ പോലീസ് സ്‌റ്റേഷന്‍ അക്രമണങ്ങളില്‍ ആദ്യത്തേതായിരുന്ന മതിലകം സ്‌റ്റേഷന്‍ അക്രമത്തിന്റെ കമാന്റര്‍. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിനേറ്റ ഭയാനകമായ പീഡനങ്ങളുടെ കഥ കേട്ടാല്‍ ആരുടേയും കരളലിയും. തല താഴേക്കായി കെട്ടിത്തൂക്കിയിട്ടായിരുന്നു മര്‍ദ്ദനം. പോലീസ് സ്‌റ്റേഷന്‍ അക്രമത്തിന്റേയും മറ്റു നക്‌സലൈറ്റ് പ്രവര്‍ത്തകരുടേയും വിശദാംശങ്ങള്‍ ചോദിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ രൂക്ഷത കണ്ട് ലോക്കപ്പിലുണ്ടായിരുന്ന മറ്റു സഹപ്രവര്‍ത്തകര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അറിയുന്ന കാര്യങ്ങളെല്ലാം പറയൂ സഖാവേ എന്ന് ഒരുപാടാവശ്യപ്പെട്ടിട്ടും ഒരു വാക്കുപോലും അദ്ദേഹത്തിന്റെ വായില്‍ നിന്നു വീണില്ല. ക്ലാസ്സിന്റേയും കാസ്റ്റിന്റേയും ഊര്‍ജ്ജമായിരുന്നല്ലോ അദ്ദേഹത്തെ നയിച്ചത്. അവിടെ ഏതു മര്‍ദ്ദനവും നി്‌സാരമാകും.

തുടര്‍ന്നും ഏറെകാലം പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച നാരായണന്‍ പി്ന്നീട് മനുഷ്യാവകാശ – ദളിത് പ്രവര്‍ത്തനങ്ങളിലൊതുങ്ങുകയായിരുന്നു. നാട്ടില്‍ നടന്ന് ലോട്ടറി ടിക്കറ്റ് വിറ്റായിരുന്നു പ്രായാധിക്യത്തിലും ജീവിതം മുന്നോട്ടുപോയിരുന്നത്. അതിനിടയിലായിരുന്നു ഈ ദുരന്തം സംഭവിച്ചത്. ഈ ദുരന്തത്തിനിടയില്‍ കാര്യമായി ആരുമറിയാതെ പോകുന്ന മറ്റൊരു ദുരന്തമുണ്ട്. അതേ കുറിച്ചാണ് ഈ കുറിപ്പില്‍ പ്രധാനമായും ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. അത് മറ്റൊന്നുമല്ല. അടിയന്തരാവസ്ഥക്കെതിരായി നടന്ന പോരാട്ടങ്ങളെ രണ്ടാം സ്വാതന്ത്ര്യസമരമായി അംഗീകരിക്കുക, ആ പോരാട്ടത്തില്‍ പങ്കെടുത്തവരേയും പീഡിപ്പിക്കപ്പെട്ടവരേയും സ്വാതന്ത്ര്യസമരപോരാളികളായി അംഗീകരിക്കുക, അവര്‍ക്ക് പെന്‍ഷനടക്കമുള്ള അവകാശങ്ങള്‍ അംഗീകരിക്കുക എന്നതാണത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇതംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലും അത്തരത്തിലുള്ള നീക്കങ്ങള്‍ നടന്നെങ്കിലും അവസാനനിമിഷം ഉപേക്ഷിക്കപ്പെടുകയായിരുന്നു. അതു നടപ്പായിരുന്നെങ്കില്‍ കുറെകൂടി മാന്യമായ ജീവിതവും മരണവും നാരായണനും അതുപോലുള്ള, യൗവനം സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കുമായി ഹോമിച്ച മറ്റുപലര്‍ക്കും ലഭിക്കുമായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1975ലെ ഈ മാസം 26-ാം തിയതിയാണ് രാജ്യത്ത് അടിയന്തരാവസ്ഥാ പ്രഖ്യാപനം നടന്നത്. ഇന്ദിരാഗാന്ധിയോട് ലോകസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജ് നാരായണന്‍, തിരഞ്ഞെടുപ്പ് കൃത്രിമം, സര്‍ക്കാര്‍ വസ്തുവകകള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഇന്ദിരയ്‌ക്കെതിരായി അലഹബാദ് ഹൈക്കോടതിയില്‍ കേസുകൊടുത്തിരുന്നു. 1975 ജൂണ്‍ 12-നു ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്റെ വസ്തുവകകള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിക്കുകയായിരുന്നു. ഇന്ദിരയുടെ തിരഞ്ഞെടുപ്പു വിധി കോടതി റദ്ദാക്കുകയും ലോകസഭാ സീറ്റ് റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വര്‍ഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. അതിനുമുമ്പുതന്നെ ജയപ്രകാശ് നാരായണന്റേയും മറ്റും നേതൃത്വത്തില്‍ നിരവധി ജീവല്‍ മരണ വിഷയങ്ങളുന്നയിച്ച് രാജ്യമെമ്പാടും പ്രക്ഷോഭങ്ങള്‍ അലയടിച്ചിരുന്നു. വിദ്യാര്‍ത്ഥികളും തെരുവിലായിരുന്നു. തെരഞ്ഞെടുപ്പു സംബന്ധിച്ച കോടതിവിധിയും വന്നതോടെ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായി. തുടര്‍ന്നായിരുന്നു അടിയന്തരാവസ്ഥാപ്രഖ്യാപനവും ഭയാനകമായ രീതിയിലുള്ള ഫാസിസ്റ്റ് വേട്ടയാടലുകളും അതിനെതിരായ പോരാട്ടങ്ങളും നടന്നത്. നേതാക്കളടക്കം ആയിരകണക്കിനുപേരെ തുറുങ്കിലടച്ചു.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 50-ാം വാര്‍ഷികമടുക്കുകയാണ്. അന്നത്തെ പോരാട്ടത്തില്‍ പങ്കെടുത്ത് പീഡനങ്ങളും മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങിയവരില്‍ ഭൂരിഭാഗവും മരിച്ചു കഴിഞ്ഞു. അവശേഷിക്കുന്നത് വളരെ കുറച്ചുപേര്‍. എന്നാലവരോട് നീതി പുലര്‍ത്താന്‍ ഇനിയും കേരളം തയ്യാറായിട്ടില്ല. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരമായംഗീകരിക്കാനും പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും അതില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കാനും അന്നത്തെ പീഡനക്യാമ്പുകളില്‍ അവശേഷിക്കുന്ന ശാസ്തമംഗലം ക്യാമ്പ് ദേശീയ സ്മാരകമാക്കാനുമുള്ള ആവശ്യത്തിനുനേരെ ഇനിയും മുഖം തിരിച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. പല സംസ്ഥാനങ്ങളും അതുചെയ്തിട്ടും മാറി മാറി ഭരിച്ച ഇവിടത്തെ ഇരുമുന്നണി സര്‍ക്കാരുകളും അതിനു തയ്യാറായിട്ടില്ല. അതുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നിട്ടും ഗുണമുണ്ടായില്ല. അവസാനം 2019ല്‍ അവര്‍ക്ക് പെന്‍ഷനും ചികിത്സാസഹായങ്ങളും അനുവദിക്കാന്‍ തത്വത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാലതും അട്ടിമറിക്കപ്പെട്ടു. The Kerala government is still turning its back on the demand to recognize the struggle against emergency as a freedom struggle.

അടിയന്തരാവസ്ഥയില്‍ ക്രൂരമായി കൊല്ലപ്പെട്ട രാജന്റെ പിതാവ് ഈച്ചരവാര്യര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന രാജന്‍ അനുസ്മരണദിനത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നത്. പിന്നീട് 2010 ജൂലൈ 9ന് ഈ ആവശ്യങ്ങളുന്നയിച്ച് എറണാകുളത്ത് വലിയൊരു സമ്മേളനം നടന്നു. അടിയന്തരാവസ്ഥകാലത്ത് തടവിലാക്കപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരായിരുന്നു ഉദ്ഘാടനം ചെയ്തത്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അടിയന്തരാവസ്ഥയില്‍ ഭീകരമായി പീഡിപ്പിക്കപ്പെട്ട ടി എന്‍ ജോയ് കണ്‍വീനറായി ഒരു സമിതിയെ തെരഞ്ഞെടുത്തു. തുടര്‍ന്ന് സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ദിവസങ്ങള്‍ നീണ്ട ഉപവാസവും നടന്നു. പരിഗണിക്കാമെന്നു സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഒന്നും സംഭവിക്കാത്തതിനാല്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് മാര്‍ച്ച് നടന്നു. പി സി ഉണ്ണിചെക്കനും രവീന്ദ്രനും സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരമാരംഭിച്ചു. എന്നാല്‍ അതും ലക്ഷ്യം നേടിയില്ല. പിന്നീടും ജില്ലകളിലും സെക്രട്ടറിയേറ്റിനുമുന്നിലും നിരവധി സമരങ്ങള്‍ നടന്നു. അടിയന്തരാവസ്ഥയില്‍ തടവുശിക്ഷ അനുഭവിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയായിട്ടും വിഷയം പരിഗണിക്കാത്തതിനെ തുടര്‍ന്ന് 2017 അടിയന്തരാവസ്ഥാ ദിനത്തിലും മാര്‍ച്ച് നടത്തി. അതിനിടെ ടി എന്‍ ജോയിയും മരണപ്പെട്ടു.

മുന്‍നക്‌സലൈറ്റുകളുടെ മുന്‍കൈയില്‍ ഈ നീക്കങ്ങള്‍ നടക്കുമ്പോള്‍ തന്നെ മുന്‍ ജനസംഘം പ്രവര്‍ത്തകരും ഈ ആവശ്യമുന്നയിച്ച് കുറെയേറെ സമരങ്ങള്‍ നടത്തി. അടിയന്തരാവസ്ഥാകാലത്ത് ഭരണത്തിലിരുന്നവരായതിനാല്‍ യുഡിഎഫിനു ഇത്തരമൊരു ആവശ്യം പരിഗണിക്കാനാവില്ല എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എല്‍ഡിഎഫിന് പരിഗണിക്കാമല്ലോ എന്ന ചോദ്യം പ്രസക്തമാണ്. അവരത് പരിഗണിക്കാന്‍ തയ്യാറായതുമാണ്. എന്നാല്‍ അടിയന്തരാവസ്ഥാ തടവുകാരുടെ ലിസ്റ്റെടുത്തപ്പോഴാണ് അവരില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ വളരെ കുറവാണെന്ന കാര്യം സിപിഎമ്മിനു ബോധ്യമായത്. അത്തരമൊരു തീരുമാനമെടുത്താല്‍ ഗുണഭോക്താക്കളാകുക പ്രധാനമായും മുന്‍നക്‌സലൈറ്റുകളും ജനസംഘക്കാരും സോഷ്യലിസ്റ്റുകളുമാണെന്ന തിരിച്ചറിവാണ് അവരെ അതില്‍ നിന്ന് പിന്‍വലിപ്പിച്ചത്. അടിയന്തരാവസ്ഥക്കെതിരെ ആര്‍ എസ് എസ് നിയന്ത്രണത്തിലുണ്ടായിരുന്ന ജനസംഘവും സോഷ്യലിസ്റ്റുകളും പൊതുവില്‍ സമാധാനപരമായ രീതിയിലുള്ള ഉപവാസങ്ങളും മറ്റുമാണ് സംഘടിപ്പിച്ചത്. എന്നാലവരേയും ജയിലിലടക്കുകയായിരുന്നു. നക്‌സലൈറ്റുകള്‍ക്ക് ലഭിച്ചപോലെ ക്രൂരമായ മര്‍ദ്ദനം അവര്‍ക്ക് ലഭിച്ചില്ല എന്നു മാത്രം. സിപിഎം ഏറെക്കുറെ നിര്‍ജ്ജീവമായിരുന്നു. അടിയന്തരാവസ്ഥയില്‍ ഭരണത്തിനു നേതൃത്വം കൊടുത്ത സിപിഐക്ക് സ്വാഭാവികമായും ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ടാകില്ലല്ലോ. .

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനിടയിലാണ് അടിയന്തരാവസ്ഥാകാലത്ത് ഒളിവിലും ജയിലിലും പീഡനം നേരിട്ടവര്‍ക്ക് പെന്‍ഷനും വൈദ്യസഹായവും നല്‍കാന്‍ 2019 ഏപ്രിലില്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. തുടര്‍ന്ന് വില്ലേജ് ഓഫീസുകളില്‍ നിന്നും ജയിലുകളില്‍ നിന്നും നിരവധി രേഖകള്‍ സര്‍ക്കാര്‍ ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ടുരൂപീകരിച്ച സമിതിയുടെ പ്രവര്‍ത്തകര്‍ അക്കാര്യത്തില്‍ സര്‍ക്കാരിനെ സഹായിച്ചു. എം കെ നാരായണനും സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ അവസാനം അതും അട്ടിമറിക്കപ്പെടുകയായിരുന്നു. യഥാര്‍ത്ഥ ആവശ്യം. അടിയന്തരാവസ്ഥക്കെതിരായ സമരത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കലാണ്. അപ്പോള്‍ സ്വാഭാവികമായും പെന്‍ഷന്‍ ലഭിക്കും. അത് അഭിമാനത്തോടെ വാങ്ങാനാകും. ആ ആവശ്യമുന്നയിച്ച് 2019 അടിയന്തരാവ സ്ഥാ ദിനത്തിലും സെക്രട്ടറിയേറ്റിനുമുന്നില്‍ ധര്‍ണ്ണ നടത്തി. 2020 കൊവിഡ് കാലത്തും കൊടുങ്ങല്ലൂരിലും മറ്റും സമരം നടന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇപ്പോഴിതാ നാരായണനും യാത്രയായി. അദ്ദേഹത്തോടും കേരളം നീതി പുലര്‍ത്തിയില്ല.

സത്യത്തില്‍ അടിയന്തരാവസ്ഥ ഒരു വ്യക്തിക്ക് അധികാരം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ടതായിരുന്നു. രണ്ടു വര്‍ഷത്തെ കിരാതഭരണത്തിനും ശേഷം അതു പിന്‍വലിക്കുകയും ചെയ്തു. സമകാലികാവസ്ഥയില്‍ രാജ്യം നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളി അതിനേക്കാള്‍ എത്രയോ ഭീകരമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സവര്‍ണ്ണ ഹിന്ദുത്വ രാഷ്ട്രീയവും മനുസമൃതി മൂല്യങ്ങളും അതിശക്തമായ സംഘടനാ ചട്ടക്കൂടുമുള്ള ഒരു പ്രസ്ഥാനത്തില്‍ നിന്നുള്ള ഫാസിസ്റ്റ് ഭീഷണിയാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്. 1975ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥാ ദിനങ്ങളേക്കാള്‍ ഭീകരമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നു വ്യക്തമാണ്. ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെങ്കില്‍ തെരഞ്ഞെടുപ്പിലൂടേയും അല്ലാതേയും ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ അനിവാര്യമാണ്. അത്തരമൊരു സാഹചര്യത്തില്‍ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടങ്ങളെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കുന്ന തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ വരും കാല പോരാട്ടങ്ങള്‍ക്ക് അതു നല്‍കുന്ന ഊര്‍്ജ്ജം ചെറുതായിരിക്കില്ല. ഫാസിസത്തിനെതിരെ ശക്തമായ നിലപാടുണ്ടെന്നു അവകാശപ്പെടുന്ന അടതുപക്ഷ സര്‍ക്കാര്‍ പക്ഷെ അതിനു തയ്യാറാകുന്നില്ല. ഒരിക്കല്‍ ഏറെ്ക്കുറെ തീരുമാനിച്ച അക്കാര്യം ഇപ്പോള്‍ ഉപേക്ഷിച്ചതായാണ് അറിവ്. അതിലൂടെ നാരായണനെപോലുള്ളവര്‍ ജീവിതം കൊണ്ട് നടത്തിയ പോരാട്ടങ്ങളെയാണ് നാം അവഗണിക്കുന്നത്. വരുംകാല പോരാട്ടങ്ങളെ തളര്‍ത്തുക കൂടിയായിരിക്കും അതിന്റെ അന്തിമഫലം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply