തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ – ഭാഗം 1

ഐക്യരാഷ്ട്ര സംഘടനയുടെ പ്രമാണപത്രത്തില്‍ (Charter) അതിന്റെ സ്ഥാപകലക്ഷ്യമായി രേഖപ്പുടുത്തിയ ഒരു പ്രധാന കാര്യം സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും മനുഷ്യത്വപരവുമായി മാനവരാശി നേരിടുന്ന ആഗോള പ്രശ്‌നങ്ങള്‍ക്ക് അന്തര്‍ദേശീയ സഹകരണത്തിലൂടെ പരിഹാരം കാണുക എന്നതാണ്. കൂടാതെ, ജാതി, മത, വംശ വ്യത്യാസങ്ങള്‍ക്ക് ഉപരിയായി സര്‍വ്വരുടെയും മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും ബഹുമാനിക്കാനും അവ പരിപോഷിപ്പിക്കാനും മാനവരാശിയെ പ്രപ്തമാക്കുക എന്നതും ലക്ഷ്യമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനു സാമൂഹിക രൂപഘടനയിലും സാംസ്‌കാരിക വൈവിധ്യത്തിലും വ്യതിരിക്തത പുലര്‍ത്തുന്ന ലോകമെമ്പാടുമുള്ള തദ്ദേശീയ ജനതയുടെ സാമൂഹിക മൂലധനത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതു സുപ്രധാനമാണെന്ന് ആഗോള സമൂഹം ഇന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ 1993 ഡിസംബര്‍ 21 ലെ 48/163 -ാം നമ്പര്‍ പ്രമേയത്തിലൂടെ പ്രഖ്യാപിച്ച ലോക തദ്ദേശീയ ജനതയ്ക്കായുള്ള അന്താരാഷ്ട്ര ദശകം 1994 ഡിസംബര്‍ 10 മുതല്‍ ആചരിച്ചു.