22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും

22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2017 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ എട്ടിന് വൈകീട്ട് നിശാഗന്ധിയില്‍ ബഹു.സാംസ്‌കാരിക മന്ത്രി ശ്രീ.എ.കെ ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ മേള ഉദ്ഘാടനംചെയ്യും. പ്രശസ്ത ബംഗാളിനടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. ഇത്തവണ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്നത് വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവിനെയാണ്. അദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും. ഫിലിപ്പിനോ സംവിധായകനായ ലിനോ […]

iffk

22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2017 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ എട്ടിന് വൈകീട്ട് നിശാഗന്ധിയില്‍ ബഹു.സാംസ്‌കാരിക മന്ത്രി ശ്രീ.എ.കെ ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ മേള ഉദ്ഘാടനംചെയ്യും. പ്രശസ്ത ബംഗാളിനടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും.

ഇത്തവണ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്നത് വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവിനെയാണ്. അദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും. ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, (Lino Brocka) കെ.പി കുമാരന്‍ എന്നിവരുടെ റെട്രോസ്‌പെക്ടീവും മേളയില്‍ ഉണ്ടായിരിക്കും. ‘കണ്ടംപററി മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ്’ എന്ന വിഭാഗത്തില്‍ ചാഡ് എന്ന ആഫ്രിക്കന്‍ രാജ്യത്തുനിന്നുള്ള സംവിധായകന്‍ മഹമ്മദ് സാലിഹ് ഹറൂണ്‍ (Mahamat Saleh Haroun), മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാങ്കോ (Michel Franco) എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ആറ് സിനിമകള്‍ ‘ഐഡന്റിറ്റി ആന്റ് സ്‌പേസ്’ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍, റിസ്റ്റോര്‍ഡ് ക്‌ളാസിക്‌സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റു പാക്കേജുകള്‍.

മല്‍സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളാണുള്ളത്. പ്രേംശങ്കര്‍ സംവിധാനംചെയ്ത ‘രണ്ടുപേര്‍’, സഞ്ജു സുരേന്ദ്രന്റെ ‘ഏദന്‍’ എന്നിവയാണവ. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കറുത്ത ജൂതന്‍, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനല്‍, നായിന്റെ ഹൃദയം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

മല്‍സര വിഭാഗത്തില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. ഹിന്ദി ചിത്രമായ ന്യൂട്ടണ്‍, ആസാമീസ് ചിത്രമായ വില്‌ളേജ് റോക്സ്റ്റാര്‍സ്. ‘ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഈ വര്‍ഷം വിട്ടുപിരിഞ്ഞ സംവിധായകരായ കെ.ആര്‍. മോഹനന്‍, ഐ.വി ശശി, കുന്ദന്‍ഷാ, നടന്‍ ഓംപുരി എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചുകൊണ്ട് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഡെലിഗേറ്റ് ഫീ ഇത്തവണ 650 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയാണ് ഫീസ്. 14 തിയറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം. സുരക്ഷാ കാരണങ്ങളാലും തിയറ്ററുകള്‍ മുന്നോട്ടുവെച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. തറയില്‍ ഇരുന്നോ നിന്നോ കാണാന്‍ അനുവദിക്കുന്നതല്ല. 14 തിയറ്ററുകളിലായി 8048 സീറ്റുകളാണുള്ളത്. പരമാവധി 10,000 പാസുകള്‍ മാത്രമേ വിതരണംചെയ്യുകയുള്ളൂ. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ഥികള്‍ക്കും സിനിമ, ടി.വി പ്രൊഫഷനലുകള്‍ക്കും 1000 വീതം, മീഡിയക്കും ഫിലിംസൊസൈറ്റി അംഗങ്ങള്‍ക്കും 500 വീതം എന്നിങ്ങനെയാണ് പാസ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവിഭാഗത്തില്‍ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കുന്നതാണ്.

വിദ്യാര്‍ത്ഥികള്‍: നവംബര്‍ 10 മുതല്‍ 12 വരെ
പൊതുവിഭാഗം: 13 മുതല്‍ 15 വരെ
സിനിമ, ടി.വി പ്രൊഫഷനലുകള്‍: 16 മുതല്‍ 18 വരെ
ഫിലിംസൊസൈറ്റി പ്രവര്‍ത്തകര്‍: 19 മുതല്‍ 21 വരെ
മീഡിയ: 22 മുതല്‍ 24 വരെ

ഓരോ വിഭാഗത്തിനും അനുവദിച്ച തീയതിക്കുള്ളില്‍ ഡെലിഗേറ്റ് ഫീ അടച്ചിരിക്കണം. നിശ്ചിത തീയതികളില്‍ ആദ്യം പണമടയ്ക്കുന്നവര്‍ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ ലഭിക്കുകയുള്ളൂ. വെബ്‌സൈറ്റില്‍ Apply for the Event എന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്ത് പണമടച്ചാല്‍ മാത്രമേ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയുള്ളൂ. നേരത്തെ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പഴയ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ വഴിയും അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാവുന്നതാണ്.

വിദ്യാര്‍ഥികള്‍ക്കുള്ള വിഭാഗത്തില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കുന്നവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍നിന്നുള്ള സാക്ഷ്യപത്രമോ ഐ.ഡി കാര്‍ഡോ അപ്ലോഡ് ചെയ്യേണ്ടതാണ്. സിനിമ-ടി.വി മേഖലയിലുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ബന്ധപ്പെട്ട സംഘടനയില്‍നിന്നുള്ള ഐ.ഡി കാര്‍ഡ്/സംവിധായകരുടെ സാക്ഷ്യപത്രംകൂടി അപ്ലോഡ് ചെയ്യേണ്ടതാണ്. സംഘടനകളില്‍ ഉള്‍പ്പെടാത്തവര്‍ അവരവരുടെ ബയോഡേറ്റ രജിസ്‌ട്രേഷന്‍ സമയത്ത് സമര്‍പ്പിക്കേണ്ടതാണ്.

ചലച്ചിത്രമേളയുടെ പ്രചാരണാര്‍ത്ഥം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചു മേഖലാകേന്ദ്രങ്ങള്‍ വഴി നവംബര്‍ 10ന് ആരംഭിക്കുന്ന ടൂറിങ് ടാക്കീസിന്റെ ചലച്ചിത്രപ്രദര്‍ശനങ്ങളുടെ സമാപനം ഡിസംബര്‍ മൂന്നിന് ശംഖുമുഖത്ത് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. കരിന്തലക്കൂട്ടത്തിന്റെ സംഗീതപരിപാടിയാണ് മുഖ്യ ആകര്‍ഷണം.

ചലച്ചിത്രമേളയോടനുബന്ധിച്ച് ഡിസംബര്‍ 9 മുതല്‍ 14 വരെ വൈകീട്ട് ആറു മണിക്ക് ടാഗോര്‍ തിയറ്റര്‍ പരിസരത്ത് വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഡല്‍ഹിയില്‍നിന്നുള്ള ഖുത്ബി ബ്രദേഴ്‌സിന്റെ ഖവ്വാലി, ബംഗാളില്‍നിന്നുള്ള ബാവുല്‍ ഗാനങ്ങള്‍, ബംഗളുരു, മദ്രാസ്,കൊച്ചി എന്നിവിടങ്ങളില്‍നിന്നുള്ള മ്യൂസിക് ബാന്‍ഡുകളുടെ സംഗീതപരിപാടി, മാനവീയം കൂട്ടായ്മയുടെയും ട്രാന്‍സ്‌ജെന്‍േറഴ്‌സിന്റെയും കലാപരിപാടികള്‍, അഭിനയ തിയറ്റര്‍ ഗ്രൂപ്പിന്റെ മ്യൂസിക്കല്‍ പ്ലേ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിസംബര്‍ 15ന് വൈകീട്ട് നിശാഗന്ധിയില്‍ ബഹു.സാംസ്‌കാരിക മന്ത്രി ശ്രീ.എ.കെ ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപനചടങ്ങില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply